രണ്ട് രൂപയ്ക്കു വലിയ ഇഡ്ഡലി, കൂടെ രണ്ട് രൂപയുടെ ദോശയും

വിവരണം – ‎Praveen Shanmukom‎ (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ).

രണ്ട് രൂപയ്ക്കു വലിയ ഇഡ്ഡലി, കൂടെ രണ്ട് രൂപയുടെ ദോശയും. ഇത് മോഹനൻ ചേട്ടന്റെ ചായക്കട. നല്ല അസ്സല് ചായയും ദോശയും, ഇഡ്ഡലിയും സാമ്പാറും വടകളും കിട്ടുന്ന കട. നെയ്യാറ്റിന്കരയിലാണ് ഈ കട. ലൊക്കേഷൻ വിശദമായി താഴെ പറഞ്ഞിട്ടുണ്ട് ഗൂഗിൾ മാപ്പ് ഉൾപ്പെടെ. 40 വർഷമായി കട ഇവിടെ ഉണ്ട്. 25 വർഷമായി മോഹനൻ ചേട്ടനാണ് നടത്തുന്നത്. മുൻപ് സഹോദരങ്ങളാണ് നടത്തിയിരുന്നത്. പ്രൈവറ്റായി ജോലി ചെയ്യുന്ന മകൻ സന്തോഷ് സമയം കിട്ടുമ്പോഴെല്ലാം അച്ഛന് തുണയായി എല്ലാത്തിനും കാണും.

ഇന്നലെ രാവിലെ ഒരു 6.50 ആയപ്പോൾ കടയുടെ മുന്നിൽ എത്തി. വീട്ടുകാരെ കാറിൽ ഇരുത്തി അകത്തു ചെന്ന് നോക്കിയപ്പോൾ ഭാഗ്യം ഇരിക്കാൻ സ്ഥലം ഉണ്ട്. കടയ്ക്കകത്തു ഒരു 5 പേർക്ക് ഇരിയ്ക്കാനുള്ള സൗകര്യമെന്നതിനാലാവാം ചായയൊക്കെ കുടിച്ചോണ്ട് സൊറ പറഞ്ഞു കടയുടെ മുന്നിൽ ഒരു ആൾകൂട്ടം തന്നെ ഉണ്ട്. നമ്മൾ നാൽവർ സംഘം ഇതിനിടയിലൂടെ നൊഴഞ്ഞ് കയറി ഇരിപ്പ് ഉറപ്പിച്ചു .

ഇഡ്ഡലി വരട്ടെ. ഭാര്യയ്ക്ക് 3 ഇഡ്ഡലി കഴിച്ചപ്പോൾ തന്നെ അതിന്റെ വലിപ്പം കാരണം വയറു നിറഞ്ഞു. ഞാൻ 3 ഇഡ്ഡലി കൂടാതെ രണ്ടു ദോശയും കൂടി വാങ്ങിച്ചു. ദോശ തട്ട് ദോശ ടൈപ്പാണ്. സാമ്പാറായിരുന്നു കറി. സാമ്പാറിന് അങ്ങനെ കട്ടി ഇല്ല. നല്ല രുചിയും എരിവും ഉണ്ട്. എരിവ് വേണ്ടവർക്ക് കൂടുതൽ ഇഷ്ടപ്പെടണം. ദോശ ഇഡ്ഡലി എല്ലാം കൊള്ളാം. ചായ ₹ 5, സൂപ്പർ. ചമ്മന്തി അവിടെ അപൂർവം ആണ്. അതും സാമ്പാർ ഇല്ലാത്തപ്പോൾ. എല്ലാം കൂടി 9 ഇഡ്ഡലി – 9 x ₹ 2, 3 ദോശ – 3 x ₹ 2, 4 ചായ – 4 * ₹ 5 = 44 രൂപ. 8 വർഷം മുമ്പ് ദോശ, ഇഡ്ഡലി ഒരു രൂപയായിരുന്നു. പാഴ്സലുകൾ ഒരുപാട് പോകുന്നുണ്ട്. ഊണ് ഇല്ല. വൈകുന്നേരം ചായ, വടകൾ മാത്രം. വട 5 രൂപ. വടകൾ ഒരു വർഷം മുൻപ് 3 രൂപയായിരുന്നു.

വിയർപ്പ് ഒട്ടി ജോലി ചെയ്തിട്ടും മടിശീലയിൽ തുട്ടുകൾ കുറഞ്ഞവനും കടയുടെ വലിപ്പ ചെറുപ്പം നോക്കാതെ സ്റ്റാറ്റസ് നോക്കാതെ നല്ല ആഹാരമാണെങ്കിൽ കേറി കഴിക്കാൻ മനസ്സുള്ള ഭക്ഷണ പ്രേമികൾക്കും പറ്റിയ കടയാണ് ഈ ചെറിയ കട.

Timings 6 AM to 9 AM, 2 PM to 5 PM. ഞാറായഴ്ച ഉച്ചയ്ക്ക് ശേഷം അവധിയാണ്. Phone: 8943334122. Location: പേയാട്, കാട്ടാക്കട നിന്ന് നെയ്യാറ്റിൻകര പോകുമ്പോൾ പെരുമ്പഴതൂര് കഴിഞ്ഞു വലതു വശത്തു വഴതൂർ പള്ളി ഇടതു വശത്തു TJ ആഡിറ്റോറിയം അത് കഴിഞ്ഞു ഒരു കിലോമീറ്ററിനകം ഇടതു വശത്തായി ഒരു വീട് പോലെ കാണാം. രാവിലെയാണെങ്കിൽ മുൻപുള്ള ആൾകൂട്ടം കണ്ടാൽ കട ഉറപ്പിക്കാം. ആ ലൊക്കേഷനിൽ നിന്ന് മുന്നോട്ടു നോക്കിയാൽ റോഡ് വീതി കുറഞ്ഞു വരുന്നതും, പള്ളിയും, ബൈബിൾ വചനങ്ങൾ എഴുതിയ ചുമരും കാണാം. Map : https://goo.gl/maps/sqtUDRmjfehGRVxG6 .

Check Also

ഹൈവേ ഹിപ്നോട്ടിസം : ബൈക്ക് റൈഡർമാരെ കാത്തിരിക്കുന്ന ഒരു അപകടം

വിവരണം – ജംഷീർ കണ്ണൂർ. ലഡാക്ക് പോലുള്ള ദീർഘദൂര യാത്രയ് ഒരുങ്ങിയവർ ഇത് വായിക്കാതെ പോകരുത്. റോഡ് യാത്രകൾ എല്ലായ്പ്പോഴും …

Leave a Reply