പ്രകൃതിയുടെ ലോകാത്ഭുതം തേടി ഒരു ആഫ്രിക്കൻ യാത്ര !!

വിവരണം – Dileep Adukathoty.

ചില കാഴ്ചകള്‍ കേട്ടറിവിനേക്കാള്‍ മനോഹരമായിരിക്കും. ഗൂഗിള്‍ നല്‍കിയ ചിത്രങ്ങളേക്കാള്‍ അഴകായിരിക്കും. പ്രതീക്ഷയേക്കാള്‍ വലിയ ആസ്വാദനമായിരിക്കും. പ്രകൃതിയുടെ ഏഴ് ലോകാത്ഭുതങ്ങളില്‍ ഒന്നും ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം എന്ന ഖ്യാതിയും നേടിയ വിക്ടോറിയ ഫാള്‍സ് തേടി ഒരു യാത്ര.

നാട്ടില്‍ നല്ല മണ്‍സൂണ്‍ മഴ പെയ്യുമ്പോള്‍, പൊടിക്കാറ്റും പൊള്ളുന്ന ചൂടും സമ്മാനിച്ച സുഡാനില്‍ നിന്നാണ് ഈ യാത്ര ആരംഭിക്കുന്നത്. ഈദ് അവധി പ്രഖ്യാപിക്കുന്നതിലെ കാല താമസം ടിക്കറ്റ് ബുക്കിങ്ങിനേയും യാത്രയേയും അങ്ങോട്ടോ ഇങ്ങോട്ടോ എന്ന അവസ്ഥയില്‍ എത്തിച്ചിരുന്നെങ്കിലും സാംബിയന്‍ വിസയും സുഡാന്‍ വിടാനുള്ള എക്സിറ്റ് വിസയും മുന്‍കൂട്ടി എടുത്തു വച്ചിരുന്നു. പത്തു ദിവസം അനുവദിച്ച ഈദ് അവധിയില്‍ രണ്ടാം ദിവസം പുലര്‍ച്ചെ രണ്ട് മണിക്ക് സുഡാനില്‍ നിന്നും കെനിയ എയര്‍വേയ്സ് കുഞ്ഞു വീമാനം പറന്നുയര്‍ന്നു. രാത്രിയുടെ സുഡാന്‍ കാഴ്ച സുന്ദരമാണ്, വിമാനത്തിന്‍റെ പെട്ടെന്നുള്ള കുലുക്കം ഭീകരവും.

നൈറോബി ചെന്നിറങ്ങി. മാറികയറാനുള്ള സമയം മാത്രമേ കയ്യിലുള്ളൂ എങ്കിലും അവസാന ബെല്ലിന്‍റെ ഒരു സുഖം കിട്ടാന്‍ അവിടെ ചുമ്മ തലങ്ങും വിലങ്ങും നടന്നു . അറിയിപ്പ് കിട്ടും വരെ. കെനിയിയിലെ കൊച്ചുവെളുപ്പാം കാലം നല്ല തണുപ്പാ. അത് ആസ്വദിക്കാതിരിക്കാന്‍ പറ്റ്വോ. മറ്റൊരു കുഞ്ഞു വീമാനത്തില്‍ കയറി വിന്‍ഡോസീറ്റില്‍ ഇരിപ്പുറപ്പിച്ചു. ഇനി നേരെ ലുസാക്ക .

ഇടത് വശത്ത് ആകാശത്തിനു മീതെ കാണുന്ന ആ വലിയ മലയാണ് ആഫ്രിക്കന്‍ കൊടുമുടിയായ ‘കിളിമഞ്ചാരോ’. അതിങ്ങനെ മേഘങ്ങള്‍ക്ക് മീതെ തല ഉയര്‍ത്തി നില്‍ക്കുന്നു. താഴെ ഭൂമിയെ പൊതിഞ്ഞ് തൂവെള്ള മേഘകെട്ടുകള്‍. ഓണ്‍ലൈന്‍ ചെക്കിംഗ് നടത്തുന്നതു തന്നെ സൈഡ് സീറ്റ് തരപ്പെടുത്താനാണ്. ഇതിപ്പോ ഇരട്ടി മധുരമെന്നോണം ഇടത്തേ സൈഡ് തന്നെ കിട്ടി. നേരെ മറുഭാഗത്ത് കിളിമഞ്ചാരോ മലയോട് സല്ലപിക്കാനെന്നപോല്‍ ‘മൗണ്ട് മെറു’ വിന്‍റെ കൂര്‍ത്ത തലഭാഗവും കാണാം.

ഒന്നര മണിക്കൂര്‍ നൈറോബിയിലെ കണക്ഷന്‍ ടൈം കൂടി ചേര്‍ത്ത് രാവിലെ ഒമ്പത് മണിയോടെ സാംബിയയുടെ തലസ്ഥാനമായ ലുസാക്കയില്‍ വീമാനമിറങ്ങി. കൂട്ടത്തില്‍ പകുതി പേരും വിസിറ്റേര്‍സ് ആയിരുന്നു. വിസിറ്റേഴ്സിന്‍റെ ക്യൂ വലിപ്പം കണ്ടപ്പോള്‍ തോന്നിയതാണ്. വിസ അപേക്ഷിക്കുമ്പോള്‍ തന്നെ അമ്പത് ഡോളര്‍ അടയ്ക്കുന്നതിനാല്‍ വളരേ ചുരുങ്ങിയ സമയത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാവും. വളരെ ചെറിയൊരു എയര്‍പോര്‍ട്ട് . ആഫ്രിക്ക സന്ദര്‍ശിച്ചവര്‍ക്കറിയാം മിക്ക എയര്‍പോര്‍ട്ടുകളും വലിപ്പത്തിലും ആഡംഭരത്തിലും പിന്നിലായിരിക്കും. പുറത്ത് പേരെഴുതിയ പ്ലക്ക് കാര്‍ഡുമായി കുറേ പേര്‍ നില്‍പ്പുണ്ട്. എയര്‍പോര്‍ട്ട് ഐഡി കഴുത്തിലണിഞ്ഞ ടാക്സിക്കാരും ആളെ ചാക്കിട്ടു പിടിക്കാന്‍ നില്‍പ്പുണ്ട്.

കൃത്യമായി എങ്ങോട്ട് പോകണമെന്നറിയില്ല. കൂടെയുള്ളവന്‍ ഒന്നു രണ്ടു മാസം ലുസാക്ക ഉണ്ടായിരുന്നു. ആ ഒരു ബലത്തില്‍ ടാക്സിക്കാരനോട് വില പേശി. മുന്നൂറ് ക്വാച്ച, അതായത് മുപ്പത് ഡോളര്‍. ആ ആവശ്യത്തെ ഇരുപത്തേഴില്‍ എത്തിച്ചു. പോകും വഴിയില്‍ കയ്യിലുണ്ടായിരുന്ന കുറച്ച് ഡോളര്‍ മാറ്റി ക്വാച്ച എടുത്തു. പത്ത് ക്വാച്ചയാണ് വിനിമയ നിരക്ക് എങ്കിലും ഒന്‍പത് മുക്കാലൊക്കെ കയ്യില്‍ കിട്ടും. പറഞ്ഞതിലും ദൂരം സഞ്ചരിക്കേണ്ടി വന്നതിന് ടാക്സിക്കാരന്‍ ഒട്ടും സന്തോഷവാനല്ലായിരുന്നു. കാശ് കൂടുതല്‍ കൊടുക്കാന്‍ മലയാളി മനസ്സ് അനുവദിച്ചതും ഇല്ല.

ആദ്യ ദിവസം പൂര്‍ണ്ണ വിശ്രമം. രണ്ടാം ദിവസം അത്യാവശ്യമായി വേണ്ട ഒന്നു രണ്ട് കാര്യങ്ങള്‍. ഒരു സിം കാര്‍ഡ് സ്വന്തമാക്കി, ഒരാഴ്ചയ്ക്ക് 2.5 ജി.ബി ഫോര്‍ ജി ഡാറ്റ അടക്കം അമ്പത്തി അഞ്ച് ക്വാച്ച. എയര്‍ടെെെെല്‍,വൊഡാഫോണ്‍ എം ടി എന്‍ എന്നിവയാണ് പ്രമുഖ സേവന ദാതാക്കള്‍. വിക്ടോറിയ വെള്ളച്ചാട്ടം തലസ്ഥാന നഗരിയില്‍ നിന്നും അഞ്ഞൂറ് (490) കിലോമീറ്റര്‍ അകലെയാണ്. അങ്ങോട്ട് പോകാനുള്ള കാര്‍ അന്വേഷിച്ചു വച്ചിരുന്നെങ്കിലും നേരില്‍ കണ്ട് അഡ്വാന്‍സ് നല്‍കാനും രണ്ടാം ദിവസം ഉപയോഗിച്ചു. ഒരു ദിവസത്തേക്ക് ആയിരുന്നു വാടക കണക്കാക്കുക, കൂടാതെ പെട്രോള്‍ നമ്മളടിക്കണം. നാലു ദിവസത്തേക്ക് ഡ്രൈവറേയും കിട്ടും. വിലപേശല്‍ വില പോവില്ല. കരാറില്‍ ഒപ്പു വച്ചു. ഒരു ലിറ്റര്‍ പെട്രോളിന് പതിമൂന്ന് മുതല്‍ പതിനാല് ക്വാച്ച വരെ വരും.

അത്യാവശ്യം കഴിക്കാനുള്ള സാധനങ്ങള്‍ വാങ്ങി വച്ചു. ലുസാക്ക നഗരം ശാന്തമാണ്. വികസനകുതിപ്പിന്‍റെ പാതയിലാണെങ്കിലും അച്ചടക്കമുള്ള ജനങ്ങളെയാണ് കാണാന്‍ കഴിയുക. അവരിലെ പ്രത്യേകത ശരിക്കും മനസ്സിലാവുന്നത് റോഡുകളിലാണ്. ഹോണ്‍ ഉപയോഗിക്കാറില്ല. തിക്കിത്തിരക്കി പോകാറില്ല. സിഗ്നല്‍ മാറും മുന്നേ നീങ്ങി തുടങ്ങാറില്ല. അതു കൊണ്ട് തന്നെ കാതടപ്പിക്കുന്ന ശബ്ദം നഗരത്തിലെങ്ങും കേള്‍ക്കാനില്ല. ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആയതിനാല്‍ എല്ലാവരും നന്നായി ഭാഷ കൈകാര്യം ചെയ്യും കൂടെ ആഥിത്യ മര്യാദയും.
അതുകൊണ്ട് ആഫ്രിക്കന്‍ ഭാഷ അറിയില്ല, ഭാഷ കൊണ്ടുള്ള ബുദ്ധിമുട്ട് ഉണ്ടാവും എന്ന പേടി വേണ്ട. കുറേയേറെ ഇന്ത്യക്കാരുള്ളതിനാല്‍ ഇന്ത്യന്‍ വിഭവങ്ങളും സൂപ്പര്‍മാര്‍ക്കറ്റുകളും സുലഭം. അതു പോലെ തന്നെ കട്ടക്ക് നില്‍ക്കാന്‍ ചൈനാക്കാരും. എയര്‍പ്പോര്‍ട്ടില്‍ സ്വാഗതമരുളുന്നത് തന്നെ ചൈനാ ബാങ്കിന്‍റെ കൂറ്റന്‍ ഫ്ലക്സ് ആണ്. മാളുകളും മദ്യശാലകളും ക്ലബുകളും സജീവം.

മൂന്നാം നാള്‍ അതിരാവിലെ വണ്ടിയും ഡ്രൈവര്‍ ഡേവിഡും ഹാജരായി. തലേന്ന് റെഡിയാക്കി വച്ച ബാഗ് എടുത്ത് ഇറങ്ങി. ഇനി നാലു ദിവസം ഡേവിഡ് ആണ് തേരാളിയും വഴികാട്ടിയും. മറ്റു ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലെ തന്നെ ദീര്‍ഘദൂര യാത്രകള്‍ കൂടുതലും അതിരാവിലെ ആരംഭിച്ച് രാത്രി അവസാനിക്കുന്നവയാണ്. ലുസാക്കയില്‍ നിന്നും വിക്ടോറിയ സ്ഥിതി ചെയ്യുന്ന ലിവിംങ്സ്റ്റണിലോട്ട് ബസ്സ് സര്‍വ്വീസ് ലഭ്യമാണ്. പന്ത്രണ്ട് ഡോളര്‍ മുതലാണ് ടിക്കറ്റ് നിരക്ക്. കൂടാതെ വീമാന മാര്‍ഗ്ഗവും ട്രെയിന്‍ മാര്‍ഗ്ഗവും ലിവിംങ്സ്റ്റണ്‍ എത്തിച്ചേരാം. പക്ഷേ ട്രെയിന്‍ അത്രയ്ക്ക് കാര്യക്ഷമമല്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. നീണ്ടു നിവര്‍ന്ന് കിടക്കുന്ന രണ്ടുവരി പാത. കൂടുതലും നൂറേ നൂറിലോടുന്ന ട്രെക്കുകളും ദീര്‍ഘദൂര ബസ്സുകളും.

ടാന്‍സാനിയ പോര്‍ട്ട് മുതല്‍ സാംബിയ , സിംബാവേ, ബോട്ട്സാന, നമീബിയ വരെ ചലിക്കുന്ന ചരക്കു ലോറികള്‍.
രാജ്യത്തിനകത്ത് പരന്നു കിടക്കുന്ന കോപ്പര്‍ ബെല്‍റ്റ് ആണ് അവരുടെ സാമ്പത്തിക സ്രോതസ്സ്. മിക്ക ലോറിയിലേയും ലോഡും അതു തന്നെ. എല്ലാ രാജ്യങ്ങളേയും തമ്മില്‍ റോഡുമാര്‍ഗ്ഗം ബന്ധിപ്പിച്ചിരിക്കുന്നു . ചില രാജ്യ ചരിത്രങ്ങള്‍ ഒക്കെ ചോദിച്ചറിഞ്ഞ് യാത്ര തുടര്‍ന്നു . അല്ലേലും അവരുടെ നാടിനെ പറ്റി അവര് നമുക്ക് പറഞ്ഞു തരുന്നത് കേള്‍ക്കാന്‍ ഒരു രസാ…! ‘കഫ്വേ’ നദീതീരത്തെ ചെറിയൊരു റെസ്റ്റോറന്‍റില്‍ നിന്നും പ്രഭാത ഭക്ഷണവും കഴിച്ച് പിന്നേയും യാത്ര തുടര്‍ന്നു . ഇടയ്ക്കിടയ്ക്ക് വന്നു പോകുന്ന ചെറിയ ടൗണുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പാതയോരം വിജനമാണ്. അങ്ങനെ ഒരു ചെറിയ പട്ടണമാണ് കഫ്വേ.

വൈകുന്നേരം മൂന്നരയോടെ ലിവിംങ്സ്റ്റണ്‍ നഗരത്തിലെത്തി. മാര്‍ച്ച് വരെ മഴക്കാലവും ആഗസ്റ്റ് മുതല്‍ വേനലാരംഭവുമാണ്. അത് കൊണ്ട് തന്നെ ഈ രണ്ടു സമയങ്ങളാണ് സീസണ്‍ . എന്നാല്‍ ഇതിന് രണ്ടിനുമിടയില്‍ ജൂണ്‍ എന്ന ഓഫ് സീസണ്‍ ആയത് കൊണ്ട് തന്നെ റും അഡ്വാന്‍സ് ബുക്കിംങ് ആവശ്യമുണ്ടായിരുന്നില്ല.
ബാക്ക്പാക്കേര്‍സിന് 501 രൂപ മുതല്‍ ഷെയേര്‍ഡ് റും ലഭ്യമാണ്. സാധാരണ റൂമിന് തന്നെ ഇരുപതും മുപ്പതും ഡോളര്‍ മതിയാവും. മുന്‍കൂട്ടി നോക്കി വച്ച ബജറ്റ് റും ഹോട്ടല്‍ ലിസ്റ്റ് ഗൂഗിള്‍ മാപ്പ് വച്ച് അന്വേഷിച്ചു കണ്ടു പിടിച്ചു. ഒരെണ്ണം അങ്ങ് ഉറപ്പിച്ചു. എല്ലാവരും പ്രത്യേകം പറയുന്നൊരു കാര്യമുണ്ട്. “റൂമില്‍ ടി.വി ഉണ്ട് അതില്‍ ലോകകപ്പ് ഫുട്ബോള്‍ ലഭ്യമാണ്” എന്നത്.

സമയം ഇനിയും ബാക്കിയുണ്ട്. സായാഹ്ന കാറ്റേല്‍ക്കാന്‍ വിക്ടോറിയ വെള്ളച്ചാട്ടത്തിനു കാരണക്കാരിയായ ‘സാംബേസി’ നദിക്കരയില്‍ പോയിരുന്നു. 1958 ല്‍ കരകവിഞ്ഞൊഴുകിയ സാംബേസി നദിയുടെ ജല നിരപ്പ് അടയാളപ്പെടുത്തി ഒരു ഇരുമ്പ് തൂണ് അവിടെ ഉറപ്പിച്ചിട്ടുണ്ട്. അതായിരുന്നത്രേ ഉയര്‍ന്ന ജലനിരപ്പ്. സാംബേസി നദി കുത്തനെ പതിക്കുന്നതിനേക്കാളും മീറ്ററുകള്‍ക്ക് മുന്‍പിലാണ് ഞങ്ങള്‍ നില്‍ക്കുന്നത്. സൂര്യന്‍ അസ്തമിക്കാറായതിനാലാവാം നദിക്ക് എന്തോ ഒരു നീല നിറം. കൂടണയാന്‍ സമ്മതിക്കാതെ ഇരുളും വരെ പിടിച്ചു നിര്‍ത്തുന്ന ഒരു തരം വശ്യ സൗന്ദര്യവും കുളിര്‍കാറ്റും. മീറ്ററുകള്‍ക്ക് അകലെ അഗാത കൊക്കയിലേക്ക് ചാടി ഉയര്‍ന്നു പൊങ്ങുന്ന വെള്ളം മേഘം പോലെ ഉരുണ്ടു പൊങ്ങുന്നുണ്ട്. അതില്‍ മായാതെ ഒരു മഴവില്ലും.

ഇരുട്ട് പരക്കും വരെ അവിടെയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടത്തിന്‍റെ തൊട്ടടുത്തെത്തി, ശബ്ദം മാത്രം കേട്ടു കൊണ്ടിരുന്നു . നാളെ കാണാന്‍ പോകുന്ന ആവേശത്തോടെ മടങ്ങി. തിരിച്ച് റൂമിലേക്കുള്ള യാത്രാമധ്യേ ‘ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ’ എന്ന റെസ്റ്റോറന്‍റ് ശ്രദ്ധയില്‍ പെട്ടത്. അന്നുമുതല്‍ ഭക്ഷണം അവിടെയാക്കി. ലിവിംങ്സ്റ്റണില്‍ താമസിക്കുമ്പോള്‍ ഏറ്റവും ബഹുമാനം തോന്നുന്നത് യൂറോപ്യന്‍ യാത്രികനായ ഡേവിഡ് ലിവിംങ്സ്റ്റണിനോടാണ്. ഇരുണ്ട ഭൂഗണ്ഡത്തില്‍ നിന്നും ഇതുപോലൊരു മഹാത്ഭുതം ലോകത്തിന് കാണിച്ചു നല്‍കിയതിന്. അദ്ദേഹത്തോടുള്ള ആധര സൂചകമായി മഴവില്ലിന്‍റെ നാട് എന്നര്‍ത്ഥം വരുന്ന’ ചോംഗ്വേ’ എന്ന കുഞ്ഞു നഗരത്തിന് അദ്ദേഹത്തിന്‍റെ പേര് നല്‍കി. ‘മോസി ഓആ തുനിയ’ ആയിരുന്ന വെള്ളച്ചാട്ടത്തിന് ബ്രിട്ടീഷ് രാജ്ഞി ‘അലക്സാന്‍ട്രിയ വികടോറിയ’ യുടെ പേര് നല്‍കി. അങ്ങനെ ലോകസഞ്ചാരികളുടെ പറൂദിസയായി വികടോറിയ വെള്ളച്ചാട്ടം മാറി. ഒപ്പം ലിവിങ്സറ്റണ്‍ എന്ന ചരിഞ്ഞ നഗരവും വളര്‍ന്നു .

ലുസാക്കയിലും ശാന്തമായിരുന്നു ലിവിങ്സ്റ്റണ്‍ നഗരം. അലിഖിതമായ ഹോണ്‍ നിരോധിത മേഖല. സൈക്കിള്‍ സവാരികള്‍ നിര്‍ബന്ധമായും റിഫ്ലക്ടര്‍ ഘടിപ്പിച്ച ഓവര്‍ക്കോട്ട് ധരിച്ചിരിക്കുന്നു. ചോദിച്ചറിഞ്ഞപ്പോള്‍ അങ്ങനെ നിയമമില്ല, പക്ഷേ എല്ലാവരും പാലിക്കുന്നു. സുരക്ഷയാണല്ലോ മുഖ്യം. അന്തരീക്ഷ താപനില പത്തിലോട്ടടുത്തു. മൂന്നാം ദിനം തണുത്തരാത്രിയെ കാവലാക്കി ഞങ്ങള്‍ ഉറങ്ങി.

നല്ല തണുത്ത നാലാം ദിനം. ഈ ദിവസം പൂര്‍ണ്ണമായും ലിവിങ്സ്റ്റണ്‍ ലോകത്തിന് സമ്മാനിച്ച വികടോറിയ കാണാന്‍ മാറ്റി വച്ചു. രാവിലത്തെ ഭക്ഷണം സൗജന്യമാണ്. പ്രത്യേക രുചിയുള്ള ചായ. റൂയിബോസ് ടീ എന്നാണ് അവര്‍ പറയുന്നത്. മലയാളമെന്തെന്ന് എനിക്ക് അറിയില്ല. സമയം കളയാതെ നേരെ വികടോറിയ ലക്ഷ്യമാക്കി സഞ്ചരിച്ചു. ബബൂണ്‍ ഉണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡ് പലയിടത്തും കണ്ടിട്ടുണ്ട്. നല്ല തോതില്‍ ബബൂണ്‍ എന്ന് പറയുന്ന കുരങ്ങന്‍മാരേയും കണ്ടു.

ടിക്കറ്റ് കൗണ്ടറില്‍ കാര്‍ നിര്‍ത്തിയതും ഒരു മുറ്റന്‍ കുരങ്ങു വന്ന് വണ്ടിയില്‍ കയറി. മുന്‍ ഡോറിലൂടെ കയറിയ കുരങ്ങനെ ഡ്രൈവര്‍ ഓടിച്ചു വിട്ടു. തെല്ലൊന്നു പിറകോട്ടു മാറി നിന്നു. പിന്നെ വാ പിളര്‍ന്ന് ഡ്രൈവറെ തിരിച്ച് ഓടിച്ചിട്ട് കടിക്കാന്‍ ചെന്നു. സെക്യൂരിറ്റിയുടെ വടി കണ്ടതും കുരങ്ങന്‍ ഓടി. ഡ്രൈവര്‍ രക്ഷപ്പെട്ടു. പണ്ടത്തെ തൊപ്പിക്കാരന്‍റെ കഥയറിയാത്ത ഡ്രൈവര്‍. കഥയറിഞ്ഞ ഞങ്ങള്‍ കാറിനകത്ത് എവിടെ ഒളിച്ചെന്ന് വലിയ നിശ്ചയില്ല.

വികടോറിയ വെള്ളച്ചാട്ടം കാണാന്‍ വിദേശികള്‍ക്ക് ഇരുപത് ഡോളറും സ്വദേശികള്‍ക്ക് പന്ത്രണ്ട് ക്വാച്ചയും ആണ്. ടിക്കറ്റെടുക്കാന്‍ കൗണ്ടറില്‍ നിന്നപ്പോള്‍ മാന്യനായ ഒരാള്‍ വന്നു പരിചയപ്പെട്ടു. രണ്ട് പേര്‍ക്ക് മുപ്പത് ഡോളര്‍ തന്നാല്‍ ടിക്കറ്റും തരാം കൂടെ ഗൈഡും. കൂട്ടിക്കിഴിച്ചു നോക്കിയാല്‍ പത്ത് ഡോളര്‍ ലാഭം. സമ്മതിച്ചു .
സ്വദേശി ടിക്കറ്റില്‍ അകത്തു കയറി. സാക്ഷാല്‍ ലിവിങ്സ്‌റ്റണിന്‍റെ പൂര്‍ണ്ണകായ വെങ്കല പ്രതിമ വെള്ളച്ചാട്ടത്തിന് അഭിമുഖമായി സ്ഥാപിച്ചിരിക്കുന്നു. 1.7 കിലോമീറ്റര്‍ വീതിയും നൂറില്‍ അധികം മീറ്റര്‍ താഴ്ചയുമുള്ള വികടോറിയ ഫാള്‍സ് പകുതി സാംബിയയിലും മറു പകുതി സിംബാവേയിലുമായി നെഞ്ചു വിരിച്ചു കിടക്കുന്നു. അതില്‍ സാംബിയന്‍ തീരത്തുനിന്നാണ് നമ്മുടെ കാഴ്ചകളുടെ തുടക്കം.

റെയിംബോ ഫാള്‍സ് : ഏറ്റവും ഉയരത്തില്‍ നിന്നും വെള്ളം പതിക്കുന്നത് ഈ തീരത്താണ്. അതു കൊണ്ട് തന്നെ പകലു മുഴുവന്‍ മറവില്‍ വര്‍ണ്ണം വാരി വിതറും. കാറ്റിന്‍റെ ഗതി മാറുന്നതനുസരിച്ച് ചിന്നിച്ചിതറുന്ന വെള്ളം മഴയായ് പെയ്തോണ്ടിരിക്കും. കൂടെ വെയിലിന്‍റെ കലാവിരുതും ചേര്‍ന്നാല്‍ റെയിംബോ ഫാള്‍സ് പൂര്‍ത്തിയായി. അതിയായ ചെങ്കുത്തായ ഗര്‍ത്തങ്ങളിലേക്ക് വീഴാതിരിക്കാന്‍ അധികൃതര്‍ വേലി തീര്‍ത്തിട്ടുണ്ട്.

ഡെവിള്‍സ് പൂള്‍ : അതിയായ ആഗ്രഹവും നേരിയ പ്രതീക്ഷയും കൊണ്ടാണ് ഡെവിള്‍സ് പൂള്‍ കാണാനിറങ്ങിയത്. പക്ഷേ ജലനിരപ്പ് അപകടകരമാം വിധം ഉയര്‍ന്നതിനാല്‍ ഡെവിള്‍സ് പൂള്‍ പ്രവേശനം നിര്‍ത്തി വച്ചിരിക്കുകയാണ്.
വെള്ളച്ചാട്ടത്തിന്‍റെ അറ്റത്ത് പ്രകൃതിയുടെ കലാവിരുതില്‍ വിരിഞ്ഞൊരു കുഴി. അതാണ് ഡെവിള്‍സ് പൂള്‍. വെറുമൊരു ഭിത്തിയുടെ വീതിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന പാറയുടെ അതിര്‍ വരമ്പ്. ഒന്നു തെറ്റിയാല്‍ പതിക്കുന്നത് കാണാകയത്തിലേക്കായിരിക്കാം.

റെയിന്‍ ഫോറസ്റ്റ് : വെള്ളച്ചാട്ടത്തിന്‍റെ സമീപം ഏതു നേരവും മഴയായിരിക്കും. വെള്ളത്തിന്‍റെ തോത് കുറയും തോറും മഴയുടെ വ്യാപ്തി മാറികൊണ്ടിരിക്കും. റെയിന്‍ ഫോറസ്റ്റിലേക്ക് കടക്കുന്നതിന് മുന്‍പ് റെയിന്‍ കോട്ട് ധരിക്കണം. രണ്ട് ഡോളറാണ് വാടക. കയ്യിലെ മൊബൈലും ക്യാമറയും സൂക്ഷിക്കാന്‍ റെയിന്‍ കോട്ട് അത്യാവശ്യമായിരുന്നു.

മഴ നനഞ്ഞ് നേരെ എതിര്‍ഭാഗം നിന്ന് വെള്ളച്ചാട്ടത്തിന്‍റെ ഭംഗി ആസ്വദിക്കാം. ചിലപ്പോള്‍ മഴമേഘം കാഴ്ച മറച്ചേക്കാം. കൂറ്റന്‍ ശബ്ദം ജലമെന്ന ശക്തിയെ എടുത്തു കാണിച്ചു തരുന്ന കാഴ്ച. ഒരു തമിഴ് ദമ്പതിമാര്‍ മഴ നനഞ്ഞങ്ങനെ നില്‍പ്പുണ്ടായിരുന്നു കുറേ നേരം.

നൈഫ് എഡ്ജ് ബ്രിഡ്ജ്. : പേരു പോലെ തന്നെ വളരെ വീതികുറഞ്ഞൊരു പാലം. രണ്ടു തുരുത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. ശക്തമായ മഴയില്‍ ചിലപ്പോള്‍ പാലം തന്നെ കാണാമറയാത്താവുന്നു. സൂക്ഷിച്ചു നടന്നില്ലെങ്കില്‍ പാലത്തില്‍ വഴുതി വീഴാനും സാധ്യത ഉണ്ട്. നൈഫ് ബ്രിഡ്ജ് കടന്നാല്‍ വികടോറിയ വെള്ളച്ചാട്ടത്തിന്‍റെ പകുതി ഭാഗം വരെ കാണാന്‍ സാധിക്കും. പല പല ഭാഗങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍. കണ്ടം വച്ചൊരു കോട്ടായതിനാല്‍ അകത്ത് വരെ വെള്ളം എത്തുന്നുണ്ട്. അതു കൊണ്ട് തന്നെ തിരിച്ചു നടന്നു.

തിരിച്ചു ചെല്ലുന്നതും കാത്ത് ആ പടിമേലെ ചിന്താ മഗ്നനായി നില്‍ക്കുന്നതാണ് പത്ത് ഡോളര്‍ വാങ്ങിയ ഗൈഡ് ജോസഫ്. അവന് മഴ നനയാന്‍ പറ്റില്ലാത്രേ പാവം. അയാളുടെ വര്‍ത്തമാനത്തില്‍ അയാള്‍ക്ക് എത്രയും പെട്ടെന്ന് ഞങ്ങളെ ഒരു സൈഡാക്കി മറ്റു കസ്റ്റമറെ പിടിക്കാനുള്ള വ്യഗ്രതയാണ്. ഇത്രയും ദൂരം വന്നെങ്കില്‍ മുഴുവനും കണ്ട് ആസ്വദിച്ച് മതിമറന്നിട്ടേ മടങ്ങുള്ളൂ എന്ന് ഞങ്ങളും.

ബോയിലിംങ് പോട്ട് : ബോയിലിംങ് പോട്ടിന്‍റെ കാര്യം പറഞ്ഞപ്പഴേ ജോസഫ് പിന്നോട്ടാഞ്ഞു. വെള്ളം കൂടുതല്‍ ആണെന്നും ചെങ്കുത്തായ ഇറക്കം ആണെന്നും നല്ല വഴുക്കലാണെന്നും പറഞ്ഞ് പിന്തിരിപ്പിച്ചു. എന്നാല്‍ അറുപത് കഴിഞ്ഞ സായിപ്പിനും മദാമ്മയ്ക്കും ഇറങ്ങി പോകാമെങ്കില്‍ അതത്ര വലിയ സംഭവമല്ലെന്ന് മനസ്സിലായി.
ഗൈഡ് അവിടെ നിന്നു. ഞങ്ങള്‍ നേരേ ഇറങ്ങി ചെന്നു. ഭക്ഷണ സാധനങ്ങള്‍ എടുക്കരുതെന്ന് പ്രത്യേകം ബോര്‍ഡ് എഴുതി വച്ചിട്ടുണ്ട് .കാരണം കുരങ്ങന്‍മാര്‍ തന്നെ. എപ്പോ വേണമെങ്കിലും ആക്രമിക്കാം.

ചെങ്കുത്തായ ഇറക്കം . കൈവരികള്‍ സ്ഥാപിച്ചിട്ടുണ്ട്. മേലെ ഇപ്പോള്‍ ഇളകി വീഴും എന്ന പാകത്തില്‍ കൂറ്റന്‍ കല്ലുകള്‍. ചെറുതായി ചാറുന്ന മഴ. ദൂരെ നിന്നും വികടോറിയ പാലം കാണാം. ആയിരത്തി എഴുന്നൂറ് മീറ്റര്‍ വീതിയില്‍ ഒഴുകിയ സാംബേസി ഒരു വന്‍ ചാട്ടത്തിനു ശേഷം വെറും ഇരുന്നൂറ്റി അമ്പത് മീറ്ററിലേക്ക് ചുരുങ്ങുകയാണ് ഇവിടെ. അതുകൊണ്ട് തന്നെ വെള്ളത്തിന്‍റെ ശക്തമായ ഒഴുക്കില്‍ അഭിമുഖമായിനില്‍ക്കുന്ന മലയില്‍ വന്നിടിക്കുകയും ഇടിയുടെ ശക്തിയില്‍ ചുഴി രൂപപ്പെടുകയും ചെയ്യുന്നു . കാഴ്ചയില്‍ വെള്ളം തിളച്ചുമറിയുന്ന ഒരു പ്രതീതി.

സാംബേസി നദിയുടെ തന്നെ ഏറ്റവും വീതി കുറഞ്ഞ ഈയൊരു ഭാഗം തന്നെ വികടോറിയ പാലം പണിയാന്‍ തിരഞ്ഞെടുത്തതിന് വേറെ കാരണങ്ങള്‍ ആവശ്യമില്ലല്ലോ. നല്ല വഴുക്കലുള്ള പാറക്കൂട്ടങ്ങള്‍ ആയതിനാല്‍ സൂക്ഷിച്ചില്ലെങ്കില്‍ അപകടം ഏതു സമയത്തും വന്നേക്കാം. മഴയുടെ സാനിധ്യം ഫോട്ടോയെടുപ്പിനെ ബാധിച്ചെങ്കിവും കണ്ണിനാല്‍ ഒപ്പിയെടുത്തു ഓരോ കാഴ്ചയും. തിരിച്ച് കയറാന്‍ സമയം നന്നേ എടുത്തു. നല്ലോണം വിയര്‍ത്തു. എന്നാലും മനസ്സ് നിറഞ്ഞു . തിരിച്ചെത്തിയപ്പോള്‍ ഗൈഡ് ഇരുന്നിടുത്ത് ഒരു ബബൂണിനെ പോലും കണ്ടില്ല. ഗൈഡായാല്‍ അങ്ങനെ വേണം.

വേള്‍ഡ് വാര്‍ മെമ്മോറിയല്‍ : ലോകമഹായുദ്ധത്തില്‍ അന്നത്തെ സാംബിയന്‍ പ്രവിശ്യയില്‍ നിന്നും വീരമൃത്യു വരിച്ചവരുടെ ഓര്‍മ്മയ്ക്കായ് അവരുടെ പേരുകള്‍ കൊത്തിവച്ച ഫലകത്തോടു കൂടി പണിതൊരു സ്തൂഭം. പുറമേ നിന്നും കാഴ്ച മറയ്ക്കുന്ന വള്ളിപടര്‍പ്പുകള്‍ ആയതിനാല്‍ കാടിന് അകത്തു കയറിയാലെ സ്തൂഭം കാണാന്‍ സാധിക്കുകയുള്ളൂ.

ഫോട്ടോഗ്രാഫിക് ട്രെയില്‍ : കുറച്ചധികം നടക്കാനുണ്ട്. വിക്ടോറിയയുടെ ഓരോ ഭാഗത്തു നിന്നുള്ള ഭംഗി ആസ്വദിക്കാനുള്ള നടവഴി. വാനരന്‍മാര്‍ വലിയൊരു വെല്ലുവിളി ആയതിനാല്‍ അവിടെ കണ്ടൊരു സാംബിയന്‍ യുവാവിനെ പരിചയപ്പെട്ടു അവനേയും കൂട്ടി നടന്നു. അവന്‍റെ കയ്യിലെ മാസാ ബോട്ടില്‍ കണ്ടതും കുരങ്ങന്‍മാര്‍ ഓടി അടുത്തു. അവന്‍റെ ധൈര്യം ഞങ്ങളെ രക്ഷിച്ചു. ഓരോ പോയിന്‍റിലും വികടോറിയ കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുറേ നടന്നു കഴിഞ്ഞാല്‍ മുന്നില്‍ കാണുന്നതാണ് വികടോറിയ പാലം. പക്ഷേ അതിലോട്ട് വലിഞ്ഞു കയറാന്‍ പറ്റില്ല. കാരണം അതിന്‍റെ മറ്റേ അറ്റം സിംബാവേ ആണ്. അതായത്‌ നേരെ മുന്നില്‍ കാണുന്ന കുന്നും ആ ഭാഗത്ത് കാണുന്ന വികടോറിയ വെള്ളച്ചാട്ടവും അവരുടേതാണ്. രാജ്യാതിര്‍ത്തി കടന്നു പോകുന്നത് സാംബേസി നദിയുടെ ഒത്തനടുക്കൂടെ എന്നതാണ് രസം.

തിരിച്ചു വന്നപ്പോള്‍ സമയം നാലോടടുത്തു. രാവിലെ കയറിയതാണ്. വിശപ്പും ദാഹവും അറിഞ്ഞില്ലെന്നതാണ് സത്യം . പക്ഷേ പുറത്തിറങ്ങിയപ്പോള്‍ വല്ലാത്ത വിശപ്പും ദാഹവും. ഇന്ത്യന്‍ റെസ്റ്റോറന്‍റില്‍ കയറി വയറു നിറച്ച് ഇറങ്ങി. കേട്ടു കേള്‍വി മാത്രമായിരുന്ന ബംജീ ജംപിങ്. വികടോറിയ പാലത്തിന്‍റെ ഒത്ത നടുവില്‍ നൂറ്റി പതിനൊന്ന് മീറ്റര്‍ ആഴത്തിലോട്ടാണ് ചാടേണ്ടത്. കൂടെയുള്ള സുഹൃത്ത് എന്നേക്കാളും പേടിതൊണ്ടനാണെങ്കിലും ബംജീ ജംപിംങ് ചെയ്തേ അടങ്ങൂ എന്ന വാശിയിലാണ്. കൂടെ എന്നേയും ചാടിക്കും എന്ന ദുര്‍ വാശിയും. സാംബിയന്‍ എമിഗ്രേഷന്‍ ഓഫീസില്‍ ചെന്ന് പാസ്സ്പോര്‍ട്ട് കൊടുക്കണം. അവരത് വാങ്ങി വയ്ക്കും. ഒരു വെള്ളപ്പേപ്പറില്‍ എന്‍ട്രി സീലും അടിച്ചു തരും. അതായത് പാസ്സ്പപോര്‍ട്ട് ഇല്ലാതെ സിംബാവേ കയറാന്‍ പറ്റില്ല. അങ്ങനെ കയറാതിരിക്കാനുള്ള സൂത്രം. ദിവസവും രണ്ടു രാജ്യങ്ങളിലേക്കും കടന്നു പോകുന്ന സ്വദേശികള്‍ക്ക് പ്രത്യേക പാസ്സ് നല്‍കുന്നുണ്ട്.

വികടോറിയ ഫാള്‍സ് ബ്രിഡ്ജ് – സൗത്ത് ആഫ്രിക്ക മുതല്‍ ഈജിപ്ത് വരെ റെയില്‍വേ ലൈന്‍ എന്ന സ്വപ്നത്തില്‍ നിന്നാണ് 250 മീറ്റര്‍ നീളമുള്ള വികടോറിയ പാലത്തിന്‍റെ ജനനം. അര്‍ദ്ധ വൃത്താകൃതിയില്‍ രണ്ടു വശങ്ങള്‍ മാത്രം തൊട്ടിരിക്കുന്ന പാലത്തിന് 113 വയസ്സുണ്ട്. ഒരു ഭാഗത്ത് റെയില്‍വേ ലൈനും രണ്ട് ഭാഗത്തേക്കുമുള്ള റോഡും നടപ്പാതയും ചേര്‍ന്ന പാലം ഒരു വര്‍ഷം കൊണ്ട് നിര്‍മ്മിച്ചതാണത്രേ. അതില്‍ തന്നെയാണ് ബംജീ ജംപിംങ് ,സ്വിം, സ്ലൈഡ് എന്നീ സാഹസിക വിനോദങ്ങള്‍ അരങ്ങേറുന്നതും.

ബംജീ ജംപിംങ് അഞ്ചു മണിക്ക് അവസാനിക്കും . കൃത്യം അഞ്ചു മണിക്ക് ഞങ്ങള്‍ സ്പോട്ടില്‍ എത്തി. റെജിസ്ട്രേഷന്‍ ഓഫീസിലേക്ക് കയറിയതും വഴിയില്‍ നിന്നവരൊക്കെ ആശംസകള്‍ നേരുന്നു . ഇതിപ്പോ അവസാനത്തെ പോക്കാണോ, എല്ലാവരുടേയും തുറിച്ചു നോട്ടവും ആശംസകളും ഭയം ജനിപ്പിക്കാതിരുന്നില്ല. ഭാരവും ഉയരവും അളന്നു . ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ചോദിച്ചു. പൈസ അടച്ചു. കയ്യില്‍ സീല്‍ വച്ചു. ഇതൊക്കെ കണ്ടപ്പോള്‍ ഞാന്‍ കാലു മാറി. എന്നെക്കൊണ്ട് പറ്റില്ല എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. ഏതാണ് ഇത്തിരി ഈസി എന്ന് നോക്കിയപ്പോള്‍ സ്ലൈഡ് ഉണ്ട്. അതും 250 മീറ്റര്‍ സാംബിയയില്‍ നിന്നും സിംബാവേ വരെ. കൂട്ടുകാരനെ ബംജീ ജംപിംങിന് വിട്ട് ഞാന്‍ ആകാശത്തൂടെ സിംബാവേ ചെന്നിറങ്ങി. പതുക്കെ സാംബിയയിലോട്ട് നടന്നു വന്നു.

അവന്‍ തലയും കുത്തി താഴോട്ട്. ധൈര്യമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്നതാണ് ബംജീ ജംപിംങ് . കൂടാതെ ഹെലികോപ്റ്റര്‍ റൈഡ്, മിനിലൈറ്റ് ഫ്ലൈറ്റ് റൈഡ്, റിവര്‍ റാഫ്റ്റിംങ് , ബോട്ട് സഫാരി തുടങ്ങി സാഹസിക ലോകം നമുക്ക് മുന്നില്‍ തുറന്നിരിക്കുകയാണ്. മേല്‍പറഞ്ഞതൊന്നും ഞാന്‍ പോയില്ല. അതിലും വലുത് നാളെ പോകാനുള്ളതിനാല്‍ വികടോറിയയോട് താല്‍കാലികമായി വിട പറഞ്ഞു പിരിഞ്ഞു . സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് സമയമെടുത്ത് സന്ദര്‍ശിക്കാന്‍ പറ്റിയൊരിടം. സാഹസിക അഭ്യാസങ്ങള്‍ക്ക് എല്ലാം വെവ്വേറെ ടിക്കറ്റ് എടുക്കണം. അതും ഡോളറില്‍.

തിരിച്ചു സാംബിയന്‍ ബോര്‍ഡറിലേക്ക് നടന്നു. വികടോറിയ പാലത്തിന്‍റെ ചരിത്രം വിളിച്ചോതുന്ന ചെറിയൊരു മ്യൂസിയം തുറന്നു വച്ചിട്ടുണ്ട് പ്രവേശനം സൗജന്യം. കൂടാതെ നമ്മുടെ സാഹസിക പ്രകടനങ്ങളുടെ ഫോട്ടോയും വീഡിയോയും നമുക്ക് ഇവിടെ നിന്നും വാങ്ങാം. ഒരു കല്‍ക്കരി വണ്ടി സിംബാവേ ലക്ഷ്യമാക്കി കരിതുപ്പി കടന്നൂ പോയി. കേട്ടറിവ് മാത്രമായിരുന്നു കല്‍ക്കരി വണ്ടി എന്നത്. അതും കാണാന്‍ സാധിച്ചു.

ചെറിയൊരു ഷോപ്പിംഗ്. സാംബേസി നദിയിലെ കല്ലില്‍ കൊത്തിയ കരകൗശല വസ്തുക്കളാണ് പ്രധാനം. ഓര്‍മ്മയ്ക്കായ് ഒരെണ്ണം ഞാനും വാങ്ങി. കൂടെ രണ്ട് പോസ്റ്റ് കാര്‍ഡും. അമ്പത് ക്വാച്ച കൊടുത്താല്‍ സിംബാവേ കറന്‍സി വാങ്ങിക്കാന്‍ കിട്ടും. അതിനെന്താ പ്രത്യേഗത എന്നല്ലേ നൂറ് ട്രില്ല്യണും പത്ത് ട്രില്ല്യണ്‍ കറന്‍സിയൊക്കെയാണ് അവരുടെ വിനിമയത്തിന് ഉപയോഗിക്കുന്നത്. ട്രില്ല്യണ് എത്ര പൂജ്യമുണ്ടെന്ന് നോക്കി ഞാനും മാറ്റിയെടുത്തു ഒരു കോടീശ്വരനാവാനുള്ള കറന്‍സി.

ഇന്ന് തനി സാംബിയന്‍ വിഭവം അത്താഴമാക്കി തണുപ്പേല്‍ക്കാതെ മൂടിപുതച്ചുറങ്ങി. അഞ്ചാം ദിനം മുന്നേ തിരുമാനിച്ചപോലെ വന്യ മൃഗങ്ങളുടേതായിരുന്നു. ലിവിംങ്സ്റ്റണില്‍ ചെന്നാല്‍ ഉറപ്പായും വിസിറ്റ് ചെയ്തിരിക്കേണ്ട സ്ഥലമാണ് മുകുനി ബിഗ് ഫൈവ് (5). രാവിലെ തന്നെ ഇറങ്ങിയെങ്കിലും കാറിന്‍റെ ഡിക്കി അടയാത്തത് കാരണം വര്‍ക്ക് ഷോപ്പില്‍ കയറി അഞ്ചു കിലോമീറ്റര്‍ അപ്പുറത്തുള്ള മുകുനി എത്തിയപ്പോള്‍ മണി പത്തോടടുത്തിരുന്നു. മുകുനിയില്‍ പ്രധാനമായും ഒരുക്കിയിരിക്കുന്നത് ചീറ്റ വാക്കും, ലയണ്‍ വാക്കും , ആന സഫാരിയുമാണ്. അവിടെ ചെല്ലാന്‍ നേരം തന്നെ ചീറ്റ ആദ്യ റൗണ്ടിന് പോയിരുന്നു. കൂടാതെ വെയില്‍ ആണെങ്കില്‍ ചീറ്റയ്ക്ക് പൂര്‍ണ്ണ വിശ്രമമാണ്. വൈകുന്നേരത്തേക്കുള്ള ഷെഡ്യൂള്‍ ഫുള്‍ ആണ്. സിംഹമാണെങ്കില്‍ അടുത്ത റൈഡിന് ഫ്രീയാണെന്ന് അറിയിച്ചു. ഉടനെ ബുക്ക് ചെയ്തു.

ആദ്യം സിംഹത്തെ കുറിച്ചുള്ള ക്ളാസ്സ്. അതു കഴിഞ്ഞ് അതിന്‍റെ സ്വഭാവ സവിശേഷത. അതും കഴിഞ്ഞ് ആക്രമിക്കാനുള്ള സാധ്യതകള്‍. അതും കഴിഞ്ഞാല്‍ ഓരോ വടിയെടുത്ത് കയ്യില്‍ തരും. ഈ വടിയാണ് സിംഹത്തിന്‍റെ ക്ലച്ചും ഗിയറും എല്ലാം . ഇനി അവരുടെ പിന്നാലെ നടന്നു പോകാം . ചുറ്റും കാടാണ് കാണുന്നത്. വല്ലോടത്തുന്നും ചാടി വീഴ്വോ എന്ന ഭയം ഉണ്ടായിരുന്നു. അമേരിക്കയില്‍ നിന്നും വന്ന ഗുജറാത്തികളായ മുത്തശ്ശി യും മോളും പേരക്കുട്ടിയും ഞങ്ങളോടൊപ്പം ചേര്‍ന്നു. അഞ്ച് സെന്‍റീ മീറ്റര്‍ നീളമുള്ള രണ്ട് പല്ലുകള്‍ ശരീരത്തിലോട്ട് കയറിയാല്‍ പിന്നെ രക്ഷയില്ലെന്ന് പറഞ്ഞത് മനസ്സീന്ന് മായുന്നില്ല. കൂടാതെ എന്‍റെ ഭാരമുള്ള ഒരാളെ അനായാസം തൂക്കി എടുത്ത് ഓടാനും സിംഹത്തിന് പറ്റും പോലും.

ആ കാടിനകത്ത് ചുമ്മാ നില്‍ക്കുന്ന രണ്ട് ആണ്‍ സിംഹവും രണ്ട് പെണ്‍സിംഹത്തേയും കണ്ടു. അതില്‍ രണ്ടു പേരണ് നമ്മുടെ കൂടെ നടക്കാന്‍ വരുന്നത്. കണ്ട ആവേശത്തില്‍ കുറച്ച് ഫോട്ടോ എടുത്തു. രണ്ടു പേരും തറയില്‍ കിടക്കുന്നു. തുറന്നിട്ട വായും കൂര്‍ത്തപല്ലും സടയും. മുട്ടിനെന്തോ വിറയല്‍ പോലെ അനുഭവപ്പെട്ടാല്‍ അത് വെറും തോന്നലല്ല. ഗൈഡിന്‍റെ നിര്‍ദ്ദേശ പ്രകാരം സിംഹത്തിന്‍റെ പിറകില്‍ ചെന്നു നില്‍ക്കാന്‍ പറഞ്ഞു.
ലേഡീസ് ഫസ്റ്റ് ആയതിനാല്‍ പൂര്‍ണ്ണ സമ്മതത്തോടെ ഞങ്ങള്‍ അവരെ യാത്രയാക്കി. ഒരിക്കലും മുഖഭാഗത്ത് ചെന്ന് നില്‍ക്കാന്‍ പാടില്ല. ചിലപ്പോള്‍ കടിച്ചോടാന്‍ സാധ്യതയുണ്ട്.

ഒട്ടും അനുസരണയില്ലാതെ സിംഹങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു . കിട്ടിയ ഇടവേളയില്‍ പിറകില്‍ നിന്നു, തൊട്ടു തലോടി. പേടിയൊക്കെ മാറി. നടക്കാന്‍ ആരംഭിച്ചു. ചുമ്മാ നടക്കാം വാലിമ്മേല്‍ കയറി പിടിക്കാം. ആശാനൊരു കുലക്കവുമില്ല. പക്ഷേ അവനു തോന്നിയ വഴിയേ സഞ്ചരിക്കും. പറഞ്ഞിട്ട് കാര്യമില്ല. രാജാവല്ലേ. ഇടയ്ക്ക് ഒന്ന് നിന്നപ്പോള്‍ കെട്ടിപ്പിടിച്ച് ഫോട്ടോയെടുക്കാന്‍ അവസരം കിട്ടി . കയ്യിലെ വടിയാണ് അവനെ അനുസരിപ്പിക്കുന്നത്‌. അങ്ങനെ കറങ്ങി തിരിഞ്ഞ് തുടങ്ങിയ സ്ഥലത്ത് തന്നെ തിരിച്ചെത്തി. സിംഹങ്ങള്‍ വിശ്രമിക്കാന്‍ പോയി. അവര്‍ക്ക് ഇനി വൈകുന്നേരം വരെ വിശ്രമം. കൂടെ നടന്ന ഞങ്ങള്‍ക്ക് ചായയും ജ്യൂസും റെഡിയായിരുന്നു.

ചീറ്റയും, സിംഹവും , ആനയും ഇണങ്ങിയപ്പോഴും കാട്ടു പൂച്ചകള്‍ പത്തിരുപതെണ്ണം അവിടെ വിലസുന്നുണ്ട് ആരേയും ഗൗനിക്കാതെ. ചീറ്റയോടൊപ്പം നടക്കാന്‍ പറ്റിയില്ലെങ്കിലും ഫോട്ടോ എടുക്കാന്‍ അവരും നിന്നു തന്നു. ഇനി കാണാനുള്ളത് ഇതിലും അക്രമകാരികളായ മുതലകളെയാണ്. മുതലകള്‍ക്കും പാമ്പിനുമായി മാത്രം റെപ്റ്റൈല്‍സ് പാര്‍ക്ക് നടത്തുന്നുണ്ട്.

റെപ്റ്റൈല്‍സ് പാര്‍ക്ക് – ഇവിടേയും അവര്‍ തരം തിരിച്ചു . വിദേശി,സ്വദേശി . ടിക്കറ്റ് കൗണ്ടറില്‍ ഇരുന്ന സാംബിയന്‍ പെണ്‍കൊടിയോട് സംസാരിച്ച് ഇരുപത് ഡോളര്‍ ടിക്കറ്റ് രണ്ട് ഡോളര്‍ സ്വദേശി ടിക്കറ്റ് ആക്കി മാറ്റി. അഞ്ച് ഡോര്‍ അവള്‍ക്കും കൊടുത്തു. മുപ്പത്തി ഒന്ന് ഡോളര്‍ ലാഭം. പാമ്പുകളില്‍ നിന്നും കാഴ്ചകളുടെ തുടക്കം. ഉഗ്ര വിഷ പാമ്പ് ആയ ബ്ലാക്ക് മാംമ്പ അടക്കം അനേകം പാമ്പുകള്‍. ഒരു പ്രദേശം മൊത്തം മുതലകള്‍ക്ക് സ്വൈര്യ വിഹാരത്തിന് നല്‍കിയിരിക്കുന്നു. പലതും അനങ്ങാപാറകളായി കിടക്കുന്നു . ആഴ്ചയില്‍ ഒരു ദിവസമാണ് ഭക്ഷണം . അതു കഴിഞ്ഞാല്‍ ഇതു പോലെ കിടന്നും ഉറങ്ങിയും ഒരാഴ്ച തള്ളി നീക്കലാണ് പ്രധാന പണി. അനങ്ങാത്ത മുതലകളെ കണ്ടു നടക്കാന്‍ ഒരു സുഖം പോരാ. ഗൈഡിനോട് പറഞ്ഞപ്പോള്‍ 50 ക്വാച്ച കൊടുക്കുവാണേല്‍ മുതലക്ക് ഇറച്ചി എറിഞ്ഞു നല്‍കാമെന്നു പറഞ്ഞു. അമ്പത് ക്വാച്ചയ്ക്ക് മുട്ടന്‍ ഇറച്ചി കഷ്ണങ്ങളുമായി ഗൈഡ് വന്നു. ഇറച്ചി എറിഞ്ഞതും അതുവരെ കണ്ണിമ ചിമ്മാത്ത മുതലകള്‍ ഓടിക്കൂടി..

മറ്റൊരു കൂട്ടില്‍ തനിച്ചൊരു ഇളം മഞ്ഞ നിറത്തില്‍ ഒരു മുതല. കൂട്ടത്തിലിട്ടാല്‍ മറ്റു മുതലകള്‍ കൊന്നു തിന്നുമത്രേ. അതുകൊണ്ട് തനിച്ചാണ് വാസം. റേസിസം അത് അവരിലും ഉണ്ട്. മെലാനിന്‍ വ്യത്യാസം കൊണ്ടാണത്രേ ഈ നിറംമാറ്റം സംഭവിക്കുന്നത്. ഇനി കാണാന്‍ പോകുന്നത് വലിയൊരു മുതല. അവിടെ ഉള്ളതില്‍ വച്ച് പ്രായം കൂടിയ മുതല വയസ്സ് എണ്‍പത് കടന്നു. ആ വലിപ്പം കാണാനുമുണ്ട്. പക്ഷേ എന്തൊക്കെ ചെയ്തിട്ടും ആശാന്‍ അനങ്ങിയില്ല. നല്ല ഉറക്കം . മുതല കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം സ്ഥമുണ്ട്. ഒരണ്ണത്തിനെ എടുത്ത് കയ്യില്‍ തന്നു. അങ്ങനെ മുതലയും കൈപ്പിടിയിലായി. അതിനിടയില്‍ ഏതോ സ്കൂളില്‍ നിന്നും കുറേയേറെ കുട്ടികള്‍ വന്നു ആകെ ബഹളമയം. ഞങ്ങള്‍ ഇറങ്ങി.

റെയില്‍വേ ഇല്ലാതെ ലിവിംങ്സ്റ്റണ്‍ അപൂര്‍ണ്ണമാണ്. 1890 കളില്‍ ആരംഭിച്ച റെയില്‍ ഗതാഗതത്തിന്‍റെ കാഴ്ചകള്‍ കാണാന്‍ റെയില്‍വേ മ്യൂസിയം ഒരുക്കിയിട്ടുണ്ട്. പഴയ കാല ആവി എഞ്ചിന്‍ കല്‍ക്കരി എഞ്ചിന്‍ എല്ലാം അതില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. യാതൊരു വിധ നിയന്ത്രണവുമില്ലാതെ എല്ലാ എഞ്ചിനിലും കയറി കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പഴയൊരു ട്രൈനിന്‍റെ ഫസ്റ്റ് ക്ലാസ്സ് ബോഗി സൂക്ഷിച്ചിട്ടുണ്ട്‌. പൂര്‍ണ്ണമായും തടിയിലാണ് നിര്‍മ്മിതി. അടിഭാഗം മാത്രം ഇരുമ്പ്. ഭിത്തിയും ബെര്‍ത്തും സീറ്റും മേല്‍ക്കൂരയും തടി.

എല്ലാം ചുറ്റിക്കറങ്ങി ഇറങ്ങിയപ്പോള്‍ ഒരു പകല്‍ തീരാറായി. സമയമുള്ളവര്‍ക്ക് മോസി ഓആ തുനിയ നാഷണല്‍ പാര്‍ക്കും ലിവിങ്സ്റ്റണ്‍ മ്യുസിയവും മറ്റു ചെറിയ ചെറിയ സ്പോട്ടുകള്‍ കാണാന്‍ ഒരു ദിവസം കൂടി കൂടുതല്‍ ചിലവഴിക്കാവുന്നതാണ്. നേരെ ലിവിംങ്സ്റ്റണ്‍ പോസ്റ്റ് ഓഫീസില്‍ ചെന്നു നേരത്തെ വാങ്ങിയ പോസ്റ്റ് കാര്‍ഡുകള്‍ നാട്ടിലേക്കയച്ചു. വെറും അഞ്ച് ക്വാച്ച കൊടുത്താല്‍ കാര്‍ഡ് വീട്ടില്‍ ചെല്ലും. . ലിവിംങ്സ്റ്റണ്‍ നഗര കാഴ്ചകളൊക്കെയായി അഞ്ചാം ദിനം അവസാനിച്ചു.

ആറാം ദിനം രാവിലെ കണ്‍മുന്നില്‍ മായാലോകം തീര്‍ത്ത, പല പല പുതിയ അനുഭവങ്ങളും സമ്മാനിച്ച ലിവിംങ്സ്റ്റണിനോട് യാത്രപറഞ്ഞിറങ്ങി. ഒരു പകല്‍ നീണ്ട യാത്ര തിരിച്ച് ലുസാക്കയിലെത്തിച്ചു.
ഏഴാം ദിനം വൈകീട്ടോടെ തിരിച്ച് അതേ വീമാനത്തില്‍ കെനിയ വഴി സുഡാന്‍.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply