കാണാതെ പോയ ആനക്കൂട്ടവും, കാണാൻ കൊതിച്ചിരുന്നു കണ്ട പൂക്കളും

വിവരണം – ജയകുമാരി സ്വരൂപ്.

മഴയൊക്കെ തുടങ്ങും മുൻപുള്ള എന്നോ ഒരു ദിവസമാണ് ഇത്തവണത്തെ ഓണത്തിന് തമിഴ്നാട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ കാണണമെന്ന മോഹം തോന്നിയത്. പോകേണ്ട വഴിയും കുറിച്ചിട്ട് കാത്തിരിക്കാൻ തുടങ്ങി. ആറ്റിങ്ങൽ, മണമ്പൂർ നിന്ന് ആയുർ – കുളത്തുപ്പുഴ – തെന്മല – ചെങ്കോട്ട – തെങ്കാശി – സുന്ദരപാണ്ട്യപുരം
ഇതാണ് റൂട്ട്. സീസൺ തുടങ്ങിയോ എന്നറിയാൻ സോഷ്യൽ മീഡിയയും വാർത്തകളും മറ്റും ഇടയ്ക്കിടെ തിരഞ്ഞുകൊണ്ടിരുന്നു. ജൂൺ-ജൂലൈ മുതൽ ഓഗസ്റ്റ്-സ്പെറ്റംബർ വരെ ആണ് സീസൺ എന്നാണ് കേട്ടറിവ്. ഓഗസ്റ്റിൽ തന്നെ ഫേസ്ബുക്കിൽ ഫോട്ടോസ് വന്നു തുടങ്ങിയതോടെ ഒറ്റ ദിവസത്തെ ട്രിപ്പ് പ്ലാൻ ചെയ്തു കാത്തിരിക്കാൻ തുടങ്ങി. ഓരോ തവണ പ്ലാൻ ചെയ്യുമ്പോഴും എന്തെങ്കിലും കാരണം വന്നത് മുടങ്ങും. അവസാനം ഓണം അടുപ്പിച്ചു പോകാനിരിക്കവേ ആണ് മഴ കനക്കുന്നതും, പ്രളയം വരുന്നതും, കാര്യങ്ങളെല്ലാം കീഴ്മേൽ മറിയുന്നതും. പ്ലാനുകളെല്ലാം എന്നന്നേക്കുമായി മറക്കുന്നതും.

അങ്ങനെ ദിവസങ്ങൾ കടന്നു പോകുന്നതിനിടയിൽ, നിശബ്ദമായി ഓണം വന്നു.. വെയിൽ വന്നു… പതിയെ വെള്ളമിറങ്ങി.. പുതിയ തിരിച്ചറിവുകളോടെ ജീവിതവും വീണ്ടും ഉണർന്നുതുടങ്ങി.. ഒരു വൈകുന്നേരം അലക്ഷ്യമായി ഫേസ്ബുക് നോക്കുന്നതിനിടയിൽ ആണ് വീണ്ടും സൂര്യകാന്തിപ്പൂക്കളുടെ ഫോട്ടോകൾ കണ്ണില്പെടുന്നത്. വീണ്ടുമാ ആഗ്രഹം തല പൊക്കി. തിരക്കിയപ്പോൾ സീസൺ തീർന്നു തുടങ്ങി, പോകുന്നുണ്ടെകിൽ ഉടനെ പോകണമെന്നും അറിയാൻ കഴിഞ്ഞു. എന്തിനു വേണ്ടി കുറച്ചു നാൾ ആഗ്രഹിച്ചോ അത് അവസാന അവസരവുമായി മുൻപിൽ വന്നു നിൽക്കുന്ന പോലെ.. പിന്നൊന്നും ആലോചിച്ചില്ല. ഒരു യാത്ര മനസ്സിനും അനിവാര്യമാണ്.

02/09/2018 – ഞായറാഴ്ച രാവിലെ ആറു മണിക്ക് ആറ്റിങ്ങൽ മണമ്പൂരിലെ വീട്ടിൽ നിന്ന് ഞങ്ങൾ യാത്ര തിരിച്ചു. തെന്മല വഴി മേല്പറഞ്ഞ റൂട്ട് ആണ് ഞങ്ങൾക്ക് എളുപ്പം. മാപ്പിൽ റൂട്ട് സെറ്റ് ചെയ്തു യാത്ര തുടങ്ങുമ്പോൾ സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ രണ്ടാമതൊന്നു കൂടി മാപ്പ് പരിശോധിക്കാൻ മിനക്കെട്ടതുമില്ല. പുനലൂരും കഴിഞ്ഞു, പരിചയമില്ലാത്ത സ്ഥലപ്പേരുകൾ വച്ച ബസ്സുകൾ കണ്ടതോടെ ആണ് മാപ്പ് ഒന്നൂടി നോക്കിയത്. എത്ര മനോഹരമായി വഴിതെറ്റിയിരിക്കുന്നു! ആയുർ-കുളത്തുപ്പുഴ-തെന്മല-ചെങ്കോട്ട-തെങ്കാശി വഴി പോകേണ്ടിയിരുന്ന ഞങ്ങളെ ആയുർ-പുനലൂർ-അച്ചൻകോവിൽ-തെങ്കാശിയിലേക്കു വഴിതിരിച്ചു വിട്ടിരിക്കുന്നു ഗൂഗിൾ മാപ്പൻ!

തെന്മലയിലെവിടെയോ റോഡ് ബ്ലോക്ക് ആയതിനാൽ റീ റൂട്ട് ചെയ്യപ്പെട്ടതാണ്! ആ സത്യം മനസിലായപ്പോഴേക്കും ഞങ്ങൾ അച്ചൻകോവിലിലേക്കുള്ള കാടുകയറി തുടങ്ങിയിരുന്നു. തിരിച്ചു പോകുന്നത് റിസ്ക് ആണ്. ഇനി തെന്മലയിൽ റോഡ് ബ്ലോക്ക് ആണെങ്കിൽ വീണ്ടും ഈ വഴി വരേണ്ടി വരും. അതുകൊണ്ട് മുന്നോട്ടു തന്നെ പോയി. ഒരു സൈഡിൽ വീടുകളും മറുസൈഡിൽ കാടും.. പിന്നീടത് ഇരുവശത്തും കാടുകളായി മാറി. വഴിയിൽ അങ്ങുമിങ്ങും കണ്ടിരുന്ന വണ്ടികളൊക്കെ എങ്ങോ പോയി മറഞ്ഞു. ഇപ്പോൾ, കാടും, കൊക്കയിൽ നിന്നുയരുന്ന കാട്ടാറിന്റെ സ്വരവും, പിന്നെ മരത്തിന്റെ മറവിലിരുന്നു ആർത്തുവിളിക്കുന്ന ഏതോ ജാതി പ്രാണികളും പക്ഷികളും..

അപ്രതീക്ഷിതമായി എത്തിപ്പെട്ട കാടും കാട്ടുവഴിയും ആദ്യമൊക്കെ ത്രില്ല് അടിപ്പിച്ചു എന്നത് സത്യം. പക്ഷേ പിന്നീടങ്ങോട്ടുള്ള റോഡിൻറെ അവസ്ഥ അതിദയനീയമായിരുന്നു. മഴ ബാക്കി വച്ച ചെളിക്കുണ്ടും, പാറയും, പേടിപ്പിക്കുന്ന ഗട്ടറുകളും. ശ്രദ്ധയോടെ ഓരോ കുഴിയും ഓടിച്ചു കയറ്റിയില്ല എങ്കിൽ ഒരുപക്ഷെ കാർ വഴിയിലാകും..അല്ല കാട്ടിലാകും, കൂടെ ഞങ്ങളും!! തുടക്കത്തിൽ ചെമ്പനരുവി എന്ന് ബോർഡ് വച്ച ഒരു വേണാട് ksrtc ബസ് ഞങ്ങളെ ഓവർ ടേക്ക് ചെയ്തു പോയിരുന്നു. ആ സ്ഥലം ഉടനെ എത്തും എന്ന പ്രതീക്ഷയിൽ ആണ് മുന്നോട്ടുള്ള യാത്ര. പക്ഷെ കുഴിയും കുന്നും കയറിയിറങ്ങി ഇഴഞ്ഞിഴഞ്ഞു മുന്നോട് പോകും തോറും കാടിന് ദൈർഘ്യം കൂടിക്കൂടി വരുന്നതുപോലെയാണ് തോന്നിയത്!

നെറ്റ്‌വർക്ക് നോക്കണ്ട, ഇല്ല! ഓരോ സൈൻ ബോർഡുകളും പ്രതീക്ഷയോടെ നോക്കും, അതിലൊക്കെ ‘ഇത് വന്യമൃഗങ്ങൾ സൈര്യവിഹാരം നടത്തുന്ന ഇടമാണ്, അവയെ ഉപദ്രവിക്കരുത്’ എന്നൊക്കെ ഉള്ള നിർദേശങ്ങളാണ്. ഇടയ്ക്കിടെ കണ്ട എസ്റേറ്റുകളെല്ലാം കറന്റ് വേലി വച്ച് സംരക്ഷിച്ചിരിക്കുന്നതും, വല്യ കിടങ്ങുകളും മറ്റും കണ്ടതോടെ സാമാന്യം തെറ്റില്ലാത്ത രീതിയിൽ ഞങ്ങൾ പെട്ടു എന്ന് മനസിലായി. അവസാനം ചെമ്പനരുവി എത്തിയെങ്കിലും പ്രതീക്ഷകളൊക്കെ തെറ്റി. വിജനമായ ഒരിടം. അവിടെ നിന്നും, ഇടതു വശത്തു കൂടി അച്ചൻകോവിൽ ആറിന്റെ കൈവഴി കൂടി ഒപ്പം ചേരുന്നുണ്ട്. പന്തളത്തെ മുക്കി ഒഴുകിയ അതേ അച്ചന്കോവിലാർ. കുത്തൊഴുക്കിന്റെ ആഘാതത്തിൽ പെട്ട് തളർന്നു കിടക്കുകയാണ് ആറിപ്പോഴും! ഈ കൈവഴിയിൽ പോലും രണ്ടാൾ പൊക്കത്തിലെങ്കിലും വെള്ളം നിറഞ്ഞൊഴുകിയതിന്റെ അടയാളങ്ങൾ തെളിഞ്ഞു കാണാം. പലയിടത്തും മണ്ണിടിഞ്ഞും, കടപുഴകിയ മരങ്ങൾ ഒഴുകി വന്നു അടിഞ്ഞും കിടക്കുന്നു. ഇടയ്ക്കിടെ തുണികളും കവറുകളും അവിടവിടെ മരച്ചില്ലകളിൽ തങ്ങി കിടക്കുന്നുണ്ട്.

പക്ഷെ ഇപ്പോൾ വെള്ളം തീരെയില്ല. എല്ലുന്തിയ നദി പോലെ അങ്ങും ഇങ്ങും മണൽത്തിട്ട തെളിഞ്ഞു കാണാം. വല്ലാത്തൊരു മാറ്റം തന്നെ!
ആറിന്റെ ഓരം ചേർന്നാണ് ഞങ്ങൾ സഞ്ചരിക്കുന്ന ഇടിഞ്ഞുപൊളിഞ്ഞ ഇടുങ്ങിയ റോഡ്. പലയിടത്തും ഒരു വാഹനത്തിനു പോകാനുള്ള വീതിയേ ഉള്ളു.

ദുഷ്കരമായ യാത്ര അങ്ങനെ അവസാനം കാണാതെ പോകുന്നതിനിടയിലാണ് വീണ്ടും പേടികൂട്ടാനായി ആനപിണ്ഡത്തിന്റെ രൂക്ഷഗന്ധം മൂക്കിലേക്കടിച്ചു കയറിയത്! വഴി നീളെ പിണ്ടങ്ങൾ! ഉണങ്ങിയവ ആണെന്ന് കണ്ടു ആശ്വസിച്ചെങ്കിലും, മുന്നോട്ട് പോകും തോറും ഫ്രഷ് പിണ്ടങ്ങൾ കണ്ടതോടെ ഞങ്ങളുടെ നല്ല ജീവൻ പോകാൻ തുടങ്ങി! കുട്ടി ഒപ്പമുള്ളതിനാൽ തീർത്തും ദുർബലം ആയിരുന്നു മനസ്സും ചിന്തകളും. വളവു തിരിഞ്ഞു കയറുന്നത് ആനക്കൂട്ടത്തിന്റെ മുന്പിലേക്കാകുമോ എന്ന ഭയം എത്ര ശ്രമിച്ചിട്ടും മനസ്സിൽ നിന്നും പോയില്ല. സൈഡിലെ മരങ്ങൾക്കിടയിൽ ചില്ലകൾ അനങ്ങുന്നത് കാണുമ്പോഴൊക്കെ ആനയാണെന്നു വെറുതെ പേടിച്ചു! ഉൾഭയം കൊണ്ട് എല്ലാവരും മൗനമായി ഇരിക്കുന്നത് കണ്ടു ബോർ അടിച്ചിട്ടാകും അമ്മു ചോദിച്ചു “എന്താ അമ്മേ ആന വരാത്തത്?” !!!!!!!!???

ആനകൾ സ്ഥിരം റോഡ് മുറിച്ചു കടക്കുന്ന സ്ഥലമാണിതെന്നു വ്യക്തം. മണിക്കൂറുകൾക്കു (അതോ മിനുട്ടുകൾക്കോ?) മുൻപ് ആനകൾ പോയിട്ടുണ്ട്. തെളിവിനായി നനവുള്ള പച്ചപിണ്ടങ്ങൾ റോഡിൽ അവശേഷിപ്പിച്ചിട്ടുണ്ട്. ആകാംഷ നിറഞ്ഞ മിനുട്ടുകൾക്കൊടുവിൽ ആനകൾക്കൊരു ശല്യമാകാതെ ഞങ്ങൾ അവിടം കടന്നു. വിജനമായ ആ കാട്ടുവഴിയിൽ, ഇതുവരെ ഒരു ബസ്സും, രണ്ടു ബൈക്കും, മൂന്നു കാറുമാണ് കണ്ടത്. അവസാനം, ഒന്നൊന്നര മണിക്കൂർ നീണ്ട സവാരിക്ക് ശേഷം ഞങ്ങൾ മനുഷ്യവാസമുള്ളിടത്തു എത്തിച്ചേർന്നു, അച്ചൻകോവിൽ! ഇടുങ്ങിയ ഒരു കവല ആണത്. ക്ഷേത്രം അടുത്തുണ്ട്. ഏറെ ആശ്വാസം ആയത് ഇനി മുന്നോട് നല്ല റോഡ് ഉണ്ടെന്നുള്ളതാണ്. എങ്കിലും, കാട് അവിടെ തീരുന്നില്ല. അച്ചൻകോവിൽ ഫോറെസ്റ് ഡിവിഷന്റ കീഴിലെ വിശാലമായ കാട്ടിലൂടെ പിന്നെയും മുന്പോട് ഏറെ ദൂരം സഞ്ചരിച്ചു. ചുരം കയറി. വഴിയിൽ പല പല വെള്ളച്ചാട്ടങ്ങളുടെ പേരുകൾ കണ്ടു. ഇക്കോ ടൂറിസം പദ്ധതിയും.

ആ ചുരം ഇറങ്ങി ചെല്ലുന്നത്, സൂര്യൻ തെളിഞ്ഞു നിൽക്കുന്ന, ശക്തിയായി കാറ്റു വീശുന്ന വയലുകൾ നിറഞ്ഞ തമിഴ് മണ്ണിലേക്കാണ്.. പനകളും, പുളിമരങ്ങളും പശുക്കളും ആട്ടിൻ കൂട്ടവും നിറഞ്ഞ തനി തമിഴ് ഗ്രാമങ്ങൾ. ദൂരെ അടവിനൈനാർ ഡാമും കാണാം. അധികം വൈകാതെ തെങ്കാശിയിൽ എത്തിച്ചേർന്നു. സമയം പത്തര. നാട്ടിലെ മാസങ്ങൾ നീണ്ട മഴയും, തണുപ്പും ഏറ്റു ശീലിച്ചത് കൊണ്ടാണോ തമിഴ്നാട്ടിലെ വെയിൽ കൊണ്ടതേ കരിഞ്ഞുവീഴും പോലെ തോന്നി. അസഹനീയം തന്നെ ആയിരുന്നു തുടക്കത്തിലത്‌! സമയമേറെ ഇനിയുമുള്ളതിനാൽ തെങ്കാശിയിൽ നിന്ന് ഭക്ഷണശേഷം ഞങ്ങൾ കുറ്റാലത്തേക്കു തിരിച്ചു. ടൈഗർ ഫാൾസും,മെയിൻ ഫാൾസും, ഫൈവ് ഫാൾസും വിവിധ ദിശകളിൽ അടുത്തടുത്തു തന്നെ ആണ്.

എല്ലായിടത്തും ഇരുപതും മുപ്പതും നാല്പതുമൊക്കെ വച്ച് എൻട്രി ഫീ വാങ്ങുന്നുണ്ട്. വമ്പൻ വെള്ളച്ചാട്ടം പ്രതീക്ഷിച്ചു ചെന്ന ഞങ്ങൾ സത്യത്തിൽ ഞെട്ടി. ചാല് പോലെ വെള്ളം ഊറിയൂറി വരുന്നു. ആ ഇത്തിരി വെള്ളത്തിൽ കുളിക്കാനും നനക്കാനുമായി നൂറുകണക്കിന് മനുഷ്യരും! കൃത്യമായി പറഞ്ഞാൽ ഒരു പൊതു കുളിപ്പുര! ചില സന്ദർശകർ കുളിച്ചു അടുത്തുള്ള കോവിലിൽ തൊഴുന്നു. കുരങ്ങന്മാരും, കൊച്ചുകടകളും ധാരാളം. മൂന്നു സ്ഥലത്തെയും കാഴ്ചകൾ ഒരുപോലെ ആയിരുന്നു. ഫൈവ് ഫാൽസിൽ ആണ് അല്പമെങ്കിലും വെള്ളം കണ്ടത്. പാറയിടുക്കിൽ കൂടി അഞ്ചു വെള്ളച്ചാട്ടങ്ങൾ നിരനിരയായി പതിക്കുന്നതാണിവിടുത്തെ പ്രത്യേകത. തിരക്കുകൾ ഇല്ലെങ്കിൽ, മഴയുള്ള സമയം ആണെങ്കിൽ ഇവിടം അതിസുന്ദരം തന്നെ ആണ്! സംശയമില്ല.

അധിക സമയം അവിടെ ചിലവിടാൻ തോന്നിയില്ല. ചൂടും ഏറി വരുന്നു. അവിടുന്ന്, തിരിച്ചു തെങ്കാശി വഴി, ആകാശം മുട്ടി നിൽക്കുന്ന കാശി വിശ്വനാഥൻ ക്ഷേത്രത്തിനു മുൻപിലൂടെ സുന്ദരപാണ്ട്യപുരത്തേക്ക്. തെങ്കാശിയിൽ നിന്ന് തിരിക്കുമ്പോൾ തന്നെ വലതു വശത്തായി അന്യൻ പറ ഉണ്ട്. ചൂട് കാരണം അവിടെ ഇറങ്ങാത്തതിനാൽ എന്തെല്ലാം കാഴ്ചകൾ നഷ്ടമായി എന്ന് അറിയില്ല. യാത്രയ്ക്കിടയിൽ വഴിയിലൊരു വെടിയൊച്ചയും, കൊട്ടും, പുഷ്പവൃഷ്ടിയും കണ്ടു – മരിപ്പു ഘോഷയാത്ര ആണ്. വഴിനീളെ മഞ്ഞ ജമന്തിപ്പൂക്കൾ നിറഞ്ഞുകിടക്കുന്നു. അറ്റുപോയ ജീവിതം ബാക്കി വച്ച് പോകുന്ന സുന്ദരമായ ഓർമ്മകൾ പോലെ..

അവസാനം സുന്ദരപാണ്ട്യപുരം എന്ന പച്ച ബോർഡിന് കീഴിൽ ഞങ്ങളെത്തി വണ്ടി നിർത്തി. അടുത്ത് കണ്ട കടയിൽ നിന്നും വെള്ളം വാങ്ങി, സൂര്യകാന്തിത്തോട്ടത്തെ കുറിച്ചു തിരക്കി. നേരെ പോയാൽ മതി എന്നായിരുന്നു മറുപടി. ആ കൊച്ചു കവല കഴിഞ്ഞാൽ വീണ്ടും അന്തമില്ലാതെ കിടക്കുന്ന വയലുകൾ. ഒരു വശത്തു വെള്ളം കെട്ടി നിർത്തിയിട്ടുണ്ട്. മറുവശത്തു പച്ചപ്പിന്റെ വകഭേദങ്ങൾ. ഉള്ളിയും, മുളകും, വെണ്ടയും, നെല്ലും, ജമന്തിയും പിന്നെ കണ്ടു പരിചയമില്ലാത്ത എന്തൊക്കെയോ ചെടികളും. ദൂരെ ഇടതടവില്ലാതെ കറങ്ങുന്ന കാറ്റാടികൾ. ആ റോഡിലൂടെ ഉള്ള യാത്ര വളരെ ഹൃദ്യമാണ്. ഇത്രയൂം പച്ചപ്പ്‌ നിറഞ്ഞ പാടങ്ങളൊക്കെ ഇപ്പോ തീർത്തും കുറവാണല്ലോ നമ്മുടെ നാട്ടിൽ!

ഇവിടെ എത്തിക്കഴിഞ്ഞാലുള്ള മറ്റൊരു വലിയ പ്രത്യേകത പൂപാടം തിരക്കി തലങ്ങും വിലങ്ങും പോകുന്ന കേരള രജിസ്ട്രേഷൻ വണ്ടികളാണ്! എതിരെ വരുന്ന മലയാളി മുഖങ്ങൾക്കെല്ലാം ചോദിയ്ക്കാൻ ഒരേ ചോദ്യം “കണ്ടോ?” “ഇല്ല, നിങ്ങളോ?” വീണ്ടും തുടരുന്ന യാത്ര. ഇടയ്ക്കെപ്പോഴോ സൂര്യകാന്തിപ്പൂക്കളുടെ ചെറു തോട്ടങ്ങൾ കണ്ടു. പക്ഷെ വിളവെടുപ്പിനു പാകമായ കരിഞ്ഞ പൂക്കൾ. സീസൺ കഴിഞ്ഞു തുടങ്ങിയ ലക്ഷണം. വലിയൊരു പാടം മുന്നോട്ട് പോയാൽ കാണാം എന്ന് വഴിയിൽ കണ്ടൊരു മലയാളി പറഞ്ഞുതന്നു. അതനുസരിച്ചു ഞങ്ങൾ മുന്നോട്ടു പോയി. അകലെ നിന്ന് തന്നെ കാണാം മഞ്ഞ പായ വിരിച്ച പോലെ സൂര്യകാന്തി പൂന്തോട്ടം. അടുത്ത് ധാരാളം വണ്ടികളും നിർത്തിയിട്ടുണ്ട്. ഇതുതന്നെ സ്ഥലം. പാർക്ക് ചെയ്യാൻ ഇടം കണ്ടെത്തണം. അടുത്തൊരു തെങ്ങിന്തോപ്പിനോട് ചേർത്ത് വണ്ടിയൊതുക്കി ഞങ്ങൾ നടന്നു. ശക്തമായ കാറ്റടിച്ചു കൊണ്ടേ ഇരിക്കുന്നു. ഇതിവിടുത്തെ പ്രത്യേകത ആണ്. കാറ്റടിച്ചു തെങ്ങും പനകളുമൊക്കെ അതേ ദിശയിൽ ചെരിഞ്ഞു ഉറഞ്ഞുപോയപോലെ..

പിക്നിക്കിനു വന്ന ഒരുപാട് ആളുകൾ തെങ്ങിന്തോപ്പിൽ ഇരുന്നും കിടന്നുമൊക്കെ വിശ്രമിക്കുന്നുണ്ട്. വരമ്പ് ചാടി കടന്നു പാടത്തേയ്ക്കിറങ്ങി. മുളകും ഉള്ളിയും കൃഷികളാണിരുവശവും. കുറച്ചു മുൻപോട്ട് ഉള്ളിലേക്ക് നടന്നു വേണം സൂര്യകാന്തി പൂക്കളുടെ അടുത്തെത്താൻ.. അതിമനോഹരം തന്നെ ആണ് സൂര്യകാന്തിപ്പാടം. ഒരുപക്ഷെ ഫോട്ടോകളിൽ കാണുന്നതിനേക്കാൾ സുന്ദരം. കൊടും ചൂടിന്റെയും വെയിലിന്റെയും മുന ഓടിക്കുന്ന കാഴ്ചകൾ. നൂറു നൂറു പൂക്കൾ ഒരേ വലുപ്പത്തിൽ ഒരേ താളത്തിൽ ഒരേ ദിശയിലേക്കു തിരിഞ്ഞു നിന്ന് കാറ്റിലാടുന്ന കാഴ്ച, അത് കണ്ടു തന്നെ ആസ്വദിക്കണം! എല്ലാവരും മലയാളികൾ തന്നെയാണ്. ഫോട്ടോ എടുത്ത് മതിവരാതെ നിൽക്കുന്നവർ. കുട്ടികളെല്ലാം തലങ്ങും വിലങ്ങും കിടന്നു ഓടുന്നു. അമ്മുവിനെയും കളിയ്ക്കാൻ വിടാമെന്ന് കരുതിയപ്പോൾ പേടിച്ചരണ്ട് ഒക്കത്തു ചാടികയറുന്നു കക്ഷി. മഞ്ഞപ്രിയക്കാരി ആയ അമ്മുവിന് ഇവിടെ ഒരുപാട് ഇഷ്ടമാകും എന്നായിരുന്നു എന്റെ പ്രതീക്ഷ. പക്ഷെ കാറ്റത്തു ആടി വരുന്ന വമ്പൻ പൂക്കളെ കണ്ടപ്പോ അവൾ പേടിച്ചു. കുട്ടികളുടെ ഒരു കാര്യം! അങ്ങനെ അവളെ മാറിമാറി എടുത്തുകൊണ്ടു ഞങ്ങൾ മതിവരുവോളം പാടത്തും വരമ്പത്തും ചിലവിട്ടു.

നേരം വൈകിത്തുടങ്ങിയതോടെ കൃഷിക്കാരെയും, പൂക്കളെയും ബാക്കിയാക്കി എല്ലാവരും മടങ്ങിത്തുടങ്ങി. യാത്ര ലക്‌ഷ്യം കണ്ട നിർവൃതിയോടെ ഞങ്ങളും..
ആദ്യമേ തന്നെ ഗൂഗിൾ മാപ് ഓഫ് ചെയ്തു വച്ചു, അറിയാവുള്ള തമിഴിൽ വഴി ചോദിച്ചു തെങ്കാശി – ചെങ്കോട്ട – വഴി തെന്മലയിലേക്കു തിരിച്ചു. തെന്മല ചുരം അടുക്കാറായപ്പോൾ റോഡ് മുക്കാലോളം തടഞ്ഞുകൊണ്ട് ബാരിക്കേഡുകൾ വച്ചിരിക്കുന്നു. കൂടെ ഒരു അറിയിപ്പും: “റോഡ് ബ്ലോക്ക് – തിരിഞ്ഞു പോകുക!”
തിരിഞ്ഞു പോകുന്ന വഴി എത്തുന്ന സ്ഥലപ്പേര് കണ്ടു ഞങ്ങൾ ഒരുമിച്ചു ഞെട്ടി – അച്ചൻകോവിൽ!

ഇനിയൊരു പരീക്ഷണത്തിനുള്ള മനോബലം ബാക്കിയില്ലാത്തതിനാൽ ബാരിക്കേടുകളുടെ സൈഡിലൂടെ വണ്ടി ഓടിച്ചു തിരിഞ്ഞു നോക്കാതെ നേരെ ഇങ്ങു പോന്നു. വഴിയില്ലെങ്ങും തടസ്സങ്ങളുണ്ടായില്ല. മഴസമയത്തു വച്ചിട്ട് എടുത്തുമാറ്റാത്ത ബാരിക്കേഡുകൾ ആകാം. കനത്ത വെയിലും, ചൂടും മോശം റോഡും സമ്മാനിച്ച ചില്ലറ ആരോഗ്യപ്രശ്നങ്ങൾ കാരണം ഉറങ്ങിപോയതറിഞ്ഞില്ല. കാണാതെ പോയ ആനക്കൂട്ടവും, കാണാൻ കൊതിച്ചിരുന്നു കണ്ട പൂക്കളും കണ്മുൻപിൽ അപ്പോഴും വന്നുകൊണ്ടേയിരുന്നു. മനസ്സിലെ മങ്ങിയ ഓർമ്മകളായി അവ പരിണമിക്കാൻ ഇനിയും നാളുകളേറെ എടുക്കും..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply