“തായ് മണ്ണേ വണക്കം” : കുടുംബമായി പ്ലാൻ ചെയ്ത ഒരു ബാങ്കോക്ക് – പട്ടായ ട്രിപ്പ്..!!

വിവരണം – രമ്യ എസ്. ആനന്ദ്.

തായ് മണ്ണേ വണക്കം.. അർദ്ധരാത്രി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുമുള്ള എയർ ഏഷ്യയുടെ വിമാനം 4 മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ ബാങ്കോക്കിലെ ഡോൺ മുവാങ് എയർപോർട്ടിലേക്ക് പറന്നിറങ്ങുമ്പോൾ ഞങ്ങളുടെ ഉറക്കം പമ്പ കടന്നിരുന്നു.. എയർ ലൈനിന്റെ കുടുക്കൻ ഇരിപ്പിടങ്ങൾ കാലുകളെ ക്ഷീണിപ്പിച്ചെങ്കിലും കാണാൻ പോകുന്ന പൂരമോർത്തു ഹൃദയം കുതിച്ചു കൊണ്ടേയിരുന്നു.. വെള്ളമേഘങ്ങളും പച്ചനിലങ്ങളും താണ്ടി ഒരു പെർഫെക്ട് ലാൻഡിംഗ്.. ഈ എയർപോർട്ടിനു സുവർണ്ണഭൂമി എയർപോർട്ടിന്റെ യാതൊരു പകിട്ടുമില്ലെന്നു ഹബ്ബി എന്നെ ഓർമ്മിപ്പിച്ചു. ഒരു പഴയ സിയാൽ ലുക്ക്‌..തായ് എയർ വെയ്‌സിന് വേണ്ടി 1914 ൽ നിർമ്മിച്ച എയർപോർട്ട് .

ഇറങ്ങിയ ടൂറിസ്റ്റുകൾക്കൊപ്പം ഞങ്ങളും ഓടി.. ഓൺ അറൈവൽ വിസ സെൻറ്ററിലേക്കുള്ള ഓട്ടം.. എത്ര ഓടിയിട്ടും ഒരു വമ്പൻ ക്യൂവിനു പിന്നിലായിപ്പോയി.. (ഓൺ അറൈവൽ വിസ ഫോം നെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തു പൂരിപ്പിച്ചു രണ്ടു പാസ്പോർട് സൈസ് സ്നാപും ഫിക്സ് ചെയ്‌താൽ നമുക്കു ഈ ക്യൂവിന്റെ മുന്നിലാകാം. ഇതൊന്നും പ്ലാൻ ചെയ്യാൻ പറ്റാത്ത ഒരു ഷോർട് നോട്ടീസ് “ഠമാർ പടാർ” ട്രിപ്പ്‌ അല്ലേ എപ്പോഴും നമ്മളുടേത്. വിസ സ്റ്റാമ്പ്‌ ചെയ്തു കിട്ടി.( വിസ ചാർജ് 1000 ബാത് ആണ്.) ഇനി ഗ്രൗണ്ട് ഫ്ലോറിലെ ഔദ്യോഗിക ടാക്സിസ്റാൻഡിലേക്ക് . 50 തായ് ബാത്ത് സർ ചാർജായി നൽകി ഞങ്ങളുടെ സാരഥിയെ കണ്ടെത്തി..ഒരു തായ് വല്യപ്പച്ചൻ!!!!! യുറേക്കാ!! ഇവിടെ നിന്നും മോചിറ്റ് സ്റ്റേഷനിലിറങ്ങുകയായിരുന്നെങ്കിൽ ആദ്യദിനം തന്നെ സ്കൈ ട്രെയിനിനെ കണ്ടുപിടിക്കാമായിരുന്നു…

“മെട്രോ ട്രെയിൻ എവിടെപ്പോയാൽ കിട്ടും? എങ്ങനെ കണക്ട് ചെയ്യുന്നു? ” എന്നൊക്കെ ഞങ്ങൾ ഡ്രൈവറോട് ചോദ്യശരങ്ങൾ എയ്യാൻ തുടങ്ങി.. തായ് ഭാഷയല്ലാതെ മറ്റൊന്നുമറിയാത്ത അപ്പാപ്പൻ മെട്രോ ട്രെയിനെന്നു കേട്ടിട്ടു പല്ലില്ലാത്ത മോണ കാട്ടി ചിരിക്കാൻ തുടങ്ങി.. അവസാനം ഞാനും മാച്ചുവും ഞങ്ങളുടെ പുരാതന വിദ്യയായ കുച്ച് കുച്ച് തീവണ്ടിയൊക്കെ പറഞ്ഞു നോക്കി…ക്ഷീണിച്ചു.. പ്രായം കൊണ്ട് ഞങ്ങളുടെ അപ്പൂപ്പൻ.. ഇനിയെന്ത് പഠിക്കാൻ..? പഠിപ്പിക്കാൻ.. ? ആയുധം വച്ചു കീഴടങ്ങി..

ഇന്ത്യയെക്കാളും ഒന്നര മണിക്കൂർ മുന്നോട്ടാണ് തായ്‌ലൻഡ്.. മലായ് പെനിൻസുലയുടെ മൂന്നിൽ രണ്ടു ഭാഗവും അപഹരിച്ച സുന്ദര ഭൂമി. ഉണർന്നു തുടങ്ങുന്ന നഗരം.. എല്ലാ നഗരങ്ങളുടെയും ഈയൊരു ഭാവം മനോഹരമാണ്.. പണ്ടു അഹമ്മദാബാദ് മുംബൈ യാത്ര ഒരു സ്ലീപ്പർ ബസിലായിരുന്നതോർമ്മ വന്നു . എക്സ്പ്രസ്സ്‌ വേയിലൂടെ ചീറിപ്പാഞ്ഞ ഒരു അവിസ്മരണീയ യാത്ര..പുലർച്ചെ ഉണർന്നു തുടങ്ങുന്ന മുംബൈ നഗരം നോക്കി കിടക്കവേ ഉഗ്രൻ ഒരു ഫ്രെയിം കണ്ണിന്റെ മുന്നിലേക്ക് …. ജൈനസമുദായത്തിലെ ശ്വേതാംബര വിഭാഗം മഞ്ഞു മൂടിയ ആ പ്രഭാതത്തിൽ ഒരു റാന്തലും തൂക്കി വെള്ളവസ്ത്രധാരികളായി നടന്നു വരുന്നു…മൂടൽ മഞ്ഞും റാന്തൽ വിളക്കുകളും ശുഭ്രവസ്ത്രങ്ങളും എല്ലാം ചേർന്ന് സ്വപ്നം പോലെ ഒരു ഷോട്ട്..

ദൂരെ ബാങ്കോക്കിന്റെ അംബര ചുംബികൾ ദൃശ്യമായി തുടങ്ങി.. ആയുതേയ നഗരം കത്തിയെരിഞ്ഞപ്പോൾ തലസ്ഥാനപ്പട്ടം കിട്ടിയ നഗരം .., ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്ന് .. ചാവോഫ്രെയ നദിയുടെ അഴിമുഖത്തു സ്ഥിതി ചെയ്യുന്ന കിഴക്കിന്റെ പ്രിയ വെനീസ് ..ബാങ്കോക്കിനു വിശേഷണങ്ങൾ ഏറെ . ഖേയോ സാൻ റോഡ്.. ,ചാവോ ഫ്രെയ റിവർ സൈഡ്,.. സയാം ഇവിടെയൊക്കെ താമസിക്കാൻ തിരഞ്ഞെടുക്കാമെങ്കിലും ഞാൻ സുഖുംവിത്ത്‌ റോഡാണ് തീരുമാനിച്ചത്.. എത്രയോ തവണ വായിച്ചറിഞ്ഞ റോഡ്.. ,ലോക്കലും ഗ്ലോബലുമായ മുഖങ്ങൾ സൂക്ഷിക്കുന്ന.. , നഗര ഹൃദയത്തിൽക്കൂടി കടന്നു പോകുന്ന റോഡ്‌.

ചീറിപ്പായുന്ന കാർ. ക്യു നിൽക്കേണ്ടാത്ത ടോൾ ബൂത്തുകൾ .. ഡ്രൈവറുടെ കൈവശമുള്ള കാർഡ് ടോൾ ബൂത്തിൽ ഘടിപ്പിച്ചിട്ടുള്ള സെൻസർ വായിച്ചെടുക്കും. തുക കാർഡിൽ കുറയും . എത്ര മനോഹരമായ ആചാരങ്ങൾ .. സുഖുംവിത് റോഡിലെ ഹോട്ടൽ റൂമിൽ സുഖകരമായ ഒരുറക്കം. ഉണരുമ്പോൾ വെയിൽ വീണ നഗരം .. അനവധി വിഭവങ്ങൾ നിറഞ്ഞ ബ്രേക്ഫാസ്റ്റ്‌ കൗണ്ടറിൽ ഞാൻ നഖം കടിച്ചു നിന്നു .. എവിടെ നിന്ന് തുടങ്ങിയാൽ ഒരു നല്ല ഫുൾ സ്റ്റോപ്പ് ഇടാൻ പറ്റുംന്നുള്ള സ്ഥിരം കൺഫ്യൂഷൻ .. പടിഞ്ഞാറൻ കൊളോണിയലിസത്തിന്റെ സ്പർശമേൽക്കാത്ത ഒരേ ഒരു തെക്കു കിഴക്കൻ ഏഷ്യൻ രാജ്യമായതിനാൽ കലർപ്പില്ലാത്ത തായ് രുചി ലോകപ്രശസ്തമല്ലേ..അല്ലേ ..?
(Confessions of a gourmet …!!!).

പച്ചക്കറികള്‍, സീഫുഡ്സ് , അരി എന്നിവ കൊണ്ടു ഉണ്ടാക്കിയ ജാപ്പനീസ് സുഷി, നൂഡിൽസും അനേകം കടൽ വിഭവങ്ങളും ചേർന്ന ക്യൂ റ്റ്യു സൂപ്പ് ,പപ്പായ ചേർന്ന ഗ്രീൻ സാലഡ്, റെഡ് പോർക്ക് നൂഡിൽ സൂപ്പ് , തേങ്ങാപ്പാലും മാങ്ങയും കസ്റ്റാർഡ് ആപ്പിളും ചേർന്ന ഡെസേർട്ടുകൾ എന്ന് വേണ്ട രുചികളുടെ സങ്കലനം. സഞ്ചാരികൾ പല വിധമാണ് ഓരോരുത്തരുടെയും ലക്ഷ്യങ്ങൾ പലതാണ് ഏതൊരു നാട്ടിലെയും പൊതു ഗതാഗത സംവിധാനം , അതിന്റെ വൈവിധ്യം, തീർച്ചയായും ആ നാട്ടിലെ തനതു രുചികൾ , കൃഷി ,ടൌൺ പ്ലാനിങ്, മാർക്കറ്റുകൾ , ഭംഗിയുള്ള നിരത്തുകൾ ,വൈവിധ്യമാർന്ന എക്സ്റ്റിരിയർ , ഇന്റീരിയർ ഡിസൈനുകൾ.. ഇതെല്ലം കണ്ടു അമ്പരന്നു നിൽക്കുക, കണ്ണ് നിറയെ ആസ്വദിക്കുക എന്നതെല്ലാം എന്റെ മുഖ്യ പ്രയോറിറ്റികൾ. കണ്ട നല്ല കാര്യങ്ങൾ കുറെയൊക്കെ ജീവിതലേക്കു പകർത്തുക എന്നതും ലക്ഷ്യം.

ചൂടും ഹ്യൂമിഡ്‌ കാലാവസ്ഥയും തിരക്കേറിയ ട്രാഫിക്കും ബാങ്കോക്കിന്റെ നിരത്തുകളുടെ പ്രത്യേകതയാണ്. സ്ഥിരം ഡെസ്റ്റിനേഷൻസ് അടുത്ത വരവിലെന്നുറപ്പിച്ചാണ് ഇങ്ങോട്ടെത്തിയത് തന്നെ. ഇത് അലഞ്ഞു തിരിയാനുള്ള ദിവസങ്ങളാണ്. “പാക്കേജ് ടൂർ “എന്ന് വാക്കു തന്നെ വെറുക്കുന്ന ഞങ്ങളുടെ ‘നൊമാഡിയൻ തായ്’ ജീവിതം ഇവിടെ തുടങ്ങുന്നു. ഏകാധിപത്യ ഭരണഘടനയുള്ള ഈ രാജ്യം രാമപരമ്പരയിലെ രാജാക്കന്മാർ ഭരിച്ചു പോരുന്നു. വീതിയുള്ള നിരത്തിലുടനീളം തായ് രാജാവും രാജകുമാരിയും നിറഞ്ഞ ഹോർഡിങ്ങുകൾ .. ഭരണപരമായി ഉപദേശകന്റെ റോൾ മാത്രമേയുള്ളുവെങ്കിലും രാജാവിനോടുള്ള തായ് ജനതയുടെ സ്‌നേഹം അപാരമാണ്. റോഡിൽ കൂടി ടുക്ക് ടുക്ക് (തായ് ഓട്ടോ) കളുടെ പ്രവാഹം .. കുഞ്ഞിക്കണ്ണുകൾ ചിമ്മിത്തുറന്നു ചിരിച്ചു കൊണ്ട് ടുക്ക് ടുക്ക്മായി വന്ന ടോം ഞങ്ങളെ “ഐ ആം ടോം ക്രൂസ് “എന്ന് പറഞ്ഞു ഓട്ടോയിലേക്കു ക്ഷണിച്ചു ..ആകെമൊത്തം കൊള്ളാം ന്നു തോന്നിയെങ്കിലും അങ്ങനെയല്ലെന്നു അദ്ദേഹം പിന്നീട് തെളിയിച്ചു .ടോം മുറി ഇംഗ്ലീഷിൽ ബാങ്കോക്കിനെ പറ്റി ഒട്ടും അറിവില്ലാതെ സംസാരിക്കാൻ .തുടങ്ങി..പിന്നീട് വണ്ടി നേരെ ഒരു തായ് സിൽക്കിന്റെ ഷോപ്പിന്റെ മുന്നിൽ ലാൻഡ് ചെയ്തു.

നമ്മളെ അവിടെ കയറ്റിയേ ടോം അടങ്ങൂ. കമ്മീഷനാണ് പുള്ളിയുടെ പ്രധാന വരുമാനം. കടയ്ക്കുള്ളിൽ നേർത്ത സൗഹൃദച്ചിരിയുമായി.. നോർത്ത് ഇന്ത്യക്കാരായ ഷോപ്പുടമകൾ.. . തായ് സിൽക്ക് നമ്മുടെ റോ സിൽക്കിലും ഫിനിഷിംഗ് ഉള്ളതാണ് .മനോഹരമായ കളർ ഷേഡുകൾ .. നല്ല ഉഗ്രൻ പ്രൈസ് ടാഗും.. ഒന്നും വാങ്ങാതെ കടയിൽനിന്നിറങ്ങിയ ഞങ്ങളെ കണ്ടു ടോമിന്റെ മുഖം മാറി . പറഞ്ഞുറപ്പിച്ച സ്ഥലത്തു നിന്നും കുറെ അകലെ ഞങ്ങളെ ഡ്രോപ്പ് ചെയ്തു ടോം പകരം വീട്ടി .. പറഞ്ഞുറപ്പിച്ച തുകയിൽ നിന്നും 50 ബാത്ത് കുറച്ചു കൊടുത്തു ഞങ്ങളും മാതൃകയായി ..താങ്ക്സ് ടു ഗൂഗിൾ മാപ് ..

പരിനിർവാണയിലേക്കു പ്രവേശിക്കുന്ന ശയനബുദ്ധനെ കാണുക എന്നതാണ് ഇന്നു ഞങ്ങളുടെ ലക്‌ഷ്യം. ഞങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ പേര് വാറ്റ് ഫോ . “വാറ്റ്” എന്നാൽ തായ്‌ഭാഷയിൽ ബുദ്ധക്ഷേത്രം എന്നർത്ഥം. 8 ഏക്കറിലായി പരന്നു കിടക്കുന്നക്ഷേത്രസമുച്ചയം . രാമ ഒന്നാമന്റെ കാലത്തെ നിർമ്മിതി . . പാരമ്പര്യ തായ് മസാജിന്റെ ആസ്ഥാനം കൂടിയാണ് വാറ്റ് ഫോ. 160 അടി നീളവും,15 അടി ഉയരവുമുള്ള സുവർണ്ണ നിറമാർന്ന റിക്ലൈനിങ് ബുദ്ധയാണ് പ്രധാന വിസ്മയം .കോംപൗണ്ടിനുള്ളിൽ ആയിരത്തിലേറെ ബുദ്ധപ്രതിമകൾ . മനോഹരമായ കൊത്തുപണികളും ശില്പഭംഗികളും.. ചുവരുകളിൽ നിറയെ ആലേഖനം ചെയ്തിരിക്കുന്ന രാമകഥകൾ. ശില്പസുന്ദരമായ വർണ്ണഗോപുരങ്ങൾ .. സഞ്ചാരികളുടെ ക്യാമറകൾ കൊതി തീരെ കണ്ണടച്ചു തുറക്കുന്നു .

പ്രധാന ആകർഷണമായ ഗ്രാൻറ് പാലസ് അടച്ചിട്ടത് കാരണം ,ഇനി പോകുന്നത് വാറ്റ് അരുണിലേക്കാണ് . നദിയിലേക്കു തുറക്കുന്ന തടി വീടുകൾ താണ്ടി, ഒരു പഴയ മാർക്കെറ്റിനുള്ളിൽ കൂടി, ചാവോ ഫ്രെയ നദി ഒരു ലോങ്ങ് ടെയിൽ ബോട്ടിൽ മുറിച്ചു കടന്നു, ഞങ്ങൾ പടിഞ്ഞാറൻ തീരത്തുള്ള വാറ്റ് അരുണിലെത്തി . ആദ്യ സൂര്യവെളിച്ചം വീഴുന്നുവെന്ന വിശ്വാസം ആണത്രേ ഇതിനു അരുൺ എന്ന പേര് വരാൻ കാരണം. ഗോപുരങ്ങൾ വർണ്ണ സുന്ദരം. കടൽകക്കകൾ ,മറ്റു സീ ഷെൽസ് ഇവയൊക്കെക്കൊണ്ടു ഭംഗിയായി അലങ്കരിച്ച മേൽക്കൂരകൾ. മനോഹരമായി സൂക്ഷിച്ചിരിക്കുന്ന പുൽത്തകിടികൾ.അവിടെയിരുന്ന് വിശ്രമിക്കുന്ന ചൈനീസ് സഞ്ചാരികളിലൊരുവൾ മാച്ചുവിന്റെ നെറ്റിയിലെ പൊട്ട് വേണമെന്ന് ആഗ്രഹം പറഞ്ഞു.. പൊട്ടു നെറ്റിയിൽ തൊട്ടു കൊടുത്തപ്പോൾ ചീനകുഞ്ഞിക്കണ്ണുകൾ തിളങ്ങി..

ഇവിടുത്തെ ക്ഷേത്രങ്ങൾ കൂടുതലും ബുദ്ധിസ്റ് വാസ്തു വിദ്യയിലാണ് നിർമ്മിച്ചിരിക്കുന്നത് . മേൽക്കൂരകൾക്കു പല വിതാനങ്ങൾ.. രാജകീയ ഗൃഹങ്ങൾക്കു നാലു മേൽക്കൂരകൾ വരെയുണ്ട് ഒരുപാട് കൈകളുള്ള വിഷ്ണു ശിവ ഗണേശ ബിംബങ്ങൾ. തായ് കരകൗശല വിദ്യയും പ്രധാനമായും ബുദ്ധമതത്തിൽ അധിഷ്ടിതമാണ്. ഒപ്പം പാരമ്പര്യ ആയുതേയ ശൈലി ,ശ്രീലങ്കൻ സ്വാധീനം ഇവയും ദർശിക്കാം .ആകാശത്തിലേക്കുയർന്നു നിൽക്കുന്ന അലങ്കരിച്ച സ്തൂപങ്ങൾ തങ്ങളുടെ രാജകീയതയുടെ ഉത്തുംഗ ഭാവമായി ഇവർ കരുതുന്നു. ബുദ്ധനെക്കൂടാതെ ധാരാളം ഇമേജറികൾ ശില്പങ്ങളിൽ ഉണ്ട്. രാക്ഷസന്മാർ, കുരങ്ങന്മാർ ,അപ്സരസുകൾ, ചന്ദ്രനെ വിഴുങ്ങുന്ന രാഹു .വ്യാളീമുഖങ്ങൾ, ഗരുഡന്റെ കൊക്കിനെ അനുസ്മരിപ്പിക്കുന്ന കൊമ്പുകൾ തുടങ്ങി വാസ്തുവിദ്യയുടെ മനോഹരമായ ആവിഷ്ക്കാരങ്ങൾ .. രാത്രിയിൽ നദിയുടെ ഇരുകരകളിലുമായി നിൽക്കുന്ന ക്ഷേത്രങ്ങളും ജലത്തിലെ അവയുടെ പ്രതിഫലനങ്ങളുമൊക്കെ മറക്കാനാകാത്ത കാഴ്ചകളാണ്.

രണ്ടാം ദിനം ചാവോഫ്രെയ നദിയും അതിന്റെ കരകളും തടിവീടുകളും പുരാതന മാർക്കറ്റുകളും ആയിരുന്നു ലക്ഷ്യം .. ഫലഭൂയിഷ്ഠവും വിസ്തൃതവുമായ നദീതടങ്ങൾ എന്റെ പ്രിയസങ്കേതങ്ങൾ .. ബാങ്കോക്കിന്റെ സിരകളിലെ ജീവരക്തമാണ് ചാവോഫ്രയ ..തായ് സംസ്കാരത്തിലും രാജാധിപത്യത്തിലുമൊക്കെ ഈ നദിക്കു പ്രത്യേക സ്ഥാനമുണ്ട്. കനാലുകളും അതിന്റെ പിരിവുകളും ഉൾനാടൻ ജലഗതാഗതവും എത്ര മിഴിവാർന്ന ദൃശ്യങ്ങളാണെന്നോ.. ചാവോഫ്രയാനദിയുടെ തീരത്തെ സായാഹ്നം, പലനാടുകളിൽ ഞാൻ ചിലവഴിച്ചിട്ടുള്ള സായന്തനങ്ങളെക്കാളൊക്കെ സുന്ദരം. വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന ബുദ്ധ ക്ഷേത്രങ്ങൾ.. സഞ്ചാരികളെറിയുന്ന ഭക്ഷണതുണ്ടുകൾ മെയ് വഴക്കത്തോടെ ചാടിപ്പിടിക്കുന്ന നദിയിലെ അസാമാന്യ വലുപ്പമുള്ള മത്സ്യങ്ങൾ.. നദിയിലേക്കു തുറക്കുന്ന അസംഖ്യം തടിവീടുകൾ.. നദീതീരത്തെ വളരെ വ്യത്യസ്തമായ ഒരു വിനോദകേന്ദ്രമാണ് ഏഷ്യാറ്റിക് റിവർ സ്‌ക്വയർ..
ബാങ്കോക്കിന്റെ പുതിയ ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്.. തായ്‌ലന്റിന്റെ.., പഴയ സയാമിന്റെ, പ്രാചീനകാല അന്താരാഷ്ട്ര കവാടമായിരുന്നു ഇത് . പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ തായ് രാജാക്കന്മാർ ഡെന്മാർക്കുമായിവ്യാപാരത്തിലേർപ്പെ ട്ടിരുന്ന വാണിജ്യ തുറമുഖം.. അന്ന് തേക്കുതടികൾ കടൽ കടന്നു പോയ വഴികളായിരുന്നു ഇവയൊക്കെയും.. തുറമുഖം നിറയെ ഈസ്റ്റ് ഏഷ്യാറ്റിക് കമ്പനിയുടെ പഴയ കാല വാർഫുകളും വെയർഹൌസുകളും.. 1947 കളിൽ അന്യം നിന്നു പോയ ഒരു ഡെന്മാർക്ക് കമ്പനി.

ഇന്ന്‌ അത് തടിമില്ലുകളെയും വെയർ ഹൌസുകളെയും പുനരുജ്ജീവിപ്പിച്ചുള്ള ഒരുഗ്രൻ നിർമ്മിതിയാണ് . ഒന്നാന്തരം ഓപ്പൺ എയർ നൈറ്റ് ഷോപ്പിംഗ് മാൾ.. 12 ഏക്കറിലായി വികസിച്ചിരിക്കുന്ന നൈറ്റ് മാർക്കറ്റുകൾ .. 1500 ൽ പരം ഷോപ്പുകൾ, 40 ലേറെ റെസ്റ്ററെന്റുകൾ, സുവനീർ ഷോപ്പുകൾ.. ഡിസൈനർ തുണിത്തരങ്ങൾ.. മനം മയക്കുന്ന വശ്യതയുമായി ഹോം ഡെക്കോർ കടകൾ .. ലൈവ് ബാൻഡും നിശാക്ലബുകളും.. ബാങ്കോക്കിലെ ശബ്ദായമാനമായ, തിരക്കേറിയ മറ്റു തെരുവുകളിൽ നിന്നും വ്യത്യസ്തം.. ബൊട്ടിക്കുകളുടെ നീണ്ട നിര. അവയിൽ നിറയെ തായ് സിൽക്കും വെള്ളിയിൽ തീർത്ത ആഭരണങ്ങളും ..

തായ്‌ലാന്റിലെ ട്രാൻസ്‍ജെന്റെർ വിഭാഗമായ ലേഡി ബോയ്സിന്റെ തകർപ്പൻ കാബറെ.. തായ് പപ്പെറ്റ് ഷോ എന്നുവേണ്ട സഞ്ചാരികളെ സ്വർഗ്ഗത്തിലെത്തിക്കുന്ന അനുഭവങ്ങൾ.. ലണ്ടൻ ഐ യെ അനുസ്മരിപ്പിക്കും വിധം കൂറ്റൻ സ്കൈ വീൽ… മുകളിൽ നിന്നു നോക്കുമ്പോൾ നഗരത്തിന്റെ ചേതോഹരമായ ദൃശ്യം.. അമ്യൂസ്മെന്റ് പാർക്കുകളിൽ ആർത്തു വിളിക്കുന്ന പല നാട്ടിലെ കുട്ടികൾ . റെസ്റ്ററെന്റുകളിൽ നിന്നും എണ്ണയിൽ മൊരിയുന്ന തുളസിയിലകളുടെ, വെള്ളുള്ളിയുടെ, പേരറിയാത്ത അനേകം സുഗന്ധ ഇലകളുടെ കൊതിയൂറുന്ന ഗന്ധം..
നടപ്പാതയിൽ, മഴമേഘങ്ങൾ നിറഞ്ഞ ആകാശത്തിനു താഴെ.., തണുത്ത കാറ്റേറ്റ്.., പ്രണയത്തിന്റെ പരകോടിയിൽ സർവ്വം മറന്നു ചുംബിക്കുന്ന പ്രണയികൾ.. ചുംബന ശബ്ദതാരാവലിയിലെ ചില വേറിട്ട വാക്കുകൾ..

“Yes..in one kiss, you’ ll know all I haven’t said. ” ഈറൻ കാറ്റിൽ സ്ഥാനം തെറ്റുന്ന അവരുടെ കുഞ്ഞുടുപ്പുകൾ.. നദീ തീരത്തെ പ്രീമിയം ഹോട്ടലുകളിൽ നിന്നു ചിമ്മിത്തുറക്കുന്ന വെളിച്ചത്തിന്റെ നക്ഷത്രക്കണ്ണുകൾ..ആഡംബര നൗകകളും യാത്രാ ബോട്ടുകളും ചുഴികളും മലരികളും നിറഞ്ഞ നദി.. തായ് ഉൾക്കടലിലേക്കു പതിക്കാനായി കലങ്ങി മറിഞ്ഞൊഴുകുന്ന സമുദ്രം പോലെ വിശാലമായ നദി.. ആ തണുത്ത രാത്രിയിൽ, യാത്രാ ബോട്ടിൽ തിരികെ വരുമ്പോൾ ഞങ്ങൾ മൂവരും നിശ്ശബ്ദരായിരുന്നു. അവരവരുടെ ലോകത്തേക്ക് ചുരുങ്ങി… അകലുന്ന വെളിച്ചത്തിന്റെ തുരുത്തുകൾ നോക്കി യാത്ര ചെയ്തു. കാലങ്ങൾ കഴിഞ്ഞാലും സഞ്ചാരിയെ സ്വപ്നത്തിലാഴ്ത്തുന്ന ചില ഓർമ്മകൾ….

വഴി പറഞ്ഞു തരാം.. ബാങ്കോക്കിലെ B T S സ്കൈ ട്രെയിനിൽ Saphan Taksin സ്റ്റേഷനിലിറങ്ങുക.. ഇവിടെ നിന്നും 15 മിനിറ്റ് ഇടവിട്ട് ഫ്രീ ഷട്ടിൽ ബോട്ട് സെർവീസുണ്ട്. 10 മിനിറ്റിനുള്ളിൽ ഏഷ്യാറ്റിക് ഡോക്കിലെത്തും.. രാത്രി 11 വരെയേ ഈ ഫ്രീ സർവീസ് ഉള്ളൂ.. സുരക്ഷ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ പായുന്ന ബോട്ടുകൾ എന്നത് പ്രത്യേകം പരാമർശിക്കുന്നു.. ശരിക്കും ജീവൻ കൈയ്യിൽ പിടിച്ചാണ് യാത്ര ചെയ്യുന്നത് . വമ്പൻ ബോട്ടുകൾ പായുമ്പോൾ ആടിയുലയുന്ന നമ്മുടെ പാവം ബോട്ട്.. 50 പേര് കയറാവുന്ന ബോട്ടിൽ ഇരട്ടിയിലധികം യാത്രക്കാർ യാത്ര കഴിഞ്ഞു നാട്ടിൽ തിരികെയെത്തി അടുത്ത ദിവസം പത്രമെടുത്തു നോക്കിയപ്പോൾ ചാവോഫ്രെയ ബോട്ട് അപകടം എന്നു കണ്ടു ഞെട്ടി. 20 പേർ മരിച്ച, 12 പേരെ കാണാതായ ആയ അപകടം. റോഡ്മാർഗം ഇവിടെ പോകാം.. പക്ഷെ ഈ നഗരത്തിന്റ ട്രാഫിക് ഒരു അഴിയാക്കുരുക്കാണ് . അതുകൊണ്ടു ട്രെയിൻ മാപ് കാണാപ്പാഠമാക്കുക.. നഗരത്തെ കൈപ്പിടിയിലൊതുക്കാം..

മൂന്നാം ദിനം – ബാങ്കോക്കിൽ നിന്നും പട്ടായയിലേക്ക് … വാഹനങ്ങൾ ചീറിപ്പായുന്ന ആറുവരിപ്പാതയിലേക്കു നമ്മൾ ഗിയർ ചേഞ്ച് ചെയ്‌തു. കവർ ചെയ്യാൻ വെറും 150 കിലോമീറ്റർ. ബസിൽ പോകാവുന്ന മനോഹരമായ ഒരു സ്ട്രെച്ച് ആണ് പട്ടായ. പട്ടായയിലേക്കു പോകാനായി ഇക്കാമ ബസ് സ്റ്റാൻഡിൽ ബസ് കാത്തിരിക്കുമ്പോൾ രണ്ടു ജാപ്പനീസ് വിദ്യാർഥികൾ ഞങ്ങളുമായി നല്ല കൂട്ടായി .. അവരുടെ വിനയവും വണക്കവും ഞങ്ങൾക്ക് ക്ഷ പിടിച്ചു. ഒരു കൂറ്റൻ സ്‌കാനിയ ബസും കാത്തിരുന്ന ഞങ്ങളുടെ മുന്നിലേക്ക് വന്നത് ഒരു 10 സീറ്റർ കുഞ്ഞൻ ടൊയോട്ട മിനി ബസ് മാത്രമല്ല റോഡിലുള്ള എല്ലാവരെയും വിളിച്ചു കയറ്റുന്ന ഒരു മണ്ടൻ ഡ്രൈവറും .. ഉച്ചവെയിൽ കനക്കുമ്പോഴാണ് ഞങ്ങൾ പട്ടായയിലെത്തിയത്. പോകും വഴികളെല്ലാം സുന്ദരം. വമ്പൻ കെട്ടിടങ്ങൾ ..കൃഷിസ്ഥലങ്ങൾ .. ജലാശയങ്ങൾ.. കൂറ്റൻ ബുദ്ധപ്രതിമകൾ..

ജീവിതച്ചെലവ് താരതമ്യേനെ കുറഞ്ഞ നഗരമാണ് പട്ടായ. സിൻസിറ്റിയെന്ന തായ്‌ലണ്ടിന്റെ പേര് മാറാത്തതിൽ പട്ടയയ്ക്കുള്ള പങ്കു വളരെ വലുതാണ് . പട്ടായ ഒരു മുൻസിപ്പാലിറ്റിയാണ്. പ്രോസ്റ്റിറ്റ്യുഷൻ ഇവിടുത്തെ ആഭിജാത്യമുള്ള കുലത്തൊഴിലും. തായ്‌ലൻഡിലെ അധ്വാനിക്കുന്ന ജനവിഭാഗം സ്ത്രീകളാണ് !!! എല്ലായിടവും സ്ത്രീമയം . ആദ്യം കണ്ട ഷോപ്പിൽ നിന്നും ഒരു ടർക്കിഷ് ഡോണർ കബാബ് കഴിച്ചു എനർജി വീണ്ടെടുത്തു ഞങ്ങൾ നടക്കാൻ തുടങ്ങി.. അറുപതുകളിലെ മീൻപിടുത്ത ഗ്രാമം ഇപ്പോൾ സെക്സ് ടൂറിസത്തിന്റെ ആസ്ഥാനമാണ്. 1960 കളിൽ വിയറ്റ്‌നാം യുദ്ധത്തിൽ പങ്കെടുത്ത അമേരിക്കൻ പട്ടാളം വിശ്രമത്തിനായി തിരഞ്ഞെടുത്ത നഗരങ്ങളാണ് ഇവ രണ്ടും. യുദ്ധം തീർന്നു പട്ടാളക്കാർ സ്ഥാലം വിട്ടതൊന്നും ഇവിടുത്തെ അൽപ്പ വസ്ത്ര ധാരിണികളായ അമ്മച്ചിമാർ അറിഞ്ഞിട്ടില്ലേയെന്നു ഞാൻ സ്വയം ചോദിച്ചു .യു എസുമായി ഇന്നും ഒരു ഊഷ്മള ബന്ധം ഇവർ നില നിർത്തിപ്പോരുന്നുണ്ടെന്നു പബ്ബുകളിലെ അമേരിക്കൻ തിരക്കു കണ്ടാൽ അറിയും. എല്ലാം കണ്ടും കേട്ടും ഏതാണ്ടെല്ലാ വീടുകൾക്ക് മുന്നിലും പാതിയടഞ്ഞ കണ്ണുകളുമായി വിശ്രമിക്കുന്ന ബുദ്ധപ്രതിമകൾ..

അൽകാസർ ഷോയെപ്പറ്റി ഒക്കെ മുൻഗാമികൾ ധാരാളം എഴുതിയിട്ടുണ്ട്. ഈ കാബെറയിൽ തകർത്തഭിനയിച്ച സുന്ദരിമാരെല്ലാം ജനിച്ചത് ആൺകുട്ടികളായിട്ടായിരുന്നുവെന്നതാണ് അതിന്റെ സസ്പെൻസ് . എന്തു തന്നെയായാലും ലേഡിബോയ്സ്‌ എന്നറിയപ്പെടുന്ന ഇവിടുത്ത ട്രാൻസ്ജെൻഡേഴ്സിന് സമൂഹത്തിൽ മാന്യമായ സ്ഥാനം ഉണ്ട്. മിതമായ മേക്കപ്പിട്ട സുന്ദരികളുമാണിവർ . നല്ല ഹോർമോൺ ചികിത്സ കിട്ടുന്നുണ്ടെന്നു തുടുത്ത കവിളുകൾ കണ്ടാലറിയാം . ലോകത്തിൽ ഏറ്റവുമധികം ലിംഗമാറ്റ ശസ്ത്രക്രിയ നടക്കുന്നത് ബാങ്കോക്കിലാണ്.

പൊരിയൻ വെയിൽ എന്നെ ഫ്‌ളോട്ടിങ് മാർക്കറ്റ് കാണുക എന്ന ഉദ്യമത്തിൽ നിന്ന് പിൻവലിച്ചു. ട്രാവൽ മാഗസിനുകളിൽ എന്നും മോഹിപ്പിച്ച ആ സ്വപ്നം അടുത്ത യാത്രയിലേക്കു ഞാൻ മാറ്റി വച്ചു. പട്ടായയിലെ കടൽത്തീരം ആഹ്ലാദിക്കുന്ന ഒരു ജനതയുടെ സമ്മേളനമാണ്.. പൂക്കൾ നിറഞ്ഞ ഉടുപ്പുകളിട്ടു കൊളംബിയയിൽ നിന്നെത്തിയ രണ്ടു സുന്ദരികൾ എന്റെ ക്യാമറയ്ക്കു വിരുന്നായി. കെട്ടിപ്പിടിച്ചു ഉമ്മ തന്നു എന്റെ ബ്രൗൺ നിറത്തെ പുകഴ്ത്തി അവർ യാത്രയായി.. ആദ്യായിട്ടാവും ന്റെ കണ്ണ് നിറഞ്ഞു .. മണൽപ്പരപ്പിൽ ,വീൽ ചെയറിൽ സഹായിയോടൊപ്പം ഈ ആഹ്ലാദ ആരവങ്ങൾ കണ്ടും കേട്ടുമിരിക്കുന്ന ഒരു യുവാവിനെക്കണ്ടു ഞങ്ങൾ നിശ്ശബ്ദരായിപ്പോയി .

കടലിൽ ആണും പെണ്ണും കുഞ്ഞൻ ബിക്കിനികളിലും നീന്തലുടുപ്പുകളിലും തിമിർക്കുന്നു. അവിടെ വച്ചാണ്ചിദംബരത്തിനെ പരിചയപ്പെട്ടത്. സൗത്ത് ചൈനക്കടലിൽ നീന്തിയേ അടങ്ങുവെന്നു വാശിപിടിച്ച മാച്ചുവിനെ ഒരു സുരക്ഷിത സ്ഥലത്തു നീന്താൻ വിട്ടു കടലു കണ്ടു നിന്ന ഞങ്ങളെ പരിചയപ്പെടാനെത്തിയതാണ് അദ്ദേഹം. ട്രിച്ചിയിലെ പെൻഷൻ പറ്റിയ സർക്കാരുദ്യോഗസ്ഥൻ.. എല്ലാ വർഷവും പട്ടായ സന്ദർശിക്കുന്ന ഭക്തൻ.. “വൈഫിനെപ്പോഴും അമ്പലവും പ്രാർത്ഥനയും സർ.. അതിനാലേ ഞാൻ എല്ലാ വർഷവും തായ്‌ലൻഡ് ട്രിപ്പടിക്കും.. ” ചിദംബരം ഉണ്ണിനിക്കറിട്ടു കടലിന്റെ നീലിമയിലേക്ക് ഊളിയിട്ടു… ഒരു ചിദംബര സ്മരണ !!!!

പാട്ടായയിലെ വോക്കിങ് സ്ട്രീറ്റ് ഒരു വ്യത്യസ്തമായ അനുഭവമാണ് ഷോകേസിനുള്ളിൽ നിൽക്കുന്ന പാവകളെപ്പോലെ ശരീരം മാത്രമായ സ്ത്രീകൾ…അവരുടെ ബ്രോക്കേഴ്‌സ്‌ .. സംഗീതത്തോടെ നമ്മെ എതിരേൽക്കുന്ന ഭക്ഷണശാലകൾ .. അതിനുള്ളിൽ സഞ്ചാരികളെ മാടി വിളിക്കുന്ന അല്പ വസ്ത്ര ധാരിണികൾ. കേരളത്തിലെ മോറൽ പോലീസിംഗ് ചൂരൽ വടിക്കാർക്കു ഒരു ലോഡ് ശവം വീഴ്ത്താനുള്ള വകുപ്പുണ്ട് .തിരികെയുള്ള യാത്രയിൽ പട്ടായ എന്നെ സ്ത്രീയെന്ന നിലയിൽ സങ്കടപ്പെടുത്തിക്കൊണ്ടിരുന്നു …

രാത്രികളിലെല്ലാം ഞങ്ങൾ നഗരം ചുറ്റാനിറങ്ങി. പബ്ബുകളുടെയും ബാറുകളുടെയും ലൈവ് ഡി .ജെ പാർട്ടികളുടെയും നഗരമാണ് രാത്രിയിലെ ബാങ്കോക് .തെരുവോര ഭക്ഷണ ശാലകളിലെ കൊതിപ്പിക്കുന്ന മണം ആഹാരപ്രേമികളെ ആഹ്ലാദത്തിലാഴ്ത്തും .. രുചികളുടെ കാര്യത്തിൽ ഞാനും മാച്ചുവും ഭക്ഷണശാലകളിലിരുന്നു പാടിയ പാട്ടാണ് ‘തായ് മണ്ണേ വണക്കം. ‘ പല ഫ്‌ളേവറുകളുടെ സമസന്തുലനമാണ് തായ് വിഭവങ്ങൾ .. ബേക്കിങ്ങിലും സ്‌ലോ ബോയ്‌ലിംഗിലും ഗ്രില്ലിങിലുമാണ് ഇവരുടെ രുചിപ്പെരുമകൾ . തായ് ഗ്രീൻ കറി വളരെ രുചികരമായ ഒരു വിഭവമാണ് . തേങ്ങാപ്പാലും മുളയുടെ തളിരിലയും തുളസിയിലയും ലെമൺ ഗ്രാസും നാരകയിലകളും അരച്ച് ചേർത്ത പച്ചക്കുരുമുളകും പിന്നെ പേരറിയാത്ത അനേകം സുഗന്ധ ദ്രവ്യങ്ങളും ചിക്കനും ചേർന്ന അപൂർവ രുചിക്കൂട്ട് . ജംഗ് ജൂഡ് എന്നറിയപ്പെടുന്ന ക്ലിയർ സൂപ്പിൽ ടോഫുവും മിൻസ് ചെയ്ത പോർക്കും പാഴ്‌സലി ഇലകളും ചേർന്ന ഹൃദ്യമായ ഗന്ധം ..

തായ് ലാൻഡിന്റെ ദേശീയ ഫലമായ ഡുറിയാന്റെ പഴുത്ത ഗന്ധം നിറഞ്ഞ തെരുവോരങ്ങൾ.. (കൗതുകകരമായ കാര്യം ഹെൽമെറ്റ് വച്ചേ ഇതിന്റെ വിളവെടുക്കാൻ സാധിക്കൂ എന്നതാണ്.കാരണം ആനയുടെ തലയിൽ വീണാലും ഇതിന്റെ മുള്ളുകൾ തുളച്ചു കയറുമത്രേ!! ) മിക്ക ഷഡ്പദങ്ങളെയും ഉണക്കി വച്ചിരിക്കുന്ന കിയോസ്‌ക്കുകൾ..
ബാംബൂ സ്റ്റിക്കുകളിൽ ഭംഗിയായി ഡിസ്പ്ലേ ചെയ്തിരിക്കുന്ന തായ് ചിക്കൻ സതായ് ..ഈ രാജ്യം ആഹാരത്തിന്റെ കാര്യത്തിൽ എത്രകണ്ട് ഡെഡിക്കേറ്റഡ് ആണെന്ന് ഞാനോർത്തു .പുതുതായി ഡിസൈൻ ചെയ്യുന്ന അപാർട്മെന്റുകളിൽ കിച്ചൻ എന്ന ഒരു കോൺസെപ്റ് പോലുമില്ലത്രേ !! എല്ലാവരും ഡൈൻ ഔട്ടിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് . എപ്പോഴും എന്തെങ്കിലും കഴിച്ചു കൊണ്ടും പുഞ്ചിരിച്ചു കൊണ്ടും നടക്കുന്ന മുഖങ്ങൾ മാത്രം എങ്ങും ..

ഒരിക്കൽ നടന്നു നടന്നെത്തിയത് കുപ്രസിദ്ധമായ നാന പ്ലാസയിൽ . നിയന്ത്രണങ്ങളില്ലാത്ത ലൈംഗിക വ്യാപാരം നടക്കുന്ന സ്ഥലം. സാമ്പത്തിക പ്രതിസന്ധിയെ സെക്സ് ടൂറിസം കൊണ്ട് നേരിട്ട രാജ്യം.വിലപേശലുകളുടെ തലപെരുക്കുന്ന കാഴ്ചകൾ എങ്ങും … ഉത്പന്നങ്ങളുടെ മേന്മ ഞെക്കിയും തലോടിയും ഉറപ്പു വരുത്തുന്ന ഉപഭോക്താക്കൾ … റെഡ്‌ ലൈറ്റ് ഏരിയയിൽ നിന്നുമുള്ള ലൈവ് കാഴ്ചകൾ.. തിരികെപ്പോരാൻ സമയമായി. ഇനി ഇവിടുത്തെ ഷോപ്പിംഗ് വിസ്മയങ്ങൾ സ്വന്തമാക്കാനുള്ള ദിനം. ഷോപ്പിംഗിനു ബാങ്കോക്കിലിറങ്ങുന്ന ഒരുവന് സ്ഥലജല വിഭ്രമം ഉണ്ടാകും.. ഏഷ്യാറ്റിക് സ്ക്വയറിൽ ഞാൻ എന്നെത്തന്നെ കണ്ട്രോൾ ചെയ്‌തെങ്കിലും MBK മാളും ടെർമിനൽ 21 ഉം കണ്ടു എല്ലാ നിയന്ത്രണങ്ങളും വിട്ടു..

ഈ ടെർമിനൽ 21 ഷോപ്പിംഗ് മാൾ ഒരുഗ്രൻ നിർമ്മിതിയാണ്.. (സുഖുംവിത് റോഡിലെ അശോക് സ്റ്റേഷനിൽ ഇറങ്ങുക ) 9 നിലകളിലെ ഷോപ്പിംഗ് വിസ്മയമാണ് ഇത് . ഓരോ നിലകളും ഓരോ രാജ്യങ്ങളായി ഒരുക്കിയിരിക്കുന്നു. ഇസ്താൻബുൾ സൂക്കിൽ നിന്നുമിറങ്ങുന്ന നമ്മൾ സാൻഫ്രാൻസിസ്‌ കോയിലെ ഗോൾഡൻ ഗേറ്റ് ബ്രിഡ്ജിലേക്കായിരിക്കും കയറുക. അവിടെ നിന്നും ലണ്ടനിലെ ഏതോ തെരുവിലേക്ക് .. വളരെ മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്ന ബിൽഡിംഗ് …വിവിധ നിലകളെ ബന്ധിപ്പിച്ചു കൊണ്ട് തലങ്ങും വിലങ്ങും പടുകൂറ്റൻ എസ്കലേറ്ററുകൾ തുണിത്തരങ്ങളും ഭക്ഷണശാലകളും പ്രധാന ആകർഷണം. വളരെ ഭംഗിയുള്ള വസ്ത്രങ്ങളും ബാഗുകളും ഹോം ഡെക്കർ സാധനങ്ങളും നിറഞ്ഞ ചതുഛക് വീക്കെൻഡ് മാർക്കറ്റ്, സയാം സ്‌ക്വയർ, MBK മാൾ ഇവയൊക്കെയും കയ്യിലവശേഷിക്കുന്ന അവസാന ബാതും ഒഴുക്കിക്കളയാനുള്ള സ്ഥലങ്ങളാണ്…

തിരികെ എയർപോർട്ടിൽ എത്താനും മെട്രോ തന്നെ തിരഞ്ഞെടുത്തപ്പോൾ പറ്റിക്കൽ വീരന്മാരായ ടാക്സിക്കാർക്കെതിരെയുള്ള അതിജീവനത്തിന്റെ കഥ കൂടിയായി ഈ യാത്ര. സുഖുംവിത്തിൽ നിന്നും സ്കൈ ട്രെയിനിൽ മോചിറ്റ് സ്റ്റേഷനിലിറങ്ങി അവിടെ നിന്നും നമ്പർ A 1 ബസിൽ ഡോൺ മുവാങ് എയർപോർട്ട്. എത്രയെളുപ്പം !! അങ്ങനെ ദക്ഷിണ പൂർവേഷ്യയിലെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയാകാൻ കുതിക്കുന്ന തായ്‌ലാൻഡിനോട് ഞങ്ങൾ യാത്ര പറഞ്ഞു.പൂർണ്ണമായും ഒരു ബഡ്ജറ്റ് ഡെസ്റ്റിനേഷൻ … ആകാശത്തും ഭൂമിയിലും ജലമാർഗ്ഗവും മികച്ച കണക്ടിവിറ്റിയുള്ള പൊതുഗതാഗതം. സൗഹൃദത്തോടെ സഞ്ചാരികളെ സ്നേഹിക്കുന്ന തദ്ദേശീയർ . തായ്‌ലൻഡ് ബാക്ക്പാക്ക് റെഡി ആക്കിക്കൊള്ളൂ .

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

Leave a Reply