ട്രാൻ.ബസിൽ ചെക്കിംഗ് ഇൻസ്പെക്ടർമാർ അഴിഞ്ഞാടി

കെ. എസ്. ആർ.ടി.സി. ബസിൽ ചെക്കിംഗ് ഇൻസ്പെക്ടർമാർ  അപമര്യാദയായി പെരുമാറുകയും ബസ് വഴിയിൽ നിർത്തിയിട്ട്  യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയും ചെയ്തതായി പരാതി. യാത്രക്കാർ ക്ഷുഭിതരായപ്പോൾ ബസിലെ കണ്ടക്ടറെ സസ്പെന്റ് ചെയ്യാൻ  ഇൻസ്പെക്ടർമാർ  ശുപാർശ ചെയ്തു. കഴിഞ്ഞ ദിവസം കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്ക്‌ പോയ ചടയമംഗലം ഡിപ്പോയിലെ ആർ. എൻ .എ 495-ാം നമ്പർ ഫാസ്റ്റ് പാസഞ്ചർ ബസിലാണ്  നാടകീയ സംഭവങ്ങൾ അരങ്ങേറിയത്‌. ബസ് വട്ടപ്പാറയിൽ എത്തിയപ്പോൾ രണ്ട് ടിക്കറ്റ് പരിശോധകർ കയറി.

ഇൻസ്പെക്ടർമാരുടെ യൂണിഫോം ഇവർ ധരിച്ചിരുന്നില്ല.  യാത്രക്കാരനായ ഒരു ചാനൽ റിപ്പോർട്ടറോട്  ഇവർ ടിക്കറ്റ് ആവശ്യപ്പെട്ടു. അപ്പോൾ  യാത്രക്കാരൻ പരിശോധകന്റെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു. രേഖ കാണിക്കാൻ തയ്യാറാകാത്ത പരിശോധകൻ ഒപ്പമുണ്ടായിരുന്നയാളുടെ ഒത്താശയോടെ യാത്രക്കാരനെ  കള്ളനെന്നും മദ്യപാനിയെന്നും വിളിച്ച് അധിക്ഷേപിച്ചു. ഉദ്യോഗസ്ഥരുടെ പെരുമാറ്റം അതിരു കടന്നതോടെ മറ്റ് യാത്രക്കാർ പ്രശ്നത്തിൽ ഇടപെട്ടു. ഇതോടെ ബസ്‌ നിർത്തിയിടാൻ  പരിശോധകർ ഡ്രൈവറോട്‌ ആവശ്യപ്പെട്ടു. യാത്ര മുടക്കി ബസ് വഴിയിൽ നിർത്തിയിട്ടതോടെ  യാത്രക്കാർ പരിശോധകരെ കയ്യേറ്റം ചെയ്യുന്ന ഘട്ടം വരെയെത്തി.

തല്ല് കിട്ടുമെന്ന് വന്നതോടെ ബസ്‌ പുറപ്പെടാൻ പരിശോധകർ അനുവദിച്ചു. എങ്കിലും ബസ് തമ്പാനൂർ സ്റ്റാന്റിൽ എത്തിയപ്പോഴേയ്ക്കും ഐ.ഡി. ആവശ്യപ്പെട്ട യാത്രക്കാരനെ പിടിക്കാൻ പൊലീസിനെയും കെ. എസ്. ആർ.ടി.സി. ജീവനക്കാരെയും ഫോൺ വഴി ഈ പരിശോധകർ വിളിച്ചു നിർത്തിയിരുന്നു. പൊലീസ് സാന്നിദ്ധ്യത്തിൽ പരിശോധകരുടെ ഐ.ഡി. കണ്ട് ബോദ്ധ്യപ്പെട്ട ശേഷം ചാനൽ റിപ്പോർട്ടർ ടിക്കറ്റ് കാട്ടുകയും അവിടെ നിന്ന് പോകുകയും ചെയ്തു.

യാത്രക്കാർക്കും പൊലീസിനും മുന്നിൽ അപഹാസ്യരായ ചെക്കിംഗ് ഇൻസ്പെക്ടർമാർ ഇതോടെ ബസ് കണ്ടക്ടർക്കെതിരെ തിരിഞ്ഞു. മേലുദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറാൻ യാത്രക്കാർക്ക് കൂട്ടുനിന്നുവെന്നാരോപിച്ച് കണ്ടക്ടറെ സസ്പെന്റ് ചെയ്യാൻ ഇൻസ്പെക്ടർമാർ ബന്ധപ്പെട്ടവർക്ക് ശുപാർശ നൽകി. തങ്ങളെ ബുദ്ധിമുട്ടിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത ടിക്കറ്റ് പരിശോധകർക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ കെ. എസ്‌. ആർ.ടി. സി. എം.ഡിക്കും വകുപ്പ്‌ മന്ത്രിക്കും ഈ ബസിലെ ചില യാത്രക്കാരും പരാതിനൽകിയിട്ടുണ്ട്. യാത്രക്കാരെ ബുദ്ധിമുട്ടിച്ച ശേഷം നിരപരാധിയായ കണ്ടക്ടർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത ടിക്കറ്റ് പരിശോധകർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ. എസ്. ആർ.ടി.സിയിലെ ഭരണാനുകൂല സംഘടനകൾ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്.

News: Kerala Kaumudi

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply