നിങ്ങളുടെ മൂന്നാർ യാത്രയിൽ മറക്കാതെ സന്ദർശിക്കേണ്ട ഒരു ശവകുടീരം…

വിവരണം – ഡാനിഷ് റിയാസ്.

കുറേ കാലമായിട്ട് മനസ്സിലുള്ള വലിയ ആഗ്രഹമായിരുന്നു. ഇവിടെ ഒന്ന് വരണം, വന്ന് കാണണം, ഒരു പൂവെങ്കിലും ഈ ‘ഖബറിൽ’ വെക്കണം എന്ന്. ആഗ്രഹം പക്ഷേ നീണ്ട് പോയെങ്കിലും ഇടക്ക് പ്രകൃതി ഒന്ന് പിണങ്ങിയെങ്കിലും, ആഗ്രഹം തീവ്രമാണെങ്കിൽ വഴികൾ മലർക്കെ തുറക്കപ്പെടുമല്ലോ. യാത്രക്ക് വേണ്ടി ഇറങ്ങിയപ്പോൾ തന്നെ ഇന്നുവരെ കണ്ട മൂന്നാറല്ലായിരുന്നു മനസ്സിൽ, അന്നേവരെ കണ്ടതും കേട്ടതുമൊന്നുമായിരുന്നില്ല. ‘നൂറ്’ ആണ്ടുകൾക്ക് മുൻപ് അകാലത്തിൽ പൊലിഞ്ഞുപോയ “എലനോർ ഇസബെൽ മെ” എന്ന ബ്രിട്ടീഷ് യുവതിയുടെ കല്ലറയിലാണ് ഒരു പിടി പൂക്കൾ സമർപ്പിച്ചുകൊണ്ട് ഞാനിപ്പോൾ നിൽക്കുന്നത്. ദൂരെ,,, അങ്ങ് ദൂരെ യമുനാ നദിക്കരികിൽ ഒരു വെണ്ണക്കൽ കൊട്ടാരത്തിലാണ് ഷാജഹാന്റെ ‘മുംതാസ്’ അന്തിയുറങ്ങുന്നതെങ്കിൽ – ഇവിടെ ഇങ്ങ് മൂന്നാറിൽ വെള്ളക്കാരൻ സായിപ്പെന്ന സൂത്രശാലി വടമെറിഞ്ഞു കണ്ടെത്തിയ തെക്കിന്റെ കാശ്മീരിൽ – ഹെൻട്രിയുടെ പ്രിയതമ ഇസബെല്ല,,,, ദാ,, ഇവിടെ ഇങ്ങനെ അന്തിയുറങ്ങുന്നത് യാതൊരു പ്രൗഢിയുമില്ലാതെയാണ്.

ബാക്കിവെച്ച ജീവിതം, സ്വപ്‌നങ്ങൾ, ആഗ്രഹങ്ങൾ എല്ലാം ഓർമ്മ മാത്രമാക്കി, അവളുടെ ഹെൻട്രിയെ തനിച്ചാക്കി അവളീ പ്രണയമഴ പെയ്യുന്ന താഴ്‌വരയിൽ അലിഞ്ഞു ചേർന്നതും കാലത്തിന്റെ കവിളിൽ വീണ മറ്റൊരു കണ്ണുനീർ തുള്ളിയത്രേ… ആരാണ് ‘എലനോർ ഇസബെൽ മെ’. 124 വർഷങ്ങൾക്കപ്പുറത്തേക്ക്, ഒന്നുകൂടി വ്യക്തമാക്കിയാൽ – 1894 ഡിസംബർ മാസത്തിലെ മൂന്നാറിന്റെ മഴനൂൽ പുലരികളിലേക്ക് നമുക്കൊരു യാത്ര പോകാം. അല്ലെങ്കിലും, ചരിത്രം രേഖപ്പെടുത്തിയ നക്ഷത്രപ്പൊട്ടുകളെ പെറുക്കിയെടുക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. കണ്ണൻ ദേവൻ കമ്പനിയുടെ ആദ്യത്തെ എസ്റ്റേറ്റ് മാനേജരായിരുന്ന ‘ഹെൻട്രി മാൻസ് ഫീൽഡ് നൈറ്റ്’ എന്ന ചെറുപ്പക്കാരന്റെ വധുവായിരുന്നു ഇംഗ്ലണ്ടിലെ ബ്യുഫോർട്ട് ബ്രാബേസൺ പ്രഭുവിന്റെ മകളായിരുന്ന 24 കാരിയായ ഇസബെല്ല എന്ന് വിളിച്ചിരുന്ന എലനോർ ഇസബെൽ മെ.

കല്ല്യാണം കഴിഞ്ഞു ഇംഗ്ലണ്ടിൽ നിന്നും ശ്രീലങ്ക വഴി കപ്പൽ മാർഗ്ഗം തമിഴ്‌നാട്ടിലെത്തി, അവിടെ നിന്നും കേരളത്തിലെ മൂന്നാറിലേക്ക് വന്ന് ഹെൻട്രിയുമൊത്ത് തന്റെ മധുവിധു ആഘോഷിക്കാൻ കാരണം, താൻ കേട്ടറിഞ്ഞതിനേക്കാൾ ഭംഗിയാണ് മൂന്നാറിനെന്ന് ഇസബെല്ലയുടെ മനസ്സ് മന്ത്രിച്ചതായിരിക്കണം. മേഘം മുട്ടി നിൽക്കുന്ന ഗ്രാന്റീസ് മരങ്ങൾക്ക് താഴെ, സുഗന്ധം വീശുന്ന തേയിലത്തോട്ടങ്ങൾക്കിടയിലൂടെ, മഞ്ഞും മഴയും മലനിരകളും കാടും മേടുമൊക്കെ കണ്ട്, പ്രകൃതിയുടെ വശ്യമായ ആ സൗന്ദര്യത്തിൽ മതിമറന്ന് ഓരോ ദിനങ്ങളും ഹെൻട്രിയുടെ കൈപിടിച്ച് ഇസബെല്ല മൂന്നാറിലൂടെ ഓടി നടക്കുകയായിരുന്നു. നവ ദമ്പതികളായത് കൊണ്ട് തന്നെ ബ്രിട്ടിഷ്കാരായ ഓരോ എസ്റ്റേറ്റ് ഉടമകളും അവർക്ക് വിരുന്നൊരുക്കാൻ മത്സരിച്ചു.

ഒരിക്കൽ ഒരു രാത്രിയിലെ അത്താഴ വിരുന്നും കഴിഞ്ഞു ബംഗ്ലാവിന് പുറകിലെ കുന്നിൻ മുകളിൽ ഹെൻട്രിയോട് ചേർന്ന് നിന്ന് അവന്റെ കാതിൽ പറഞ്ഞ വാക്കുകൾ പക്ഷേ, അറം പറ്റുകയായിരുന്നു. ”പ്രിയപ്പെട്ട ഹെൻട്രി, ഞാൻ മരിച്ചാൽ ആ കാണുന്ന താഴ്‌വരയിൽ എന്നെ മറവ് ചെയ്യണം, ഇവിടം വിട്ട് പോകാൻ എന്റെ ആത്മാവ് പോലും ഇഷ്ടപ്പെടില്ല”. ഹെൻട്രി തികച്ചും തമാശയായി കണ്ട അവളുടെ ആഗ്രഹത്തിന് അന്ന് പറഞ്ഞ മറുപടി എന്തായിരുന്നു വെന്ന് ചരിത്രത്തിൽ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ദമ്പതികളുടെ പ്രിയപ്പെട്ട ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു……. ഡിസംബറിൽ മൂന്നാറിലെ കോടമഞ്ഞിനും രാവുകൾക്കും ഒരു വല്ലാത്ത തണുപ്പാണ്. അന്നേ മാസം ഇരുപത്തി ഒന്നാം തിയ്യതി രാത്രി ഒരു ബ്രിട്ടീഷ് കോളനി സംഘടിപ്പിച്ച അത്താഴ വിരുന്നിൽ പങ്കെടുത്ത് ഉറങ്ങാൻ കിടന്ന ഇസബെല്ലക്ക് പിറ്റേന്ന് രാവിലെ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ കഴിഞ്ഞില്ല.

പരിചാരകർ കുതിരവണ്ടിയുമായി ഡോക്റ്ററുടെ അടുക്കലേക്ക് ഓടി. ഓൾഡ് മൂന്നാർ ടൗണിൽ നിന്നും കമ്പനി ഡോക്റ്റർ വന്ന് കോളറ സ്ഥിരീകരിക്കുകയായിരുന്നു. അന്ന് കോളറ, മലമ്പനി പോലുള്ള രോഗങ്ങൾക്ക് മരുന്ന് കണ്ടെത്തിയിട്ടില്ലായിരുന്നുവത്രേ,,, വിധി. ചരിത്രം വഴിമാറുന്ന, ജീവിതം മാറ്റിമറിക്കുന്ന ചില സംഭവങ്ങളെ നമ്മൾ ‘വിധി’ എന്ന രണ്ടക്ഷരത്തിൽ രേഖപ്പെടുത്തും. അസുഖം വന്ന് മൂന്നാം ദിവസം അതായത്, തന്റെ വിവാഹ ജീവിതത്തിലെ ആദ്യ ക്രിസ്മസിന്റെ തലേദിവസം എലനോർ ഇസബെൽ മെ’ എന്ന ബ്രിട്ടീഷുകാരി, ഇരുപത്തി നാലാം വയസ്സിൽ താൻ കണ്ട ഭൂമിയിലെ സ്വർഗ്ഗത്തിൽ നിന്നും മറ്റൊരു സ്വർഗത്തിലേക്ക് യാത്രയായി… ആത്മ നിയന്ത്രണങ്ങൾ തെറ്റി നിൽക്കുമ്പോഴും ഏറ്റവും ഭംഗിയുള്ള വസ്ത്രങ്ങളണിയിച്ച് ഹെൻട്രി പ്രിയതമയെ യാത്രയാക്കി. മൂന്നാറിലെ ജലാശയങ്ങളിൽ മുഴുവൻ അന്ന് സഹ്യന്റെ കണ്ണുനീരായിരുന്നുവത്രേ,,, ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ അവളുടെ ആഗ്രഹം അനുസരിച്ച് ഹെൻട്രി അവളെ അവൾ പറഞ്ഞ സ്ഥലത്ത് തന്നെ അടക്കം ചെയ്തു.

ലോക ചരിത്രത്തിലാദ്യമായി, സെമിത്തേരി വന്നതിന് ശേഷം ദേവാലയം വന്നത് ഇവിടെ മൂന്നാറിൽ ഞാൻ നിൽക്കുന്ന ഈ മണ്ണിലാണ്. കാലങ്ങൾക്ക് ശേഷം ‘ദി വേൾഡ് ബെസ്റ്റ് റൊമാന്റിക്ക് ഡെസ്റ്റിനേഷൻ’ എന്ന് മൂന്നാറിനെ ലോകം വാഴ്ത്തിയതും തികച്ചും യാദൃശ്ചികത മാത്രം..! കമ്പനി തൊഴിലാളികൾക്ക് ഏറെ പ്രിയങ്കരനും തേയിലയിലൂടെ മൂന്നാറിനെ ലോക ഭൂപടത്തിലേക്കുയർത്തിയതുമായ ‘ഹെൻട്രി മാൻസ് ഫീൽഡ്’ എന്ന ഇംഗ്ലീഷ് ചെറുപ്പക്കാരൻ എല്ലാ ദിവസവും ഇസബെല്ലയുടെ കുഴിമാടത്തിനരികിൽ വന്നിരുന്ന് കരയുന്നത് നാടിന് മുഴുവൻ സങ്കടക്കാഴ്ചയായി. പൂർത്തീകരിക്കാതെ പോയ ഇസബെല്ലയുടെ ആഗ്രഹങ്ങൾ മാത്രം ബാക്കിയാക്കി, ഓർമ്മകളുടെ സുഗന്ധവും പേറി ഹെൻട്രി ആ താഴ്‌വരയിൽ ഒറ്റക്കായി.

കാലങ്ങൾ കടന്നുപോയി…. ശവ കുടീരവും സ്ഥലവും പിന്നീട് ക്രൈസ്റ്റ് ചർച്ചിന് കൈമാറിക്കൊണ്ട് തന്റെ വാർദ്ധക്യ കാലത്ത് ഹെൻട്രി ഇംഗ്ലണ്ടിലേക്ക് തിരിച്ചു പോയി. വർഷങ്ങൾക്ക് ശേഷം സഭ അവിടെ ഇംഗ്ലീഷ് മാതൃകയിൽ പള്ളിയും പണിതു. ഇവിടത്തെ സെമിനാരിയിലെ രജിസ്റ്റർ ബുക്കിൽ, അവളുടെ കല്ലറയിൽ കൊത്തിവെച്ച അതേ പോലെ മായാതെ മങ്ങാതെ കിടക്കുന്ന ആദ്യത്തെ പേരാണ് ”എലനോർ ഇസബെൽ മെ”. ഇനി നിങ്ങളുടെ മൂന്നാർ യാത്രയിൽ മറക്കരുത്, ഹെൻട്രിയും ഇസബെല്ലയെയും പിന്നെ കാലം ബാക്കിവെച്ച അവരുടെ പൂർത്തീകരിക്കാതെ പോയ പ്രണയത്തിന്റെ ശേഷിപ്പുകളും ഇനി നിങ്ങളുടെ ഓർമ്മയിലും മായാതെ നിൽക്കട്ടെ..!

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply