ഡിസ്കൗണ്ടുകളും ഓഫറുകളും കൊണ്ട് ഷോപ്പിംഗ് പ്രിയരെ ആകര്‍ഷിപ്പിക്കുന്ന ഷോപ്പുകളും മാളുകളുടേയും കാലത്ത് ആരെങ്കിലും ഫുട്പാത്തുകളില്‍ പോയി വിലപേശി സാധനങ്ങള്‍ വാങ്ങിക്കുമോ. നിങ്ങള്‍ ഒരു യഥാര്‍ത്ഥ സഞ്ചാരിയാണെങ്കില്‍ നിങ്ങള്‍ മാളുകളില്‍ നിന്ന് ഇറങ്ങി മാര്‍ക്കെറ്റുകളിലൂടെ അലഞ്ഞ് നടക്കും. സാധനങ്ങള്‍ക്ക് വിലപേശി ആവശ്യമുള്ളത് വാങ്ങും.
ഒരു സഞ്ചാരി തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട, മുംബൈയിലെ മാര്‍ക്കറ്റുകള്‍ പരിചയപ്പെടാം.
01. കൊളാബ കോസ്വേ : മുംബൈ എന്ന സ്വപ്ന നഗരത്തിന്റെ മാസ്മരിക ഭംഗികാണാന് യാത്ര പുറപ്പെടുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും എത്തിച്ചേരുന്ന ഒരിടമാണ് മുംബൈയിലെ കൊളാബ കോസ്വെ. മുംബൈയുടെ സ്പന്ദിക്കുന്ന ഹൃദയമാണ് കൊളാബ കോസ്വേ. ഷോപ്പിംഗിനാണ് കോസ്വേയിലേക്ക് ആളുകള്‍ കൂടുതലായും എത്തിച്ചേരുന്നത്. രുചികരമായ ഭക്ഷണ വിഭവങ്ങളാണ് കോസ്വേയിലെ രണ്ടാമത്തെ ആകര്‍ഷണം. കോളനി ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട കെട്ടിടങ്ങളിലാണ് കോസ്വേയിലെ മിക്കവാറും ഷോപ്പുകളും പ്രവര്‍ത്തിക്കുന്നത്.
02. ചോര്‍ ബസാര്‍ : ചോര്‍ ബസാറിനെക്കുറിച്ച് കേട്ടിട്ടില്ലേ? മുബൈയിലെ പ്രശസ്തമായ മാര്‍ക്കറ്റാണ് ചോര്‍ ബസാര്‍. കള്ളന് എന്ന് അര്‍ത്ഥം വരുന്ന ചോര്‍ എന്ന വാക്ക് പേരില്‍ ഉള്ളതിനാലാവാം മോഷണ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥലമായിട്ടാണ് ചോര്‍ ബസാര്‍ കരുതപ്പെടുന്നത്. പക്ഷെ ചോര്‍ ബസാറിന് ആ പേര് ഉണ്ടായത് ഷോര്‍ എന്ന വാക്കില്‍ നിന്നാണ് എന്നതാണ് വാസ്തവം.
03 ക്രൗഫോര്‍ഡ് മാര്‍ക്കെറ്റ് : പഴങ്ങളും പച്ചക്കറികളും നിര നിരയായി നിരത്തി വച്ചിരിക്കുന്ന, കോളനി കാലത്ത് നിര്‍മ്മിച്ച നിരവധി പഴയ കെട്ടിടങ്ങള്‍ ചരിത്രം പറയുന്ന ബോംബേക്കാരുടെ ആ പഴയ ക്രൗഫോര്‍ഡ് മാര്‍ക്കറ്റിന് ഇപ്പോഴും വലിയ മാറ്റമൊന്നും വന്നിട്ടില്ല. മാര്‍ക്കറ്റിന്റെ ഒരു വശത്ത് പലതരം കിളികള്‍ കലപിലകൂട്ടുന്ന ശബ്ദം കേള്‍ക്കാം. അങ്ങാടി കുരുവികളൊന്നുമല്ല, വില്‍പ്പനയ്ക്കായി കൂട്ടിലടച്ച് വളര്‍ത്തുന്ന വിവിധയിനത്തിലുള്ള കിളികളാണ്.
04. കാല ഘോട : കാല ഘോട എന്ന മറാത്തി വാക്കിന്റെ അര്‍ത്ഥം കറുത്ത കുതിരയെന്നാണ്. സൗത്ത് മുംബൈയുടെ സമീപ പ്രദേശമാണ് കാലഘോട. ചന്ദ്രകല പോലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം മുംബൈയിലെ കലാകാരന്മാരുടെ താവളം കൂടിയാണ്.
05. ഫാഷന്‍ സ്ട്രീറ്റ് : മുംബൈയിലെ എം ജി റോഡിലെ ഫാഷന്‍ സ്ട്രീറ്റിലൂടെ വെറുതെ ഒന്ന് നടന്നു നോക്കു! നിങ്ങള്‍ ഇതുവരെയായി തേടിയലഞ്ഞ, നിങ്ങളുടെ മനസിന് പിടിച്ച, നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നിറത്തിലുള്ള വസ്ത്രം നിങ്ങളുടെ കണ്മുന്നില്പ്പെടാതിരിക്കില്ല. ഇനി അത് ഒന്ന് കയ്യിലെടുത്തു നോക്കു, നിങ്ങള്‍ക്ക് അത് വാങ്ങാതെ പോകാനും പറ്റില്ലാ. കാരണം ഇത് മുംബൈ ആണ്, മായിക നഗരം. നിങ്ങളെ അടിമുടി മാറ്റുന്ന നഗരം. നിങ്ങളുടെ ഫാഷന്‍ കണ്‍സെപ്റ്റുകളെ കീഴ്മേല്‍ മറിക്കുന്ന നഗരം.