കൊട്ടാരക്കര – കൊല്ലൂർ ബസ്സിൽ എന്തുകൊണ്ട് ഡ്രൈവർ കം കണ്ടക്ടർ സിസ്റ്റം ഇല്ല?

കെഎസ്ആർടിസിയിൽ ഇപ്പോൾ ഡ്യൂട്ടി പരിഷ്കരണത്തിന്റെ കാലമാണല്ലോ. പല ഡിപ്പോകളിലും നിരവധി ഓർഡിനറി സർവ്വീസ്സുകൾ സിംഗിൾ ഡ്യൂട്ടിയായി മാറുകയും ചെയ്തു. എന്നാൽ നിലവിൽ ഏറ്റവും കൂടുതൽ ഡ്യൂട്ടി നൽകുന്ന കെഎസ്ആർടിസിയുടെ ബസ് സർവ്വീസ്സ് ഏത് എന്ന് അറിയാമോ ? നിലവിൽ കണ്ടക്ടർ ചേഞ്ച് ഉള്ള ഒരേയൊരു കെഎസ്ആർടിസി സർവീസ്സ് ഏത് എന്ന് അറിയുമോ ? അതെ ഒരു കാലത്ത് കെഎസ്ആർടിസിയുടെ ഏറ്റവും കൂടുതൽ ദൂരം ഓടിയിരുന്ന സർവ്വീസ്സ്. കൊട്ടാരക്കര – കൊല്ലൂർ മൂകാംബിക ക്ഷേത്രം സർവ്വീസ്.

നിലവിൽ 2 കണ്ടക്ടർക്കും 2 ഡ്രൈവർക്കുമായി 10 ഡ്യൂട്ടി ഈ സർവ്വീസ്സിന് നൽകി വരുന്നു .എന്നാൽ കൊടുങ്ങല്ലൂർ, ആലപ്പുഴ ഡിപ്പോകളുടെ കൊല്ലൂർ മൂകാംബിക സർവീസ്സിന് ഒരു ജീവനക്കാരന് ലഭിക്കുന്നത് 3 ഡ്യൂട്ടി മാത്രവും. ദീർഘദൂര സർവീസ്സുകൾക്ക് ഡ്രൈവർ കം കണ്ടക്ടർ നടപ്പാക്കാൻ ഉത്തരവായപ്പോൾ കെഎസ്ആർടിസി മാനേജ്‌മെന്റ് ആദ്യം പരിഗണിക്കേണ്ടത് ഈ സർവീസ്സ് (കൊട്ടാരക്കര – കൊല്ലൂർ മൂകാംബിക) ആയിരുന്നു. ഇതിലും കുറച്ച് ദൂരം ഓടുന്ന കൊട്ടാരക്കരയുടെ സുൽത്താൻ ബത്തേരി ഡീലക്സ്സിന് ഉൾപ്പടെ ഡ്രൈവർ കം കണ്ടക്ടർ സംവിധാനമുള്ളപ്പോൾ എന്ത് കൊണ്ട് കൊല്ലൂർ സർവ്വീസ്സിന് ഈ സംവിധാനം ഒരുക്കുന്നില്ല എന്ന ചോദ്യം ന്യായമായും ആർക്കും ഉണ്ടാകുന്നതാണ്. എന്നാൽ ഈ ചോദ്യത്തിന് ഉത്തരം തരാൻ പോയിട്ട് മര്യാദയ്ക്ക് ചെവികൊടുക്കാൻ വരെ അധികാരികൾ ശ്രമിച്ചിട്ടില്ല എന്നതാണ് മറ്റൊരു സത്യം.

പത്ത് ഡ്യൂട്ടിക്ക് നാൽപ്പത്തയ്യായിരവും അമ്പതിനായിരവും മറ്റും ശരാശരി വരുമാനമുള്ള സർവീസ്സിന് ഈ ഡ്യൂട്ടി പാറ്റേൺ തന്നെ പിന്തുടർന്ന് പോരുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് ആർക്കും അറിയില്ല. ഇനി ഈ ഡ്യൂട്ടി പാറ്റേൺ മാറ്റാൻ ഭയമുള്ളത് കൊണ്ടാണോ ഡീലക്സ്സായി അപ്പ്ഗ്രേഡ് ചെയ്തിട്ടും ഇന്നും സുപ്പർ ഫാസ്റ്റ് സമയത്തിൽ ഈ സർവീസ്സ് ഓടിക്കുന്നത് . പഴയപോലെ തന്നെ ഇപ്പോഴും കണ്ണൂരിൽ വെച്ച് കണ്ടക്ടറും ഡ്രൈവറും മാറുന്നു . ഈ പ്രക്രിയ നിലവിലുള്ള കെഎസ്ആർടിസിയുടെ ഏക സർവ്വീസ്സ് എന്ന ബഹുമതിയും ഇപ്പോൾ കൊട്ടാരക്കര – കൊല്ലൂർ മൂകാംബിക സർവ്വീസ്സിന് തന്നെയാണ്. കണ്ണൂർ ഡിപ്പോയിൽ നിന്നും ഈ സർവ്വീസിൽ ഡ്യൂട്ടിയ്ക്ക് പോകുന്ന ചില ജീവനക്കാർ കൊല്ലൂരിൽ വരുത്തിവെച്ച ചീത്തപ്പേരും, രാത്രി കാലങ്ങളിൽ ടിക്കറ്റ് നൽകാതെ യാത്രക്കാരെ കയറ്റുന്നതും കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥർക്കുൾപ്പടെ അറിവുള്ള കാര്യം തന്നെ. ഇത്രയുമൊക്കെ അറിഞ്ഞിട്ടും ഇതിനെതിരെ നടപടി കൈക്കൊള്ളാത്തതും, ഈ സർവീസ്സിൽ കണ്ടക്ടർ കം ഡ്രൈവർ സംവിധാനം കൊണ്ടുവരാത്തതും ഏതെങ്കിലും കോണിൽ നിന്നുള്ള സമ്മർദ്ദത്താലാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഈ ലേഖനം കണ്ടിട്ടെങ്കിലും അധികാരികളുടെ കണ്ണു തുറന്നാൽ മതിയായിരുന്നു.

കടപ്പാട് – ഒരു കൂട്ടം ആനവണ്ടി പ്രേമികൾ – KSRTC BLOG.

Check Also

ടാറ്റ നെക്‌സോൺ കാറോടിച്ച് 10 വയസ്സുള്ള കുട്ടി; പണി പിന്നാലെ വരുന്നുണ്ട്…..

പതിനെട്ടു വയസ്സിൽ താഴെയുള്ളവർ വാഹനമോടിക്കുന്നത് ഇന്ത്യയിൽ കുറ്റകരമാണ്. കാരണം, ഡ്രൈവിംഗ് എന്നത് വളരെയധികം ശ്രദ്ധയും സൂക്ഷ്മതയും വേണ്ട ഒരു പ്രവൃത്തിയാണ്. …

Leave a Reply