ഇസ്താന്‍ബുള്‍ ഡയറീസ്… ഒട്ടോമന്‍ സാമ്രാജ്യത്തിലെ മഴക്കാഴ്ച്ചകള്‍…

യാത്രാവിവരണം – Shynarak Ramapuram‎.

കുറച്ചു ചരിത്രം… പന്ത്രണ്ടാം നൂറ്റാണ്ടുമുതല്‍ ഏതാണ്ട് പത്തൊന്‍പതാം നൂറ്റാണ്ടു വരെ നിലനിന്നിരുന്ന തുര്‍ക്കിഷ് സാമ്രാജ്യം അതിന്റെ ഏറ്റവും വിസ്തൃതമായ 16ആം നൂറ്റാണ്ടിനും 17ആം നൂറ്റാണ്ടിനും ഇടയ്ക്ക് മൂന്നു ഭൂഖണ്ഡങ്ങൾ വ്യാപിച്ചുകിടന്ന ഓട്ടൊമൻ സാമ്രാജ്യം തെക്കുകിഴക്കൻ യൂറോപ്പ്, മദ്ധ്യപൂർവ്വേഷ്യ, വടക്കേ ആഫ്രിക്ക എന്നി പ്രദേശങ്ങളുടെ ഭൂരിഭാഗത്തും ആധിപത്യം സ്ഥാപിച്ചിരുന്നു. സാമ്രാജ്യത്തിൽ 29 പ്രൊവിൻസുകളും അനേകം സാമന്തരാജ്യങ്ങളും ഉണ്ടായിരുന്നു. ഈ സാമന്തരാജ്യങ്ങളിൽ ചിലത് പിൽക്കാലത്ത് ഓട്ടൊമൻ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു, മറ്റു ചിലത് കാലക്രമേണ സ്വയംഭരണം കൈവരിച്ചു. ദൂരദേശത്ത് സ്ഥിതി ചെയ്തിരുന്ന പല പ്രദേശങ്ങളും ഓട്ടൊമൻ സുൽത്താനും ഖലീഫയ്ക്കും കൂറ് പ്രഖ്യാപിച്ചുകൊണ്ട് സാമ്രാജ്യത്തിന്‌ താത്കാലികമായി കീഴ്പ്പെട്ടിരുന്നു. മുസ്ലീം ജനതയുടെ വിശുദ്ധ നഗരങ്ങളായ മെക്കയും മദീനയും ജെറുസലേമും, സാംസ്കാരിക കേന്ദ്രങ്ങളായിരുന്ന കെയ്‌റോ, ദമാസ്കസ്, ബാഗ്ദാദ് എന്നിവയുടെയെല്ലാം നിയന്ത്രണം സ്വായത്തമായിക്കിയിരുന്ന ഓട്ടൊമൻ സാമ്രാജ്യത്തിന് ഇസ്ലാമികലോകത്തിന്റെ തന്നെ സംരക്ഷകൻ എന്ന രീതിയിൽ നേതൃസ്ഥാനം കൽപ്പിക്കപ്പെട്ടിരുന്നു.

ഒട്ടൊമൻ സാമ്രാജ്യം, പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം വരെ വികസനപാതയിലായിരുന്നു. അത് കിഴക്ക് പേർഷ്യൻ കടലിടുക്ക് മുതൽ പടിഞ്ഞാറ് അൾജീരിയ വരെയും തെക്ക് സുഡാൻ മുതൽ വടക്കുകിഴക്ക ഭാഗത്ത് ദക്ഷിണറഷ്യവരേയും വടക്കുപടിഞ്ഞാറു ഭാഗത്ത് ബുഡാപെസ്റ്റിനപ്പുറത്തേക്കുംവ്യാപിച്ചിരുന്നു

ഇനി എന്റെ വക തള്ളല്‍…… ജൂണ്‍ പതിനാലാം തീയതി ദോഹയില്‍ നിന്നും ,പെഗാസസ് എയര്‍ ലൈന്സിലൂടെ ഇസ്താന്ബുള്ളിന്റെ ആകാശ മതില്‍ക്കെട്ട് മറികടക്കുമ്പോള്‍ അങ്ങ് താഴെ ഉയര്‍ന്നു താഴുന്ന മലനിരകളില്‍ നിന്നും കടലിന്റെ മണല്‍ നിരപ്പിലേക്ക്‌ ആയാസം ചരിഞ്ഞിറങ്ങുന്ന ഭൂപ്രകൃതിക്കു മാറ്റ് കൂട്ടുമാറ്‍ കുട്ടിക്കാലത്ത് പണിത തീപ്പെട്ടി കൊട്ടാരം പോലെ വൃത്തിയായി അടുക്കി വച്ച കെട്ടിടങ്ങളും ഓയില്‍ പെയിന്റിങ്ങിനെ മറികടക്കുന്ന കൃഷിയിടങ്ങളുടെ ആകാശകാഴ്ചകളും എനിക്ക് നല്‍കിയ നയന സുഖം അക്ഷരങ്ങള്‍ക്കൊണ്ട്‌ വര്‍ണ്ണിക്കാവുന്നതിലും അതീതമായിരുന്നു.

നാല് മണിക്കൂര്‍ നീണ്ട ആകാശ യാത്രയുടെ ഒടുവില്‍ സബെഹ ഗോക്കന്‍ എയര്‍പോര്‍ട്ടില്‍ ( പിള്ളേര്‍ക്ക് സ്കൂള്‍ തുറന്നതിനാല്‍ സ്കൂള്‍ ഫീസ് കെട്ടിയും ബാച്ചിലര്‍ യാത്രക്ക് അനുമതി കിട്ടാന്‍ ഭാര്യക്ക് കൈക്കൂലി നല്കിയും എന്റെ പേഴ്സ് ഋജുവായതിനാല്‍ ഇസ്താന്ബുള്ളിലെ നമ്പര്‍ വണ്‍ എയര്പോര്ട്ടായ അട്ടാതുര്‍ക്ക് എയര്പോര്‍ട്ടിലേക്ക് ടിക്കറ്റ് എടുക്കാതെ താരതമ്യേന ചിലവു കുറഞ്ഞ എന്നാല്‍ അമ്പത് കിലോമീറ്റര്‍ മാത്രം ദൂരെയുള്ള സബെഹ എയര്‍ പോര്‍ട്ട്) വിമാനമിറങ്ങുമ്പോള്‍ എന്റെ പേര് എഴുതിയ (എന്റെ കൂടെയുള്ള മറ്റു രണ്ടു തമിഴ് സുഹൃത്തുക്കളുടെ പേരിനു മംഗലാപുരം എക്സ്പ്രസ്സിനെക്കാള്‍ ഇച്ചിരികൂടി നീളം ഉള്ളതിനാല്‍ ഏറെക്കുറെ ചെറുതായ എന്റെ പേരാണ് ഉപയോഗിച്ചത് )പ്ലെക്കാര്‍ഡുമായി ചിരിയാണോ അതോ ഭീകരതയാണോ എന്ന് തിരിച്ചറിയാനാവാത്ത വിധം മുഖഭാവവുമായി നിന്ന തുര്‍ക്കിഷ് ഗൈഡിനെ കണ്ടപ്പോള്‍ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു.കാരണം ആദ്യമായാണ്‌ മറ്റൊരാള്‍ എന്റെ പേര് എഴുതിയ പ്ലെക്കാര്‍മാഡുയി നില്‍ക്കുന്നത് കാണുന്നത്.

ബെന്‍സ് ട്രവെല്ലെര്‍ വാനിന്‍റെ ഒരു മണിക്കൂര്‍ യാത്രയില്‍ സബെഹയില്‍ നിന്നും ഇസ്തന്ബുള്ളിലേക്കുള്ള മൂന്നു നിര വണ്‍വേ ട്രാക്കിലൂടെ പായുമ്പോള്‍ പുതു കാഴ്ചകള്‍ ഒരിഞ്ചുപോലും നഷ്ടമാവാതിരിക്കാന്‍ ഇമ ചിമ്മാതെ ഞാന്‍ കരുതലോടിരുന്നു.വൃത്തിയുള്ള റോഡും അതിനേക്കാള്‍ മനോഹരമായി റോഡിനു ഇരുവശവും പുല്‍ത്തകിടിയും ചെറു പൂച്ചെടികളും കൊണ്ട് മനോഹരമായ ഇസ്താന്‍ബുള്‍ നഗരം സുന്ദര കാഴ്ചയുടെ തൃശൂര്‍പൂരമാണ്, ഒട്ടോമാന്‍ നഗരത്തിന്റെ മുഖമുദ്രയില്‍ ഏറെ മിഴിവേകിയത് വെര്‍ട്ടിക്കല്‍ ഗാര്ഡനുകളാണ്. എവിടെയൊക്കെയാണോ കായ്യാലകളും ഉയര്‍ന്ന തിട്ടകളും ഉള്ളത് അവിടെല്ലാം വെര്‍ട്ടിക്കല്‍ ഗാര്ഡനുകള്‍ കൊണ്ട് മനോഹരമാക്കിയിരിക്കുന്നു..

നാല് ദിവസത്തെ പ്ലാന്‍ഡ് ട്രിപ്പില്‍ ഒന്നാം ദിവസം ലാലെലിന്‍ എന്ന സിറ്റി ബോര്ഡറിലെ ബെകദാസ് ഹോട്ടലിലെ റൂമില്‍ റെസ്റ്റ് ചെയ്ത് ആദ്യ പ്രോഗ്രാമായ ബോസ്ഫറസ് ക്രൂയിസ് ട്രിപ്പില്‍ ജോയിന്‍ ചെയ്തു..തുര്‍ക്കിയുടെ തൊണ്ണൂറു ശതമാനം ഏഷ്യയും പത്തു ശതമാനം യുരോപ്പും ആണെന്നിരിക്കെ ഈ രണ്ടു ഭൂഖണ്ടങ്ങളെയും ബന്ധിപ്പിക്കുന്ന പാലമായ ബോസ്ഫരസ് ബ്രിഡ്ജിനു താഴെയുള്ള മെഡിറ്ററെനിയന്‍ കടലിന്റെ വാലായ മഹാനദിയിലൂടെയുള്ള അഞ്ചു മണിക്കൂര്‍ യാത്രയാണ് ബോസ്ഫരസ് ക്രൂയിസ് ട്രിപ്പ്.

ചെറു ഷിപ്പില്‍ കയറുമ്പോള്‍ തുടങ്ങുന്ന മുഴു തീറ്റയും കള്ളും പിന്നെ കള്ളിന് ലഹരി കൂട്ടാന്‍ ബെല്ലിഡാന്‍സും തുര്‍ക്കിയുടെ തനതു ഡാന്‍സ് കലകളും ഒക്കെയായി ഷിപ്പിന് ഉള്ളില്‍ അരങ്ങു പൊടിപൊടിക്കുമ്പോള്‍ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആസ്വദിക്കാന്‍ തുര്‍ക്കിയുടെ തീരപ്രദേശങ്ങളുടെ പ്രകാശവിസ്മയങ്ങള്‍ ഒരു കവിതപോലെ മെല്ലെ ഒഴുകിയെത്തുന്നത് അതെ ഷിപ്പിന്റെ മുകള്‍ തട്ടില്‍ വിരിച്ച കസേരകളില്‍ ഇരുന്നു ആസ്വദിക്കാന്‍ കഴിയും.. പതിനഞ്ചു മണിക്കൂര്‍ നീണ്ട പകല്‍ അവസാനിച്ചത്‌ രാത്രി ഒന്‍പതു മണിക്ക് ആയതുകൊണ്ട് ഷിപ്പില്‍ നിന്നും കരയിലെക്കേടുത്ത ഫോട്ടോകള്‍ക്ക് ഫ്ലാഷുകള്‍ ആവശ്യമേയില്ലായിരുന്നു… വൈകിട്ട് പന്ത്രണ്ടു മണിക്ക് അവസാനിച്ച ക്രൂയിസ് പ്രോഗ്രാമിനോട് വിടവാങ്ങി ഹോട്ടലില്‍ എത്തുമ്പോള്‍ സമയം രാത്രി ഒരുമണി ആയിരുന്നു…

തള്ളല്‍ രണ്ടാം ദിനം.. അലാറം വച്ച് എട്ടു മണിക്ക് എണീറ്റ്‌ നേരെ പോയത് ബ്രേക്ക് ഫാസ്റ്റ് ടേബിളിലേക്ക് ആയിരുന്നു, ഹോട്ടലിലെ ആറാം നിലയിലെ റെസ്റൊറന്റിലെ പുറം ജനാലക്കു അരികിലുള്ള ടേബിളില്‍ സ്ഥാനം പിടിച്ചു.ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ ഇസ്ടാന്ബുള്ളിലെ സംസ്കാരം ഉടലെടുത്ത കടല്‍ തീരം കാണാമായിരുന്നു.കമാല്‍ മുഹമ്മദിന്റെ കമാലിസത്തിന്റെ വിപ്ലവ വാക്യങ്ങള്‍ നെഞ്ചിലെറ്റികൊണ്ട് തീരത്തണയുന്ന തിരമാലകളും പറന്നുലസിക്കുന്ന പ്രാവിന് കൊക്കില്‍ ഉണ്ടായ രൂപഭേദതോടെയുള്ള മുട്ടന്‍ വെള്ളരി പ്രാവുകളും അവയ്ക്ക് താഴെ , മഴചാറുകള്‍ ഓടുകള്‍ക്ക് മുകളില്‍ വരച്ച പായല്‍ പെയിന്റുങ്ങകളാല്‍ മനോഹരമായ പഴയ കെട്ടിടങ്ങളും നല്‍കിയ വിശപ്പില്ലായ്മയാണ് ഒരു പക്ഷെ ആ ബ്രേക്ക് ഫാസ്റ്റ് മേശയില്‍ നിരത്തി വച്ച യുറോപ്പ്യന്‍ ഭക്ഷണ വിഭാവങ്ങളെക്കാള്‍ എന്റെ വിശപ്പിനെ അകറ്റി നിര്‍ത്തിയത്…

ഇസ്തന്ബുള്ളില്‍ നിന്ന് ഇരുന്നൂറ്റി എഴുപതു കിലോമീറ്റര്‍ ദൂരെയുള്ള ബാര്‍സ നഗരത്തിലേക്കും ആ നഗരത്തിന്റെ മറ്റേ അറ്റത്തുള്ള , ഇന്ത്യയുടെ മണാലിയോളം പോന്ന മനോഹരമായ കുന്നിന്മുകളിലെക്കുമുള്ള മനോഹര യാത്ര ആരംഭിച്ചത് ഒരു ട്രാവല്ലര്‍ വാനില്‍ ആയിരുന്നു..വളഞ്ഞ ദീര്‍ഘ ദൂരത്തെ പകുക്കുവാന്‍ കരയില്‍ നിന്നും കടലിലൂടെ ബസ് കയറ്റാവുന്ന ഫെറിയും അവിടെ നിന്ന് വീണ്ടും അതെ വാഹനതിലൂടെ കരയിലൂടെയും സഞ്ചരിച്ചാണ് കുന്നിന്മുകളിലെ കാഴ്ചകാണാന്‍ കേബിള്‍ കാറിലൂടെ മലമുകളിലേക്ക് പോയത്,,

യാത്രയിലുടെനീളെ തുര്‍ക്കിയുടെ വളരെ അടുക്കൊടെയും ചിട്ടയോടെയും വൃത്തിയായി സൂക്ഷിക്കുന്ന കൃഷിയിടങ്ങളും വാണിജ്യ പൂന്തോപ്പുകളും അനേകം തൊഴില്‍ അവസരങ്ങള്‍ നല്‍കുന്ന മാനുഫാക്ച്ചരിംഗ് യൂണിറ്റുകള്‍ ഉള്ള ഇന്‍ഡസ്ട്രിയല്‍ ഏരിയകളും കാണാമായിരുന്നു.

തള്ളല്‍ മൂന്നാം ദിനം…. ഇന്നത്തെ പ്രോഗ്രാം ലോക്കല്‍ സൈറ്റ് കാണല്‍ ആയിരുന്നു ..ഒട്ടോമന്‍ പാലസും സെന്റ്‌ സോഫിയ ചര്‍ച്ചും കൊളീഷ്യവും മുസിയവും ഒക്കെയായി മൂന്നാം ദിനവും കടന്നു പോയി. കടലിന്നടിയിലൂടെ അഞ്ചു കിലോമീറ്റര്‍ നീണ്ട ടണല്‍ യാത്ര സത്യത്തില്‍ കട്ട കളര്‍ഫുള്‍ സീനായിരുന്നു,, ഇത്രയും ടൈപ്പ് ചെയ്തു മടുത്തതുകൊണ്ടും അടിച്ച രണ്ടു പെഗ്ഗിന്റെ കിക്ക് ഇറങ്ങിയതിനാലും ഇനി കൂടുതല്‍ തള്ളുന്നില്ല..

തള്ളല്‍ നാലാം ദിനം…. നേരം വെളുത്തപ്പോള്‍ മുതല്‍ കോരിചൊരിയുന്ന മഴ.ഇന്ന് വൈകിട്ട് ഫ്ലൈറ്റ് ആയതിനാല്‍ വേറെ പ്രോഗ്രാം ഒന്നുമില്ല.രാവിലെ കാപ്പി കുടിച്ചു റൂമിലേക്ക്‌ പോകാന്‍ ലിഫ്റ്റില്‍ കയറിയപ്പോള്‍ ഏറ്റവും താഴത്തെ നിലയില്‍ മസ്സാജ് ആന്‍റ് സ്പാ ഉള്ളതായി കണ്ടു..ഈ സംഭവം ഇതുവരെ ചെയ്യാത്തതുകൊണ്ടും ചെയതവന്മാര്‍ വലിയ ഭീകര സീന്‍ ആയി ഇച്ചിരി ഇക്കിളി കഥകള്‍ ചേര്‍ത്ത് പറഞ്ഞത് കേട്ടിട്ടുള്ളതിനാലും പിന്നെ ഒന്നും നോക്കിയില്ല..നേരെ പോയി ഒന്നരമണിക്കൂര്‍ മാസ്സാജു ചെയ്തു..ജീന്‍സും ബനിയനും ധരിച്ച സുന്ദരിയായ ജോര്‍ജ്ജിയന്‍ ലേഡിയുടെ അതിഭീകരമായ മസ്സാജിംഗിനെക്കുറിച്ച് ഇവിടെ കൂടുതല്‍ വിവരിക്കാന്‍ ഞാന്‍ ശ്രമിക്കുന്നില്ല.ഭാര്യയും അമ്മായച്ചനും ഒരു സെക്രട്ടറിയേറ്റ് ജാഥക്കുള്ള അളിയന്മാരും ഫേസ്ബുക്കില്‍ ഉള്ളതുകൊണ്ടും അവര്‍ ഇത് വായിച്ചു ഡാര്‍ക്ക് സീന്‍ ഉണ്ടാക്കും എന്നുറപ്പ് ഉള്ളതുകൊണ്ടും മാസാജിങ്ങിനെക്കുറിച്ച് കൂടുതല്‍ അറിയേണ്ടവര്‍ക്കായി എന്റെ ഇന്ബോക്സിന്റെ ഇടതു സൈഡില്‍ വരിയായി നില്‍ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്..വേണ്ടവര്‍ ഉപയോഗിക്കുക…

പത്തു തുര്‍ക്കിഷ് ലിറയുടെ മെട്രോ കാര്‍ഡ്‌ വാങ്ങി ഞാനും സുഹൃത്തക്കളും ഇസ്തന്ബുള്ളിലെ ലാസ്റ്റ് പകല്‍ വരും നാളുകളിലെ നൊസ്റ്റാള്‍ജിയ ആക്കേണ്ടതിനു ബസും മെട്രോയും പിടിച്ചു തുര്‍ക്കിയുടെ അനേകം സമരമുഖങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തസ്കിം ചത്വരതിലെക്കും ഓര്‍മ്മകള്‍ക്ക് കളര്‍ സീന്‍ നല്‍കാന്‍ പ്രണയ കവിതപോലെ താളാത്മകമായി പെയ്തുകൊന്ടെയിരുന്ന മഴതുള്ളികള്‍ക്കിടയിലൂടെ കണ്ട മഴക്കാഴ്ച്ചകള്‍ ഒപ്പിയെടുത്തും നാലാം ദിനത്തെ യാത്രക്ക് വിരാമമിട്ടു.വൈകിട്ട് അഞ്ചരക്ക് തിരികെ എയര്‍പോര്‍ട്ടിലെക്കും പിന്നെ ദോഹക്കും.

ആകെ ചിലവ് (ദോഹയില്‍ നിന്ന് ) – വിസ+ഫ്ലൈറ്റ്+താമസം— 4500 ഖത്തര്‍ റിയാല്‍, കറന്‍സി- തുര്‍ക്കിഷ് ലിറ
ഭാഷ – അറബി, തുര്‍ക്കിഷ് …( കുറച്ചു ഗൈഡുകള്‍ മാത്രം ഇംഗ്ലീഷ് സംസാരിക്കും), ഇന്റര്‍ സിറ്റി യാത്ര—ബസ്, ട്രാംസ്/മെട്രോ,ഇലക്ട്രിക് കേബിള്‍ കാര്‍(യാത്രാ ചാര്‍ജ്ജു വളരെ കുറവ്).

വിസ പാസ്‌പോര്‍ട്ടില്‍ അടിച്ചിട്ട് പോകണം.usa,landon,schengen visa ഉള്ളവര്‍ക്ക് അഞ്ചു മിനിട്ടുകൊണ്ട് ഓണ്‍ ലൈന്‍ വിസ കിട്ടും.. യാത്രക്ക് പറ്റിയ ഏറ്റവും നല്ലസമയം- സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെ മഞ്ഞ് ആസ്വദിക്കാം.ബാക്കി മാസങ്ങളില്‍ മഞ്ഞില്ലാത്ത ഫ്രഷ്‌ ആയ തുര്‍ക്കിയും.. ഫുള്‍ തുര്‍ക്കി ട്രിപ്പ്‌ ആസ്വദിക്കെണ്ടവര്‍ ഏഴു ദിവസത്തെ ട്രിപ്പ് പ്ലാന്‍ ചെയ്യുക.. കാണേണ്ട മെയിന്‍ സ്ഥലങ്ങള്‍..— ഇസ്താന്‍ബുള്‍,ബാര്‍സ,കപ്പടൊക്കിയ, അങ്കാറ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply