ഉന്നത വിദ്യാഭ്യാസം, ഗവേഷണം മുതലായ മേഖലകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് സർവകലാശാല (ആംഗലേയം: University). വ്യത്യസ്ത മേഖലകളിൽ ബിരുദം നൽകുന്ന അക്കാദമിക് സ്ഥാപനമാണിത്. Universitas എന്ന ലാറ്റിൻ പദത്തിൽ നിന്നാണു University എന്ന പദത്ത്റ്റിന്റെ നിഷ്പത്തി. ഗുരുക്കന്മാരുടെയും പണ്ഡിതരുടെയും സമൂഹം എന്നാണ് ഇതിനർഥം.
കേരളത്തിലെ പ്രധാനപ്പെട്ട സർവകലാശാലകളെ അറിഞ്ഞിരിക്കാം..
കേരള സർവ്വകലാശാല : കേരള സംസ്ഥാനം രൂപവത്കരിക്കുന്നതിനും മുൻപ് 1937-ൽ രൂപീകൃതമായ ഒരു സർവ്വകലാശാലയാണ് കേരള സർവകലാശാല. ഇതാണ് കേരളത്തിലെ ആദ്യ സർവ്വകലാശാല.തിരുവിതാംകൂർ സർവകലാശാല എന്നായിരുന്നു ആദ്യനാമം. 1937ൽ സ്ഥാപിക്കപ്പെട്ടു. ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയായിരുന്നു ആദ്യത്തെ ചാൻസലർ. 1957ലാണ് കേരള സർവകലാശാല എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്. കർമണി വ്യജ്യതേ പ്രജ്ഞാ എന്ന സംസ്കൃതവാക്യമാണ് കേരള സർവകലാശാലയുടെ ആപ്തവാക്യം. വിഷ്ണുശർമന്റെ പഞ്ചതന്ത്രത്തിൽ നിന്നുമാണ് ഈ വാക്യം സ്വീകരിച്ചിരിക്കുന്നത്. “പ്രവൃത്തി പ്രജ്ഞയെ വ്യഞ്ജിപ്പിക്കുന്നു” എന്നാണ് ഈ വാക്യത്തിന്റെ അർഥം. ഒരാളിന്റെ പ്രവൃത്തി, സ്വഭാവം എന്നിവയിലൂടെ അയാളുടെ ബുദ്ധിയും വിവേകവും മനസ്സിലാക്കാം.
കാലിക്കറ്റ് സർവകലാശാല : കേരളത്തിലെ രണ്ടാമത്തെ സർവ്വകലാശാലയാണ് കോഴിക്കോട് സർവ്വകലാശാല. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്താണ് സർവ്വകലാശാലാ ആസ്ഥാനം. നിർമ്മായ കർമ്മണാ ശ്രീ എന്നതാണ് സർവ്വകലാശാലയുടെ ആദർശവാക്യം. സി. എച്ച്. മുഹമ്മദ് കോയയാണ് സർവ്വകലാശാല സ്ഥാപിക്കാൻ മുൻകൈയടുതത് അതിനാൽ ബഹുമാന സൂചകമായി സർവ്വകലാശാലയുടെ വായനശാലക്ക് അദ്ദേഹത്തിന്റെ പേര് നൽകിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ 70, തൃശ്ശൂർ ജില്ലയിലെ 68, മലപ്പുറം ജില്ലയിലെ 70, പാലക്കാട് ജില്ലയിലെ 43, വയനാട് ജില്ലയിലെ 11 കോളേജുകൾ ചേർന്ന് മൊത്തം 262 കോളേജുകൾ സർവ്വകലാശാലയോട് അഫിലിയേറ്റു ചെയ്തിരിക്കുന്നു. അവയിൽ 115 അർട്സ് ആന്റ് സയൻസ് കോളേജുകൾ, 53 ട്രെയ്നിംഗ് കോളേജുകൾ, 23 എഞ്ജിനിയറിംഗ് കോളേജുകൾ, 5 മെഡിക്കൽ കോളേജുകൾ, 4 ആയുർവേദ കോളേജുകൾ, 2 ലോ കോളേജുകൾ, 23 അറബി കോളേജുകൾ, ഒരു ഫൈൻ ആർട്സ് കോളേജ് ,16 നേഴ്സിംഗ് കോളേജുകൾ എന്നിവ ഉൾപ്പെടുന്നു.
കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി : കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി (CUSAT) 1971-ൽ കൊച്ചിയിൽ സ്ഥാപിക്കപ്പെട്ട ഒരു ഓട്ടോനോമസ് സർവ്വകലാശാലയാണ്. ഈ സർവ്വകലാശാലയ്ക്ക് കൊച്ചിയിൽ രണ്ടും, ആലപ്പുഴയിലെ കുട്ടനാട്ടിൽ ഒന്നും കാമ്പസുകൾ ഉണ്ട്. രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഈ സർവ്വകലാശാലയിൽ അദ്ധ്യയനം നടത്തുന്നു. ബിരുദാനന്തരബിരുദ പഠനത്തിനു മാത്രമായി ഒരു സർവ്വകലാശാല എന്ന കേരള നിയമസഭയുടെ തീരുമാനമാണ് 1971-ൽ ഈ സർവ്വകലാശാലയ്ക്ക് തുടക്കമിട്ടത്. സർവ്വകലാശാലയിലെ പ്രവേശനം വർഷാവർഷം നടത്തുന്ന പ്രവേശന പരീക്ഷ വഴിയാണ് നടത്തപ്പെടുന്നത്. ചില ബിരുദാനന്തര ബിരുദ കോഴ്സുകൾക്കായി അതാത് ഡിപ്പാർട്ടുമെന്റുകൾ അവരവരുടേതായ പ്രവേശന പരീക്ഷകളും നടത്താറുണ്ട്. എറണാകുളം ജില്ലയിലെ കളമശ്ശേരിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
മഹാത്മാഗാന്ധി സർവകലാശാല : മഹാത്മാഗാന്ധി സർവ്വകലാശാല അഥവാ എം.ജി.യൂനിവേഴ്സിറ്റി 1983 ഒക്ടോബർ 3-നാണ് സ്ഥാപിതമായത്. കോട്ടയമാണ് സർവ്വകലാശാലയുടെ ആസ്ഥാനം. ഈ സർവ്വകലാശാലയ്ക്ക് കീഴിൽ കേരളത്തിലെ അഞ്ച് ജില്ലകളിലായി 192 ആർട്സ് ആൻറ് സയൻസ് കോളേജുകളും, 3 മെഡിക്കൽ കോളേജുകളും, 22 എഞ്ചിനീയറിംഗ് കോളേജുകളും, 20 നഴ്സിങ് കോളേജുകളും, 7 ദന്തൽ കോളേജുകളും, 3 ആയുർവേദ കോളേജുകളും, 2 ഹോമിയൊ കോളേജുകളും, ഉണ്ട്. സർവ്വകലാശാല സ്വന്തമായി ഒരു എഞ്ചിനീയറിംഗ് കോളേജും, പാരാമെഡിക്കൽ കോഴ്സുകൾക്കായി കോളേജുകളും, ടീച്ചർ എഡുക്കേഷൻ കോളജുകളും നടത്തുന്നു. 11 സ്കൂളുകളിലായി വിവിധ ഗവേഷണങ്ങളും നടക്കുന്നു. ആയിരത്തിലധികം ഡോക്റ്ററേറ്റുകൾ ഇതിനോടകം നൽകിയിട്ടുണ്ട്[അവലംബം ആവശ്യമാണ്]. അക്കാദമിക് സെന്ററുകൾ – അഞ്ചു വർഷ വിവിധ സയൻസ് ശാഖകൾ ഏകോപിപ്പിച്ച എം എസ് പ്ലസ് ടു തലത്തിൽ വിജയിച്ചവർക്ക് . ഇംഗ്ലീഷ് ഭാഷാ ആശയ വിനിമയം. പരിസ്ഥിതി പഠനം. എംഎസ് നാനോ സയൻസ് കൂടാതെ പരിസ്ഥിതി പഠനം, ബയോമെഡിക്കൽ ഗവേഷണം, സോഷ്യൽ സയൻസ് മുതലായവയിൽ അന്തർ സർവ്വകലാശാല സെന്ററുകളും പ്രവർത്തിയ്ക്കുന്നു. മുൻ വർഷത്തെ പി. ജി പ്രവേശനം പോലെ യു .ജി പ്രവേശനവും ഈ വർഷം മുതൽ ഏക ജാലകം മുഖാന്തരം നടക്കുന്നു എന്നുള്ളതും എം ജി സർവ്വകലാശാലയുടെ പ്രത്യേകതയാണ്.
കേരള കാർഷിക സർവകലാശാല : കേരളത്തിലെ ഏക കാർഷിക സർവ്വകലാശാല, തൃശൂരിലെ വെള്ളാനിക്കരയിൽ സ്ഥിതി ചെയ്യുന്നു. കാർഷിക-അനുബന്ധ മേഖലകളായ വിളപരിപാലനം, വനപരിപാലനം തുടങ്ങിയ മേഖലകളിൽ കേരള സംസ്ഥാനത്തെ സുസ്ഥിര വികസനത്തിലേക്കുള്ള പാതയിലേക്കു നയിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ ഈ സർവ്വകലാശാല, പ്രസ്തുത മേഖലകളിൽ വിദ്യാഭ്യാസം, ഗവേഷണം, വിജ്ഞാനവ്യാപനം എന്നിവ കൈയ്യാളുന്നു.
കണ്ണൂർ സർവകലാശാല : കേരളത്തിലെ ഏഴാമത്തെ പൊതു സർവ്വകലാശാലയാണ് കണ്ണൂർ സർവ്വകലാശാല. കണ്ണൂർ നഗരത്തിലെ താവക്കര ആണ് കണ്ണൂർ സർവ്വകലാശാലയുടെ മുഖ്യ ആസ്ഥാനം. ഉത്തരമലബാറിലെ പാർശ്വവൽക്കരിക്കപ്പെട്ടിരുന്ന ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതിക്കായ് ഇന്നത്തെ കോഴിക്കോട് സർവ്വകലാശാല വിഭജിച്ച് “മലബാർ സർവ്വകലാശാല” എന്ന പേരിൽ പുതിയ ഒരു സർവ്വകലാശാല സ്ഥാപിക്കുവാൻ 1995 നവംബർ 9-ന് അന്നത്തെ കേരള ഗവർണറായിരുന്ന ബി. രാജയ്യ ഓർഡിനൻസ് ഇറക്കി കൊണ്ട് തുടങ്ങുന്നതാണ് “കണ്ണൂർ സർവ്വകലാശാലയുടെ” ചരിത്രം. കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ വിവിധ ക്യാമ്പസ്സുകൾ സ്ഥാപിതമാക്കി “Multi Campus” എന്ന അപൂർവ്വവും നൂതനവുമായ ആശയത്തിലധിഷ്ഠിതമാണ് സർവ്വകലാശാലയുടെ പ്രവർത്തന പന്ഥാവ്. തലശ്ശേരി, പയ്യന്നൂർ, മാങ്ങാട്ട്പറമ്പ്, നീലേശ്വരം, കാസർഗോഡ്, മാനന്തവാടി എന്നിവിടങ്ങളിലാണ് സർവ്വകലാശാലയുടെ ക്യാമ്പസുകൾ സ്ഥിതി ചെയ്യുന്നത്.
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല എറണാകുളം ജില്ലയിലെ കാലടിയിൽ പൂർണ്ണാനദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. പ്രമുഖ ദാർശനികനും സന്ന്യാസിയുമായിരുന്ന ആദി ശങ്കരാചാര്യരുടെ പേരിലുള്ള ഈ സർവകലാശാല 1993ലാണ് സ്ഥാപിതമായത്. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പ്രധാന ലക്ഷ്യങ്ങൾ സംസ്കൃതത്തിന്റെ വിവിധ ശാഖകൾ, ഭാരതസംസ്കാരം, ഭാരതീയ ഭാഷകൾ, ഭാരതീയ തത്വജ്ഞാനം, കല, വിദേശ ഭാഷകൾ, സാമൂഹ്യശാസ്ത്രം എന്നീ മേഖലകളിൽ വിജ്ഞാനം പകരുക എന്നതാണ്. കൂടാതെ സംസ്കൃതഭാഷയുടെ പഠനവും അതിലെ ഗവേഷണവും പ്രോത്സാഹിപ്പിക്കുക, സംസ്കൃതത്തെ പരിപോഷിപ്പിക്കുന്ന മറ്റു ഭാഷകളെ ദേശീയ-അന്തർദേശീയ തലങ്ങളിൽ അഭിവൃദ്ധിപ്പെടുത്തുക എന്നിവയും പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പെടുന്നു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സംസ്കൃതത്തിലും ഇതരഭാഷകളിലുമുള്ള രചനകൾ പ്രസിദ്ധീകരിക്കുകയും ഗ്രന്ഥങ്ങൾ ശേഖരിച്ച് സംരക്ഷിക്കുകയും ചെയ്യുന്നു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി : കോഴിക്കോട്ടെ ചാത്തമംഗലമാണ് ആസ്ഥാനം. സംസ്ഥാനത്തെ ആദ്യത്തെ കല്പിത സർവകലാശാലയാണിത്. 1961ല് ആർ.ഇ.സി എന്ന പേരിൽ നിലവിൽ വന്ന ഈ സ്ഥാപനത്തിന് 2003ലാണ് എൻ.ഐ.ടി. പദവി ലഭ്യമായത്.
കേരളകലാമണ്ഡലം : ഭാരതീയ നൃത്ത കലകൾ അഭ്യസിപ്പിക്കുന്ന ഒരു കലാലയമാണ് കേരളകലാമണ്ഡലം. പ്രത്യേകിച്ചും, കേരളത്തിൽ രൂപം കൊണ്ട കലകളാണ് ഇവിടെ അഭ്യസിപ്പിക്കുന്നത്. തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തി എന്ന ഗ്രാമത്തിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. ഇപ്പോൾ ഇത് ഒരു സ്വയം കല്പ്പിത സർവ്വകലാശാലയാണ്. 1930-ൽ വള്ളത്തോൾ നാരായണ മേനോനും മണക്കുളം മുകുന്ദ രാജയും ചേർന്നാണ് ഈ സ്ഥാപനത്തിന് രൂപം കൊടുത്തത്. കലാമണ്ഡലം, വിദ്യാർത്ഥികൾക്ക് കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, പഞ്ചവാദ്യം ഭരതനാട്യം എന്നീ കലകളിൽ ശിക്ഷണം കൊടുക്കുന്നു. പ്രാചീനഭാരതത്തിൽ നിലവിലുണ്ടായിരുന്ന ഗുരുകുല സമ്പ്രദായത്തിലാണ് ഇവിടെ അദ്ധ്യയനം നടക്കുന്നത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ കളരികൾ ഉണ്ട്. സ്വദേശികളും വിദേശികളുമടക്കം നിരവധി പേർ കലാമണ്ഡലത്തെയും കലകളേയും പറ്റി മനസ്സിലാക്കുന്നതിനും ഗവേഷണത്തിനുമായി ഇവിടെ എത്തുന്നുണ്ട്. വിവിധ കലകളെപറ്റി പൊതുജനങ്ങൾക്ക് മനസ്സിലാക്കുന്നതിനായി ഗുരുവിനൊപ്പം ഒരു ദിവസം എന്ന പരിപാടി തയ്യാറാക്കിയിട്ടുണ്ട്.
നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് : കേരളത്തിലെ ആദ്യത്തെ സ്വാശ്രയ സർവകലാശാലയാണിത്. 2005ല് സ്ഥാപിക്കപ്പെട്ടു. ആസ്ഥാനം കൊച്ചിയിലെ കലൂരിലാണ്.
ശ്രീ ചിത്തിരതിരുനാൾ ഇന്സ്റ്റിറ്റ്യൂട്ട് : 1974ൽ സ്ഥാപിതം. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്നു. തിരുവനന്തപുരമാണ് ആസ്ഥാനം. സർവകലാശാലയ്ക്കു സമാനമായ പദവി ഇതിനുണ്ട്.
കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാല : കേരളത്തിലെ വയനാട് ജില്ലയിലെ പൂക്കോട് സ്ഥിതി ചെയ്യുന്ന സർവ്വകലാശാലയാണ് കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാല. കേരള സർക്കാറിന് കീഴിൽ 2010-ലാണ് ഈ സർവകലാശാല ആരംഭിച്ചത്. 2013 ൽ ലോകത്തെ മികച്ച യൂണിവേഴ്സിറ്റികളുടെ ശൃംഖലയായ വേൾഡ് വൈഡ് യൂണിവേഴ്സിറ്റി നെറ്റ് വർക്കിൻറെ കീഴിൽ ഈ സർവ്വകലാലയെയും ഉൾപ്പെടുത്തി. സർവകാശാലക്ക് കീഴിലുള്ള തിരുവിഴാംകുന്നിലെ സ്ഥാപനത്തിനാണ് അന്താരാഷ്ട്ര ഗവേഷണ സ്ഥാപന പദവി ലഭിച്ചത്.
കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) : കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) 2010 നവംബർ 20 ന് തുടങ്ങിയ ഒരു ഓട്ടോണോമസ് സർക്കാർ സ്ഥാപനം ആണ്. രാജ്യത്തെ ആദ്യത്തെ ഫിഷറീസ് സർവകലാശാലയാണിത്. കൊച്ചിയിലെ പനങ്ങാട് എന്ന സ്ഥലത്താണ് കുഫോസിൻറെ ആസ്ഥാനം. ഫിഷറീസ്, സമുദ്ര ശാസ്ത്രം, തുടങ്ങിയ വിഷയങ്ങളിൽ കോഴ്സുകൾ നടത്തുന്നു. 75 ഏക്കർ ഉള്ള കാമ്പസ് ആണ് പനങ്ങാടുള്ളത്. പുതുവയ്പ്പിൽ 50 ഏക്കർ, തിരുവല്ലം, വിഴിഞ്ഞം എന്നിവിടങ്ങളിൽ 10 ഏക്കറും സ്വന്തമായുണ്ട്.
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് : കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (കുഹാസ്) 2010-ൽ ‘കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആക്റ്റ് 2010’ മൂലം സ്ഥാപിക്കപ്പെട്ട സർവ്വകലാശാല ആണ്. അലോപ്പതി, ഹോമിയോപ്പതി, ആയുർവേദം, സിദ്ധ, യോഗ, പ്രകൃതി ചികിത്സ, യുനാനി, തുടങ്ങിയ ആരോഗ്യ ശാസ്ത്രങ്ങളുടെ ചിട്ടയായ പഠനം, പരിശീലനം, ഗവേഷണം എന്നിവ ഉറപ്പു വരുത്താൻ വേണ്ടി സ്ഥാപിതമായി. തൃശ്ശൂരിൽ ആണ് ആസ്ഥാനം. ഇത് വരെ 249 കോളേജുകൾ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.