വിഴിഞ്ഞം കടൽത്തീരത്തിനു സമീപത്തായി ഒരു ചെറിയ കട അതാണ് നമ്മുടെ ഉസ്താദ് ഹോട്ടൽ. പല നാടുകളിൽ പല രുചികൾ തേടി ഉള്ള എന്റെ യാത്രയിൽ ഇന്നേവരെ എത്രയും സ്വാദിഷ്ടമായ കടൽ വിഭവങ്ങൾ കഴിക്കാൻ കഴിഞ്ഞിട്ടില്ല. അതും മറ്റെങ്ങും കിട്ടാത്ത മാന്യമായ വിലയിൽ. ‘ഉസ്താദ് ഹോട്ടൽ’ ഫിലിമിൽ കരീമിക്ക ഫൈസിയോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട് , “മോനെ തിന്നുന്നവന്റെ വയറു നിറക്കാൻ ആർക്കും പറ്റും, പക്ഷേ മനസ്സും നിറക്കണം” , അതാണ് വിഴിഞ്ഞത്തെ ഉസ്താദ് ഹോട്ടൽ.
ഒരു സുഹൃത്ത് പറഞ്ഞ അറിവിലാണ് ഉസ്താദ് ഹോട്ടൽ അന്വേഷിച്ചു കായംകുളത്തു നിന്നും രാത്രി 10 മണിക്ക് കൂട്ടുകാരായ അൻഷാ, ഇഞ്ചു എന്നിവരോടൊപ്പം പുറപ്പെടുന്നത്. രാത്രി 12 മണിക്കു വിഴിഞ്ഞം ഉസ്താദ് ഹോട്ടലിന്റെ മുന്നിൽ എത്തി. ഫുഡ് ഉണ്ടോ എന്ന് ചോദിച്ചപ്പോ എല്ലാം കഴിഞ്ഞു. ഇനി രാവിലെ 3.30 നു ഉള്ളു എന്ന് പറഞ്ഞത് കേട്ടപ്പോൾ എന്തെന്നില്ലാത്ത സങ്കടം. ഞങ്ങൾ വളരെ ദൂരെ നിന്നും ഈ ഹോട്ടലിലെ ഭക്ഷണം കഴിക്കാൻ വേണ്ടിമാത്രം വന്നതാണ് എന്ന് ഉടമയോടു പറഞ്ഞു.
ദയ തോന്നിയ ആ വലിയ മനുഷ്യൻ അവസാനം ഞങ്ങൾക്ക് ഭക്ഷണം തരാൻ തീരുമാനിച്ചു. കടയുടെ മുൻ വാതിൽ അടച്ചു ഞങ്ങൾക്ക് മുന്നിൽ വന്നു മീനുകളുടെ പേര് പറയാൻ തുടങ്ങി. കൊഞ്ച് പൊരിച്ചത്, നെന്മീന്, കല്ലുമ്മേക്കായി, കൂന്തൽ പൊരിച്ചത് കൂടെ ചൂട് അപ്പവും ഓര്‍ഡർ ചെയ്തു. വിഴിഞ്ഞം ഹാർബറിനു സമീപത്തു തന്നെ ആയതിനാൽ ഐസ് പോലും ഇടാത്ത പച്ചമൽസ്യങ്ങൾ ആണ് ഇവിടെ സ്വാദിഷ്ടമായ വിഭവങ്ങളായി ലഭിക്കുന്നത്.
അവിടെയുള്ള മീനുകളിൽ നമ്മൾ തിരഞ്ഞെടുക്കുന്ന മീൻ അപ്പോൾത്തന്നെ നമുക്കു പൊരിച്ചുതരുന്നു എന്ന ഒരു പ്രത്യേകത ആണ് മറ്റുകടകളിൽ നിന്നും വിഴിഞ്ഞം ഉസ്താദ് ഹോട്ടലിനെ വ്യത്യസ്തമാക്കുന്നത്. ഉണക്കമുളക് എണ്ണയിൽ വറുത്തു ചതച്ചാണ് ഇവിടെ മസാല ഉണ്ടാക്കുന്നത്. അതിനാൽ കറികള്‍ക്ക് ഒരു പ്രത്യേക രുചിയാണ്.
തിരുവനന്തപുരം പോകുന്നവർ തീർച്ചയായും വിഴിഞ്ഞം ഉസ്താദ് ഹോട്ടൽ പോകണം. അവിടുത്തെ രുചികൾ നിങ്ങളും കുടുബവും അറിയണം. ഗൂഗിൾ മാപ്പിൽ vizhinjam usthadu hotel എന്ന് search ചെയ്യുമ്പോള്‍ റൂട്ട് മാപ്പ് കിട്ടും. ഈ ഹോട്ടലിന്റെ പ്രവർത്തന സമയം രാവിലെ 3.30 മുതൽ രാത്രി 12 വരെയാണ്.
വിഴിഞ്ഞത്തെക്കുറിച്ച് : തിരുവനന്തപുരത്തെ വളരെ പ്രസിദ്ധമായ കടലോരപ്രദേശമാണ് വിഴിഞ്ഞം. ഈ പ്രദേശം കൂടുതലായി അറിയപ്പെടുന്നത് പുരാതന വാണിജ്യതുറമുഖമായ വിഴിഞ്ഞം തുറമുഖത്തിന്റെ പേരിലാണ്. നഗരത്തിൽ നിന്നും ഏകദേശം 17 കി.മീ. ദൂരത്തായി ഈ പ്രദേശം സ്ഥിതിചെയ്യുന്നു. കോവളത്തിനടുത്താണ് വിഴിഞ്ഞം.
കടപ്പാട് – സനു കായംകുളം.