കെഎസ്ആര്‍ടിസിയ്ക്ക് ഉഴവൂരിനോട് എന്തുകൊണ്ട് അവഗണന…?

കുറവിലങ്ങാട്: ഉഴവൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസുകളില്‍ ഭൂരിഭാഗവും സര്‍വ്വീസുകള്‍ നിര്‍ത്തിയത് ഈ മേഖലയില്‍ യാത്രക്ലേശത്തിന് ഇടയാക്കുന്നു.
നിരവധി വിദ്യാലയങ്ങളും കോളേജുകളും സ്ഥിതിചെയ്യുന്ന മേഖലയില്‍ രാവിലത്തെയും വൈകുന്നേരത്തെയും ബസുകളെ ആശ്രയിച്ചിരുന്ന വിദ്യാര്‍ത്ഥികളും തൊഴിലാളികളും ഇതോടെ യാത്രാ ക്ലേശത്തിലായി.

വൈകുന്നേരം നാലിനും ആറിനും ഇടയില്‍ ഉഴവൂര്‍ ഭാഗത്തുനിന്ന് പാലാ, കുറവിലങ്ങാട്, കൂത്താട്ടുകുളം പ്രദേശങ്ങളിലേക്ക് സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന ആറോളം സര്‍വ്വീസുകളാണ് നിര്‍ത്തിയത്.

വെളിയന്നൂര്‍, ഉഴവൂര്‍, കുര്യനാട് ദേശസാല്‍കൃത റൂട്ടില്‍ പ്രൈവറ്റ് ബസുകളും കുറവാണ്. ഈ റൂട്ടില്‍ കോട്ടയം, രാമപുരം, പാലാ, മോനിപ്പള്ളി, കോട്ടയം – വെളിയന്നൂര്‍, കോട്ടയം – ഉഴവൂര്‍, കോട്ടയം കുറിച്ചിത്താനം വഴി ഉഴവൂര്‍, തൊടുപുഴ ഉഴവൂര്‍, രാമപുരം വഴി ചേര്‍ത്തല, ഉഴവൂര്‍ മരങ്ങാട്ടുപള്ളി വഴി കോട്ടയം തുടങ്ങിയ ലാഭകരമായ പല സര്‍വ്വീസുകളും നിര്‍ത്തി.

എറണാകുളം- പാലാ റൂട്ടില്‍ ഉഴവൂര്‍ വഴി സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന സ്വകാര്യ ബസ് പെര്‍മിറ്റ് കെഎസ്ആര്‍ടിസി ഏറ്റെടുത്ത് സര്‍വ്വീസ് തുടങ്ങിയെങ്കിലും പല ദിവസങ്ങളിലും സര്‍വ്വീസ് മുടക്കം പതിവാണ്.

ഉഴവൂരില്‍ നിന്ന് വൈകുന്നേരങ്ങളില്‍ യാത്രചെയ്യേണ്ടവര്‍ ഓട്ടോറിക്ഷയില്‍ കുര്യനാട് എം.സി. റോഡില്‍ എത്തി വേണം ബസില്‍ യാത്ര ചെയ്യാന്‍. സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയ നടപടി കെഎസ്ആര്‍ടിസി പുനഃപരിശോധിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Source – http://www.janmabhumidaily.com/news724245

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply