‘ഖൽബകം മയക്കുന്ന ഖസബ്’ – UAE പ്രവാസികള്‍ക്ക് അവധികള്‍ ആഘോഷിക്കുവാന്‍ ഒരു വ്യത്യസ്തയിടം…

ജോലിദിനങ്ങൾ തന്നെ ‘അവധി’ എന്നതിനുള്ള കാത്തിരിപ്പാണ്. എത്ര മറവിക്കാരനും ഇനി വരാനിരിക്കുന്ന അവധിയുടെ തിയ്യതി മനസ്സിൽ മായാതെ സൂക്ഷിക്കും. UAE ഗവണ്മെന്റ് മിക്ക സമയത്തും പ്രത്യക അവധി ദിനങ്ങൾ വാരാന്ത്യ അവധിയുടെ കൂടെ ചേർത്തുവെക്കാൻ ശ്രമിക്കാറുണ്ട്, അങ്ങനെ കിട്ടുന്ന ഇടവേളകളാണ്‌ കുടുംബമായി താമസിക്കുന്നവർ ചെറിയ യാത്രകൾക്കായ് നീക്കിവെക്കാറുള്ളത്.അത് ചിലപ്പോൾ കടൽ കടന്ന് മറ്റ് രാജ്യങ്ങളിലേക്കോ ഭൂ മറ്റു വന്കരകളിലൊക്കെ ഒക്കെയാകാം …അതുമല്ലെങ്കിൽ തൊട്ടടുത്ത രാജ്യമായ ഒമാനിലേക്കോ , മണലാരുണ്യത്തിലെ കേരളം എന്ന് വിശേഷിപ്പിക്കുന്ന സലാലയിലേക്കോ ഏറ്റവും കുറഞ്ഞത് UAE തന്നെ അൽഐനിലെ ജബൽ ഹഫീത്ത് പർവതമുകളിലേക്കോ നിർബന്ധമായും പോകാൻ ശ്രമിക്കും.

UAE നിവാസികൾക്ക് അങ്ങനെയുള്ള അവധിക്കാലമാണ്‌ ഡിസംബറിന്റെ തുടക്കം. നവംബർ മുപ്പതിലെ രക്തസാക്ഷി ദിന അവധിയും ഡിസംബർ രണ്ടിലെ ദേശീയദിന അവധിയും, വാരാന്ത്യ അവധിയും കൂടിച്ചേർന്നു മിക്കവാറും മൂന്നോ അതിലധികമോ അവധികൾ ഒരുമിച്ച് കിട്ടുന്നു..അങ്ങനെയുള്ള ഈ കഴിഞ്ഞ അവധിദിനങ്ങളിലാണ് ഞങ്ങളുടെ ഖസബിലെക്കുള്ള യാത്ര. ജോലികഴിഞ്ഞ് വീട്ടിലെത്തിയാൽ മൊബൈലിന്റെ തടവറയിൽ അകപ്പെടുന്നവർക്കും, പ്രിയതമയോടും കുട്ടികളോടും , സുഹൃത്തുക്കളോടും അധികസമയം ചിലവഴിക്കാൻ കിട്ടുന്നില്ല എന്ന് തോന്നുന്നവരും ഇങ്ങനെയുള്ള ചെറിയ യാത്രകൾക്ക് സമയം കണ്ടെത്തുക.
ഈ യാത്രകൾ പ്രിയപെട്ടവരോട് ഒത്തിരിനേരം മനസ്സ് തുറന്നു സംസാരിക്കാനുള്ള അസുലഭ നിമിഷം സമ്മാനിക്കും , ക്ഷമയോടെ തന്നെ മാത്രം കേട്ടിരിക്കുന്ന ഭർത്താവോ കാമുകനോ ഏതൊരു സ്ത്രീക്കും സ്വപ്നത്തെക്കാൾ സുന്ദരമാണ് . മനസ്സിലെ പരിഭവങ്ങൾ ഇളം കാറ്റിനൊപ്പം യാത്രയാകട്ടെ …അവിടം പരസ്പരമുള്ള സ്നേഹത്തെ ,വിശ്വസത്തെ കുടിയിരുത്തുക …ഓരോ യാത്രയും ഇനിയങ്ങോട്ടുള്ള ജീവിതത്തിനൊരു കുളിർമഴയാകട്ടെ.

മുസാണ്ഡം ഒരു ഉപദ്വീപാണ്, ആ പ്രവിശ്യയുടെ തലസ്ഥാനമാണ് ‘ഖസബ്’…
ഒമാൻ എന്ന രാജ്യത്തിന്റെ ഭാഗമായ എന്നാൽ ഒമാനിന്റെ മറ്റു ഭൂപ്രദേശങ്ങളുമായി ബന്ധമില്ലാത്ത UAE യുടെ റാസൽ ഖൈമയോട് ചേർന്ന് നിലകൊള്ളുന്ന അൽഹജർ പർവ്വത നിരകളാൽ സമ്പുഷ്ടമായ ഒരു പ്രദേശം. ഏകദേശം നമ്മുടെ കാസര്കോട് ജില്ലയോളം വലിപ്പം, മുപ്പത്തി അയ്യായിരത്തിനടുത്ത് ജനസംഖ്യ, അറബിയും ഹിന്ദിയും മുഖ്യഭാഷ, ഒമാൻ റിയാലാണ് കറൻസി എങ്കിലും UAE ദിർഹം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. മത്സ്യബന്ധനവും അതിനോട് ബന്ധപ്പെട്ട കച്ചവടവും മറ്റും ഉപജീവനമാർഗമാക്കിയ തദ്ദേശവാസികൾ, കൂടെ മുസണ്ഡം പ്രവിശ്യയിലെ സർക്കാർ ഉദ്ദ്യോഗസ്ഥർ , കച്ചവടവും മറ്റു തൊഴിൽ മേഖലകളിലും വ്യപൃതരായി ജീവിക്കുന്ന ഇന്ത്യ, പാക്കിസ്ഥാൻ , ബംഗ്‌ളാദേശ് തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികൾ , അതിസുന്ദരവും ശാന്തവും ജീവിക്കാൻ താരതമ്യനെ ചെലവ് കുറഞ്ഞതുമായ പ്രദേശം ഇതൊക്കെയാണ് ഖസബ്.

റാസൽഖൈമയിലെ UAE യുടെ അതിർത്തിയായ അൽധാരവഴി, മസ്കറ്റിൽനിന്നും വിമാന മാർഗമോ ഫെറിമാർഗമോ കസബിലെത്താവുന്നതാണ്. വിമാനത്തിന് മുപ്പതു ഒമാൻ റിയാലും , ഫെറിക്ക് മൂന്നു മുതൽ 12 ഒമാൻ റിയാൽ വരെയും ചിലവാകാം. വലിയ വിനോദ സഞ്ചാര കേന്ദ്രം എന്നതിൽ നിന്നുമാറി രണ്ടോ മൂന്നോ ദിനങ്ങളുള്ള ഒരു വാരാന്ത്യ അവധിചിലവഴിക്കാൻ ഉതകുന്ന UAE ക്കാർക്ക് അനിയോജ്യമായ പ്രദേശമാണിത്. എന്റെ പ്രിയപ്പെട്ടവർ കുടുംബമായി കസബിൽ താമസിക്കുന്നതുകൊണ്ടു ഞാനിവിടെ പലതവണ വന്നിട്ടുണ്ട്. UAE യോട് ചേർന്ന് നിൽക്കുന്ന, ദുബായിൽനിന്നു രണ്ടു മണിക്കൂർ ഡ്രൈവ് അകലത്തിൽ മാത്രം സ്ഥിതിചെയ്യുന്ന പ്രദേശമായിട്ടുപോലും വലിയതോതിൽ ആളുകൾ സന്ദർശിക്കാതിരിക്കാനുള്ള പ്രധാന കാരണം മറ്റൊരു രാജ്യം സന്ദർശിക്കുന്നതിനുള്ള വിസ നടപടികൾ പൂർത്തിയാക്കേണ്ടതുകൊണ്ടാണ് . വിസയേയും മറ്റുനടപടികളെ കുറിച്ചും വഴിയെ പറയാം.

ദുബായിലെ അൽഖുസൈസിൽനിന്ന് അതിരാവിലെ 4.30 നാണ് ഞങ്ങൾ യാത്ര തുടങ്ങുന്നത്. ഏകദേശം ആറുമണിയോടെ റാസൽഖൈമയിലുള്ള UAE യുടെ അതിർത്തിയിലെത്തി. പാസ്‌പോർട്ടുമായി കുടിയേറ്റ വകുപ്പിന്റെ കാര്യാലയത്തിലെത്തി രാജ്യത്തുനിന്ന് പുറത്തുകടക്കുന്ന നടപടികൾ പൂർത്തിയാക്കി. കരമാര്ഗം രാജ്യം വിടുന്നതുകൊണ്ടു ‘എക്സിറ് ഫീ’ ആയി ഒരു യാത്രക്കാരാണ് മുപ്പതു ദിർഹം നൽകണം. ശേഷം വാഹനമായി 200 മീറ്റർ അകലത്തിലുള്ള ഒമാൻ അതിർത്തിയിലെത്തുകയും വിസ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. UAE യിൽ മാനേജർ , പ്രഫഷണൽ വിസയുള്ളവർക്ക് ഓൺ അറൈവൽ വിസ ലഭ്യമാണ്, അഞ്ച് ഒമാൻ റിയാൽ അഥവാ അമ്പതു ദിർഹമാണ് 28 ദിവസം കാലാവധിയുള്ള വിസയുടെ ചെലവ്.

പണമിടപാടു കൾക്ക് പൊതുവിൽ ഇലക്ട്രോണിക് കാർഡുകളാണ് പ്രോത്സാഹിപ്പിക്കുന്നത്. പ്രഫഷണൽ വിസയല്ലാത്തവർക്ക് https://evisa.rop.gov.om/ ഈ സൈറ്റിൽ നിന്ന് ഓൺലൈനായി മണിക്കൂറുകൾക്കകം വിസയെടുക്കാവുന്നതാണ്.അതിനുള്ള ചിലവും അഞ്ച് ഒമാൻ റിയാലാണ്.
യാത്ര ചെയ്യുന്ന വാഹനത്തിന്റെ ഉടമ കൂടെയുണ്ടാകണമെന്നും വാഹനത്തിന്റെ ഇൻഷൂറൻസ് പരിധി ഒമാൻ ഭൂപ്രദേശം കൂടെ ഉൾപെട്ടിരിക്കണമെന്നും നിര്ബന്ധമാണ് , അല്ലാത്തപക്ഷം അതിർത്തിയിൽനിന്നു യാത്രചെയ്യുന്ന ദിവസത്തിനുമാത്രമായി ഇൻഷൂറൻസ് എടുക്കാനുള്ള സൗകര്യം ലഭ്യമാണ്. അവധി ദിവസത്തിലാണ് നിങ്ങളുടെ യാത്രയെങ്കിൽ അതിരാവിലെ അതിർത്തിയിലെത്തിയാൽ വളരെ വേഗത്തിൽ വിസനടപടികൾ പൂർത്തിയാക്കാം അല്ലെങ്കിൽ വലിയ തിരക്ക് അനുഭവപ്പെട്ടേക്കാം.

ഒമാൻ വിസ പാസ്‌പോർട്ടിൽ പതിച്ച് ഞങ്ങൾ യാത്ര തുടങ്ങി.കടൽ ഞങ്ങളെ കാത്തിരിക്കുന്നു , കസബിലെ മുഖ്യ ആകർഷണം ഇനിയങ്ങോട്ടുള്ള യാത്രയാണ്. വാഹനത്തിന്റെ വാതായനങ്ങൾ താഴ്ത്തിവെച്ച് ചെറിയ വേഗതയിൽ കടലിനോടും കാറ്റിനോടും കിന്നാരം പറഞ്ഞു ഞങ്ങൾ പതുക്കെ മുന്പോട്ടുപോയികൊണ്ടിരുന്നു. വലതുഭാഗത്ത് ആകാശം മുട്ടിനിൽക്കുന്ന മൺപുറ്റുകളെന്നു തോന്നിക്കുന്ന മലനിരകൾ , ഇടതുഭാഗത്ത് നീലനിറത്തിൽ നീണ്ടുകിടക്കുന്ന കടലോരം. കാണുന്ന തീരത്തെല്ലാം കാർ നിർത്തി കടലിനോട് സല്ലപിക്കാൻ സമയം കണ്ടെത്തി. വളരെ ഉറഞ്ഞു കിടക്കുന്നപോലെ തോന്നിയ കടലോരത്തേക്ക് വണ്ടിയിറക്കിയ ഞങ്ങളുടെ കാർ മണലിൽ താണു. ഒത്തിരി ശ്രമിച്ചിട്ടും പുറത്തെടുക്കാൻ കഴിയാതെ നിൽക്കുമ്പോഴാണ് ആ വഴി വന്ന ഒമാനി സുഹൃത്തുക്കൾ തുണയായത്. അവരുടെ വാഹനത്തിൽ കെട്ടിവലിച്ചാണ് കാർ കടൽത്തീരത്തുനിന്നും റോഡിലെത്തിച്ചത്.

കടൽത്തീരം വളരെ വൃത്തിയുള്ളതാണ് , ഒരു തരത്തിലുള്ള മാലിന്യങ്ങളും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല. കാലുകളെ കാലുറകളുടെ കാരാഗ്രഹത്തിൽനിന്നും മോചിപ്പിച്ചു അവ നനുത്ത മണല്തരികളോട് തന്റെ ‘പ്രണയം’ വെളിപ്പെടുത്തി. വളരെ നാളേക്കുശേഷം കണ്ടുമുട്ടുന്ന കളികൂട്ടുകാരെ പോലെ അവർ പരസ്പരം കളിച്ചും ചിരിച്ചും സ്നേഹിച്ചും ഒന്ന് മറ്റൊന്നിൽ അലിഞ്ഞുചേർന്നു. ഈ വഴി അരമണിക്കൂറോളം സഞ്ചരിച്ചാൽ കസബ് പട്ടണത്തിലെത്തിച്ചേരാം.
വൈകുന്നേരങ്ങളിലോ അതിരാവിലെയോ വേണം ഈ വഴിയുള്ള യാത്ര തിരഞ്ഞടുക്കാൻ, എന്നാലേ പൂർണമായി ഈ യാത്രയുടെ സൗന്ദര്യം ആസ്വദിക്കാൻ കഴിയൂ.

അരമണിക്കൂറോളം മലകയറിയിറങ്ങിയുള്ള യാത്രക്കുശേഷം കടൽ തീരങ്ങളെ പിന്നിലാക്കി ഞങ്ങൾ കസബ് പട്ടണത്തിലെത്തിച്ചേർന്നു. സുൽത്താൻ കാബൂസ് മസ്ജിദ് തലയുയർത്തിനിൽക്കുന്നു. വെള്ളിയാഴ്ച ഒഴികെയുള്ള മറ്റുദിവസങ്ങളിൽ സന്ദർശകർക്ക് ഈ മസ്ജിദ് തുറന്നുകൊടുക്കുന്നു. അബുദാബിയിലെ ഷെയ്ക്ക് സായിദ് മസ്ജിദിലെല്ലാം പോയിട്ടുള്ളവർക്ക് ഇതൊരു വലിയ കഴ്ചയല്ല എന്നിരുന്നാലും യൂറോപ്പിൽ നിന്നുള്ള കപ്പൽ സഞ്ചാരികൾ കസബിലെത്തിയാൽ നിർബന്ധമായും സന്ദർശിക്കുന്ന ഒരു കേന്ദ്രമാണ് സുൽത്താൻ കാബൂസ് മസ്ജിദ്. ഇതിനു തൊട്ടുതന്നെയാണ് ഒമാൻ റോയൽ പോലീസിന്റെ കസബിലെ ആസ്ഥാനവും കസബ് വിമാനത്താവളവും. വിമാനത്താവളത്തോട് ചേർന്നാണ് എന്റെ മാമനും കുടുംബവും താമസിക്കുന്നത്. അവിടെയെത്തി ഇത്തിരി നേരം വിശ്രമിക്കുകയും പ്രഭാത ഭക്ഷണം കഴിക്കുകയും ചെയ്ത ഞങ്ങൾ ശേഷം കോർ അൽ നജദ് മലമുകൾ ലക്ഷ്യമാക്കി യാത്രതിരിച്ചു. ഏകദേശം ഇരുപതുമിനിട്ട് യാത്രയുണ്ട് അങ്ങോട്ടെത്തിച്ചേരാൻ.

അടിവാരത്തുനിന്ന് വളവും തിരിവുമുള്ള മൺപാതയിലൂടെ പതിനഞ്ചുമിനിറ്റ് യാത്രചെയ്തുഞങ്ങൾ മലമുകളിലെത്തി. ഈ മലമുകളിൽനിന്ന് താഴയുള്ള കടലിടുക്കിന്റെ ദൃശ്യവും ചുറ്റുമുള്ള ഹജർ പർവ്വതനിരകളും ഭംഗിയായി കാണാം. ഒരു ചിത്രകാരൻ കലാസൃഷ്ടി പോലെ താഴെ കടലിടുക്ക്. അനങ്ങാതെ കിടക്കുന്ന തിരകളൊട്ടുമില്ലാത്ത ഈ വെള്ളക്കെട്ട് കടലിന്റെ ഭാഗമാണ് എന്നുവിശ്വസിക്കാൻ പ്രയാസം. ഇത്തിരിനേരം മലമുകളിൾ കാഴ്ചകൾ കണ്ടഞങ്ങൾ മലയിറങ്ങി വെള്ളക്കെട്ടിനടുത്തേക്ക് പോകാൻ തീരുമാനിച്ചു. നീല നിറത്തിൽ ശുദ്ധമായ കടൽത്തീരം , ധാരാളംപേർ ഇവിടെ തമ്പടിച്ച് താമസിക്കുകയും ,ചെറിയ ബോട്ടിങ്ങും കായാക്കിങ്ങിലും ഏർപെട്ടുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ കാമറകണ്ണുകൾ തുരുതുരാ മിന്നിമറിഞ്ഞു.പീന്നീട് വന്നവഴി മലകയറിയിറങ്ങി താഴെയെത്തി. മലയിറങ്ങുമ്പോൾ ഒമാൻ പെട്രോളിയത്തിന്റെ റിഗ്ഗിന്റെ ഭാഗങ്ങളും തുരുമ്പിച്ച് നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഹെലികോപ്ടറിന്റെ ഭാഗങ്ങളും താഴെകാണാം.

പ്രധാന പാതയുടെ ഇടതുവശം ഇത്തിരിനേരം സഞ്ചരിച്ച ഞങ്ങൾ സൽ അലയിലെത്തി. മലഞ്ചെരുവിൽ കൂട്ടം കൂട്ടമായി നിൽക്കുന്ന അക്കേഷ്യാമരങ്ങൾ, അതിനു താഴെയും മരത്തിനു മുകളിലുമായി ധാരാളം ആട്ടിന്കൂട്ടങ്ങൾ. തൊട്ടടുത്ത് വിശ്രമിക്കാനും കുട്ടികൾക്ക് കളിക്കാനുമുള്ള ചെറിയ ഉദ്യാനം.പടർന്നു പന്തലിച്ച് വലിയ കുടപോലെ വിടർന്നു നിൽക്കുന്ന അക്കേഷ്യ മരങ്ങൾ മരുഭൂമിയിലെ മായാ കാഴ്ചയാണ്. സമയം രണ്ടു പിന്നിട്ടു. നല്ല കാറ്റും ചെറിയ ചൂടും അനുഭവപ്പെടുന്നു. കസബിൽ പൊതുവായി വരണ്ട കാലാവസ്ഥയാണ്. ചൂടാണെങ്കിൽ നല്ല ചൂടും തണുപ്പാണെങ്കിൽ നല്ല തണുപ്പും, തിരികെ കുടുംബ വീട്ടിലെത്തുകയും വിഭവ സമൃധ്ദ്ധമായ ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു.

അല്പനേരത്തെ വിശ്രമത്തിനൊടുവിൽ ഞങ്ങൾ കസബ് മീൻമാർകറ്റ് സന്ദർശിക്കാനിറങ്ങി. ഇത് കടലിനോട് ചേർന്നാണ് , ചെറുതും വലുതുമായ വള്ളങ്ങൾ , മീൻപിടിക്കാൻ ഉപയോഗിക്കുന്ന വലകളും ഇരുമ്പിന്റെ കുരുത്തിപോലത്തെ ഉപകരണങ്ങളും നടപ്പാതയുടെ വശങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ബോട്ടുകൾക്ക് ഇന്ധനം നിറക്കാനുള്ള ചെറിയ fuel station , ജങ്കാർ സർവ്വീസുകൾ , ബോട്ടുസവാരിക്കുള്ള സൗകര്യങ്ങൾ , സ്പീഡ്ബോട്ടുകൾ ഇതെല്ലാം ഇവിടെയുണ്ട്. ചെറിയ വിലക്ക് നല്ല ശുദ്ധമായ ഐസിടാത്ത മീൻ ഇവിടെ ലഭ്യമാണ്. കുറച്ചധികസമയം ഞങ്ങളിവിടെ ചുറ്റിക്കറങ്ങി, എന്റെ മകനും കൂടെയുള്ള സുഹൃത്തിന്റെ മകൾക്കും ഇതിൽ പലതും പുതിയ കാഴ്ചകളായിരുന്നു. തൊട്ടടുത്തായി ഹോർമുസ് കടലിടുക്ക്.

സൂര്യൻ പതിവിലും നേരത്തെ ഇന്നത്തേയ്ക്ക് യാത്ര ചോദിക്കാൻ തുടങ്ങി, വെളിച്ചം കുറഞ്ഞുവരികയും തണുപ്പ് കൂടിവരികയും ചെയ്തു. അവിടെനിന്ന് പത്തുമിനിറ്റോളം യാത്രചെയ്തു ഞങ്ങൾ ബസ്സ ബീച്ചിലെത്തി. മലയിടുക്കിലാണ് ബസ്സ ബീച്ച്. പ്രഭാതങ്ങളിൽ കടലിൽ കുളിക്കാനും , വൈകുന്നേരങ്ങളിൽ കുടുംബമായി വന്നിരുന്നു സൊറപറയാനും , രാത്രിയിൽ തമ്പടിച്ച് താമസിക്കാനും പറ്റിയ ഇടമാണ് ബസ്സ് ബീച്ച്. ധാരാളം ആളുകൾ തമ്പടിച്ച് താമസിക്കുന്നു. കുട്ടികൾക്ക് കളിക്കാനുള്ള ഉദ്യാനവും , പൊതു ശൗച്യാലയങ്ങളും കുടിവെള്ളവും ഇവിടെ ലഭ്യമാണ്.

കൂടെയുള്ള സുഹൃത്തിനും കുടുംബത്തിനും ഇന്നുതന്നെ തിരികെ പോകണം, ഞങ്ങളാകട്ടെ നാളെയാണ് പോകുന്നത്. അവരെ യാത്രയാക്കി സൂര്യസ്തമയത്തിനുശേഷം ഞങ്ങൾ തിരികെ മാമന്റെ വീട്ടിലെത്തി. കസബിൽ താമസിക്കാൻ ഒട്ടനവധി ഹോട്ടലുകൾ ലഭ്യമാണ്, കൂടാതെ വില്ലകളും മുറികളും പ്രതിദിന വാടകക്ക് ലഭിക്കുകയും ചെയുന്നു. മാർക്കറ്റില്‍ നിന്നും ഫ്രഷായി വാങ്ങി അറേബ്യൻ രീതിയിൽ ചുട്ടെടുത്ത മീനും റൊട്ടിയുമാണ് രാത്രിഭക്ഷണം. കസബിൽ വന്നാൽ തീർച്ചയായും ഇത് കഴിച്ചിരിക്കാൻ ശ്രമിക്കണം. മീൻ മാർക്കറ്റിനോട് ചേർന്ന് ഇങ്ങനെ മീൻ ചുട്ടുതരുന്ന നിരവധി കടകൾ കാണാം.

രാത്രി പതിവിലും നിശബ്ദമാണ് , കൺപോളകൾ ഒത്തിരിനേരം കാത്തിരിക്കാതെ അടഞ്ഞുതുടങ്ങി. രാവിലെ ബസ്സ ബീച്ചിൽ പോയികുളിച്ച ഞങ്ങൾ പ്രാഭാത ഭക്ഷണത്തിനുശേഷം ബോട്ട് യാത്രക്ക് തയ്യാറായി (Dhow Cruz ). ഒരു ദിവസം പൂർണമായോ , പകുതിയായോ , രാത്രിയായോ നിങ്ങൾക്കിഷ്ടം പോലെ ബോട്ടുയാത്ര തിരഞ്ഞെടുക്കാം.  ഓരോ യാത്രയ്ക്കും അതിന്റേതായ സൗന്ദര്യമുണ്ട്. കൂടാതെ വെള്ളത്തിലും കരയിലും ഒരുപോലെ സഞ്ചരിക്കുന്ന വാട്ടർ ബസ്സും കസബിൽ ലഭ്യമാണ്. രാവിലെ പത്തുമണിക്ക് പോയി ഉച്ചക്കുശേഷം മൂന്നുമണിയോടെ തിരികെയെത്തുന്ന ബോട്ടുയാത്രയാണ് ഞങ്ങൾ ബുക്ചെയ്തിട്ടുള്ളത് . ബോട്ടുയാത്ര ആരംഭിക്കുന്നത് കസബ് പോർട്ടിൽനിന്നോ മീൻമാർക്കറ്റിനടുത്ത് നിന്നോ ആയിരിക്കാം.

വിശാലമായ ബോട്ടാണ്. ഞങ്ങളെ കൂടാതെ പത്തിരുപത് യൂറോപ്യൻ കുടുംബങ്ങളുമുണ്ട് , കുട്ടികളാകട്ടെ life jacket , swim glass & swim dress , ear cap തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ കൂടെ കരുതിയിട്ടുണ്ട്. ബോട്ടു തീരം വിട്ടുതുടങ്ങി , ചെറിയ വേഗതയിൽ ഒഴുകി നടക്കുന്നു , അങ്ങകലെ മലനിരകളും മലമുകളിലെ ചെറിയ വീടുകളും , മലയിറങ്ങിവരുന്ന വാഹനങ്ങളും ഭംഗിയായി കാണാം. ചെറിയ ബോട്ടുകളും വലിയ ബോട്ടുകളും ഞങ്ങളുടെ ബോട്ടിനോട് തൊട്ടുരുമ്മി കടന്നു പോകുന്നു. അങ്ങകലെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ സഞ്ചാരം വ്യക്തമായി കാണാം.

ഹോർമുസ് കടലിടുക്ക് പ്രധാനപ്പെട്ടതും വളരെ തന്ത്രപരമായ ഇടനാഴിയുമാണ്. ഇതിനുതൊട്ടടുത്തതായി കസബിൽനിന്നും 54 കിലോമീറ്ററുകൾ മാത്രം അകലത്തിൽ ഇറാനാണ്. ലോകത്തിലെ മൊത്തം ചരക്കുഗതാഗതത്തിൽ 25 ശതമാനവും ലോകത്തിലെ എണ്ണവ്യാപാരത്തിന്റെ 35% വും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. ഇന്ത്യ , പാക്കിസ്ഥാൻ , ബംഗ്ലാദേശ് , ചൈന , കൊറിയ തുടങ്ങിയ രാജ്യങ്ങൾക്കെല്ലാം എണ്ണ വരുന്നത് ഇതുവഴിയാണ്. ഇറാനിൽ നിന്ന് കന്നുകാലികളുമായി നിരവധി ബോട്ടുകൾ കസബിലെത്തുകയും തിരിച്ചു കസബിലെ പഴയ മാർക്കറ്റില്നിന്നും സാധങ്ങൾ വാങ്ങി തിരികെ പോകുകയും ചെയ്യുന്നു.

ബോട്ടിൽ ചെറിയ ശീതളപാനീയങ്ങളും പഴങ്ങളും മതിവരുവോളം കഴിക്കാനുണ്ട് , ഏകദേശം ഒരുമണിക്കൂർ യാത്ര പിന്നിട്ട ബോട്ട് പതുക്കെ നിർത്തിയിട്ടു , ചുറ്റും മറ്റു ബോട്ടുകളും , കടലിലിറങ്ങേണ്ടവർക്കും നീന്തിക്കളിക്കേണ്ടവർക്കും അതിനുള്ള അവസരമാണ് ഇനി . ഈ യാത്രയുടെ മറ്റൊരാകർഷണം നീന്തിത്തുടിക്കുന്ന ഡോൾഫിൻ കുടുംബത്തെ കാണാം എന്നതാണ് , ഇതിനു തൊട്ടടുത്തായാണ് ടെലിഗ്രാഫ് ദ്വീപ് . നീന്തി അവിടേക്കു പോകേണ്ടവർക്കു അങ്ങനെയാകാം.

യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് ടെലിഗ്രാഫ് ബന്ധം സ്ഥാപിക്കുന്ന സമയത്ത് അതുകടന്നു പോകുന്ന വഴികളിൽ റീപ്പറുകൾ സ്ഥാപിച്ചിരുന്നു , അങ്ങനെ റീപ്പർ സ്ഥാപിച്ച ഒരു പ്രദേശമാണിത് , കാലക്രമേണ ഈ ദ്ദ്വീപ് ടെ ലിഗ്രാഫ് എന്നറിയപെട്ടു. life jacket ന്റെ സഹായത്താൽ ഇത്തിനേരം കടലിലിറങ്ങി കുളിക്കുകയും ഉള്ളിലെ ഭയം പുറത്തുകാണിക്കാതെ നീന്തി തുടിക്കുകയും ചെയ്തു. ബോട്ടിലെ ശീതളപാനിങ്ങളും പഴങ്ങളും വയറിന്റെ വിളിക്കുത്തരം നൽകി, ഏകദേശം നാലുമണിയോടെ ബോട്ടുയാത്രക്കുശേഷം തിരികെയെത്തി ദുബായിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തി.

ചരിത്രത്തിന്റെ പ്രയാണത്തിലും അറേബ്യൻ ജീവിതത്തിലും താല്പര്യമുള്ളവർക്ക് സന്ദർശിക്കാനുള്ള മറ്റൊരിടമാണ് കസബ് ഫോർട്ട്. പഴയകാല അറേബ്യൻ വീടുകളുടെ മാതൃകകളും വീട്ടുസാമഗ്രികളും അലങ്കാരവസ്തുക്കളും നിങ്ങൾക്കിവിടെ കാണാം.
ഒമാൻ ജനത ഇന്ത്യാക്കാരുമായി വളരെ സ്നേഹത്തിലും സൗഹൃദത്തിലും കഴിയുന്നവരാണ്. കടലോരത്തെ മണലിൽ വാഹനം താഴ്ന്നപ്പോൾ തന്റെ വാഹനം നിർത്തി ഞങ്ങളെ സഹായിക്കാൻ വരികയും കെട്ടിവലിക്കാനുള്ള കയർ തന്റെ വീട്ടിൽ പോയി എടുത്തുകൊണ്ടുവന്ന സഹോദരൻ , യാത്രക്കിടയിൽ രണ്ടിടത്ത് വഴിചോദിച്ചപ്പോൾ വഴിപറഞ്ഞു തരുന്നതിനു പകരം തന്റെ കൂടെ വരാൻ വരാൻ പറഞ്ഞു ലക്ഷ്യസ്ഥാനത്തെത്തിച്ച സുഹൃത്തുക്കൾ നിങ്ങളൊക്കെയാണ് ‘സ്നേഹമെന്ന’ പ്രതിഭാസത്തെ നിലനിർത്തുന്നത്.
യാത്ര അതിന്റെ മടക്കത്തിലാണ്. അസ്തമയത്തിന്റെ സൗന്ദര്യത്തിനെ കവച്ചുവെക്കുന്നതൊന്നുമില്ല. സൂര്യൻ വീടണയുന്നതും നോക്കി ചന്ദ്രൻ എത്തിയിട്ടുണ്ട്. കടലിനോടും തിരമാലകളോടും യാത്രപറഞ്ഞില്ല ഇനിയും കണ്ടുമുട്ടാൻ ഇടയാകട്ടെ.

വരികളും ചിത്രങ്ങളും – മുഹമ്മദ്‌ ഷഫീര്‍.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply