കുഴിക്കു മുകളിൽ ടാർവീപ്പ വച്ച് അധികൃതർ മുങ്ങി; വണ്ടിയുമായി സർക്കസ് നടത്തി യാത്രികർ

മുളന്തുരുത്തി ∙ കുഴിക്കു മുകളിൽ ടാർവീപ്പ വച്ചു പൊതുമരാമത്ത് അധികൃതർ മുങ്ങി. വീപ്പയിൽ മുട്ടാതെ വാഹനം ഓടിച്ചു ബുദ്ധിമുട്ടി ജനങ്ങൾ. മുളന്തുരുത്തി – പാലസ് സ്‌ക്വയർ പൊതുമരാമത്ത് റോഡിൽ ഇഞ്ചിമല ജംക്‌ഷനിൽ ആണു കാനയിലെ സ്ലാബ് തകർന്നതിനെ തുടർന്നു വൻ ഗർത്തം രൂപപ്പെട്ടത്.

സ്ലാബ് തകർന്ന് ഒരാഴ്ച കഴിഞ്ഞു പൊതുമരാമത്ത് അധികൃതർ സ്ഥലത്തെത്തി. പ്രധാന റോഡായതിനാൽ ഉടൻ പ്രശ്‌നം പരിഹരിക്കണമെന്ന ജനപ്രതിനിധികളുടെ ആവശ്യത്തെ തുടർന്നാണ് അധികൃതർ എത്തിയത്. തകർന്ന സ്ലാബിനു പകരം മറ്റൊരെണ്ണം സ്ഥാപിക്കാനാണ് എത്തിയതെങ്കിലും വലുപ്പമില്ലാത്തതിനാൽ പദ്ധതി പാളി. അടുത്ത ദിവസം എത്താമെന്നു പറഞ്ഞു കുഴിക്കു മുകളിൽ ടാർവീപ്പ വച്ച് അധികൃതർ തടിതപ്പി.

ആഴ്ചകൾ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥരെ കാണാതായതോടെ നാട്ടുകാരും യാത്രക്കാരും വെട്ടിലായി. മുളന്തുരുത്തി – വെട്ടിക്കൽ റോഡിൽ നിന്നു പാലസ് സ്‌ക്വയറിലേക്കു തിരിയുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ വീപ്പയിലിടിക്കുന്ന അവസ്ഥയാണ്. വെട്ടിക്കൽ ഒഇഎൻ, അമ്പലമുകൾ ഐഒസി, എച്ച്ഒസി, കാക്കനാട് ഇൻഫോപാർക്ക് തുടങ്ങിയ കമ്പനികളിൽ ജോലി ചെയ്യുന്നവർ രാത്രിയിലും പകലും ആശ്രയിക്കുന്ന റോഡാണിത്.

രാത്രിയിൽ ഇരുചക്ര വാഹനത്തിൽ ജോലിക്കു പോകുന്നവർ അപകടത്തിൽ പെടാറുണ്ടെന്നു നാട്ടുകാർ പറയുന്നു. അപകട മുന്നറിയിപ്പു ബോർഡുകളോ റിഫ്ലക്ടറുകളോ വയ്ക്കാത്തതുമാണ് അപ്രതീക്ഷിതമായ അപകടങ്ങൾക്കു കാരണം. അപകടസാധ്യത ഏറിയതോടെ ഉടൻ സ്ലാബ് മാറ്റി സ്ഥാപിച്ചില്ലെങ്കിൽ പ്രതിഷേധ സമരവുമായി രംഗത്തു വരാനാണു നാട്ടുകാരുടെ തീരുമാനം.

© Manorama Online

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply