കണ്ണു കവർന്ന കാഴ്ചകൾക്കൊപ്പം മനസ്സ് നിറഞ്ഞ സൗഹൃദങ്ങൾ…

യാത്രാവിവരണം – Rinaz Bin Sathar, Photos : Shintil TK.

പതിവുപോലെ ഒരു പണിയും ഇല്ലാതെ വാട്സപ്പിൽ കുത്തിക്കൊണ്ട് ഇരിക്കുമ്പോഴാണ് ഷാന്റിലിന്റെ മെസ്സേജ് വരുന്നത്. ആലപ്പുഴ യൂണിറ്റിന്റെ റൈഡിന് വരുന്നോ എന്നായിരിന്നു ചോദ്യം. (എങ്ങോട്ടാണെന്നുള്ളത് വഴിയെ പറയാം). ക്യാഷ് എത്ര വേണം എന്ന് ഞാൻ തിരിച്ചും ചോതിച്ചു, ടിക്കറ്റ് എടുത്താൽ മതി ഫുഡ്‌ മേടിച്ചു തരാം എന്ന് മറുപടി കിട്ടേണ്ട താമസം കണ്ണും പൂട്ടി ഞാൻ സമ്മതം മൂളി. കണ്ണുര്ന്ന്‌ ശനിയാഴ്ച വൈകിട്ട് 7:30ന് ആണ് ട്രെയിൻ അപ്പോഴേക്ക് എത്തണം എന്നായിരുന്നു നിർദേശം.

ശനിയാഴ്ച 7:15ന് തന്നെ സ്റ്റേഷനിൽ എത്തി, അവിടെ ചെന്നപ്പോഴാണ് അറിഞ്ഞത് എന്റെ മാത്രം അല്ല അവന്റേം ടിക്കറ്റ്‌ ഞാൻ ആണ് എടുക്കണ്ടേ എന്ന്. അങ്ങനെ ടിക്കറ്റ്‌ എടുത്തു, അപ്പോഴാണ്‌ മറ്റൊരു കാര്യം അറിഞ്ഞത് ട്രെയിൻ 8:15 ന് ആണ്. ലേറ്റ് ആവാതിരിക്കാൻ കള്ളം പറഞ്ഞതാണത്രെ, എന്റെ കൃത്യനിഷ്ഠതയിൽ വിശ്വാസം ഇല്ലാത്ത തെണ്ടി. പൊണ്ടാട്ടിയോട് വഴക്കിട്ടു വീട്ടീന്ന് ഇറങ്ങിയത് കൊണ്ട് ആൾടെ മുഖത്ത് വരുമ്പോഴേ പവർകട്ടാണ്.
സ്ലീപ്പർ കംപാർട്മെന്റുകൾ മാറി മാറി കയറിയും, ജനറലിൽ നിന്നും തൂങ്ങിയും നിലത്ത് ഇരുന്നും ഒരുവിധം 5 മണിക്ക് കായംകുളം എത്തി, നമ്മളെ മച്ചാൻ Kiran Mohanന്റെ നാട്ടിൽ. ട്രെയിൻ ഇറങ്ങുമ്പോൾ കാറും കൊണ്ട് കാത്തിരിക്കും എന്ന് പറഞ്ഞ ആളെ ഫോണിൽ പോലും കിട്ടിയില്ല, ഒടുവിൽ കിട്ടിയപ്പോഴേക്ക് ആശാൻ വീട്ടിൽ പൂര ഒറക്കം. വരുന്നത് വരെ പിന്നെയും പോസ്റ്റ്‌. ഇതിനിടയിൽ ഒക്കെ മഴക്കാലത്തെ കറന്റ്‌കട്ട്‌ പോലെ ആയിരുന്നു ഷിന്റിലിന്റെ മുഖം.

അങ്ങനെ നമ്മുടെ മഹാൻ വന്ന് നമ്മളേം കൂട്ടി ഫുഡ്‌ വാങ്ങി തരാൻ എന്ന വ്യാചേന ഒരു ഹോട്ടലിൽ ചെന്ന് ഓരോ കോഫി തന്ന് പറ്റിച്ചു. പിന്നെ അവന്റെ വീടിന്റെ പറമ്പോളം കൊണ്ട് ചെന്ന് പുറത്ത് നിർത്തിച്ച് പിന്നേം പറ്റിച്ചു. അങ്ങനെ റൈഡിനുള്ള ഒരുക്കം തുടങ്ങി, സ്വന്തം വീടിന്റെ മതിൽ ചാടി വന്ന ഒരു പോലീസ് ചേട്ടൻ ഷിന്റിലിനുള്ള ബൈക്കും ഗിയറും കൊണ്ട് തന്നു. അവനെക്കാൾ മൂത്ത RX135 കണ്ടപ്പോഴേ അവന്റെ മുഖത്തെ ട്രാൻസ്‌ഫോർമർ അടിച്ചു.

ഒക്കെ റെടി ആക്കി സ്റ്റാർട്ടിങ് പോയിന്റ്‌ ആയ ഗോകുലം ഗ്രൗണ്ടിൽ എത്തി, നല്ലവരായ മെംബേർസ് ആരും തന്നെ എത്താത്തത് കൊണ്ട് അവിടേം നമ്മൾ തന്നെ ഫസ്റ്റ് എത്തി, പിന്നാലെ താടി വെച്ച ഒരു കള്ളനും. ഇത്തവണ ആള് കൃത്യസമയത്ത് ആണെങ്കിലും അങ്ങേർ ഒരാൾടെ കൃത്യനിഷ്ഠ കാരനായത്രേ കഴിഞ്ഞ റൈഡ് വൈകിയത് തന്നെ. അതികം വൈകാതെ തന്നെ ഒരമ്മ പെറ്റ രണ്ടു പരട്ടകളും, ഒരു ചക്കി ആൻഡ്‌ ചങ്കരൻ കപ്പിളും എത്തി. പെട്ടെന്ന് രണ്ടു ഫോട്ടവും, റൈഡിനും എന്റെ ചളിക്കും തുടക്കം കുറിച്ചു, നേരെ തൊടുപുഴ വെച്ചു പിടിച്ചു. തൊടുപുഴ എത്തുന്നേന് കുറച്ചു മുന്നേ വണ്ടി ഒതുക്കി കാത്തിരിപ്പായി, വീട്ടിൽ നിന്നും പള്ളീലേക്ക് ആണെന്നും പറഞ്ഞ് ചാടിയ 2 ഫ്രീക്കന്മാരെ.ആള് കൊറവാണേലും സംഭവം കളർ ആയി തൊടങ്ങി. എല്ലാരും കൂടി നേരെ ഒരു ഹോട്ടൽ പിടിച്ചു. ത്രിശൂർ നിന്നുള്ള ഒരു ഗേൾ റൈഡറും (കണ്ടിട്ട് ലേഡി റൈഡർ എന്ന് പറയാൻ തോന്നിയില്ല) ആൾടെ അനിയത്തി ഒരു ചിംട്ടും, വീട്ടീന്ന് കൂടെ വിട്ട ബോഡി ഗാർഡ് മ്യാമനും കൂടെ കൂടി.

ഹോട്ടലിൽ നിന്ന് വളരെ ലഖുവായി 6 പൊറോട്ടയും ബീഫും അടിച്ച് ടിക്കറ്റ് കാശ് ഞാൻ പകരം വീട്ടി.
അഞ്ചാമത്തെ പൊറോട്ട കീറാൻ തുടങ്ങിയപ്പോഴാണ് എണ്ണത്തിൽ പെടാത്ത രണ്ടെണ്ണം കേറി വന്നത്, നമ്മളെ മൊയലാളി Vibheeshും അടിമ AtHulും. സംഭവം സർപ്രൈസ് ആയിരുന്നെങ്കിലും നമ്മൾ കണ്ട ഭാവം നടിച്ചില്ല. വിശന്നു വന്ന അടിമ മുന്നിൽ കണ്ട പൊറോട്ട എടുത്ത്‌ തട്ടിയത് കൊണ്ടാണ് ഞാൻ 6ൽ നിർത്തേണ്ടി വന്നത്.

ആളും വണ്ടീം ഒക്കെ കൂടിയപ്പോഴേക്കും ഹരവും കയറി. യാത്രികന്റെ റൈഡുകളിലെ ഹൈലൈറ്റ് ആയ വെള്ളച്ചാട്ടം തന്നെ ആയിരുന്നു ആദ്യ ലക്‌ഷ്യം. വണ്ടികൾ ഇടുക്കി ജില്ലയിലെ തൊമ്മൻകുത്തിന് അടുത്തുള്ള ആനയടിക്കുത്ത് വെള്ളച്ചാട്ടം ലക്ഷ്യമാക്കി ഓടി. ലക്ഷ്യതോട് അടുക്കുംതോറും പാതയുടെ സൗന്ദര്യവും വർദ്ധിച്ചു, 11:30ന് സ്ഥലത്ത് എത്തി.

നല്ല കൂറ്റൻ പാറകൾ ആണ് നമ്മളെ വരവേറ്റത്, അതിൽ കോൺക്രീറ്റ് കൊണ്ട് സ്റ്റെപ് ഉണ്ടാക്കിയിട്ടുണ്ട് എങ്കിലും, നമ്മൾ ചിലർ പാറ വഴിയുള്ള കയറ്റം ആണ് തിരഞ്ഞെടുത്തത്. അതാണല്ലോ അതിന്റെ രസം. മുകളിൽ എത്തിയതും നല്ല കണ്ണ് മയക്കുന്ന കാഴ്ച പടുകൂറ്റൻ പാറകൾ, ഇടയിൽ വീതിയിൽ ഒരു വെള്ളച്ചാട്ടം, കാഴ്ച കണ്ട്‌ അതികം നിന്നില്ല, പെട്ടെന്ന് തന്നെ നിക്കറും ഇട്ട് വെള്ളത്തിൽ ചാടി നീരാട്ട് തുടങ്ങി ഷിന്റിലിന്റെ ഉള്ളിലെ ക്യാമറ മാൻ ആറാടി തുടങ്ങി. ഇനിയും സ്ഥലങ്ങൾ കാണാൻ ഉള്ളതു കൊണ്ട് കുറച്ചു ഗ്രൂപ്പ്‌ ഫോട്ടോസ് കൂടി എടുത്ത്‌ 1 മണിക്ക് തിരിച്ചു വിട്ടു, ഫുഡ്‌ അടി തന്നെ ലക്‌ഷ്യം, കുറച്ചു മുന്നോട്ട് എത്തിയപ്പോഴാണ് നമ്മളെ ഫോട്ടോഗ്രാഫർ കൂടെ എത്തിയില്ല എന്ന് മനസ്സിലായത്, അവനെ തേടി പോയ മൊയലാളിയും അടിമയും മിസ്സിംഗ്‌.

പിന്നാലെ പോയ ഞാനും കിരണും നല്ല കാഴ്ച ആയ്ര്ന്നു കണ്ടേ, RX ന്റെ കേബിൾ പൊട്ടി അണ്ടി പോയ അണ്ണാനെ പോലെ നിക്കണ ഷിന്റിലും പൊട്ടൻ പൂരം കണ്ട പോലെ നിക്കണ വിഭീഷും അതുലും. സംഗതി മെനക്കേടാന്ന്‌ മനസിലായി. എന്നെ അവിടെ തട്ടി കിരൺനോട്‌ റൈഡ് തുടരാൻ പറഞ്ഞു. മനസ്സില്ലാമനസ്സോടെ അവൻ അത് കേട്ടു. അവിടുന്നും ഇവിടുന്നും ടൂൾസ് ഒക്കെ ഒപ്പിച്ച് സംഗതി നുമ്മ റെടി ആക്കി കത്തിച്ച് വിട്ട്. എല്ലാരും ബിരിയാണിലെ രണ്ടാമത്തെ പീസ്‌ കടിക്കുമ്പോഴേക് നമ്മൾ കൂടെ കൂടി. തന്ന സമയത്തിന് ഉള്ളിൽ ഞാൻ പരമാവതി ബിരിയാണി അകത്താക്കി, ഇനിയും പണി തരാൻ സാധ്യത ഉള്ള RX നെ അവിടെ ഒതുക്കി ബാക്കി വണ്ടികൾ വിട്ടു.

അടുത്ത സ്പോട്ട് ആയ ഇലവീഴാപൂഞ്ചിറയിലേക്ക്. കട്ട ഓഫ്‌റോഡും കിടിലം വ്യൂ പോയിന്റും ആയിരുന്നു നമ്മളേം കാത്ത് അവിടെ. ഓഫ്‌റോഡ്‌ കയറി തുടങ്ങിയപ്പോഴേക്കും മിക്ക വണ്ടികളും പണി മുടക്കി തുടങ്ങി, ലുട്ടാപ്പി കൂടിയ പോലെ ആയിരുന്നു കിരൺ, എന്നേം പിന്നിൽ ഇരുത്തി കുന്തം വിടണ പോലെ ശൂന്ന്‌ പറഞ്ഞായിരുന്നു പോക്ക്. പിന്നാലെ പിടിച്ച അഭി മ്മളെ ഗേൾ റൈഡർ വീഴൽ യജ്ഞം തുടങ്ങി. വീണിട്ടും ഒരു കൂസലും ഇല്ലാതെ എണീറ്റ് പൊടിയും തട്ടി പിന്നേം വണ്ടി എടുത്തോണ്ടുള്ള ആ പോക്കിന് ഒരു സെല്യൂട് കൊടുക്കാണ്ട് വയ്യ. പണിമുടക്കിയ ബൈക്കുകൾ കൂട്ടത്തിലെ പ്രഗത്ഭരായ റൈഡേഴ്‌സ് മുകളിൽ എത്തിച്ചു കൊടുത്തു. സഹായിക്കാൻ നിന്ന പ്രമുഖർ നടന്നും കയറി.

നമ്മളേം കാത്തിരുന്ന പോലെ ആയിരുന്നു കോടയുടെ വരവ് ചുറ്റും വന്ന് നമ്മളെ പൊതിയാൻ തുടങ്ങി, പൊതിഞ്ഞു മൂടുന്നതിന് മുന്നേ വ്യൂ പൊയന്റിൽ ചെന്ന്, താഴെ ഒരു ക്യാൻവാസിൽ പകർത്തിയതെന്നോണം ഭംഗിയുള്ള പുഴയും പ്രദേശവും കണ്ണ് നിറയെ കണ്ട്‌ ആസ്വതിച്ചു, അപ്പോഴേക്കും കോട മൂടിയിരുന്നു, കോടയുടെ മങ്ങിപ്പിൽ കുറച്ചു ഗ്രൂപ്പ്‌ ഫോട്ടോസും പകർത്തി നമ്മൾ യാത്ര തുടർന്നു, കണ്ണു മൂടിയ കോടയെ ഹെഡ് ലൈറ്റുകൾ കൊണ്ട് വകഞ്ഞു മാറ്റി മുന്നോട്ട് നീങ്ങി, അല്പം തിരക്കുണ്ട്, ഇരുട്ടുന്നതിന് മുൻപ് ഇല്ലിക്കൽകല്ല് കയറണം.

വലുതല്ലാത്ത സുന്ദരമായ ചുരം റോഡ്‌ ആയിരുന്നു അങ്ങോട്ടേക്ക്, പ്രതീക്ഷിച്ച സമയത്ത് തന്നെ കല്ലിന്റെ താഴ്വരയിൽ എത്തി. അവിടുന്ന് അങ്ങോട്ട്‌ ഇനി ജീപ്പ് സഫാരി ആണ്. വണ്ടികൾ ഒതുക്കി ടിക്കറ്റും എടുത്ത്‌ ജീപ്പും കാത്തു നിൽപ്പായി, പെട്ടെന്നാണ് കൂട്ടത്തിൽ ഒരു വിരുതൻ ബ്ലൂടൂത്ത് സ്പീക്കറിൽ പാട്ട് വെച്ചത്, എല്ലാവർക്കും കൂട്ടത്തോടെ ആവേശം കയറി. അപ്പോഴേക്കും ജീപ്പ് എത്തി. ഒരു ജീപ്പിൽ 10 പേർക്ക് കയറാം, നമ്മൾ 15 പേരുണ്ട്, എല്ലാവരും ഒരു ജീപ്പിൽ കയറാൻ തയ്യാർ. പക്ഷേ ലവന്മാർ സമ്മതിച്ചില്ല, നമ്മൾ 5 പേരെ വേറൊരു ജീപ്പിൽ കയറ്റി വിട്ടു, എങ്കിലും 2 ജീപ്പും ഒരുമിച്ചാണ് കയറിയത്. ഞാനും കിരണും ജീപ്പിന്റെ ഇരുവശങ്ങളിലും തൂങ്ങി പാട്ടും പാടി കാറ്റും കൊണ്ട് മേലോട്ട് കയറി. മുന്നിലെ ജീപീന്ന് അവന്മാരും തല്ല്കൊള്ളിത്തരം കാണിക്കുന്നുണ്ടായിരുന്നു. സംഭവം ചെറിയ ദൂരമേ ഉള്ളുവെങ്കിലും നല്ല പൊളി സഫാരി ആയിരുന്നു.

 

ജീപ്പ് ഇറങ്ങി നമ്മളെ വിരുതൻ വെച്ച പാട്ടിന് കൂടെ പാടി കൂട്ടത്തോടെ ചുവടും വെച്ച് മുകളിലോട്ട് കയറാൻ തുടങ്ങി. ഇടയിൽ വന്ന ഡപ്പാൻ കൂത്തിൽ മുകളിൽ എത്തിയത് അറിഞ്ഞില്ല. മുന്നിൽ അതാ ഒരുപാട് വട്ടം കാണണം കാണണം എന്ന് മനസ്സിനെ മോഹിപ്പിച്ച സാക്ഷാൽ ഇല്ലിക്കൽകല്ല്. ചുറ്റിലും വ്യൂ പോയിന്റുകളെ വെല്ലുന്ന കാഴ്ച, കാഴ്ചകൾക്ക്‌ മോഡി കൂട്ടാൻ കൂട്ടിനു കോടയും കൂടി ആയപ്പോ മനസ്സ് നിറഞ്ഞു. ഇരുട്ട് വീണു തുടങ്ങിയെങ്കിലും ഇറങ്ങാൻ മനസ്സു വന്നില്ല. ചിത്രങ്ങൾ പകർത്തുന്നതിനിടെ ഡ്രൈവർമാരുടെ നിര്ബന്ധത്തിന് വഴങ്ങി കല്ലിറങ്ങി. അവരെയും കുറ്റം പറയാൻ കഴിയില്ല, ഡ്യൂട്ടി കഴിഞ്ഞിട്ടും നമ്മൾക്ക് വേണ്ടി സമയം ചിലവഴിച്ചവരാണ്.

ഇനി തൊടുപുഴ ചെല്ലണം അവിടുന്ന് പിരിയണം. പുതിയ യാത്രയിൽ കൂട്ടു കൂടി, ഒറ്റ ദിവസം കൊണ്ട് എന്നും കൂടെ വേണം എന്ന് തോന്നിപ്പോവുന്ന സൗഹൃദം തന്ന എന്റെ ചളികൾ സഹിച്ചു ചിരിച്ചു തന്ന എന്റെ പുതിയ കൂട്ടുകാരോട്, എന്റെ പ്രിയ യാത്രികരോട്. വീണ്ടും കാണും എന്ന പ്രതീക്ഷയോടെ തൊടുപുഴയിൽ വെച്ച് തൽക്കാലം പിരിഞ്ഞു. 10:30ന് കായംകുളം എത്തേണ്ടത് കൊണ്ട്, RX കിരണിനെ ഏല്പിച്ച് അവന്റെ ബൈക്കും കൊണ്ട് നമ്മൾ വിട്ടു. സ്വന്തം വണ്ടി അല്ലാത്തത് കൊണ്ടാണോ അല്ല ഇനി എന്നോട് വല്ല ദേഷ്യവും ഉള്ളതു കൊണ്ടാണോ എന്നറിയില്ല. റോഡിലെ ഒറ്റ കുഴിയും ഒഴിവാക്കാതെ എല്ലാം തേടി പിടിച്ച് അതിൽ കൊണ്ട് ഇട്ട് ഷിന്റിൽ കഴിവ് തെളിയിച്ചു. എത്തി ടിക്കറ്റ്‌ വീണ്ടും ഞാൻ തന്നെ എടുത്തു, ഓരോ ഷവർമയും അടിച്ചു, അപ്പോഴേക്കും കിരണും അജയും എത്തി അവരെ ബൈക്കും ഏല്പ്പിച്ചു നമ്മൾ ട്രെയിൻ കയറി. റിസർവേഷൻ കിട്ടാത്തതു കൊണ്ട് വന്നതിനേക്കാൾ ദയനീയമായിരുന്നു മടക്ക യാത്ര.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply