വള്ളുവനാടിൻ്റെ സ്വന്തം മയിൽവാഹനം ട്രാൻസ്‌പോർട്ട് ബസ്സുകൾ…

കടപ്പാട് – ബസ് പ്രേമി (https://www.autoyas.com), Photos – Respective Owners, Bus Fans).

ഇത്രയും ആഢ്യമായ ഇത്രയും ഗംഭീരമായ ഒരു ബസ് സര്‍വ്വീസ് കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല! മയിൽവാഹനം..!! ആ പേര് കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേക ഫീൽ.., അല്ലേ..? മയിൽ പോയിട്ട് ഒരു മയിൽ‌പീലി പോലും വരാത്ത ഒരു ഗ്രാമത്തിലായിരുന്നു ജീവിതം ആരംഭിച്ചത്. അവിടേക്ക് ആകെ മൂന്നുനാലു ബസുകൾ മാത്രം.

തൊണ്ണൂറുകളുടെ അവസാനകാലഘട്ടത്തിലൊക്കെ പ്രൈവറ്റ് ബസ്‌ സമരം പൊളിയാറാകുമ്പോൾ പത്രത്തിൽ ഒരു വാർത്ത വരും, പാലക്കാട്‌ മയിൽവാഹനം ഗ്രൂപ്പിന്റെ വണ്ടികൾ ഓടിത്തുടങ്ങി. അതെ ഒരു ബസ്‌ സമരത്തെവരെ നിയന്ത്രിക്കാൻ കഴിവുള്ളവരായിരുന്നു മയിൽവാഹനം ഗ്രൂപ്പ്‌. ഇനി മയിൽവാഹനത്തിന്റെ കഥ പറയാം. സാക്ഷാൽ വേൽമുരുഗന്റെ മയിൽവാഹനത്തിന്റെ അല്ല..; പാലക്കാടിന്റെ സ്വന്തം, ചെമ്മരിക്കാട്ട് അച്ചായന്മാരുടെ മയിൽവാഹനത്തിന്റെ കഥ.

പണ്ട്.., ആയിരത്തി തൊള്ളായിരത്തി മുപ്പതുകളുടെ ആരംഭകാലം..!! അന്ന് കേരളം എന്ന് പറയുന്ന സംഭവം ഇല്ല. തിരുവതാംകൂർ, കൊച്ചി, കോഴിക്കോട് അങ്ങനെ നാട്ടുരാജ്യങ്ങൾ മാത്രം. പക്ഷേ ഒരു വശത്ത് ബ്രിട്ടിഷുകാർ നല്ല കട്ടക്ക് നിന്ന് നമ്മുടെ നാട്ടിൽ നിന്ന് അടിച്ചുമാറ്റാൻ പറ്റുന്നതൊക്കെ കടത്തി കൊണ്ടുപോകുന്നുണ്ട്. അവരെ ഓടിക്കാൻ ഒരു ഭാഗത്ത് സ്വതന്ത്രസമരം നടക്കുന്നു. പട്ടിണിയും പ്രാരാബ്ധവുമായി മധ്യതിരുവതാംകൂറിൽ നിന്ന് ക്രിസ്ത്യാനികൾ കൂട്ടത്തോടെ മലബാറിലേക്ക് കുടിയേറി കാടും മലയും വെട്ടിത്തെളിച്ചു പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്ന കാലം. ഈ കാലത്താണ് ഇപ്പോഴത്തെ പത്തനംതിട്ട ജില്ലയിൽ നിന്ന് CA മാത്യു എന്ന യുവകർഷകൻ മലബാറിലേക്ക് കുടിയേറുന്നത്. പാലക്കാട്‌ ജില്ലയിലെ ഷൊർണൂരിലേക്കാണ് അദ്ദേഹം വന്നത്.

ഷൊർണൂരിൽ എത്തിയ മാത്യുവിന് പുതിയൊരു ജീവിതമാർഗം കണ്ടെത്തേണ്ടത് അത്യാവശ്യം ആയിരുന്നു. ഡ്രൈവിംഗ് ലൈസെൻസ് ഉള്ളത് കൊണ്ട് ബസ് സർവീസ് തുടങ്ങാൻ അദ്ദേഹം തീരുമാനിച്ചു. നാട്ടിലെ പ്രമാണിയും മാത്യുവിന്റെ സുഹൃത്തുമായ മന്നത്ത് ഗോവിന്ദൻനായർ കുടിയേറ്റ കർഷകന്റെ പുതിയ സംരംഭത്തിന് സാമ്പത്തികമായും അല്ലെതെയുമുള്ള പൂർണ പിന്തുണ നൽകി. ക്രിസ്ത്യാനിയായ മാത്യുവിന്റെ ബസിന് മയിൽവാഹനം എന്ന് പേര് നിർദ്ദേശിച്ചത് മന്നത്ത് ഗോവിന്ദൻനായർ ആയിരുന്നു. അതിനും ഒരു കാരണം ഉണ്ടായിരുന്നു. ആ കാലത്ത് ബസ് സർവീസ് വളരെ അപൂർവം. കെഎസ്ആർടിസിയുടെ ആദ്യ രൂപം ആയ തിരുവതാംകൂർ ട്രാൻസ്‌പോർട് പോലും അന്ന് ജന്മമെടുത്തിട്ടില്ല.

ഇന്ന് ഹൈവേ ഭരിക്കുന്ന താരങ്ങൾ ബസുകൾ ആണെങ്കിൽ അന്നത്തെ താരരാജാക്കന്മാർ കാളവണ്ടികൾ ആയിരുന്നു. അപൂർവമായി കാറുകളും. തീവണ്ടി വരുന്നത് കണ്ടപ്പോൾ ഭൂതം എന്ന് പറഞ്ഞു പേടിച്ചോടിയ ധൈര്യശാലികളുടെ നാടാണ് നമ്മുടേത്. അപ്പോൾ ബസ് എന്ന ആശയം ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അത് മറികടക്കാൻ ആണ് തമിഴ്നാടിന്റെ ഭാഗമായ പാലക്കാട്ടെ ജനങ്ങളുടെ കൺകണ്ട ദൈവമായ പഴനിമുരുകന്റെ വാഹനത്തിന്റെ പേര് തന്നെ മാത്യുവിന്റെ ബസിനും ഗോവിന്ദൻ നായർ നൽകിയത്. പാലക്കാട് മാത്രമല്ല ഭാരതപ്പുഴക്ക് ഇപ്പുറത്ത് മലബാർ മേഖല മുഴുവൻ ബ്രിട്ടുഷുകാരുടെ മദ്രാസ് സ്റ്റേറ്റിന്റെ കീഴിൽ ആയിരുന്നു അന്ന്.

1935 മാർച്ച് മാസത്തിൽ ടാർ ചെയ്ത റോഡ് പോലും ഇല്ലാത്ത, നെൽവയലുകളും കരിമ്പനകളും അതിരിടുന്ന പാലക്കാട്ടെ ചെമ്മൺ പാതകളിലൂടെ പൊടി പറത്തിക്കൊണ്ട് മയിൽവാഹനത്തിന്റെ ആദ്യ ബസ് യാത്ര ആരംഭിച്ചു..! ബസ് എന്ന് പറഞ്ഞാൽ ഇപ്പോഴത്തെ ബസ് പോലെ ഒന്നും അല്ല. ആവി എൻജിൻ ഘടിപ്പിച്ച, മരത്തിൽ ഉണ്ടാക്കിയ ഒരു കരിവണ്ടി. സീറ്റിനു പകരം മരബെഞ്ചുകൾ. 8 പേർക്ക് ഇരിക്കാം. പ്രേത്യേക റൂട്ടും സമയവും ഒന്നും ഇല്ല. നാല് ‘ശില്ലി’ ആയിരുന്നു മിനിമം ചാർജ്. ഒരു ദിവസത്തെ കളക്ഷൻ പരമാവധി 8 മുതൽ 10 രൂപ വരെ. ബസ് പ്രവർത്തിപ്പിക്കാനും നല്ല ബുദ്ധിമുട്ട് ആയിരുന്നു. അതി രാവിലെ എഴുന്നേറ്റ് പുറപ്പെടുന്നതിന് 3 – 4 മണിക്കൂർ മുൻപ് വിറകും കരിയും കത്തിച്ച് ബാരലിലെ വെള്ളം ചൂടാക്കണം. ആളുകളെ കയറ്റാനും ഇറക്കാനും വണ്ടി നിർത്തിയാൽ ഡ്രൈവർ ഇറങ്ങി വീണ്ടും സ്റ്റാർട്ട് ആക്കണം. കയറ്റം വന്നാൽ യാത്രക്കാരും ഇറങ്ങി വണ്ടി തള്ളണം. വണ്ടി തള്ളാൻ മല്ലന്മാരെ ജീവനക്കാരായി നിയോഗിച്ചിട്ടുണ്ടായിരുന്നു എന്ന് പഴയ തലമുറ പറയുന്നു. അങ്ങനെയൊക്കെ ആയിരുന്നു ആദ്യകാല സർവീസ്.

പരിശ്രമവും ഭാഗ്യവും യാത്രക്കാരും പിന്തുണച്ചപ്പോൾ, ബസുകളുടെ എണ്ണം കൂടാൻ തുടങ്ങി. പക്ഷേ CA മാത്യുവിന്റെ അകാല മരണം കുടുംബത്തെ ദുഃഖത്തിലാഴ്ത്തി. CA മാത്യുവിന്റെ അഭാവത്തിൽ ഉണ്ടായ പ്രതിസന്ധി തരണം ചെയ്യാൻ സഹോദരങ്ങളായ CA എബ്രഹാം, CA ജോർജ്, CA തോമസ് എന്നിവർ ബസ് സർവീസിന്റെ നിയന്ത്രണം ഏറ്റെടുത്തു ഫീൽഡിലേക്ക് വന്നു. സഹോദരങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി മയിൽവാഹനം വളർന്നു. അത് പാലക്കാടും കഴിഞ്ഞു സമീപ ജില്ലകളായ മലപ്പുറം കോഴിക്കോട് തൃശൂർ എറണാകുളം വരെ എത്തി. ആവി യന്ത്രത്തിൽ നിന്ന് മാറി ഫാർഗോ, ബെൻസ്, ലെയ്ലാൻഡ്, ടാറ്റ, അശോക് ലെയ്ലാന്റ് അങ്ങനെ നൂതന എഞ്ചിനുകൾ യാത്രക്കാർക്ക് പരിചയപ്പെടുത്തി. സ്വന്തമായി വർക്ഷോപ്പും, ബോഡി നിർമാണ കേന്ദ്രവും, ടയർ റീസോളിങ്ങും, പെട്രോൾ പമ്പും ഒക്കെ മയിൽവാഹനത്തിനുണ്ടായിരുന്നു.

റോഡു പോലും ഇല്ലാതിരുന്ന വള്ളുവനാടൻ ഗ്രാമങ്ങളെ പാലക്കാട്, കോഴിക്കോട്, ഗുരുവായൂർ തുടങ്ങിയ പട്ടണങ്ങളുമായി ബന്ധിപ്പിച്ചായിരുന്നു മയിൽവാഹനത്തിന്റെ സർവീസുകൾ. പാലക്കാട്ടെ പല റൂട്ടുകളും മയിൽവാഹനം തെളിച്ചെടുത്തവയാണ്. പാലക്കാട് – കോഴിക്കോട്, പാലക്കാട് – ഗുരുവായൂർ, പട്ടാമ്പി – ചെർപ്പുളശ്ശേരി -മണ്ണാർക്കാട്, പട്ടാമ്പി – വളാഞ്ചേരി, മണ്ണാർക്കാട് -ആനക്കട്ടി തുടങ്ങിയ റൂട്ടുകൾ ഒക്കെ മയിൽവാഹനത്തിന്റെ കുത്തക ആയിരുന്നു. നല്ലൊരു റോഡുപോലും ഇല്ലാതിരുന്ന കാലത്ത് ദുർഘടമായ അട്ടപ്പാടി ചുരം കയറി ചെന്ന് ആനക്കട്ടി എന്ന കുഗ്രാമത്തെ പുറംലോകം ആയി ബന്ധിപ്പിച്ചത് മയിൽവാഹനം മാത്രമായിരുന്നു. അന്ന് ഒരു ആനവണ്ടിയെയും ആ വഴിക്ക് ആരും കണ്ടിരുന്നില്ല. ചുരം കയറി വരുന്ന വണ്ടികൾക്ക് എപ്പോഴും മെയ്ന്റനൻസ് ആവശ്യമുള്ളതിനാൽ മണ്ണാർക്കാടും ആനക്കട്ടിയിലും മയിൽവാഹനത്തിന് ഷെഡുകൾ ഉണ്ടായിരുന്നു. ആനക്കട്ടിക്ക് ഒമ്പതിൽ അധികം സർവിസുകൾ ഉണ്ടായിരുന്നു എന്നാണ് ഓർമ. പ്രദേശവാസികൾക്കും മയിൽവാഹനത്തിനോട് പ്രത്യേക സ്നേഹം ആയിരുന്നു. അനക്കട്ടിക്കുള്ള വണ്ടികൾ ഒരിക്കൽ വിറ്റു, എന്നാൽ അവരുടെ സർവീസിൽ തൃപ്തരല്ലാതിരുന്ന നാട്ടുകാർ അധികാരികൾക്ക് പരാതി നൽകുകയും അധികാരികളുടെ അഭ്യർത്ഥന മാനിച്ച് വണ്ടികൾ മയിൽവാഹനം തന്നെ തിരിച്ചെടുത്ത് സർവീസ് നടത്തുകയും ചെയ്തു എന്നൊരു കഥ ഉണ്ട്.

പാലക്കാട് ജില്ലക്ക് പുറത്ത് കോഴിക്കോട് – പാലക്കാട്, ഗുരുവായൂർ – പാലക്കാട്, കാടാമ്പുഴ, പട്ടാമ്പി, വളാഞ്ചേരി ഒക്കെയായിരുന്നു മയിൽവാഹനത്തിന്റെ കുത്തക റൂട്ടുകൾ. അതുകൊണ്ടു തന്നെ പാലക്കാട് – ഗുരുവായൂർ റൂട്ടിൽ പുതുതായി ബസ് ഇറക്കുവാൻ ആരും ധൈര്യപ്പെട്ടില്ല. കാരണം മുൻപിലും പിൻപിലും ഉള്ള ബസുകൾ മയിൽവാഹനം ആയിരിക്കും. ഒറ്റപ്പാലം – പട്ടാമ്പി സ്റ്റാന്റുകളിൽ ചെന്നാൽ ഓരോ അഞ്ചുമിനിറ്റിലും ഒരു മയിൽവാഹനം ബസ് കാണാൻ സാധിക്കുമായിരുന്നു. അത്രക്കായിരുന്നു മയിൽവാഹനത്തിന്റെ വണ്ടികൾ. “മയിൽവാഹനം ഇല്ലാത്ത പട്ടാമ്പി സ്റ്റാന്റുപോലെ” എന്നൊരു ചൊല്ലുപോലും വള്ളുവനാട്ടിൽ പ്രചാരത്തിലുണ്ട്.

കോഴിക്കോട് റൂട്ടിലും മയിൽവാഹനം ഉണ്ടാക്കിയ ചരിത്രം തിരുത്താൻ ഇന്നേവരെ ആർക്കും സാധിച്ചിട്ടില്ല. ഒരേസമയം മണ്ണാർക്കാട് വഴിയും ചെർപ്പുളശ്ശേരി വഴിയും പട്ടാമ്പി വളാഞ്ചേരി വഴിയും കോഴിക്കോട്ടേക്ക് പെർമിറ്റുണ്ടാക്കി ബസ് ഓടിക്കാൻ ഇതുവരെ മയിൽവാഹനത്തിനല്ലാതെ വേറെയാർക്കും, എന്തിന് കെഎസ്ആർടിസിക്ക് പോലും കഴിഞ്ഞിട്ടില്ല എന്ന് അറിയുക.

പ്രതാപകാലത്ത് കോഴിക്കോട് മൊഫ്യൂസിൽ സ്റ്റാൻഡിന്റെ കിഴക്കുവശത്ത് ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത് മയിൽവാഹനം ബസുകൾ ആയിരുന്നു. ഇരുപത്തഞ്ചിലധികം ബസുകൾ പാലക്കാട് – കോഴിക്കോട് റൂട്ടിൽ മയിൽവാഹനത്തിനുണ്ടായിരുന്നു. ഒരു പക്ഷേ കോഴിക്കോട് പാളയം സ്റ്റാൻഡിൽ നിന്നും മൊഫ്യൂസിൽ സ്റ്റാൻഡിൽ നിന്നും പാലക്കാട്ടേക്ക് സർവീസ് നടത്താൻ അവസരം കിട്ടിയ ഇപ്പോഴും ഉള്ള ഓപ്പറേറ്റർ മയിൽവാഹനം മാത്രമായിരിക്കും.

കോഴിക്കോടിന് പുറമെ എടത്തനാട്ടുകര – തൃശൂർ, എടത്തനാട്ടുകര – ഗുരുവായൂർ, വഴിക്കടവ് – തൃശൂർ, താമരശ്ശേരി – പാലക്കാട്, തൃശൂർ / ഗുരുവായൂർ – കോഴിക്കോട്, പാലക്കാട് – തൃശൂർ – എറണാകുളം, മണ്ണാർക്കാട് – എരുമേലി ഷൊർണൂർ – ചെർപ്പുളശ്ശേരി – കരുവാരക്കുണ്ട് തുടങ്ങിയവയായിരുന്നു പാലക്കാടിന് പുറത്തുള്ള മറ്റ്‌ റൂട്ടുകൾ. പാലക്കാട് – ആലത്തൂർ – തൃശൂർ റൂട്ടിൽ ഇതുവരെയും മയിൽവാഹനം കൈവെച്ചിട്ടില്ല എന്നത് ഒരു പ്രത്യേകത ആണ്.

വർഷങ്ങൾക്ക് ശേഷം മയിൽവാഹനം രണ്ട് സെക്ഷൻ ആയി. ബസുകൾ നീലയും പച്ചയും കളറിലും ചുവപ്പും ക്രീമും കളറിലുമായി മാറി. രണ്ട് സെക്ഷനും കൂടി 180-ൽ അധികം ബസുകൾ ഉണ്ടായിരുന്നു. ബസ് സർവീസിലെ “സർവീസ് ” എന്ന വാക്ക് പേരിൽ മാത്രം ഒതുക്കിയിരുന്നില്ല മയിൽവാഹനം. ഉൾപ്രദേശങ്ങളിലേക്ക് ലാഭ നഷ്ടങ്ങൾ നോക്കാതെയുള്ള പെർമിറ്റുകൾ ജനങ്ങളുടെ ഇടയിൽ മയിൽവാഹനത്തിന് വൻ സ്വീകാര്യത നൽകി. ഉൾഗ്രാമങ്ങളിലെക്കുള്ള ബസുകൾ ബ്രേക്ക് ഡൗണാകുകയോ അപകടത്തിൽപെടുകയോ ചെയ്ത് ട്രിപ്പ് മുടങ്ങുന്ന അവസ്ഥ വന്നാൽ ഉടൻ സ്പെയർ ബസ് വന്ന് സർവീസ് നടത്തുമായിരുന്നു. നിരവധി ബസുകൾ ഉള്ള ഒരു ഫ്‌ളീറ്റ് ഓണർ ആയിരുന്നു മയിൽവാഹനം.

ലാളിത്യം ആണ് മയിൽവാഹനം ബസുകളുടെ പ്രത്യേകത. വർണങ്ങൾ വാരി വിതറിയ പെയിന്റിംഗോ കളർ ലൈറ്റുകളോ ഒന്നും ഇല്ല. യാത്രക്കാരന് അത്യാവശ്യം വേണ്ട സൗകര്യങ്ങൾ മാത്രമേ ബസിൽ ഉണ്ടാകുള്ളൂ. സ്വന്തം ബോഡി നിർമാണം നിർത്തിയതിൽ പിന്നെ തമിഴ്നാട്ടിലെ കാരൂർ, പാലക്കാട്ടെ ലോക്കൽ ബോഡി നിർമാതാക്കൾ, ഷില്ലിബീർ തുടങ്ങിയവരുടെ അടുത്തുനിന്നാണ് ബോഡി ചെയ്യുന്നത്. സെക്കന്റ് ഹാൻഡ് ബസുകൾ വാങ്ങുന്ന പതിവ് മയിൽവാഹനത്തിനില്ല. പുതിയ ബസുകൾ വാങ്ങി 10 – 15 കൊല്ലം ഉപയോഗിച്ച ശേഷം വിൽക്കുക ആണ് പതിവ്. അതുപോലെ മിനിബസുകൾ, കട്ട് ചാസിസ് ബസുകൾ ഉപയോഗിക്കുന്ന പതിവും ഇല്ല. പണ്ട് അനക്കട്ടി പെർമിറ്റുകളിൽ മാത്രം ആണ് കട്ട് ചാസിസ് ബസ് ഉപയോഗിച്ചത്. ആഡംബരങ്ങളോ ആകർഷണങ്ങളോ ഇല്ലങ്കിലും മുടക്കം കൂടാതെ ഉള്ള സർവീസ്, ജീവനക്കാരുടെ ഹൃദ്യമായ പെരുമാറ്റം, സമയ കൃത്യത തുടങ്ങിയവ കാരണം യാത്രക്കാർക്ക് എന്നും പ്രിയപ്പെട്ടതരുന്നു മയിൽ. ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കുള്ള സൂപ്പർ ക്ലാസ് വണ്ടികളിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ കൊടുത്തിരുന്നു.

ഇടക്ക് പേരൊന്ന് മാറ്റാൻ മയിൽവാഹനം ശ്രമിച്ചിരുന്നു. ചെമ്മരിക്കാട്ട് മോട്ടോർ സർവീസ് എന്നതിന്റെ ചുരുക്കപ്പേരായ ‘CMS’ എന്നായിരുന്നു അത്. പക്ഷേ അധികം വൈകാതെ മയിൽവാഹനം എന്ന പേരിലേക്ക് തന്നെ തിരിച്ചു വന്നു. പല സിനിമകളിലും മയിൽവാഹനം ബസുകൾ അഭിനയിച്ചിട്ടുണ്ട്. ഗ്രാമങ്ങളുടെ പശ്ചാത്തലത്തിൽ ഉള്ള സിനിമകളാണ് അവയിൽ കൂടുതലും. പാലക്കാട് ടൗൺ സ്റ്റാൻഡിൽ പോയാലും സ്റ്റേഡിയം സ്റ്റാൻഡിൽ പോയാലും മുനിസിപ്പൽ സ്റ്റാൻഡിൽ പോയാലും മയിൽവാഹനം കാണാൻ കഴിയും. കാരണം ഓർഡിനറി മുതൽ ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് വരെയുള്ള വണ്ടികൾ മയിൽവാഹനത്തിന് ഉണ്ടായിരുന്നു.

അയ്യായിരം ആളുകൾക്ക് വരെ ജീവനോപാധിയായിരുന്ന തൊഴിലുടമ ആയിരുന്നു മയിൽവാഹനം കമ്പനി. സർക്കാർ ജോലിയെക്കാൾ വിശ്വാസവും ആയിരുന്നു തൊഴിലാളികൾക്ക്. ഈ അടുത്ത കാലം വരെ കെഎസ്ആർടിസിയിലെ പോലെ ചെക്കിങ് ഇൻസ്‌പെക്ടർമാർ ബസുകളിൽ ഉണ്ടായിരുന്നു.

8 പതിറ്റാണ്ട് കഴിഞ്ഞു. ഇനി ഒരു പുത്തൻ വണ്ടി ഇറക്കി കാലാവധി തീരുന്നതുവരെ ഓടിച്ചാൽ ഒരു ശതാബ്ദം (100 കൊല്ലം) ആകാറാകും മയിൽവാഹനം കമ്പനി. പക്ഷേ കാലത്തിന്റെ മാറ്റങ്ങൾ മയിൽവാഹനം കമ്പനിയെയും ബാധിച്ചു കഴിഞ്ഞു. ഉയർന്ന പ്രവർത്തനചിലവും സർക്കാരിന്റെ നയങ്ങളും കെഎസ്ആർടിസിയുടെ കടന്നുകയറ്റവും നാടകങ്ങളും തൊഴിലാളി സമരങ്ങളും കമ്പനിയെ നന്നായി ബാധിച്ചു. അത് മറ്റ്‌ ബിസിനെസ്സുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ കമ്പനിയെ പ്രേരിപ്പിച്ചു. പഴയ രണ്ട് തലമുറക്ക് ബസ് സർവീസിൽ ഉണ്ടായിരുന്ന താല്പര്യം പുതിയ തലമുറക്ക് ഇല്ലാതിരുന്നതും ഒരു കാരണമായി. അതോടെ മയിലുകൾ എണ്ണം കുറഞ്ഞു തുടങ്ങി.

കിട്ടിയ അവസരം മുതലെടുത്ത് പൊന്നും വിലകൊടുത്ത് മറ്റ് ഓപ്പറേറ്റർമാർ വണ്ടികൾ വാങ്ങി. ഒരു പ്രമുഖ ഓപ്പറേറ്ററുടെ 90% വണ്ടികളും മയിൽവാഹനം വിറ്റ വണ്ടികൾ ആണ്. അങ്ങനെ 180-ൽ പരം ബസുകൾ ഉണ്ടായിരുന്ന മയിൽവാഹനം വിരലിൽ എണ്ണാവുന്ന അവസ്ഥയിലെത്തി. അഞ്ചു സെക്ഷനിൽ രണ്ടെണ്ണം മുഴുവൻ വണ്ടികളും വിറ്റു. ഒരെണ്ണം ഏതാണ്ട് നിലച്ച അവസ്ഥ ആണ്. തൊഴിലാളികൾക്ക് സർവആനുകൂല്യങ്ങളും കൊടുത്ത് കമ്പനി പിരിച്ചു വിട്ടു. ഇപ്പോൾ പത്തിൽ താഴെ വണ്ടികൾ മാത്രം. ബസ് സർവീസ് കുറച്ചെങ്കിലും മറ്റു ബിസിനസുകളിൽ മയിൽവാഹനം താരമാണ്. കൃഷി ആവശ്യത്തിനുള്ള വിവിധ തരം ഉപകാരങ്ങൾ, ഗാർഹിക ആവശ്യത്തിനുള്ള ഇരുമ്പ് ചട്ടികൾ, പത്രങ്ങൾ മുതലായവ നിർമ്മിക്കുന്ന കേരളത്തിലെ അറിയപ്പെടുന്ന ബ്രാൻഡ് “മയൂര” മയിൽവാഹനം ഗ്രൂപ്പിന്റേതാണ്. പെട്രോൾ പമ്പ്, എസ്റ്റേറ്റുകൾ, കൺവെൻഷൻ സെന്റർ തുടങ്ങി വേറെയും ബിസിനെസ്സുകൾ ഉണ്ട്.

വള്ളുവനാട്ടിലെ കഴിഞ്ഞ രണ്ട് തലമുറയിൽ മയിൽവാഹനം ബസ് ഒരിക്കലെങ്കിലും ഉപയോഗിക്കാത്തവർ അപൂർവമായിരിക്കും. വള്ളുവനാടിന് മാത്രമല്ല മലബാറിന്., പ്രത്യേകിച്ച് പാലക്കാട്, മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലക്കാർക്ക് പറയാൻ ഉണ്ടാകും മയിൽവാഹനത്തിന്റെ വീരകഥകൾ. മയിൽവാഹനത്തിൽ തൊഴിലാളി സമരം നടന്നപ്പോൾ ഒറ്റപ്പാലവും പട്ടാമ്പിയും നിശ്ചലമായതും, സമരകാലത്ത് പറമ്പിൽ മയിൽവാഹനം ബസുകൾ എല്ലാം ഒരുമിച്ച് നിർത്തിയപ്പോൾ മലബാറിലെ ഒരു കെഎസ്ആർടിസി ഡിപ്പോയിൽ പോലും കാണാത്തത്ര വണ്ടികൾ കണ്ട് അമ്പരന്നതും ഒക്കെ അതിൽ ചിലതുമാത്രം.

നിലവിൽ കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഓപ്പറേറ്റർ മയിൽവാഹനം ആണ്. ഒറ്റപ്പാലം ആർ ടി ഓഫീസിൽ ചെന്നാൽ നിങ്ങൾക്ക് കാണാം,, തെക്കേ മലബാറിന്റെ പൊതുഗതാഗതത്തെ നിയന്ത്രിച്ച മയിൽവാഹനത്തിന്റ സ്ഥാപകരായ CA മാത്യു, CA ജോർജ്, CA തോമസ്, CA എബ്രഹാം എന്നിവരുടെ ഫോട്ടോയും മയിൽവാഹനത്തിന്റെ ലഘുചരിത്രവും നൽകി ആദരിച്ചിരിക്കുന്നത്.

ഇനി ഒരു തിരിച്ചുവരവുണ്ടാകുമോ എന്ന് ചോദിക്കുന്നവരോട്, ഇപ്പോൾ കയ്യിലുള്ള പെർമിറ്റുകളിൽ വണ്ടി ഇറക്കുകയാണെങ്കിൽ മലബാറിലെ ഏറ്റവും വലിയ ഓപ്പറേറ്റർ മയിൽവാഹനം ആകും. അത് ചെയ്യാൻ ഉള്ള ശേഷിയുമുണ്ട്… പക്ഷേ അത് ചെയ്യുമോ എന്ന് ചോദിച്ചാൽ..??? “ഇത് മയിൽവാഹനം ആണ് ഇവിടെ എന്തും സംഭവിക്കാം…!!!”

മയിൽവാഹനം ഓടിയ ചില പെർമിറ്റുകൾ : *1. പാലക്കാട് – കോഴിക്കോട്* *2. വാളയാർ – കോഴിക്കോട്* *3. ചിറ്റൂർ – കോഴിക്കോട്* *4. ഗോപാലപുരം – കോഴിക്കോട്* *5. കൊല്ലങ്കോട് – കോഴിക്കോട്* *6. മംഗലം ഡാം – കോഴിക്കോട്*
*7. വടക്കഞ്ചേരി – കോഴിക്കോട്* *8. നെന്മാറ – കോഴിക്കോട്* *9. പട്ടാമ്പി – പാലക്കാട് – കോഴിക്കോട്* *10. എലവഞ്ചേരി – കോഴിക്കോട്* *11. മംഗലംഡാം – പാലക്കാട് – കോഴിക്കോട്* *12. വാളയാർ – പാലക്കാട് – പട്ടാമ്പി – വളാഞ്ചേരി – കോഴിക്കോട്* *13. തൃശൂർ – ഗുരുവായൂർ – കോഴിക്കോട്* *14. വഴിക്കടവ് – തൃശൂർ* *15. ആനക്കട്ടി – ഷൊർണുർ*
*16. എടത്തനാട്ടുകര – തൃശൂർ* *17. എടത്തനാട്ടുകര – ഗുരുവായൂർ* *18. അനക്കട്ടി – തൃശൂർ* *19. എണ്ണപ്പാടം – തൃശൂർ*
*20. പാലക്കാട് – ഷൊർണൂർ – തൃശൂർ* *21. ഗുരുവായൂർ – പാലക്കാട്* *22. പുന്നയൂർക്കുളം – പാലക്കാട്* *23. പട്ടാമ്പി – പാലക്കാട്* *24. ഒറ്റപ്പാലം – പാലക്കാട്* *25. പുത്തൻപള്ളി – പാലക്കാട്* *26. വളാഞ്ചേരി – പാലക്കാട്* *27. ആനക്കട്ടി – പാലക്കാട്* *28. പൊന്നാനി – പാലക്കാട്* *29. ഷോളയൂർ – പാലക്കാട്* *30. താമരശ്ശേരി – പാലക്കാട്* *31. തിരൂർ – പാലക്കാട്* *32. കുത്താമ്പുള്ളി – പാലക്കാട്* *33. കാടാമ്പുഴ – പാലക്കാട്* *34. ഇരിങ്ങാട്ടിരി – പാലക്കാട്* *35. ചെർപ്പുളശ്ശേരി – പാലക്കാട്* *36. പരപ്പനങ്ങാടി – പാലക്കാട്* *37. കടലുണ്ടി – പാലക്കാട്* *38. പാണ്ടിക്കാട് – പാലക്കാട്*
*39. എലവഞ്ചേരി – കാടാമ്പുഴ* *40. ചിറ്റൂർ – കാടാമ്പുഴ* *41. ചൊറോട്ടൂർ – പെരിന്തൽമണ്ണ* *42. ഷൊർണുർ – പെരിന്തൽമണ്ണ* *43. കൊല്ലങ്കോട് – പട്ടാമ്പി* *44. കൊല്ലങ്കോട് – ആലത്തൂർ – ഷൊർണുർ* *45. പട്ടാമ്പി – വളാഞ്ചേരി*
*46. ചേലക്കര – കാടാമ്പുഴ* *47. ചെർപ്പുളശ്ശേരി – പട്ടാമ്പി* *48. പൊന്നാനി – ഷൊർണൂർ* *49. നെന്മാറ – പുത്തൻപള്ളി*
*50. കൊല്ലങ്കോട് – കൂറ്റനാട്* *51. കരുവാരക്കുണ്ട് – പട്ടാമ്പി* *52. വളാഞ്ചേരി – ഷൊർണൂർ* *53. ആലത്തൂർ – പൊന്നാനി* *54. എടത്തനാട്ടുകര – പട്ടാമ്പി – ഷൊർണുർ – കരുവാരക്കുണ്ട്* *55. അനക്കട്ടി – മണ്ണാർക്കാട്* *56. പെരിന്തൽമണ്ണ – ഗുരുവായൂർ* *57. മണ്ണാർക്കാട് – ഗുരുവായൂർ* *58. ഷൊർണൂർ – ഗുരുവായൂർ* *59. മീനാക്ഷിപുരം – ഗുരുവായൂർ* *60. ചളവറ – ഗുരുവായൂർ* *61. കല്ലടിക്കോട് – ഗുരുവായൂർ* *62. കോണിക്കഴി – ഗുരുവായൂർ*
*63. മണ്ണാർക്കാട് – എരുമേലി* *64. പാലക്കാട് – തൃശൂർ – എറണാകുളം* *65. നിലംബൂർ – എറണാകുളം*
*66. കോഴിക്കോട് – പെരിന്തൽമണ്ണ – ഗുരുവായൂർ* *67. പള്ളിപ്പുറം – പട്ടാമ്പി* *68. പള്ളിപ്പുറം – കാരക്കാട്*  *69. പള്ളിപ്പുറം – ഇരിങ്ങാട്ടിരി* *70. പള്ളിപ്പുറം – പാലക്കാട്* *71. പള്ളിപ്പുറം – ചെർപ്പുളശ്ശേരി* *72. പള്ളിപ്പുറം – തിരൂർ – ചമ്രവട്ടം*.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply