കെ.എസ്.ആര്‍.ടി.സി.യുടെ ടിക്കറ്റ് കരാര്‍; 35 കോടി അധികമെന്ന പരാതിയുമായി കെല്‍ട്രോണ്‍

കെ.എസ്.ആര്‍.ടി.സി.യുടെ പുതിയ ജി.പി.എസ്. അധിഷ്ഠിത ടിക്കറ്റ് മെഷീന്‍ കരാര്‍ കൂടുതല്‍ തുകയ്ക്ക് നല്‍കിയത് വിവാദമാവുന്നു. കുറഞ്ഞതുക സമര്‍പ്പിച്ച തങ്ങളെ മറികടന്ന് കരാര്‍ നല്‍കിയത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കെല്‍ട്രോണ്‍ പരാതിയുമായി രംഗത്തെത്തി. പരാതിലഭിച്ചെന്ന് ഗതാഗതമന്ത്രി സ്ഥിരീകരിച്ചു.

കോഴിക്കോട്ടെ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കാണ് കെ.എസ്.ആര്‍.ടി.സി. കരാര്‍ നല്‍കുന്നത്. പുതിയ ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റവും കംപ്യൂട്ടര്‍വത്കരണവും നടപ്പാക്കാനാണ് കരാര്‍. സൊസൈറ്റിക്ക് കരാര്‍നല്‍കിയതിലൂടെ കെ.എസ്.ആര്‍.ടി.സി.ക്ക് 35 കോടിയുടെ അധികബാധ്യതയുണ്ടാകും.

ബില്‍ഡ് ഓണ്‍ ഓപ്പറേഷന്‍ പ്രകാരം അഞ്ചുകൊല്ലത്തേക്കാണ് കരാര്‍. ടിക്കറ്റ് അടിസ്ഥാനത്തിലായിരുന്നു കരാര്‍തുക നിജപ്പെടുത്തല്‍. ഊരാളുങ്കല്‍ സൊസൈറ്റി ടിക്കറ്റ് ഒന്നിന് 25 പൈസ നിരക്കിലാണ് ക്വോട്ട് ചെയ്തത്. കെല്‍ട്രോണിന്റേത് 20 പൈസയോടടുത്തും. കെല്‍ട്രോണിനെ അപേക്ഷിച്ച് ഒരു വര്‍ഷത്തേക്ക് ഏഴുകോടി രൂപ കൂടുതലാണ് ഊരാളുങ്കല്‍ സൊസൈറ്റി സമര്‍പ്പിച്ച ടെന്‍ഡര്‍.

അഞ്ചുവര്‍ഷത്തേക്ക് കെല്‍ട്രോണിനെക്കാള്‍ 35 കോടി കൂടുതല്‍ ചോദിച്ച സൊസൈറ്റിക്ക് കരാര്‍ നല്‍കുന്നത് ഒഴിവാക്കണമെന്നാണ് കെല്‍ട്രോണിന്റെ ആവശ്യം. തത്സമയപരീക്ഷണത്തില്‍ കാണിച്ച മെഷീന്‍ അല്ല കെല്‍ട്രോണ്‍ ടെന്‍ഡറില്‍ വിശദീകരിച്ചിരിക്കുന്നതെന്നാണ് കെ.എസ്.ആര്‍.ടി.സി.യിലെ ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. നിയമപ്രകാരം ഒരാള്‍ മാത്രമേ ടെന്‍ഡറില്‍ അവശേഷിക്കുന്നുള്ളുവെങ്കില്‍ വീണ്ടും പുതിയ ടെന്‍ഡറുമായി പോകാന്‍ കഴിയുമെന്നും ചൂണ്ടിക്കാണിക്കുന്നു.

ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം ബസുകളില്‍ പ്രവര്‍ത്തിപ്പിക്കുന്നത് തത്സമയം പരീക്ഷിച്ചപ്പോള്‍ ടെന്‍ഡര്‍ നല്‍കിയിരുന്ന മൂന്ന് സ്ഥാപനങ്ങളും ആദ്യം പരാജയപ്പെട്ടു. രണ്ടാമത് അവസരം നല്‍കിയപ്പോള്‍ സി-ഡിറ്റ് വീണ്ടും പരാജയപ്പെടുകയും കെല്‍ട്രോണും ഊരാളുങ്കലും വിജയിച്ചെന്നും അധികൃതര്‍ പറയുന്നു.

കുറഞ്ഞ തുകയ്ക്ക് കരാര്‍ ചോദിച്ചിട്ടും കെല്‍ട്രോണിന് നല്‍കിയില്ല. തത്സമയപരീക്ഷണത്തില്‍ കാണിച്ച മെഷീന്‍ തന്നെയാണ് ടെന്‍ഡറിലും പറഞ്ഞിട്ടുള്ളത്. സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ കുറഞ്ഞതുകയാണ് പറഞ്ഞത്. ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

-കെല്‍ട്രോണ്‍ എം.ഡി. ടി.ആര്‍. ഹേമലത

കരാര്‍ സംബന്ധിച്ച പരാതി കിട്ടി. അന്തിമതീരുമാനമെടുത്തിട്ടില്ല. എല്ലാ ഫയലുകളും ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിശദമായി പഠിേച്ച അന്തിമതീരുമാനമെടുക്കൂ.

-ഗതാഗതമന്ത്രി തോമസ് ചാണ്ടി

കെല്‍ട്രോണ്‍ സാങ്കേതികപരിശോധനയില്‍ പരാജയപ്പെട്ടു. കെ.എസ്.ആര്‍.ടി.സി.യുടെ ഓണ്‍ൈലന്‍ ടിക്കറ്റ് സംവിധാനം കെല്‍ട്രോണിനെയാണ് ഏല്‍പ്പിച്ചിരുന്നത്. ടിക്കറ്റൊന്നിന് 15 രൂപ നിരക്കില്‍ ഈടാക്കുന്ന കെല്‍ട്രോണ്‍ ഈ കരാര്‍ ഊരാളുങ്കല്‍ സൊൈസറ്റിക്ക് മറിച്ചുകൊടുത്തത് അഞ്ചുരൂപ നിരക്കിലാണ്.

-കെ.എസ്.ആര്‍.ടി.സി. എം.ഡി. എം.ജി. രാജമാണിക്യം

ഊരാളുങ്കല്‍ സൊൈസറ്റി ഏറ്റെടുക്കുന്ന കരാറുകളില്‍ കള്ളത്തരം കാണിക്കാറില്ല. കരാര്‍ കിട്ടുന്നുവെങ്കില്‍ അത് സൊൈസറ്റിയുടെ മികവും അധികം ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തനവും കൊണ്ടാണ്. െസാൈസറ്റിയുടെ സുതാര്യമായ പ്രവര്‍ത്തനം എല്ലാവര്‍ക്കും അറിവുള്ളതാണ്.

-സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി

ഇന്റലിജന്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം

കെ.എസ്.ആര്‍.ടി.സി.യുടെ 95 ഡിപ്പോകളെയും തിരുവന്തപുരത്തെ ചീഫ് ഓഫീസുമായി ബന്ധിപ്പിക്കുന്ന സംവിധാനം. കൂടാതെ ജി.പി.എസ്. സഹായത്തോടെയുള്ള ഓട്ടോമേറ്റഡ് ടിക്കറ്റിങ് മെഷീന്‍ വഴി എത്ര ടിക്കറ്റ് കൊടുത്തു, കണ്ടക്ടര്‍ എന്തുചെയ്യുന്നു, ബസിന്റെ പോക്ക് എങ്ങനെ എന്നൊക്കെ കൃത്യമായി മനസ്സിലാക്കാം. ചീഫ് ഓഫീസിന് ജി.പി.എസിലൂടെ എല്ലാം നിയന്ത്രിക്കാനാവും.

Source – http://www.mathrubhumi.com/print-edition/kerala/ksrtc-keltron-1.2160838

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply