ക്ണിം ക്ണിം, ബസ് ഡേ പുനഃരാരംഭിച്ചു

കാക്കനാട് ∙ കലക്ടറേറ്റ് സ്റ്റോപ്പിൽ നിന്നു ബസിൽ കയറിയ പി.ടി.തോമസ് എംഎൽഎ ചെമ്പുമുക്കിലേക്കു പോകാൻ 10 രൂപ നീട്ടിയപ്പോൾ കണ്ടക്ടർ ടി.എ.ബൈജുവിന് സംശയം. എംഎൽഎക്കു ടിക്കറ്റ് വേണോ?കെഎസ്ആർടിസി ബസിലേ സൗജന്യമുള്ളൂവെന്ന് എംഎൽഎയുടെ മറുപടി. ടിക്കറ്റും മൂന്നു രൂപ ബാക്കിയും നൽകിയ കണ്ടക്ടർ ബൈജുവിനു നേരെ ഇന്നലെ ടിക്കറ്റിനായി പണം നീട്ടിയവരിൽ പലരും അറിയപ്പെടുന്നവർ. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബസ് ഡേ ആചരണത്തോടനുബന്ധിച്ചായിരുന്നു പ്രമുഖരുടെ ബസ് യാത്ര. ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നിന്നു കാൽനടയായി ബസ് സ്റ്റോപ്പിലെത്തി കാത്തുനിൽപു കേന്ദ്രത്തിൽ അഞ്ചു മിനിറ്റ് നിന്നപ്പോഴേക്കും കാക്കനാട്–എറണാകുളം റൂട്ടിലെ ‘ജീബീസ്’ ബസ് എത്തി.

ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും ഉൾപ്പെടെ വലിയൊരു കൂട്ടം യാത്രക്കാരും ചാനൽ ഫൊട്ടോഗ്രഫർമാരും ബസിലേക്കു കയറിയപ്പോൾ ബസിലുണ്ടായിരുന്ന യാത്രക്കാർക്കു കൗതുകം. ബസ് ഡേയെക്കുറിച്ചു നേരത്തെ അറിഞ്ഞവർ വിഐപി കൾക്കായി സീറ്റ് ഒഴിഞ്ഞു കൊടുത്തു. പി.ടി.തോമസ് എംഎൽഎ ആദ്യം ഇരിക്കാനൊരുങ്ങിയ സീറ്റിനു മുകളിൽ ‘സ്ത്രീകൾ’ എന്നു എഴുതിയിരിക്കുന്നത് കണ്ടപ്പോൾ അദ്ദേഹം പിൻവാങ്ങി. ‘എംഎൽഎ അവിടെയിരുന്നാൽ ആർടിഒ ഫൈൻ ഇടുമെന്നുറപ്പ്’ ബസിൽ തൊട്ടടുത്തു നിന്ന ആർടിഒ കെ.എം.ഷാജിയെ ചൂണ്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനിലിന്റെ കമന്റ്. എൻജിഒ ക്വാർട്ടേഴ്സിലെത്തിയപ്പോൾ പ്രമുഖരുടെ യാത്ര കണ്ടു കൂടുതൽ പേർ ബസിൽ കയറി.
വാഴക്കാലയിലെത്തിയപ്പോഴും ബസിൽ കയറാൻ യാത്രക്കാരുടെ തിരക്ക്.

പഴയകാല ബസ് യാത്ര അനുഭവങ്ങൾ പങ്കുവച്ചായിരുന്നു പ്രമുഖരുടെ യാത്ര. എംപിയായിരിക്കുമ്പോൾ എറണാകുളത്തു നിന്നു തൊടുപുഴയ്ക്കു ബസ് യാത്ര പതിവായിരുന്നുവെന്നു പി.ടി.തോമസ് പറഞ്ഞു. വൈസ് പ്രസിഡന്റ് ബി.എ.അബ്ദുൽ മുത്തലിബ്, സിനിമാ നടൻ ടിനി ടോം, തൃക്കാക്കര നഗരസഭാധ്യക്ഷ കെ.കെ.നീനു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ സി.കെ.അയ്യപ്പൻകുട്ടി, റസിയ റഹ്മത്ത്, അംഗങ്ങളായ സോന ജയരാജ്, സൗമ്യ ശശി, സെക്രട്ടറി കെ.കെ.അബ്ദുൽ റഷീദ്, തൃക്കാക്കര നഗരസഭാ കൗൺസിലർമാരായ കെ.എ.നജീബ്, ടി.എം.അഷറഫ് എന്നിവർ ഉൾപ്പെടെ ബസ് നിറയെ ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരുമായിരുന്നു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ മുത്തലിബ് പഴയ ബസ് മുതലാളിയാണെന്നും വിദ്യാർഥിയായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ‘ഷെഫിമോൾ’ ബസിൽ ഒരുപാട് യാത്ര ചെയ്തിട്ടുണ്ടെന്നും നടൻ ടിനി ടോമിന്റെ വെളിപ്പെടുത്തൽ. ചെമ്പുമുക്കിലെത്തിയപ്പോൾ വിഐപി യാത്രക്കാരെല്ലാം കൂട്ടത്തോടെ ഇറങ്ങി. ഇടയ്ക്കിടെ ബസ് യാത്രയ്ക്കുണ്ടാകുമെന്ന ഉറപ്പോടെയാണ് എല്ലാവരും മടങ്ങിയത്. സ്വകാര്യ യാത്രാ വാഹനങ്ങൾ പരമാവധി ഒഴിവാക്കി ബസുകൾ ഉൾപ്പെടെയുള്ള പൊതു യാത്രാ വാഹനങ്ങളിലേക്കു ജനങ്ങളെ ആകർഷിക്കാനാണു ബസ് ഡേ ആചരിച്ചത്. മഴ ശക്തമായതും സ്കൂൾ തുറന്നതും മുൻ നിർത്തി റോഡുകളിലെ കുരുക്ക് ജനപങ്കാളിത്തത്തോടെ കുറച്ചെങ്കിലും അഴിക്കുകയാണു പരിപാടിയുടെ ലക്ഷ്യം.

നേരത്തെ ആഘോഷപൂർവം നടത്തിയിരുന്ന ബസ് ഡേ പരിപാടി നിലച്ചു പോയെന്ന ‘മെട്രോ മനോരമ’ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു പരിപാടി പുനരാരംഭിക്കാൻ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചത്. മാസത്തിൽ ഒരു തവണയെങ്കിലും പ്രമുഖർ ഉൾപ്പെടെയുള്ളവർ ബസുകളിൽ യാത്ര ചെയ്താൽ മറ്റു യാത്രക്കാരെ ബസുകളിലേക്ക് ആകർഷിക്കാനാകുമെന്നാണു ജില്ലാ പഞ്ചായത്തിന്റെ വിലയിരുത്തൽ. ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമൊക്കെ യാത്ര ചെയ്യുന്നവരിൽ കുറെ പേരെങ്കിലും വല്ലപ്പോഴുമൊക്കെ അവ ഒഴിവാക്കി ബസുകൾ ഉൾപ്പെടെയുള്ള പൊതു യാത്രാ വാഹനങ്ങൾ ഉപയോഗിച്ചാൽ റോഡിലെ ഗതാഗതക്കുരുക്കു ചെറിയൊരു അളവിലെങ്കിലും കുറയ്ക്കാനാകുമത്രേ.

News : Malayala Manorama

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply