ആനക്കമ്പം കേറിയ ചങ്കുകളെ കാണുവാൻ ആനവണ്ടിയില്‍ കമ്പത്തേക്ക്..!

വീട്ടിലെ കുറച്ച് തിരക്കുകള്‍ കാരണം മീറ്റിന് പോകുന്നില്ലെന്ന് വച്ചതാണ്. ദിവസം അടുക്കുംതോറും പലരില്‍ നിന്നും വരാനുള്ള വിളികള്‍ കൂടിക്കൂടി വന്നു.. ഒടുക്കം മൂന്നാംതിയ്യതി നട്ടുച്ചയ്ക്ക് ഒരു ബാഗും ക്യാമറയും എടുത്തിറങ്ങി വീട്ടിന്ന്. ഉച്ചയ്ക്ക് 01.40ന് പാലക്കാട് നിന്നുമുള്ള RPM 310 എരുമേലി ഫാസ്റ്റില്‍ ചാലക്കുടി ടിക്കറ്റെടുത്ത് കയറി.. അവിടെ അഡ്മിനും വളര്‍ന്നുവരുന്ന ബിസിനസ്സ് മാഗ്നറ്റുമായ തമ്പിയളിയന്‍, ശബരിമാമന്‍ എന്ന പേരിലൊക്കെ അറിയപ്പെടുന്ന Sabari Thambi ഉണ്ട്. ഒന്നിച്ചുപോകാനാണ് പ്ലാന്‍.

നാലരയോടെ ചാലക്കുടിയില്‍ ഇറങ്ങി ലൈറ്റായിട്ട് മൂന്ന് പൊറോട്ടേം ബീഫും കഴിച്ച് കോട്ടയത്തിനുള്ള വണ്ടിക്ക് കാത്തുനിന്നു. എപ്പോഴുമെന്നപോലെ ആലപ്പുഴ വഴിക്കും വടക്ക് മലബാറിലേക്കുമുള്ള വണ്ടികളും തുരുതുരാ വന്നുപോയി. ഒടുക്കും കല്ല്യാണപ്പെണ്ണിനെപ്പോലെ മുഖം കുനിച്ച് തൊട്ടില്‍പാലത്തിന്‍റെ കോട്ടയം ടാറ്റാ സൂപ്പര്‍ഫാസ്റ്റ് വന്നു. വലിയ തിരക്കുണ്ടായിരുന്നില്ല. ഒന്നിച്ച് സീറ്റും കിട്ടി. പിന്നീടങ്ങോട്ട് ബസ് മത്സരിച്ചത് ചാലക്കുടി-ആലുവ ഓര്‍ഡിനറികളോടാണ്. ഇഴച്ചിലെന്നുപറഞ്ഞാല്‍ ഏതോ വണ്ടിയില്‍ കെട്ടിവലിച്ചു കൊണ്ടുപോകുന്ന ഫീല്‍. സ്പീഡോമീറ്ററില്‍ അറുപത് കയറിയതാണ് ടോപ്സ്പീഡ്. അങ്ങനെ ഇഴഞ്ഞിഴഞ്ഞ് ഏറ്റുമാനൂര്‍ എത്തി. ഞാന്‍ അവിടെയിറങ്ങി..(ചേച്ചിയുടെ വീട്ടില്‍ സ്റ്റേ). തമ്പിയണ്ണന്‍ കോട്ടയത്ത് മറ്റു ബ്ലോഗ് അംഗങ്ങളോടൊപ്പം സ്റ്റേ.

പിറ്റേന്നത്തെ മീറ്റിന്‍റെ കാര്യങ്ങളോര്‍ത്തുകിടന്ന് ഉറക്കം വന്നില്ല. രാവിലെ അഞ്ചരയ്ക്ക് തമ്പിയണ്ണന്‍ വിളിച്ചെണീപ്പിക്കുമ്പൊഴും ഞാന്‍ ഫോണും തോണ്ടി ഇരുപ്പാണ്. ആറേമുക്കാലോടെ കോട്ടയം ഡിപ്പോയിലെത്തി. പരിചയമില്ലാത്ത ചില ആനപ്രാന്തന്മാരും ചില പരിചിത മുഖങ്ങളും വെറൈറ്റി ചിരികള്‍ തന്നുകൊണ്ടിരുന്നു. എറണാകുളത്തുനിന്നും Prasanth S K, Antony Varghese, ArUn VijAy, Jish NU, Rahul Ravi Kottarathil എന്നിവരും എത്തി. മീറ്റ് ഫ്ലക്സുമായി തമ്പിയണ്ണനും. നമ്മുടെ സ്വന്തം Santhosh Kuttans മക്കളുമായാണ് എത്തിയത്. ചെറിയൊരു ഫോട്ടോ സെഷനുശേഷം ഏഴിന് കുമളിക്കുള്ള ടിടി സ്റ്റാന്‍ഡുവിട്ടു. എനിക്കും കുറച്ചുപേര്‍ക്കും സീറ്റ് കിട്ടിയില്ല.. പിന്‍ഡോറിനു പുറകിലായി ഞങ്ങള്‍ നിന്നു.

കെ.കെ റോഡിലെ കിടിലന്‍ വളവുവീശലുകളില്‍ തലേന്നത്തെ ഉറക്കമില്ലായ്മയും രാവിലത്തെ കാലിവയറും ചെറിയ പണി തന്നു.. തലയ്ക്കകത്ത് ഒരു പെരുപ്പ്. ഫേസ്ബുക്കിലൂടെ മാത്രം പരിചയമുള്ള ചങ്ങനാശ്ശേരിക്കാരന്‍ ചങ്ക് ശ്രീഹരി സീറ്റുതന്നു.. ചെറിയൊരു ഉറക്കം പാസാക്കി. മുണ്ടക്കയം കഴിഞ്ഞപ്പോള്‍ എഴുന്നേറ്റു, വീണ്ടും ഉറങ്ങി. പാമ്പനാറും പട്ടുമലയും ഒക്കെ ഒരു മിന്നായം പോലെ കണ്ടു. പത്തമണിയോടെ വണ്ടി കുമളിയെത്തി. വഴിയില്‍ അഡ്മിന്‍ Sujith Bhakthan T R ഉം കൂട്ടരും കാറില്‍ പുറകേയുണ്ടായിരുന്നു. തിരുവനന്തപുരത്തുനിന്നും ഇതുവരെ നേരിട്ടുകണ്ടിട്ടില്ലാത്ത Abin Sasankan, Ananthu BL, Vinayak Sankar, ചങ്ക് Kishore Nair എന്നിവരും കുമളിയിലെത്തി. തലേദിവസം ബാംഗ്ളൂര്‍ നിന്നും വന്ന് മൂന്നാര്‍ സ്റ്റേ അടിച്ച Vaisakh Ml, Muralikrishna M Nambiar, Aneesh Pookoth, Jos F Scaria, Jomon Valupurayidathil എന്നിവരും ഡിപ്പോയിലെത്തി.

പലനിറങ്ങളില്‍ കുമളിയിലെത്തിയവര്‍ പൊടുന്നനെ ടീം ബനിയനിട്ട് കരിംമ്പുലികളായി. ചില്ലറ ഫോട്ടോയെടുപ്പുകള്‍ക്കുശേഷം എല്ലാരും അടുത്തൊരു ഹോട്ടലില്‍കേറി ബ്രേക്ക്ഫാസ്റ്റും കഴിച്ചുവന്നു. മസാലദോശയൊക്കെ പ്ലേറ്റില്‍ കൊണ്ട് വച്ചതേ ഓര്‍മ്മയുള്ളൂ.. ചങ്കുകള്‍ എല്ലാംകാണ്ടും സ്നേഹം ഉള്ളോരാണേ.. ! തിരിച്ചുവന്ന് ഡിപ്പോയിലെ ഒരു ബസ്സില്‍ കയറിയിരുന്ന് എല്ലാവരും മീറ്റിന്‍റെ കാര്യങ്ങളും ആനപ്രാന്ത് വിശേഷങ്ങുമൊക്കെ പങ്കുവച്ചു. ആ വണ്ടിയുടെ ഷെഡ്യൂള്‍ ടൈമായപ്പോള്‍ അവരെ പറഞ്ഞയച്ച് ഞങ്ങളുടെ കമ്പം വണ്ടി ആനപ്രാന്തമ്മാര്‍ക്കിടയിലേക്കെത്തി. പിന്നില്‍ ടീമിന്‍റെ ഫ്ലക്സുംകെട്ടി പൂരത്തിനെന്നപ്പോല്‍ നിന്നു ആ കിടിലന്‍ ലെയ്ലന്‍ഡ് കൊമ്പന്‍!

വണ്ടി നേരെ അതിര്‍ത്തി കടന്ന് തമിഴ്നാട്ടിലേക്ക്.. ബോര്‍ഡറില്‍ മധുര, തേനി എന്നിവിടങ്ങളിലേക്കുള്ള തമിഴ്നാട് സര്‍ക്കാരിന്‍റെ ബസ്സുകള്‍ കിടപ്പുണ്ട്. വളരെ വീതി കുറഞ്ഞ റോഡിലൂടെ നമ്മുടെ ഇരട്ടക്കണ്ണന്‍ ഓര്‍ഡിനറി കുതിച്ചു. ഓരോ ബസ്സിനെ ഓവര്‍ടേക് ചെയ്യുമ്പോഴും അകത്തിരുന്ന പ്രാന്തന്മാരുടെ ആവേശം ഒന്നുകാണേണ്ടതായിരുന്നു. ഒന്നുരണ്ട് വ്യൂ പോയിന്‍റുകളില്‍ നിര്‍ത്തി കാഴ്ചകള്‍ കണ്ടും അത് പകര്‍ത്തിയും ഞങ്ങള്‍ യാത്ര തുടര്‍ന്നു.

ഒരുവശത്ത് ചുറ്റും അമ്പരചുമ്പികളായ മരങ്ങളും മറുവശത്ത്, വീണാല്‍ അന്ത്യചുംബനം നല്‍കാവുന്ന കൊക്കയും. ബസ് ചുരമിറങ്ങി ചുറ്റും തരിശായ തമിഴ്മണ്ണിലൂടെ ഊളിയിട്ട് പറന്നു. താമസിയാതെ കമ്പത്തെത്തി. ബസ് റോഡരികില്‍ പാര്‍ക് ചെയ്ത് എല്ലാവരും പുറത്തിറങ്ങി. പിന്നീടങ്ങോട്ട് ക്യാമറയുടെ ഷട്ടര്‍ സൗണ്ടായിരുന്നു അവിടെ മുഴുവന്‍. ബസ് ഏതാണ്ട് ജോസ് പ്രകാശിന്‍റെ കയ്യില്‍ കിട്ടിയ ഉണ്ണിമേരിയുടെ അവസ്ഥ! ഇരുന്നും കിടന്നും ചാഞ്ഞും ചെരിഞ്ഞും പോസിംഗും പടംപിടുത്തവും തകൃതിയായ് നടന്നു. ഏകദേശം അരമണിക്കൂറില്‍ ഞങ്ങള്‍ തിരിച്ചു ചുരംകയറി.. ബസ് മുഴുവന്‍ ടീമംഗങ്ങള്‍ മാത്രം.

തിരിച്ച് കുമളിയിലെത്തി എല്ലാവരും ഫ്രണ്ട് ഡോര്‍ വഴി തങ്ങളെക്കുറിച്ച് ഒരു ചെറിയ ഇന്‍ട്രോ ക്യാമറമാന്‍ പ്രശാന്തിന് കൊടുത്ത് ഇറങ്ങി. തിരിച്ച് ചെന്ന് കുറച്ച് തിരക്കുണ്ടായിരുന്നതിനാല്‍ ഓരോ ജ്യൂസ് കുടിച്ച് ഞാനും Joju Zachariah Parackalലും ടീമിനോട് യാത്രപറഞ്ഞു. കോട്ടയം ടിടി യില്‍ കയറി നൈസായിട്ടൊരു ഉറക്കവും പാസാക്കി. അഞ്ചരയോടെ വണ്ടി കോട്ടയത്തെത്തി. ജോജുവും ഞാനും കൈകൊടുത്ത് പിരിഞ്ഞു. തിരിച്ചുപോകാന്‍ കോട്ടയത്തെത്തിയപ്പോള്‍ പുനലൂര്‍-പാലക്കാട് ഡീലക്സില്‍ സീറ്റും ബുക്ക് ചെയ്തിരുന്നു ഞാന്‍. ഏറ്റുമാനൂര്‍ വീട്ടില്‍ ചെന്ന് കുളിച്ച് ഫുഡ്ഡും കഴിച്ച് നേരെ വിട്ടു റോഡിലേക്ക്.

ഏറ്റുമാനൂര്‍ പിക്അപ് ഉണ്ടായിരുന്ന ATC 200 പു_പ ഡീലക്സ് കൃത്യസമയത്തെത്തി. എന്‍റെ സീറ്റൊഴിച്ച് ബാക്കിയെല്ലാം ഫുള്ളായിരുന്നു. മുന്‍പില്‍ ക്യാബിന്‍ സെപ്പറേഷന്‍ ഇല്ലായെന്ന ബുദ്ധിമുട്ടൊഴിച്ചാല്‍ വണ്ടി നല്ലതാണ്. അങ്കമാലി കഴിഞ്ഞ് സ്പീഡ് കിംഗ് കോഴിക്കോട് ഡീലക്സിനെയും വഴിയില്‍ കുറച്ച് പ്രൈവറ്റ് നൈറ്റ് റൈഡേഴ്സിനെയും ഓട്ടത്തില്‍ പിടിച്ച് പു_പ ഡീലക്സ് പറന്നു. തൃശ്ശൂരില്‍ തിരക്കുകാരണം ട്രാക്ക് കിട്ടിയില്ല.. ആളെയെടുത്ത് വീണ്ടും പറന്നു ആറവരിപ്പാതയിലൂടെ. അങ്ങനെ പുലര്‍ച്ചെ രണ്ടേകാലിന് പാലക്കാട്ടെത്തി. ഫോണ്‍ വിളിച്ച് പോസ്റ്റ് കൊടുത്ത ചങ്ക് രണ്ടരയ്ക്ക് എന്നെ വീട്ടിലും എത്തിച്ചു. മീറ്റിന് മുഴുവന്‍ സമയവും നില്‍ക്കാന്‍ പറ്റാത്തതിന്‍റെ സങ്കടം ഇപ്പോഴും ഉണ്ട്.

വിവരണം – ആല്‍ബിന്‍ പാലക്കാട്‌.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply