വന്യമൃഗങ്ങളെ കണ്ടറിഞ്ഞ് ബന്ദിപ്പൂർ വനത്തിലൂടെ ഒരു യാത്ര !!

കൂട്ടിലടയ്ക്കാതെ സർവ സ്വതന്ത്രരായി വളരുന്ന വന്യമൃഗങ്ങളെ കണ്ടും അറിഞ്ഞും ബന്ദിപ്പൂർ വനത്തിലെ ഹരിതഭംഗിയിലൂടെ ഒരു യാത്ര. ബന്ദിപ്പൂർ ടൈഗർ‌ റിസർവ്….എന്നു കേട്ടപ്പോഴേ മനസ്സ് പഴയ പോയട്രി ക്ലാസ്സിൽ പോയിരുന്നു. തീ പാറുന്ന മഞ്ഞക്കണ്ണുകളിലെ ജ്വലിക്കുന്ന ഭീകരത അനുഭവിപ്പിച്ച, വില്യം ബ്ലെക്കിന്റെ ‘ദ ടൈഗർ’ നാവിൽ തുമ്പത്തൂഞ്ഞാലാടി.

‘ടൈഗർ ടൈഗർ ബേണിങ് ബ്രൈറ്റ്. ഇൻ ദ ഫോറസ്റ്റ് ഒഫ് ദ നൈറ്റ്… ‘ജംഗിൾ ബുക്കി’ലെ ഷേർഖാനോടുളള ദേഷ്യം ഇപ്പോഴും മനസ്സിൽ നിന്ന് പോയിട്ടില്ല. പിന്നെ ചിന്തയാകെ കടുവമയം.

‘‘ഭീകരനൊരു കടുവ, തീപ്പന്തം പോലെ തിളങ്ങണം കണ്ണുകൾ. മെയിൻ പടം അതാണ്. പറ്റിയാൽ കടുവയ്ക്കൊപ്പം ഒരു സെൽഫി…..പുളളിപ്പുലിയായാലും അഡ്ജസ്റ്റ് ചെയ്യാം….’’ കടുവയെക്കാണാൻ പോകുന്ന ആവേശത്തിൽ ‘ചെളി’യടിക്കു ന്നതു കേട്ട് ഫോട്ടോഗ്രാഫർ ‘ആക്കി’ച്ചിരിച്ചു.

‘നാലു ദിവസം മുമ്പ് ഞാനും പോയതാ കടുവയെക്കാണാൻ. കാട്ടു പോത്തിനെപ്പോലും കണ്ടില്ല. ചൂടുമാറാതെ ഒന്നും പുറത്തു വരില്ല. ‘സുൽത്താൻ ബത്തേരിയിൽ നിന്ന് പുറപ്പെട്ടപ്പോൾ തന്നെ ആവേശത്തിലേക്ക് വലിയൊരു കുടം ഐസ് വാട്ടർ കോരിയൊഴിച്ചു ഡ്രൈവർ ഗിരീഷ്.

ചെറുതും വലുതുമായ മരങ്ങൾക്കിടയിൽ പാമ്പു പോലെ പുളഞ്ഞു പോകുന്ന റോഡ്. മഴത്തുളളികൾ ഭൂമിതൊട്ടപ്പോഴേക്കും മരങ്ങളെല്ലാം ഇളംപച്ചയുടുപ്പിട്ടു സുന്ദരികളായിരിക്കുന്നു. ദൂരെ നിന്നൊരു തീപ്പെട്ടിക്കൂട് അടുത്തു വരുന്നു. നമ്മുടെ ആനവണ്ടി…..കടിഞ്ഞാണില്ലാതെ പാഞ്ഞു വന്ന് മുഖം അടുപ്പിച്ചു കടന്നു പോയി. ചരക്കു ലോറികൾ ഇടയ്ക്കിടയ്ക്ക് ആർത്തലച്ച് കടന്നുപൊയ്ക്കോണ്ടിരുന്നു.

ഇത്തിരി മുന്നോട്ടു പോയതും വഴിയരികിൽ അതാ ഒറ്റയാൻ! തലയനക്കാതെ ചെവിവട്ടംപിടിച്ച്, തുമ്പിക്കൈ ഭൂമിയിൽ തലോടി, അങ്ങനെ നിൽക്കുകയാണ്……‘കൂൾ കൂൾ…’ ആയി.

‘സ്ഥിരമായി ഇവനെ ഇവിടെ കാണാം. രണ്ടു ദിവസം മുമ്പാ ഒരു കാർ തകർത്ത് അച്ഛനെയും മോനെയും…ഹോണടിച്ചും ബഹളമുണ്ടാക്കിയും ശല്യം ചെയ്താൽ ഇവന് കലിയിളകും.’ ഗിരീഷ് മുന്നറിയിപ്പ് നൽകി.

ബന്ദിപ്പൂരാണ് ലക്ഷ്യം. സമയം കളയാനില്ല, എന്നാലും സാധ്യതകളെല്ലാം അറിഞ്ഞറിഞ്ഞു പോകുന്നതല്ലേ അതിന്റെ ഒരിത്….വണ്ടി നേരെ മുത്തങ്ങ വൈൽഡ് ലൈഫ് സാങ്ച്വറിയുടെ ഇൻഫർമേഷൻ സെന്ററിലേക്ക്…..‘ഒരു മണിക്കൂർ നീളുന്ന ജീപ്പ് സഫാരിയുണ്ട്. രാവിലെ ഏഴു മുതൽ 10 വരെയും വൈകീട്ട് മൂന്നു മുതൽ അഞ്ചു വരെയും. കാട്ടിലുടെ കുറേ പോയാൽ തമിഴ് നാട്ടിലെ തോൽപ്പടിയിലെത്താം. ഹൈവേയിൽ നിന്ന് എട്ടു കിലോമീറ്റർ ദൂരെയാണ്. ട്രൈ ജംക്ഷൻ. തമിഴ് നാടിന്റെയും കേരളത്തിന്റെയും കർണാടകത്തിന്റെയും അതിർത്തികൾ ചേരുന്ന ഇടം. മുത്തങ്ങ ആനപ്പന്തിയിൽ പ്രമുഖയും സൂര്യനും കുഞ്ചുവുമുണ്ട്. രണ്ടു കുഞ്ഞിത്താരങ്ങളും– അമ്മുവും അപ്പുവും’ മുത്തങ്ങ ഡിആർ ഒ മുരളി കൃഷ്ണൻ പറഞ്ഞു.

തകരപ്പാടിയും പൊൻകുഴിയും കഴിഞ്ഞാൽ കർണാടക അതിർത്തിയായെന്നറിയിക്കുന്ന മൂലെഹോള ചെക്പോസ്റ്റ്. റോഡിനോടു ചേർന്നു വീണ്ടുമാഭീമാകാരം. ഇത്തവണ മോഴയാണ്. കലിപ്പു തീർക്കാൻ തുമ്പിക്കൈ കൊണ്ട് പുല്ലുകൾ ചുറ്റിപ്പിടിച്ച് പിഴുതെടുക്കുകയാണ്.

കാർ ഗ്രാമത്തിലേക്കു കടന്നു. വരണ്ടു കിടക്കുന്ന പാടങ്ങളും ഇടയ്ക്കിടെ തെളിയുന്ന ചതുരക്കട്ടകൾ പോലുളള വീടുകളും. അധികം വൈകാതെ വലതു ഭാഗത്ത് ദൂരെ മലനിരകൾ കാണാം. വരണ്ട പാടങ്ങളിൽ പതിയെ പച്ചപ്പു കണ്ടു തുടങ്ങി. ഇതാണ് ഭീമൻ ബീട്. പിന്നത്തെ യാത്ര കാബേജ് തോട്ടങ്ങൾക്കും ഉളളിപ്പാടങ്ങൾക്കും നടുവിലൂടെയായി. കാരറ്റ്, റാഗി, ചോളം, തണ്ണിമത്തൻ എന്നു വേണ്ട ഇവർ കൃഷി ചെയ്യാത്ത സാധനങ്ങൾ കുറവ്. നുകം തെളിക്കുന്ന അച്ഛൻ, വിത്തുകൾ പാകുന്ന അമ്മ, മരത്തണലിൽ കളിക്കുന്ന മക്കൾ… ഇതിവിടെയൊരു സ്ഥിരം കാഴ്ചയാണ്. മോപ്പഡിൽ പറക്കുന്ന പുരുഷൻമാരും സൈക്കിൾ ചവിട്ടുന്ന സ്ത്രീകളും അദ്ഭുതക്കാഴ്ചയല്ല താനും.

ഗുണ്ടൽ പേട്ട് ചെക്ക് പോസ്റ്റ് കടന്നാലും കാണാം നോക്കെത്താ ദൂരത്തോളം തരിശു പാടങ്ങൾ. ജൂലൈ– ഓഗസ്റ്റ് മാസമാവണം ഈ പാടങ്ങളിൽ ജീവൻ തുടിക്കാൻ. ചെണ്ടുമല്ലിത്തിരകളും സൂര്യകാന്തിത്തിരകളും കാറ്റിൽ ഇളകിയാടി നൃത്തം വയ്ക്കുന്ന കാലം അതാണ്. ഗുണ്ടൽ പേട്ടയിൽ ഓണം വന്നു പോയാലല്ലേ മലയാളികൾക്ക് പൂക്കളമിടാൻ പറ്റൂ.

ബസവപുര കഴിഞ്ഞപ്പോൾ കിങ്ങിണി കെട്ടിയ കാലിക്കൂട്ടങ്ങൾ റോഡിനിരുവശത്തും തൊട്ടുരുമ്മി നടക്കുന്നു. ‘ഇതു നമ്മ ഊര് ടാ ’ എന്ന മട്ടിൽ ആരെയും കൂസാതെ റോഡു സ്വന്തമാക്കി നടന്ന ചെമ്മരിയാട്ടിൻ പറ്റത്തിനിടയിലൂടെ പോയപ്പോൾ കൈ നീട്ടി ഒന്നിനെ മെല്ലെ തൊട്ടു. പശുക്കളുടെ സ്വന്തം ഗ്രാമമായ ഇതേ ഹംഗളയിലാണത്രേ ലാൽജോസ് ആ പാട്ട് മനോഹരമായി ചിത്രീകരിച്ചത്. ‘അമ്പാടിപ്പയ്യുകൾ മേയും കാണാത്തീരത്ത്….’ അറിയാതെ മൂളിപ്പോയി. ‘ഹിമവദ് ഗോപാൽ സ്വാമി ബേട്ട് ടെംപിൾ’ ആർച്ച് കാണാൻ അധികമൊന്നും പോകേണ്ട. ഉച്ചവെയിലിന്റെ ചൂട് റോഡിൽ മരീചിക തീർക്കുന്നു. വണ്ടയിടങ്ങളെ നോക്കി നെടുവീർപ്പിട്ടിരിക്കുമ്പോൾ ദൂരെയൊരു കൂറ്റൻ പ്രതിമ തെളിഞ്ഞു. അടുത്തെത്തിയപ്പോഴത് രണ്ടെണ്ണമായി. രണ്ടാൾ പൊക്കത്തിൽ കർഷക ദമ്പതിമാരുടെ അർധകായ പ്രതിമകൾ. കുന്നിനു മുകളിൽ പടുകൂറ്റനൊരു ശിവരൂപമുണ്ട്. കുറച്ചകലെയൊരു പെട്ടിക്കട കണ്ടു. അറിയാവുന്ന ഭാഷകളെല്ലാം കൂട്ടിയിണക്കി ചോദിച്ചിട്ടും നാട്ടുകാരനായ ശേഖർ കുമാറിൽ നിന്ന് ഇത്രയേ അറിയാൻ പറ്റിയുളളൂ.

‘മേങ്കാമനഹളളിയാണിത്. ശിവൻ ഞങ്ങൾക്ക് ശിവപ്പയാണ്. ശിവപ്പയ്ക്കായുളള ഗ്രാമക്ഷേത്രമാണിത്. കൈലാസത്തിലിരിക്കുന്ന ശിവനാണ് പ്രതിഷ്ഠ. ഏപ്രിലിൽ വരണമായിരുന്നു….ഗംഭീര ഉത്സവമല്ലേ?’ ‘ബന്ദിപ്പൂർക്ക് ഇനിയെത്രയുണ്ട്?’ അറിയാതെ മറ്റൊരു ആകാംക്ഷയും പുറത്തു ചാടി. ‘ഒരു കിലോമീറ്റർ പോലുമില്ല…’ എന്നു മറുപടി.

ശേഖർ പറഞ്ഞതു പോലെ വൈകാതെ ‘ബന്ദിപ്പൂർ ‍ടൈഗർ റിസർവ്’ ബോർഡ് തെളിഞ്ഞു. എന്നിട്ടും ‘ഒരൊന്നൊന്നര’ കിലോമീറ്ററോളം കാട് തന്നെ. കാഴ്ചകൾ കാണുന്നതിനിടെ മനസ്സിൽ നിന്നിറങ്ങിയ മൗഗ്ലിയും ബഗീരനും ഷേർഖാനുമൊക്കെ വീണ്ടും എത്തിനോക്കിത്തുടങ്ങി. ജംഗിൾ സഫാരിക്കുളള ടിക്കറ്റ് കൗണ്ടറും ഇൻഫർമേഷൻ സെന്ററുമുളള മെയിൽ റിസപ്ഷനിലെത്തിയപ്പോൾ മണി മൂന്ന്. മൂന്നരയ്ക്കാണത്രേ ആദ്യത്തെ സഫാരി. ബസിലും ജീപ്പിലുമുണ്ട് കാനനയാത്ര. 300 രൂപയാണ് ബസിന്. ജീപ്പിന് 3000 കൊടുക്കണം. ബസിൽ നല്ല ഫോട്ടോ കിട്ടിയെന്നു വരില്ല. എന്തിനാണു ഭായി വെറുതെ റിസ്ക് എടുക്കുന്നത്? ‘ലാവിഷ്’ ആയി ജീപ്പിൽ പോകാലോ. തീരുമാനമായപ്പോഴേക്കും മലമ്പാമ്പു പോലെ നീണ്ട ക്യൂ അതാ കൗണ്ടറിനു പുറത്ത്….ഉത്തരേന്ത്യക്കാരനാണെന്നു തോന്നിയ ഒരാളുടെ പുറകിൽ ക്യൂ നിന്നു. ‘വുഡ് യു മൈൻഡ് ഷെയറിങ് എ ജീപ്പ് വിത് അസ്? വിയാർ ത്രീ….നീഡ് ത്രീ മോർ പീപ്പിൾ…’ അയാൾ തിരിഞ്ഞു ചോദിച്ചു.

‘ഒരു ജീപ്പിൽ ആറു പേർക്ക് കയറാം. ഒരാൾക്ക് 500 രൂപ കൊടുത്താൽ മതി.’ ഒന്നു കൂടി വിശദമാക്കി. ‘വൈ നോട്ട്….?!’ ആ വള്ളിയല്ലേ ഇത്….തലയിലൊരു ബൾബ് മിന്നി. ഇഴഞ്ഞിഴഞ്ഞ് ക്യൂ കൗണ്ടറിനു മുന്നിലെത്തിയപ്പോഴേക്കും ആദ്യത്തെ സഫാരി ‘ഫുൾ’. കൗണ്ടറിൽ നിന്ന് കൂടുതൽ വിവരങ്ങൾ കിട്ടി. ബസിൽ ഒരു മണിക്കൂറും ജീപ്പിൽ ഒന്നര മണിക്കൂറും കാട്ടിലൂടെ സഞ്ചരിക്കാം. ആദ്യ ട്രിപ്പ് കാട്ടിൽ പോയി തിരിച്ചു വരുമ്പോൾ അഞ്ചു മണിയാകും. ഒന്നു കറങ്ങി വന്നാലോ…?

റിസപ്ഷനു തൊട്ടടുത്തു തന്നെ കാട്ടുമൃഗങ്ങളെയും വനസംരക്ഷണത്തെയും കുറിച്ച് വിവരങ്ങൾ തരുന്ന ഇന്റർപ്രട്ടേഷൻ സെന്ററുണ്ട്. കുറച്ചു നടന്നാൽ മരങ്ങളുളള പുൽമേടുകളും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സുകളും കണ്ടു. മരങ്ങളിലും മേട്ടിലും കുരങ്ങന്മാർ ഓടി നടന്ന് കുസൃതി കാട്ടുന്നു. ഇത്തിരി മാറിയൊരു മാഞ്ചുവട്ടിൽ പരസ്പരം പേൻ നോക്കിയും തലോടിയും റൊമാൻസ് പങ്കിടുന്ന കപിദമ്പതികൾ. കുഞ്ഞുങ്ങളെ മാറത്തടക്കിപ്പിടിച്ച് നടക്കുന്ന അമ്മക്കുരങ്ങൻമാർ. കുഞ്ഞിനെ താഴെ വച്ച് ഒരുത്തി പാ‍ഞ്ഞടുത്തു. പഴം എറിഞ്ഞു കൊടുത്തപ്പോൾ ഉയർന്നു ചാടി ‘ക്യാച്’ ചെയ്തു. മര്യാദക്കാരിയായി ‘എബവ് ടേൺ’ അടിച്ചൊരോട്ടം. ഹൈവേ ക്രോസ് ചെയ്തു ചെന്നപ്പോൾ കാട്ടു മൈനകളെയും മുതുകിലേറ്റി മേയുന്നു മാൻകൂട്ടങ്ങൾ.

ഉത്തരേന്ത്യൻ കുടുംബം ഐസ്ക്രീമും നുണഞ്ഞ് റിസപ്ഷന്റെ പരിസരത്തു തന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവധിക്കാലം ആസ്വദിക്കാൻ എത്തിയതാണ് അവർ. ആഷിക് ഷായ്ക്ക് പുണെയിൽ ബിസിനസുണ്ട്. വർഷത്തിലൊരിക്കൽ ഫാമിലി ട്രിപ് നടത്തും. പട്ടണങ്ങൾ കണ്ടു മടുത്തപ്പോൾ റൂട്ട് കാട്ടിലേക്കു മാറ്റിപ്പിടിച്ചതാണ്.

കുശലം പറഞ്ഞു നിൽക്കുമ്പോൾ ട്രിപ്പ് പോയ ബസുകളിലൊന്ന് തിരിച്ചെത്തി. ‘ഹേ…..ഹൂ…. മിൽഗയാ…. മിൽഗയാ….’, ‘പാത്തേണ്ടാ…..’ ആർപ്പുവിളികൾ പല ഭാഷകളിൽ. ബസിൽ നിന്ന് ഡ്രൈവർ മുജീബ് സന്തോഷത്തിൽ ചാടിയിറങ്ങി. പിന്നാലെ യാത്രക്കാരും. ‘രണ്ടു ദിവസമായി പുറത്തേക്കേ കണ്ടിരുന്നില്ല. ദാ, നാലടി ദൂരത്തല്ലേ നിന്നിരുന്നത്. ഗംഭീര ഫോട്ടോകൾ കിട്ടിയിട്ടുണ്ട്….’

ജീപ്പിനു കാത്തു നിൽക്കാൻ ക്ഷമയില്ലാതെ ബസിൽ ചാടിക്കേറിപ്പോയ ആഷിഷിന്റെ സുഹൃത്തുക്കൾ കടുവയുടെ ക്ലോസപ്പ് ചിത്രങ്ങൾ കാണിച്ച് കൊതിപ്പിച്ചു. തീഗോലികൾ പോലുളള കണ്ണുകളിലേക്ക് ഒന്നേ നോക്കിയുള്ളൂ, കുളിരുകോരി! ആ തീഷ്ണഭംഗി ആസ്വദിച്ചു നിന്നപ്പോൾ ജീപ്പെത്തി. ആളുകളിറങ്ങിയതും ചാടിക്കേറി സൈഡ് സീറ്റ് പിടിച്ചു. ജീപ്പ് കുതിച്ചു. ഹൈവേയിലേക്കിറങ്ങി പാഞ്ഞു. രണ്ടു മിനിറ്റ് കഴിഞ്ഞിട്ടുണ്ടാവും. കാട്ടുവഴിയിലൂടെ വലത്തേക്കു തിരിഞ്ഞു. യഥാർഥ യാത്ര തുടങ്ങുന്നതേയുള്ളൂ.

കുഴിയിൽ ഇറങ്ങിക്കയറി ആടിയും ഉലഞ്ഞും ചാടിയും ‘തളള് തളള്….’ എന്നും പറഞ്ഞാണ് പോക്ക്. ‘ഈ ഫോറസ്റ്റ് മുഴുവൻ കാടാണല്ലോ ഡേയ്….’ എന്ന അപ്പുക്കുട്ടൻ ഡയലോഗിന് ഇവിടെ നോ ചാൻസ്. മനസ്സും വാതായനങ്ങളും മലർക്കെ തുറന്നിട്ട ഓപ്പൺ ഫോറസ്റ്റാണ് ബന്ദിപ്പൂർ ഇപ്പോൾ. കഴിഞ്ഞ ദിവസത്തെ ചെറിയ മഴയിൽ പച്ചപ്പു കണ്ടു തുടങ്ങിയ കാട്ടു ചെടികൾ ഇടതൂർന്ന് നിൽക്കുന്നുണ്ട്. പക്ഷേ, ഭീകരതയില്ല. കാടിന്റെ സ്വത്തായ നിശ്ശബ്ദത വേണ്ടോളം ഉണ്ടു താനും. മഴ കനത്താൽ കാടിന്റെ ഭീകരത തിരികെയെത്തുമായിരിക്കാം.

ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചവിട്ടി. ആവേശത്തോടെ വലിയ ക്യാമറെയടുത്ത് ഫൊട്ടോഗ്രാഫർ ചങ്ങായി ജാഗരൂകനായി ചുറ്റും നോക്കി. ങേ, ഒന്നും കാണുന്നില്ലല്ലോ…

‘ക്യാ ഹുവാ….ടൈഗർ ആയാ?’ആഷിഷിന്റെ ഭാര്യയാണ്. ‘ഔൾ….’ ഡ്രൈവർ സദാശിവത്തിന്റെ മറുപടിക്ക് ഗൗരവം.

‘ട്യാാാാാാവൂൂൂൂൂൂ…..’ ബാക്ഗ്രൗണ്ടിൽ പ്ലിങ് ടോൺ മുഴങ്ങി. ഹഹഹ…കടുവയെ ക്യാമറയ്ക്കുളളിലാക്കാൻ ആവേശഭരിത നായി തയ്യാറെടുത്ത ഫോട്ടോച്ചേട്ടൻ കാട്ടുമൂങ്ങയെക്കൊണ്ട് തൃപ്തിപ്പെട്ടു. വീതിയില്ലാത്ത കാട്ടുപാതയിലൂടെ ഇടയ്ക്ക് ഇടത്തോട്ട് , പിന്നെ വലത്തോട്ട്, വീണ്ടും ഇടത്തോട്ട്….. അങ്ങനെയങ്ങനെ മുന്നോട്ട്.

പായുന്നതിനിടയ്ക്കെല്ലാം സദാശിവം വണ്ടി നിർത്തും. ‘പാര്ങ്കെ….’ എന്നു ചൂണ്ടും. കാട്ടുപരുന്ത്, പ്രാവ്, കാട്ടുകോഴി …. ബാക്ഗ്രൗണ്ടിൽ പ്ലിങ് അടിച്ചു കൊണ്ടേയിരുന്നു. പെട്ടെന്ന് സദാശിവത്തിന്റെ ഫോൺ റിങ് ചെയ്തു. കാട്ടിൽ കടന്നതും ഞങ്ങളുടെ സെൽഫോണിൽ നിന്ന് അപ്രത്യക്ഷമായ റെയ്ഞ്ച് മുഴുവൻ ഇദ്ദേഹത്തിന്റെ ഫോണിലേക്കാണോ ചാടിയത്? സംശയിച്ചു. രണ്ടു വാക്കിൽ മറുപടി പറഞ്ഞത്, ഫോൺ കട്ട് ചെയ്തപ്പോഴേക്കും സദാശിവത്തിന്റെ ഭാവമാകെ മാറി. ജീപ്പ് കത്തിച്ചു വിടാൻ തുടങ്ങി.

‘എന്തു പറ്റി ചേട്ടാ….?’ എല്ലാവർക്കും ഒറ്റ സ്വരം. സദാശിവം ഒന്നും മിണ്ടുന്നില്ല. പറപ്പിക്കുകയാണ് ആശാൻ. ഞങ്ങൾ പരസ്പരം നോക്കി.

പല വഴികളിലൂടെ കാട്ടിനുളളിലേക്കു കയറിയ ബസുകളും ജീപ്പുകളും ശബ്ദമുണ്ടാക്കാതെ വരിവരിയായി നീങ്ങുന്നതും ദൂരെ നിന്നു കണ്ടു. ഞങ്ങളുടെ ജീപ്പും ഒപ്പം ചേർന്നിഴഞ്ഞു.

‘ദോ…പാറ്ങ്കെ…..’സ്വകാര്യം പോലെ പറഞ്ഞ് വലതു ഭാഗത്തെ മുളങ്കൂട്ടത്തിനപ്പുറത്തെ കുളത്തിലേക്ക് സദാശിവം കൈ ചൂണ്ടി. ‘ചുമ്മാ പ്ലീങ് ആക്കല്ലേ’ എന്നും കരുതി പഴുത്ത മുളയില കൊഴിഞ്ഞു വീണ കുളത്തിലേക്ക് നോക്കി. ഷോക്കടിച്ച പോലൊരു കോരിത്തരിപ്പ്!

ഹീറോ അതാ ശരീരത്തിന്റെ പിൻപകുതി കുളത്തിലെ വെളളത്തിൽ പൂഴ്ത്തി വലത്തോട്ടു ചെരിഞ്ഞു കിടന്ന് റിലാക്സ് ചെയ്യുകയാണ്! ശക്തിയായി കിതയ്ക്കുന്നുമുണ്ട്…..വാഹനങ്ങളുടെ ശബ്ദം കേട്ട് തല ചെരിച്ചൊരു നോട്ടമെറിഞ്ഞു.

‘ഹേയ്….‍ടൈഗർ….‍ൈടഗർ….!!!’ ആഷിഷിന്റെ ആറു വയസ്സുകാരൻ മകൻ ആരൂഷ് സീറ്റിലിരുന്ന് തുളളിച്ചാടി. ‘ശ്ശ് ശ്ശ് ശ്ശ്….സെത്തം പോടാതീങ്ക….അറ്റാക്ക് പണ്ണുവാ’ സദാശിവത്തിന്റെ ശാസന ശരിക്കേറ്റു. ബസിലുളളവരും ശ്വാസമടക്കി പ്പിടിച്ചാണ് ഇരിപ്പ്.

പത്തുനൂറു കണ്ണുകൾ ഇപ്പോൾ അവനിൽ മാത്രമാണ്. ഇടത്തേക്കും വലത്തേക്കും മാറിമാറിച്ചെരിഞ്ഞ് മുൻകാലുകളിലൂന്നി പതിയെ എഴുന്നേൽക്കുന്നു നമ്മുടെ ഷേർഖാൻ. ഹൃദയമിടിപ്പ് കൂടി. ‘ഹേയ്…. ഇല്ല….’ സ്വയം ആശ്വസിച്ചു. പിൻകാലുകളിലൊന്ന് നിലത്തു തൊടാത്തത് ശ്രദ്ധിച്ചതപ്പോഴാണ്. വേച്ചു വേച്ചിട്ടാണെങ്കിലും ഉയർന്നു നിൽക്കുന്ന കുളക്കരയിലേക്ക് കയറി, ചരിഞ്ഞ മൺതിട്ടയുടെ മറുഭാഗത്തേക്ക് നടന്നിറങ്ങി. വരയൻ വാലിന്റെ അറ്റം കാണാതാകും വരെ അവനെ പലരും ക്യാമറയ്ക്കുളളിലാക്കി.

‘ഫൈറ്റടിച്ചതിനാലേ ഇൻജ്യൂറിയായിട്ച്ച്…ഉങ്കള്ക്ക് ലക്ക് ഇറ്ക്ക്….ഇല്ലേനാ പാക്ക മുടിയാത്….കാട്ട്ക്കുള്ളെ മിറുഗങ്കളെ പാക്കണംന്നാ ഭാഗ്യം വേണം.’ സദാശിവം ഹാപ്പി. ബസുകളും ജീപ്പുകളും പലവഴിക്കു പിരിഞ്ഞു. ബിരിയാണി ഇനിയും കിട്ടിയാലോ എന്നു കരുതി ഞങ്ങളും മുന്നോട്ട്. മാൻ കൂട്ടങ്ങൾ അവിടവിടെയായി പ്രത്യക്ഷപ്പെട്ടു. ഫാഷൻ ഷോ നടത്തി മയിലുകളും കടന്നു പോയി.

‘മരത്തിലേക്കു നോക്കിയിരുന്നോളൂ….പുളളിപ്പുലിയുണ്ടാവും….’ സദാശിവത്തിന്റെ ‘വാണിങ്’. എല്ലാവരുടെയും നോട്ടം മരച്ചില്ലകളിലേക്കായി. ‘കാട്ടുപോത്ത്’ ആരോ പറഞ്ഞു. കാലിൽ വെളുത്ത സോക്സിട്ട ഒരു പറ്റം കാട്ടുപോത്തുകൾ ജീപ്പിന്റെ ശബ്ദം കേട്ട് തലയുയർത്തി നോക്കി. ഒരു ചെന്നായക്കൂട്ടം….. ഒരു കരടി …..പ്ലീസ്….ആഗ്രഹങ്ങൾ ഇനിയും ബാക്കി. അപ്പോഴേക്കും വെളിച്ചം മങ്ങിത്തുടങ്ങി. ‘തിരുമ്പിപ്പോലാം, ടൈം ആച്ച്….’ സദാശിവം പറഞ്ഞു. മതിയായില്ല. എന്നാലും കടുവയെ കണ്ടല്ലോ, അതുമതി. കാട്ടുപാതയിലൂടെ ആടിയുലഞ്ഞ്, ഹൈവേയിലൂടെ തിരികെ റിസപ്ഷനിലേക്ക്.

റിസപ്ഷനു മുമ്പിൽ ഡ്രൈവർ മുജീബ് ട്രിപ്പ് കഴിഞ്ഞ് വിശ്രമിക്കുകയാണ്. ‘മുപ്പതു വർഷമായി ജീവിതം പല കാടുകളിലാണ്. ബന്ദിപ്പൂരെത്തിയിട്ട് 15 വർഷം. എട്ടു കൊല്ലം മുമ്പ് ചെന്നൈയിലെ ഒരു ഗ്രൂപ്പുമായി സഫാരി പോയി. ഒരിടത്തെത്തിയപ്പോൾ പൊടുന്നനെ ബസിനുമേലേയ്ക്ക് എന്തോ ചാടി. പുളളിപ്പുലി! പേടിച്ചു വിറച്ചു പോയി എല്ലാവരും. അടുത്ത നിമിഷം മറുഭാഗത്തുണ്ടായിരുന്ന മാനിനു നേരെ ചാടി. ഒരൊറ്റ അടി. മാനിന്റെ കഥ തീർന്നു ! അതിനെ വലിച്ചിഴച്ച് കാടിനുളളിലേക്ക് പുലി പോയി. കൺമുന്നിലിപ്പോഴുമുണ്ടാ കാഴ്ച.’ മുജീബിന്റെ കാടോർമ ഇന്നും ഫ്രെഷ്.

‘ആയിരത്തോളം സ്ക്വയർ കിലോമീറ്ററിൽ പരന്നു കിടക്കുന്ന ബന്ദിപ്പൂർ കാട്ടിൽ 107 കടുവകളുണ്ട്. 90–95 പുളളിപ്പുലികളും കാണും. ബന്ദിപ്പൂരലെ പ്രിൻസ് എന്ന കടുവയെക്കുറിച്ച് കേട്ടിട്ടില്ലേ? മനുഷ്യരോട് വലിയ അടുപ്പമാണവന്. ചിലപ്പോൾ വണ്ടിക്കടുത്തൊക്കെ വന്നു നിൽക്കും. ഉപദ്രവിക്കില്ല. ഗൗരി എന്ന വേറൊരു കടുവയുമുണ്ടായിരുന്നു. അഞ്ചു വർഷം മുമ്പ് അതു പ്രസവിച്ചു. മൂന്നു കുഞ്ഞുങ്ങളെയും കൂട്ടി എന്റടുത്തു വന്നു. കുഞ്ഞുങ്ങളെ കാണിക്കാൻ. അടികൂടി പരിക്കു പറ്റിയാ പാവം അവൾ ചത്തത്.’ ഈ കാടിന്റെ ഓരോ സ്പന്ദനവും മുജീബിനറിയാം.

ജനുവരി– ഫെബ്രുവരി സമയത്താണ് കടുവയും പുലിയുമൊക്കെ ഇണ ചേരുന്നത്. അക്കാലത്ത് മിക്ക ദിവസങ്ങളിലും അവയെ കാണാം. സ്കൂളുകൾക്ക് അവധിയായതിനാൽ മെയ് മാസ ത്തിൽ നല്ല തിരക്കാണ്. കടുവകൾ പുറത്തു വരുന്നത് വൈകുന്നേരങ്ങളിലാണ്. അതുകൊണ്ട് വൈകുന്നേരത്തെ റൈഡിന് തിരക്കു കൂടും. ജൂൺ–ജൂലായ് മാസങ്ങളിൽ ആനകളെയും കാട്ടുപോത്തിനെയും ഇഷ്ടം പോലെ കാണാം. നവംബറാണ് കരടികളുടെ സീസൺ. ചെന്നായ, മലമ്പാമ്പ്, മലബാർ അണ്ണാൻ, വെളള മാൻ, കിങ് കോബ്ര….ഇവിടെയില്ലാത്തതൊന്നുമില്ല. മസിന ഗുഡി, മുതുമല, മൂലെഹോളെ, വയനാട് കാടുകളിൽ നിന്നെല്ലാം മൃഗങ്ങൾ ബന്ദിപ്പൂരെത്തും. ഇവിടെ നിന്ന് ആ കാടുകളിലേക്കും പോകും.’

കഥ കേട്ടിരുന്നപ്പോൾ ഇരുട്ടിന് കട്ടിവച്ചതറിഞ്ഞില്ല. ചെറിയ തണുപ്പുമുണ്ട്. തിരിച്ചു പോകേണ്ട എന്ന് പെട്ടെന്നോർത്തു. ഇരട്ടിക്കറുപ്പുളള ഇരുട്ടിനെ കാറിന്റെ ഹെഡ് ലൈറ്റുകൾ കൊണ്ടു മുറിച്ചുളള രാത്രിയാത്ര. രസമാണ്….പോകുന്ന പോക്കിൽ, റോഡിനു നടുവിൽ അച്ഛന്റെയും അമ്മയുടെയും ഇടയിൽ കുണുങ്ങിപ്പോകുന്ന കുട്ടിയാന….അതും കൂടി കാണാൻ പറ്റണേ എന്നായിരുന്നു. അപ്പോഴത്തെ ആഗ്രഹം.

How to reach, where to stay – സുൽത്താൻബത്തേരിയിൽ നിന്ന് റോഡു മാർഗം മുത്തങ്ങ, ഗുണ്ടൽപേട്ടയിലൂടെ 85 കിലോമീറ്റർ സഞ്ചരിച്ചാൽ ബന്ദിപ്പൂർ ‍ൈടഗർ റിസർവിലെത്താം. സഫാരി സമയം രാവിലെ 6.30 മുതൽ 9.30 വരെയും വൈകിട്ട് 3.30 മുതൽ 6.30 വരെയുമാണ്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ബസുകളിലും ജീപ്പുകളിലും സഫാരിയുണ്ട്.

bandipurtigerreserve.in എന്ന സൈറ്റിലൂടെ മാത്രമേ താമസം ബുക്ക് ചെയ്യാൻ പറ്റൂ. നേരിട്ടുളള ബുക്കിങ് ഇല്ല. വിഐപി ഗസ്റ്റ് ഹൗസുകൾക്കും കോട്ടേജുകൾക്കും ഡോർമിറ്ററികൾക്കും കുറഞ്ഞ വാടക നൽകിയാൽ മതി. കൂടുതൽ വിവരങ്ങളും ഇതിൽ ലഭിക്കും.

മുതുമലൈ എന്നാൽ പുരാതനമായ മലനിരകൾ എന്നാണർഥം. നീലഗിരിയിൽപ്പെടുന്ന മുതുമലൈ ‍‍ടൈഗർ റിസർവ് പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹീതമാണ്. വയനാട് വൈൽ‍‍ഡ് ലൈഫ് സാങ്ച്വറിയുമായും ബന്ദിപ്പൂർ ടൈഗർ റിസർവുമായും അതിർത്തി പങ്കിടുന്ന മുതുമലൈയിൽ നിന്നാലും ട്രൈ ജംക്ഷൻ കാണാം. ബന്ദിപ്പൂരിൽ നിന്ന് 15 കിലോമീറ്ററേയുളളൂ മുതുമലൈക്ക്. ഊട്ടി റൂട്ടിൽ കല്ലട്ടി വഴി 36 കിലോമീറ്ററേയുളളൂ മുതുമലൈക്ക്. ഊട്ടി റൂട്ടിൽ കല്ലട്ടി വഴി 36 കിലോമീറ്റർ. 36 ഹെയർപിൻ വളവുകളുളള മനോഹരമായ നാച്വറൽ ഫോറസ്റ്റ് റൂട്ടാണിത്. ഗൂഡല്ലൂർ വഴിയാണെങ്കിൽ 67 കിലോമീറ്റർ വരും. മൈസൂരിൽ നിന്ന് 91 കിലോമീറ്റർ അകലെയാണ് മുതുമലൈ. നല്ല കാലാവസ്ഥയാണെങ്കിൽ രാവിലെ 6 മുതൽ 10 വരെയും ഉച്ചയ്ക്ക് 2 മുതൽ 6 വരെയും ജംഗിൾ സഫാരിയും എലിഫെന്റ് റൈഡും നടത്താം. എലിഫെന്റ് ക്യാംപിലെ വിസിറ്റിങ് ടൈം: രാവിലെ 8.30 മുതൽ 9.00 വരെ, വൈകിട്ട് 4 മുതൽ 6 വരെ. നാൽപ്പതുമിനിറ്റുളള എലിഫെന്റ് റൈഡ് സമയം രാവിലെ 7 മുതൽ 8.30 വരെ, 4.00 മുതൽ 5.30 വരെ.

മുതുമലൈ ടൈഗർ റിസർവിന്റെ ഭാഗമായ കർഗുഡിയിലും മസിനഗുഡിയിലും അഭയാരണ്യത്തിലും, റിസപ്ഷൻ സെന്ററുളള തെപ്പക്കാട്ടും റെസ്റ്റ് ഹൗസും ഡോർമിറ്ററികളും വാടകയ്ക്ക് കിട്ടും. അഡ്വാൻസ് ബുക്കിങ്ങിന് ഫോൺ: 0423–2445971. കറന്റ് ബുക്കിങ്ങ് ഫോൺ: 0423–2526235, ഓഫിസ്:0423–2444098. വെബ്സൈറ്റ്: www.mudumalaitigerfoundation.in

ചിത്രങ്ങള്‍ – ബാദുഷ പി.ടി., വിവരണം – രാഖി വി.എന്‍., കടപ്പാട് – മനോരമ ഓണ്‍ലൈന്‍

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply