മലക്കപ്പാറ വരെ ആനവണ്ടിയിലും വാൽപ്പാറയിലേക്ക് അണ്ണൻ വണ്ടിയിലും..

വിവരണം – സന്തോഷ് അയർക്കാട്ടിൽ.

ഞങ്ങൾ 2 പേർ രാവിലെ ഒരു ബുള്ളറ്റിൽ കൊച്ചിയിൽ നിന്നും അങ്ങട് ഇറങ്ങി. യാത്രയുടെ ലക്ഷ്യം. ആതിരപ്പള്ളി വാഴച്ചാൽ കയറി വാൽപ്പാറ പൊള്ളാച്ചി ,പാലക്കാട് വഴി തിരിച്ചു കൊച്ചിക്കു പോരുക. സംഭവിച്ചത്. രാവിലെ 8.45ന് വാഴച്ചാൽ ചെക്ക് പോസ്റ്റിൽ ഗാർഡ് മാർ ഞങ്ങളെ സ്വീകരിച്ചത് ഇവിടുന്നങ്ങോട്ട് വനത്തിലേക്ക് ബൈക്ക് കടത്തിവിടില്ലാന്നു പറഞ്ഞു കൊണ്ടാണ്… ഹൃദയം തകർത്തു കളഞ്ഞ സ്വീകരണം.

കളക്ടറിന്റെ ഉത്തരവിൻ പ്രകാരം വാഴച്ചാൽ ചെക്പോസ്റ്റിൽ നിന്നും വനത്തിനുള്ളിലേക്കു ഇരുചക്രവാഹനത്തിലുള്ള യാത്ര അനുവദിക്കുന്നതല്ല എന്നു അറിയാൻ കഴിഞ്ഞു. (KSEB, Forest ഉദ്യോഗസ്ഥർക്കു ബാധകമല്ല) മറ്റു വാഹനങ്ങളിൽ വരുന്നവർക്കു പ്രവേശിക്കാം Car, Jeep. കാരണങ്ങൾ നമ്മളൊക്കെത്തന്നെയാണ് കാരണക്കാർ ശബ്ദമുള്ള Silencer ഘടിപ്പിച്ച് വന്യമൃഗങ്ങളുടെ സൈര്യ ജീവിതത്തിനു തടസ്സമുണ്ടാക്കുക. ആന, കാട്ടുപോത്ത് മുതലായ വന്യമൃഗങ്ങളെ കാണുമ്പോൾ ബൈക്ക് നിർത്തി ഫോട്ടോ എടുക്കുമ്പോൾ ക്ഷണിച്ചു വരുത്തുന്ന അപകടങ്ങൾ (വനത്തിനുള്ളിൽ വാഹനം നിർത്തരുത് , മൃഗങ്ങൾ റോഡ് മുറിച്ചു കടക്കും എന്നുള്ള ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്).

പെട്ടെന്നായിരിക്കും ആന, മാൻ, പന്നി മുതലായ മൃഗങ്ങൾ റോഡ് മുറിച്ചു കടക്കുന്നത്. ഇങ്ങനെയുണ്ടാവുന്ന അപകടങ്ങൾ ഒന്നും ചെറുതല്ല . രക്ഷിക്കാൻ ആരും കാണില്ല Range പോലും കിട്ടാത്ത ഈ വനത്തിൽ . ഈ കാരണങ്ങൾ എല്ലാം ശരിയാണന്നും ,സുരക്ഷ ത മാ യ യാത്രക്ക് നല്ലത് KSRTC യാത്രയാണന്നും എനിക്ക് മനസ്സിലാക്കിത്തന്നതായിരുന്നു ഈ യാത്ര. അങ്ങനെ പൊള്ളാച്ചി വഴിയുള്ള യാത്ര വേണ്ടന്നു വെച്ചു. ബുള്ളറ്റ് വാഴച്ചാൽ ചെക്ക് പോസ്റ്റിൽ പാർക്കു ചെയ്തു 9.30നുള്ള KSRTC ബസ്സിൽ കയറിയിരുന്നു യാത്ര തുടങ്ങി.

മലക്കപ്പാറ (കേരള border)വരെ ഒരാൾക്ക് 50 രൂപ. ഡ്രൈവർ സീറ്റിനടുത്തുള്ള സീറ്റിൽ ഇരുന്നു. ടിക്കറ്റ് എല്ലാം കൊടുത്തിട്ട് കണ്ടക്ടർ ചേട്ടനും മുന്നോട്ട് വന്നു. 5 വർഷമായിട്ടു ചാലക്കുടി – മലക്കപ്പാറ റൂട്ടിൽ ഓടുന്ന അനുഭവസമ്പത്തുള്ള ഡ്രൈവർ ചേട്ടൻ. അങ്ങനെ ഞങ്ങൾ 4 പേരും കൂടി പിന്നെ ആ ബസ്സിൽ ഒരു അരങ്ങായിരുന്നു.. ധാരാളം കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു വനത്തിലുടെയുള്ള യാത്രയെപ്പറ്റിയും മൃഗങ്ങളെപ്പറ്റിയുമെല്ലാം 5 വർഷത്തെ അനുഭവപരിചയമുള്ള ചേട്ടൻ പറഞ്ഞു തന്നു..

വണ്ടി ഓടിക്കുമ്പോഴും മൃഗങ്ങൾ എവിടേലുമുണ്ടോന്ന് ചേട്ടൻ നോക്കുന്നുണ്ടായിരുന്നു ഞങ്ങൾക് കാട്ടിത്തരാൻ. ദൂരെ ഒരു അരുവിയിൽ കാട്ടുപോത്തുകൾ വെള്ളം കുടിക്കുന്നത് ആദ്യം കണ്ടത് ചേട്ടനായിരുന്നു . Photo എടുത്തോളൂന്ന് പറഞ്ഞു.. പിന്നീട് ചെറിയ ആനക്കുട്ടത്തെ കാണിച്ചു തന്നതും ഡ്രൈവർ ചേട്ടൻ തന്നെ… എതിരെ വരുന്ന ചില വണ്ടിക്കാരെയും …. വഴിവക്കിൽ നിൽക്കുന്നവരെയും ( മലയാളി ,തമിഴൻ) എല്ലാം ചേട്ടൻ കൈ വീശി അഭിവാദ്യം ചെയ്യുന്നത് കാണാമായിരുന്നു. 5 വർഷത്ത പരിചയം….

മലക്കപ്പാറയിൽ വണ്ടി എത്തിയപ്പോൾ ചേട്ടൻ പറഞ്ഞു നിങ്ങൾ വാൽപ്പാറ പോയി വൈകിട്ട് 5 നുള്ള KSRTC bus ൽ കയറാനായി തിരിച്ചെത്തണം. വീണ്ടും കാണാമെന്നു പറഞ്ഞു കൈ കൊടുത്തു യാത്ര പറഞ്ഞിറങ്ങിയപ്പോൾ ഓർത്തു പോയി കഴിഞ്ഞ 5 വർഷമായി എത്രയോ അധികം യാത്രക്കാരെ സുരക്ഷിതമായിട്ട് ഈ വനത്തിലൂടെ അതും കൊടും വളവുകൾ നിറഞ്ഞ വഴിയിലൂടെ സർക്കാർ വണ്ടി ഓടിച്ചിരിക്കുന്നു ഈ ചേട്ടൻ. (കല്ലറിയുന്നവർക്ക് ഇതൊന്നും അറിയണ്ടല്ലോ അല്ലെ ).

മലക്കപ്പാറയിൽ നിന്നും വാൽപ്പാറക്കുള്ള തമിഴ്നാട് ബസ്സിനായുള്ള കാത്തിരുപ്പിൽ ഒരു അണ്ണനുമായി അൽപനേരം സംസാരിച്ചിരുന്നു .. ഏതു നാട്ടിൽ ചെന്നാലും അവിടുള്ളവരുമായി സംസാരിച്ചിരിക്കാൻ ഒരു പ്രത്യേക സുഖം തന്നെ. വീണ്ടും നേരിൽ കാണുമെന്നു യാതൊരുറപ്പുമില്ലങ്കിലും ഒരു സെൽഫി അങ്ങട് പെടച്ചപ്പോൾ അണ്ണൻ ഹാപ്പി.

വാൽപ്പാറ – തമിഴ്നാട്ടിലെ ഒരു കൊച്ച് പട്ടണം. പൊങ്കലിന്റെ തിരക്ക് കാണാം. ആളിയാർ ഡാമിൽ നിന്നും പിടിച്ച മീൻ വറക്കുന്ന ചെറിയ തട്ടുകടയിൽ കയറി മീൻ വറുത്തതും പിന്നെ മഞ്ഞ നിറത്തിലുള്ള ചോറും കഴിച്ചു. കട നടത്തുന്ന അണ്ണൻ തിടുക്കത്തിൽ മരുമകനെ വിളിക്കുന്നു എന്നിട്ട് ഞങ്ങളോടു പറഞ്ഞു “ഒന്നും വിസാരിക്കരുത് ഇതെന്റെ മരുമകനാണ്. ഇപ്പോൾ എന്റെ ഭാര്യ ഊണുമായി വരും. ഊണിനു മുമ്പ് ഞങ്ങൾക്ക് ഒരു small അടിക്കണം.” ഇതും പറഞ്ഞു ഒരു ക്വാട്ടർ അമ്മായിഅപ്പനും മരുമോനും കുടിച്ചു തീർത്തു. ഉടനെ ഭാര്യ വന്നു. അപ്പോൾ ഇവർ ചോറു വിളമ്പി ഒന്നുമറിയാത്ത പോലെ കഴിക്കുന്നുണ്ടായിരുന്നു.

തിരിച്ചു മലക്കപ്പാറക്കുള്ള ബസിനായി കുറച്ചു ബുദ്ധിമുട്ടി. ഒടുവിൽ ഞങ്ങളെ സഹായിക്കാനായി ഒരു ചേച്ചി വന്നു. ആ അക്കൻ ഞങ്ങളെ ബസ് സ്റ്റോപ്പിലേക്കു കൂട്ടി കൊണ്ടു പോയി കയറണ്ട ബസ് കാണിച്ചു തന്നു. അവരും ആ ബസ്സിൽ തന്നെ കയറാനുള്ളതായിരുന്നു. പാതി വഴിയിൽ ഇറങ്ങാനുള്ളതായിരുന്നു. അറിയാവുന്ന തമിഴൽ അവരോടു ഞങ്ങൾ സംസാരിച്ചു. കണ്ടക്ടറോടു ഞങ്ങൾക്ക് ഇറങ്ങേണ്ട സ്ഥലം അവർ പറഞ്ഞു കൊടുത്തു “അവരെ അവിടെ ഇറക്കണം” എന്നു ചേച്ചി പറഞ്ഞു എൽപ്പിച്ചു.

ചേച്ചിയുടെ സ്ഥലത്ത് ഇറങ്ങിയിട്ട് ഞങ്ങളോട് പറഞ്ഞു ” നന്നായി പാത്ത് പോങ്കണെ” എന്നു പറഞ്ഞു കൊച്ചു കുടിലു പോലുള്ള അവരുടെ വീട്ടിലേക്ക് കയറി പോകുന്ന രംഗം ഇപ്പഴും മനസ്സിലുണ്ട്. സമ്പന്നത മനസ്സിലാണ് അതു വലിയ വീടുകളിൽ പാർക്കുമ്പോഴല്ല.

വാഴച്ചാലിലേക്ക് 5 നുള്ള ബസ്സിൽ കയറി അടുത്ത ഡ്രൈവറും കണ്ടക്ടറും ഹാ! അടിപൊളി ടീംസ്.. തമാശയും, രാഷ്ട്രീയവും മുതൽ ശബരിമല വിഷയം വരെ സംസാരിച്ചു വനത്തിലൂടെ, നല്ല ഇരുട്ടത്ത് നല്ല തണുപ്പുമേറ്റുള്ള യാത്ര.. വാഴച്ചാൽ ചെക്ക് പോസ്റ്റിൽ ഇറങ്ങിയപ്പോൾ അവർ പറഞ്ഞു “ഞങ്ങളുടെ പിറകെ ബൈക്കുമായി വന്നോളൂ ചിലപ്പോൾ മാൻ വല്ലതും ഇരുട്ടത്ത് പെട്ടന്ന് റോഡു മുറിച്ചു കടന്നേക്കാം.”

അതനുസരിച്ച് അവരുടെ പിറകെ ഞങ്ങളും. വീണ്ടും ഞങ്ങൾ KSRTC യാത്രക്കായി വരാമെന്നു പറഞ്ഞു പിരിഞ്ഞു. എന്റെ അഭിപ്രായം എന്റെ മാത്രം – ഈ വനത്തിലൂടെയുള്ള യാത്രയിൽ ബൈക്കിനെക്കാൾ നല്ലത് കാടിനെ കുറിച്ചുള്ള അറിവും അനുഭവസമ്പത്തു മുള്ള ഇവരുടെ കൂടെത്തന്നെയാണന്നാണ്. അതു കാട്ടിലുള്ള പല സ്ഥലങ്ങളിൽ എത്തിയപ്പോൾ എനിക്കു തോന്നിയതാണ്.

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

Leave a Reply