നിലമ്പൂർ ബസ് സ്റ്റാൻഡിൽ നിന്നുള്ള ഈ ചിത്രം വൈറലാകുന്നു

സ്‌കൂൾ കുട്ടികൾക്ക് ബസിലെ യാത്രാ സൗജന്യം അവകാശമാണ്. അത് നിഷേധിക്കാൻ ഒരു ബസുടമയ്ക്കും അധികാരമില്ല. എന്നാൽ കുറഞ്ഞ നിരക്കിൽ കുട്ടികളെ കൊണ്ടു പോകാൻ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ചില സ്വകാര്യ ബസുകാർ തയ്യാറല്ല. ഇതാണ് യാഥാർത്ഥ്യം. വിദ്യാർത്ഥി സംഘടനകളുടെ എതിർപ്പുകളും സംഘടനകളുടെ പ്രതിഷേധ സമരങ്ങളുമൊന്നും ഫലം കണ്ടിട്ടില്ല. ഇതിന് തെളിവാണ് നിലമ്പൂർ ബസ് സ്റ്റാൻഡിൽ നിന്നുള്ള ഈ ചിത്രം. കുട്ടികളുടെ അവകാശത്തെ നിഷേധിക്കുകയാണ് ബസ് ഉടമയും ജീവനക്കാരും ചെയ്യുന്നത്.

നിലമ്പൂർ ബസ്റ്റാന്റിൽ തന്റെ ഊഴവുംകാത്ത് പെരുമഴയത്ത് നിൽക്കുന്ന കുട്ടികളുടെ ചിത്രമെന്ന തരത്തിലാണ് ഇത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ മഴ ഇല്ലെന്ന വാദവുമായി മറ്റൊരു കൂട്ടരുമുണ്ട്. മഴയുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്‌നം. എന്തുകൊണ്ട് ഈ കുട്ടികളെ ബസിൽ കയറ്റുന്നില്ലെന്നതാണ് ചോദ്യം. ബസിൽ യാത്രക്കാർ മുഴുവൻ കയറിയ ശേഷം സ്ഥലം ഉണ്ടെങ്കിൽ മാത്രം കുട്ടികളെ കയറ്റുന്നതാണ് കീഴ് വഴക്കം. ഇതാണ് ഇവിടേയും സംഭവിച്ചത്. ഇതിന്റെ നേർ ചിത്രമാണ് സോഷ്യൽ മീഡിയയിലെ ഫോട്ടോ. കുട്ടികളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റം തന്നെയാണ്.

ഈ സാമൂഹിക പ്രശ്‌നത്തെ വേണ്ട രീതിയിൽ നോക്കികാണാൻ ബാലാവകാശ കമ്മീഷനും തയ്യാറാകുന്നില്ല. കുട്ടികളുടെ അവകാശ നിഷേധത്തിന്റെ നേർചിത്രമാണ് ഇത്. ഇവിടെ ഇടപെടൽ നടത്തി അവകാശം ഉറപ്പാക്കി നൽകാൻ ബാലാവകാശ കമ്മീഷനാകും. ഇതിലൂടെ മാത്രമേ സംസ്ഥാനത്തുടനീളമുള്ള വിദ്യാർത്ഥികളുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരമുണ്ടാകൂ. മോട്ടോർ വാഹനവകുപ്പിനും പൊലീസിനുമെല്ലാം ക്രിയാത്മക ഇടപെടലുകൾ നടത്താനാകും. എന്നാൽ ബസ് മുതലാളിമാരുമായി ഒത്തുകളിക്കുന്ന രീതിയാണ് പൊലീസിനും മോട്ടോർവാഹന വകുപ്പിനും ഉള്ളത്.

സ്‌കൂളിൽ പോകുന്ന കുട്ടികൾ സ്വകാര്യ ബസ് യാത്രകളിൽ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങൾ ചില്ലറയല്ല. കുട്ടികളെ കയറ്റാതെ പോകുന്ന ബസ്സുകൾ, കൺസെഷൻ നൽകാത്ത ബസ് ജീവനക്കാർ ഇങ്ങനെ നീളുന്നു ദുരിതങ്ങൾ. ഇതിന് പരിഹാരമുണ്ടാക്കിയത് കോഴിക്കോട് മാത്രമാണ്. കളക്ടർ പ്രശാന്ത് ക്രിയാത്മകമായി ഇടപെട്ടു. വിദ്യാർത്ഥികളുടെ യാത്രാ പ്രശ്‌നം എന്നും വലിയ ഒരു തലവേദനയാണ് ജില്ലാ ഭരണാധികാരികൾക്ക്. കോഴിക്കോടിന്റെ സ്ഥിതിയും വ്യത്യസ്തമല്ലായിരുന്നു. ഔദ്യോഗിക യാത്രക്കിടയിലും മറ്റും വിദ്യാർത്ഥികൾ അനുഭവിക്കുന്ന ഈ ദുരിതം കോഴിക്കോട് കളക്ടർ പ്രശാന്ത് നേരിട്ടു കാണുകയും ചെയ്തിരുന്നു.

അങ്ങനെ ചിന്തിച്ചു ചിന്തിച്ച് മുന്നേറിയപ്പോൾ അദ്ദേഹത്തിന് മുന്നിൽ ഒരു ഐഡിയ വന്നു. സവാരി ഗിരിഗിരി; വിദ്യാർത്ഥികൾക്ക് അന്തസ്സായി ബസ് യാത്ര ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുക എന്നതാണ് സവാരി ഗിരി ഗിരി പദ്ധതി. ഇത് ഫലം കാണുകയും ചെയ്തു. ഇത്തരം സാധ്യതകളും മറ്റ് ജില്ലകളിലും ആരായേണ്ടതുണ്ട്.

News : Marunadan Malayali

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply