ഭഗോറിയ ഉൽസവം – പ്രണയിക്കുന്നവർക്ക് ഒളിച്ചോട്ടം ഒഴിവാക്കി ഒന്നാകുവാൻ ഒരവസരം…

ഈ ലേഖനം എഴുതി തയ്യാറാക്കിയത് – ജയരാജൻ കൂട്ടായി.

വിശ്വാസ്സങ്ങളുടെ ഭാഗമായത് പോലെ തന്നെ, വിശ്വാസ്സങ്ങളുടെ പിന്ബലമില്ലാത്തതുമായ ഒരുപാട് ആഘോഷങ്ങൾ ഭാരതത്തിൽ നിലവിലുണ്ട്. അങ്ങിനെ വിശ്വാസ്സങ്ങളുമായി ബന്ധമൊന്നുമില്ലാത്ത ഒരു ആഘോഷമാണ് മധ്യപ്രദേശിലെ മൽവാ ഉൽസ്സവം എന്ന പേരിൽ കൂടി അറിയപ്പെടുന്ന ഭഗോറിയ ഉൽസ്സവം (ഭഗോറിയ ഹാത്ത് ഉൽസ്സവം) ബിൽസ് എന്നും, ഭിലാലാസ് എന്നും അറിയപ്പെടുന്ന ഗോത്ര വിഭാഗങ്ങളുടെ ഇടയിൽ നിനനിൽക്കുന്ന വിചിത്ര ആഘോഷമാണ് ഭാഗോറിയ ഉൽസ്സവം. വീട്ടുകാർ അറിയാതെ പ്രണയിക്കുന്ന യുവതി യുവാക്കളാണ് ആഘോഷങ്ങളിൽ കൂടുതലായും പങ്ക് ചേരുന്നത്. വീട്ടുകാർക്ക് എതിർപ്പുള്ളതിനാൽ വെളിപ്പെടുത്താൻ പറ്റാതെ പ്രണയം കൊണ്ട് നടക്കുന്നവർക്ക് ഒരു അനുഗ്രഹം കൂടിയാണ് ഭാഗോറിയയുടെ ആചാരങ്ങൾ. അങ്ങിനെ ഒളിച്ചോട്ടം ഇല്ലാതെയും കമിതാക്കളാണെന്നുള്ള വിവരം അറിയാത്ത വീട്ടുകാരുടെ അനുവാദത്തോടും കൂടി തന്നെ വിവാഹം നടത്ത പ്പെടുന്നുവെന്നതാണ് ഭഗോറിയ ഉൽസ്സവത്തിൻറെ പ്രത്യേകത.

മാർച്ച് മാസ്സത്തിൽ ഹോളി ഉൽസ്സവത്തിന് മുമ്പായി നടക്കുന്ന ഭഗോറിയ ഉൽസ്സവത്തിൻറെ പ്രത്യേകത തീർത്തും വിചിത്രമാണ്. ഈ ഒരു ദിവസ്സം ബിൽസ്, ഭിലാലാസ് ഗോത്ര വിഭാഗങ്ങളിലെ യുവതി, യുവാക്കൾക്ക് സ്വന്തമായി ഇഷ്ടമുള്ള വധു വരന്മാരെ തിരഞ്ഞെടുക്കുവാൻ അനുവാദമുണ്ട്. ഖർഗോൺ, ജാ ബുവ ജില്ലകളിലെ ഗോത്ര വിഭാഗങ്ങൾ താമസിക്കുന്നതിനടുത്തുള്ള പൊതുസ്ഥലങ്ങളിലോ, മൈതാനങ്ങളിലോ യുവതീകളും, യുവാക്കളും, ഇരുവരുടേയും മാതാപിതാക്കളും, മറ്റു കുടുംബാംഗങ്ങളും ഒത്ത് ചേരുന്നു. യുവതി, യുവാക്കൾ കയ്യിൽ ചുവപ്പ് നിറമുള്ള സിന്ദൂര പൊതി കരുതിയിരിക്കും. സ്വയംവരമെന്ന പേരിൽ അറിയപ്പെടുന്ന ഉൽസ്സവത്തിൽ കമിതാക്കളെ കൂടാതെ ഒരുപാട് യുവതി യുവാക്കൾ അവരവരുടെ മാതാ പിതാക്കളോടൊപ്പം ഒത്ത് ചേരുന്നു.

പുത്തൻ സാരിയുടുത്ത്, ആടയാഭരണ വിഭൂഷിതയായി യുവതികൾ സ്വയംവരത്തിൽ പങ്കെടുക്കാൻ മൈതാനത്തിൻറെ ഒരു ഭാഗത്ത് ഒത്ത് കൂടുന്നു. മറു ഭാഗത്ത് സ്വയംവരത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവരായ യുവാക്കളും മറ്റൊരു ഭാഗത്ത് മാതാപിതാക്കളും, ബന്ധുക്കളും പ്രത്യേകം, പ്രത്യേകമായി തയ്യാറാക്കിയ ഇരിപ്പിടങ്ങളിൽ ഇരിപ്പുറപ്പിക്കും. വിവാഹങ്ങളിൽ കാണുന്നത് പോലെ തന്നെ വാദ്യക്കാർ, ഗായകർ, താളമേളക്കാർ, നൃത്തക്കാർ അങ്ങിനെ സ്വയം വരത്തിനു മാറ്റുകൂട്ടുവാൻ ഒരുപാട് കാര്യങ്ങളും അലങ്കാരങ്ങളും നടത്തുന്നു. എല്ലാംകൂടി ഒരു ഉൽസ്സവത്തിൻറെ അല്ലെങ്കിൽ മഹാമാമാങ്കത്തിൻറെ എല്ലാ പ്രൗഢിയോടും കൂടിയുള്ളതാണ് സ്വയംവരവേദി.

മുഹൂർത്ത സമയമാകുമ്പോൾ യുവാക്കൾ പലാഷ് എന്ന മരത്തിൽ നിന്നും സംഭരിക്കുന്ന ചുവന്ന സിന്ദൂര പൊതിയുമായി ഓരോ യുവതികളുടേയും മുന്നിലെത്തുന്നു. ഡോൾ മുട്ടിയും മദ്ദളം അടിച്ചും ഹാർമോണിയം വായിച്ചും നൃത്തം ചെയ്‌തും സ്വയംവരത്തിനെത്തിയവർക്ക് ഹരം പകരുന്നു. മനസ്സിനിഷ്ടപ്പെട്ട യുവതിയെ കണ്ടു കഴിയുമ്പോൾ സിന്ദൂരപൊതി തുറന്നു സിന്ദൂരം വാരിയെടുത്ത് യുവതിയുടെ മുഖത്ത് പൂശുന്നു. നിന്നെ എനിക്കിഷ്ടമായി എന്നറിയിക്കുന്നതാണ് സിന്ദൂരം പൂശൽ. എന്നാൽ യുവാവിന് ഇഷ്ട്ടപ്പെട്ട യുവതിക്ക് തിരിച്ചു ഇഷ്ടം തോന്നണമെന്നില്ല. ഇങ്ങിനെയുള്ള അവസ്സരങ്ങളിൽ യുവാവിന് സ്വയംവര പന്തലിൽ വേറൊരു യുവതിയെ തിരഞ്ഞെടുക്കാൻ അനുവാദമില്ല.

എന്നാൽ ഇങ്ങിനെയുള്ളവർക്ക് വീണ്ടും ഒരവസ്സരം നൽകുന്നു, അതേ യുവതിയെ എങ്ങിനെയെല്ലാം ആകർഷിക്കാനും വശീകരിക്കാനും, അവളുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കാനും പറ്റുമോ അതിനു വേണ്ടി എന്തെല്ലാം അടവുകൾ പയറ്റാൻ പറ്റുമോ അതെല്ലാം അനുവദനീയമാണ്. എന്നാൽ കൈയേറ്റമോ, ബലപ്രയോഗമോ അനുവദനീയമല്ല. തീർത്തും മാന്യമായ രീതിയിലുള്ള വശീകരണം മാത്രമേ അനുവദിക്കുകയുള്ളൂ. സിന്ദൂരം പൂശി പരസ്പ്പരം ഇഷ്ടപ്പെട്ടാൽ വെറ്റിലയിൽ ഉണ്ടാക്കുന്ന ബീഡ ചവക്കുകയും മൈതാനത്തിൽ നിന്നും രണ്ടു പേരും ഓടി പോകുകയും ചെയ്യുന്നു. വീട്ടിലെത്തുന്ന ജോഡികളെ ആചാരപൂർവം ആരതി ഉഴിഞ്ഞു സ്വീകരിക്കുന്നു, തുടർന്ന് കുടുംബാംഗങ്ങൾ വിവാഹ നിശ്ചയം നടത്തുന്നു.

യുവതി വശത്തായില്ലെങ്കിൽ യുവാവ് സ്വയംവരത്തിൽ നിന്നും പുറത്താകും. വളരെ കാലങ്ങളായി പ്രണയത്തിലുള്ള ഒരുപാട് യുവതി, യുവാക്കൾ ഇവിടെ അവസ്സരം മുതലാക്കാൻ എത്തിച്ചേരുന്നു. വീട്ടുകാർ അനുവദിക്കില്ലെന്നുറപ്പുള്ള കമിതാക്കൾ പ്രണയം രഹസ്യമാക്കി സൂക്ഷിക്കുകയും, സ്വയംവര ദിവസ്സം മൈതാനത്ത് പ്രത്യക്ഷപ്പെട്ടു തങ്ങളുടെ മുൻപരിചയം വെളിപ്പെടുത്താതെ പരസ്പ്പരം സിന്ദൂരം പൂശുന്നു. സ്വയംവരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന യുവതി, യുവാക്കളുടെ വിവാഹം നടത്തുവാൻ മാതാപിതാക്കൾ ബാധ്യസ്ഥരാണ് എന്നുള്ളത് ബിൽസ്, ഭിലാലാസ് ഗോത്ര വിഭാഗങ്ങളിലെ മാറ്റാൻ പറ്റാത്ത നിയമമാണ്. സ്വയംവരത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർ വീണ്ടും വിവാഹചടങ്ങുകൾ നടത്തണമെന്നൊന്നും ഇല്ല. സ്വയംവരം കഴിഞ്ഞ ഉടനെ തന്നെ വരനൊപ്പം പോകാനും, കൂടെ താമസ്സിക്കാനും അനുവാദമുണ്ട്. പല നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഈ ആചാരം ലോക കമിതാക്കൾ ദിനം ഉണ്ടാകുന്നതിനു മുമ്പ് തന്നെ നിലവിലിരുന്നുവെന്ന് പറയപ്പെടുന്നു.

ഭഗോറിയ ഹാത്ത് ഉൽസ്സവം വിളവെടുപ്പുൽസ്സവമായി കൂടിയാണ് ഗോത്ര വി ഭാഗക്കാർ ആഘോഷിക്കുന്നത്. എന്നാൽ ബിൽസ്, ഭിലാലാസ് ഗോത്രങ്ങളിലെ യുവതി യുവാക്കൾക്ക് ഒളിച്ചോട്ടമില്ലാതെയും വീട്ടുകാരുടെ എതിർപ്പുകളില്ലാതെയും ഇഷ്ടപ്പെട്ടവരെ തിരഞ്ഞെടുക്കാൻ അവസരം കിട്ടുന്നുവെന്നതാണ് കമിതാക്കളുടെ ഉൽസ്സവമെന്നറിയപ്പെടുന്ന ഭഗോറിയ ഹാത്ത് ഉൽസ്സവത്തിൻറെ ഗുണം. നാട്ടു രാജാക്കന്മാർ രാജ്യം ഭരിച്ചിരുന്ന കാലങ്ങളിൽ രാജകൊട്ടാരങ്ങളിൽ നിലവി ലിരുന്ന സ്വയം വര സമ്പ്രദായം വേറൊരു രൂപത്തി ൽ ഇന്നും മധ്യപ്രദേശിലെ ഗോത്ര വിഭാഗങ്ങളിൽ നില നിൽക്കുന്നു. കമിതാക്കളെ സംബന്ധിച്ചു നോക്കിയാൽ എത്ര നല്ല ആഘോഷങ്ങൾ!!. ഇത് പോലൊരു നിയമം എല്ലായിടത്തുമുണ്ടായിരുന്നെങ്കിൽ ഒരുപാട് ഒളിച്ചോട്ടങ്ങൾ ഒഴിവാക്കാമായിരുന്നു.!!വിചിത്രമായ ആഘോഷങ്ങൾ തുടരും. കമിതാക്കൾക്ക് ആശംസ്സകൾ…

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply