അകലങ്ങളിലെ ഇന്ത്യയെ അടുത്തറിയുവാനായി ഒരു യാത്ര…

വിവരണം – അബ്ദുൽ നാസർ.

2018 ജൂൺ 16 ശനി വൈകുന്നേരം 6 മണിക്ക് ബാഗിൽ അല്പം തുണികളും അത്യാവശ്യ സാധനങ്ങളും നിറച്ച് ഞാൻ വീട്ടിൽ നിന്നും ഇറങ്ങി . വെള്ളിയും ശനിയും ഒന്നാം പെരുന്നാളും രണ്ടാം പെരുന്നാളും ആഘോഷിച്ചു പെങ്ങന്മാരും കുട്ടികളുമെല്ലാം തിരിച്ചുപോയിരുന്നു. ഉമ്മയോട് സലാം പറഞ്ഞു എൻറെ ബാഗുമെടുത്ത് വണ്ടിയുമെടുത്ത് ഞാൻ അങ്ങാടിയിലേക്ക് പോയി . കടയിൽ വെച്ച് ഉപ്പയോട് യാത്ര പറഞ്ഞു പള്ളിയിൽ കയറി നിസ്കരിച്ച്‌ മേലാറ്റൂർ റെയിൽവേ സ്റ്റേഷനിലേക്ക് വിട്ടു. രണ്ടാഴ്ചയിൽ കൂടുതൽ നിർത്താതെ പെയ്ത മഴ വിട്ടൊഴിഞ്ഞു റോഡും വഴികളും ഒക്കെ ഒരു പുതിയ ആവേശത്തിലായിരിക്കുന്നു .

മേലാറ്റൂർ എത്തുന്നതിന് 4 കിലോമീറ്ററുകൾ മുൻപ് ഏപ്പിക്കാട് പെങ്ങളുടെ വീട്ടിൽ ബൈക്ക് വച്ച് പെങ്ങളുടെ മോന്റെ കൂടെ അവന്റെ സ്കൂട്ടിയിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോയി. സ്റ്റേഷന് അടുത്ത് പള്ളിയിൽനിന്ന് രാത്രി നിസ്കാരവും കഴിഞ്ഞ് സ്റ്റേഷന് പുറത്തിറങ്ങിയ ഉടനെ അവനെയും വണ്ടിയും തിരിച്ചയച്ച്‌ ഞാൻ അകത്തേക്ക് നടന്നു. നിലമ്പൂരിൽ നിന്നും രാത്രി 8 40ന് പുറപ്പെടുന്ന ‘രാജ്യറാണി എക്സ്പ്രസ്’ൽ ഷൊറണൂരിലേക്ക് 30 രൂപയ്ക്ക് ടിക്കറ്റ് എടുത്തു.ഹൊ വല്ലാത്ത ചാർജ് സാധാരണ നിലമ്പൂർ-ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ 15 രൂപക്ക് കിട്ടുന്ന ടിക്കറ്റാണ് ട്രെയിൻ മാറിയതോടെ ഇരട്ടിയായത്. എന്നെപ്പോലെ ഒരു പിശുക്കന് താങ്ങാവുന്നതിലും അപ്പുറം. ടിക്കറ്റും കയ്യിൽ വെച്ച് റെയിൽവേ ട്രാക്കിലേക്ക് നോക്കി ഞാൻ ചിന്താവിഷ്ടനായ കോമളനായി.

ഇന്ത്യയുടെ നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും നീണ്ടുപരന്നുകിടക്കുന്ന ഈ ട്രാക്കുകൾ ആണ് എന്റെ പ്രതീക്ഷ.കാരണം എവിടേക്കാണ് പോകേണ്ടത് എന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. തികച്ചും ലക്ഷ്യങ്ങളില്ലാതെ ഇങ്ങനെ യാത്ര ചെയ്യാൻ എനിക്ക് എൻറെതായ ചില കാരണങ്ങളുണ്ട്. മാനസിക പ്രയാസങ്ങളും അപ്രതീക്ഷിത ദുരനുഭവങ്ങളും കടന്നുവരുമ്പോൾ അതിൽനിന്നും രക്ഷനേടാൻ ഒരു ലഹരി എന്ന നിലക്ക് യാത്രയെ ഉപയോഗിക്കുന്നു എന്നോ, യാത്രയോടുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ട് തനിച്ച് എവിടേക്കെങ്കിലും ഇടയ്ക്കിടയ്ക്ക് യാത്ര ചെയ്യുന്നു എന്നൊക്കെ അതിന് കാരണമായി പറയാം. കൃത്യമായി ഒരു സ്ഥലം തീരുമാനിച്ചിട്ടില്ലെങ്കിലും രണ്ടു മൂന്നു സ്ഥലങ്ങൾ എൻറെ മനസ്സിൽ ഉണ്ടായിരുന്നു. 1 ഇന്ത്യയിലെ ദീർഘദൂര ട്രെയിനുകളിൽ ഒന്നാം നമ്പറായ കന്യാകുമാരിയിൽ നിന്നും ആസാമിലെ ദിബ്രുഗ് വരെ പോകുന്ന വിവേക് എക്സ്പ്രസിൽ കയറി രണ്ടുമൂന്നു ദിവസം യാത്ര ചെയ്ത് ഇന്ത്യ മ്യാൻമർ അതിർത്തി വരെ പോവുക.
2 കൽക്കട്ടയിൽ പോയി ചരിത്രപ്രധാന സിറ്റി ഒക്കെ കറങ്ങി അവിടെയുള്ള അന്യസംസ്ഥാന തൊഴിലാളി സുഹൃത്ത് ഇസ്മാഈലിന്റെ വീട്ടിൽ പോയി ബംഗാളിന്റെ ഉൾഗ്രാമങ്ങളിലൂടെ രണ്ടുദിവസം കറങ്ങിനടക്കുക. 3 മുകളിൽ പറഞ്ഞ രണ്ടും നടന്നില്ലെങ്കിൽ രാജസ്ഥാനിലെ അജ്മീർ വരെപോയി അജ്മീർ ദർഗ്ഗ ശരീഫും ചരിത്ര സ്ഥലങ്ങളും സന്ദർശിക്കുക.

വണ്ടി കാത്തു നിൽക്കുന്ന സമയത്ത് സുഹൃത്തായ രഞ്ജിത്തിന് ranjith Renjith Philip ബന്ധപ്പെടാൻ വേണ്ടി മെസ്സേജ് അയച്ചു. അദ്ദേഹത്തെ ഞാൻ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ടതാണ് നേരിൽ കണ്ടിട്ടില്ല. തനിച്ച് വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ അടക്കം ഒരുപാട് സ്ഥലങ്ങൾ സന്ദർശിച്ച് വന്ന ആളാണ് കക്ഷി. മാത്രമല്ല വടക്കുകിഴക്കൻ ചരിത്രവും ഭൂമിശാസ്ത്രവും രാഷ്ട്രീയ സാമൂഹിക പശ്ചാത്തലവും കക്ഷിക്ക് നല്ല വശമുണ്ട്. മെസ്സേജ് കിട്ടി അൽപം കഴിഞ്ഞ് രഞ്ജിത്ത് തിരിച്ചുവിളിച്ചു വിവേക് എക്സ്പ്രസിനെ കുറിച്ചും ഇന്ത്യ മ്യാൻമർ അതിർത്തി യിലേക്കുള്ള വഴികളെക്കുറിച്ചും എന്നുമാത്രമല്ല 15 മിനിറ്റിനുള്ളിൽ എൻറെ എല്ലാ സംശയവും ഞാൻ അദ്ദേഹത്തിനോട് ചോദിച്ചു എല്ലാ ചോദ്യങ്ങൾക്കും അദ്ദേഹം വളരെ ആവേശത്തോടുകൂടി മറുപടി തന്നു . പരസ്പരം നേരിൽ കാണാം എന്ന് പറഞ്ഞു ഞങ്ങൾ ഫോൺ വച്ചു .

യാതൊരു ഉത്തരവാദിത്വവുമില്ലാതെ 20 മിനിറ്റിലധികം വൈകി വണ്ടി വന്നു. വണ്ടിയിൽ കയറി ഒരു മണിക്കൂർ നേരത്തെ യാത്രക്കുശേഷം ഷൊർണൂരിൽ എത്തി. അതിനിടയ്ക്ക് വണ്ടിയിൽ വെച്ച് പരിചയപ്പെട്ട ചെറുപ്പക്കാർക്ക് അവർ പോകാൻ ഉദ്ദേശിക്കുന്ന ആലപ്പുഴ ബോട്ട് യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ ഞാൻ പറഞ്ഞുകൊടുത്തു അവിടെയുള്ള ഒരു ബോട്ട് ഹൗസ് ഫോൺ നമ്പറും അവർക്ക് കൊടുത്തു ഞാൻ സ്റ്റേഷനിലെ വിവരങ്ങൾ നൽകുന്ന സ്ഥലത്തേക്ക് നടന്നു.രഞ്ജിത്ത് ഭായിയോടുള്ള സംസാരത്തിൽനിന്നും എന്റെ കയ്യിലുള്ള പണംകൊണ്ട് ഇന്ത്യ -മ്യാന്മർ അതിർത്തിവരെ പോയി വരൽ നടക്കില്ല എന്ന് മനസ്സിലായിരുന്നു മാത്രമല്ല ദിബ്രുഗ് ലേക്കുള്ള വിവേക് എക്സ്പ്രസ്സ് ഇന്നോ നാളെയോ അല്ല അത് ബുധനാഴ്ചയോ മറ്റോ ആണെന്നും ഞാനറിഞ്ഞു. അതുകൊണ്ട് അടുത്ത പ്രതീക്ഷയായ കൽക്കട്ടയിലേക്ക് ശ്രമിക്കാം എന്ന് കരുതി വണ്ടിയുടെ സമയം അന്വേഷിച്ചു. പുലർച്ചെ 4 20ന് കൽക്കട്ടയിലേക്ക് വണ്ടി ഉണ്ടെന്ന് മനസ്സിലാക്കിയ ഞാൻ ഇസ്മാഈലിനെ വിളിച്ചു.

അവൻ ഏതോ പാർട്ടി നടക്കുന്ന സ്ഥലത്താണെന്നും നാളെ രാവിലെ തിരിച്ചു വിളിക്കാം എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു ഫോണിൽ ആണെങ്കിൽ ഒന്നും വ്യക്തമായി കേൾക്കുന്നില്ല. ബംഗാളിലെ ഗ്രാമങ്ങളിലൂടെയുള്ള യാത്രയും അങ്ങനെ ഗോവിന്ദ യായി. വേണമെങ്കിൽ കൽക്കട്ട വരെ പോയി സിറ്റി ഒക്കെ കറങ്ങി വരാം പക്ഷേ അവന്റെ വീടും പരിസരവും അവിടുത്തെ ജീവിതരീതികളും ഒന്ന് നേരിട്ട് അനുഭവിക്കാൻ പറ്റാതെ പിന്നെ അവിടം വരെ പോകാൻ എനിക്ക് തോന്നിയില്ല. ഇസ്മായിലിന് വീണ്ടും ഒന്നുകൂടി വിളിച്ചു നോക്കാൻ നിൽക്കാതെ ഞാൻ അജ്മീറിലെ ക്കുള്ള വണ്ടിയുടെ സമയം അന്വേഷിച്ചു. അല്പം കഴിഞ്ഞ് 11 10നുള്ള ബിക്കാനീർ എക്സ്പ്രസിൽ കയറി വഡോദര വരെ പോയി അവിടെ നിന്നും അജ്മീറിലേക്കുള്ള വണ്ടിയിൽ പോകാം എന്ന് പറഞ്ഞു .

അജ്മീരിലേക്കു നേരിട്ടുള്ള വണ്ടിക്കും ഒരു ദിവസം കാത്തുനിൽക്കണം. തീരുമാനമെടുക്കാൻ പ്രത്യേകിച്ച് സമയം ആവശ്യമില്ലാത്തതുകൊണ്ട് നേരെ പോയി 480 രൂപക്ക് ബിക്കാനീര് ലേക്കുള്ള ലോക്കൽ ടിക്കറ്റ് എടുത്തു. അവിടെ നിന്നുള്ള കണക്ഷൻ വണ്ടിയെ കുറിച്ച് അറിയുവാൻ വീണ്ടും തിരിച്ചുവന്നപ്പോഴാണ് അമളി പറ്റിയത് മനസ്സിലായത്. എന്നോട് പറഞ്ഞത് ബിക്കാനീർ എക്സ്പ്രസിൽ വഡോധരയിലേക്ക് ടിക്കറ്റ് എടുക്കാൻ ആണ് എന്നാൽ ഞാൻ ആ വണ്ടിയുടെ അവസാന സ്റ്റോപ്പായ ബിക്കാനീർ ലേക്കാണ് ടിക്കറ്റ് എടുത്തത്. എല്ലാത്തിനും അല്പം സാവധാനവും ക്ഷമയും വേണമെന്ന് ഞാൻ ഇനിയെങ്കിലും മനസ്സിലാക്കിയാൽ മതിയായിരുന്നു. കൗണ്ടറിൽ ചെന്ന് ടിക്കറ്റ് ക്യാൻസൽ ചെയ്ത് 390 രൂപക്ക് വഡോദരയിലേക്ക് ടിക്കറ്റ് എടുത്ത് ക്യാൻസൽ ചെയ്യാനുള്ള 30 രൂപ ചാർജ് ഇന്ത്യൻ റെയിൽവേക്ക് സംഭാവന ചെയ്ത് ബാക്കിയുള്ള 60 രൂപ തിരിച്ചു വാങ്ങി ഞാൻ വിജയശ്രീലാളിതനായി ആറാമത്തെ പ്ലാറ്റ്ഫോമിലേക്ക് നടന്നു.

അരമണിക്കൂറിലധികം വൈകി ഓടിയ ബിക്കാനീർ എക്സ്പ്രസ് അന്ന് ഷൊർണൂർ ജംഗ്ഷനിൽ നിന്നും രാത്രി 12 15നാണ് പുറപ്പെട്ടത് അങ്ങനെ ഒരു ദിവസവും അഞ്ച് മണിക്കൂർ നീളുന്ന കൊങ്കൺ റെയിൽവേ വഴിയുള്ള യാത്ര ആരംഭിച്ചു. വണ്ടിയിൽ മാരകമായ തിരക്കില്ലെങ്കിലും സാധാരണമട്ടിലുള്ള തിരക്കുണ്ടായിരുന്നു. ഒന്ന് രണ്ട് സ്റ്റേഷനുകൾ പിന്നിട്ടപ്പോഴേക്കും എനിക്ക് സീറ്റ് കിട്ടി.കോഴിക്കോട്, കണ്ണൂർ, കാസർകോട്, ജില്ലകൾ പിന്നിട്ട വണ്ടി പുലർച്ചെ അഞ്ചിന് മംഗലാപുരം ജംഗ്ഷനിലെത്തി അവിടെ വെച്ച് ഒരു ചായ കുടിച്ചു അവിടെ നിന്നും ഞങ്ങളുടെ വണ്ടിയിലേക്ക് കയറി വന്നത് മതസൗഹാർദത്തിന് തെളിവ് എന്ന പോലെ മുസ്‌ലിം,ക്രിസ്ത്യൻ,ഹിന്ദു,, മതങ്ങളിൽ നിന്നുള്ള ഓരോ കുടുംബങ്ങളായിരുന്നു.പലരും വഴിയിലും നിലത്തും ഒക്കെ ഇരിക്കാൻ തുടങ്ങിയിരിക്കുന്നു.

കുട്ടികളെയൊക്കെ ഞങ്ങൾ ഉള്ള സ്ഥലത്തൊക്കെ പിടിച്ചിരുത്തി. ഗോവയിലേക്ക് പെരുന്നാൾ ആഘോഷിക്കാൻ പോവുന്ന ചെറുപ്പക്കാർ ഒരുപാട് പേർ വണ്ടിയിലുണ്ടായിരുന്നു. ഉടുപ്പി,ബൈന്ദൂർ,മൂകാംബിക റോഡ്,മുണ്ടേശ്വരം, കുംത സ്റ്റേഷനുകൾ പിന്നിട്ട വണ്ടി ഉച്ചക്ക് 12 മണിയോടെ ഗോവയിലെ ‘മഡ്‌ഗോവൻ’ സ്റ്റേഷനിലെത്തി.അവിടെവെച്ച് 40 രൂപക്ക് രണ്ട് പൊറാട്ടയും അതിലേക്കുള്ള കിഴങ്ങ് കറിയും കഴിച്ചു. യാത്ര കഴിഞ്ഞു മടങ്ങിവന്നാലും പൊറോട്ട ദഹിക്കാതെ തന്നെ കിടക്കുമെന്ന് തോന്നി അതിൻറെ ബലം കണ്ടപ്പോൾ. ഗോവയിൽ ഇറങ്ങാനുള്ള ആളുകൾ എഴുന്നേൽക്കുമ്പോൾ ഒരു സൈഡ് സീറ്റിലേക്ക് മാറാൻ ഞാൻ തീരുമാനിച്ചിരുന്നു. അതുതന്നെ ഞങ്ങളുടെ കൂപ്പയിലുള്ള മറ്റൊരു രാജസ്ഥാനി കണ്ണു വെച്ചിരിക്കുകയായിരുന്നു .അത് നേടിയെടുക്കാൻ അയാളോട് ചെറിയ കശപിശ വേണ്ടിവന്നു.

12 മണിക്കൂർ നേരത്തെ ട്രെയിൻ യാത്രയും പെരുന്നാളിന് മുൻപുള്ള കൂലിപ്പണിക്ക് പോകലും എല്ലാം കൊണ്ട് എൻറെ അപ്പോഴത്തെ കോലം ഒരു ഭീകരനെ ഓർമ്മിപ്പിക്കുന്നതായിരുന്നു അതുകൊണ്ടും , മറ്റൊരു സീറ്റിലേക്ക് അയാളുടെ സുഹൃത്ത് ക്ഷണിച്ചത് കൊണ്ടും ,ആ സീറ്റ് അയാൾ എനിക്ക് അനുവദിച്ചുതന്നു .അങ്ങനെ ഉച്ചമുതൽ ഞാൻ സൈഡിലിരുന്ന് പുറത്തെ കാഴ്ചകൾ കണ്ടു യാത്ര ചെയ്യാൻ തുടങ്ങി. മലയാളികൾക്ക് മടിയാണെങ്കിലും അന്യസംസ്ഥാനക്കാർ ഇപ്പോഴും വ്യാപകമായി കൃഷിചെയ്യുന്നുണ്ട്. നീണ്ടുപരന്നുകിടക്കുന്ന പാടശേഖരങ്ങൾ മഴ ലഭിച്ചതോടെ ഉഴുതു മറിച്ച് നെല്ല് പാകി തളിർത്ത് കിടക്കുന്നു .എവിടെയും പച്ചപ്പ് മാത്രം .മഴക്കാലത്ത് കൊങ്കൺ യാത്ര ഒരു പ്രത്യേക അനുഭവമാണ് .

പുറത്തേക്ക് നോക്കിയാൽ കാടും മേടും കൃഷിയും എല്ലാം ചാറ്റൽ മഴയത്ത് പച്ചപുതച്ചു കിടക്കുന്ന കാഴ്ച ഒരു പ്രത്യേക അനുഭവം തന്നെയാണ് . ഗോവ എത്തുന്നതിനു മുൻപും ശേഷവുമായി ഒരുപാട് ടണലുകളിലൂടെ ട്രെയിൻ പോകുന്നത് അത്ഭുതമായി എപ്പോഴും അനുഭവപ്പെടാറുണ്ട് . തീർത്തും വലിയ വലിയ പർവതങ്ങൾ തുരന്ന് കിലോമീറ്ററുകളോളം നീളുന്ന ഒരു ട്രാക്ക് മാത്രം ഉൾക്കൊള്ളുന്ന എത്രയെത്ര ടണലുകളാണ് കൊങ്കൺ റെയിൽ പാതയിൽ ഉള്ളത്. അതിനു പിന്നിൽ പ്രവർത്തിച്ച എൻജിനീയറിങ്ങിനെ സമ്മതിക്കാതെ വയ്യ . കാരണം പതിറ്റാണ്ടുകൾ പലതു കഴിയുമ്പോഴും ഒരു അപകടസാധ്യതകളും ഈ തുരങ്കങ്ങൾ ഉയർത്തുന്നില്ല എന്നതുതന്നെ .

മഹാരാഷ്ട്രയിലേക്ക് കടക്കുന്നതോടെ ഇടയ്ക്കിടക്ക് കാണുന്ന ചെറിയ ഗ്രാമങ്ങൾ ഒഴിച്ചാൽ ബാക്കിയെല്ലാം വലിയ വലിയ മരങ്ങളാൽ നിബിഡമായ കാടുകൾ തന്നെ. വിദൂരങ്ങളിൽ ഉയർന്നുനിൽക്കുന്ന മലകളും അതിനിടയിലൂടെ ഒഴുകിവരുന്ന ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളും അഗാധമായ കൊക്കകളും നൂറുക്കണക്കിന് മീറ്ററുകൾ ഉയരത്തിൽ കെട്ടിപ്പൊക്കിയ പാലത്തിലൂടെയുള്ള യാത്രയും ഇടയ്ക്കു കാണുന്ന ചെറിയ ഗ്രാമങ്ങളിൽ ജോലിചെയ്യുന്ന നിഷ്കളങ്കരായ കർഷകരും അവരുടെ നാൽക്കാലികളെയും ഒക്കെ കണ്ടുകൊണ്ടുള്ള യാത്രയ്ക്ക് ഹരം പകരാൻ വേണ്ടി ആകാശത്തുനിന്നും മഴവെള്ളം അന്തരീക്ഷത്തിൽ പാറിക്കളിക്കുന്നുണ്ടായിരുന്നു.

ട്രെയിനിൽ ഇപ്പോഴും സാധാരണ തിരക്ക് മാത്രമായിരുന്നു.എന്റെ കുപ്പയിൽ ഞാൻ ഇരിക്കുന്ന സീറ്റിൽ ഒരു മുസ്ലിം കുടുംബമായിരുന്നു. ഒരുമ്മയും അവരുടെ ഒരു മകനും ഒരു മകളും മകന് എന്നെക്കാൾ പ്രായം കുറവായിരിക്കും പെൺകുട്ടി മുഖം മറച്ചു ഹിജാബും പർദയും ധരിച്ച 22 വയസ്സുതോന്നിക്കുന്ന ഒരുത്തിയും. അവരുടെ ഉമ്മ അല്പം തടിച്ച വെളുത്ത , പർദ്ദയണിഞ്ഞ 50 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീയും ആയിരുന്നു .എൻറെ നേരെ എതിർഭാഗത്ത് സീറ്റിൽ ബോംബെയിലെ പൻവേൽ വരെ പോകുന്ന വേങ്ങര സ്വദേശികളായ രണ്ടു മലയാളികളും, പിന്നെ പരിഷ്കാരികളായ രണ്ടു ഉത്തരേന്ത്യൻ സ്ത്രീകളും ഉണ്ടായിരുന്നു .മലയാളികളിൽ അവിടെ നിന്നും അഹ്മെദ്‌നഗർ വരെ പോകേണ്ട ഉള്ളി വ്യാപാരികളാണ് .എല്ലാവരെയും വഹിച്ചു വണ്ടി അതിന്റെ ലക്ഷ്യസ്ഥാനമായ രാജസ്ഥാനിലെ ബിക്കാനീറിലേക്ക് കുതിച്ചുകൊണ്ടിരുന്നു.

സ്റ്റേഷനുകൾ കുറവാണെങ്കിലും കൊങ്കൺ പാത ആയതുകൊണ്ട് മറ്റു വണ്ടികൾക്ക് കടന്നുപോകുവാൻ ഞങ്ങളുടെ വണ്ടിക്ക് ചെറിയ ചെറിയ വിശ്രമങ്ങൾ എടുക്കേണ്ടി വന്നു . ഈ പാതയിൽ അത് സ്വാഭാവികം മാത്രം. ഇടയ്ക്കു വരുന്ന ചായയിലും പലഹാരങ്ങളിലും ഞാൻ സമയം തള്ളി നീക്കി. ഇടയ്ക്കെപ്പോഴോ മൂത്രമൊഴിക്കാൻ പോയപ്പോഴാണ് വണ്ടിയിലെ ഇപ്പോഴത്തെ തിരക്ക് ശരിക്കും ബോധ്യപ്പെട്ടത് . സീറ്റിലും ബർത്തിലും, വഴിയിലും എല്ലാം ആളുകൾ നിറഞ്ഞിരിക്കുന്നു. എങ്കിലും കലപിലയില്ലാതെ പൊതുവേ ശാന്തമായ അന്തരീക്ഷത്തിൽ ആയിരുന്നു.

എൻറെ കൂപ്പയിൽ ഇരിക്കുന്നവർക്ക് നടുവിലായി ഒരു ഹിന്ദി ചെറുപ്പക്കാരൻ നിൽക്കുന്നുണ്ടായിരുന്നു വഴിയിൽ കാലുകുത്താൻ പോലും സ്ഥലം ഇല്ലാത്തതുകൊണ്ട് അയാൾ മണിക്കൂറുകളായി നിർത്തം തുടങ്ങിയിട്ട് .എതിർദിശയിൽ ഇരിക്കുന്ന ഒരു പരിഷ്കാരി തള്ള ഇടയ്ക്കിടയ്ക്ക് ഓരോന്ന് പറഞ് ആ ചെറുപ്പക്കാരനെ ആ നിർത്തത്തിനിടയിലും ബുദ്ധിമുട്ട് ആക്കി കൊണ്ടിരുന്നു. അടുത്തൊന്നും അയാൾക്ക് സീറ്റ് കിട്ടാൻ സാധ്യതയില്ലാത്തത് കൊണ്ട് ഞാനയാളെ നിർബന്ധിച്ച് എൻറെ സൈഡ് സീറ്റിൽ ഇരുത്തി എന്നിട്ടു ഞാൻ വാതിൽക്കലേക്കു പോയി. സ്റ്റോപ്പ്കൾ ഇല്ലാതെ ട്രെയിൻ വീണ്ടും മണിക്കൂറുകൾ ഓടിക്കൊണ്ടിരുന്നു.

കേരളം, കർണാടക, ഗോവ കടന്ന് രാത്രി പത്തുമണിയോടെവണ്ടി മഹാരാഷ്ട്രയിലെ പൻവേലിൽ എത്തി . തിരൂരിൽ നിന്നുള്ള മലയാളികൾ അവിടെ ഉള്ളി വ്യാപാരത്തിന് വേണ്ടി ഇറങ്ങി . അർധരാത്രിയോടെ മഹാരാഷ്ട്രയും കടന്ന് വണ്ടി ഗുജറാത്തിൽ കൂടെയായിരുന്നു ഓടിക്കൊണ്ടിരുന്നത് . സീറ്റ് ഉണ്ടായിരുന്നെങ്കിലും യാത്ര ആസ്വദിക്കാനായി ഇടക്ക് ഞാൻ വാതിലിനരികിൽ പോയി നിൽക്കും. എൻറെ കൂപ്പയിലെ സഹയാത്രികർ മാറിക്കൊണ്ടിരുന്നു. മലയാളികൾക്കു ശേഷം എൻറെ കൂട്ട് ‘രൺബീർ’ എന്ന ഒരു രാജസ്ഥാനി പയ്യനായിരുന്നു .അവൻ ഗോവയിൽ പോയി തിരിച്ചു നാട്ടിലേക്കുള്ള വരവാണ് . ഗോവയിൽ വെറുതെ കറങ്ങാൻ പോയതാണെന്നും അച്ഛനും അങ്കിളും ഒക്കെ അവിടെ ജോലി ചെയ്യുന്നുണ്ടെന്നും അവൻ പറഞ്ഞു.

24 മണിക്കൂറിൽ അധികം നീണ്ടുപോയ ആ യാത്രയിൽ എപ്പോഴോ ഞാൻ അറിയാതെ ഒന്നു മയങ്ങിപ്പോയി . തിങ്കളാഴ്ച പുലർച്ചെ 05:05 ന് രൺബീർ തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത് “ഭായ് നിങ്ങൾക്ക് ഇറങ്ങുവാൻ ഉള്ള വഡോദര സ്റ്റേഷൻ എത്തി”എന്ന് അവൻ പറഞ്ഞപ്പോൾ ഞാൻ പുറത്തേക്ക് നോക്കി സ്ഥലത്തിൻറെ പേരൊന്നും കണ്ടില്ല ഉറക്കമുണരുന്നതേ ഉള്ളൂവെങ്കിലും വണ്ടി മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് എനിക്ക് മനസ്സിലായി. ഹുക്കിൽ നിന്നും ബാഗ് പറിച്ചെടുത്ത് കൂപ്പയിലുള്ള സകല മനുഷ്യരുടെയും കാലുകൾ ചവിട്ടി ഞെരിച്ച് ഇടതു മാറി, വലതു ചാടി ഞാൻ വാതിൽക്കലെത്തി അപ്പോഴാണ് മനസ്സിലാകുന്നത് ട്രെയിൻ നിർത്താൻ പോകുന്നതേ ഒള്ളൂ എന്ന് അതിനുവേണ്ടി വേഗത കുറച്ചപ്പോൾ ഉറങ്ങിക്കൊണ്ടിരിക്കുന്ന ഞാൻ തെറ്റിദ്ധരിച്ചതായിരുന്നു .

എന്തായാലും പുറത്തിറങ്ങി രൺബീറിനോട് യാത്ര പറഞ്ഞു ഞാൻ സ്റ്റേഷനിലേക്ക് നടന്നു. അജ്മീറിലെ ക്കുള്ള വണ്ടിയുടെ സമയം അന്വേഷിച്ച എനിക്ക് ‘ഇല്ല ‘ എന്ന പരുക്കൻ മറുപടിയാണ് ലഭിച്ചത് ഇതെന്തു കഥ ഇവിടെ വന്നാൽ എത്ര വണ്ടി വേണമെങ്കിലുമുണ്ട് എന്നു പറഞ്ഞതുകൊണ്ടല്ലേ ഇങ്ങോട്ട് കെട്ടു കെട്ടിയത് . ഞാൻ വീണ്ടും അവിടെ ചുറ്റിപ്പറ്റിനിന്നു. ‘ഭയ്യ ഇവിടെ വന്നാൽ വണ്ടി ഉണ്ടാവുമെന്ന് കേരളത്തിലെ സ്റ്റേഷനിൽനിന്നും പറഞ്ഞതുകൊണ്ട് ഇങ്ങോട്ട് വന്നതാണെന്ന്’ പറഞ്ഞു .” എങ്കിൽ അവരെ ഇവിടെ കൊണ്ടുവരു എന്നിട്ട് ട്രെയിൻ കാണിച്ചു തരാൻ പറയ് എന്ന സൗമ്യമായ മറുപടി . ‘ഭയ്യ ഇനി ഞാൻ എന്ത് കർത്താ ഹേ’ എന്ന ചോദ്യത്തിലെ ദയനീയത കണ്ടു കൊണ്ടാവാം അഹമ്മദാബാദിലേക്ക് പോവാൻ പറഞ്ഞു. അവിടെക്കാണെങ്കിൽ ഞാൻ വന്ന വണ്ടി തന്നെ ആ വഴി പോകുന്നതായിരുന്നു വെറുതെ ഇവിടെ ഇറങ്ങേണ്ട ആവശ്യമില്ലായിരുന്നു. എന്തിനധികം പറയണം ഒഡീഷയിലെ ‘പുരി’യിൽ നിന്നും വരുന്ന ‘പുരി – അഹമ്മദാബാദ്’ സൂപ്പർഫാസ്റ്റ്ൽ 06:30 ന് ഞാൻ കയറി. എന്നെ ഇവിടെ കൊണ്ടുവന്നു വഞ്ചിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഇന്ത്യൻ റെയിൽവേക്ക് ആയതു കൊണ്ട് ടിക്കറ്റ് എടുക്കാതെ ആയിരുന്നു ആ ചെറിയ യാത്ര. (ടിക്കറ്റ് എടുക്കാതെ ട്രെയിൻ യാത്ര ചെയ്യുന്നത് ശിക്ഷാർഹമാണ്).

ഗുജറാത്തിലെ വഴിയോരക്കാഴ്ചകൾ കാണിച്ചുതന്ന ട്രെയിൻ മുന്നോട്ടു നീങ്ങി. കടന്നുവന്ന സംസ്ഥാനങ്ങളിൽ നിന്നൊക്കെ ദാരിദ്രം ആയിട്ടാണ് എനിക്ക് ഗുജറാത്തിനെ തോന്നിയത് . എവിടെയും ദാരിദ്രവും മാലിന്യവും പിടിച്ച വികസനം ഇനിയും കടന്നുചെല്ലാത്ത ഒരുപാട് മേഖലകൾ ഗുജറാത്തിലെ ഗ്രാമങ്ങളിൽ കാണാമായിരുന്നു . റെയിൽവേ ട്രാക്കിനോട് ചേർന്ന് ചെറിയ കുടിലുകൾ അനവധി നിരവധി ഈ യാത്രയിൽ ഞാൻ കണ്ടു .ആ കുടിലുകൾ ഒന്നും വെയിലും മഴയും തട്ടാതിരിക്കാൻ ഷീറ്റുകൊണ്ടോ ടാർപ്പായ കൊണ്ടോ മറച്ചതായിരുന്നില്ല. കീറത്തുണികൾ വലിച്ചുകെട്ടിയ അവകളോട് ചാരിയുള്ള മാലിന്യക്കൂമ്പാരങ്ങളിൽ പന്നികൾക്കും, നായകൾക്കും ഇടയിൽ മനുഷ്യ കുഞ്ഞുങ്ങളും പരതുന്നത് കാണുമ്പോഴാണ് ഇന്ത്യ രാജ്യത്തിൻറെ ഒരു നേരിയ ചിത്രം നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നത് ശൗചാലയം ഇന്നും ഇവിടെ റെയിൽവേയോട് ചാരിയുള്ള കുറ്റിക്കാടുകൾ ആണ് . ഒരു ചെടിയുടെയോ കല്ലിന്റെയോ മറവിൽ പ്രാഥമികകാര്യങ്ങൾ നിർവഹിക്കുന്ന വൃദ്ധരെയും ചെറുപ്പക്കാരെയും ആണിനെയും പെണ്ണിനെയും നമുക്ക് കാണാം. പുതിയകാലത്ത് വികസന പ്രതീക്ഷകൾ ഉയർത്തുന്ന പല പദ്ധതികളും ഭാവിയിൽ ഇവരുടെ അടുത്ത തലമുറക്കെങ്കിലും ഉപകാരപ്പെടും എന്ന് നമുക്ക് പ്രത്യാശിക്കാം .

എട്ടുമണിയായപ്പോൾ ഗുജറാത്തിൻറെ തലസ്ഥാനനഗരിയായ അഹമ്മദാബാദ് സ്റ്റേഷനിലെത്തി . വണ്ടിയിൽ നിന്നിറങ്ങി സ്റ്റേഷന് അകത്തുകടന്നു വണ്ടി അന്വേഷിച്ചു. അടുത്ത വണ്ടിക്ക് 150 രൂപ കൊടുത്ത് ടിക്കറ്റ് എടുത്ത് പുറത്തുകടന്നു. വണ്ടി പുറപ്പെടാൻ ഒരു മണിക്കൂറിലധികം സമയം ഉണ്ട് . കിട്ടിയ സമയം കൊണ്ട് അല്പം കറങ്ങാം എന്ന് കരുതി ഞാൻ റോഡിലേക്കിറങ്ങി . ഇപ്പോൾ നമ്മുടെ രാജ്യത്തിൻറെ പ്രധാനമന്ത്രിയുടെ നാട്ടിലാണല്ലോ നിൽക്കുന്നത് എന്നാലോചിച്ചപ്പോൾ ഞാൻ ഹർഷപുളകിത രോമാഞ്ചകുഞ്ചിതനായി. പക്ഷേ പെട്ടെന്നാണ് ഞാൻ ഒരു കാര്യം ഓർത്തത്, ഒന്നാം പെരുന്നാളിനും രണ്ടാം പെരുന്നാളിനും അടിച്ചുകയറ്റിയ ബീഫ് മുഴുവൻ അകത്തുകിടന്ന് ദഹിച്ചിട്ടുണ്ടോ എന്തോ? അതെങ്ങാനും ദഹിക്കാതെ കിടക്കുന്നുണ്ടെങ്കിൽ ആരെങ്കിലും വന്നു വയറു കുത്തിത്തുറന്ന് ഞാൻ ബീഫ് കടത്തി എന്ന് ആരോപിച്ച് എന്നെ തല്ലി കൊല്ലാതിരുന്നാൽ മതിയായിരുന്നു.

വരുന്നത് വരട്ടെ എന്ന് കരുതി ഞാൻ നടക്കാനിറങ്ങി. അഹമ്മദാബാദ് വലിയ സ്റ്റേഷൻ ആണ്. രാവിലെ എട്ടുമണിക്കുതന്നെ നല്ല തിരക്കുണ്ടായിരുന്നു. ഓട്ടോറിക്ഷകളാണ് ടാക്സി മേഖല കൈയടക്കിയിരിക്കുന്നത് നമ്മുടെ നാട്ടിലെ മുൻതലമുറ ഓട്ടോകളിൽ പെട്ട പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കൈ കൊണ്ട് കിക്കർ വലിച്ച് സ്റ്റാർട്ട് ചെയ്യുന്ന ഓട്ടോകളാണ് അധികവും. പുതിയതരം ഡീസൽ എൻജിൻ വണ്ടികളും അപൂർവ്വമായി കാണാം. സ്റ്റേഷനും പരിസരവും വൃത്തിയായി കണ്ടെങ്കിലും പുറത്തെ സ്ഥിതി ദയനീയമാണ്. വൃത്തിയുടെ കാര്യത്തിൽ ഇത്ര ശ്രദ്ധയില്ലാത്ത ഗുജറാത്തികളുടെ പ്രധാന വീക്ക്നെസ് ‘മലം’ ആണെന്ന് തോന്നുന്നു .അതില്ലാത്ത സ്ഥലങ്ങളില്ല . റെയിൽവേ പ്ലാറ്റ്ഫോമിലും , വഴിയിലും, റോഡിലും എന്തിന് അടച്ചിട്ട കടമുറികളുടെ വൃത്തിയുള്ള വരാന്തകളിൽ പോലും അവർ കാര്യം സാധിച്ചു പോകുന്നു .

ഉണങ്ങിയതും ഉണങ്ങാത്തതുമായ അത് എവിടെ വേണമെങ്കിലും പ്രതീക്ഷിക്കാവുന്നത് കൊണ്ട് പുറത്തിറങ്ങിയാലും നടത്തം അല്പം സൂക്ഷിച്ചുവേണം . ഒരു മണിക്കൂർ നേരത്തെ കറക്കത്തിനിടയിൽ സ്റ്റേഷനു നേരെ എതിർദിശയിലുള്ള ‘സുഖദേവ് സാഗർ’ എന്ന പേരുള്ള വെജിറ്റേറിയൻ ഹോട്ടലിൽ കയറി ‘ആലു പൊറോട്ട വിത്ത് മസാല’ കഴിച്ചു. രണ്ടു ചപ്പാത്തി കൾക്കിടയിൽ കിഴങ്ങ് വേവിച്ച്‌ മുളകുപൊടിയും ഉപ്പും ചേർത്ത് വെച്ചത് . ഉപ്പും എരിവും കൂടുതലാണെങ്കിലും കൂടെ ഒരു പാത്രത്തിൽ കട്ടി മോരിൽ ഉള്ളി വെട്ടിയിട്ടതു കിട്ടിയിരുന്നത് കൊണ്ട് എല്ലാം കൂടി ആസ്വദിച്ച് കഴിച്ചു. ഹോട്ടലിലെ ചായയുടെ വില അന്വേഷിച്ചു 17 രൂപ.ഒരു ചായയും കുടിച്ച് മൊത്തം 62 രൂപ ബില്ലും കൊടുത്തു സ്റ്റേഷനിലേക്ക് നടന്നു .

കൃത്യസമയം പാലിച്ചു വന്ന ‘അജ്മീർ ഇൻറർ സിറ്റി’ എക്സ്പ്രസിൽ കയറി സൈഡ് സീറ്റ് പിടിച്ചു. മഹാരാഷ്ട്ര അടക്കം താഴെ സംസ്ഥാനങ്ങൾ ഒക്കെ പച്ചപുതച്ചു കിടക്കുകയാണെങ്കിൽ ഗുജറാത്തിലെയും രാജസ്ഥാനിലെയും അവസ്ഥ മറ്റൊന്നാണ്. വരണ്ടുണങ്ങി കിടക്കുന്ന പാടശേഖരങ്ങളും ഗ്രാമങ്ങളും എവിടെയും പച്ചപ്പ് കാണാൻ കഴിയുന്നില്ല . എല്ലാം വെയിലിന്റെ കാഠിന്യംകൊണ്ട് ഉണങ്ങി തളർന്നതുപോലെ . ഗുജറാത്തിൽ കൃഷിസ്ഥലങ്ങൾ ഉണ്ടെങ്കിലും നഗരങ്ങളിലും മറ്റും ഉയർന്നു നിൽക്കുന്ന വലിയ വലിയ ഫാക്ടറികളും അതിൽ നിന്നും ആകാശത്തേക്ക് തുപ്പുന്ന തീ പന്തങ്ങളും പുകക്കുഴലുകളും ഒക്കെ കാണാമായിരുന്നു .

ഇടയ്ക്കൊരു സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ എൻറെ ബാഗ് സീറ്റിൽ വെച്ച് ഞാൻ പുറത്തേക്ക് പോയി. അകത്തേക്കു കയറാൻ നേരം എൻറെ സീറ്റിൽ ഒരു കുഞ്ഞിനെയും കൊണ്ട് ഒരു ചെറുപ്പക്കാരി ഇരിക്കുന്നുണ്ടായിരുന്നു . അവരെ കണ്ടപ്പോൾ അൽപനേരം അവിടെ ഇരുന്നോട്ടെ എന്ന് കരുതി ഞാൻ വീണ്ടും പുറത്തു സമയം ചിലവഴിച്ചു. ട്രെയിൻ പുറപ്പെട്ടതിനുശേഷം കുറേനേരം കഴിഞ്ഞു ഞാൻ എൻറെ സീറ്റിലേക്ക് ചെന്നപ്പോൾ അത് വിട്ടുതരാൻ അവൾ തയ്യാറായില്ല. ഇപ്പുറത്ത് അല്പം സ്ഥലം കാണിച്ചു തന്നു അവിടെ ഇരിക്കാൻ എന്നോട് പറഞ്ഞു. ഞാൻ ഉണ്ടോ വിടുന്നു എന്ത് സംഭവിച്ചാലും സീറ്റ് വിട്ടു തരാതെ പറ്റില്ല എന്ന് ഞാൻ തീർത്തുപറഞ്ഞു . മുകളിലെ ബർത്തിൽ അവളുടെ ഭർത്താവ് കിടപ്പുണ്ടായിരുന്നു . ആരുണ്ടായാലും എനിക്ക് പ്രശ്നമില്ല സീറ്റിനുവേണ്ടി വേണ്ടിവന്നാൽ ഒരംഗത്തിന് വരെ ഞാൻ തയ്യാറാണെന്ന മട്ടിൽ ഞാൻ നിന്നു.

കുഞ്ഞിന് പുറത്തേക്ക് കാണാൻ വേണ്ടിയാണെന്നു പറഞ്ഞിട്ടും ഞാൻ സമ്മതിക്കുന്നില്ല എന്നു കണ്ടപ്പോൾ അവൾ പതുക്കെ നീങ്ങിയിരുന്നു. ചന്തി വെക്കാൻ അല്പം സ്ഥലം കിട്ടിയപ്പോൾ ഞാൻ അവിടെ ഇരുന്നു. പിന്നെ പതിയെ പതിയെ അത് വികസിപ്പിച്ചെടുത്തു .ഇത്രക്ക് മുരടനായ ഒരു ചെറുപ്പക്കാരനെ ആ കൂപ്പയിൽ ഉള്ളവരാരും ഇതിനു മുൻപ് കണ്ടിട്ടുണ്ടാവില്ല . സത്യത്തിൽ അവൾക്ക് സീറ്റ് വിട്ടുകൊടുക്കാതിരിക്കാൻ വേറെയുമുണ്ട് കാരണങ്ങൾ . അവളുടെ ഇപ്പുറത്ത് ഞാനിരുന്നാൽ അവളുടെയും മറ്റൊരു ഗുജറാത്തി സ്ത്രീയുടെയും നടുവിൽ ഞാൻ പെട്ടുപോകും. മാത്രമല്ല ഇവൾ ട്രെയിനിൽ കയറിയത് മുതൽ അല്പം ഓവറാണ് . സദ്യ ഉണ്ണാനിരിക്കുന്നതു പോലെയാണ് സീറ്റിലിരിക്കുന്നത് അതുപോലെ ചുരിദാറും ഷോളും ആണ് വേഷമെങ്കിലും വസ്ത്രം പലപ്പോഴും പല സ്ഥലത്ത് ആവും ഇങ്ങനെയുള്ള അവളുടെയും മറ്റൊരു സ്ത്രീയുടെയും ഇടയിൽ ഇരിക്കാൻ എനിക്ക് മനസ്സുവന്നില്ല. സൈഡ് സീറ്റിൽ ആവുമ്പോൾ ഈ വക കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കിയിരുന്നാൽ മതി .

വണ്ടി ഗുജറാത്ത് പിന്നിട്ട് രാജസ്ഥാനിലെ ഉഷ്ണമേഖലയിലൂടെ ഓടാൻ തുടങ്ങിയിരിക്കുന്നു . രാജസ്ഥാനിലേക്ക് കടന്നതോടെ കാഴ്ചകളിൽ പലവിധ മാറ്റങ്ങൾ കാണപ്പെട്ടു. ഉണങ്ങിക്കിടക്കുന്ന കൃഷി സ്ഥലങ്ങൾക്കു പുറമേ തരിശുഭൂമിയായി കിടക്കുന്ന ഒരുപാട് സ്ഥലങ്ങൾ റെയിൽവേ ട്രാക്കിന് ഇരുപുറവും ഉണ്ടായിരുന്നു. തമിഴ്നാട്ടിലെ ചില കടലോര പ്രദേശങ്ങളിൽ കാണുന്ന പോലെയുള്ള ഒരുതരം മുള്ള് ഉള്ള ഉയരം കുറഞ്ഞ മരങ്ങൾ എല്ലായിടത്തും വളർന്നു നിൽക്കുന്നു . പാറകളും കല്ലുകളും നിറഞ്ഞ മരുഭൂമികളിൽ ഇതുപോലെയുള്ള മരങ്ങളും വളർന്നു താമസത്തിനോ കൃഷിക്കോ യോഗ്യമല്ലാത്ത ഹെക്ടർ കണക്കിന് ഭൂമി വെറും മരുഭൂമിയായി കിടക്കുന്നു. ഇടയ്ക്കു കാണുന്ന ഗ്രാമങ്ങളിലും രാജസ്ഥാൻ ടച്ചു വളരെ പ്രകടമായിരുന്നു.

മരുഭൂമിയുടെ പ്രതീകമായ ഒട്ടകങ്ങളെയും വലിയതരം ആടുകളെയും ഭാരം ചുമക്കുന്ന കഴുതകളെയും ഒക്കെ കാണാം. ഇവിടത്തെ ഗ്രാമീണ സ്ത്രീകളുടെ വസ്ത്രധാരണത്തിലും ചില പ്രത്യേകതകളുണ്ടായിരുന്നു നീളം കൂടിയ സാരികൾ കൊണ്ടുതന്നെ തലയും മുഖവും മുഴുവനായും മറച്ച് ഒരുതരം വസ്ത്രധാരണം ആയിരുന്നു അവർക്ക്. അത് ഗുജറാത്ത് അടക്കം ചില സംസ്ഥാനങ്ങൾ ഒക്കെ മത വ്യത്യാസമില്ലാതെ മുഖം ഷാളുകൊണ്ട് മറച്ചിരിക്കുന്നത് കാണാം. ഇവിടുത്തുകാരുടെ താമസം ഇഷ്ടികകൊണ്ടോ ഒരുതരം പൊടിയൻ കല്ലുകൊണ്ടോ ഉണ്ടാക്കിയ ചെറിയ ചെറിയ വീടുകളായിരുന്നു. ഉയരം കുറവുള്ള ആ വീടുകൾക്ക് ശക്തമായ ഒരു മേൽക്കൂര ഉണ്ടായിരുന്നില്ല . മാത്രമല്ല അടുക്കളയും മറ്റുമൊക്കെ ചുമരുകളോ വാതിലുകളോ ഇല്ലാതെ തുറസ്സായി കിടക്കുന്നതായിരുന്നു .

കൃഷിയാവശ്യത്തിനും ചരക്കു സേവനത്തിനും ഇവിടെ കൂടുതലായും കർഷകർ ഉപയോഗിക്കുന്നത് ട്രാക്ടറുകൾ ആണ്. അത് ഓടിച്ചു പോകുന്ന വലിയ പുതപ്പിന്റെ കട്ടിയുള്ള തലപ്പാവുള്ള രാജസ്ഥാനികൾ പഴയ സിനിമകളിലെ രാജസ്ഥാൻ നാടോടിപ്പാട്ടുകളെ ഓർമിപ്പിച്ചു. രാജസ്ഥാനിലെ ഗ്രാമീണ കാഴ്ചകൾ കണ്ടു ഞാൻ അജ്മീർ സ്റ്റേഷനോട് അടുത്തുകൊണ്ടിരുന്നു. അങ്ങിനെ തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ഞാൻ അജ്മീർ ജംഗ്ഷനിൽ വണ്ടിയിറങ്ങി. അജ്മീറിൽ ട്രെയിൻ ഇറങ്ങിയ ഞാൻ ട്രെയിനിൽ വച്ച് പരിചയപ്പെട്ട രണ്ടുമൂന്നു ചെറുപ്പക്കാരോട് കൂടി ദർഗയിലേക്ക് നടന്നു . അവർക്ക്‌ മുൻപരിചയം ഉണ്ടായിരുന്നതുകൊണ്ട് വഴി അറിയാമായിരുന്നു. ഇടുങ്ങിയ വഴിയിലൂടെ മുമ്പ് കണ്ടിട്ടില്ലാത്ത തിരക്കിൽ ഇരുചക്ര മുച്ചക്ര വാഹനങ്ങൾക്കും ആളുകൾക്കുമിടയിലൂടെ വളരെ സാഹസികമായി ഞങ്ങൾ ദർഗക്ക്‌ അടുത്തെത്തി. അവർ നേരെ റൂം നോക്കാൻ വേണ്ടി പോയി ഞാൻ അവിടെ പുറത്തൊക്കെ ഒന്ന് ചുറ്റിതിരിഞ്ഞു തന്തൂരി റൊട്ടിയും ഗോപി മസാലയും കഴിച്ച് വിശപ്പിന് തൽക്കാലം ശമനം വരുത്തി നേരെ ദർഗയിലേക്ക് നടന്നു.

ഹിജ്‌റ 500,600 കാലഘട്ടങ്ങളിൽ യമനിൽ ജനിച്ച്‌ ഇന്ത്യയിലെത്തി മരണപ്പെട്ട പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ യഥാർത്ഥ നാമം ‘ഹസ്സൻ’ എന്നും മുഈനുദ്ദീൻ ഖാജ, ഗരീബ് നവാസ് (സാധു സംരക്ഷകൻ) എന്ന പേരുകളിൽ അറിയപ്പെടുകയും ചെയ്യുന്ന ഒരു മഹാനും അദ്ദേഹത്തിൻറെ കുടുംബവും ശിഷ്യന്മാരുമായി കഴിഞ്ഞുകൂടിയ സ്ഥലങ്ങളും അവരുടെ കബറുകൾ ഉൾക്കൊള്ളുന്ന ദർഗകളും ആണ് ഇവിടെ. സുൽത്താനുൽ ഹിന്ദ് (ഇന്ത്യയുടെ സുൽത്താൻ )എന്നാണ് അദ്ദേഹം ജാതിമതഭേദമന്യേ അറിയപ്പെടുന്നത് .പൃഥ്വിരാജ് ചൗഹാൻ എന്ന രാജാവിന്റെ കാലത്താണ് ഇദ്ദേഹം ഇന്ത്യയിലേക്ക് വരുന്നത് സൗമ്യമായ പെരുമാറ്റവും സാധുക്കളോടുള്ള അകമഴിഞ്ഞ സ്നേഹവും ദൈവത്തിൽ മാത്രം അർപ്പിച്ച സൂഫീ ജീവിതവും ഇദ്ദേഹത്തെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചു ആദ്യമാദ്യം ശത്രുക്കളായിരുന്ന പല അധികാരികളും പിന്നീട് അദ്ദേഹത്തെ അംഗീകരിക്കുകയും വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു.

ഞാൻ അകത്തേക്ക് പ്രവേശിച്ചു ചെരുപ്പ് അഴിച്ചു ബാഗിൽ വെച്ച് ബാഗ് തോളിൽ തൂക്കി ഞാൻ വരിയിൽ നിന്നു. വരിയിൽ നിൽക്കുന്ന മറ്റുള്ളവരിൽ നിന്നും എനിക്ക് ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടായിരുന്നു . മുസ്ലിങ്ങളും അന്യമതസ്ഥരും സ്ത്രീപുരുഷഭേദമന്യേ തല മറച്ചിരുന്നു എൻറെ തലയിൽ തൊപ്പിയും തലപ്പാവും ഒന്നും ഉണ്ടായിരുന്നില്ല . അതുപോലെ ആ നീണ്ട വരിയിൽ തോളിൽ ബാഗു തൂക്കി നിൽക്കുന്നത് ഞാൻ മാത്രമായിരുന്നു . ആളുകളുടെ കയ്യിൽ പൂക്കളും പട്ടും ചരടും എല്ലാം ഉണ്ടായിരുന്നെങ്കിലും എൻറെ കൈ മാത്രം ശൂന്യമായിരുന്നു.

ദർഗക്ക് അകത്തേക്ക് പ്രവേശിക്കാനുള്ള കവാടത്തിനരികിൽ ഇരിക്കുന്ന മാന്യൻ മയിൽപീലി കൊണ്ടുണ്ടാക്കിയ ചൂല് കൊണ്ട് എല്ലാവരുടെ തലയിലും തടവുകയും പണം ആവശ്യപ്പെടുകയും ചെയ്യുന്നതിനിടയിൽ എന്റെ തലയിലേക്ക് ശ്രദ്ധിക്കുകയും തലമറക്കാൻ ആവശ്യപ്പെടുകയും ചെയ്തു കയ്യിൽ ഒരു തോർത്തുമുണ്ട് ഉണ്ടായതുകൊണ്ട് ഞാനതുകൊണ്ട് തലമറച്ച്‌ തൽക്കാലം രക്ഷപ്പെട്ടു .പക്ഷേ വരി വീണ്ടും മുന്നോട്ട് നീങ്ങിയപ്പോൾ അവിടെയിരിക്കുന്ന മറ്റൊരാൾ എന്റെ തോളിലെ ബാഗ് ശ്രദ്ധിച്ചു നിന്റെ കയ്യിൽ മാത്രം എന്താണ് ബാഗ് ഇനി അതിനകത്ത് ചെരുപ്പോ മറ്റോ ഉണ്ടോ എന്നു ചോദിച്ചു. മറുപടി പറയാൻ എനിക്ക് പ്രത്യേകിച്ച് ഒന്നും ആലോചിക്കേണ്ടി വന്നില്ല. ‘അതെ’ എന്ന എൻറെ മറുപടി കേട്ട് അയാൾ ബാഗ് പുറത്തുകൊണ്ടുപോയി വെക്കു എന്ന് കടുപ്പിച്ചു പറഞ്ഞു

ഞാൻ വരിയിൽ നിന്നും പുറത്തുകടന്ന് ബാഗ് വെക്കാനുള്ള സ്ഥലം അന്വേഷിച്ചു നടന്നു .ചെരുപ്പും ബാഗുമൊക്കെ ദുർഗ്ഗക്ക് പുറത്ത് വെച്ച് വീണ്ടും ഞാൻ വരിയിൽ പിറകിലായി നിന്നു പതിയെ മുന്നോട്ട് നീങ്ങിയ ആ വരിയിലൂടെ പണപ്പിരിവ് കാരുടെ കയ്യിൽ നിന്നും രക്ഷപ്പെട്ട ഞാൻ അകത്തു കടന്നു. ദർഗയുടെ ചുറ്റും ആളുകൾ വട്ടത്തിൽ നിന്നുകൊണ്ട് വരിയിലൂടെ അകത്ത് വരുന്നവരുടെ കയ്യിലുള്ള പൂക്കൾ വാങ്ങി കബറിന് മുകളിലേക്ക് ഇടുകയും വരുന്നവരുടെ തലയിലൂടെ പട്ട് മൂടി എന്തൊക്കെയോ ചൊല്ലി പട്ടിന്റെ പുതപ്പ് ഖബറിനു മുകളിൽ പുതപ്പിക്കുകയും അതിൻറെ കൂട്ടത്തിലുള്ള ചരടും മിട്ടായികളും തിരിച്ചു കൊടുക്കുകയും ചെയ്യുന്നു അതിനുശേഷം പണവും ചോദിച്ചു വാങ്ങിയിട്ടാണ് അവരെ വിടുന്നത് ഞാൻ ഇതിലൊന്നും പിടികൊടുക്കാതെ അവിടെയെല്ലാം ചുറ്റിക്കണ്ടു പതിയെ പുറത്തേക്കു നടന്നു

ദർഗ്ഗക്ക് അകത്തു തന്നെയുള്ള പല സ്ഥലങ്ങളും കണ്ടു കൊണ്ട് ഞാൻ അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു. പുറത്തുനിന്നും ദർഗയിലേക്ക് കടക്കുന്ന കവാടത്തിന് അകത്തായി ഇടതുഭാഗത്തും വലതുഭാഗത്തും ഓരോ വലിയ ചെമ്പുകൾ ഉണ്ടായിരുന്നു ചെമ്പ് എന്നുപറഞ്ഞാൽ രണ്ടാളുകളുടെ പൊക്കവും അതിനനുസരിച്ച് വീതിയുമുള്ള അതിനുചുറ്റും സിമൻറ് കൊണ്ട് പടുത്തുയർത്തിയ മുകളിലേക്ക് കയറാൻ പടികളും ഉണ്ടായിരുന്നു അതിൽ ഒരുതരം പായസമുണ്ടാക്കി എല്ലാദിവസവും വിതരണം ചെയ്യാറുണ്ടത്രേ അതുപോലെ ആണ്ട് നടക്കുന്ന നാളുകൾ ഈ രണ്ടു ചെമ്പുകളിലും ചോറ് വെച്ച് വിതരണം ചെയ്യാറുണ്ട് രാഷ്ട്രീയത്തിലേയും മറ്റും പ്രമുഖർ ഇടയ്ക്ക് ചെമ്പിൽ ഭക്ഷണം പാകംചെയ്ത് സാധുക്കൾക്ക് നല്കാൻ നേർച്ചയാക്കാറുണ്ട് .

ഞാൻ പടികൾ കയറി മുകളിലെത്തി അകത്തേക്ക് നോക്കുമ്പോൾ അതിൽ പണവും അരിയും ഗോതമ്പും ശർക്കരയും എല്ലാം കണ്ടു.അതൊക്കെ ആളുകൾ കൊണ്ട് വന്ന് ഇടുന്നതാണ്. എല്ലാം കഴിഞ്ഞു പുറത്തു കടന്നു അജ്മീറിലെ തിരക്കുപിടിച്ച തെരുവിലൂടെ സർബത്ത് കുടിച്ച് രാത്രി ഞാൻ അലക്ഷ്യമായി നടന്നു . ഇതുവരെയുള്ള കാര്യങ്ങളൊക്കെ ഭംഗിയായി നടന്ന സ്ഥിതിക്ക് ഇനിയെന്ത് എന്ന് ചിന്തിക്കുമ്പോഴാണ് രാത്രി ഉറക്കത്തെക്കുറിച്ച് ഞാനാലോചിക്കുന്നത് നേരം വെളുക്കുവോളം വേണമെങ്കിൽ ദർഗ്ഗക്ക് അകത്ത് എവിടെയെങ്കിലും ചുരുണ്ടുകൂടാം .

പക്ഷേ രണ്ടു ദിവസത്തെ യാത്ര ക്ഷീണം തീർക്കാൻ വിസ്തരിച്ചുള്ള ഒരു കുളിയും കയ്യിലുള്ള മൊബൈലുകൾ ചാർജ് ചെയ്യലും എല്ലാം നടക്കണമെങ്കിൽ ഒരു റൂം എടുക്കൽ അത്യാവശ്യമാണ് അങ്ങനെ ഞാൻ റൂം അന്വേഷണം ആരംഭിച്ച്‌ ഹോട്ടലുകളും ലോഡ്ജുകളും കയറിയിറങ്ങി. ഒരാളെ തനിച്ചു കണ്ടതുകൊണ്ട് എല്ലാ സ്ഥലത്തും വലിയ വാടകയാണ് പറയുന്നത്. ആയിരം മുതൽ 3000 രൂപ വരെയാണ് ഒരു രാത്രി ഉറങ്ങാൻ ഉള്ള ചാർജ് പറഞ്ഞത്. അവസാനം പ്രധാന വഴികളിലൂടെയുള്ള അന്വേഷണം അവസാനിപ്പിച് ഉള്ളിലുള്ള റൂമുകൾ തിരഞ്ഞു നടന്നു . ആ അന്വേഷണം ഒരു ഗസ്റ്റ് ഹൗസിലെ ഹാളിൽ ഒരു കട്ടിലിൽ നേരം പുലരുവോളം കിടക്കുവാനും അവിടെയുള്ള ബാത്ത് റൂം സൗകര്യങ്ങൾ ഉപയോഗിക്കുവാനും മൊബൈൽ ചാർജ്ജ് ചെയ്യുവാനും 250 രൂപയ്ക്ക് കരാർ ഉറപ്പിക്കലിൽ അവസാനിച്ചു . മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ഇട്ടു ഞാൻ ഒന്ന് പോയി പിന്നെ നന്നായിട്ട് ഒന്നു കുളിച്ച് മൂലയിലുള്ള എൻറെ കട്ടിലിൽ നീണ്ടുനിവർന്നു കിടന്നു. അരമണിക്കൂർനേരം റൂം അന്വേഷിക്കാൻ വരുന്ന ഹിന്ദിക്കാരുടെ കലപില ശബ്ദങ്ങൾ ശല്യം ചെയ്തിരുന്നെങ്കിലും പിന്നീട് എല്ലാം ശാന്തം. കാരണം ഉറങ്ങിക്കഴിഞ്ഞാൽ പണ്ട് മുതലേ ഞാൻ ഒരു ശബ്ദവും കേൾക്കാറില്ല.

രാവിലെ 5 30ന് റൂം ബോയ് വന്നു വിളിക്കുന്നതു വരെ സുഖമായി ഉറങ്ങി . ഗസ്റ്റ് ഹൗസ് നടത്തിപ്പുകാർ രണ്ടുമൂന്നുപേർ രാത്രി മുഴുവൻ ഉറക്കമിളച്ച് ക്ഷീണവുമായി അപ്പോഴും അവിടെ ഇരിപ്പുണ്ടായിരുന്നു .ഞാൻ പല്ലുതേച്ച് പുറത്തുചാടി നേരെ ചായക്കാരന്റെ അടുത്തേക്ക് പോയി . പാലും പഞ്ചസാരയും വെള്ളവും ചായപ്പൊടിയും ചേർത്ത് ഒരുപാട് നേരം തിളപ്പിച്ച് പാകമാക്കിയ ചായ ഇന്നലെ രാത്രി ഞാൻ കുടിക്കുകയും അയാളെ പരിചയപ്പെടുകയും ചെയ്തിരുന്നു ആറ് രൂപയാണ് ചായയുടെ വില. ലോകത്തിലെ ഏറ്റവും വലിയ ചെറിയ പേപ്പർ ഗ്ലാസ് ആവാൻ മത്സരിക്കുന്ന ചെറിയ കപ്പിലാണ് ചായ തരുന്നത് .

അതും കുടിച്ചു തിരിച്ചുവന്നു പ്രാഥമിക കർമ്മങ്ങൾ കഴിഞ് അതിരാവിലെ കുളിച്ച് ബാഗിൽനിന്ന് പുതിയ ഒരുകൂട്ടം വസ്ത്രവും ധരിച്ച് ഞാൻ പുറത്തുചാടി. നേരെ ദർഗയിലേക്ക് നടന്നു പള്ളിയിൽ നിന്ന് നിസ്കരിച് കുറച്ചു സമയം അവിടെ കഴിച്ചുകൂട്ടി. ദർഗ്ഗക്ക് അകത്തുതന്നെ കുറച്ചു ചെറുപ്പക്കാർ ഇരുന്ന് വലിയ ഒരുതരം ദഫ് മുട്ടുകയും കവാലി ആലപിക്കുകയും ചെയ്യുന്നു അവരുടെ മുൻപിലായി ആറടി പൊക്കവും അതിന് ഒത്ത തടിയുമുള്ള മുടി നീട്ടി വളർത്തി പിറകിലേക്ക് കെട്ടിവെച്ച് താടിയും മുടിയും മീശയും ഒക്കെ നര കലർന്ന ഒരാൾ പാടുകയും താളം പിടിക്കുകയും ചെയ്യുന്നു ഞാനതും ശ്രദ്ധിച്ചു കുറച്ചുനേരം അവിടെ തന്നെ നിന്നു . ചില ആളുകൾ അയാൾക്ക് അരികിലേക്ക് ചെന്നു കൈയിൽ പണം കൊടുക്കുകയും തല താഴ്ത്തി അയാളുടെ അനുഗ്രഹം വാങ്ങുകയും ചെയ്യുന്നു ചിലർ പണം കൊടുത്തു കയ്യിൽ പിടിച്ചു കരയുന്നു അയാളാണെങ്കിൽ എല്ലാവരുടെയും തലയിൽ തടവി കിട്ടിയ പണം പാട്ടുപാടുന്ന ചെറുപ്പക്കാർ ഇരിക്കുന്ന സ്ഥലത്തേക്ക് ഇട്ടുകൊടുക്കുന്നു.

ഞാൻ ദർഗയിലെ ചെമ്പിന്റെ ഭാഗത്തേക്ക് ചെന്നപ്പോൾ രാവിലെതന്നെ അവിടെയെന്തോ വിതരണം ചെയ്യുന്നുണ്ട് ചെമ്പിൽ നിന്നും വലിയ പാത്രത്തിലേക്ക് മാറ്റി അതിൽ നിന്നും ആളുകൾക്ക് കൊടുക്കുകയാണ് ഞാൻ 5 രൂപക്ക് പ്ലാസ്റ്റിക് കവർ വാങ്ങി അതിലേക്ക് അല്പം ഗോതമ്പ് കഞ്ഞി വാങ്ങി. ശർക്കരയും ഗോതമ്പും നെയ്യും ഈത്തപ്പഴവും പിന്നെയും എന്തൊക്കെയോ ചേർത്ത് ഉണ്ടാക്കിയ മധുരമുള്ള ഒരുതരം കട്ടിയുള്ള പായസം ആയിരുന്നു അത് . ദർഗ്ഗക്ക് അകത്തുവെച്ച് ചില ആളുകളോട് ചോദിച്ച ഞാൻ താരഘട്ലേക്കുള്ള വഴി മനസ്സിലാക്കി നേരെ പുറത്തുകടന്ന് ടാക്സികൾ കിട്ടുന്ന സ്ഥലത്തേക്ക് നടന്നു

അവിടെ ഒരുപാട് വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നു ഒരാൾക്ക് 100 രൂപയാണ് ചാർജ് .അവിടെ കാണാനുള്ളതും ദർഗ്ഗയും കബറും ഒക്കെ തന്നെ പക്ഷേ അതൊരു മലമുകളിലാണ് അവിടെ ചെന്ന് ഒരു മണിക്കൂർ നേരം കാത്തു നിന്നു വീണ്ടും തിരിച്ചു ദർഗ്ഗക്ക് അരികിലേക്ക് കൊണ്ടുവരാനാണ് 100 രൂപ ഈടാക്കുന്നത് .ഞാനൊരു ഒമ്‌നി വാനിൽ കയറി മുൻപിലെ സീറ്റിൽ ഇരുന്നു എന്നെക്കൂടാതെ പിറകിൽ നാലുപേരും ഒരു കുട്ടിയുമുണ്ടായിരുന്നു ഞങ്ങൾ യാത്ര തുടങ്ങി മൊത്തത്തിലൊരു 10 കിലോമീറ്റർ ദൂരം കാണും നാല് കിലോമീറ്റർ ചുരം പോലെ തോന്നുന്ന വളഞ്ഞുപുളഞ്ഞ റോഡ് ആണ് .ഞങ്ങൾ അവിടെ എത്തി വണ്ടിയിൽ നിന്നും ഇറങ്ങി ഒരു മണിക്കൂർ കഴിയുമ്പോഴേക്കും തിരിച്ചുവരണമെന്നും വണ്ടി നിർത്തിയ സ്ഥലം മറക്കരുതെന്നും പറഞ്ഞു ഡ്രൈവർ വണ്ടി പാർക്ക് ചെയ്തു

രാവിലെ ആയതുകൊണ്ടാവാം ഇവിടെ വലിയ തിരക്കൊന്നുമില്ല മാത്രമല്ല ഇവിടെ കൂടുതലും സന്ദർശിക്കാൻ വരുന്നത് മുസ്ലിംകളിലെ ഷിയാ വിഭാഗക്കാർ ആണ് . പൂക്കളും പട്ടും ചരടും എല്ലാം പഴയപടി തന്നെ. അകത്തേക്ക് കടന്ന എല്ലാവരെയും തലയിൽ പുതപ്പിട്ട് എന്തൊക്കെയോ ചൊല്ലി പണപ്പിരിവ് നടത്തുന്നുണ്ട് അതിൽനിന്നും ഒഴിഞ്ഞുമാറാൻ ശ്രമിച്ച എന്നെ താക്കീത് പോലെ ഒരുത്തൻ ശബ്ദമുയർത്തി വിളിച്ചു. ഞാൻ അയാളുടെ അടുത്തേക്ക് ചെന്നു എന്റെ തലയിലും എന്തോ പുതപ്പിച്ചു ശേഷം പണം ആവശ്യപ്പെട്ടു. പണവും ബാഗ്മൊക്കെ പുറത്താണ് എന്ന എൻറെ മറുപടിയിൽ ദേഷ്യം വന്ന അയാൾ ‘ചൂട്ട് ബോൽന തും മലൈബാരി’എന്ന് ആക്രോശിച്ചു. എനിക്ക് ചിരിയാണ് വന്നത് “അധ്വാനിച്ച് ജീവിക്കെടോ” എന്ന് മനസ്സിൽ പറഞ്ഞു ഞാൻ അയാളിൽ നിന്നും ഒഴിഞ്ഞു മറ്റൊരിടത്തേക്ക് പോയി.

താരാഗട്ട് ദർഗ്ഗക്ക് അകത്തേക്ക് നടക്കുമ്പോൾ ഇരുവശങ്ങളിലുമായി 3 ചെമ്പുകൾ കാണാം അജ്മീർ ദർഗയിൽ ഉള്ള ചെമ്പു കളുടെ അത്രതന്നെ വലിപ്പമില്ലെങ്കിലും പടികൾ കയറി മുകളിൽ നിന്നും നോക്കാൻ പാകത്തിന് വലിയ ചെമ്പുകൾ തന്നെ ആണ് ഇവിടെയും. ഒരു ചെമ്പിന്റെ മേൽക്കൂരയിൽ മലയാളത്തിൽ ആയി (കഞ്ഞി പൈസ ചെമ്പിൽ നിക്ഷേപിക്കുക) എന്ന് എഴുതി വെച്ചത് കണ്ടു ഇവിടെയും ചെമ്പിൽ അരിയും പണവുമൊക്കെ തന്നെയായിരുന്നു . പണം എന്നുപറഞ്ഞാൽ പത്തും ഇരുപതും മാത്രമല്ല 500ന്റെ കെട്ടുകൾ രണ്ടായിരത്തിന്റെ ചുവന്ന നോട്ടുകൾ നൂറും ഇരുന്നൂറും 50 ഒക്കെയുണ്ട് ഒരു ചെമ്പിലെ രണ്ടായിരത്തിന്റെ നോട്ടുകൾ മാത്രം ഞാൻ നോക്കുമ്പോൾ ലക്ഷത്തിനുമുകളിൽ ഉണ്ടോ എന്ന് സംശയിച്ചു. എനിക്ക് തലകറക്കം വരുന്നതിനു മുമ്പ് ഞാൻ ഇറങ്ങിപ്പോന്നു. ഇവിടെ വലിയ ഫ്ളക്സ്കളിലായി ബോളിവുഡിലെ ഏകദേശം മുഴുവൻ പ്രശസ്തരുടെ പടവും കാണാം ഷാരൂഖ് ഖാൻ ,അമീർ ഖാൻ ,സഞ്ജയ് ദത്ത് ,സണ്ണിഡിയോൾ തുടങ്ങി എനിക്ക് പേരറിയുന്നതും അറിയാത്തതുമായ ഒരു വലിയ താരനിര തന്നെ ആ ഫ്ലെക്സിൽ ഉണ്ടായിരുന്നു എല്ലാവരും തലമറച് ഒരു കൊട്ട പൂക്കളും തലയിൽ വെച്ച് ദർഗ കാണാൻ വന്നപ്പോൾ എടുത്ത ചിത്രങ്ങളാണ് .

കേരളത്തിനു പുറത്തെ അറിവ് കുറഞ്ഞ അന്യസംസ്ഥാനക്കാർ എത്രത്തോളം ആത്മീയതയുടെ പേരിൽ വഞ്ചിക്കപ്പെടുന്നുണ്ട് എന്ന് ഇതു പോലെയുള്ള സ്ഥലങ്ങളിൽ നിന്നും മനസ്സിലാക്കാം കാരണം ഇവിടെയുള്ള പല കാട്ടിക്കൂട്ടലുകളും യഥാർത്ഥ ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല എന്നു മാത്രമല്ല തികച്ചും അനാചാരവുമാണ്. തരാഗാട്ടിലെ ഖബറിന്റെ കവാടത്തിലുള്ള പടിയിൽ സ്രഷ്ടാങ്ങം നമിക്കുന്ന പോലെ ചുംബിച് അതിൽ തലവച്ച് കിടക്കുന്ന സ്ത്രീകളെയും ചെറുപ്പക്കാരെയും അതിനുവേണ്ടി പ്രോത്സാഹിപ്പിക്കുകയും അവരിൽ നിന്നും പണം വാങ്ങുകയും ചെയ്യുന്ന അവിടത്തെ നടത്തിപ്പുകാരെയും നിർവികാരതയോടെ നോക്കിനിൽക്കാൻ അല്ലാതെ എനിക്കൊന്നും തോന്നിയില്ല ..

പുറത്തേക്കിറങ്ങി നടക്കുമ്പോൾ ചിക്കൻബിരിയാണി 20 രൂപ എന്ന ഹിന്ദിയിലെ ബോർഡ് കണ്ട് ശരിയാണോ എന്ന് കടക്കാരനോട് ചോദിച്ചു ഉറപ്പു വരുത്തിയശേഷം രാവിലെ 10 മണിക്ക് മുമ്പ് തന്നെ ബിരിയാണി കഴിച്ചു ചെറിയ പ്ലേറ്റിൽ ഒരു ഹാഫ് ബിരിയാണിയുടെ ചോറും ഒരു കോഴിയെ 40ഓ അതിലധികമോ കഷ്ണങ്ങളാക്കിയതിൽ നിന്ന് ഒരു കോഴിക്കഷ്ണവും കഴിച്ച് 20 രൂപ ബില്ലും കൊടുത്ത് ഞാൻ വാഹനത്തിനടുത്തേക്ക് നടന്നു.

തിരിച്ച് ദർഗ്ഗക്ക് അരികിലൂടെ തന്നെ വന്ന് ഞാൻ അടുത്ത സ്ഥലമായ അനാസാഗർ തടാകം സന്ദർശിക്കാൻ തീരുമാനിച്ചു വഴികളൊക്കെ ചോദിച്ചുമനസ്സിലാക്കി ഒന്നര കിലോമീറ്റർ ദൂരം നടക്കാൻ തീരുമാനിച്ചെങ്കിലും 20 രൂപക്ക് കൊണ്ടുപോയി വിടാമെന്ന് ഒരു സ്കൂട്ടർ റിക്ഷാക്കാരൻ പറഞ്ഞപ്പോൾ അയാളോടൊപ്പം കയറി മൂന്ന് വീലുകളുള്ള സ്കൂട്ടറിൽ ഡ്രൈവറെ കൂടാതെ പിറകിൽ നാലുപേർക്ക് ഇരിക്കാവുന്ന സീറ്റും അതിനു മേൽക്കൂരയും വച്ച വണ്ടിയിലുള്ള യാത്ര തിരക്കുപിടിച്ച തെരുവിലൂടെ മുന്നോട്ടു നീങ്ങവേ മറ്റൊരു ഓട്ടോറിക്ഷക്ക് ചെറുതായി കൂട്ടിയിടിക്കുകയും അല്പം കശപിശയും ഉണ്ടായെങ്കിലും അല്പം കഴിഞ്ഞപ്പോൾ അനസാഗർ തടാകത്തിന് അടുത്തുള്ള ഗാർഡനിലെത്തി.

പ്രത്യേകിച്ച് ടിക്കറ്റുകളോ ഫീസോ ഒന്നുമില്ലാതെ അകത്തേക്ക് കടന്നു വിശാലമായ മൈതാനത്തിനു നടുവിലൂടെ തടാകക്കരയിലെത്തി രാവിലെ തന്നെ ഒരുപാട് ടൂറിസ്റ്റുകൾ അവിടെ ഉണ്ടായിരുന്നു പലരും മരച്ചുവട്ടിലും തണലിലും ഇരിക്കുന്നു ചിലർ തടാകത്തിലുള്ള മത്സ്യങ്ങൾക്ക് തീറ്റ ഇട്ടുകൊടുക്കുന്നു അത് കൊത്തിയെടുക്കാൻ വരുന്ന മീനുകളെ കാണാൻ നല്ല ഭംഗിയായിരുന്നു നീണ്ടുപരന്ന് അറ്റം കാണാതെ കടൽ പോലെ കിടക്കുന്ന അനസാഗർ തടാകത്തിനും ചരിത്രങ്ങൾ ഏറെ പറയാനുണ്ടായിരുന്നു .

ഖാജാ തങ്ങളും ശിഷ്യന്മാരും തടാകത്തിനടുത്ത് താമസമാക്കിയപ്പോൾ പൃഥ്വിരാജ് ചൗഹാൻ അവർക്ക് തടാകത്തിലെ വെള്ളത്തിന് ഉപരോധമേർപ്പെടുത്തി എന്നാൽ ഖാജയുടെ നിർദ്ദേശപ്രകാരം ഒരു ശിഷ്യൻ ചെറിയ ഒരു കൂജയിൽ തടാകത്തിൽ നിന്നും അൽപം വെള്ളം കൂടിയതോടെ വലിയ തടാകം മുഴുവൻ വറ്റിപോവുകയും വിവരം രാജാവിന്റെ കാതിലെത്തുകയും ചെയ്തു .തെറ്റു മനസ്സിലാക്കിയ പൃഥ്വിരാജ് ഖാജയോട് മാപ്പു പറഞ്ഞപ്പോൾ ബാക്കിയുണ്ടായിരുന്ന വെള്ളം തടാകത്തിലേക്ക് ഒഴിക്കുകയും തടാകം പൂർവ്വസ്ഥിതിയിൽ ആവുകയും ചെയ്തു ഇതൊക്കെ അജ്മീർ ചരിത്രത്തിൽ ഞാൻ വായിച്ചറിഞ്ഞതാണ്. ഗാർഡൻ ഒക്കെ ചുറ്റി തിരിഞ്ഞു അല്പം വിശ്രമിച്ച് ഞാൻ പുറത്തുകടന്നു പുറത്ത് വരിവരിയായി കുതിരവണ്ടികൾ ആളുകളെ വിളിക്കുന്നുണ്ടായിരുന്നു പത്ത് രൂപക്ക് ഞാൻ ഒരു ഓട്ടോയിൽ കയറി ദർഗ്ഗക്ക് അരികിലുള്ള എൻറെ റൂമിലേക്ക് വന്നു മൊബൈലിൽ അല്പം ചാർജ് ചെയ്ത് ഒന്ന് ഫ്രഷ് ആയി ബാഗുമെടുത്ത് പുറത്തുചാടി നേരെ സ്റ്റേഷനിലേക്ക് നടന്നു.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply