ആലപ്പുഴ: നഗരത്തിലെ കുരുക്ക് അഴിക്കാൻ ഇന്ന് മുതൽ പുതിയ ഗതാഗത പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു. നഗരസഭാ അധികൃതരും പൊലീസും ഗതാഗതവകുപ്പ് അധികൃതരും നടത്തിയ ചർച്ചയിലാണ് പുതിയ പരിഷ്കാരത്തെപ്പറ്റി തീരുമാനമായത്.
റോഡ് മുറിച്ചു കടക്കുന്നതിന് കുട്ടികളെ സഹായിക്കുന്നതിനായി നഗരത്തിലെ ആറു സ്കൂളുകൾക്ക് മുന്നിൽ പൊലീസുകാരെ നിയോഗിക്കും.
കെ.എസ്.ആർ.ടി.സി ബസ്, വലിയ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങളെ ശവക്കോട്ടപ്പാലത്തിൽ കയറാതെ മട്ടാഞ്ചേരിപ്പാലം വഴി വൈ.എം.സി.എ പാലത്തിലൂടെ തിരിച്ചുവിടും.
ഇതിനായി മട്ടാഞ്ചേരിപ്പാലം, വൈ.എം.സി.എ എന്നിവിടങ്ങളിൽ ട്രാഫിക് പൊലീസുകാരെ നിയോഗിക്കും.
ആവശ്യമായ സ്ഥലങ്ങളിൽ ഗതാഗതനിയന്ത്രണത്തിനായി പൊലീസുകാരെ അനുവദിക്കുമെന്ന് ജില്ലാ പൊലീസ് ചീഫ് പി.അശോക് കുമാർ നഗരസഭാ അധികൃതർക്ക് ഉറപ്പ് നൽകി.
ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള ഭാരമുള്ള വലിയ ലോറികൾക്ക് നഗരത്തിൽ പ്രവേശിക്കുന്നതിന് രാവിലെയും വൈകിട്ടും നിയന്ത്രണം ഏർപ്പെടുത്തി.
സ്കൂളുകൾക്ക് മുന്നിൽ സീബ്രാലൈൻ വരയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉടൻ നടപ്പാക്കുമെന്ന് ഗതാഗതവകുപ്പ് അധികൃതർ ഉറപ്പ് നൽകി.
പുതിയ ട്രാഫിക് പരിഷ്കാരത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിൽ ആവശ്യമായ സ്ഥലങ്ങളിൽ സൈൻ ബോർഡ് സ്ഥാപിക്കും.
News : Kerala Kaumudi