Home / Travel & Travelogues / മനസ്സിനെ കുളിര്‍പ്പിച്ച ആലപ്പുഴ – കൊല്ലം ബോട്ട് യാത്രയുടെ വിശേഷങ്ങള്‍…

മനസ്സിനെ കുളിര്‍പ്പിച്ച ആലപ്പുഴ – കൊല്ലം ബോട്ട് യാത്രയുടെ വിശേഷങ്ങള്‍…

ജലഗതാഗത വകുപ്പ് ആലപ്പുഴയിൽനിന്നും കൊല്ലത്തേയ്ക്കും തിരിച്ചും നടത്തിവരുന്ന വിനോദ സഞ്ചാര യാത്രയിൽ ഇന്നലെ കുടുംബത്തോടൊപ്പം യാത്രനടത്തി. ഹരിതഭംഗി നിറഞ്ഞു തുളുമ്പുന്ന കാഴ്ചകളോടെ കായൽ പരപ്പിലൂടെയുള്ള ആ യാത്ര മനംകവരുന്നതായിരുന്നു. ആലപ്പുഴ SWTD ജെട്ടിയിൽ നിന്നും രാവിലെ 10.30 ന് ആരംഭിച്ച യാത്ര കനാലിലൂടെ നെഹ്റുട്രോഫി ഫിനിഷിങ്ങ് പോയിന്റിൽ തലയുയർത്തി നിൽക്കുന്ന പ്രതിമയും പിന്നിട്ട് വേമ്പനാട്ടുകായലിലൂടെ ദേശീയ ജലപാത വഴി ലേക്പാലസ് റിസോർട്ടുകൾക്കു മുന്നിലൂടെ പള്ളാതുരുത്തി,പാരിപ്പള്ളി, കരുമാടിയിലെത്തി.

ഹൈന്ദവീകതയുടെ രൂപപരിണാമങ്ങൾക്കിടയിൽ അവശേഷിച്ച ബുദ്ധപ്രതിമയെ ബിട്ടീഷുകാരനായ റോബർട്ട് ബ്രിസ്റ്റോ സംരക്ഷിച്ചതിന്റെ ബാക്കിപത്രമായി നിലകൊള്ളുന്ന കരുമാടികുട്ടന്റെ ക്ഷേത്ര ചരിത്രവും ആസ്വദിച്ച് തോട്ടപ്പള്ളി സ്പിൽവേയിൽ അവിടെ നിന്നും കോട്ടപ്പുറം-കൊല്ലം റൂട്ടിലേയ്ക്കു കയറിയപ്പോൾ തന്നെ രുചികരമായ നാടൻഉച്ചയൂണ്.

ബോട്ട് കുമാരകോടിയിലൂടെ സഞ്ചരിച്ച് പല്ലനയിലെ മഹാകവി സ്മാരകത്തിനടുത്തെത്തിയപ്പേൾ ആദരവ് എന്നവണ്ണം ബോട്ടിന്റെ വേഗം കുറച്ചിരുന്നു . നവോത്ഥാന കേരളത്തിലേയ്ക്കു നയിക്കുവാനുള്ള തൂലികയിലെ മഷിയടയാളങ്ങൾ ഈ പല്ലനയറിന്റെ തീരത്ത് കുതിർന്നു വീണതിന്റെ ഒർമ്മകളിൽ മനസ്സ് പിൻതുടർന്നു.

തൃക്കുന്നപ്പുഴ കയർ വില്ലേജ്, ബ്രിട്ടീഷുകാർ പണിത പശ്ചിമ തീരജലഗതാഗതകനാൽ ,കായംകുളം തെർമ്മൽ പവർ പ്ലാൻറ് ,പതിയങ്കര,ആറാട്ടുപുഴ,അമ്പലത്തുങ്കടവ്,പച്ചപ്പുതിങ്ങിയ ആയിരം തെങ്ങ് എത്തുമ്പോഴേയ്ക്കും കൊച്ചിയുടെ ജെട്ടി എന്നെഴുതിവച്ചിക്കുന്നതുകണ്ടപ്പോൾ ആദ്യം അമ്പരന്നു. അപ്പോൾ ബോട്ട് ജീവനക്കാരൻ സുബാബു അത് ജെട്ടിയുടെ പേരാണെന്നും പണ്ട് കൊച്ചിയിലേക്കു പോകുന്ന ബോട്ടുകൾ അടുപ്പിക്കുന്ന പ്രധാന ജെട്ടിയാണെന്നും വിവരിച്ചുതന്നു.

കരുനാഗപ്പള്ളി പൊഴി കടന്ന് വീണ്ടും ബോട്ട് നീങ്ങിയപ്പോൾ വള്ളിക്കാവ് ജെട്ടിയിൽ ചായ കുടി. കാക്കതുരുത്തു മുതൽ ചവറ വരെ പിന്നീട് അൻപതു മീറ്ററുകൾക്കപ്പുറത്ത് അലതല്ലുന്ന കടൽ കണ്ടു കൊണ്ട് ദേശീയ ജലപാതയിലൂടെ സഞ്ചരിക്കാം. കിലോമീറ്റുകളോളം കരിമണൽ വേർതിരിച്ച് മാറ്റിയ ശേഷമുള്ള പഞ്ചാരമണലിന്റെ നിരവധി കൂനകൾ കാണുവാൻ കഴിയും. ദേശീയപാത കമ്മീഷൻ ചെയ്യുന്നതിനായി നടക്കുന്ന ഡ്രെഡ്ജിങ് ജോലികളും കാണാവുന്നതാണ്.സുനാമിയെ അതിജീവിച്ചു കുറഞ്ഞ കാലയളവുകൊണ്ട് പ്രസിദ്ധമായ കാട്ടിലമ്മയും ,സെൻറ് ജോർജ് പള്ളിയുമൊക്കെ ഇതിനിടയിലുണ്ട്.

ചവറതോട്, ചവറ അഴിമുഖം എന്നിവ പിന്നിട്ട് സന്ധ്യയാവുന്നതോടെ ചെങ്കതിരിനാൽ പൊതിഞ്ഞ അഷ്ടമുടി കായലിന്റെ ഹൃദയഹാരിയായ കാഴ്ചകൾ നമ്മുടെ മനം കുളിർപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. അവിടെ നിന്നും സാമ്പ്രാണി കോടിയിലേയ്ക്ക്. വിളക്കമ്മയുടെ മനോഹാരിതയും ആസ്വദിച്ച് കുരീപ്പുഴയുടെ ഓരം ചേർന്ന് ആശ്രാമം പിന്നിട്ട് ബോട്ട് ജെട്ടിയിലെത്തുമ്പോൾ യാത്ര അവസാനിക്കുന്നു .

നഗരജീവിതത്തിന്റെ വേഗതയിൽ ജീവിതത്തെ കരുപിടിപ്പിക്കുമ്പോൾ ഇടയ്ക്ക് ഇങ്ങനെയുള്ള യാത്രകൾ ഗ്രാമത്തിന്റെ നിഷ്ക്കളതയിലേയ്ക്കും പരിശുദ്ധിയിലേയ്ക്കും, ആസ്വാദ്യതയിലേയ്ക്കും മനസിനെ കൊണ്ടു പോകുമെന്ന കാര്യത്തിൽ തർക്കമില്ല.

വിവരണം – കെ.കെ. സുദേവ് , പള്ളുരുത്തി.

Check Also

വന്യമൃഗങ്ങള്‍ക്കിടയിലൂടെ ഒരു മുത്തങ്ങ ,ഗുണ്ടൽപേട്ട്, ബന്ദിപൂർ യാത്ര…

സെപ്റ്റംബർ 13 പെരുന്നാൾ പിറ്റേന്ന് ആയിരുന്നു ഈ യാത്ര……. പ്രകൃതി സ്നേഹിയും സാമൂഹ്യ സേവകനുമായ ഹിദായത്ത്,രാഷ്ട്രീയ നേതാവായ മുഹമ്മദ് പാക്യാര,എഞ്ചിനീയർ …

Leave a Reply