ഓണത്തിന് പുതിയ സര്‍വീസില്ല; 1456 എണ്ണം നിര്‍ത്തി

ഓണാവധിക്ക് കനത്ത നഷ്ടത്തിലേക്ക് ചെറിയ നേട്ടമെങ്കിലും കൈവരിക്കാമെന്നിരിക്കെ പരമാവധി ഷെഡ്യൂളുകള്‍ കുറക്കാന്‍ കെ.എസ്.ആര്‍.ടി സി എല്ലാ ഡിപ്പോകള്‍ക്കും നിര്‍ദ്ദേശം നല്‍കി. 1,456 ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കി. ജീവനക്കാരില്ലാത്തതിനാല്‍ ഓണത്തിന് കൂടുതല്‍ വണ്ടികള്‍ ഓടിക്കേണ്ടെന്നാണ് തീരുമാനം. പരമാവധി ഷെഡ്യൂളുകള്‍ കുറയ്ക്കാന്‍ എല്ലാ ഡിപ്പോകള്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

ഓണാവധിക്ക്, പ്രത്യേകിച്ചും ഓണദിവസങ്ങളിലും തൊട്ടടുത്ത ദിവസങ്ങളിലും വീടുപിടിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഇത്തവണ കെ.എസ്.ആര്‍.ടി.സി നല്‍കുന്ന ഇരുട്ടടി കനത്തതായിരിക്കും. പല ഡിപ്പോകളിലും ജീവനക്കാര്‍ തന്നെ ലാഭമുണ്ടാക്കുന്ന നടപടികളുമായി മുന്നിട്ടിറങ്ങിയ സമയത്താണ് അധികൃതരുടെ ഭാഗത്തു നിന്നുള്ള കടുത്ത തീരുമാനമെന്നതും ശ്രദ്ധേയമാണ്.

ksrtc-super-fast
അനുവദിക്കപ്പെട്ട ഷെഡ്യൂളുകളില്‍ ശരാശരി 70 ശതമാനം ഓടിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. കെ.എസ്.ആര്‍.ടി.സി. മേഖലാ ഓഫീസുകളില്‍നിന്നാണ് എ.ടി.ഒ. മാര്‍ക്കും ഡി.ടി.ഒ. മാര്‍ക്കും ഉത്തരവ് കിട്ടിയത്. കട്ടപ്പുറത്തുള്ള വണ്ടികള്‍ നന്നാക്കിയെടുക്കാന്‍ സാധിക്കുകയും ഒപ്പം സര്‍വീസ് നടത്താന്‍ ജീവനക്കാര്‍ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രം അധിക ഷെഡ്യൂളുകള്‍ ഓടിച്ചാല്‍ മതിയെന്നാണ് കോര്‍പറേഷന്റെ നിലപാട്.

കോര്‍പറേഷന്റെ 850 ല്‍പ്പരം ബസ്സുകള്‍ ഇപ്പോള്‍ കട്ടപ്പുറത്താണ്. ഓരോ ഡിപ്പോയിലും ശരാശരി പത്ത് ബസ്സുകള്‍വീതമാണ് കട്ടപ്പുറത്തുള്ളത്. ടയര്‍, സ്‌പെയര്‍പാര്‍ട്‌സ് തുടങ്ങിയവ ലഭിക്കാത്തതാണ് കാരണം. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഇല്ലാത്തതിനാല്‍ നൂറോളം ബസ്സുകള്‍ ഷെഡ്ഡില്‍ കിടക്കുന്നുണ്ട്. നിര്‍ത്തലാക്കുന്ന സര്‍വീസുകള്‍ ലാഭകരമല്ലാത്ത റൂട്ടുകളിലായിരിക്കണമെന്നും രേഖാമൂലമുള്ള നിര്‍ദേശമുണ്ട്. ഏത് റൂട്ടിലെ ബസ്സാണോ കട്ടപ്പുറത്താകുന്നത് ലാഭനഷ്ടങ്ങള്‍ നോക്കാതെ ആ റൂട്ടിലെ സര്‍വീസ് നിര്‍ത്തി വെക്കുന്ന നടപടിയാണ് ഇപ്പോള്‍ ചെയ്തുവരുന്നത്.

കെ.എസ്.ആര്‍.ടി.സി.ക്ക് മൊത്തമുള്ള 5,456 ഷെഡ്യൂളുകളില്‍ 4,500 മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply