കെ.എസ്.ആർ.ടി.സിയുടെ ആറ്റിങ്ങൽ ഡിപ്പോയിലെ സുരക്ഷാ ഉദ്യോഗസ്ഥർ യാത്രക്കാരനെ മർദ്ദിച്ചതായി പരാതി. ഇടയ്ക്കോട് ഭൂതനാഥൻ ക്ഷേത്രത്തിന് സമീപം പണയിൽ വീട്ടിൽ ശിവാനന്ദൻ (49) ആണ് പരാതി നൽകിയത്.

ബസ് കാത്തുനിന്ന ശിവാനന്ദൻ മഴപെയ്തപ്പോൾ സെക്യൂരിറ്റിയുടെ റൂമിലേക്ക് കയറി നിന്നു. ഇതുകണ്ട സെക്യൂരിറ്റിക്കാർ തന്നോട് തട്ടിക്കയറി. പൊലീസിന്‍റെ റൂമാണോ എന്ന് ചോദിച്ചതോടെ മർദ്ദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് വലിയകുന്ന് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസുകാരനാണ് മർദ്ദിച്ചതെന്ന് കരുതി പരാതി നൽകാൻ ആദ്യം തയ്യാറായില്ല, പിന്നീടാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥനാണെന്ന് അറിയുന്നതെന്നും ശിവാനന്ദൻ പറയുന്നു.
മൂന്നു ദിവസം മുമ്പാണ് സംഭവം. ഇതിന്റെ വീഡിയോ വാട്ട്സ്ആപ്പിലൂടെ പ്രചരിച്ചിരുന്നു. മറ്റ് യാത്രക്കാരുടെ മുന്നിൽ വച്ചാണ് രണ്ട് സെക്യൂരിറ്റി ജീവനക്കാർ ശിവാനന്ദനെ കൈയേറ്റം ചെയ്യുന്നത്. അടികൊണ്ട് താഴെവീണ ഇയാളെ തറയിലിട്ട് ചവിട്ടുന്ന രംഗങ്ങളും വീഡിയോയിൽ കാണാം. സ്ഥലത്തെത്തിയ പൊലീസ് കൺട്രോൾ റൂം വാഹനത്തിലാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൈയേറ്റം ചെയ്ത സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഒളിവിലാണെന്നും കണ്ടെത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
News : Kerala Kaumudi
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog