500 മീറ്റർ നീളത്തിലും 100 മീറ്റർ വീതിയിലുമായി സെന്റ് മേരീസ് ഐലന്‍ഡ്..

കർണാടകയിലെ ഉഡുപ്പി ജില്ലയിലെ മാൽപെ ഹാർബറിൽ നിന്ന് ആറു കിലോമീറ്റർ അകലെ അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപ സമൂഹമാണ് സെന്റ് മേരീസ് ദ്വീപുകൾ. 500 മീറ്റർ നീളത്തിലും 100 മീറ്റർ വീതിയിലുമായി കേവലം 30 അടി ഉയരത്തിൽ മാത്രം സ്ഥിതിചെയ്യുന്ന ഈ ദ്വീപ് കോകനറ്റ്‌ & തോൺസേപർ ഐലന്റ് എന്ന പേരിലും അറിയപ്പെടുന്നു. 1498 വാസ്കോ ഡ ഗാമ കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ ഇവിടെ ഇറങ്ങുകയും ‘ഒ പാഡ്രോ ഡി സാന്ത മരിയ’ എന്ന് ദ്വീപിന് പേരിടുകയും ആ പേര് പിന്നീട് സെന്റ് മേരീസ് ഐലന്റ് എന്നായി മാറി എന്നതാണ് ചരിത്രം.

രാത്രി 12.40 ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തി ചേരുന്ന വരാവൽ എക്സ്പ്രസിനായി റെയിൽവേയുടെ ഫ്രീ വൈഫെയും കൊതുകു കടിയും ആസ്വദിച്ചുകൊണ്ടിരുന്ന തങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഞങ്ങൾക്കെല്ലാം കേട്ടറിവ് മാത്രമുള്ള സെന്റ് മേരീസ ഐലന്റ് ലേക്ക് ആകാംക്ഷയോടെ ഒന്നരമണിക്കൂർ വൈകി വന്ന ട്രെയിനിൽ യാത്ര തുടങ്ങി. ഭാഗ്യമെന്നു പറയട്ടെ തിരക്കു കുറവായിരുന്നു. ജനറൽ കോച്ചിൽ ഇരുന്നും കിടന്നും യാത്ര തുടർന്ന ഞങ്ങൾ ഏഴ് മണിയോടെ ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽ എത്തി.

അവിടെ നിന്ന് 500 രൂപ വില പേശി ഒരു റൂം എടുത്തു ഫ്രഷായി ചായകുടിയും കഴിഞ്ഞ് സ്റ്റേഷനിൽനിന്ന് കുറച്ചകലെയുള്ള ഹൈവേയിൽ എത്തി ഉഡുപ്പി ടൗണിലേക്കുള്ള ബസ്സു കയറി. അവിടെ നിന്ന് മാൽപെ ഹാർബറി ലേക്കും.രണ്ട് രൂപ ടിക്കറ്റെടുത്തു ഹാർബറിൽ പ്രവേശിച്ച് കുറെ മുന്നോട്ട് നടന്ന് ഗവൺമെന്റ് ബോട്ട് ക്ലബ്ബിൽ എത്തി ദ്വീപിലേക്കുള്ള ടിക്കറ്റെടുത്തു.250 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. ദ്വീപിൽ ഭക്ഷണ സാധനങ്ങൾ ഒന്നും കിട്ടാത്തതിനാൽ ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവും വെള്ളവും കയ്യിൽ കരുതിയിരുന്നു.ഓരോ മണിക്കൂർ ഇടവേളയിലും 9 മണിമുതൽ ബോട്ട് സർവീസുണ്ട്.

കരയിൽനിന്ന് ഒരു പൊട്ടുപോലെ ദ്വീപിനെ കാണാം.ദ്വീപിൽ ഉയർന്നുനിൽക്കുന്ന ഒരു പറ്റം തെങ്ങുകൾ ദൂരക്കാഴ്ചയിൽ ദ്വീപിനെ മനോഹരമാക്കുന്നു. ബോട്ടിലെ വിവിധ ഭാഷയിലുള്ള പാട്ടുകൾ ആസ്വദിച്ചും പാട്ടിനൊത്ത് തുള്ളിയും ഉയർന്നു വരുന്ന തിരമാലകളെ കീറിമുറിച്ച് കൊള്ളിമീൻ കണക്കേ കുതിച്ചുപാഞ്ഞ ബോട്ടിൽ ഞങ്ങൾ ദ്വീപിലേക്കുള്ള ജൈത്രയാത്ര തുടർന്നു. വലിയ ബോട്ട് കരക്ക് അടുക്കാത്തതിനാൽ കടലിൽനിന്ന് ചെറിയ ബോട്ടിൽ മാറികയറിയിട്ട് വേണം ദ്വീപിലെത്താൻ. അങ്ങനെ 45 മിനിറ്റുകൊണ്ട് ആറു കിലോമീറ്റർ കടൽ താണ്ടി ഞങ്ങൾ എട്ടുപേർ ദ്വീപിൽ എത്തിച്ചേർന്നു. സമീൻ, വാജിദ്,സുഹൈൽ,സഫാദ്,ജസീം, നുവൈസ്, നീബ് പിന്നെ ഞാനും.

വിവിധയിനം ചിപ്പികളാൽ സമ്പുഷ്ടമായ തീരം.തെളിഞ്ഞ കടൽജലം ആണ് സഞ്ചാരികളെ ദ്വീപിലേക്ക് ആകർഷിക്കുന്നത്. കടലിൽ നിന്ന് ഉയർന്നു നിൽക്കുന്ന പല രൂപത്തിലുള്ള പാറകളിൽ നിന്നുള്ള ഫോട്ടോസ് വളരെ മനോഹരമായിരിക്കും. വലിയ ഒരു കവാടം കടന്ന് ഞങ്ങൾ ഉള്ളിലെത്തി. ക്യാമറയും മൊബൈലും അല്ലാതെ മറ്റൊന്നും ഉള്ളിലേക്ക് കടത്തി വിടില്ല. ലഗേജ് സൂക്ഷിക്കാൻ പുറത്ത്‌ സ്ഥലമുണ്ട്.ഭക്ഷണം പുറത്തു നിന്നേ കഴിക്കാൻ പാടുള്ളൂ. ഉള്ളിൽ എത്തിയ ഉടനെ 3 സൈക്കിളുകൾ വാടകക്കെടുത്ത് ദ്വീപൊട്ടാകെ ഒന്നു കറങ്ങി.അരമണിക്കൂർ നേരത്തേക്ക് നൂറു രൂപയാണ് വാടക.

നല്ല വെയിലുണ്ട് കയ്യിൽ കരുതിയിരുന്ന വെള്ളമെല്ലാം തീർന്നു തുടങ്ങിയിരുന്നു. 30 രൂപയാണ് ദ്വീപിലെ ഒരു കുപ്പി വെള്ളത്തിന്റെ വില. ഉച്ചക്ക് ശേഷം കൂടുതൽ സഞ്ചാരികൾ എത്തിത്തുടങ്ങി. ചിലർ ചിപ്പികൾപൊറുക്കുന്നു,ചിലർ വെള്ളത്തിൽ കളിക്കുന്നു,ചിലർ വാട്ടർ റൈഡുകൾ ആസ്വദിക്കുന്നു.ഞങ്ങൾ പാറപ്പുറത്തും മണലിലുമെല്ലാമിരുന്ന് ഒരുപാട് ഫോട്ടോസ് എടുത്തു.കുറേ നേരം ഉള്ളിൽ ചെലവഴിച്ചതിനു ശേഷം കവാടത്തിനു പുറത്തിറങ്ങി കയ്യിൽ കരുതിയിരുന്ന പന്തെടുത്ത് ദ്വീപിന്റെ മറു ഭാഗത്ത് നിന്ന് കളി തുടങ്ങി. കളിക്കുശേഷം കടലിലറങ്ങി ഒരു കുളിയും. പലർക്കും ആദ്യാനുഭവമായിരുന്നു കടലിലെ കുളി.

നീന്തിത്തുടിക്കുന്ന മീനുകൾക്കൊപ്പം നീന്തിയും ആർത്തിരമ്പി വരുന്ന തിരമാലകൾക്കു മീതെ ഉയർന്നു ചാടിയും ഒരൊന്നൊന്നര കുളിയും കഴിഞ്ഞു ഞങ്ങൾ കരക്കു കയറി. ക്യാമറയില്ലങ്കിൽ ദ്വീപിലേക്കുള്ള യാത്ര വെറും നഷ്ടമായിരിക്കും. ഏതു പ്രായക്കാർക്കും സന്ദർശിക്കാൻ പറ്റിയ ഒരിടമാണത് ഈ ദ്വീപ്.ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് ഇവിടേക്കുള്ള പ്രവേശനം സമയം.
സമയം നാലുമണിയോടടുത്തിരുന്നു.

ഹാർബറിലേക്ക് പുറപ്പെടാനായി ഒരു ബോട്ട് തയ്യാറായി നിൽക്കുന്നുണ്ട്. ബോട്ടിൽ കയറുവാനായി ആളുകൾ തിക്കിത്തിരക്കുന്നു. അഞ്ചുമണിക്കാണ് ദ്വീപിൽ നിന്നുള്ള അവസാന ബോട്ട്. അങ്ങനെ മനോഹരവും വ്യത്യസ്തവുമായ ഒരു യാത്രാനുഭവം സമ്മാനിച്ച ദ്വീപിനോട് ഞങ്ങൾ വിടചൊല്ലി ബോട്ടിൽ ഹാർബറിലേക്ക് തിരിച്ചു. 10.45 നായിരുന്നു ഉഡുപ്പിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ട്രെയിൻ. ഉഡുപ്പിയിലെത്തി നല്ലൊരു ഭക്ഷണവും കഴിച്ച് നഗരവും ഒന്ന് ചുറ്റിക്കറങ്ങി നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലെ ഒഴിഞ്ഞു കിടന്ന ജനറൽ കോച്ചിൽ നല്ലൊരു ഉറക്കവും ഉറങ്ങി പുലർച്ചെ അഞ്ചുമണിയോടെ ‘ഞമ്മടെ കോയ്ക്കൊട്ടെ’ന്നെ തിരിച്ചെത്തി.

വരികൾ: Abrar Cheruvadi, ആകെ ചിലവ്: 675 Rs+ഭക്ഷണം.

Check Also

മലയൻകീഴിലെ മിന്നൽ ഹോട്ടൽ – ശ്രീജയുടെ വിശേഷങ്ങൾ

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഏകദേശം 55 വർഷം മുമ്പ് മലയിൻകീഴ് തുടങ്ങിയ …

Leave a Reply