എല്ലാവരും ആകാംക്ഷയോടെ അന്വേഷിച്ച KSRTC യുടെ ചങ്ക് സിസ്റ്റർ…

കഴിഞ്ഞ കുറെ നാളുകളായി സോഷ്യല്‍ മീടിയകളിലും വാര്‍ത്തകളിലും നിറഞ്ഞു നില്‍ക്കുന്ന താരങ്ങളാണ് ഈരാറ്റുപേട്ട ഡിപ്പോയിലെ RSC 140 എന്ന ബസ്സും ആ ബസ്സിനെ ചങ്കായി കണ്ട പെണ്‍കുട്ടിയും. ഈരാറ്റുപേട്ട ഡിപ്പോയില്‍നിന്ന് ആലുവക്ക് കൊണ്ടുപോയ ബസിനായി ആരാധികയുടെ ഫോണ്‍കോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ ഫോണ്‍കോളിന്‍റെ ഓഡിയോ കേട്ട കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പ്രസ്തുത ബസ് വീണ്ടും ഈരാട്ടുപേട്ടയിലേക്ക് തിരിച്ചെത്തിച്ചത്.

തിരികെ ഡിപ്പോയില്‍ എത്തിച്ച ബസ്സിനു ‘ചങ്ക്’ എന്ന് ഹൃദയ ചിഹ്നത്തില്‍ പേരും നല്‍കുകയുണ്ടായി. കെ.എസ്.ആര്‍.ടി.സി.യുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബസിന് പേരിടുന്നത്. ബസിന്റെ മുന്നിലും പിന്നിലും ചുവപ്പുനിറത്തില്‍ ഹൃദയചിഹ്നം വരച്ച് അതിനുള്ളില്‍ മഞ്ഞ നിറത്തിലാണ് ചങ്ക് എന്നെഴുതിയിരിക്കുന്നത്. പക്ഷേ ഫോണ്‍ ചെയ്ത പെണ്‍കുട്ടി ആരാണെന്ന്  അജ്ഞാതമായിരുന്നു. എന്നാല്‍ സസ്‌പെന്‍സിന് വിരാമമിട്ട് കെ.എസ്.ആര്‍.ടിസിയുടെ ചങ്കായ ആരാധിക മുന്നോട്ട് വന്നിരിക്കുകയാണിപ്പോള്‍. കോട്ടയത്തെ വിദ്യാര്‍ഥിനിയായ റോസ്മിയാണ് എല്ലാവരും അന്വേഷിച്ചു നടന്ന ആ പെണ്‍കുട്ടി.  റോസ്മിയും ബസ്സിന്‍റെ കണ്ടക്ടര്‍ സമീറും കൂടി തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയെ കാണുവാന്‍ വന്നതോടെയാണ് ആളെ എല്ലാവരും തിരിച്ചറിഞ്ഞത്.

ബസ് നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ടാണ് ഫോണ്‍ ചെയ്തതെന്നും കെ.എസ്.ആര്‍.ടിസിയുടെ വലിയ ആരാധികയാണ് താനെന്നുമാണ് റോസ്മി മാധ്യമങ്ങളോട് പറഞ്ഞത്. ‘എന്നും യാത്ര ചെയ്തിരുന്ന ബസ് ആണത്. സുഹൃത്തുക്കളും പരിചയക്കാരുമെല്ലാം എന്നും ആ ബസിലുണ്ടാവും. എന്നും കൃത്യം 9.40നെക്കും. ഒരു ദിവസം പോലും ബസ് ഓട്ടം തെറ്റിച്ചിട്ടില്ല’ റോസ്മി പറഞ്ഞു.

കൂട്ടുകാരോടും കൂടി ആലോചിച്ച ശേഷമാണ് റോസ്മി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലേക്ക് വിളിച്ചത്. പരാതി എന്നതിലപ്പുറം ആ വണ്ടി നഷ്ടപ്പെടുന്നതിലുള്ള വിഷമം അധികൃതരെ അറിയിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാലൊടുവില്‍ ആ വിളി ചങ്ക് വണ്ടിയെ തിരികെ ഡിപ്പോയിലെത്തിക്കുന്നതിന് ഒരു നിമിത്തമാകുമെന്ന് കരുതിയില്ലെന്ന് പറയുന്നു റോസ്മി. ഫോണ്‍കോളിന്‍റെ ഓഡിയോ വൈറലായതോടെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ വഴക്കുപറയുകയും വിമര്‍ശിക്കുകയും ചെയ്തു. അതുകൊണ്ടാണ് ഇതുവരെയും താന്‍ ആരാണെന്ന് വെളിപ്പെടുത്താഞ്ഞതെന്നും റോസ്മി പറയുന്നു.

കെ.എസ്.ആര്‍.ടി.സി. നമ്മുടെ സ്വന്തമാണ്. സ്വന്തം എന്നൊരു വികാരമാണ് കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറുമ്പോള്‍ ഉണ്ടാകുന്നത്. കെ.എസ്.ആര്‍.ടി.സി. തരുന്ന യാത്രാസുഖമൊന്നും മറ്റൊരു വണ്ടിയ്ക്കും തരാനാവില്ല. അത്രയ്ക്ക് സുഖവും സ്വസ്ഥവുമാണ് നമ്മുടെ കെ.എസ്.ആര്‍.ടി.സി.യില്‍ യാത്ര ചെയ്യാന്‍’ – റോസ്മി. ഇങ്ങനെ കെ.എസ്.ആര്‍.ടി.സി.യെ സ്നേഹിക്കുന്ന യാത്രക്കാരുണ്ടെങ്കില്‍ കെ.എസ്.ആര്‍.ടി.സി. ഒരിക്കലും നഷ്ടത്തിലാവില്ല. ഇതുപോലെ കെഎസ്ആര്‍ടിസിയെ ചങ്കായി സ്നേഹിക്കുന്ന റോസ്മിമാര്‍ നമ്മള്‍ അറിയാതെ വേറെയും ധാരാളമുണ്ട്.

വീഡിയോ – മാതൃഭൂമി.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply