വിധി തലയിൽ കുടുംബഭാരത്തിന്റെ മുൾകിരീടം ചാർത്തിയ ഒരു ബാല്യം !!

രാജസ്ഥാനിലൂടെയുള്ള എന്റെ അലച്ചിനലിനിടയിൽ താർ മരുഭൂമി തുടങ്ങുന്ന പുഷ്കർ എന്ന പുണ്യ ഭൂമിയിൽ വെച്ചാണ് അവനെന്റെ മനസിൽ ഒരു നൊമ്പരമായി കയറിക്കൂടിയത്. ലോകത്ത് ബ്രഹ്മാവിനു വേണ്ടി നിർമിച്ചിട്ടുള്ള ഏക ക്ഷേത്രത്തിലേക്ക് ചുട്ടുപൊള്ളുന്ന ഒരു നട്ടുച്ചക്ക് പോകും വഴിയിൽ ‘ഡെസർട്ട് സവാരി ‘ നടത്താനാഗ്രഹിക്കുന്നോ? എന്ന് ഹിന്ദിയിൽ കെഞ്ചിക്കരയുന്ന പോലെ അവനെന്റെ പിന്നാലെത്തന്നെ പിടിവിടാതെ കൂടി.

മെഴുക്കു വറ്റി പാറിപ്പറക്കുന്ന തലമുടി , വെള്ളപ്പാണ്ടുകൾ പോലെ ഇടക്ക് വെളുത്ത കുത്തുകൾ വീണ നിഷ്കളങ്കമായ മുഖത്ത് സൂര്യനെ പോലെ തിളക്കമാർന്ന കണ്ണുകൾ . വെണ്ണീറൊട്ടി പിടിച്ച പോലെ വരണ്ട് പൊടിപിടിച്ച നിറം. വെയിലിറങ്ങി ചുവന്ന കൺകോണുകൾ.
വെറ്റില മുറുക്കി കറപിടിച്ച പോലെയുള്ള കുഞ്ഞരിപ്പല്ലുകൾ.

വീണ്ടും പിന്നാലെ കൂടിയപ്പോൾ തിരിച്ചു വരുമ്പോഴാകാമെന്ന് വെറുതെ തലയാട്ടി സമാധാനിപ്പിച്ചതായിരുന്നു. പക്ഷെ തിരിച്ചു വരുന്നത് വരെ ഞങ്ങളെത്തന്നെ കാത്തിരിക്കുകയായിരുന്നു അവൻ. മരുഭൂമിയിലൂടെ സഞ്ചാരികളെ വഹിച്ച്കൊണ്ടു പോവുന്ന ഒരു ഒട്ടകവണ്ടിയെ നിയന്തിക്കുന്നത് ഈ പത്തു വയസ്സുകാരനാണ്. സ്കൂൾമുറ്റം പോലും കാണാൻ ഭാഗ്യം ലഭിക്കാത്തവനായിരിക്കും ഈ നിർഭാഗ്യവാനായ “ഭാഗ്ചന്ദ് “എന്ന് ഇവന് പേരിട്ടവർ പോലും വിചാരിച്ചിട്ടുണ്ടാവില്ല . നാല് വർഷം മുമ്പ് ഇതു പോലൊരു ഒട്ടകവണ്ടിയിൽ നിന്ന് തെറിച്ചു വീണ് ഊര ഒടിഞ്ഞ് കിടപ്പിലായതാണ് അവന്റെ അച്ഛൻ .അച്ഛനെ ചികിത്സിക്കണം, അമ്മയ്ക്കും സഹോദരങ്ങൾക്കും ഭക്ഷണം കഴിക്കാനുള്ള പണം കണ്ടെത്തണം.

അവനേക്കാൾ ഒരു മുഴമെങ്കിലും നീളമുള്ള വടിയുമെടുത്ത് അച്ഛനിsറി വീണ ചുട്ടുപൊള്ളുന്ന പ്രാരാപ്തങ്ങളുടെ മണൽപരപ്പിലേക്ക് രണ്ടു വർഷം മുമ്പ് ഇറങ്ങിത്തിരിച്ചതാണവൻ. സഞ്ചാരികളെയും കൊണ്ട് കുതിക്കാൻ മടിച്ച് തല പിന്നിലേക്ക് തിരിച്ചു നിൽക്കുന്ന ഒട്ടകത്തെ ആ കുഞ്ഞിളം കൈകളാൽ ആഞ്ഞാഞ്ഞടിക്കുമ്പോൾ അവന്റെ കണ്ണുകളിൽ നിന്ന് പ്രസരിക്കുന്ന പ്രതികാരത്തിന്റെ തീജ്വാല ഈ മരുഭൂമിയെ പിന്നെയും ചൂടു പിടിപ്പിക്കുന്നുണ്ടാവണം . തുച്ഛമായ രണ്ടായിരത്തിന്റെ മാസവരുമാനത്തിൽ ക്ഷണിക്കാതെ വന്ന വിധിയോട് മല്ലടിക്കുമ്പോഴും ഭാഗ്ചന്ദിപ്പോഴും കാത്തിരിക്കുക തന്നെയാണ്, തനിക്കും വരാതിരിക്കില്ല നല്ലൊരു കാലമെന്ന്.

വിവരണം – Muneer Pallially.

Check Also

മലയൻകീഴിലെ മിന്നൽ ഹോട്ടൽ – ശ്രീജയുടെ വിശേഷങ്ങൾ

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഏകദേശം 55 വർഷം മുമ്പ് മലയിൻകീഴ് തുടങ്ങിയ …

Leave a Reply