വൈറ്റിലയിൽ വെറും 50 രൂപയ്ക്ക് കിടിലൻ ഊണ് കിട്ടുന്ന ഒരു സ്ഥലം..

എറണാകുളം നഗരത്തിൽ വിഭവ സമൃദ്ധമായ ഒരു ഊണ് കഴിക്കണമെങ്കിൽ എത്ര രൂപ കൊടുക്കണം? കുറഞ്ഞത് 60 – 80 രൂപയെങ്കിലും കൊടുക്കേണ്ടി വരും. എന്നാൽ എറണാകുളത്തെ പ്രധാന കേന്ദ്രമായ വൈറ്റിലയിൽ 50 രൂപയ്ക്ക് തൂശനിലയിൽ വിഭവസമൃദ്ധമായ ഊണ് കിട്ടുന്ന ഒരു സ്ഥലം എല്ലാവർക്കുമായി പരിചയപ്പെടുത്തി തരികയാണ് കൂത്താട്ടുകുളം സ്വദേശിയും എറണാകുളത്തെ പ്രമുഖ ഇലക്ട്രോണിക്സ് കമ്പനി ജീവനക്കാരനുമായ സുമിത്ത് സുരേന്ദ്രൻ. സുമിത്ത് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പ് നമുക്കൊന്നു നോക്കാം.

“കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി ഇറങ്ങിയപ്പോഴാണ് മ്മ്ടെ പഴയ കമ്പനിയിലെ ചങ്ക് ടീംസിനെ കാണാൻ അവസരമുണ്ടായത്..എല്ലാവരേയും കണ്ട്, വിശേഷങ്ങളൊക്കെ പറഞ്ഞും, അറിഞ്ഞും ആ സന്തോഷത്തിൽ നിൽക്കുമ്പോഴും എന്റെ പാവം വയറ് “ള്ളേ..ള്ളേ..” എന്ന് കരയുന്നുണ്ടായിരുന്നു..

വീട്ടിൽ പോയി കഴിക്കാമെന്നുള്ള ഒരു ചിന്തയിൽ നിൽക്കുമ്പോഴാണ് മ്മ്ടെ Vinod ഉം NaZil ഉം പറയുന്നത്, വയറും, മനസ്സും ഒരു പോലെ നിറയുന്ന, കാശും കുറവുള്ള ഒരു പൊളപ്പൻ സ്ഥലമുണ്ട്, നീ പോരുന്നോ എന്ന്..കേട്ട പാതി, കേൾക്കാത്ത പാതി, വീട്ടിലെ ഭക്ഷണത്തിനോട് “വൈകുന്നേരം മ്മ്ക്ക് കാണാട്ടാ..: എന്ന് മനസ്സിൽ റ്റാറ്റാ പറഞ്ഞ് നേരെ അവർ പറഞ്ഞിടത്തേക്ക് വച്ചു പിടിച്ചു..!

സ്ഥലം മ്മ്ടെ വെറ്റില പാലത്തിനു താഴെയുള്ള Nakshatra Catering And Events എന്ന ഒരു ചെറിയ കടയാണ്. ആ കാറ്ററിംഗ് യൂണിറ്റിന്റെ കടയായിരിക്കണം അത്. വൈറ്റില-തമ്മനം റോഡിൽ നിന്ന് ഹബ്ബിലേക്ക് പോകുന്ന വഴിക്ക്, അവിടെയുള്ള അമ്പലം കഴിഞ്ഞ്, പാലത്തിനു താഴെ, ഇടതു വശത്തായിട്ടാണ് ഈ കട കാണാൻ സാധിക്കുക.

ഞങ്ങൾ ചെന്നപ്പോൾ ഭക്ഷണത്തിന്റെ ഗുണം വിളിച്ചറിയിക്കുമാറ് നല്ല തിരക്കുണ്ടായിരുന്നു, അൽപസമയം കഴിഞ്ഞപ്പോഴേക്കും ഞങ്ങൾക്കു സീറ്റ് കിട്ടി. വലിയ ആമ്പിയൻസൊന്നുമില്ലെങ്കിലും, ഒരു ഗോഡൗൺ പോലെ തോന്നിപ്പിക്കുമാറ്, ഷീറ്റ് അടിച്ച, പല വലുപ്പത്തിലും, തരത്തിലുമുള്ള മേശകൾ അങ്ങിങ്ങായി കിടക്കുന്ന, എന്നാൽ നല്ല വൃത്തിയിൽ പരിപാലിച്ചിരിക്കുന്ന, കാര്യമായി ഒരു ബോർഡ് പോലുമില്ലാത്ത ഒരു കട..!!

ഇലയിൽ ആണ് ഊണ് എന്നറിഞ്ഞപ്പോൾ തന്നെ ഞാൻ ഹർഷപുളകതിനായി. നല്ല വൃത്തിയുള്ള തൂശനിലയിൽ അച്ചാറടക്കം ആറു കൂട്ടം കറികളോടും കൂടി പൊൻമണി പോലുള്ള ചോറ് വിളമ്പിയിപ്പോൾ ആഹ്ലാദം ഇരട്ടിച്ചു. മാങ്ങാ അച്ചാറ്, കൂട്ടു കറി, ചെറുപയറ് തോരൻ, ബീറ്റ്റൂട്ടും തൈരും ചേർന്ന കറി, അച്ചിങ്ങാ മെഴുക്കുപരട്ടി, പിന്നെ കുനു കുനാന്ന് അരിഞ്ഞ്, ഉണക്ക മുളകും ഇടിച്ചു ചേർത്ത പപ്പടവും..ഞാൻ കണ്ണും തള്ളി മ്മ്ടെ ചങ്കുകളെ നോക്കിയപ്പോൾ അവർ പറഞ്ഞു – ഇത് പതിവാണ് പക്ഷേ എല്ലാ ദിവസവും ഐറ്റംസ് വേറെയായിരിക്കുമെന്ന്..അതുകൊണ്ട് സ്ഥിരം കഴിക്കുന്നവർക്കും മടുപ്പുണ്ടാകില്ലായെന്ന്..

ഒഴിച്ചു കൂട്ടാനായി സാമ്പാറും, പുളിശ്ശേരിയും, മീൻ ചാറും (രസം ഉണ്ടോയെന്ന് ചെറിയ സംശയമുണ്ട്, ഉറപ്പില്ല)..പിന്നെ, അവിടുത്തെ ഒരു സ്പെഷ്യൽ ഐറ്റമായ തേങ്ങാപാലൊഴിച്ച അയലകറി തീർന്നു പോയത് കൊണ്ട്, പ്രത്യേക അഭ്യർത്ഥന പ്രകാരം അതിന്റെ കുറച്ചു ചാറും കിട്ടി.. ഇത്രയും ഐറ്റംസുള്ള ഊണിന് വെറും 50 രൂപയേയുള്ളൂ എന്നറിഞ്ഞപ്പോഴാണ് ഞാൻ കൂടുതൽ ഞെട്ടിയത്..!!

ഞങ്ങൾ രണ്ടു പ്ളേറ്റ് മത്തി വറത്തതും (ഒരു പ്ളേറ്റിൽ നല്ല മുഴുത്ത മത്തി രണ്ടെണ്ണം – 30 രൂപ), ഒരു ബീഫ് റോസ്റ്റ് – 50 രൂപ, ഒരു ചിക്കൻ റോസ്റ്റ് – 60 രൂപ, എന്നിവയും കഴിച്ചു..എല്ലാം ഒന്നിനൊന്ന് മെച്ചവും ആയിരുന്നു..അങ്ങനെ ആകെ മൊത്തം മൂന്ന് പേർക്ക് 320 രൂപ മാത്രം..!! മ്മ്ടെ ചങ്കുകൾ പറഞ്ഞ പോലെ വയറും, മനസ്സും നിറഞ്ഞ്, ഓഫീസിൽ ഉള്ള ബാക്കി തീറ്റ പ്രാന്തൻമാരേയും കൂട്ടി “ഒരു വരവു കൂടി വരേണ്ടി വരും” എന്ന സിനിമാ ഡയലോഗും മനസ്സിൽ പറഞ്ഞാണ് അവിടെ നിന്നും ഇറങ്ങിയത്..!!”

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply