ഭുജംഗയ്യനെ തേടി ‘മാദള്ളി’ എന്ന കാർഷിക ഗ്രാമത്തിലേക്ക് ഒരു യാത്ര…

യാത്രാവിവരണം – സുശാന്ത് പി.

മലയാളിക്ക് ഖസാക്ക് പോലെ,ബംഗാളിക്ക് ഇച്ഛാമതി പോലെ കര്‍ണ്ണാടകക്കാര്‍ക്ക് ഇതിഹാസതുല്യമായ ഗ്രാമമാണ് മാദള്ളി.ഭുജംഗയന്റെ ദശാവതാരങ്ങൾ എന്ന കൃതിയിലൂടെ ശ്രീകൃഷ്ണ ആലഹനഹള്ളി വരച്ചിട്ട മാദള്ളി എന്ന കാർഷിക ഗ്രാമം… കന്നഡസാഹിത്യത്തിലെ ഒരാധുനീക ക്ലാസിക്ക് നോവല്‍. ആ നോവൽആദ്യമായി വായിച്ച കാലം, ഒരു മുഖവും പല അവതാരങ്ങളുമുള്ള ഭുജംഗയ്യൻ, മനസ്സില്‍ മഹാമേരുവായി വളരാനുള്ള എല്ലാമുണ്ടായിരുന്നു.ശുദ്ധനും സ്‌നേഹശീലനുമായ ഒരു ഗ്രാമീണന്റെ ദര്‍ശനസവിശേഷതകള്‍ പല വിതാനങ്ങളില്‍ വിടര്‍ത്തിക്കാട്ടുന്ന ഹൃദ്യരചന.

ഭുജംഗയ്യന്‍ എന്ന ധീരനായ ഗ്രാമീണനും അദ്ദേഹത്തിന്റെ ‘ശ്രീ കെണ്ടഗണ്ണേശ്വര പ്രസന്ന പലഹാര മന്ദിര’ എന്ന ഹോട്ടലും സുശീലയും കാര്‍ഷികസംസ്‌കാരവും ഉഴുതുമറിച്ചിട്ട വയലുകളും ആ നോവൽ വായിച്ച ഒരാൾക്കും മറക്കാൻ കഴിയില്ല. മീശപ്പുലിമലയിൽ മഞ്ഞു പെയ്യുന്നത് കാണാൻ തോന്നുന്നതിനേക്കാൾ എത്രയോ ഇരട്ടിയാണ് മാദള്ളി കാണാൻ ഈ നോവൽ എന്നെ പ്രേരിപ്പിച്ചത്.ആ ഗ്രാമത്തിലേക്ക് ഒരു യാത്രാപദ്ധതി കഴിഞ്ഞ രണ്ടുമൂന്നു മാസമായി ആലോചിക്കുകയായിരുന്നു. വില്യം ഡാൾറിമ്പിളിന്റെ Nine Lives: In Search of the Sacred in Modern India എന്ന ബുക്ക് ഇതിന് ആക്കം കൂട്ടിയിരുന്നു. ഇതിന്റെയും ഉള്ളടക്കം 9 പേരെ തേടി അവരുടെ നാട്ടിലേക്ക് നടത്തിയ യാത്രയും അവരുടെ ജീവിതവും ആയിരുന്നു.

ഈ യാത്രക്കായി മാദള്ളിയെ കുറിച്ച് കന്നടക്കാരായ സുഹൃത്തുക്കളോട് ചോദിച്ചു അവർക്കാർക്കും മാദള്ളിയെ കുറിച്ചു അറിയില്ലായിരുന്നു.ഗൂഗിൾ മാപ്പിലും മാദള്ളിയില്ലായിരുന്നു. ഒരു പക്ഷെ ഇതും മാൽഗുഡി പോലെ ഒരു സാങ്കൽപ്പിക സ്ഥലം ആകുമോ? .അങ്ങനെനിൽക്കെയാണ് അവിചാരിതമായി മാതൃഭൂമി ലേഖകനും എഴുത്തുകാരനും ആയ അനൂപിന്റെ ലേഖനം വായിച്ചത്. സമാനമായ യാത്ര അനൂപ് കോഴിക്കോട് നിന്നും നടത്തിയിരുന്നു. കഥാകാരൻ ജനിച്ചു വളർന്ന ആലഹനള്ളി തന്നെയാണ് മാദള്ളി എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.

മൈസൂരിൽ നിന്നും എച് ഡി കോട്ട ഭാഗത്തേക്ക് ഒരു 30 km സഞ്ചരിച്ചാൽ ആലഹനഹള്ളി എത്താം.ഈ യാത്രയിൽ ഭാര്യയെ കൂടെ കൂട്ടാൻ അവൾക്കു വായനക്കുവേണ്ടി ആ ബുക്ക് സമ്മാനിക്കുകായിരുന്നു. വായനാവസാനം മാദള്ളി എവിടയാണെന്നുള്ള ചോദ്യവുമുണ്ടായി. പതിവുപോലെ ബൈക്ക് റൈഡിങ് തന്നെ തിരഞ്ഞെടുത്തു.എല്ലാ യാത്രകളും വിനോദത്തിന് വേണ്ടിയുള്ളതാണ് എന്നുള്ള അലിഖിത നിയമം ഇവിടെ മാറ്റിവെച്ചു. കഥയിൽ  പരാമർശിക്കുന്ന ഹോട്ടൽ, ഇന്ദ്ര പൂജ നടത്തി മഴക്കായി കാത്തിരുന്ന കർഷകർക്കു, ആദ്യമായി കൃഷിയാവിശ്യത്തിന് കിണർ കുഴിച്ച് വരൾച്ചയെ അതിജീവിച്ച ഭുജംഗയന്റെ കിണർ,കഥാകാരൻ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം,പിന്നെ ആ ആൽമരവും ഇതായിരുന്നു സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ ഏകദേശ രൂപം. കൂടെ നോവലിൽ അയാൾ കഴിക്കുന്ന മുദ്ദേ (റാഗപ്പൊടി ആവിയിൽ വേവിച്ചുണ്ടാക്കുന്ന ഒരു തരം പലഹാരം) അവിടെയെവിടുന്നെങ്കിലും കഴിക്കണം.(രണ്ടു തവണ കഴിച്ചിട്ട് പരാജയപ്പെട്ടതാണ്…പൊറോട്ട ബീഫ് ഫ്രൈ കോമ്പിനേഷൻ മുദ്ദേ തൈരിൽ പ്രതീക്ഷിച്ചു കഴിച്ചതിനാൽ ആവണം).

ഒക്ടോബറിലെ ഒരു ചാറ്റൽ മഴയുള്ള പ്രഭാതത്തിൽ ബാംഗ്ളൂരിൽ നിന്നും ആലഹനഹള്ളി തേടി ഞങ്ങൾ പുറപ്പെട്ടു. മൈസൂർ വരെ ഞങ്ങൾക്ക് പരിചിതമായ കാഴ്ചകൾ തന്നെ ആയിരുന്നു.കളിപ്പാട്ട നഗരവും ഷുഗർ സിറ്റിയും താണ്ടി ചരിത്രപ്രാധാന്യം ഉള്ള ശ്രീരംഗ പട്ടണം എത്തി. ഒരു പാട് തവണ ശ്രീരംഗപട്ടണം സന്ദർശിച്ചിരുന്നു.ഗംഗാ dynasty യുടെ ശിൽപ ചാതുര്യവും,നിഴൽ ഘടികാരവും കാണാൻ ശ്രീരംഗപട്ടണം ഇന്നുംകൊതിപ്പിക്കുന്നു. നദിയാൽ ചുറ്റപ്പെട്ട ഒരു ദ്വീപാണ് ശ്രീരംഗപട്ടണം.ടിപ്പുവിന്റെ മൈസൂർ രാജ്യത്തിന്റെ തലസ്ഥാനം. ഓർമയിൽ പേടിപ്പെടുത്തുന്ന ടിപ്പുവിന്റെ കാരാഗ്രഹമാണ് ,ശ്രീരംഗപട്ടണം എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത്. ആദ്യമായി ഈ പട്ടണത്തിൽ വന്നപ്പോൾ ഗൈഡ് പറഞ്ഞ കാര്യം “ശത്രുവിനെ കൈചങ്ങലകളാൽ കൽപ്പാളികളിൽ ബന്ധിച്ചു ഒരു ദ്വാരത്തിലൂടെ കാവേരി ജലം തുറന്നുവിടും .തടവുകാരൻ പ്രാണവായു കിട്ടാതെ പിടഞ്ഞു മരിക്കും.”യുദ്ധ തന്ത്രത്തിന്റെ ക്രൂരമായ ഒരു മുഖം. ഒരു പാട് ജീവൻ ഇങ്ങനെ ജലകരങ്ങളാൽ ഏറ്റുവാങ്ങിയതിന്റെ പാപഭാരം പേറി ഒഴുകുന്നതുകൊണ്ടാവണം കാവേരി ഇവിടെ നരച്ചിരിക്കുന്നത്. മൈസൂർ ടൗണിൽ പ്രവേശിക്കാതെ എച്ച് ഡി കോട്ട ഭാഗത്തേക്ക് തിരിഞ്ഞു.

ആലഹനഹള്ളിയിലേക്കുള്ള വഴി ശരിക്കും വിജനമായിരുന്നു. റോഡിനിരുവശത്തും വിശാലമായ കൃഷിയിടങ്ങള്‍,കറുകറുത്ത വളക്കുറുള്ള മണ്ണില്‍ പൊരിവെയിലത്തും കാളപൂട്ടുന്ന കൃഷിക്കാര്‍,വിവിധതരം കൃഷിപ്പണിയിലേര്‍പ്പെട്ടിരിക്കുന്ന സ്ത്രീപുരുഷന്മാര്‍,അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ജനവാസകേന്ദ്രങ്ങളില്‍, മനുഷ്യൻ ചാർത്തിയ എല്ലാ മേലാടകളും അഴിച്ചു വെച്ച ഭൂമി ഡാലിയുടെ ഒരു ചിത്രം പോലെ മനോഹരവും ചിന്തിപ്പിക്കുന്നതുമായിരുന്നു. റോഡിൽ പലപ്പോഴും വൈക്കോലും റാഗിയും ഉണക്കാനിട്ടിരുന്നു.കൊച്ചുകൂരകളില്‍ മുഷിഞ്ഞ വസ്ത്രം ധരിച്ച സ്ത്രീകളും കുട്ടികളും,പിന്നെ സാകൂതം ഞങ്ങളെ മാത്രം നോക്കുന്ന അവിടുത്തെ ഗ്രാമീണർ. ഉഴവു കഴിഞ്ഞ് വിശ്രമിക്കുന്ന കാളകള്‍, ആടുകളെ മേയ്ക്കുന്ന കുട്ടികള്‍,തലയില്‍
പുല്ലുകെട്ടും കയ്യില്‍ തൂക്കുപാത്രവുമായി പോകുന്ന സ്ത്രീ.നമുക്ക് എന്നേ നഷ്ടമായ കാഴ്ചകൾ.

ഒരു ചെറിയ പട്ടണമായെങ്കിലും ആലനഹള്ളി വളർന്നിട്ടുണ്ടാകും എന്ന ധാരണ തല്ലിത്തകർത്തുകൊണ്ടു ആലനഹള്ളി എന്ന ബോർഡ് കണ്ടു. അഞ്ചോ ആറോ കടകൾ ഒരു പോസ്റ്റ് ഓഫീസ് അതിനു മുന്നിലായി ഒരു സ്കൂൾ. ചുടുകട്ടകൾ കൊണ്ട് പണി തീർത്ത കുറച്ചു വീടുകൾ. ചാണകത്തിന്റെ ഗന്ധംപൂണ്ട കാറ്റ്.ഇടത്തോട്ടു ഒരു ചെറിയ റോഡ്‌. മാദള്ളിയിലെ കാഴ്ചകൾ തീർന്നു.. അറുപത് വർഷം മുന്നേ ഹോട്ടൽ തുടങ്ങി മാറ്റങ്ങൾക്കു വിത്തു വിതച്ച ഭുജംഗയന്റെ ഗ്രാമം മാറ്റമില്ലാതെ നിൽക്കുകയാണ്.

സ്വാതന്ത്രാനന്തര വര്‍ഷങ്ങളിലെ ‘മാദള്ളി’യില്‍ മാറ്റങ്ങളുടെ വിത്തു വിതച്ചവനാണ് ഭുജംഗയ്യന്‍. ഹോട്ടല്‍ തുടങ്ങി, കിണര്‍ കുഴിപ്പിച്ചു, ജാത്യാചാരങ്ങള്‍ ലംഘിച്ചു, ഗ്രാമസഭയുടെ തെറ്റായ നടപടിയെ ചോദ്യം ചെയ്തു.പക്ഷെ ആ കാലത്തിൽ നിന്നും ഏറെ മുന്നോട്ട് പോയിട്ടില്ല പ്രത്യക്ഷത്തിൽ ഈ ഗ്രാമം…മിക്ക വീടുകളും ചുട് കട്ടകൾ കൊണ്ട് തീർത്ത ചുവരും….ഓലയോ ഓടോ വൈക്കോലോ മേഞ്ഞ മേൽക്കൂരയുമാണ്..ഇവിടെ എവിടേയോ ആയിരുന്നു പാർവതിയും സുശീലയും ഭുജംഗയ്‌നും സണ്ണപ്പയും വിക്ടറുമെല്ലാം ജീവിച്ചത്.ഹോട്ടലിന്റെ അവശിഷ്ടങ്ങൾ ഇന്നും അവിടെയുണ്ട്. അടുത്തതായി അയാൾ കുഴിച്ച കിണർ തേടി വെറുതെ ആ ഗ്രാമ വഴികളിലൂടെ സഞ്ചരിച്ചു. ചെണ്ടുമല്ലിയും ,സൂര്യ കാന്തിപ്പൂവും ,കടുകും റാഗിയുമായിരുന്നു മുഖ്യവിള. റോഡിനിരുവശവും ഒരു പാട് പുളിമരങ്ങൾ.ദൂരെ കുറച്ചു മലകൾ കാണുന്നുണ്ട്. അതിനു മുകളിൽ കാർമേഘം ഉരുണ്ടുകൂടുന്നു.കാലം തെറ്റി പൂത്ത ഒരു കർണികാരത്തിന്റെ അടുത്തുവെച്ചു മഴ കുന്നിറങ്ങി വന്ന് ആ വരണ്ട ഭൂമിയെ നനച്ചു. മഴയെപ്പോഴും ഇങ്ങനെയാണ് കല്യാണം ഉറപ്പിച്ചപ്പോൾ നടത്തിയ ആദ്യയാത്ര മുതൽ കൂടെ ഈ ദൂരംവരെയുമുണ്ട്. പൂത്തുലഞ്ഞ കർണികാരത്തിന്റെ കീഴിൽ വെച്ചാണത്രെ ദുഷ്യന്തൻ ശകുന്തളയെ കണ്ടുമുട്ടിയത് ഞാൻ വെറുതെ അവളോട് പറഞ്ഞു. ഒന്നുകൂടി ഉണ്ട് മഴക്കാലം പ്രവചിക്കാൻ കഴിവുള്ളവളാണ് കർണികാരം.ഇതിന്റെ ബയോ സെൻസർ കഴിവ് പഠന വിധേയമാക്കിയതാണ്.

കുറച്ചു മുൻപോട്ട് പോയപ്പോൾ ഉരുണ്ടുകൂടിയ കാർമേഘം ഭൂമിയിൽ കാലൂന്നാതെ ഒരു ചാറ്റലായി വഴി മാറിപ്പോയി.ഒരു വയലിൽ ഒരു വലിയ കിണർ കണ്ടു അതായിരിക്കാം ചിലപ്പോൾ കഥയിൽ പ്രതിപാദിച്ച കിണർ. ആ വയലിൽ ചെണ്ടു മല്ലികൾ പൂവിട്ടിരുന്നു. അതിലെ ചുറ്റിയടിച്ചപ്പോൾ ഒരു കൃഷിക്കാരൻ വന്നു എന്തു വേണം എന്ന് ചോദിച്ചു.അറിയാവുന്ന ഭാഷയിൽ ആ ദശാവതാര കഥയിലെ നായകന്റെ നാട് കാണാൻ വന്നതാണ് എന്ന് പറഞ്ഞു.ഭുജംഗയൻ ഒരു മിത്തായിരുന്നില്ല. അങ്ങനെ ഒരാൾ ഇവിടെ ജീവിച്ചിരുന്നു. കഥ ഏറെ കുറെ സത്യമായിരുന്നു. പിന്നീട് ആ സൃഷ്ടാവ് അന്ത്യ വിശ്രമം കൊള്ളുന്ന മാന്തോപ്പിൽ പോയി.ഞാൻ ജനിക്കുന്നതിനു എത്രയോ മുന്നേ എഴുതിയ നോവൽ .ഈ കാലമത്രയും കഴിഞ്ഞിട്ടും,ഈ ഗ്രാമം തേടി വായനക്കാർ വരുന്നുണ്ടെങ്കിൽ ആ ഭാഷയുടെ ശക്തി എത്രമാത്രമാണ്. ആലനഹള്ളി ഇന്ന് അടയാളപ്പെടുത്തുന്നത് ഈ സാഹിത്യകാരനിലൂടെയാണ്.
ചിലപ്പോഴൊക്കെ നമുക്ക് നൈരാശ്യം തോന്നുമ്പോൾ,ആഗ്രഹങ്ങൾ കുന്നോളം കൂടുമ്പോൾ ഇങ്ങനെയുള്ള ഗ്രാമത്തിലേക്കുള്ള വഴികൾ തേടണം. അവിടുത്തെ ജീവിതങ്ങൾ നിങ്ങൾക്ക് ചില ഉൾകാഴ്ചകൾ പ്രദാനം ചെയ്യും. ജീവിത ദശാസന്ധി തരണം ചെയ്യാൻ ഇതു ധാരാളം.

“സർകീട്ട്” അവസാനിപ്പിച്ചു തിരിച്ചു പോവാൻ സമയമായി. ആ ഗ്രാമത്തോട് യാത്ര പറഞ്ഞു ഹംപാപുരം വഴി ഗുണ്ടൽപേട്ടിനു പോയി. അനൂപ് പറഞ്ഞതു പോലെ കാലം വടികുത്തി നടക്കുന്ന ഒരു വാര്‍ദ്ധക്യമാണെന്ന തോന്നലാണ് ആലനഹള്ളിയിലൂടെ ചുറ്റിനടന്നപ്പോഴുണ്ടായത്. എങ്കിലും, പൊട്ടിപ്പൊളിഞ്ഞതും ടാറിടാത്തതുമായ ഗ്രാമീണറോഡുകള്‍ താണ്ടി, സൂര്യകാന്തിയും ചെണ്ടുമല്ലിയുമൊക്കെ ചിരിച്ചു നില്ക്കുന്ന പാടങ്ങള്‍ക്കു നടുവിലൂടെയുള്ള മടക്കയാത്രയില്‍, ആ ചിന്തയ്ക്കാധാരം ഒരു കേരളീയന്റെ കാഴ്ചാവൈകല്യമാണെന്നു ഞെട്ടലോടെ തിരിച്ചറിയാനായി. മലയാളി കാലത്തിനു പിന്നാലെ ഓടി അകാലവാര്‍ദ്ധക്യത്തിലേക്കു വഴുതുമ്പോള്‍, ഇവിടെ കാലം പിന്നോട്ടോടിത്തളരുന്നതു നോക്കി മണ്ണും മനുഷ്യനും ചിരിക്കുകയാണ്.

Check Also

മാളൂട്ടി ചിക്കൻ കോർണർ; പാലോട്ടുവിളയിലെ വിജയൻ ചേട്ടൻ്റെ കട

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പാലോട്ടുവിളയിലെ വിജയൻ ചേട്ടന്റെ കട. ഇത് ഒരു …

Leave a Reply