യാത്രാവിവരണവും ചിത്രങ്ങളും നമുക്കായി പങ്കുവെയ്ക്കുന്നത് – അലൻ ഷാജി.
കുറേ പേരുടെ യാത്രാനുഭവങ്ങൾ KSRTC Blog ൽ വായിച്ചപ്പോഴാണ് ഞാൻ പോയ എന്റെയനുഭവവും എനിക്ക് മറ്റുള്ളവരെ അറിയിക്കാൻ തോന്നിയത്.. കുറേ നാളത്തെ അന്വേഷണത്തിന് ഒടുവിലാണ് പൊന്മുടി കണ്ട്പിടിക്കുന്നത്. അതിലുപരി കണ്ണൂരിൽ നിന്ന് തലസ്ഥാനത്തേക്കൊരു യാത്രയും… രണ്ട് മൂന്നാഴ്ച്ച ഇരുന്ന് തപ്പി. ഒരു ദിവസത്തിൽ കൂടുതൽ ചിലവാക്കാൻ പറ്റൂല്ല. വീട്ടിൽ പറഞ്ഞാൽ ഒന്നും രണ്ടും പറഞ്ഞ് യാത്ര മുടക്കിയാലൊന്നൊരു പേടിയും.. അങ്ങനെ ഒരു ഞാറാഴ്ച്ച ഉച്ചയ്ക്ക് മംഗലാപുരത്ത് ഞാൻ പഠിക്കുന്ന കോളേജിലേക്കാണെന്ന് പറഞ്ഞ് വീട്ടീന്ന് ചാടി.
അങ്ങനെ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് 5 മണിക്കുള്ള ട്രെയിനിൽ കയറിപ്പറ്റി . സാമാന്യം നല്ല തിരക്കുണ്ടായിരുന്നു , തിണ്ണമിടുക് കൊണ്ട് ഇടിച്ച് കയറി വിൻഡോ സീറ്റ് തന്നെ ഒപ്പിച്ചു , ആശ്വാസം… സീറ്റ് കിട്ടാത്തവരെ ഒന്ന് നോക്കി , കഷ്ടം… രണ്ട് മൂന്നാഴ്ച്ച മുൻപുള്ള പ്ലാൻ ആയത്കൊണ്ട് തിരിച്ച് വരാനുള്ള ട്രെയിൻ ഒഴിച്ച് എല്ലാം ഒരു ധാരണയുണ്ടായിരുന്നു , യാത്ര പോകുമ്പോൾ വയറ് നിറച്ച് ഭക്ഷണം കഴിക്കുന്ന ശീലമില്ലാത്തത് കൊണ്ട് , ട്രെയിനിൽ നിന്ന് കഴിക്കാൻ സ്നാക്സും വെള്ളവും കരുതിയിരുന്നു .. ഇന്ത്യയുടെ ആത്മാവിനെ അറിയാൻ ട്രെയിനിൽ സെക്കന്റ് ക്ലാസിൽ യാത്ര ചെയ്യണമെന്ന് ആരോ പറഞ്ഞപ്പോലെ. തിരുവനന്തപുരം എത്തിയപ്പോഴേക്കും കേരളത്തിന്റെ ആത്മാവിനെപ്പറ്റി ഒരു ധാരണയായി. അത്രയ്ക്ക് തിരക്കായത് കൊണ്ട് ഉറക്കം തീരെ ശരിയായില്ല. എന്നാലും സാരമില്ല ഇതൊക്കെ പ്രതീക്ഷിച്ച് തന്നെയാണ് ഇറങ്ങി പുറപ്പെട്ടതും . 4.20 ഓടെ തിരുവനന്തപുരം എത്തി , സ്റ്റേഷന് പുറത്തെത്തിയപ്പൊ KSRTC ഡിപ്പൊയും കണ്ടു , ഇത്ര അടുത്താന്ന് അറിഞ്ഞില്ലാർന്നു , വഴി സൈഡിൽ നിന്ന് റെയിൽവെ സ്റ്റേഷന്റെയും ഡിപ്പൊയുടെയും ഫോട്ടം പിടിച്ചു , എന്നിട്ട് ഡിപ്പോയിലേയ്ക്ക് നീട്ടി നടന്നു , സംഭവം കൊളളാലൊ. ഇങ്ങനെ ഒരു KSRTC സ്റ്റേഷൻ നമ്മടെ നാട്ടിൽ ഇല്ലല്ലോയെന്നോർത്ത് വിഷമിച്ചു…
വെളുപ്പിനെ തന്നെ പൊന്മുടിയിലേക്ക് ബസുണ്ടെന്ന് അന്വേഷിച്ച് കണ്ട് പിടിച്ചാരുന്നു , മുമ്പിൽ കണ്ട കണ്ടക്ടറോഡ് ചോദിച്ചപ്പോൾ പൊന്മുടി ബസ് നിർത്തുന്ന സ്ഥലം കാണിച്ച് തന്നു , ബസ്സ് കണ്ടപ്പൊ തന്നെ ഒരു കുളിർമ ഫീൽ ചെയ്തു , കാത്തിരുന്ന പൊന്മുടി എന്റെ തൊട്ടടുത്തുള്ളപ്പോലെ… ബസിൽ കയറി ഭാഗ്യത്തിന് സീറ്റ് കിട്ടി… 5 മണിക്ക് ബസ് വിടാൻ തുടങ്ങുമ്പൊഴേക്കും ബസ് ഫുൾ…. നമ്മടെ തലസ്ഥാനത്തിന്റെ പ്രധാനപ്പെട്ട റോഡുകൾ എല്ലാം പിന്നിട്ട് ബസ് കുതിച്ചു. KSRTC ബസ് പണ്ടേ ഒരു ഹരമാണ് , പ്രത്യേകിച്ച് സൈഡ് സീറ്റ് , ഇടയ്ക്ക് വിതുരയിൽ നിന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ചു… കിടിലൻ ചായ , നന്നേ ഇഷ്ടായി… വിതുര കഴിഞ്ഞപ്പോഴേക്കും ബസിൽ ആളുകൾ കുറഞ്ഞ് തുടങ്ങി , എന്നെപ്പോലെ പൊന്മുടി കാണാൻ വന്ന 4 പേരെ പരിചയപ്പെട്ടു. കോട്ടയത്ത് എഞ്ചിനീറിങ്ങ് പഠിക്കുന്നവരാണ്…
പ്രധാന റോഡ് പിന്നിട്ട് ബസ് ചെറിയ റോഡിലേക്ക് കയറി , കുറച്ച് കഴിഞ്ഞപ്പോൾ ചുരം കയറാൻ തുടങ്ങി , അപ്പോഴേക്കും ഞാൻ ഫ്രണ്ട് സീറ്റിൽ പോയിരുന്നു… ചെറിയ വീതി കുറഞ്ഞ റോഡ് ഒരു ഭാഗത്ത് കൂട്ടംകൂടി നിക്കുന്ന മരങ്ങൾ മറ്റേ ഭാഗത്ത് കൊക്ക , അങ്ങ് താഴെ പുഴയും… ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ഡ്രൈവർ ചേട്ടൻ ബസ് പറപ്പിക്കുവാണ്… ചുരം കയറി കഴിഞ്ഞപ്പോൾ തൊട്ട് മഞ്ഞ്കേറി തുടങ്ങി… താഴേന്ന് മഞ്ഞ് കേറി വരുന്നത് കാണാമായിരുന്നു… അതിന്റെ ഇടയ്ക്ക് KTDC യിൽ വർക്ക് ചെയ്യുന്ന തമിഴരും , പിന്നെ ഗസ്റ്റ്ഹൗസിലോട്ടുള്ള പത്രവും സാധനങ്ങളും എല്ലാം ഇതിൽ തന്നെ ആയിരുന്നു , ഞങ്ങൾ 5, 6 പേരൊഴിച്ച് എല്ലാം സ്ഥിരം യാത്രക്കാർ…. ഏകദേശം 8.30 യോടെ പൊന്മുടിയുടെ മുകളിൽ എത്തി… മഞ്ഞ്മൂടി കിടക്കുവാരുന്നു , ടൂറിസം ഡിപ്പാട്ട്മെന്റിന്റെ ടോയിലറ്റ് ഉള്ളത്കൊണ്ട് കൊണ്ട് കാര്യങ്ങൾ എല്ലാം ഉഷാറായി… കുളിയും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ജീവനക്കാർ അവിടെല്ലാം വൃത്തിയാക്കുന്നു , തലേ ദിവസം ഞായറാഴ്ച്ച ആയിരുന്നത് കൊണ്ട് നല്ല തിരക്കായിരുന്നുപോലും , ഇഷ്ടംപ്പോലെ മാലിന്യങ്ങളും…
വൃത്തിയാക്കികൊണ്ടിരുന്ന ചേച്ചി ദൂരെ വാച്ച്ടവർ കാണിച്ച് തന്നു , അങ്ങോട്ട് തന്നെ നടന്നു , പഴയ കെട്ടിടം ആയോണ്ട് മുകളിലോട്ട് കയറാൻ വിടുന്നില്ല , കമ്പിവേലി വച്ച് കെട്ടി വച്ചിരുക്കുന്നു.. ചുറ്റും നോക്കി നല്ല കിടിലൻ സീനറി , ചുറ്റും മലകളും മൊട്ടക്കുന്നുകളും , താഴേന്ന് മഞ്ഞ് കേറി വരുന്നത് കണ്ടു , 5 മിനിട്ടിനുള്ളിൽ തന്നെ ഞാൻ നിന്ന സ്ഥലം മഞ്ഞ്കൊണ്ട് മൂടി.. തപ്പിതടഞ്ഞ് ഞാൻ താഴോട്ടിറക്കി… കുറച്ചങ്ങോട്ട് നടന്നപ്പോൾ ഇരിക്കാൻ ഉള്ള സ്ഥലം കണ്ടു , നല്ല ഉറക്കക്ഷീണം ഉള്ളത് കൊണ്ട് ആ മഞ്ഞത്ത് കിടന്നുറങ്ങി , അരമണിക്കൂർ കഴിഞ്ഞ് എണീറ്റ് വീണ്ടും മൊട്ടക്കുന്നുകളിലൂടെ നടന്നു.. മഞ്ഞിന് ഒരു കുറവും ഇല്ല , ഏകദേശം 11 മണിയായപ്പൊൾ ബസ് ഇറങ്ങിയ പോയിന്റിൽ തന്നെ എത്തി… അവടെ Cafe യിൽ നിന്ന് കാപ്പിയും ബിസ്കറ്റും കഴിച്ചു , ബ്രേക്ക്ഫാസ്റ്റ്…
അവിടെ തിരിച്ച് പോകാനുള്ള ബസിന്റെ സമയം അന്വേഷിച്ചു , ഒരു ഒന്നരകിലോമീറ്റർ താഴോട്ട് നടക്കുവാണേൽ ഗസ്റ്റ്ഹൗസിന്റെ അവിട്ന്ന് ബസുണ്ടെന്ന് പറഞ്ഞു , എന്നാപ്പിന്നെ അങ്ങനെയാവട്ടെ എന്നും വിചാരിച്ച് ആ മഞ്ഞത്ത് താഴോട്ട് നടന്നു , പറഞ്ഞറിയിക്കാൻ പറ്റാത്ത കാഴ്ച്ചകളായിരുന്നു അത് , ഇത്ര ദൂരം വന്ന് പൊന്മുടി കാണാൻ ഉള്ള തീരുമാനം ശരിയായിരുന്നു എന്ന് എനിക്ക് മനസ്സിലായി…. എകദേശം 3.30 യോടെ തിരുവനന്തപുരം സിറ്റിയിൽ എത്തി , നേരെ കിഴക്കേകോട്ടയിൽ പോയി , കണ്ണിൽകണ്ട ഡബിൽ ഡക്കർ ബസിൽ കേറി , കണ്ണൂര് കിട്ടാത്ത സാധനമാണ് , ഒരു ഓട്ടപ്രതക്ഷിണംപ്പോലെ സെക്രട്ടറിയേറ്റും , ചന്ദ്രശേഖരൻ നായർ സ്റ്റേഡിയവും പിന്നെ നമ്മുടെ യൂണിവേഴ്സിറ്റി കോളേജുമൊക്കെ ബസിൽ നിന്ന് തന്നെ കണ്ട് നിർവൃതിയണഞ്ഞു… തിരിച്ച്പോകാൻ നേരമായി , പൊന്മുടിയിൽ വച്ച് തന്നെ ഫോണിന്റെ ചാർജ് തീർന്നായിരുന്നു…
ഇങ്ങോട്ട് വന്നത് കോട്ടയം വഴി ആയത്കൊണ്ട് തിരിച്ച് പോകാൻ ആലപ്പുഴ വഴിയുള്ള മാവേലി എക്സപ്രസ്സിൽ തന്നെ കയറി മംഗലാപുരത്തേക്ക്…