ഇന്ത്യൻ ക്രിക്കറ്റിൻ്റെ ചരിത്രം : തളർച്ചയും പിന്നീടുണ്ടായ ഉയർച്ചകളും…

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷുകാരാണ് ഇന്ത്യയിൽ ക്രിക്കറ്റ് കളിച്ചു തുടങ്ങിയത്. ഇന്ത്യയിലെ ആദ്യ ക്രിക്കറ്റ് മത്സരം 1721-ൽ നടന്നുവെന്നാണു ചരിത്രകാ‍രനായ വില്യം ഫോസ്റ്റർ രേഖപ്പെടുത്തുന്നത്. മുംബൈയിലെ പാഴ്സി സമൂഹം 1848-ൽ രൂപവത്കരിച്ച ഓറിയന്റൽ ക്രിക്കറ്റ് ക്ലബാണ് ഇന്ത്യക്കാരുടെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ്. 1877-ൽ യൂറോപ്യന്മാർ പാഴ്സികളെ തങ്ങളുമായി മത്സരിക്കാൻ ക്ഷണിച്ചു. ഇതു ക്രമേണ ബോംബെ പെന്റാംഗുലർ എന്ന സുപ്രസിദ്ധ മത്സരപരമ്പരയായി രൂപം പ്രാപിച്ചു. പത്തൊൻപതാഒ നൂറ്റാണ്ടിന്റെ അന്ത്യം മുതൽ ഏതാനും ഇന്ത്യാക്കാർ ഇംഗ്ലീ‍ഷ് ക്രിക്കറ്റ് ടീമുകളിൽ കളിച്ചു തുടങ്ങി. ഇവരിൽ രഞ്ജിത് സിങ്ജിയെയും ദുലീപ് സിങ്ജിയെയും പോലുള്ളവർ ബ്രിട്ടീഷുകാരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

1911-ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ആദ്യമായി ഇംഗ്ലണ്ട് പര്യടനത്തിനു പുറപ്പെട്ടു. എന്നാൽ അത്തവണ കൌണ്ടി ടീമുകളുമായി കളിക്കാനേ അവസരം ലഭിച്ചിരുന്നുള്ളൂ[4]. 1926-ൽ ഇമ്പീരിയൽ ക്രിക്കറ്റ് കൌൺസിലിലേക്കു ക്ഷണിക്കപ്പെട്ട ഇന്ത്യൻ ടീം, 1932-ൽ തങ്ങളുടെ ആദ്യ ടെസ്റ്റ് കളിച്ചു. ഇംഗ്ലണ്ടിൽ നടന്ന ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരത്തിൽ സി.കെ. നായിഡുവാണ് ടീമിനെ നയിച്ചത്. ആദ്യ മത്സരത്തിൽ ഇന്ത്യ 158 റൺസിനു പരാജയപ്പെട്ടു. 1930കളിലും നാല്പതുകളിലും ഇന്ത്യൻ ടീം പുരോഗതി കാട്ടിയെങ്കിലും ഇക്കാലയളവിലൊന്നും രാജ്യാന്തര മത്സരങ്ങൾ ജയിച്ചിരുന്നില്ല. ഇന്ത്യ സ്വതന്ത്രമായ ശേഷം ആദ്യമായി കളിച്ചത് 1948-ൽ ഓസ്ട്രേലിയക്കെതിരെയാണ്. ഡൊണാൾഡ് ബ്രാഡ്മാന്റെ വിഖ്യാത ഓസ്ട്രേലിയൻ ടീം അഞ്ചുമത്സരങ്ങളുടെ പരമ്പര 4-0നു ജയിച്ചു.

1952-ൽ ഇംഗ്ലണ്ടിനെതിരെ മദ്രാസിൽ ഇന്ത്യൻ ടീം ആദ്യത്തെ ടെസ്റ്റ് വിജയം കൈവരിച്ചു. അതേ വർഷം പാകിസ്താനെതിരെ തങ്ങളുടെ ആദ്യ പരമ്പര വിജയവും സ്വന്തമാക്കി. 1960കളിൽ സ്വന്തം രാജ്യത്തെ മത്സരങ്ങളിൽ കരുത്തുതെളിയിക്കുന്ന ടീമെന്ന വിശേഷണം ഇന്ത്യ നേടി. ഇക്കാലയളവിൽ ന്യൂസിലൻഡിനെതിരെ രണ്ടു പരമ്പര വിജയം സ്വന്തമാക്കിയ ഇന്ത്യ, ഓസ്ട്രേലിയ, പാകിസ്താൻ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങൾക്കെതിരെയുള്ള പരമ്പര സമനിലയിലാക്കി.

ഇ. പ്രസന്ന, എസ്. വെങ്കട്ടരാഘവൻ, ബി.എസ്. ചന്ദ്രശേഖർ, ബിഷൻ സിംഗ് ബേദി എന്നിവരടങ്ങിയ സ്പിൻ നാൽ‌വർ സംഘമായിരുന്നു 1970കളിൽ ഇന്ത്യൻ ടീമിന്റെ പ്രത്യേകത. എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരായ സുനിൽ ഗാവസ്കർ, ഗുണ്ടപ്പ വിശ്വനാഥ് എന്നിവരുടെ താരോദയത്തിനും ഇക്കാലയളവ് സാക്ഷിയായി. സ്പിൻ ബോളിങ്ങിനെ തുണച്ചിരുന്ന ഇന്ത്യൻ പിച്ചുകളിൽ ഇക്കാലയളവിൽ ഇന്ത്യ കരുത്തുകാട്ടി. 1971-ൽ വെസ്റ്റിൻഡീസിനെയും ഇംഗ്ലണ്ടിനെയും അവരുടെ നാട്ടിൽ തോല്പിക്കാൻ സഹായിച്ചത് ഈ കളിക്കാരുടെ സാന്നിധ്യമായിരുന്നു.

1971-ൽ ഏകദിന ക്രിക്കറ്റിന്റെ വരവോടെ ക്രിക്കറ്റിന്റെ മുഖഛായ മാറിയെങ്കിലും കളിയുടെ പുതുരൂപത്തോടെ ഇന്ത്യ സമരസപ്പെടുവാൻ നാളുകളെടുത്തു. സുനിൽ ഗാവസ്കറെപ്പോലെയുള്ള ഇന്ത്യൻ ബാറ്റ്സ്മാന്മാരിലധികവും ടെസ്റ്റ് ക്രിക്കറ്റിനു യോജിച്ച പ്രതിരോധാത്മക ബാറ്റിങ് ശൈലിക്കുടമകളായിരുന്നു. ഏകദിന ക്രിക്കറ്റിൽ ദുർബലരായി തുടക്കം കുറിച്ച ഇന്ത്യ ആദ്യ രണ്ടു ലോകകപ്പുകളിലും ആദ്യ ഘട്ടത്തിലേ പുറത്തായി.

1980കൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു എന്നു പറയാം. ഗാവസ്കർ തന്റെ നിലവാരത്തിന്റെ പാരമ്യത്തിലെത്തിയദും ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓൾ റൌണ്ടറായ കപിൽ ദേവിന്റെ താരോദയവും ഇക്കാലയളവിലായിരുന്നു. മുഹമ്മദ് അസറുദ്ദീൻ, ദിലീപ് വെങ്സാർക്കർ, രവി ശാസ്ത്രി എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിങ് നിരയായിരുന്നു ഇക്കാലയളവിൽ. 1983-ൽ കളിവിദഗ്ദ്ധരുടെ പ്രവചനങ്ങൾ തകിടം മറിച്ചുകൊണ്ട് വെസ്റ്റിൻഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ നടാടെ ലോകകപ്പ് കിരീടം ചൂടി. കപിൽ ദേവിന്റെ നായകത്വത്തിൽ കളിച്ച ഇന്ത്യ ബോളിങ് നിരയുടെ മികവുകൊണ്ടാണ് കപ്പ് കരസ്ഥമാക്കിയത്. 1984-ൽ ഏഷ്യാ കപ്പും 1985-ൽ ഓസ്ട്രേലിയയിൽ നടന്ന ക്രിക്കറ്റ് ലോക ചാന്പ്യന്ഷിപ്പും കരസ്ഥമാക്കി ഇന്ത്യ അജയ്യത തെളിയിച്ചു. 1987-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയിലാണ് അരങ്ങേറിയത്. ആതിഥേയരെന്ന അനുകൂല ഘടകമുണ്ടായിട്ടും സെമി ഫൈനൽ വരെയെത്താനേ ഇന്ത്യക്കായുള്ളൂ.

ഏകദിന ക്രിക്കറ്റിൽ കരുത്തുകാട്ടിയെങ്കിലും ഇക്കാലയളവിൽ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ പ്രകടനം നിരാശാജനകമായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു പുറത്ത് ടീമിന്റെ പ്രകടനങ്ങൾ നിരാശാജനകമായിരുന്നു. 1986-ൽ ഇംഗ്ലണ്ടിനെ അവരുടെ നാട്ടിൽ പരാജയപ്പെടുത്തിയതാണ് ഇക്കാലയളവിലെ ഏകനേട്ടം. പിന്നീടുള്ള പത്തൊൻപതു വർഷത്തേക്ക് ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു പുറത്ത് ഒരു ടെസ്റ്റ് പരമ്പര പോലും നേടിയിരുന്നില്ല.

1989 മുതൽ ഇന്ത്യൻ ടീമിലേക്ക് വിശ്വോത്തര താരങ്ങൾ അനവധി കടന്നുവന്നു. സച്ചിൻ തെൻഡുൽക്കർ, അനിൽ കുംബ്ലെ, ജവഗൽ ശ്രീനാഥ് എന്നിവരുടെ കടന്നു വരവ് ഇന്ത്യയെ ശക്തമാക്കി. എങ്കിലും വിദേശ മണ്ണിലെ പ്രകടനം മെച്ചപ്പെടുത്താൻ ഇന്ത്യൻ ടീമിനു കഴിഞ്ഞില്ല. 1990കളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു പുറത്തു നടന്ന 33 ടെസ്റ്റുകളിൽ ഒരെണ്ണം പോലും ഇന്ത്യ ജയിച്ചില്ല. അതേസമയം നാട്ടിൽ നടന്ന മുപ്പതു ടെസ്റ്റുകളിൽ പതിനേഴെണ്ണത്തിലും ജയിക്കുകയും ചെയ്തു. 1996ലെ ലോകകപ്പിൽ അയൽക്കാരായ ശ്രീലങ്കയോടു ദയനീയമായി തോറ്റു പുറത്തായതിനുശേഷം ഇന്ത്യൻ ടീമിൽ വൻ അഴിച്ചുപണികൾ നടന്നു. സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് എന്നിവർ ടീമിലെത്തുന്നത് ഈ ഘട്ടത്തിലാണ്. മുഹമ്മദ് അസറുദ്ദീനിൽ നിന്നും സച്ചിൻ തെൻഡുൽക്കർ നായകസ്ഥാനം ഏറ്റെടുത്തെങ്കിലും പ്രകടനം ദയനീയമായതിനെത്തുടർന്ന് വീണ്ടും അസർ തന്നെ നായകനായി. 1999ലെ ലോകകപ്പിൽ സെമിഫൈനൽ കാണാതെ പുറത്തായതിനെത്തുടർന്ന് വീണ്ടും നായക സ്ഥാനം സച്ചിനിലെത്തി. പക്ഷേ കളിയിലെ മികവ് നായകത്വത്തിൽ പ്രകടിപ്പിക്കാൻ സച്ചിനു രണ്ടാം തവണയും കഴിഞ്ഞില്ല. അദ്ദേഹം നായകസ്ഥാനം രാജിവച്ചു. 2000ൽ സൗരവ് ഗാംഗുലി നായക സ്ഥാനത്തെത്തി.

രണ്ടായിരമാ‍ണ്ടിന്റെ തുടക്കത്തിൽ കത്തിനിന്ന ഒത്തുകളി വിവാദം ഇന്ത്യൻ ടീമിനെ പ്രതിസന്ധിയിലാക്കി. മുൻ‌നായകൻ അസറുദ്ദീനും ഉപനായകൻ അജയ് ജഡേജയും ഒത്തുകളിയിൽ പങ്കാളികളായെന്ന കാരണത്താൽ വിലക്ക് നേരിട്ടു. ഈ കാലയളവിലാണ് ഇന്ത്യൻ ടീമിന് ആദ്യമായി വിദേശ പരിശീലകനെ ലഭിക്കുന്നത്. ന്യൂസിലൻഡുകാരനായ ജോൺ റൈറ്റ് ഇന്ത്യൻ ടീമിന്റെ പ്രകടനത്തിൽ കാര്യമായ പുരോഗതി വരുത്തി. 2001-ൽ ശക്തരായ ഓസ്ട്രേലിയയെ ടെസ്റ്റ് പരമ്പരയിൽ തോല്പിച്ച് നാട്ടിൽ തങ്ങളുടെ അജയ്യതെ തെളിയിച്ചു. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഏറ്റവും മികച്ച പരമ്പരകളിലൊന്നായി ഇതു വിലയിരുത്തപ്പെടുന്നു. ഈ പരമ്പരയ്ക്കു ശേഷം സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ വിദേശ മണ്ണിലും വൻ കുതിപ്പു നടത്തി. സിംബാബ്‌വേ, ശ്രീലങ്ക, വെസ്റ്റിൻഡീ‍സ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ ടെസ്റ്റ് വിജയം നേടി. 2001-ൽ ഇംഗ്ലണ്ടിൽ നടന്ന നാറ്റ്‌വെസ്റ്റ് ട്രോഫി വിജയവും ശ്രദ്ധേയമായിരുന്നു. അതേ വർഷം ഐ.സി.സി. ചാമ്പ്യൻസ് ട്രോഫിയിൽ ശ്രീലങ്കയ്ക്കൊപ്പം സംയുക്ത ജേതാക്കളായി. 2003ലെ ലോകകപ്പിൽ ഫൈനലിലെത്തിയ ഇന്ത്യ ഓസ്ട്രേലിയക്കു മുന്നിൽ കീഴടങ്ങി. 2011 ലോകകപ്പിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യ രണ്ടാമതും ലോകകപ്പ് നേടി.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply