യാത്രക്കാരെ സുരക്ഷിതരാക്കി ബസ് ഡ്രൈവര്‍ മരണത്തിനു കീഴടങ്ങി.

ബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബസ് ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു. കോട്ടയത്തു നിന്നും പെരിക്കല്ലൂരിലേയ്ക്ക് വരികയായിരുന്ന ‘സോണിയ’ ബസിന്റെ ഡ്രൈവര്‍ കോട്ടയം കളത്തില്‍പ്പടി സ്വദേശി മധു (48) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മലപ്പുറം കോട്ടയ്ക്കലിന് സമീപം പുത്തനത്താണിയിലാണ് സംഭവം.

വയനാട്ടിലെ പെരിക്കല്ലൂര്‍ എന്ന അതിര്‍ത്തി ഗ്രാമത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന പേരുകേട്ട പ്രൈവറ്റ് ബസ്സാണ് സോണിയ. പതിവുപോലെ കോട്ടയത്തു നിന്നും യാത്രയാരംഭിക്കുമ്പോള്‍ ഡ്രൈവറായ മധുവിന് പ്രത്യേകിച്ച് ബുദ്ധിമുട്ടുകള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ പുലര്‍ച്ചയോടെമലപ്പുറം ജില്ലയിലെ കൊട്ടയ്ക്കലിനു സമീപത്തുള്ള പുത്തനത്താണി എത്തിയപ്പോള്‍ ശരീരത്തിന് തളര്‍ച്ച അനുഭവപ്പെട്ട മധു ഉടന്‍തന്നെ വണ്ടി ഹാന്‍ഡ് ബ്രേക്ക് ഇട്ടു നിര്‍ത്തി. എന്നിട്ട് ബസ്സില്‍ നിന്നിറങ്ങി തൊട്ടടുത്തുള്ള കടവരാന്തയില്‍ വയ്യാത്ത അവസ്ഥയില്‍ ചെന്നിരുന്നു വിശ്രമിക്കുകയാണ് ഉണ്ടായത്. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന ബസ് ജീവനക്കാരും ബസിലെ യാത്രക്കാരും ചേര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം കോട്ടയം സ്വര്‍ഗ്ഗീയ വിരുന്ന് സെമിത്തേരിയില്‍ നടന്നു . ഭാര്യ : ഷേര്‍ളി. മക്കള്‍: ജിക്കു, യദു.

ബസ് ജീവനക്കാരെക്കുറിച്ച് എല്ലാവര്‍ക്കും പരാതിയാണ്. ഓവര്‍സ്പീഡ്, മറ്റുള്ള ജീവനുകള്‍ക്ക് വില കല്‍പ്പിക്കില്ല എന്നൊക്കെയാണ് ഇവര്‍ കേള്‍ക്കുന്ന പഴികള്‍. ഇത്തരത്തില്‍ ഒരു വിഭാഗം ഡ്രൈവര്‍മാര്‍ ഉണ്ടെങ്കിലും നല്ല ഒരു ഡ്രൈവര്‍ ആണെങ്കില്‍ ഒരിക്കലും അപകടകരമായി വണ്ടിയോടിച്ച് മനപൂര്‍വ്വം ആപത്ത് വരുത്തിവെക്കില്ല. ഒരു ഡ്രൈവര്‍ക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാല്‍ അത് മനോധൈര്യമാണ് എന്നു നിസ്സംശയം പറയാം. ഏത് പ്രതിസന്ധിയും തരണം ചെയ്യുവാന്‍ കഴിവുള്ളയാളായിരിക്കണം ഒരു നല്ല ബസ് ഡ്രൈവര്‍. കാരണം ബസ്സിലെ യാത്രക്കാരുടെ ജീവന്‍ ഡ്രൈവറുടെ കയ്യിലാണ്.

ബസ്സില്‍ കയറുന്ന യാത്രക്കാര്‍ തങ്ങളുടെ ജീവന്‍ ഡ്രൈവറുടെ കയ്യില്‍ ഏല്‍പ്പിച്ചിട്ടാണ് യാത്ര ചെയ്യുന്നത്. മധുവിനെപ്പോലുള്ള നല്ല ഡ്രൈവര്‍മാര്‍ അവരുടെ വിശ്വാസം കാത്തു സൂക്ഷിക്കുവാന്‍ മുകൈ എടുക്കുന്നവരാണ്. ഈ സംഭവത്തിലും തന്‍റെ യാത്രക്കാരെ പൂര്‍ണ്ണ സുരക്ഷിതരാക്കിയാണ് മധു വിടവാങ്ങിയത്. അന്ന് ആ ബസ്സില്‍ യാത്ര ചെയ്തിരുന്ന ആളുകള്‍ ഒരിക്കലും മറക്കില്ല മധുവിനെ. മധുവിന്‍റെ നന്മയ്ക്ക് മുന്നില്‍ ഒരു പിടി റോസാപ്പൂക്കള്‍ അര്‍പ്പിക്കുവാന്‍ മാത്രമേ നമുക്ക് ഇപ്പോള്‍ കഴിയുകയുള്ളൂ. ആദരാഞ്ജലികള്‍ സുഹൃത്തെ…

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply