വിവരണം – അഹമ്മദ് തയ്യിൽ.
കൂവപ്പാറയിലേക്ക് ഒരു യാത്ര. അതും ലോക പരിസ്ഥിതി ദിനത്തിൽ പ്രകൃതിയുടെ മടിത്തട്ടിലുടെ മഴ ആസ്വദിച്ച്. കാസർഗോഡ് ജില്ലയിൽ ഭീമനടിക്ക് അടുത്താണ് കൂവപ്പാറ എന്ന പ്രദേശം. കൂവപ്പാറയിൽ എന്താണ് ഉള്ളത് എന്നല്ലേ ? എന്റെ ഗ്രാമത്തിൽ നിന്ന് ഏകദേശം 32 കിലോമീറ്ററ് അകലെയാണ് കൂവപ്പാറ സ്ഥിതി ചെയ്യുന്നത് .. അതിനെ കുറിച്ച് അറിഞ്ഞപ്പോൾ തൊട്ടുള്ള ആഗ്രഹമാണ് ഒന്ന് പോയി കാണണമെന്ന് . അങ്ങനെ അധികം ആരും അറിയാത്ത ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ എന്ന് തന്നെ പറയാം.
എങ്കിൽ അവിടെ പോയിട്ട് തന്നെ കാര്യം എന്ന് മനസ്സിൽ ഉറപ്പിച്ചു … ഞാൻ വണ്ടിയും എടുത്ത് യാത്ര തിരിച്ചു . കൂടെ മൂന്ന് ചങ്ങാതിമാരെയും കൂട്ടി . ചെറുവത്തൂരിൽ നിന്ന് നീലേശ്വരം വഴി പരപ്പ റൂട്ട് പിടിച്ച് അങ്ങനെ യാത്ര ആരംഭിച്ചു.സഹായത്തിന് ഗൂഗിൾ മാപ്പും ഉണ്ടേ .പരപ്പ റോഡിൽ നിന്ന് ഭീമനടി റോഡിലേക്ക് പ്രവേശിച്ചു. യാത്രയിലുടനീളം മഴ കൂടെത്തന്നെ ഉണ്ടായിരുന്നു … യാത്ര നാലുചക്രവാഹനത്തിലായത് കൊണ്ട് വലിയ പ്രശ്‌നം അനുഭവപ്പെട്ടില്ല . യാത്രയിലുടനീളം ആ വേവലാതി എന്നെ വല്ലാതെ അലട്ടി കൊണ്ടേയിരുന്നു .. ഇത്രയും ദൂരം മഴയത്ത് സഞ്ചരിച്ച് ആ സ്ഥലം കാണാൻ പറ്റിയില്ലെങ്കിലോ ? . ഇടക്കെപ്പോഴോ കൂടെ ഉള്ളവരുടെ ആത്മവിശ്വാസം ചോർന്നത് പോലെ …. ”നല്ല സമയത്താണ് ഇവിടെ വന്നത് ‘’ !….അവർ അങ്ങനെ അങ്ങനെ പലതും പറഞ്ഞു കൊണ്ടേയിരുന്നു …പെട്ടെന്നാണ് മുന്നിലുള്ള ഒരു ബോർഡ് ശ്രദ്ധയിൽ പെട്ടത് . ആ സമയത്തു ഞാൻ പോലും അറിയാതെ മനസ്സിൽ വല്ലാത്തൊരു സന്തോഷം തോന്നി .
കൂവപ്പാറ ഇത് ഒരു മൂന്ന് മാസം മുമ്പ് വീണ് കിട്ടിയതാണ്. കൂവപ്പാറ എന്നത് സ്ഥലപ്പേരാണ് . അവിടെയാണ് ഞമ്മൾ ഇപ്പോൾ എത്തി നിൽക്കുന്നതും ..മുൻപിലുള്ള ബോർഡിൽ ഇപ്രകാരം എഴുതിയിരിക്കുന്നു കൂവപ്പാറ നാച്ചുറൽ കേവ് – 1.5 km . കഷ്ടിച്ച് ഒരു വണ്ടി പോകാൻ തക്ക വീതിയുള്ള റോഡ് .. നല്ല കയറ്റവും വളവും നിറഞ്ഞ വഴി .. ഇരു വശങ്ങളിലായി റബർ തോട്ടങ്ങളും , മരങ്ങളും കാണാം .. ചെറിയ മൂടൽ മഞ്ഞും ആസ്വദിച്ച് മുന്നോട്ട് യാത്ര തുടരുമ്പോൾ സൈഡിൽ ഒരു ബോർഡ് കണ്ടു … അതിൽ നാച്ചുറൽ കേവ് എന്ന് എഴുതിയിരിക്കുന്നു .. അവിടെ അടുത്ത് ഒരു ഗേറ്റിന് മുന്നിലായി വണ്ടി നിർത്തി, സ്ഥലം എത്തി എന്ന് ഉറപ്പായതോടെ വണ്ടി പാർക്ക് ചെയ്‌തു. പക്ഷേ അവിടെ ഒന്നും ആരെയും കാണാൻ പറ്റിയില്ല …ഗേറ്റ് എല്ലാം അടച്ചിട്ട നിലയിലായിരുന്നു . മനസിനുള്ളിൽ വല്ലാത്ത സങ്കടം തോന്നി . ഇവിടം വരെ വന്നിട്ട് എങ്ങനെയാ സ്ഥലം കാണാതെ മടങ്ങുക .
അപ്പോഴാണ് അവിടെ ഉണ്ടായിരുന്ന ബോർഡിൽ ഒരു നമ്പർ കാണാൻ ഇടയായി .അങ്ങനെ അതിലേക്ക് വിളിക്കാം എന്ന് കരുതി ആ നമ്പറിലേക്ക് വിളിച്ച് നോക്കി .ഞങ്ങൾ അവരോട് കാര്യങ്ങൾ പറഞ്ഞു.അപ്പോൾ അദ്ദേഹം ചോദിച്ചു മഴ ഉണ്ടോ എന്ന് ആ സമയത്തും ചെറിയ തോതിൽ മഴ പാറുന്നുണ്ടായിയുന്നു.കുറച്ചു ദൂരെ നിന്നുമാണ് വരവെന്ന് മനസ്സിലാക്കി അദ്ദേഹം വരാം എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു .പതിയേ മഴയുടെ ശക്തി കൂടി കൂടി വന്നു .. കയ്യിൽ ആകെ ഒരു കുട മാത്രമേ ഉണ്ടായിരുന്നുള്ളു. ഒടുക്കം ഒരു രക്ഷയുമില്ല എന്ന് കണ്ടപ്പോൾ ഏല്ലാവരും വണ്ടിയിൽ തന്നെ ഇരുപ്പ് ഉറപ്പിച്ചു … ഉള്ളിൽ അകത്തേക്ക് കയറാൻ പറ്റുമോ എന്നുള്ള ആശങ്ക . പെട്ടെന്നാണ് മുന്നിലൂടെ ഒരാൾ കുടയും പിടിച്ച് വരുന്നത് കണ്ടത് .. നേരത്തെ ഫോണിൽ വിളിച്ചു സംസാരിച്ച ആളായിരിക്കണമേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു . മനസ്സിൽ കരുതിയത് പോലെ അദ്ദേഹം തന്നെയായിരുന്നു …
ഞാൻ മെല്ലെ പുറത്ത് ഇറങ്ങി കാര്യങ്ങൾ അനേഷിച്ചു … അപ്പോൾ അദ്ദേഹം പറഞ്ഞു മഴ കുറച്ച് കുറഞ്ഞാൽ .. നമ്മുക്ക് താഴലേക്ക് ഇറങ്ങി പോകാം എന്ന് . കുറച്ചു സമയം കഴിഞ്ഞു യാത്ര ആരംഭിച്ചു.. കുറച്ചു ദൂരെ നടന്നു നീങ്ങി . ഇടക്ക് ഞാൻ അദ്ദേഹത്തോട് ചോദിച്ചു ഇനിയും ഒരുപാട് ദൂരം നടക്കണോ എന്ന് ? അദ്ദേഹം പറഞ്ഞു : ഇല്ല , കുറച്ചകലെ കാണുന്ന ഒരു വേലി കാണിച്ചിട്ട് പറഞ്ഞു അതിലൂടെ താഴോട്ട് ഇറങ്ങണം എന്ന് . ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് ഒരു ഗുഹ കാണുന്നത് . ഗുഹയുടെ അകത്തേക്ക് കടക്കുവാൻ കമ്പി കൊണ്ടൊരു സപ്പോർട്ടർ ഉണ്ട് . മഴ കുറഞ്ഞു തുടങ്ങി .. കൂടെ വന്ന ചേട്ടൻ സ്ഥലത്തെ കുറിച്ച് എല്ലാം പറഞ്ഞു തന്നു. ഇവിടെത്തെ ഗൈഡ് ഒന്നും അല്ല ചേട്ടൻ. തൊട്ടടുത്തുള്ള ടവറിന്റെ ഓപ്പറേറ്റർ ആണ്. ഇത് ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലം ആണ്. അവർ ഇല്ലാത്തപ്പോൾ ഈ ചേട്ടനാണ് മേൽനോട്ടം .
മഴ നന്നെ കുറഞ്ഞു … ചേട്ടൻ പറഞ്ഞു ഗുഹയിലേക്ക് നടക്കാം എന്ന് .. അങ്ങനെ ചേട്ടന്റെ പുറകിൽ നമ്മളോരോരുത്തരും വളരെ ആവേശത്തോടു കൂടെ നടന്നു നീങ്ങി . ഇരുമ്പ് കൊണ്ട് നിർമിച്ച സ്റെപ്പിലൂടെ അകത്ത് പ്രവേശിച്ചു. ഗുഹക്കകത്തു കൂടെ നടന്ന് തുടങ്ങി .. ഒരു ഗൈഡ് എന്നപോലെ ചേട്ടൻ എല്ലാം പറഞ്ഞ് മുന്നിലൂടെ നടന്നു നീങ്ങി .പ്രധാനമായും ഇവിടെ രണ്ട് ഗുഹകളാണുള്ളത് കൂടെ ഒരു കുളവുമുണ്ട് . മഴ ആയത് കൊണ്ട് കുളം കാണാൻപറ്റിയില്ല. വെള്ളം വീണ് വഴുപ്പ് ഉള്ളത് കൊണ്ട് അങ്ങോട്ട് വിട്ടില്ല. ഗുഹയിൽ സന്ദർശകരുടെ സൗകര്യത്തിന് വെളിച്ചത്തിന് വേണ്ടി ട്യൂബ് ലൈറ്റും ഫിറ്റ് ചെയ്തിട്ടുണ്ട് . കയ്യിൽ ഒരു ടോർച്ചുമായാണ് ഞങ്ങൾ നടന്നു നീങ്ങുന്നത് .
മഴ ആയത് കൊണ്ട് പാറകൾക്കിടയിലൂടെ മഴത്തുള്ളികൾ താഴേക്കിറങ്ങി വരുന്നുഉണ്ടായിരുന്നു . നല്ല വഴുപ്പ് ഉണ്ട്. ഞാൻ മനസ്സിൽ കണ്ടതിലും അപ്പുറത്തായിരുന്നു ആ ഗുഹകൾ .നടക്കുവാനുള്ള സൗകര്യത്തിന് വേണ്ടി സ്റ്റെപ്പുകളും ഉണ്ടാക്കിയിരുന്നു. ഭൂമിയിൽ നിന്ന് 15 .20 അടി താഴ്ച്ചയിലാണ് ഇതിന്റെ സ്ഥാനം .അങ്ങനെ രണ്ട് ഗുഹകളും സന്ദർശിച്ചു ഞങ്ങൾ പുറത്തേക്ക് ഇറങ്ങി നടന്നു . മോടിപിടിപ്പിക്കലിന്റെ ഭാഗമെന്നോളം പണികൾ നടന്നുകൊണ്ടിരിക്കുന്നു . സഞ്ചാരികൾക്കായി ഈ ജനുവരിയിൽ ആണ് തുറന്ന് കൊടുത്തത്. കുറച്ച് ഫോട്ടോയും എടുത്ത് എൻട്രി ഫീ ആയ ഒരാൾക്ക് 30 രൂപയും കൊടുത്ത് ഞങ്ങൾ അവിടെന്നു തിരിച്ചു. മനസ്സിൽ നല്ലൊരു അനുഭവും സമ്മാനിച്ച്…. പച്ചപ്പ് നിറഞ്ഞ പ്രകൃതിയുടെ ഭംഗി ആസ്വദിച്ചും , നല്ല മൂടൽ മഞ്ഞിന്റെ ഫോട്ടോസ് എടുത്തും ഞങ്ങൾ യാത്ര തുടർന്നു . ഒരു പാട് നല്ല കാഴ്ചകൾ ആസ്വദിച്ചു എന്ന സംദൃപ്തിയോടെയാണ് ഞങ്ങൾ ആ യാത്ര അവസാനിപ്പിച്ചത് .