വിവരാവകാശ നിയമത്തിന് കെഎസ്ആര്‍ടിസിയില്‍ പുല്ലുവിലയോ?

വിവരാവകാശ നിയമത്തിന് കെഎസ്ആര്‍ടിസി പുല്ലുവില കല്‍പ്പിക്കുന്നുവെന്ന് ആരോപണം. കെ എസ് ആര്‍ ടി സി ബ്ലോഗ് എന്ന ഓണ്‍ലൈന്‍ കൂട്ടായ്മയാണ് ആരോപണം ഉന്നയിച്ചത്. കെഎസ്ആര്‍ടിസി ബസുകളുടെ സമയവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ആനവണ്ടി ഡോട്ട് കോം എന്ന വെബ്സൈറ്റും മൊബൈല്‍ ആപ്പും തയ്യാറാക്കുന്നത് കെ എസ് ആര്‍ ടി സി ബ്ലോഗ് കൂട്ടായ്‌മയാണ്.

ഈ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി സമയവിവരങ്ങള്‍ക്കായി കെഎസ്ആര്‍ടിസിയെ വിവരാവകാശനിയമം വഴി കെ എസ് ആര്‍ ടി സി ബ്ലോഗ് അണിയറക്കാര്‍ സമീപിച്ചിരുന്നു. എന്നാല്‍ മുഴുവന്‍ വിവരങ്ങളും നല്‍കാന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ തയ്യാറായില്ലെന്നാണ് ആരോപണം.

കെ എസ് ആര്‍ ടി സി ബ്ലോഗ് പ്രവര്‍ത്തകള്‍ വിവരാവകാശ നിയമം വഴി അപേക്ഷകള്‍ നല്‍കിയെങ്കിലും മുഴുവന്‍ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് ഒന്നാം അപ്പീല്‍ പോയി 15 ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ഉത്തരവാകുകയും ചെയ്തിരുന്നു. എന്നാല്‍ ഉത്തരവിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും കെഎസ്ആര്‍ടിസി ചീഫ് ഓഫീസില്‍ നിന്നും ഏറ്റവും പുതിയ ബസ് സമയ വിവര പട്ടിക ലഭിക്കാത്തത് ഗുരുതരമായ കൃത്യവിലോപമാണെന്നാണ് ബ്ലോഗ് പ്രവര്‍ത്തകര്‍ പറയുന്നത്.

ഡിപ്പോകളില്‍ നിന്നും വളരെ എളുപ്പത്തില്‍ ബസുകളുടെ സമയവിവരങ്ങള്‍ ചീഫ് ഓഫീസിലേക്ക് എടുപ്പിക്കാവുന്നതാണെങ്കിലും യാതൊരുവിധ നടപടികളും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ്  ബ്ലോഗിന് നേതൃത്വം നല്‍കുന്ന സുജിത് ഭക്തന്‍ ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് ടിവിയോട് പറഞ്ഞത്.

കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരത്തെ ചീഫ് ഓഫീസില്‍ ടൈം ടേബിള്‍ സെല്‍ എന്നൊരു സെക്ഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ടൈം ടേബിള്‍ സെല്ലില്‍ ഇപ്പോഴുമുള്ളത് 2013-2014 കാലഘട്ടത്തിലെ പഴക്കം ചെന്ന സമയ വിവരങ്ങളാണ്. കെഎസ്ആര്‍ടിസിയുടെ ഈ അനാസ്ഥക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് സുജിത് ഭക്തന്‍ പറഞ്ഞു. വിവരാവകാശ നിയമത്തിന്റെ രണ്ടാം അപ്പീലും അതോടൊപ്പം തന്നെ സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ പരാതിയും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

News: Asianet News

Check Also

കേരളത്തിലെ സിനിമാ തിയേറ്ററുകൾ; ചരിത്രവും വസ്തുതകളും

കേരളത്തിലെ സിനിമാശാലകളെപറ്റിയുള്ള  ചരിത്രം 113 വർഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് 1907 ൽ തൃശൂർ പൂരത്തിനിടയ്ക്ക് …

Leave a Reply