വിവരണം – നുന്നു സമി, ചിത്രങ്ങൾ – ഫെയ്സ്ബുക്ക് കൂട്ടുക്കാർ.
നിങ്ങള് പുള്ള് എന്നു കേട്ടിട്ടുണ്ടോ? എങ്കിൽ ഇതുവരെ കേൾക്കാത്ത എന്റെ പ്രകൃതി സ്നേഹികളായ സൂർത്തുക്കൾക്ക് വേണ്ടി ഒരു അഞ്ചെട്ട് പത്തു മുപ്പത് വരി. ഗ്രാമീണതയോട് പ്രണയമില്ലാത്തവരായി ആരാണില്ലാത്തത്.ചില ഒറ്റപ്പെട്ട നേരങ്ങളിൽ കൺമറഞ്ഞു പോകുന്ന പച്ചപ്പിനും നമ്മെ തൊട്ടു തലോടി ഏങ്ങൊട്ടൊ ഓടി മറയുന്ന കാറ്റിനും വരെ ഒരുപക്ഷെ മനസ്സിന്റെ നീറ്റലകറ്റാനായേക്കും.അത്രമേൽ മനസ്സ് കുളിർപ്പിക്കുന്ന ചിലഗ്രാമീണചിത്രങ്ങളുണ്ട്,പുലർക്കാല സായഹ്ന ഓർമ്മകളും.അങ്ങിനെ ഒരിടത്തെ കുറിച്ചാണു പറയുന്നത്.
ത്രിശൂർ സൈഡിലെ ഗഡികൾക്ക് സുപരിചിതമായ എന്നാൽ കുറച്ച് തെക്കോട്ടൊ കിഴക്കോട്ടോ നീങ്ങിയാൽ തീരെ അറിയാത്ത ഒരു മനോഹര സ്ഥലമാണ് ഈ #പുള്ളുഗ്രാമം നമ്മളീ വേനലവധിക്കാലം വലിയ വലിയ ട്രിപ്പുകളൊക്കെവെച്ച് തിമിർക്കുമ്പോ ത്രിശ്ശൂർക്കാരുടെ സ്വന്തം അതിരപ്പിള്ളിയും വാഴച്ചാലും പീച്ചിയിലും ഒന്നും പോയാലും കിട്ടാത്ത എന്തോ ഒന്ന് നിങ്ങൾക്കിവിടെ വന്ന് ഒരു പുലർക്കാലമൊ സായാഹ്നമൊ ചിലവഴിച്ചാൽ കിട്ടും എന്നാണ് എന്റെ ഒരിത്.
കല്യാണം കഴിഞ്ഞവസരത്തിൽ നിന്റെ മൈന്റിനു പറ്റിയൊരിടമുണ്ടെന്ന് പറഞ് എന്റെ കെട്ട്യോൻ എന്നെ ആദ്യായിട്ട് കൊണ്ട് കാണിച്ചതിവിടമാണ്… എന്തോ അന്നത് കണ്ടപ്പോ ഇന്നോളം ഊരുതെണ്ടി നടന്ന സ്ഥലങ്ങളത്രയും ഇത്രമേൽ വെറും കടങ്ങളായിരുന്നെന്ന് പലപ്പോഴും തോന്നാറുണ്ട്. അപ്പോ ചോയിക്കും എന്തൂ കുന്തമാ ഇവിടെയുള്ളേന്നു … ഒന്ന് പറയാലോ രമണാ …. ഇവിടെ നിങ്ങളു പ്രതീക്ഷിക്കുന്ന ഒന്നൂല്യാട്ടോ …ബട്ട് അസ്സല് സ്ട്രച്ചറുള്ള പ്രകൃതി രമണിച്ചേച്ചിയെ ഒന്ന് കണ്ടിട്ട് മടങ്ങാം അത്രേമുള്ളു .അതിരപ്പിള്ളിലൊക്കെ പ്പോയി വെള്ളത്തിൽ മുങ്ങികിടന്ന് മുതല യേപ്പോലെ ഇനീപ്പോ സീൻ പിടിക്കാന്നും വെക്കണ്ട .. അതും ഇല്ല .ഒരു ഇടക്കാല ആശ്വാസയിട്ട്. സോ വല്ലാണ്ടങ് കണക്കുകൂട്ടി ആരും വരണ്ട.
മഞ്ജു വാര്യാരുടെ സ്വന്തം ഗ്രാമഠ എന്നു പറയുന്നതാവും ഭംഗി . ആകാശത്തോളം അനന്തമായ പച്ചകടലെന്ന് തോന്നുന്ന പച്ചപുതപ്പിട്ട വലിയ കോൾപ്പാടം.ഇരുകണ്ണുപോരാതെ വരും ആ കാഴ്ച്ചപകർത്താൻ. അത്രമേൽ വിശലമായ കോൾപ്പാടശേഖരങ്ങൾ…ചെമ്മൺപാതകൾ…ഒറ്റമരങ്ങൾ…നീർച്ചാലുകൾ…! ഇടയ്ക്കിടെ വന്നൊന്നിരിക്കാൻ, കൊതിതീരാതെ കാണണമെന്ന് മനസ്സുറക്കെ പറയുമ്പോ പലപ്പോഴും അവിടെ നോക്കുകുത്തിയാവാറുണ്ട് ഞങ്ങൾ.
സായാഹ്നങളിൽ ചെന്നിരിക്കണം , പലക്കുറി കാറ്റാൽ തലോടപ്പെടണം….. അവസാനത്തെ വെളിച്ചവും ഇരുട്ടിലലിയും മുൻ മ്പ് കൂടണയുന്ന കിളികളെ കാണണം. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന വശ്യതയെ ഹൃദയത്താൽ നുകരണം….. കാണാൻ വരുന്നവർ നട്ടുച്ചക്ക് ഒന്നും വരരുത് ട്ടാ .. എങ്കില് പിന്നെ നിങ്ങളെ പെറ്റ തള്ളപ്പോലും തിരിച്ചറിയാതെപ്പോകും.ചൂടേയ് ചൂട്. ആ അപ്പോ എവിടാ നിർത്തിയേ …
അങ്ങിനെ ഒരു മനോഹരമായ കോൾപ്പാടം … പാടത്തിന്റെ ഒത്ത നടുവിലൂടെ വളഞ് പുളഞ് കിടുക്കൻ റോഡ് .. റോഡ് കിടുക്കനാ ധൈര്യയിട്ട് നടു ഒടിയാണ്ട് വരാം. സുൽഫി എടുത്ത് വെറുപ്പിക്കാൻ പറ്റിയ ഇടം.. മഴക്കാലത്ത് വന്നാൽ ഇരുവശം കരകവിഞ പുഴപ്പാടം റോഡിലേക്ക് കയറുന്ന കാണാം … മഞ്ഞുക്കാലത്ത് ആണേൽ അതിരാവിലെ ഫോഗ് നിലം മുട്ടി പതഞ്ഞൊഴുകുന്നപ്പോലെയും.
വേനലവധിക്ക് വൈകുന്നേങളിൽ വരണം. ആകാശത്തിന്റെ നെഞ്ചിലേക്ക് ചാഞ്ഞുറങ്ങാൻ കാത്തു നിൽക്കുന്ന സൂര്യൻ ഒരു മനോഹര കാഴ്ച്ച തന്നെയാണ്. കാറ്റിൽ ദിക്കു മറക്കാതെ കൂടുതേടിയണയാൻ ധൃതിവെക്കുന്ന ഒരു കൂട്ടം കിളികളെ കാണാം. കാറിന്റെ ചില്ലു തുറന്നിട്ടാൽ തള്ളിക്കയറുന്നൊരു കോമാളി കാറ്റുണ്ട് . പുറത്തിറങ്ങിയാൽ മുടിയും ഉടുപ്പൊക്കെ വലിച്ചോണ്ട് ഓടിക്കളയുന്ന കാറ്റ്. വയലീന്ന് കേറാൻ മടിച്ച് കുറുമ്പുക്കാട്ടി പാറാവുക്കാരന്റെ ശ്രദ്ധതിരിച്ച് പലവഴി സ്ഥലംവിടാൻ നിൽക്കുന്ന എണ്ണമറ്റ താറാക്കുഞുങ്ങളേം കാണാം.ഒരുത്തനേം വില വെയ്ക്കാതെ സകല മീൻ കുഞുങ്ങളെo തിന്നു മുടിക്കുന്ന ഫ്രീക്കൻ കൊറ്റികളേം കാണാം.ഏവിടന്നിന്നൊക്കെയൊ പറന്നിറങ്ങിയ ഒരു പറ്റം ദേശാടനകിളികളേം കാണാം.വേനൽകെടുതിയിലും നാണം മറച്ച നീർച്ചാലുകളെ കാണാം. നിറo മാഞു നെഞ്ചുകൂരച്ചു തോളെല്ലുകൾ പൊന്തിയ, പകലന്തിയോളം പണിയെടുത്ത് വഴിയോരം ചേർന്ന് നടന്നു പോകുന്ന പച്ച മണ്ണിൻ മനുഷ്യനെയും കാണാം.
ഇതിനൊക്കെ ഒത്ത നടുവിലെ പാലo വന്നിറങ്ങുന്നിടത്ത് ഒരു കൊച്ചു തട്ടുക്കട ഉണ്ട്. ഇരുൾ പടരുമ്പോ ആളുക്കൂടുന്നിടം. ഒരിക്കലവിടന്നു തിന്നുപ്പോയവൻ ആ കൈപുണ്യം തേടി പിനേം പിന്നേം വരും… കാട മുട്ട , താറാമുട്ട …പുഴുങ്ങിയതിൽ നിന്നും തുടങ്ങുന്ന രുചി വിഭവങ്ങൾ ……. ബീഫും കൊള്ളി ,ചിക്കൻ വിത്ത് കൊള്ളി , താറാവ് ,മുയല്, കക്കയിറച്ചി ,ലിവർ, പലിഞ്ഞീൻ,,, മുട്ട വിത്ത് കൊള്ളി ….. ചിക്കൻപാർട്ട്സ് ഹമ്പോ എന്നാ രുചിയാന്നറിയോ …? ഒരു ഫൈസ്റ്റാർ ഹോട്ടലിലും ഇരുന്ന് തിന്നാലും കിട്ടൂല സന്ധ്യ മയങ്ങുമ്പോ ഇവിടെ വന്ന് വെറും കാലിൽ സ്റ്റീൽ തട്ടിൽ ചൂടോടെ ഊതി ഊതി തിന്നുന്ന ഒരു സുഖo… ഒരു ഗ്ലാസ് കട്ടൻ ചായേം കൂടി ഉണ്ടാർന്നേ പൊളിച്ചേനെ. ( ബട്ട് ആ സാധനം അവിടില്ല. വെള്ളം കിട്ടുo …ചായ ഫ്ലാസ്ക്കിലാക്കി കൊണ്ടന്നേക്ക് ).
ചുമ്മാ പോയവിടെ ഇടയ്ക്ക് കാറ്റേറ്റ് നിൽക്കണം വയലവസാനിക്കുംവരെ ഡ്രൈവ് ചെയ്തിട്ടിങ്ങ് തിരിച്ച് പോരണം. പാടത്തിന്റെ മറുഭാഗത്ത് നെൽ വയലിനോട് ചേർന്ന് അസ്സലു മുന്തിരികളളും ഇഞ്ജികളളും തട്ടുപൊളിപ്പൻ രുചിക്കൂട്ടുകളുമായി കുണ്ടോളിക്കടവ് ഷാപ്പ് ഫുഡും .വയറുനിറച്ച് മനം നിറച്ച് ഒരു കുഞ്ഞു സായാഹ്നയാത്രയ്ക്ക് ഇത്രയൊക്കെ പോരെ…കൂട്ടുക്കാരെ?
ഒന്നുമില്ലയവിടയെന്ന് തോന്നുമെങ്കിലും ഹൃദയം തുറന്നാസ്വിക്കാൻ കഴിയുന്നവന് എല്ലാ മുണ്ടെവിടെ… വലിയാസ്വദനത്തിന്റെ ചെറിയലോകo കാണണേൽ ഇവിടെ വരൂ…. കടപ്പുറത്ത് തിരയെണ്ണിയിരിക്കുന്നപ്പോലെ
കാറ്റിനെ ഉമ്മവെച്ച് വയറും നിറച്ച് ഈ വഴി കടന്നു പ്പോകാം……”വിടുവായെൻ തവളകൾ പതിവായിക്കരയുന്ന നടവരമ്പോർമ്മയിൽ കണ്ടൂ വെയിലേറ്റ് വാടുന്ന മീനുകൾ തേടുന്ന തണലും തണുപ്പും ഞാൻ കണ്ടൂ.”