പച്ചപുതച്ച വയനാടൻ പെൺകൊടി; ബാണാസുര സാഗർ അണക്കെട്ട്..

കേരളത്തിലെ വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് 21 കിലോമീറ്റർ അകലെ പടിഞ്ഞാറെത്തറ എന്ന ഗ്രാമത്തിൽ പശ്ചിമഘട്ടത്തിൽ ആണ് ഈ അണക്കെട്ട്. ചെമ്പ്ര കഴിഞ്ഞാൽ വയനാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ പർവ്വതമാണ് ബാണാസുരമല. ഇന്ത്യയിലെ മണ്ണു കൊണ്ടുള്ള ഏറ്റവും വലിയ അണക്കെട്ടും, ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടും ആണ് ഇത്. മലനിരകളുടെ താഴ്‌വാരയിൽ വ്യാപിച്ചു കിടക്കുന്ന നീലജലാശയമാണ് ബാണാസുര സാഗർ അണക്കെട്ട്. ഇതിനടുത്തായി ഉള്ള മനോഹരമായ മലകളിലേക്ക് സാഹസിക മലകയറ്റം നടത്തുവാനുള്ള ഒരു ഉത്തമ സ്ഥലം കൂടിയാണിവിടം.

രാവിലെ 9 മണിക്കാണിവിടെ പ്രവേശനം തുടങ്ങുന്നത് . പാർക്കിംഗ് കഴിഞ്ഞ് ടിക്കറ്റെടുത്ത് (adult 60 (Old 25 )Child 30 (Old 10 ),Camera 40) കുറച്ച് നടക്കുവാൻ ഉണ്ട്.. കുറേ കോളേജ് കുമാരന്മാരും കുമാരികളും dance പാട്ടുമായി തകർത്ത് നടക്കുന്നുണ്ട്. എല്ലാം ആസ്വദിച്ച് അവരുടെ പുറകെ ഞാനും നടന്നു . ഇടയ്ക്ക് അവരുടെ ഫോട്ടോഗ്രാഫറായും സഹായം . ജീപ്പ് (70 രൂപ 2 Adults +1 Kid Oneside ) / ട്രാവലറും (10/Person ആൾക്കാർ ഒരു വിധം ആയാലേ പോകൂ) ലഭ്യമാണ് ഡാമിന് മുകളിലേക്ക് .

മണ്ണ് കൊണ്ട് നിർമ്മിതമായ ഈ അണക്കെട്ടിനെ മാത്രമല്ല കാണാനുള്ളത് ഇന്ത്യയിലെ ആദ്യത്തെ ജലത്തിലെ ഫ്ളോട്ടിംഗ് സോളാർ പാനൽ ( 500 KW) , ഡാമിനു മുകളിൽ ടോപ്പ് കവർ പോലെ സോളാർ പാനലുകൾ – 440KW – ഒരു നടപ്പന്തൽ പോലെ തോന്നിപ്പിച്ചു .പ്രകൃതി രമണീയത – കാണാത്ത കാഴ്ചകൾ കാണാനുള്ള ജിജ്ഞാസ എന്നെ മുന്നോട്ട് നയിച്ചു .. പുൽമേട കൊണ്ട് പൊതിഞ്ഞ അണക്കെട്ട് , ആ പച്ചപ്പ് എന്നെ വല്ലാതെ സന്തോഷിപ്പിച്ചു .. പടികൾ കയറി കിതച്ചും അണച്ചും മുകളിലെത്തിയ ഞാൻ പറമ്പിക്കുളത്തിന് സമാനമായ അന്തരീക്ഷം കണ്ട് ആ മാമലകളുടെ ഭംഗി ആസ്വദിച്ച് ഒരുപാട് നേരം വിസ്മയിച്ച് നിന്നു .ബാണാസുര – കുറിച്യാർ മലനിരകൾ ഒരു വശത്ത് ജലാശയവും തീരങ്ങളിൽ പച്ചപ്പിൻ പുതപ്പും അവയെ പ്രണയിച്ച് മലനിരകളും ….. അവയെ മഞ്ഞ് പൊതിയുന്നത് കാണാൻ ഒരു സെപ്തംബർ / ഒക്ടോബർ മാസം വീണ്ടും വരണമെന്ന് മനസ്സിൽ ഉറപ്പിച്ചു .

കബിനി നദിയുടെ പോഷകനദിയായ കരമനത്തോടിനു കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് .1979-ലാണ് ഈ അണക്കെട്ട് നിർമ്മിച്ചത്. കക്കയം ജല വൈദ്യുത പദ്ധതിക്ക് ജലം എത്തിക്കുക എന്നതും വരണ്ട കാലാവസ്ഥയുള്ള ഈ പ്രദേശത്ത് ജലസേചനം, കുടിവെള്ളം എന്നിവ എത്തിക്കുക എന്നതുമാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ.ഡാമിൽ നിരവധി ചെറു ദ്വീപുകൾ കാണുവാൻ സാധിച്ചു .മുമ്പ് ആൾത്താമസം ഉണ്ടായിരുന്ന ഇടങ്ങളായിരുന്നു ഡാമിന് വശ്യ സൗന്ദര്യം നൽകുന്നതിൽ അവയും ഒരു പങ്ക് വഹിക്കുന്നു .

ഒരു ചെറിയ ലഘുഭക്ഷണശാല , ഉദ്യാനം , ജലവിനോദങ്ങൾ ,കുതിര സവാരി (2 വലിയ കുതിര + ഒരു ചെറിയ കുതിര ) ,കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി വന്മരങ്ങളിൽ നിറയെ ഊഞ്ഞാലുകൾ, ഫിഷ് സ്പാ ,ഒരു ചെറിയ മെഡിക്കൽ ക്ലിനിക്ക് … ഡാമിന് മുകളിലൂടെ നടക്കുമ്പോൾ സോളാർ പാനൽ പന്തലിട്ട പോലെ തലയ്ക്കു മീതെ .. വൈദ്യുതി സംഭരിച്ചു കൊണ്ടേയിരിക്കുന്നു . ഡാമിലെ കാര്യങ്ങൾക്കാവശ്യമായ വൈദ്യുതി ഇങ്ങനെ ഉത്പാദിപ്പിക്കുന്നു . അവിടെ നിന്നു ഡാമിലെ വെള്ളത്തിന് മീതെ കിടക്കുന്ന സോളാർ പാനലും കാണാം. ഇതാണ് ഇന്ത്യയിലെ ആദ്യത്തെ ഫ്ളോട്ടിംഗ് സോളാർ പദ്ധതി .

നിരവധി പക്ഷികൾ പാറി നടക്കുന്നു … സ്പീഡ് ബോട്ടും, കുട്ട വഞ്ചിയും , കയാക്കിങും എല്ലാം ഉണ്ട് … അമ്മുക്കുട്ടിയും ഞാനും അവിടെയാകെ ഓടി ചാടി മറഞ്ഞ് ആസ്വദിച്ച് കരിമ്പിൻ നീരും പഴംപൊരിയും കഴിച്ച് തിരികെ വീട്ടിലേക്ക് പുറപ്പെട്ടു ,അപ്പോഴേക്കും ഡാമിലേക്ക് വൻ ജനപ്രവാഹം തുടങ്ങിയിരുന്നു … ഇത്തവണത്തെ യാത്ര സമയത്തിലൂന്നിയായിരുന്നു – കൃത്യമായ സമയനിഷ്ഠയും അതിരാവിലെയുള്ള യാത്രകളും സ്ഥിരം റൂട്ട് മാറി സഞ്ചാരവും മൂലം ഓരോ യാത്രയിലും 2 – 3 മണിക്കൂറും കുറച്ചധികം കിലോ മീറ്ററുകളും ലാഭിക്കുവാൻ സാധിച്ചു. ഇന്ന് അണക്കെട്ട് പൂർത്തിയായെങ്കിലും ബാണാസുര സാഗർ പദ്ധതി പൂർത്തിയായിട്ടില്ല. കാരാപ്പുഴ ജലവൈദ്യുത പദ്ധതി പോലെ അപൂർണ്ണമായ അവസ്ഥയിലാണ് ഈ പദ്ധതിയും. നിരവധി ഡാമുകൾ കണ്ടിട്ടുണ്ടെങ്കിലും പ്രകൃതി മനോഹാരിത കൊണ്ട് ബാണാസുര എന്റെ ഹൃദയത്തിൽ പ്രിയ സ്ഥാനത്തേക്ക് കുടിയേറി കഴിഞ്ഞു ..

സായാഹ്നങ്ങൾ ചെലവിടാൻ ഉത്തമമാണിവിടം . മനസ്സില്ലാമനസ്സോടെ വിട പറഞ്ഞ് ഞങ്ങൾ ചെന്നു കയറിയത് മനോഹരമായ അച്ചൂർ-പൊഴുതന ടീ എസ്‌റ്റേറ്റിലാണ് … കാർ അതിലെ കടന്ന് പോയ നേരത്താണ് ചായത്തോട്ടങ്ങൾക്കിടയിലെ മനോഹരമായ പാലവും കനാലും ചങ്ങാടവുമെല്ലാം ഹൃദയം കവർന്നത് .. വേഗം വണ്ടി ഒതുക്കി നിർത്തി അങ്ങോട്ട് നടന്നു തുടങ്ങി .ഒരു പത്തു നിമിഷം ഹൃദയം കവർന്ന ആ കാഴ്ചകൾ എന്റെ ഹൃദയത്തിലേക്കും മൂന്നാം കണ്ണിലേക്കുമാവാഹിച്ച്; – മനസ്സിൽസുഖമുള്ള ഈ കാഴ്ചകളും ഓർമ്മകളും ഇന്ധനമാക്കി നിറച്ച് വീണ്ടും ജീവിതത്തിരക്കിലേക്കും പ്രാരാബ്ദത്തിലേക്കും വണ്ടി ഓടിച്ചു.

വിവരണം – ദിവ്യ. ജി. പൈ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply