വെല്ലുവിളികളെ തോൽപ്പിച്ച ഞങ്ങളുടെ മധുര-രാമേശ്വരം-ധനുഷ്കോടി യാത്ര…

ഞാനും  അശ്വതി മോഹന്‍ എന്ന എന്‍റെ കൂട്ടുകാരി അച്ചുവും കൂടി പോയ മൂന്നു ദിവസ യാത്രയാണിത്.. ഞങ്ങൾക്ക് മുന്നിൽ ഉയർന്ന വെല്ലുവിളികളെയും , നിരുത്സാഹപ്പെടുത്തലുകളെയും തോൽപിക്കാൻ കഴിഞ്ഞത് യാത്രയോടുള്ള ഇഷ്ടം കൊണ്ടും , ജയിച്ച് കാണിക്കണമെന്ന വാശികൊണ്ടും , പിന്നെ അതിനെല്ലാമുപരി എന്തിനും കൂടെ നിൽക്കുന്ന ചങ്ക് ഫ്രണ്ട്സുകളുടെ സപ്പോർട്ട് കൊണ്ടുമാണ്.
.
സെപ്റ്റംബർ 15 ന് കണ്ണൂരിൽ ഞാൻ പഠിച്ച കോളേജിൽ പോയി സർട്ടിഫിക്കറ്റ് വാങ്ങി അച്ചുവിനെ കാത്ത് നിൽക്കുമ്പോഴും ഉള്ളിൽ നിറയെ ഭയം ആയിരുന്നു… കക്ഷി സമയത്തിന് വന്ന് 3.30 നുള്ള മംഗലാപുരം – ചെന്നൈ എക്സ്സ്‌പ്രെസ്സിലെ ഏതോ ഒരു സീറ്റിൽ ഇരിക്കാൻ അവസരം കിട്ടിയപ്പോഴും മനസ്സിൽ നൂറായിരം ചോദ്യങ്ങൾ ഉയരുന്നുണ്ടായിരുന്നു ഞങ്ങൾക്ക് രണ്ട് പേർക്കും..

രണ്ടു പെൺകുട്ടികൾ ഒറ്റക്ക് , അതും രാമേശ്വരം – ധനുഷ്കോടിയിലേക്ക്..’ മനസ്സ് നിറയെ യാത്രക്ക് എതിര് പറഞ്ഞവരുടെ വാക്കുകളായിരുന്നു…
എന്നാലും ട്രെയിനിന്റെ വിൻഡോ സീറ്റിലൂടെ കാണുന്ന കാഴ്ചകൾ പിറകോട്ട് പോകുന്നത് കണ്ടിരിക്കാൻ കഴിഞ്ഞത് ഈ ഒരു യാത്ര ഒരിക്കലും ഒഴിവാക്കരുത് എന്ന് പറഞ്ഞ ഫ്രണ്ട്സുകളുടെ വാക്കുകൾ ഒന്ന് കൊണ്ട് മാത്രമാണ്…
.
രാത്രി ഈറോഡ് ഇറങ്ങിയിട്ട് ഈറോഡ് – മധുര കണക്ഷൻ ട്രെയിനിൽ കയറി. അതിൽ തിരക്ക് വളരെ കുറവായതിനാൽ ഒരു ഫാമിലി ഇരിക്കുന്ന സീറ്റ് കണ്ട് ബാക്കി യാത്ര അവരോടൊപ്പമായി.
രാവിലെ 6.30 ന് മധുരയിൽ എത്തിയപ്പോൾ ഞങ്ങളുടെ യാത്രയുടെ ആദ്യ ലക്ഷ്യം പൂർത്തിയാക്കിയ സന്തോഷത്തിലായിരുന്നു ഞങ്ങൾ..
.
#മധുരൈ
സ്റ്റേഷനിൽ തന്നെ 1 മണിക്കൂറിന് 20 രൂപ കൊടുത്ത് AC റൂമിൽ കയറി ഫ്രഷ് ആയി ഡ്രസ്സ് മാറ്റി നേരത്തെ നിശ്ചയിച്ചുറപ്പിച്ച വൈഗി നദിയുടെ തീരത്തുള്ള നാല് വലിയ ഗോപുരങ്ങളാൽ ഉയർന്നു നില്ക്കുന്ന മധുരമീനാക്ഷി ക്ഷേത്രത്തിലേക്കാണ് ആദ്യം പോയത്.

സമയം 8 മണി ആകുന്നതേ ഉണ്ടായിരുന്നുള്ളൂ , അതുകൊണ്ട് തന്നെ ക്ഷേത്രത്തിൽ തിരക്ക് ആയി വരുന്നതേ ഉള്ളൂ.. ചെറിയ ക്യൂ നിന്നതിന് ശേഷം ആയിരം കാൽ മണ്ഡപവും ( ആയിരം തൂണുകളാൽ നിർമ്മിച്ച മണ്ഡപം ) സപ്തസ്വരം കേൾക്കുന്ന തൂണും കണ്ട് തൂണിൽ ഒന്ന് കൊട്ടി നോക്കുകയും ചെയ്ത് അമ്പലത്തിന്റെ പുറത്തേക്ക് നടന്നു. ശേഷം അവിടെ അടുത്തുള്ള സ്വർണ താമര കുളവും കണ്ട് ഭക്ഷണം കഴിച്ച് ( മസാലദോശയും പിന്നെ മധുര സ്‌പെഷ്യൽ ജിഗർദ്ദണ്ഡ യും ) രാമേശ്വരം ട്രെയിൻ അന്യോഷിച്ചു.
.
6.30 , 11.30 , 17.00 എന്നീ സമയങ്ങളിലാണ് മധുര-രാമേശ്വരം ട്രെയിൻ ഉള്ളൂ എന്നറിഞ്ഞപ്പോൾ നേരെ ബസ്റ്റാന്റിലേക്ക് വിട്ട് രാമേശ്വരം ബസ്സ് കയറി.
.
പാമ്പൻപാലം ഇറങ്ങി അതിലൂടെ നടക്കണം എന്ന ആഗ്രഹം ഉള്ളതിനാൽ അവിടെ സ്റ്റോപ്പ് ഇല്ല എന്ന് അറിഞ്ഞപ്പോൾ ആ ബസ്സിൽ നിന്ന് ഇറങ്ങി മധുര-രാമന്തപുരം ബസ്സിൽ കയറി.
കടുത്ത കാറ്റും , നല്ല വെയിലും യാത്രയുടെ ക്ഷീണം വർധിപ്പിച്ചു. ബാഗിൽ കരുതിയിരുന്ന ഫ്രൂട്സും കഴിച്ച് ബസ്സിൽ ഒന്ന് മയങ്ങി. രാമന്തപുരം എത്തിയാൽ പറയണമെന്നു കണ്ടക്ടർ നോട് ഏല്പിച്ചിരുന്നു. അവിടെ എത്തിയപ്പോൾ അദ്ദേഹം ഞങ്ങളെ വിളിക്കുകയും അവിടുന്ന് രാമേശ്വരം ബസ്സ് കയറ്റിതരുകയും പാമ്പൻപാലത്തിന്റെ അവിടെ ഇറക്കാൻ ആ ബസ് ജീവനക്കാരോട് പറയുകയും ചെയ്തു.


.
#രാമേശ്വരം
4 മണിയോടെ പാമ്പൻപാലം എത്തി ആ ആഗ്രഹം നിറവേറ്റി. 8 km നടന്ന് തന്നെ കൊതിതീരുവോളം ആസ്വദിച്ച് കണ്ടു. കുറച്ച് നേരം ബീച്ചിൽ ഇറങ്ങി പിന്നീട് നേരെ പോയത് 10 കിലോമീറ്റർ അപ്പുറത്തുള്ള അബ്ദുൽ കലാമിന്റെ സ്മാരകത്തിലേക്ക് ആണ്.

5 മണിക്ക് ക്ലോസ് ചെയ്യുന്ന കലാം സമാതിയിൽ ഞങ്ങൾ എത്തുമ്പോൾ സമയം 4.45. പെട്ടെന്ന് തന്നെ കയറി വേഗത്തിൽ കാഴ്ചകൾ കണ്ട് പുറത്തിറങ്ങി. തിരിച്ച് രാമേശ്വരം ബസ്സിന് കാത്തുനില്കുമ്പോഴാണ് മനസ്സിലായത് ഇവിടെ നിന്ന് രാമേശ്വരം ബസ്സ് കിട്ടില്ല എന്ന്. ഷെയർ ടാക്സി വിളിച്ച് പോകുന്നതാണ് നല്ലത് എന്ന് അവിടെ ഉള്ളവർ പറഞ്ഞപ്പോൾ എന്തുചെയ്യണം എന്നറിയാതെ ഓരോ ഐസ്‌ക്രീമും കഴിച്ച് അവിടെ ഇരുന്നു. അപ്പോഴാണ് ഒരു അങ്കിളും ആന്റിയും കലാം സമാതി കാണാൻ അവിടെ എത്തിയത്. 5 മണി കഴിഞ്ഞതിനാൽ അവർക്ക് അവിടെ പ്രവേശിക്കാൻ പറ്റിയില്ല. സംസാരത്തിൽ നിന്ന് മലയാളികൾ ആണെന്ന് മനസ്സിലായതോടെ അവരെ പരിചയപ്പെട്ടു. അവരും രാമേശ്വരം പോവുകയാണ് എന്നറിഞ്ഞതും നമുക്ക് ഒപ്പം പോയാലോ എന്നായി ഞങ്ങൾ. പിന്നീട് രാമേശ്വരം വരെ അവരുടെ കൂടെ ആയി യാത്ര. അങ്കിൾ മിലിട്ടറി റിട്ടയേർഡ് ആണെന്നും തിരുവനന്തപുരം ആണ് വീട് എന്നും രണ്ടാളും കൂടി രാമേശ്വരം അമ്പലങ്ങൾ കാണാനും ആണ് വന്നിരിക്കുന്നത് എന്നും സംസാരത്തിൽ നിന്ന് അറിയാൻ സാധിച്ചു.

രാമേശ്വരം എത്തി അവരോട് യാത്രയും പറഞ്ഞ് ഞങ്ങൾ റൂം അന്യോഷിച്ച് നടക്കാൻ തുടങ്ങി. റൂമിന് നല്ല വില പറയും എന്നും തർക്കിച്ചാൽ കുറഞ്ഞ് കിട്ടും എന്നും ഫ്രണ്ട്സുകൾ ഓർമ്മപ്പെടുത്തിയിരുന്നു. 1500 – 1300 രൂപയാണ് 10 ലേറെ ഹോട്ടലുകൾ കയറി ഇറങ്ങിയിട്ടും വാടക പറഞ്ഞത്. തമിഴ് അറിയാവുന്നത് കൊണ്ട് തർക്കിക്കാൻ ഭാഷ ഒരു പ്രശ്നം ആയിരുന്നില്ല (അച്ചു കോയമ്പത്തൂർ പഠിക്കുന്നത് കൊണ്ട് അവൾക് നന്നായി തമിഴ് അറിയാം. എനിക്കും കൊഞ്ചം കൊഞ്ചം തമിഴ് തെരിയും).

അവസാനം ഒരു അമ്പലത്തിന്റെ അടുത്ത് 1200 രൂപ പറഞ്ഞ റൂം 600 രൂപക്ക് കിട്ടി. ഞങ്ങൾ 2 പെൺകുട്ടികൾ ഒറ്റക്ക് ട്രിപ്പ് വന്നതാണ് എന്നൊക്കെ കേട്ട് മനസ്സലിവ് തോന്നിയിട്ടാണ് അത്യാവശ്യം നല്ല ആ റൂം ഞങ്ങൾക്ക് കിട്ടിയത്. റൂമിൽ കയറി കുളിച്ച് ഫ്രഷ് ആയി സമയം ഉണ്ടായിരുന്നത് കൊണ്ട് അടുത്തുള്ള അമ്പലത്തിൽ പോയി. അവിടെ ട്രാഫികിൽ ഉണ്ടായിരുന്ന പോലീസുകാരനോട് ധനുഷ്കോടി പോകാനുള്ള ബസ് ഡീറ്റൈൽസ് ചോദിച്ചറിഞ്ഞു. 3 & 7 നമ്പർ ഉള്ള ബസ് ധനുഷ്കോടി സെന്റർ ലേക്ക് ആണ് എന്നും ബസ്റ്റോപ് കാണിച്ച് തന്ന് അവിടെ നിന്നാൽ മതി എന്നും പറഞ്ഞു.

ഹോട്ടലിൽ വന്നപ്പോൾ അവർ പറഞ്ഞു ഓട്ടോ വിളിച്ച് തരാം. 500 രൂപക്ക് അവിടെ കൊണ്ടുപോയി അമ്പലങ്ങളും എല്ലാം കാണിച്ചുതരും എന്നും പറഞ്ഞു. ചിലവ് കുറിച്ചുള്ള യാത്രയാണ് എന്ന് പറഞ്ഞ് ഇത് നിരസിച്ചപ്പോൾ അവരും പറഞ്ഞത് പോലീസുകാരൻ പറഞ്ഞ ബസ്സ് തന്നെയാണ്.

രാവിലെ 4 മണിക്ക് അലാറം അടിച്ചപ്പോഴും ബെഡിൽ നിന്ന് എണീക്കാൻ തോന്നിയില്ല.. യാത്രാ ക്ഷീണം ശരിക്കും വിട്ടുപോയിട്ടില്ലെങ്കിലും വലിയ സ്വപ്നം യാഥാർഥ്യമാക്കാൻ വേഗം എണീറ്റ് കുളിച്ച് നേരെ അമ്പലത്തിലേക്ക് പോയി.ഏത് ഡ്രസ്സ് വേണമെങ്കിലും ധരിച്ച് ഇവിടെ പ്രവേശിക്കാം.. അഗ്നിതീർത്ഥവും (അവിടെ അടുത്തുള്ള ബീച്ചിൽ പോയി മുങ്ങി കുളിച്ച് ഈറനണിഞ്ഞ് അമ്പലത്തിൽ വന്ന് പ്രാർത്ഥിക്കുക ) അമ്പലവും കണ്ട് പുറത്തിറങ്ങി.

തൊട്ടടുത്തുള്ള ബീച്ചിലേക്ക് നടക്കുമ്പോഴാണ് ‘ രാമർപാദം ‘ എന്ന അമ്പലത്തെകുറിച്ച് ഒരു ബോർഡിൽ കണ്ടത്. അതിൽ കാണിച്ച വഴികളിലൂടെ രാവിലെ 6.30 ന് നടക്കുമ്പോൾ അടുത്തുള്ള വീടുകളിലെ സ്ത്രീകൾ മുറ്റത്ത് കോലം വരക്കാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.. ഒരുപാട് നടന്നതിന് ശേഷമാണ് രാമർപാദം അമ്പലം എത്തിയത്. ചുറ്റുഭാഗവും മണലും പിന്നെ പന മരങ്ങൾ നിറഞ്ഞതുമായ ഒരു സ്ഥലത്ത് ഒരു ചെറിയ അമ്പലം. ഞങ്ങൾ എത്തുമ്പോൾ പൂജാരി വരെ എതിയിട്ടില്ലായിരുന്നു .അരമണിക്കൂറോളം അവിടെ ഇരുന്ന് വീണ്ടും തിരിച്ച് നടന്നു.

ലക്ഷ്മണതീർത്ഥം, രാമതീർത്ഥം സീതതീർത്ഥം എന്നിങ്ങനെ മൂന്ന് തീർത്ഥങ്ങൾ കൂടി സന്ദർശിച്ചു. മൂന്നിലും ശുദ്ധ വെള്ളം ആയിരുന്നെങ്കിലും രാമതീർത്ഥം കുറച്ച് പഴകിയ വെള്ള വും ഒരു പൗരാണിക അമ്പലവും ആയിരുന്നു. തിരിച്ച് റൂമിൽ എത്തി മസാലദോശയും കഴിച്ച് 9 മണിക്കുള്ള ധനുഷ്കോടി ബസ്സിൽ കയറി.

#ധനുഷ്കോടി
രാമേശ്വരത്ത് നിന്നും 1 മണിക്കൂറിന്റെ അടുത്ത് ബസ് യാത്രയുണ്ട് ധനുഷ്കോടിയിലേക്ക്. കണ്ണടപ്പിക്കും വിധത്തിലുള്ള പൊടിക്കാറ്റാണ് ഞങ്ങളെ ധനുഷ്കോടിയിലേക്ക് സ്വാഗതം ചെയ്തത്. ‘ ഇവിടെ നിൽക്കാൻ കഴിയുമെങ്കിൽ ഇറങ്ങിയാൽ മതി ‘ എന്ന് കണ്ടക്ടർ പറഞ്ഞപ്പോൾ ‘ ധനുഷ്കോടി കാണാനാ കേരളത്തിൽനിന്ന് ഇവിടം വരെ വന്നത് ‘ എന്നും പറഞ്ഞ് ബസ്സ് ഇറങ്ങി. കാറ്റിൽ മുടികളിൽ പറ്റിപ്പിടിച്ചിരുന്ന മണൽത്തരികൾ തട്ടിമാറ്റുമ്പോൾ ഞാൻ മനസ്സിലാക്കി.. ‘ ഇതുവരെ എന്റെ മനസ്സിലുണ്ടായിരുന്ന ചിത്രമല്ല യഥാർത്ഥ ധനുഷ്കോടിക്ക് എന്ന്.

പൊടിക്കാറ്റിനെ വകച്ചുമാറ്റി ആവും വിധത്തിൽ കാഴ്ചകളെ കണ്ട് മുന്നോട്ട് നടന്നു. ബലിദർപ്പണവും , ധനുഷ്കോടി നഗരവും , പിന്നെ ചില ജീവിതങ്ങളും. കണ്മുന്നിലൂടെ ചെറുകാഴ്ചകളായി മറഞ്ഞകലുമ്പോൾ ധനുഷ്കോടി എന്ന് കേട്ട് കേൾവിയുള്ള ആ നഗരത്തെ ഞാൻ മനസ്സിലാക്കുകയായിരുന്നു.

പഴയ ധനുഷ്കോടി യുടെ ആ ശേഷിപ്പുകൾ കാണാൻ അച്ചുവിന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പൊടിക്കാറ്റും പിന്നെ ഞങ്ങൾ ഒറ്റക്ക് ആയതുകൊണ്ടും ആ ആഗ്രഹത്തെ കാറ്റിൽ കളഞ്ഞ് തിരിച്ച് രാമേശ്വരം ബസ്സിൽ കയറി. പഴയ ധനുഷ്കോടിയിൽ ഒരു ഫാമിലി ഇറങ്ങുന്നത് കണ്ട് അവളുടെ ആഗ്രഹത്തിന് വീണ്ടും ചിറക് മുളച്ചു. പിന്നെ ഒന്നും ആലോചിച്ചില്ല , പെട്ടെന്ന് തന്നെ ചാടിയിറങ്ങി.

പണ്ട് ഒരിക്കൽ ധനുഷ്കോടിയിലെ ഡെവലപ്മെന്റ് സിറ്റി ആയിരുന്ന ഇവിടം ഇപ്പോൾ എങ്ങും പൊളിഞ്ഞ കെട്ടിടങ്ങൾ മാത്രമാണ് കാണാൻ സാധിക്കുക. പ്രകൃതിയുടെ വികൃതിയിൽ തകർത്തെറിഞ്ഞ അമ്പലങ്ങളും ഹോസ്പിറ്റലുകളും , കെട്ടിടങ്ങളും , വീടുകളും ആ വികൃതിയുടെ ഒരു അടയാള ശേഷിപ്പായി ഇന്നും ഇവിടെ അവശേഷിക്കുന്നു. ശരിക്കും പറഞ്ഞാൽ ഒരു പ്രേത നഗരം തന്നെ… ഒന്ന് സൂക്ഷിച്ച് നോക്കിയാൽ കാണാം ഇപ്പോഴും തന്റെ വിധികളെ തോല്പിക്കാണെന്നവണ്ണം വീടുകൾ തകർന്നിട്ടും അവിടം വിട്ട് പോകാതെ ഷെഡുകൾ കെട്ടിയുണ്ടാക്കി ജീവിക്കുന്ന ജീവിതങ്ങളെ…


.
#വീട്ടിലേക്ക്
തിരിച്ച് രാമേശ്വരം എത്തി 4.30 ന് റയിൽവേ സ്റ്റേഷൻ എത്തിയപ്പോൾ കണ്ണിൽ പതിഞ്ഞ ആ ബോർഡ് ഞങ്ങളോട് ഒന്ന് കൂടി വിളിച്ചുപറഞ്ഞു. ‘ നിങ്ങളുടെ കാഴ്ചകൾ അവസാനിച്ചിട്ടില്ല ‘ , അതെ ആ ബോർഡിൽ വലത്തോട്ടും ഇടത്തോട്ടും കാണിച്ച ആരോ മാർക്കിന് മുകളിലായി കലാമിന്റെ വീട് എന്നും കലാം ദർഗ എന്നും എഴുതിയിരിക്കുന്നു. ട്രെയിൻ വരാൻ അര മണിക്കൂർ കൂടി ഉള്ളതിനാൽ വലത്തോട്ട് കാലുകൾ ചലിപ്പിച്ചു.. നീല പെയിന്റ് അടിച്ച വീടാണ് എന്ന് അവിടെ കണ്ട കുട്ടികളോട് ചോദിച്ചപ്പോൾ പറഞ്ഞ്തന്നു.

കലാമിന്റെ വീട് ഇപ്പോൾ മ്യൂസിയം ആയിട്ടാണ് സംരക്ഷിച്ച് പോരുന്നത്. അദ്ദേഹത്തിന്റെ ഓരോ ജീവിത സാഹചര്യങ്ങളും അവിടെ അടയാളപ്പെടുത്തിയിട്ടുണ്ടായിരുന്നു. അവിടം കണ്ട് പെട്ടെന്ന് സ്റ്റേഷനിൽ വന്ന് ടിക്കറ്റ് എടുത്തപ്പോൾ ആണ് അറിയുന്നത് ട്രെയിൻ ഒരുമണിക്കൂർ ലേറ്റ് ആണെന്ന്. കേട്ടപ്പോൾ വിഷമത്തിലേറെ സന്തോഷമാണ് തോന്നിയത്. ഞങ്ങൾ ബാക്കിവെച്ച കലാം ദർഗ കൂടി കണ്ട് വന്ന് 6 മണിക്ക് പുറപ്പെട്ട ട്രെയിനിൽ മധുരയിലേക്ക് യാത്രയായി.

ആ യാത്രയിൽ കിട്ടിയ സൗഹൃദങ്ങളാണ് റിയാസും വിഷ്ണുവും. മധുരയിൽ ഇറങ്ങി അച്ചുവിന് പിറ്റേന്ന് എക്സാം ഉള്ളതിനാൽ അവൾ കോയമ്പത്തൂർ ട്രെയിനിൽ കയറി ഹോസ്റ്റലിലേക്കും ഞാൻ മംഗലാപുരം ട്രെയിനിൽ കയറി വീട്ടിലേക്കും യാത്രയായി…

ഫോട്ടോ കടപ്പാട് – റിയാസ്
വരികള്‍ – അഭിരാമി ആമി

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply