വിവരണം – യാഷിൻ മുഹമ്മദ്.
ഫ്രാൻസ്, ഐസ്ലാൻഡ്, നെതർലാണ്ട്, ഇറ്റലി, ഗ്രീസ് എന്നീ രാജ്യങ്ങളിലൂടെ കഴിഞ്ഞ വർഷം നടത്തിയ പതിനാറ് ദിവസങ്ങൾ നീണ്ട ഒരു സോളോ യാത്രയെക്കുറിച്ചാണ് ഞാനിവിടെ എഴുതുന്നത്. സ്വയം തയാറാക്കിയ യാത്രയായതിനാൽ ആദ്യഭാഗത്തിൽ യാത്രക്കുള്ള തയ്യാറെടുപ്പുകളെക്കുറിച്ചാണ് വിവരിക്കുന്നത്. ഓരോരുത്തരും ഓരോ രീതിയിലാവും യാത്രകൾ പ്ലാൻ ചെയ്യുന്നത്. ഞാൻ പ്ലാൻ ചെയ്ത രീതി ആർക്കെങ്കിലും ഏതെങ്കിലും വിധത്തിൽ ഉപകരിക്കുകയാണെങ്കിൽ വളരെ സന്തോഷം. ഈ പ്ലാനിങ്ങിൽ അബദ്ധങ്ങൾ പറ്റിയിരിക്കാം. ഇതിലും എത്രയോ മികച്ച ആശയങ്ങൾ നിങ്ങളുടെ കയ്യിലുണ്ടായിരിക്കാം. അവ പറഞ്ഞു തന്നാൽ എനിക്കും മറ്റുള്ളവർക്കും അടുത്ത യാത്രയിൽ ഉപകാരപ്പെടും.
മിഡിൽ ഈസ്റ്റിലെ ഒരു യാത്രാ ഏജൻസിയുടെ പരസ്യം കണ്ടാണ് യൂറോപ്പ് യാത്രക്കുള്ള ആഗ്രഹം മനസ്സിൽ ഉടലെടുക്കുന്നത്. കുഞ്ഞുനാളിലേ മനസ്സിലുടക്കിയ ഒരു സ്വപ്നമാണ് യൂറോപ്പിലേക്കൊരു യാത്ര. കണ്ടു മറന്ന സിനിമകളും, കേട്ട കഥകളും, മനസ്സിൽ പതിഞ്ഞ ചില ചിത്രങ്ങളും അതിന് പ്രചോദനമായിരിക്കാം. പക്ഷേ പാരീസ്, റോം, ഏതൻസ് എന്നീ സ്ഥലങ്ങളിലേക്കുള്ള ആ യാത്ര ചില സാങ്കേതിക കാരണങ്ങളാൽ എനിക്ക് യോജിക്കില്ല എന്ന് ആ ഏജൻസി അറിയിച്ചപ്പോൾ ഞാൻ വളരെ നിരാശനായി. ആ നിരാശയാണ് എന്നാൽ എന്തുകൊണ്ട് ഈ യാത്ര എനിക്ക് ഒറ്റക്ക് പ്ലാൻ ചെയ്ത് നടത്തിക്കുടാ എന്ന ആശയം മനസ്സിലുണർത്തിയത്.
ആദ്യം തീരുമാനിക്കേണ്ടത് എന്ന് പോകണമെന്നായിരുന്നു. പ്രവാസത്തിനിടയിലെ അവധിക്കാലം നേരത്തേ തീരുമാനിക്കപ്പെട്ടതിനാൽ അവിടെ ഒരു ആലോചന വേണ്ടി വന്നില്ല. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ലീവ്. ആ സമയങ്ങളിൽ യൂറോപ്പിൽ തണുപ്പ് കാലമാണ്. കൂടാതെ ഓഫ് സീസണുമാണ്. പക്ഷെ ഇനി വെക്കേഷൻ മാറ്റണമെങ്കിൽ പലരുടെയും കാല് പിടിക്കേണ്ടി വരും. എന്നാൽ തന്നെ ഒരുറപ്പുമില്ല. അതിനാൽ ആ സമയത്ത് തന്നെ യാത്ര ഉറപ്പിച്ചു. തണുപ്പ് കാലത്ത് പോകുന്നത് കൊണ്ട് രണ്ട് ഗുണങ്ങൾ വേറെയുമുണ്ട്. ഒന്ന്, താരതമ്യേന ചിലവ് കുറവായിരിക്കും. രണ്ട്, അവിടങ്ങളിൽ തിരക്കും കുറവായിരിക്കും.
ഒറ്റക്കുളള യാത്രകളോട് പണ്ടേ ഒരു ഇഷ്ടക്കൂടുതലുള്ളത് കൊണ്ട് വേറാരെയും ഈ യാത്രയിൽ കൂടെ കൂട്ടെണ്ടെന്ന് തീരുമാനിച്ചു. സ്വന്തം ഇഷ്ടങ്ങൾക്ക് അനുസരിച്ച്, ഒരെത്തും പിടിയുമില്ലാത്ത നാടുകളിൽ ചെന്ന് കറങ്ങുന്നതിന്റെ ത്രിൽ ആലോചിച്ചപ്പേഴേ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കേണ്ടി വന്നില്ല. യാത്രയുടെ രണ്ടു ദിവസം മുമ്പ് വരെ ഭാര്യക്കും ഫ്ലൈറ്റ് ടിക്കറ്റിനെക്കുറിച്ച് അന്വേഷിച്ച കസിനുമല്ലാതെ മറ്റാർക്കും ഒരു സൂചനയും നൽകിയില്ല.
ആദ്യം, സന്ദർശിക്കേണ്ട സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് തീരുമാനിക്കണം. പാരീസ്, റോം, ഏതൻസ് എന്നീ സ്ഥലങ്ങൾ ആദ്യമേ മനസ്സിലുറപ്പിച്ചിരുന്നു. പിന്നീട് ഏതൊക്കെ സ്ഥലങ്ങൾ കൂട്ടിച്ചേർക്കണമെന്നുള്ള അന്വേഷണമായി. അങ്ങിനെയാണ് നേരത്തേ എവിടെയോ കണ്ട ഫോട്ടോകളിലൂടെ മനസ്സിലുടക്കിയ ജർമ്മനിയിലെ ബ്ലാക്ക് ഫോറസ്റ്റിലേക്ക് അന്വേഷണമെത്തുന്നത്. കളർഫുള്ളായ, പ്രകൃതിരമണീയമായ ഒരു സ്ഥലമാണ് ബ്ലാക്ക് ഫോറസ്റ്റ്. പക്ഷെ കുടുതൽ അന്വേഷണങ്ങളിലേക്ക് കടന്നപ്പോഴാണ് മനസ്സിലായത്, തണുപ്പ് കാലത്ത് മഞ്ഞിൽ പുതഞ്ഞ് കിടക്കുന്നതിനാൽ ഈ മനോഹാരിത ആസ്വദിക്കാനാവില്ലെന്ന്.
വീണ്ടും തിരച്ചിലായി. ആ തിരച്ചിലിലാണ് ആകസ്മികമായി ഐസ്ലാൻഡിലെ ഐസ് കേവ്സിന്റെ ചില ചിത്രങ്ങൾ കണ്ണിലുടക്കിയത്. തുടർ അന്വേഷണത്തിൽ കൂടുതൽ മനോഹരങ്ങളായ ഐസ്ലാന്റിന്റെ അനേകം ചിത്രങ്ങളാണ് കയ്യിൽ ലഭിച്ചത്. അതോടെ തീരുമാനിച്ചു, മറ്റെവിടെയും പോയില്ലെങ്കിലും ഐസ്ലാൻറിൽ എങ്ങിനെയെങ്കിലും എത്തിപ്പെടണം. ഐസ്ലാന്റ് യുറോപ്യൻ യൂണിയനിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും ഷെങ്കൻ വിസ ഉപയോഗിച്ച് അങ്ങോട്ട് യാത്ര ചെയ്യാം എന്നുറപ്പിച്ചതോടെ ഫൈനൽ ലിസ്റ്റായി. പാരീസ്, ഐസ്ലാൻറ്, റോം, എതൻസ്. പക്ഷെ അവസാന നിമിഷങ്ങളിലെ കണക്കുകൂട്ടലുകൾക്കിടയിൽ പട്ടിക ഒന്നു കൂടി വികസിച്ചു. ഐസ് ലാൻറിൽ നിന്നും റോമിലേക്ക് ബുക്ക് ചെയ്തിരുന്ന വിമാനയാത്ര ചില സാങ്കേതിക കാരണങ്ങളാൽ മാറ്റേണ്ടി വന്നു. ആ യാത്ര ആംസ്റ്റർഡാം എയർപോർട്ട് വഴി ആക്കി. യാത്രാ ഷെഡ്യൂൾ ഒന്നുകൂടി പരതിയപ്പോൾ, ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ആംസ്റ്റർഡാമിൽ ഒരു ദിവസം കൂടി ലഭിക്കുമെന്ന് മനസ്സിലായി. ആംസ്റ്റർഡാം സിറ്റിയെ കുറിച്ച് ഒന്ന് പരതിയപ്പോൾ ഒരു ദിവസം കൊണ്ട് അവിടം ഒന്ന് കറങ്ങാമെന്ന് മനസ്സിലായതോടെ ആംസ്റ്റർഡാമും ലിസ്റ്റിൽ ഇടം പിടിച്ചു. അങ്ങിനെ പാരീസ്, ഐസ്ലാന്റ്, ആംസ്റ്റർഡാം, റോം, ഏതൻസ് എന്നീ സ്ഥലങ്ങളുൾപ്പെടുത്തിയ അവസാന ലിസ്റ്റ് തയ്യാറായി.
ഇനി ഓരോ സ്ഥലത്തും എന്തൊക്കെ സന്ദർശിക്കണമെന്ന് തീരുമാനിക്കണം. അവിടങ്ങളിലൊക്കെയുള്ള എല്ലാം കണ്ടിട്ടേ മടങ്ങു എന്നുണ്ടെങ്കിൽ ഈ ജൻമത്തിൽ ഒരു തിരിച്ച് വരവുണ്ടാകില്ല. അതു കൊണ്ട് ഓരോ സ്ഥലത്തേയും ആകർഷണങ്ങളുടെയും ആക്ടിവിറ്റികളുടെയും ലിസ്റ്റുകളുണ്ടാക്കാൻ തുടങ്ങി. ഇതിന് വേണ്ടി ഗൂഗിൾ, സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകൾ, ട്രിപ്പ് അഡ്വസർ, മേക്ക് മൈ ട്രിപ്പ് പോലുള്ള ട്രാവൽ സൈറ്റുകൾ, ഓരോ സ്ഥലത്തേയും ഒഫീഷ്യൽ ടൂറിസം സൈറ്റുകൾ, ട്രാവൽ ബ്ലോഗുകൾ എന്നിവയുടെയെല്ലാം സഹായം തേടി. പിന്നീട് ഈ ലിസ്റ്റുകൾ എന്റെ താൽപര്യങ്ങൾക്കും അഭിരുചിക്കുമനുസരിച്ച് വെട്ടിച്ചുരുക്കി. അങ്ങിനെ ഓരോ സ്ഥലത്തും കാണേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങളുടെ അവസാന ലിസ്റ്റ് തയ്യാറാക്കി.
നേരത്തെ തയ്യാറാക്കിയ ലിസ്റ്റിലെ സ്ഥലങ്ങളെല്ലാം ഗൂഗിൾ മാപ്പിൽ ലേബൽ ചെയ്തു വച്ചു. ഈ ലേബൽ ചെയ്ത് വെച്ച സ്ഥലങ്ങൾ, മാപ്പിൽ നോക്കി അവയുടെ ലൊക്കേഷനും, അവ തമ്മിലുള്ള ദൂരവും നോക്കി, ഓരോ ദിവസത്തേയും ഷെഡ്യൂൾ തയ്യാറാക്കാൻ സഹായിക്കുന്ന രീതിയിൽ ക്രമനമ്പറിട്ട് മറ്റൊരു ലിസ്റ്റുണ്ടാക്കി. കുടെ വെതർ ഫോർകാസ്റ്റിംഗ് സൈറ്റുകളുടെ സഹായത്തോടെ ഓരോ സ്ഥലത്തേയും സൂര്യോദയ അസ്തമയ സമയങ്ങളും, പകൽ ദൈർഘ്യവും, അവിടങ്ങളിലെ താപനിലയും മനസ്സിലാക്കി. യൂറോപ്പിൽ വിന്ററിൽ പകലിന്റെ ദൈർഘ്യം കുറവും, സമ്മറിൽ കൂടുതലുമായിരിക്കും. പിന്നീട് ഓരോ സന്ദർശന സ്ഥലങ്ങളിലും ഏകദേശം എത്ര സമയം ചിലവിടേണ്ടി വരുമെന്ന് നേരത്തെ പറഞ്ഞ സങ്കേതങ്ങളുടെ സഹായത്തോടെ ഒരു ധാരണയുണ്ടാക്കി. അടുത്തതായി ഗൂഗിൾ മാപ്പിൽ ലേബൽ ചെയ്ത് വെച്ച സ്ഥലങ്ങൾ തമ്മിലുള്ള യാത്രാമാർഗ്ഗങ്ങൾ ആരാഞ്ഞു. ഓരോ സ്ഥലത്തേയും മെട്രോ, ട്രാം, ബസ് തുടങ്ങിയവയുടെ വിശദവിവരങ്ങൾ ( ചാർജ്, സമയക്രമം, സിറ്റി മാപ്പ്, എനിക്ക് പോകേണ്ട സ്ഥലങ്ങളുടെ അടുത്തുള്ള സ്റ്റോപ്പുകൾ തുടങ്ങിയവ) രേഖപ്പെടുത്തി.
നടന്ന് പോകാൻ കഴിയുന്ന സ്ഥലങ്ങളിലെല്ലാം നടന്നു പോകണമെന്നും, ദൂരസ്ഥലങ്ങൾ മാത്രം വാഹനത്തിൽ പോയാൽ മതിയെന്നും നേരത്തെ തീരുമാനിച്ചിരുന്നു. അങ്ങിനെയായാൽ പരമാവധി സ്ഥലങ്ങളും തെരുവുകളും നടന്ന് കാണാമല്ലോ. ഇതു പ്രകാരം ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് പോകാനുള്ള സമയം കണക്കാക്കി. കൂടാതെ എല്ലാ സ്ഥലത്തും ഒരു അര മണിക്കൂർ കൂടി അവിചാരിതമായി നേരിടേണ്ടി വന്നേക്കാവുന്ന സമയ നഷ്ടങ്ങൾക്ക് വേണ്ടി എക്സ്ട്രാ കണ്ടു വെച്ചു. ഇവയെല്ലാം പ്രകാരം ( സന്ദർശന സ്ഥലങ്ങളിൽ ചിലവഴിക്കേണ്ട സമയവും, അവിടുന്ന് അടുത്ത സ്ഥലത്തേക്ക് പോകാനുള്ള സമയവും) ഓരോ ദിവസവും വലിയ ആയാസമില്ലാതെ സന്ദർശിക്കാവുന്ന സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കി. അതിൻ പ്രകാരം ഓരോ ഡെസ്റ്റിനേഷനിലും മൊത്തം എത്ര ദിവസം ചിലവഴിക്കണമെന്ന് ധാരണയായി. എന്റെ ആഗ്രഹങ്ങളും താൽപര്യങ്ങളും പ്രകാരം പാരീസ് – 3 ദിവസം, ഐസ്ലാൻഡ് – 6 ദിവസം, റോം- 3 ദിവസം, ഏതൻസ് – 3 ദിവസം എന്നിങ്ങനെ പതിനഞ്ച് ദിവസമാണ് മൊത്തം യാത്രക്ക് കണക്കാക്കിയത്. പിന്നീട് ആംസ്റ്റർഡാമിൽ ഒരു ദിവസം കൂടി കൂട്ടി അത് പതിനാറ് ദിവസമായി.
ഇത്രയുമായപ്പേഴേക്കും വിസക്ക് അപേക്ഷിക്കാനുള്ള ആത്മവിശ്വാസമായി. ആദ്യം അന്വോഷിച്ചത് ഏത് രാജ്യത്തിന്റെ എംബസ്സിയിൽ അപേക്ഷിക്കണമെന്നുള്ളതാണ്. ഷെങ്കൻ വിസ കൊണ്ട് ഈ രാജ്യങ്ങളിലെല്ലാം പോകാം എന്നുള്ളത് കൊണ്ട് ഏതെങ്കിലും ഒരു രാജ്യത്തിന്റെ എംബസ്സിയിൽ നിന്ന് വിസ എടുത്താൽ മതിയല്ലോ. അത് എവിടെ നിന്നാകണമെന്നുള്ളതാണ് അടുത്ത ചോദ്യം. അതിന് പല ഉത്തരങ്ങളും ലഭിച്ചു. ഒന്ന്, ഏത് രാജ്യത്താണൊ ആദ്യം ഇറങ്ങുന്നത് അവിടെ നിന്ന് വിസ എടുക്കുക. മറ്റൊന്ന്, ഏത് രാജ്യത്താണോ എറ്റവും കൂടുതൽ ദിവസം തങ്ങുന്നത് ആ രാജ്യത്തിന്റെ എംബസ്സിയിൽ നിന്ന് വിസ എടുക്കുക. വേറൊന്ന്, ഏത് രാജ്യത്ത് നിന്ന് വിസ എടുത്താലും ഷെങ്കൻ വിസയായതിനാൽ ഷെങ്കൻ രാജ്യങ്ങളിൽ എവിടെയും ഇറങ്ങാം. അടുത്തത്, അപേക്ഷയിൽ ആദ്യം ഇറങ്ങുന്ന രാജ്യം ഏതാണോ കാണിച്ചിരിക്കുന്നത്, അവിടെ നിന്ന് അപേക്ഷിക്കുക, പിന്നീട് വിസ കിട്ടിക്കഴിഞ്ഞാൽ ആദ്യം എവിടെ ഇറങ്ങുന്നതിനും, എവിടെ പോകുന്നതിനും പ്രശ്നമില്ല.
ഒരു പാട് അന്വേഷിച്ചെങ്കിലും എനിക്ക് ഒരു അവസാന ഉത്തരത്തിലേക്ക് എത്താനായില്ല. ഈ പ്രശ്നങ്ങളെല്ലാം ആദ്യമായി പോകുമ്പോഴേ ഉള്ളൂ, പിന്നീട് പോകുമ്പോൾ ഈ പറഞ്ഞ പ്രശ്നങ്ങളെല്ലാം ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. എന്തായാലും ഞാൻ ആദ്യം പോകാനുദ്ദേശിച്ച ഫ്രാൻസിന്റെ എംബസിയിൽ നിന്ന് വിസക്ക് അപേക്ഷിക്കാൻ തീരുമാനിച്ചു. ഓരോ രാജ്യത്തിനുമുള്ള അപേക്ഷയിലും ഡോക്യുമെന്റ്സിലും ചെറിയ ചെറിയ വ്യത്യാസങ്ങളുണ്ടാവാം. ഞാൻ അന്ന് കുവൈത്തിലായിരുന്നത് കൊണ്ട് അവിടെയുള്ള ഫ്രഞ്ച് എംബസിയിലാണ് അപേക്ഷ നൽകേണ്ടത്. അവരത് കപാഗോ എന്ന ഒരു ഏജൻസിക്ക് ഔട്ട്സോഴ്സ് ചെയ്തിരിക്കുകയാണ്. വിസക്ക് അപേക്ഷിക്കാനുള്ള ഡോക്യുമെന്റ്സുകൾ ഇനി പറയുന്നവയാണ്.
1.ഒറിജിനൽ പാസ്സ്പോർട്ട്. 2.ഷെങ്കൻ അപ്ലിക്കേഷൻ ഫോം (വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം). 3.രണ്ട് കളർ ഫോട്ടോ. 4.ട്രാവൽ ഇൻഷുറൻസ് (മിനിമം 30,000 യൂറോക്കുള്ളത്, യാത്രാ സമയം മുഴുവൻ കവർ ചെയ്യണം. ഓൺലൈനിലൂടെ ക്രെഡിറ്റ് കാർഡിന്റെ സഹായത്തോടെ എളുപ്പത്തിൽ ചെയ്യാവുന്നതാണ്. ചില ബാങ്കുകൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സൗജന്യമായും ട്രാവൽ ഇൻഷുറൻസ് നൽകുന്നുണ്ട്). 5.താമസ രേഖ (എവിടെയൊക്കെ പോകുന്നോ അവിടെയെല്ലാം താമസിക്കാൻ പോകുന്ന ഹോട്ടലുകളുടെ പേരും അഡ്രസ്സും. റിസർവേഷൻ നിർബന്ധമില്ല).. 6.കൺഫേർമ്ഡ് റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റ് (പിന്നീട് അവിടുന്ന് വേറേതെങ്കിലും സ്ഥലത്തോട്ടോ, രാജ്യത്തോട്ടോ പോകുന്നുണ്ടെങ്കിൽ അങ്ങോട്ടുള്ള ടിക്കറ്റും കൂടെ വേണം (ഫ്ലൈറ്റ്, ട്രെയിൻ, ബസ്സ് etc). 7.ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് (ഇത്ര തുക ഉണ്ടാകണമെന്നില്ല. പക്ഷെ തുടർച്ചയായ ക്രയവിക്രയങ്ങൾ നടക്കുന്നതും, നമുക്ക് യാത്രക്ക് ആവശ്യമായ സാമ്പത്തികമുണ്ടെന്നും അവർക്ക് ബോധ്യപ്പെടുകയും വേണം). 8.ജോലി സംബന്ധമായ പ്രൂഫും, വർക്ക് പെർമിറ്റും (ഞാൻ ഒരു സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നതിനാൽ, അവിടുന്ന് കിട്ടിയ സാലറി സർട്ടിഫിക്കറ്റ് മാത്രമേ നൽകിയുള്ളു).
ഇത്രയും ഡോക്യുമെന്റ്സും പൂരിപ്പിച്ച അപേക്ഷാ ഫോമുമായി ഞാനവരുടെ ഓഫീസിലെത്തി. കൗണ്ടറിലുണ്ടായിരുന്നത് ഒരു മലയാളി. അദ്ദേഹം ഞാൻ കൊണ്ടുചെന്ന അപേക്ഷ പരിശോധിച്ച ശേഷം തിരിച്ചു തന്നു. എന്റെ ബാങ്ക് സ്റ്റേറ്റ്മെന്റിൽ ആറ് മാസത്തിന് മൂന്ന് ദിവസത്തെ കുറവുണ്ടായിരുന്നു. ഞാൻ സ്റ്റേറ്റ്മെന്റ് ബാങ്കിൽ നിന്നെടുത്തപ്പോഴേ അവിടുത്തെ അറബിയോട് ഇത് സൂചിപ്പിച്ചിരുന്നു. പക്ഷെ അയാളത് മൈൻഡ് ചെയ്തില്ല. മൂന്ന് ദിവസമല്ലെ എന്ന് കരുതി ഞാനും അത് കാര്യമാക്കിയില്ല. പക്ഷെ ഇപ്പോഴത് ഇരട്ടിപ്പണിയുണ്ടാക്കി.
കൂടാതെ ഞാൻ ഡമ്മി റിട്ടേൺ ടിക്കറ്റുമായാണ് പോയത്, അതു മാറ്റി കൺഫേം ടിക്കറ്റാക്കാനും അയാൾ ഉപദേശിച്ചു. മടങ്ങാൻ നേരം ഒരു കാര്യം കൂടി അയാൾ പറഞ്ഞു. ഞാൻ അപേക്ഷ തയ്യാറാക്കിയത്, പോകുന്ന അഞ്ചു രാജ്യങ്ങളുടെയും വിവരങ്ങൾ വെച്ചാണ്. അതു മാറ്റി എന്റെ മൊത്തം യാത്രാ ദിവസത്തേക്ക് പാരീസിൽ മാത്രം നിൽക്കുന്നതായി കാണിച്ച് അപേക്ഷ തയ്യാറാക്കാൻ ഉപദേശിച്ചു. ഷെങ്കൻ വിസ ലഭിച്ചു കഴിഞ്ഞാൽ പിന്നെ മറ്റു ഷെങ്കൻ രാജ്യങ്ങളിലേക്ക് പോകുന്നതിന് ഒരു പ്രശ്നവുമില്ലല്ലോ.
അങ്ങിനെ അന്നു തന്നെ പുതിയ ബാങ്ക് സ്റ്റേറ്റ്മെന്റും, കൺഫേം റിട്ടേൺ ടിക്കറ്റും സംഘടിപ്പിച്ചു. പുതിയ അപേക്ഷ തയ്യാറാക്കുവാൻ എളുപ്പവുമായിരുന്നു. കാരണം, ഒരൊറ്റ ഹോട്ടൽ അഡ്രസ്സും, പാരീസിലോട്ടും തിരിച്ചുമുള്ള ടിക്കറ്റും മാത്രം കാണിച്ചാൽ മതിയല്ലോ, മറ്റു രാജ്യങ്ങളിലേക്കുള്ള താമസ, യാത്രാ വിവരങ്ങൾ കാണിക്കേണ്ടതില്ല. ആകെ പതിനഞ്ച് ദിവസത്തേക്കുള്ള വിസക്കാണ് അപേക്ഷിച്ചത്. വിസ അപേക്ഷക്ക് എംബസ്സി ചാർജ്ജ് 3,700 രൂപയുള്ളുവെങ്കിലും ഏജൻസി ചാർജ്ജ് 2000 രൂപയും കൂടി ഏകദേശം 5,700 രൂപ (28 KD) ആണ് ചിലവായത്. അന്ന് തന്നെ അപേക്ഷ സമർപ്പിച്ച് റസീപ്റ്റുമായി മടങ്ങി.
എന്നാൽ പിറ്റേ ദിവസം തന്നെ, അതായത് 24 മണിക്കൂറിനുള്ളിൽ എജൻസിയിൽ നിന്ന് മെയിൽ വന്നു. എംബസ്സിയിൽ നിന്ന് പാസ്സ്പോർട്ട് തിരിച്ചെത്തിയിട്ടുണ്ട് എന്ന് പറഞ്ഞ്. വിസ അടിച്ചിട്ടുണ്ടോ എന്ന് അവർക്ക് അറിയില്ല. കാരണം എംബസ്സിയിൽ നിന്ന് അയച്ച കവർ നമ്മുടെ കയ്യിൽ കിട്ടിയതിന് ശേഷമേ തുറക്കാവൂ. ഇത്ര വേഗം പാസ്സ്പോർട് തിരിച്ചെത്തിയതിനാൽ അപേക്ഷ നിരസിക്കപ്പെട്ടെന്ന് എനിക്ക് മനസ്സിലായി. അത് കൊണ്ട് അന്ന് ഞാൻ പാസ്സ്പോർട്ട് സ്വീകരിക്കാൻ ചെന്നില്ല. അടുത്ത ദിവസങ്ങൾ വെള്ളി, ശനി അവധി ദിനങ്ങളായതിനാൽ പിന്നെയും രണ്ട് ദിവസങ്ങൾ കഴിഞ്ഞാണ് ഞാനവിടെ ചെന്നത്. പക്ഷെ അന്ന് അവരുടെ റിസീപ്റ്റ് കൊണ്ട് ചെല്ലാത്തതിനാൽ അവർ പാസ്സ്പോർട്ട് തന്നില്ല. അവർ അക്കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും ഞാൻ മറന്ന് പോയതാണ്. പിറ്റേ ദിവസം റിസീപ്റ്റുമായി ചെന്ന് പാസ്പോർട്ട് കൈക്കലാക്കി. പ്രതീക്ഷകളില്ലാതെ പാസ്പോർട്ട് തുറന്ന എനിക്ക് കാണാനായത് 20 ദിവസത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസയാണ്. വിസ കയ്യിൽ കിട്ടിയതോടെ ആവേശം പതിൻമടങ്ങ് വർദ്ധിച്ചു.
അടുത്തതായി വിമാന ടിക്കറ്റ് ബുക്ക് ചെയ്യലായിരുന്നു. ഫ്ലൈറ്റ് സെർച്ചിന് വേണ്ടി പ്രധാനമായും ഉപയോഗിച്ചത് സ്കൈ സ്കാനർ എന്ന അപ്ലിക്കേഷനായിരുന്നു. അതിൽ നിന്ന് ഏറ്റവും കുറഞ്ഞ റേറ്റ് ഏത് ഏജൻസി വഴിയാണോ, പിന്നീട് ആ സൈറ്റിൽ പോയി ബുക്ക് ചെയ്യുകയാണുണ്ടായത്. ഒരു ടിക്കറ്റൊഴികെ മറ്റെല്ലാം ഡയറക്റ്റ് വിമാനക്കമ്പനിയുടെ സൈറ്റിൽ നിന്നാണ് ബുക്ക് ചെയ്തത്. രണ്ട് ടിക്കറ്റുകൾക്ക് അവസാന നിമിഷങ്ങളിലെ ചില പ്രശ്നങ്ങൾ നിമിത്തം ട്രാവൽ ഏജന്റായ കസിന്റെ സഹായം തേടേണ്ടി വന്നു.
കുവൈത്തിൽ നിന്ന് പാരിസിലേക്കുള്ള ടിക്കറ്റ് ഗൾഫ് എയറിൽ നിന്നായിരുന്നു എടുത്തിരുന്നത്. ടിക്കറ്റെടുക്കാൻ വൈകിയത് കൊണ്ട് നേരത്തെ അവൈലബിൾ ആയിരുന്ന നിരക്കിനേക്കാർ ഇരട്ടി നൽകിയാണ് ഈ ടിക്കറ്റെടുത്തത്. അതു കൊണ്ട് ടിക്കറ്റ് കഴിയുന്നതും നേരത്തെ എടുത്തു വെക്കാൻ ശ്രമിക്കുക. പക്ഷെ എനിക്കിവിടെ ചെറിയ ഒരു ഭാഗ്യം കടാക്ഷിച്ചു. അവിചാരിതമായി കണക്കു കൂട്ടി വെച്ചിരുന്ന വെക്കേഷന് രണ്ടാഴ്ച മുമ്പ് ചില വ്യക്തിഗത ആവശ്യങ്ങൾക്കായി നാട്ടിലേക്ക് പോരേണ്ടി വന്നു. അതിനാൽ തന്നെ കുവൈത്ത് – പാരീസ് ടിക്കറ്റ് ക്യാൻസൽ ചെയ്ത്, ഖത്തർ എയർവേഴ്സിന്റെ കൊച്ചി – പാരീസ് ടിക്കറ്റ് എടുക്കേണ്ടി വന്നു. യാത്രയുടെ ദിവസങ്ങൾ മുമ്പ് മാത്രം ആ ടിക്കറ്റ് എടുത്തിട്ടും, ഗൾഫ് എയറിന്റെ ക്യാൻസലേഷൻ ചാർജ്ജ് കഴിച്ച് എനിക്ക് നല്ലൊരു തുക തിരിച്ച് കിട്ടി. നേരത്തേ തയ്യാറാക്കി വെച്ചിരുന്ന പ്ലാൻ പ്രകാരം മൂന്ന് ദിവസത്തിന് ശേഷം ഐസ് ലാൻഡിലേക്കാണ് അടുത്ത ടിക്കറ്റ് എടുത്തത്. ഐസ് ലാൻഡിന്റെ ബഡ്ജറ്റ് എയർലൈനായ wow എയർലൈൻസിലാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. അവരുടെ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയാണെങ്കിൽ ബുക്കിംഗിനും പിന്നീട് എയർപോർട്ടിലും എല്ലാം അത് ഉപകാരപ്പെടും.
ഐസ്ലാൻഡിൽ നിന്നും റോമിലേക്കുള്ള ടിക്കറ്റ് എടുത്തത് ബ്രിട്ടീഷ് എയർവേയ്സിന് ഒരു തേർഡ് പാർട്ടി ഓൺലൈൻ ട്രാവൽ ഏജൻസിയിൽ നിന്നായിരുന്നു. ആ ഫൈറ്റ് ലണ്ടനിലെ ഹീത്രു എയർപോർട്ട് വഴി ട്രാൻസിറ്റ് ചെയ്താണ് പോകുന്നത്. യാത്രയുടെ മുമ്പുള്ള അവസാന ഘട്ട പുന:പരിശോധനയിൽ ചില സംശയങ്ങൾ തോന്നി. കാരണം ഹീത്രു എയർപോർട്ടിൽ എനിക്ക് ഓവർനൈറ്റ് സ്റ്റെയ് ഉണ്ട്. തലേ ദിവസം വൈകിട്ട് എട്ടിന് ഇറങ്ങിയാൽ പിറ്റേന്ന് രാവിലെ ആറ് മണിക്കാണ് ഞാൻ പുറപ്പെടുന്നത്. കൂടുതൽ അന്വേഷണങ്ങളിൽ നിന്ന് (ഹീത്രൂ എയർപോർട്ട് കസ്റ്റമർ കെയറുമായും ബ്രിട്ടീഷ് എയർവെയ്സുമായുമെല്ലാം ഇതിന് വേണ്ടി ഇ മെയിലിലൂടെ ബന്ധപ്പെട്ടു.) ഈയൊരു ട്രാൻസിറ്റിന് വേണ്ടി മാത്രമായി ഞാൻ യുകെ വിസ എടുക്കേണ്ടി വരുമെന്ന് മനസ്സിലായി. ഇന്ത്യൻ നാഷണൽ ആയത് കൊണ്ട് ഓൺ അറൈവൽ വിസയും കിട്ടില്ല. രാത്രിയിൽ തങ്ങുന്നത് കൊണ്ട് മാത്രമാണ് ഈ പ്രശ്നമെന്നാണ് എനിക്ക് മനസ്സിലായത്. അതിന് അവർ പറഞ്ഞ് തന്ന കാരണം രാത്രി പന്ത്രണ്ട് മണിക്ക് ശേഷം എയർ സൈഡിൽ നിന്ന് ലാൻഡ് സൈഡിലേക്ക് മാറ്റുമ്പോൾ എമിഗ്രേഷൻ ഫോർമാലിറ്റീസ് ചെയ്യേണ്ടി വരുമെന്നതാണ്. ടെക്നിക്കൽ കാര്യങ്ങളൊന്നും കൂടുതൽ മനസ്സിലായില്ലെങ്കിലും, ഇതിന് വേണ്ടി മാത്രം ഒരു യു കെ വിസക്ക് അപേക്ഷിക്കുന്നത് പ്രായോഗികമല്ല എന്ന് മനസ്സിലായി.
അതോടെ ആ ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ തീരുമാനിച്ചു. അതിന് വേണ്ടി വിമാനക്കമ്പനിയോട് ബന്ധപ്പെട്ടപ്പോൾ തേർഡ് പാർട്ടിയിലൂടെ എടുത്ത ടിക്കറ്റായതിനാൽ അവർക്കേ ക്യാൻസൽ ചെയ്യാൻ പറ്റുകയുള്ളു എന്ന് അറിയിച്ചു. ട്രാവൽ ഏജൻസിയുടെ റൂൾസ് ആൻഡ് റെഗുലേഷൻസ് നോക്കിയപ്പോൾ, അതിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് ക്യാൻസലേഷന് റീഫണ്ടിംഗ് ഇല്ലാ എന്ന്. നൂറിലധികം പൗണ്ട് കൊടുത്ത് എടുത്ത ടിക്കറ്റാണ്. വീണ്ടുവിചാരമില്ലായ്മ കൊണ്ട് അത് നഷ്ടപ്പെട്ടെന്ന് മനസ്സിലായി. എന്തായാലും ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ വേണ്ടി അവർക്ക് മെയിൽ അയച്ചു. അതിന് മറുപടി വന്നത് ക്യാൻസലേഷൻ നേരിട്ട് ഫോണിലൂടെ സംസാരിച്ചേ സാധ്യമാകൂ എന്നാണ്. വേറെ വഴിയില്ലല്ലോ എന്ന് വിചാരിച്ച് അവരുടെ ലണ്ടനിലുള്ള ഓഫീസിലേക്ക് ഫോൺ ചെയ്തു. നീണ്ട സംഭാഷണങ്ങൾക്കൊടുവിൽ ടിക്കറ്റിലെ ടാക്സ് തുക തിരിച്ച് കിട്ടുമെന്ന് മനസ്സിലായി. പക്ഷെ അതിന് ക്യാൻസലേഷൻ ചാർജ്ജായി 25 പൗണ്ട് ആദ്യം അടക്കണം. കണക്കു കൂട്ടലുകൾക്കൊടുവിൽ എന്തോ ഒരു ചെറിയ സംഖ്യ തിരിച്ച് കിട്ടുമെന്ന് കണ്ട് ക്യാൻസലേഷന് സമ്മതിച്ച് 25 പൗണ്ട് അടച്ചു. ചെയ്ത മണ്ടത്തരമാലോചിച്ച് സങ്കടപ്പെട്ടിരിക്കുമ്പോൾ, മൂന്ന് ദിവസത്തിന് ശേഷം ടിക്കറ്റ് ചാർജിന്റെ 15 ശതമാനം മാത്രം കുറച്ച്, ബാക്കി മുഴുവൻ ടിക്കറ്റ് ചാർജ്ജും തിരിച്ച് അക്കൗണ്ടിൽ കയറിയിരിക്കുന്നു. എന്താണ് സംഭവിച്ചത് എന്നറിയാതെ “ഇതിപ്പോ ലാഭായല്ലോ” എന്നോർത്ത് ഇരിക്കുമ്പോഴാണ്, വീണ്ടും രണ്ട് ദിവസം കഴിഞ്ഞപ്പോ ക്യാൻസലേഷൻ ചാർജ്ജായ 25 പൗണ്ടും തിരികെ അക്കൗണ്ടിലെത്തിയിരിക്കുന്നു. ഇതിപ്പോ എനിക്ക് ഭ്രാന്തായതാണോ, അതോ അവർക്ക് ….
ഇനിയിപ്പോ റോമിലേക്ക് പുതിയ ടിക്കറ്റെടുക്കണം. സമയം വൈകിയതിനാൽ ടിക്കറ്റിനെല്ലാം ഒടുക്കത്തെ റേറ്റ്. മാപ്പും തുറന്ന് വെച്ച് മറ്റു വഴികൾ ഒന്നു പരതിയപ്പോഴാണ് ഒരു ആശയം തെളിഞ്ഞ് വന്നത്. ഷെങ്കൻ വിസ കയ്യിലുള്ളത് കൊണ്ട് മറ്റേതെങ്കിലും യൂറോപ്യൻ രാജ്യത്ത് കൂടെ ട്രാൻസിറ്റ് അടിച്ച് പോകാം. യൂറോപ്പിലെ ആഭ്യന്തര വിമാന സർവ്വീസുകൾ വളരെ ചീപ്പുമാണ്. ആ തിരച്ചിലിലാണ് ഐസ്ലാൻഡിൽ നിന്നും നെതർലാണ്ടിലെ ആംസ്റ്റർഡാമിലേക്ക് എനിക്ക് പോകേണ്ട ദിവസം കുറഞ്ഞ നിരക്കിൽ ടിക്കറ്റുണ്ടെന്ന് മനസ്സിലായത്. ഒന്നുകൂടി ചികഞ്ഞ് നോക്കിയപ്പേഴാണ് യാത്രയിൽ ചെറിയ ചില വ്യത്യാസങ്ങൾ വരുത്തിയാൽ ആംസ്റ്റർഡാമിൽ ട്രാൻസിറ്റിന് പകരം ഒരു ദിവസം താമസിക്കാം എന്ന് കൂടി മനസ്സിലായത്. അതോടെ പുതിയ ഒരു സ്ഥലം കൂടെ യാത്രയിൽ പങ്കു ചേർന്നു. ഐസ്ലാൻഡ് – ആംസ്റ്റർഡാം യാത്രയും നേരത്തെ പറഞ്ഞ wow എയർലൈൻസിലാണ്. ആംസ്റ്റർഡാം – റോം യാത്ര ഈസി ജെറ്റിലും, റോം-ഏതൻസ് റയാൻ എയറിലുമായിരുന്നു. റോം-ഏതൻസ് ഫ്ലൈറ്റ് ടിക്കറ്റിനൊക്കെ വെറും 1500 രൂപയിൽ താഴെ മാത്രമേ ആയുള്ളു. നേരത്തെ പറഞ്ഞ പോലെ ആഭ്യന്തര സർവ്വീസുകൾ ചിലവ് കുറഞ്ഞതായതിനാൽ അതിൽ ചെക്കിൻ ലഗേജും ഭക്ഷണവുമൊന്നും പെടില്ല. ക്യാബിൻ ലഗേജ് മാത്രമേ ഉൾപ്പെടുകയുള്ളൂ. ടിക്കറ്റെടുക്കുമ്പോൾ അതുകൂടി കണക്കിലെടുക്കണം. ഏതൻസിൽ നിന്ന് ഉക്രൈൻ ഇന്റർനാഷണലിന്റെ ഫ്ലൈറ്റിൽ, ഉക്രൈനിലെ ട്രാൻസിറ്റിലൂടെ ദുബായിലേക്കാണ് പോകുന്നത്. ദുബായിലേയും പിന്നീട് ഖത്തറിലേയും ഹൃസ്വ സന്ദർശനത്തിന് ശേഷമാണ് കുവൈത്തിലേക്ക് മടങ്ങുക. എയർലൈൻസുകളുടെ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്ത് വെച്ചാൽ ചെക്കിന്നും മറ്റും വളരെ എളുപ്പമായിരിക്കും.
അടുത്ത പടി താമസിക്കാനുള്ള സൗകര്യം തേടലാണ്. യൂറോപ്പിലെവിടെയും വളരെ കുറഞ്ഞ ചിലവിൽ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. ഹോസ്റ്റൽസിന്റെ പ്രതേകത എന്താന്ന് വെച്ചാൽ സമാന മനസ്കരായ വിവിധ രാജ്യങ്ങളിലെ യാത്രക്കാരെ നമുക്ക് പരിചയപ്പെടാം. യാത്രാനുഭവങ്ങൾ പങ്കുവെക്കാം. പുതിയ ആശയങ്ങൾ കരസ്ഥമാക്കാം. ഒരു വിധം ഹോസ്റ്റലുകളിലെല്ലാം വൈകീട്ട് എല്ലാവർക്കും ഒന്നിച്ചിരുന്ന് സംസാരിക്കാനുള്ള സെറ്റപ്പൊക്കെ ഉണ്ടായിരിക്കും. ഹോസ്റ്റൽ ബുക്കിംഗിന് പ്രധാനമായും ഉപയോഗിച്ചത് ബുക്കിംഗ്.കോം എന്ന സൈറ്റാണ്. ഒരു സ്ഥലത്ത് ഹോസ്റ്റൽ വേൾഡും ഉപയോഗിച്ചു. മറ്റുള്ള അപ്ലിക്കേഷനുകളും സൈറ്റുകളും പ്രൈസ് കമ്പാരിസണ് വേണ്ടി ഉപയോഗിച്ചിട്ടുണ്ടായിരുന്നെങ്കിലും നേരത്തെ പറഞ്ഞ സൈറ്റുകളിലാണ് കുറഞ്ഞ നിരക്ക് ലഭ്യമായത്. ഇത് എപ്പോഴും ശരിയായിരിക്കണമെന്നുമില്ല.
ഹോസ്റ്റൽ ലൊക്കേഷൻ തിരഞ്ഞെടുക്കാൻ വേണ്ടി നേരത്തെ ഗൂഗിൾ മാപ്പിൽ ലേബൽ ചെയ്ത് വെച്ച ഓരോ സ്ഥലത്തേയും ലിസ്റ്റെടുത്തു. ഓരോ സ്ഥലത്തേയും രേഖപ്പെടുത്തിവെച്ചിട്ടുള്ള സന്ദർശന സ്ഥലങ്ങളുടെ ഏകദേശ നടുവിലായി വരുന്ന (എല്ലാ സന്ദർശന സ്ഥലങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന, മെട്രോ സ്റ്റേഷനുകൾ പോലെയുള്ള പബ്ലിക് യാത്രാ സൗകര്യങ്ങൾ ഉള്ള ) സ്ഥലം ഏതാണെന്ന് മാപ്പ് നോക്കി മനസ്സിലാക്കി വെച്ചു. പിന്നീട് ആ സ്ഥലത്തുള്ള ചീപ്പായ ഹോസ്റ്റലുകൾ തിരഞ്ഞു. ബുക്കിംഗ്.കോമിൽ മാപ്പ് നോക്കി ഓരോ ഏരിയലിലേയും ഹോട്ടലുകൾ തിരഞ്ഞെടുക്കാനുള്ള സൗകര്യമൊക്കെയുണ്ട്. ഹോട്ടൽ അല്ലെങ്കിൽ ഹോസ്റ്റൽ തിരഞ്ഞെടുക്കുമ്പോൾ അവയുടെ റിവ്യൂസ് ഒക്കെ നോക്കുന്നത് നന്നായിരിക്കും. അതുപോലെ ബ്രേക്ക്ഫാസ്റ്റ് ഇൻക്ലൂഡഡ് ആയത് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ചിലവ് കുറക്കാൻ സഹായിക്കും എന്ന് മാത്രമല്ല, രാവിലെ പ്രാതലിന് വേണ്ടിയുള്ള അലച്ചിലും ഒഴിവാക്കാം. അതുപോലെ ഹോസ്റ്റലുകൾ തിരഞ്ഞെടുക്കുമ്പോൾ എത്ര ബെഡ്ഡഡ് റൂമുകളാണെന്ന് നോക്കുക. ബെഡ്ഡുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പ്രൈവസി കുറയും, ബഹളങ്ങൾ കൂടും, പക്ഷെ ഒരു പാട് ആളുകളുമായി പരിചയപ്പെടാം. ഓരോരുത്തരുടെ ഇഷ്ടാനിഷ്ടങ്ങക്ക് അനുസരിച്ച് തിരഞ്ഞെടുക്കുക. അതുപോലെ ക്യാൻസലേഷൻ ചാർജില്ലാത്ത ഹോട്ടലുകൾ തിരഞ്ഞെടുത്താൽ അവസാന സമയ മാറ്റങ്ങൾ മൂലമുള്ള ധനനഷ്ടം ഒഴിവാക്കാം. കാർ വാടകക്കെടുത്ത് കറങ്ങാൻ ഉദ്ദേശിക്കുന്നവർ പാർക്കിംഗ് സൗകര്യം കൂടി ശ്രദ്ധിക്കണം.
ഇനി മുൻകൂട്ടി ബുക്കു ചെയ്യേണ്ട എൻട്രി ടിക്കറ്റുകളും മറ്റും ബുക്ക് ചെയ്യണം. യൂറോപ്പിലെ ഒരു വിധം ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലെല്ലാം ടൂറിസ്റ്റ് പാസ്സുകൾ ലഭ്യമാണ്. ഉദാഹരണം പാരീസ് പാസ്സ്, റോമാ പാസ്സ് etc. ചില സൈറ്റുകളിൽ നിന്ന് ഇവ ഓഫർ നിരക്കിലും ലഭ്യമാവും. ഈ പാസ്സുകൾ പല വിധത്തിലുണ്ട്. പബ്ലിക് ട്രാൻസ്പോർട്ടുകൾക്ക് മാത്രമായുള്ളവ, കൂടാതെ മ്യൂസിയങ്ങളിലേക്കും മറ്റു അട്രാക്ഷനുകളിലേക്കുമുള്ള ടിക്കറ്റടക്കമുള്ളവ എന്നിങ്ങനെ. കൂടാതെ ഒരു ദിവസം, മൂന്ന് ദിവസം എന്നിങ്ങനെ നമ്മുടെ ആവശ്യത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാം. ഈ പാസ്സുകളുപയോഗിച്ച് നമുക്ക് പബ്ലിക് ട്രാൻസ്പോർട്ടുകൾ എത്ര വേണമെങ്കിലും ആ ദിവസങ്ങളിൽ ഉപയോഗിക്കാം. അതിൽ പറഞ്ഞിട്ടുള്ള സ്ഥലങ്ങൾ ടിക്കറ്റെടുക്കാതെ സന്ദർശിക്കാം. കൂടാതെ ഇവക്കുള്ള മറ്റൊരു ഉപയോഗം, ചില സ്ഥലങ്ങളിൽ ക്യൂ നിക്കാതെ പ്രവേശനം സാധ്യമാകും എന്നുള്ളതാണ്. അപ്പോൾ നമ്മുടെ ആവശ്യത്തിനനുസരിച്ചുള്ളവ തിരഞ്ഞെടുക്കുക. അതിന്റെ കൂടെ ഒറ്റയായുള്ള ടിക്കറ്റിനേക്കാൾ പണലാഭമുണ്ടാ എന്ന് കൂടി നോക്കുക. ഞാനിവ എടുത്തിരുന്നില്ല, കാരണം കൂടുതൽ നടത്തമായതിനാലും സാമ്പത്തിക ലാഭമില്ലാത്തതിനാലും.
ഓരോ സ്ഥലത്തും ആദ്യം നോക്കിയത് എയർപോർട്ടിൽ നിന്ന് ഹോസ്റ്റലിലേക്കും തിരിച്ചുമുള്ള യാത്രാ മാർഗ്ഗങ്ങളായിരുന്നു. എറ്റവും നല്ല മാർഗ്ഗം കണ്ടു പിടിച്ച്, നേരത്തെ ബുക്ക് ചെയ്യാൻ പറ്റുന്നതാണെങ്കിൽ അങ്ങിനെ ചെയ്തു. എന്റെ അടുത്ത സ്റ്റെപ് ഓരോ സ്ഥലത്തേയും വാക്കിംഗ് ടൂർ ബുക്ക് ചെയ്യലായിരുന്നു. വാക്കിംഗ് ടൂർ ഫ്രീ ആയതും പണമടച്ചുള്ളതും ഉണ്ട്. ഫ്രീ ആണെങ്കിലും അവസാനം എല്ലാവരും ചെറിയ ടിപ്പുകൾ അവർക്ക് നൽകും. ഇവ കൊണ്ടുള്ള ഉപകാരമെന്തെന്ന് വെച്ചാൽ എന്നെപ്പോലെ പബ്ലിക് ട്രാൻസ്പോർട്ടുകൾ ഉപയോഗിക്കാതെ അലഞ്ഞു തിരിഞ്ഞ് നടക്കാൻ ഉദ്ദേശിക്കുന്നവർക്ക് അവിടുത്തെ വഴികളെക്കുറിച്ചും മറ്റും ഒരു ധാരണയുണ്ടാക്കാം. കൂടാതെ അവരിൽ നിന്ന് ഓരോ സ്ഥലങ്ങളുടെയും ചരിത്രവും വർത്തമാനവും, ഓരോ സ്ഥലങ്ങളുടെയും പ്രത്യേകതകൾ, അവിടങ്ങളിൽ ശ്രദ്ധിക്കേണ്ട ( പോക്കറ്റടി, തട്ടിപ്പുകൾ ) കാര്യങ്ങളെക്കുറിച്ചും, ഓതന്റിക് ഭക്ഷണങ്ങളെക്കുറിച്ചും, അവ ലഭിക്കുന്ന സ്ഥലങ്ങളെ കുറിച്ചും മനസ്സിലാക്കാം. ഫ്രീ വാക്കിംഗ് ടൂർ എല്ലാ സിറ്റികളിലും ഉണ്ടാവണമെന്നില്ല. ഞാൻ കൂടുതലും ഉപയോഗിച്ചത് Sandeman walking tour ആയിരുന്നു. സിറ്റി ചുറ്റിക്കറങ്ങാനുള്ള മറ്റൊരു ഓപ്ഷനാണ് സിറ്റി ടൂർ ബസ്സുകളും ഹോപ് ഓൺ ഹോപ് ഓഫ് ബസ്സുകളും. എനിക്കതിൽ താൽപര്യമില്ലാത്തത് കൊണ്ട് ആ വഴിക്ക് നോക്കിയില്ല.
ഇനി ഓരോ സന്ദർശന സ്ഥലത്തേക്കുമുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യണം. നേരത്തെ ബുക്ക് ചെയ്താൽ ടിക്കറ്റിന് വേണ്ടി ക്യൂ നിന്നുള്ള സമയ നഷ്ടം ഒഴിവാക്കാം. കൂടാതെ ചില സൈറ്റുകൾ വഴി ഓഫർ നിരക്കിലും ലഭ്യമാകും. വിന്ററിൽ തിരക്ക് കുറവായതിനാൽ ഇതിന്റെ ആവശ്യമില്ലെങ്കിലും കുറച്ചെങ്കിലും സമയം ലാഭിക്കാൻ ഉപകാരപ്പെടും. ഹിസ്റ്റോറിക് സ്ഥലങ്ങളിൽ ഗൈഡിന്റെ സഹായം തേടുന്നില്ലെങ്കിൽ ഓഡിയോ വിഷ്വൽ ഗൈഡ് കൂടി ബുക്ക് ചെയ്താൽ കൂടുതൽ വസ്തുതകൾ മനസ്സിലാക്കാൻ ഉപകാരപ്പെടും. ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ബുക്ക് ചെയ്യുന്ന ദിവസവും സമയവും പാലിക്കപ്പെടാൻ സാധിക്കുമോ എന്ന് കൂടി ആലോചിക്കുക. എനിക്ക് ഒന്ന് രണ്ട് സ്ഥലങ്ങളിൽ അവ പാലിക്കാൻ സാധിച്ചില്ലെങ്കിലും പ്രശ്നങ്ങളൊന്നും വന്നില്ല. പക്ഷെ എല്ലായിടത്തും സ്ഥിതി അങ്ങിനെയാകണമെന്നില്ല. ഇനി സമയക്രമം പാലിക്കാൻ പറ്റില്ലെങ്കിൽ നേരിട്ട് ചെന്ന് ടിക്കറ്റെടുക്കുന്നതായിരിക്കും നല്ലത്. ചില സ്ഥലങ്ങളിൽ വീക്ക് ഡെയ്സിൽ അവധിയായിരിക്കും. പ്ലാൻ ചെയ്യുമ്പോഴും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും അതുകൂടി ശ്രദ്ധിക്കുക.
എല്ലാ സ്ഥലങ്ങളിലും ഓൺലൈൻ ബുക്കിംഗ് സൗകര്യം ഉണ്ടാവണമെന്നില്ല. ഓൺലൈൻ ബുക്കിംഗ് ചെയ്യുമ്പോൾ mail id യും മറ്റു വിവരങ്ങളും ശരിയാണെന്ന് ഉറപ്പ് വരുത്തുക. പിന്നീട് മെയിലിൽ വരുന്ന കൺഫർമേഷൻ ചെക്ക് ചെയ്ത് പേരും സമയവുമെല്ലാം ഉറപ്പാക്കുക. കാരണം ചില സ്ഥലത്ത് ഐഡി ചെക്ക് ചെയ്തേ അവർ ടിക്കറ്റ് കൺഫേം ചെയ്യൂ. ഐസ്ലാൻഡിൽ സ്ഥിതിഗതികൾ വളരെ വ്യത്യസ്തമാണ്. അവിടുത്തെ ഭൂമി ശാസ്ത്രപരമായ പ്രതേകതകൾ കാരണം ഏതെങ്കിലും ടൂർ ഏജൻസികൾ വഴി ട്രിപ്പുകൾ പ്ലാൻ ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കിൽ കാർ വാടകക്ക് എടുത്ത് യാത്ര പോവുകയും ചെയ്യാം. അവിടെ കൂടുതൽ സ്ഥലങ്ങളിലും ടിക്കറ്റുകളുടെ ആവശ്യമില്ലെങ്കിലും, എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും അപകട സാധ്യതകളുമെല്ലാം കണക്കിലെടുക്കുമ്പോൾ ആദ്യത്തെ ഓപ്ഷനാണ് നല്ലത്. എന്നാൽ ചില സ്ഥലങ്ങളിലേക്ക് പോകാൻ ഡ്രൈവ് ചെയ്ത് പോവുകയല്ലാതെ വേറെ വഴിയുമില്ല. അതുകൊണ്ട് തന്നെ ഗ്രൂപ്പായി പോകുമ്പോൾ റെന്റ് എ കാറും നല്ലൊരു ഓപ്ഷനാണ്. ഐസ്ലാൻഡിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ യാത്രാവിവരണത്തിൽ ഉൾകൊള്ളിക്കാം.
ഭക്ഷണ കാര്യത്തിൽ താൽപര്യം അൽപം കൂടുതലായത് കൊണ്ട്, യാത്രക്ക് മുന്നേ തന്നെ ഓരോ സ്ഥലത്തേയും ഓതന്റിക് ആയതും തീർച്ചയായും ട്രൈ ചെയ്യേണ്ടതുമായ വിഭവങ്ങളുടെ ഒരു ലിസ്റ്റ് കൂടി ഉണ്ടാക്കി. കൂടാതെ അവ ലഭിക്കുന്ന സ്ഥലങ്ങളേതെന്നും കൂടി കണ്ടു വെച്ചു. അതിന് പുറമെ വാക്കിംഗ് ടൂർ നടത്തുന്നവരോടും, പരിചയപ്പെട്ട തദ്ദേശീയരോടും, ഹോസ്റ്റൽ റിസപ്ഷനിസ്റ്റുകളോടും ഉപദേശം ആരാഞ്ഞു. അവരൊക്കെയാണ് വില കുറഞ്ഞ് നല്ല ഭക്ഷണം കിട്ടുന്ന സ്ഥലങ്ങൾ പറഞ്ഞ് തന്നത്. യാത്രയിൽ മൂന്നു നേരം മൂക്കുമുട്ടെ ഭക്ഷണം കഴിക്കണമെന്ന് ഒരു നിർബന്ധവുമില്ലായിരുന്നു. ഒരു വിധം ഹോസ്റ്റലുകളിലെല്ലാം ബ്രേക്ക് ഫാസ്റ്റ് ഉണ്ടായിരുന്നത് കൊണ്ട് രാവിലത്തെ കാര്യം ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞു പോയി. ഉച്ചക്ക് കൂടുതൽ ദിവസങ്ങളിലും കാര്യമായിട്ടൊന്നും കഴിച്ചിരുന്നില്ല. വിശന്നാൽ വല്ല ഫ്രൂട്ട്സോ സ്റ്റോക്ക് ചെയ്ത് വെച്ചിരിക്കുന്ന ബിസ്ക്കറ്റോ സ്നാക്ക്സോ അങ്ങിനെ വല്ലതും കഴിക്കും. ഇവയൊക്കെ വല്ല സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങുന്നതായിരിക്കും ലാഭം. രാത്രിയിൽ ആയിരുന്നു പ്രധാന തീറ്റ. നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന ലിസ്റ്റിൽ നിന്ന് ഓരോ ദിവസം ഓരോന്ന് പരീക്ഷിക്കും. ചില പരീക്ഷണങ്ങൾ അപ്പാടെ പാളി പോയിട്ടുമുണ്ട്. വലുതും, പ്രൌഢിയുള്ളതും, മെയിൻ ടൂറിസ്റ്റ് ലൊക്കേഷനികളിലുള്ളതുമായ ഭക്ഷണശാലകൾ ഒഴിവാക്കി കുറച്ചുളളിലോട്ട് മാറി, തദ്ദേശീയർ അധികമായി കയറുന്ന ഇടങ്ങൾ തിരഞ്ഞെടുത്താൽ നല്ല ഭക്ഷണവും കിട്ടും, ധനലാഭവും ഉണ്ടാകും.
ഇത്രയുമായപ്പോൾ ഇതുവരെ ശേഖരിച്ച എല്ലാ വിവരങ്ങളും ക്രോഡീകരിച്ച് ഒരു അവസാന ട്രാവൽ ഷെഡ്യൂൾ ഉണ്ടാക്കി. ഇതിൽ ഓരോ ദിവസവും എവിടെയൊക്കെ പോകണം, എങ്ങിനെ പോകണം, എപ്പോൾ പോകണം, പോവേണ്ട വഴികൾ, ലാൻഡ്മാർക്കുകൾ, വിശ്രമ സമയങ്ങൾ, ഓരോ ദിവസത്തെയും പ്ലാനുകളനുസരിച്ച് എപ്പോൾ ഉറങ്ങണം, എപ്പോൾ എണീക്കണം എന്ന് വരെ എഴുതി വെച്ചു. ഇതിൽ പല മാറ്റങ്ങളും വന്നെങ്കിലും, യാത്രയിൽ സംശയങ്ങളേതുമില്ലാതെ മുന്നോട്ട് പോവാൻ ഈ പ്ലാൻ വളരെയേറെ സഹായിച്ചു.
ഇനി യാത്രക്കുള്ള ബാഗ് പാക്ക് ചെയ്യാം.
1.ക്രെഡിറ്റ് കാർഡ്: ഇത് അത്യന്താപേക്ഷികമാണെന്നും പറയാം. ടിക്കറ്റുകൾ ബുക്ക് ചെയ്യാനും മറ്റും തയ്യാറെടുപ്പ് ഘട്ടം മുതലേ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കേണ്ടി വരും. യാത്രക്ക് മുന്നേ ബന്ധപ്പെട്ട ബാങ്കുകളെ സമീപിച്ച് യാത്ര ചെയ്യുന്ന ദിവസങ്ങളും രാജ്യങ്ങളും അറിയിക്കണം. അല്ലെങ്കിൽ, ഒരു പക്ഷേ അവിടങ്ങളിൽ അതുപയോഗിക്കാൻ പറ്റിയെന്ന് വരില്ല. കൂടാതെ ബാങ്കിന്റെ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്ത് വെച്ചാൽ, ട്രാൻസാക്ഷൻ ചെക്ക് ചെയ്യാനും, അടിയന്തിര ഘട്ടങ്ങളിൽ കാർഡ് ബ്ലോക്ക് ചെയ്യാനുമെല്ലാം ഉപകാരപ്പെടും.
2.ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ്: റെൻറ് എ കാർ എടുക്കുവാനുള്ള ഉദ്ദേശമുണ്ടെങ്കിൽ. നിങ്ങൾക്ക് എവിടെയെങ്കിലും ലൈസൻസുണ്ടെങ്കിൽ ആ രാജ്യത്ത് നിന്ന് അപേക്ഷിക്കാം. ഞാൻ കുവൈത്തിൽ നിന്നാണ് എടുത്തത്.
3.ട്രാവൽ ബാഗ്: തിരഞ്ഞെടുക്കുമ്പോൾ എയർലൈൻ സ്റ്റാൻഡേർഡ് അനുസരിച്ച് സൈസ് തിരഞ്ഞെടുക്കുക. ചില യൂറോപ്യൻ എയർപോർട്ടിലെങ്കിലും ക്യാബിൻ ബാഗ് സൈസ് അവർ ചെക്ക് ചെയ്യുന്നുണ്ട്. അതുപോലെ ഭാരവും മാക്സിമം കുറക്കാൻ ശ്രദ്ധിക്കുക. അത് നിങ്ങൾക്ക് ചുമലിനും ബാക്കിനും ആയാസമുണ്ടാക്കില്ലെന്ന് മാത്രമല്ല, ചില എയർപോർട്ടുകളിലെ ബുദ്ധിമുട്ടും ഒഴിവാക്കാം. യൂറോപ്പ് സെക്ടറിലൊക്കെ ക്യാബിൻ ബാഗ് 10 കിലോയാണ് അനുവദനീയമായത് ( ടിക്കറ്റ് കൂടെ ചെക്ക് ചെയ്യുക). ബാഗിന് ഒരു റയിൻ കവർ കൂടി ഉണ്ടായാൽ ഉപകാരപ്പെടും.
4.ക്യാമറകൾ: നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാം. മൊബൈൽ ക്യാമറ മുതൽ DSLR വരെ. DSLR ആണെങ്കിൽ ട്രിപ്പോഡ് കൂടി ഉണ്ടാവുന്നത് നന്നായിരിക്കും. ബാക്ക് പാക്കറാണെങ്കിൽ ബാഗിന്റെ ഭാരവും സൈസും കൂടെ കണക്കിലെടുക്കേണ്ടി വരും. ഫോട്ടോഗ്രാഫിയിൽ വലിയ പരിഞ്ജാനമൊന്നുമില്ലെങ്കിലും നോർത്തേൺ ലൈറ്റ്സൊക്കെ കണ്ടപ്പോൾ ട്രിപ്പോഡ് ഇല്ലാത്തതിന് സങ്കടപ്പെട്ടിട്ടുണ്ട്. ഐസ്ലാൻഡ് പോലെയുള്ള സ്ഥലങ്ങളിൽ ആക്ഷൻ ക്യാമറ കൂടെ ഉണ്ടാവുന്നത് നന്നായിരിക്കും. എക്സ്ട്രാ മെമ്മറി കാർഡും പെൻഡ്രൈവോ എക്സ്റ്റേർണൽ ഹാർഡ് ഡ്രൈവോ കൂടി എടുക്കുക.
5.ജാക്കറ്റ്: വാട്ടർ പ്രൂഫ് ഡൗൺ ജാക്കറ്റായിരുന്നു ഞാൻ ഉപയോഗിച്ചിരുന്നത്. പോകുമ്പോൾ നാട്ടിൽ നിന്ന് നല്ലൊരു ബ്രാന്റഡ് ജാക്കറ്റ് വാങ്ങിക്കൊണ്ട് പോയിരുന്നെങ്കിലും, അവിടുത്തെ തണുപ്പ് സഹിക്കാൻ കഴിയാത്തതിനാലും, പിന്നെ അതിന്റെ കോണ്ട്രാസ്റ്റ് നിറം (വാട്ടർപ്രൂഫ് സെലക്ട് ചെയ്തപ്പോൾ പറ്റിപ്പോയതാണ്) മൂലമുണ്ടായ ഭംഗിക്കുറവും കാരണം പാരീസിൽ നിന്ന് പുതിയൊരു ജാക്കറ്റ് വാങ്ങേണ്ടി വന്നു.
6.വസ്ത്രങ്ങൾ: ഒരു പാട് ഡ്രസ്സുകൾ എടുക്കേണ്ട ആവശ്യമില്ല. വിന്ററിലൊക്കെ എപ്പോഴും ജാക്കറ്റ് ധരിച്ച് നടക്കുന്നതിനാൽ ഫോട്ടോയിൽ പോലും കളർഫുൾനസ്സ് പതിയണമെന്നില്ല. മൂന്നോ നാലോ ടീ ഷർട്ടോ ഷർട്ടുകളോ മതിയാവും. ചിലപ്പോൾ തണുപ്പിനെ പ്രതിരോധിക്കാൻ ലെയറിംഗ് (ഒന്നിന് മുകളിൽ മറ്റൊരു ഡ്രസ്സ് ധരിക്കുന്നത് ) പരീക്ഷിക്കുമ്പോൾ കട്ടിയുള്ള വസ്ത്രങ്ങളാവും നല്ലത്. രണ്ടോ മൂന്നോ പാന്റ്സ് (ജീൻസാവുസോർ നനവ് ഉണങ്ങാനുള്ള ബുദ്ധിമുട്ട് കൂടി കണക്കിലെടുക്കണം). തെർമൽ വെയർ ഒന്നോ രണ്ടോ ജോടി ഉണ്ടെങ്കിൽ തണുപ്പിനെ പ്രതിരോധിക്കാൻ വളരെ നല്ലതാണ്. രാത്രി ഉപയോഗത്തിന് ഒരു ജോടി ഡ്രസ്സ് കൂടി എടുക്കാം.
7.ഗ്ലൗസ്, വിന്റർ ക്യാപ്, സ്കാർഫ്, സോക്ക്സ് (വൂളൻ). 8. ഷൂസ്: സ്പോർട്സ് ഷൂ ആയിരിക്കും അഭികാമ്യം. ഐസ്ലാൻഡിൽ ഹൈക്കിംഗിന് ഒക്കെ പോകാനുള്ളതിനാൽ ഞാൻ വാട്ടർപ്രൂഫ് ബൂട്ട് ആയിരുന്നു കൊണ്ടു പോയിരുന്നത്. അല്ലെങ്കിൽ അവിടുന്ന് വാടകക്ക് എടുക്കേണ്ടി വരും. 9.റെയിൽ കോട്ട്/കുട: കുട കൊണ്ട് പോയിരുന്നെങ്കിലും ബാഗിൽ നിന്ന് പുറത്തെടുത്തിരുന്നില്ല. മഞ്ഞും മഴയുമൊക്കെ പിന്നീട് യാത്രയുടെ ഭാഗമായിത്തീർന്നു.
10.സൺഗ്ലാസ്സ്: അതിന്റെ ഒരു കുറവ് വേണ്ട. 11.ബാത്ത് ടവൽ: ഹോസ്റ്റലുകളിൽ ടവൽ ഒന്നും ഒണ്ടാകില്ല. മൈക്രോ ഫൈബർ ടവലാണെങ്കിൽ പെട്ടെന്ന് ഉണങ്ങാനും സൂക്ഷിക്കാനും ഒക്കെ എളുപ്പമായിരിക്കും. 12.ട്രാവൽ അഡാപ്റ്റർ.
13.ഇയർ പ്ലഗ് & ഐ മാസ്ക്: ഹോസ്റ്റലുകളിലെ സുഖകരമായ ഉറക്കത്തിന് സഹായിക്കും. 14.ടോയിലറ്ററി ബാഗ്: തൂക്കിയിടാൻ സൗകര്യമുള്ളത് വാങ്ങിയാൽ അവിടങ്ങളിലെ ബാത്ത് റൂമിൽ ഉപയോഗിക്കാൻ സുഖമായിരിക്കും. കൂടാതെ സോപ്പ്, പേസ്റ്റ്, ബ്രഷ്, ചീപ്പ് മുതലായ സാധനങ്ങൾ ഒരിടത്ത് തന്നെ സൂക്ഷിച്ച് വെക്കാം. തിരഞ്ഞ് ബുദ്ധിമുട്ടേണ്ടി വരില്ല.
15.ചെറിയ ക്യാരി ബാഗ്: ചെറുതായി മടക്കി വെക്കാവുന്ന തരത്തിലുള്ളതായാൽ സൂക്ഷിക്കാൻ എളുപ്പം. പുറത്തിറങ്ങുമ്പോൾ ക്യാമറയും, ഭക്ഷണ സാധനങ്ങളും മറ്റും കൊണ്ടുപോകാൻ ഉപകരിക്കും. 16.പെർഫ്യൂം: വസ്ത്രങ്ങളെല്ലാം ഒന്നിൽക്കൂടുതൽ ദിവസങ്ങൾ ഉപയോഗിക്കുമ്പോൾ മനസ്സിലാകും ഉപയോഗം. 17.ബാത്ത് റൂം ചപ്പൽ: എല്ലായിടത്തും ഷൂസിട്ട് പോകാൻ പറ്റില്ലല്ലോ. 18.ഡോക്യുമെന്റ് കോപ്പീസ്: പാസ്പോർട്ട്, ടിക്കറ്റ്, വിസ തുടങ്ങിയവയുടെയെല്ലാം ഒന്നിലധികം കോപ്പികൾ സൂക്ഷിക്കുക. എമർജൻസി കോണ്ടാക്ട് നമ്പറുകൾ എപ്പോഴും പോക്കെറ്റിൽ കരുതുക.
19.കറൻസി: ഞാൻ കൂടുതലും ക്രെഡിറ്റ് കാർഡാണ് ഉപയോഗിച്ചത്. എന്നിരുന്നാലും കുറച്ച് യൂറോ കൊണ്ടു പോയിരുന്നു. ഐസ് ലാൻഡിൽ ഐസ് ലാൻഡിക് ക്രോണെ ആണ് കറൻസി. പക്ഷെ അവിടെ ഒരിടത്ത് പോലും കറൻസി ഉപയോഗിക്കേണ്ടി വന്നില്ല. പബ്ലിക് ടോയിലറ്റിൽ പോലും കാർഡ് സ്വൈപ്പ് ചെയ്താണ് കയറിയത്.
20.ചെറിയൊരു ടോർച്ച്: കീ ചെയിൻ ടോർച്ചായാലും മതി. അത്യാവശ്യ ഘട്ടങ്ങളിലും, രാത്രി ഹോസ്റ്റലിൽ ലേറ്റ് ആയി എത്തിയാലും ഉപകരിക്കും.
21.മൊബൈൽ: യൂറോപ്പിൽ ട്രാവലർ സിം എടുക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷെ ഞാൻ കുവൈത്തിലെ ഇന്റർനാഷണൽ റോമിംഗ് ഉള്ള സിമ്മാണ് ഉപയോഗിച്ചത് (എനിക്കതായിരുന്നു ലാഭം). ഒരു ഓഫ് ലൈൻ മാപ്പ് ഡൗൺലോഡ് ചെയ്തിടുക. ഞാനുപയോഗിച്ചത് Here WeGo. കൂടെ ഒരു ഓഫ് ലൈൻ ട്രാൻസ് ലേറ്റർ ( Google translator offline) ഉണ്ടാകുന്നത് നന്നായിരിക്കും. ഇയർ ഫോണും, പവർ ബാങ്കും, ചാർജ്ജറും മറക്കണ്ട.
22.പാഡ് ലോക്ക് & കേബിൾ ലോക്ക്: മോഷണവും പിടിച്ചുപറിയുമൊക്കെ എല്ലായിടത്തും ഉണ്ട്. ട്രെയിനിലും മറ്റും സഞ്ചരിക്കുമ്പോൾ കേബിൾ ലോക്ക് ഉപകരിക്കും. 23.അലക്ക് പൊടി സാമ്പിൾ പാക്കറ്റ്: അടിവസ്ത്രങ്ങളെങ്കിലും ഇടക്ക് ഒന്ന് അലക്കേണ്ടേ. അവിടെ ബക്കറ്റൊന്നും അലക്കാൻ കിട്ടില്ല. അത് കൊണ്ട് Sink Stopper ഉണ്ടായിരിക്കുന്നത് നല്ലതാണ്. 24.ഫസ്റ്റ് എയിഡ് കിറ്റ്: അത്യാവശ്യത്തിനുള്ള മരുന്നുകളും മറ്റും, കുറിപ്പടികൾ അടക്കം! സൺ സ്ക്രീൻ ലോഷൻ, മോയിസ്ചറൈസിംഗ് ക്രീം & ലിപ് ബാം, കാലാവസ്ഥക്ക് അനുസരിച്ച്. 25.ഓഡർ അബ്സോർബർ: ബാഗിൽ മുഷിഞ്ഞ വസ്ത്രങ്ങളുടെ ഗന്ധമകറ്റാം. 26.ഒരു ഡയറിയും പേനയും: എഴുതുന്ന ശീലമുണ്ടെങ്കിൽ.
ഇനി യാത്ര തുടങ്ങാം…. ഈ പറഞ്ഞ കാര്യങ്ങളെല്ലാം എന്റെ വിന്റർ യൂറോപ്പ് ട്രിപ്പിന് ചെയ്തിട്ടുള്ള കാര്യങ്ങളാണ്. ഒരു യൂറോപ്പ് യാത്രക്ക് വേണ്ട എല്ലാ കാര്യങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടില്ല. എന്നിരുന്നാലും കഴിയുന്നതും ജനറലൈസ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. എഴുത്ത് കുറച്ച് വലിച്ച് നീട്ടി എന്നറിയാം. മടി കാരണം ഒരുപാട് മുന്നേ തുടങ്ങിയ എഴുത്ത് ഇപ്പോഴാണ് തീരുന്നത്. സുഹൃത്തുക്കൾ ഓരോ കാര്യങ്ങൾ യാത്രയെക്കുറിച്ച് ചോദിക്കുമ്പോൾ അതിനെക്കുറിച്ച് കുറച്ച് എഴുതും. പിന്നെ അവിടെ നിർത്തും. വീണ്ടും വേറെ ആരെങ്കിലും ചോദിക്കുവോൾ കുറച്ച് എഴുതും. അങ്ങിനെ എഴുതി എഴുതി ഇത്രത്തോളമായി. ഇനി വെട്ടിച്ചുരുക്കുവാൻ വീണ്ടും മടി. അത് കൊണ്ട് ഇങ്ങനെ തന്നെ പോസ്റ്റുന്നു. ഇനി കൂടുതലാളുകൾക്കും അറിയേണ്ടത് യാത്രയുടെ ബഡ്ജറ്റായിരിക്കും. അത് എത്ര ആപേക്ഷികമാണെന് പറഞ്ഞാലും ഒരു ജിജ്ഞാസ ഉണ്ടാവുമെന്ന് അറിയാം. അത് കൊണ്ട് പറയുന്നു എന്ന് മാത്രം. 1.9 ലക്ഷമാണ് യാത്ര, ഭക്ഷണം, താമസം, എൻട്രി ടിക്കറ്റുകൾ തുടങ്ങി മൊത്തം യാത്രയുടെ ചിലവ്. ഐസ്ലാൻഡ് വളരെ ചിലവേറിയ രാജ്യമായതിനാൽ ബഡ്ജറ്റിന്റെ നല്ലൊരു പങ്കും ചിലവായത് അവിടെയാണ്.