പ്രകൃതിയുടെ കവിതപോലെ കോട്ടയത്തെ മംഗോ മെഡോസ്

വിവരണം – അനൂപ നാരായണ്‍.

ചില യാത്രകളും സ്ഥലങ്ങളും നമുക്കു സമ്മാനിക്കുന്ന അനുഭവം വർണനാതീതം ആവും. അങ്ങനെ തോന്നിയ നിമിഷങ്ങളാണ് കടത്തുരുത്തിയിലെ മംഗോ മെഡോസ് എന്ന അഗ്രിക്കൾചർ തീം പാർക്ക് സമ്മാനിച്ചത്. പൊതുവെ മനുഷ്യനിർമിതമായ പാർക്കുകൾ എന്നെ ഒട്ടും ആകർഷികാറില്ല, അത്കൊണ്ട് തന്നെ അങ്ങനെയുള്ള സ്ഥലങ്ങൾ യാത്രകളിൽ കടന്നുവരാറില്ല. പക്ഷെ ഇവിടം വ്യത്യസ്തമെന്നു പറയാതെ വയ്യ.

കുര്യൻ എന്ന പ്രകൃതിസ്നേഹിയുടെ സ്വപ്നങ്ങളിൽ വിരിഞ്ഞ കവിത അതാണ് മംഗോ മെഡോസ്. ഇങ്ങനൊക്കെ എങ്ങനെയാണു ഒരാൾ സ്വപ്നം കാണുക എന്ന് അമ്പരിപ്പിക്കും വിധം സുന്ദരമാണ് ഇവിടെത്തെ എല്ലാം. കുട്ടികൾക്കും, ചെറുപ്പക്കാർക്കും, പ്രായമുളവർക്കും, ഭിന്നശേഷിക്കാർക്കും, അങ്ങനെ പ്രകൃതിയുടെ നൈർമല്യം അറിയാന്നും അനുഭവിക്കാനും ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഒരിടമാണിത്.

34 ഏക്കർ ഉള്ള ഈ പാർക്കിൽ നമ്മൾ കണ്ടും കേട്ടും പരിചയിച്ചതും അല്ലാത്തതുമായ നാലായിരത്തി അഞ്ഞൂറിലേറെ ഇനം സസ്യങ്ങളും, 700 മരങ്ങളും, 164 ഇനം പഴവർഗങ്ങളും,84 തരം പച്ചക്കറികളും ഉണ്ട്. ഇതുകൂടാതെ വിവിധ ആശയങ്ങൾ വിളിച്ചു പറയുന്ന 54 പ്രതിമകൾ, 4തരം കുളങ്ങൾ,പള്ളി, അമ്പലം, സർപ്പക്കാവ്, ബൈബിൾ അങ്ങനെ കണ്ണും മനസ്സും നിറയ്ക്കുന്ന 100കണക്കിന് കാഴ്ചകളുണ്ട്…

കാഴ്ചകളുടെ മിഴിവ് നഷ്ടപെടാതിരിക്കാൻ ആദ്യം ഒരു ഗൈഡ് നമ്മുടെ കൂടെ വരും. എല്ലാ കാഴ്ചകളെയും നമുക്കു പരിചയപെടുത്തും. പിന്നെ അത്‌ നമ്മുടെ ലോകമാണ്. പഴമയുടെ ഓർമകളിൽ അലിഞ്ഞു റോജ സിനിമയിലെ പോലെ കൊട്ടവഞ്ചി സവാരി നടത്തിയും, കടവിൽ നിന്നും വഞ്ചിയിൽ കയറി ഓർമ്മകൾ അയവിറക്കിയും, കാറ്റുകൊണ്ട് കായലിലെ പക്ഷികളെ നോക്കിയിരുന്നും, ആകാരവും സൗന്ദര്യവും കൊണ്ട് വ്യത്യസ്തരായ മീനുകളെ ഊട്ടിയും, കളിമൺ പാത്രമുണ്ടാക്കിയും, ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ചും, നല്ല നാടൻ ചായക്കടയിൽ നിന്നും ചായകുടിച്ചും ആസ്വദിക്കാൻ ഒരു ദിവസം തികയാതെ വന്നാലേ ഉള്ളു. അതെ സമയം നമ്മുടെ ഉള്ളിലെ പുതുതലമുറയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞെന്നോണം അവിടെ സൈക്കിളും, കാർട്ടും, അമ്പേയെത്തും, ഷൂട്ടിങ്ങും, സ്വിമ്മിങ് പൂളും ഒക്കെ ഉണ്ട്. എങ്കിലും കൂടുതൽ ആസ്വാദ്യകരമായി തോന്നിയത് പഴമയുടെ പുനരാവിഷ്കാരങ്ങൾ തന്നെയാണ്.

തിരക്കുകളിൽ നിന്നും മാറി ഇത്തിരി നല്ല വായു ശ്വസിച്ചു മനഃസമാധാനമായി ഇരിക്കാനും, പ്രകൃതിയെ കൂടുതൽ അടുത്തറിയാനും പഠിക്കാനും, ഇത്രയും എളുപ്പവും നല്ലതുമായ സ്ഥലങ്ങൾ കുറവാണെന്ന് സംശയമില്ല. അതുകൊണ്ട് തന്നെയാവും മഴ ചുറ്റും ഉള്ള പ്രദേശങ്ങൾ വെള്ളത്തിൽ മുക്കി നാശനഷ്ടങ്ങൾ വരുത്തിയപ്പോളും ഈ തോട്ടത്തെ വെറുതെ വിട്ടത്. ഒന്നുറപ്പാണ്, പ്രകൃതിയെ ഇഷ്ടപെടുന്ന ഒരാളാണെങ്കിൽ പച്ചപ്പും ഹരിതാഭയും മോഹിപ്പിക്കാറുണ്ടങ്കിൽ കുര്യന്റെ ഈ ഏദൻതോട്ടത്തിൽ നിന്നും മടങ്ങുമ്പോൾ മനസ്സ് നിറഞ്ഞ ഒരു അനുഭൂതിയായിരിക്കും.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply