ഈ ലേഖനം എഴുതി തയ്യാറാക്കിയത് – സുജിത്ത് കുമാർ.
അമേരിക്കയിലെ പെൻസിൽവാനിയ സംസ്ഥാനത്തുള്ള സോമർസ്സെറ്റ് കൗണ്ടി.കൽക്കരിഖനികൾക്ക് പേരുകേട്ട സ്ഥലമാണ് സോമർസ്സെറ്റ് കൗണ്ടി. അവയിൽ ഒന്നായിരുന്നു ക്യൂ ക്രീക്ക് ഖനി. 2002 ജൂലൈ 24 ബുധനാഴ്ച. അന്നേ ദിവസം ഈവനിംഗ് ഷിഫ്റ്റിൽ ജോലിയ്കെത്തിയവരായിരുന്നു 18 അംഗ തൊഴിലാളി സംഘം. പതിവുപോലെ അവർ രണ്ടു ഗ്രൂപ്പായി പിരിഞ്ഞു കൽക്കരി ഖനിയ്കുള്ളിലേക്ക് പ്രവേശിച്ചു.
ക്യൂ ക്രീക്ക് താരതമ്യേന പുതിയ ഖനി ആയിരുന്നു. പ്രവർത്തനം ആരംഭിച്ചിട്ട് കഷ്ടിച്ച് രണ്ടുവർഷം മാത്രമേ ആയിരുന്നുള്ളൂ. ചുറ്റുവട്ടത്ത് പ്രവർത്തനം നിലച്ചതും അല്ലാത്തതുമായ വേറെയും ഖനികൾ ഉള്ളതിനാൽ വളരെ ജാഗ്രതയോടുകൂടി വേണമായിരുന്നു ഖനനം നടത്തേണിയിരുന്നത്.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു വാഹനത്തിൽ പരിചയ സമ്പന്നനായ മാർക്ക് പോപ്പർന്നാക്കിന്റെ നേതൃത്വത്തിൽ ആദ്യസംഘം ഖനിയ്കുള്ളിലേക്ക് പ്രവേശിച്ചു. ഏകദേശം നാൽപ്പത് മിനിറ്റ് വേണ്ടിയിരുന്നു അവർക്ക് ഖനനം നടത്തേണ്ട മൈൻ ഷാഫ്റ്റിൽ എത്താൻ. അൽപ്പസമയത്തിനകം മുതിർന്ന ഖനിത്തൊഴിലാളിയായ റോൺ ഷാഡിന്റെ നേതൃത്വത്തിൽ രണ്ടാമത്തെ സംഘം അവരെ അനുഗമിച്ചു. ഉള്ളറകളിലേക്ക് ചെല്ലുംതോറും തുരങ്കപാത ചെറുതായിക്കൊണ്ടിരുന്നു. പലപ്പോഴും കഷ്ടിച്ച് ഒന്നര മീറ്റർ മാത്രമായിരുന്നു തുരങ്കത്തിന്റെ ഉയരം. പോരാത്തതിന് കൂരിരിട്ടും.
900 മീറ്റർ എത്തുമ്പോൾ തുരങ്കപാത രണ്ടായി പിരിയുന്നു. റോൺ ഷാഡും എട്ട് സഹപ്രവർത്തകരും തെക്ക് ഭാഗത്തേക്ക് തിരിഞ്ഞു. കോൾ ഫേസ് എന്നറിയപ്പെടുന്ന സ്ഥലത്താണ് അവരുടെ ജോലികൾ നടക്കുന്നത്. അതേ സമയം ഏകദേശം അര കിലോമീറ്റർ അകലെയായി മാർക്ക് പോപ്പർന്നാക്കും സംഘവും ഫസ്റ്റ് ലെഫ്റ്റ് എന്നറിയപ്പെടുന്ന സ്ഥലത്ത് കൽക്കരി തുരന്നെടുക്കുന്ന ജോലിയിൽ വ്യാപൃതരായിരുന്നു.
മിനിറ്റിൽ ഇരുപത് ടണ്ണിലധികം കൽക്കരി തുരന്നെടുക്കാൻ ശേഷിയുള്ള യന്ത്രം ഉപയോഗിച്ച് വളരെവേഗത്തിൽ അവരുടെ ജോലികൾ മുന്നോട്ടുനീങ്ങി. പോപ്പർന്നാക്കിന്റെയും സംഘത്തിന്റെയും കണക്കുകൂട്ടലുകൾ അനുസരിച്ച് അവരുടെ ഖനനസ്ഥലം തൊട്ടടുത്ത മറ്റൊരു കൽക്കരിഖനിയായ സാക്സ്മാൻ ഖനിയെക്കാൾ ചുരുങ്ങിയത് 90 മീറ്റർ അകലത്തിലായിരുന്നു. നന്നേ പഴക്കംചെന്ന ഒരു കൽക്കരി ഖനി ആയിരുന്നു സാക്സ്മാൻ മൈൻ. കഴിഞ്ഞ നാൽപ്പതിൽ അധികം വർഷങ്ങളായി അത് പ്രവർത്തനരഹിതവുമായിരുന്നു. ഈ നാൽപ്പതു വർഷങ്ങൾകൊണ്ട് ഖനിയിലേക്ക് ഊർന്നിറങ്ങിയ മഴവെള്ളവും മറ്റു ഭൂഗർഭ ജല ഉറവകളും എല്ലാം ചേർന്ന് സാക്സ്മാൻ ഖനിയ്കുള്ളിൽ ഇരുപത്തി അഞ്ച് കോടി ലിറ്ററിൽ അധികം ജലം ഉൾക്കൊള്ളുന്ന ഒരു ഭീമൻ ഭൂഗർഭ തടാകം തന്നെ രൂപപ്പെട്ടിരുന്നു.
തങ്ങളുടെ കണക്കുകൂട്ടലിൽ ഗുരുതരമായ പാളിച്ച സംഭവിച്ച കാര്യം പോപ്പർന്നാക്കിനും സംഘത്തിനും അറിവുണ്ടായിരുന്നില്ല. സാക്സ്മാൻ ഖനിയുമായി തൊണ്ണൂറുമീറ്റർ അകലെയായതിനാൽ സുരക്ഷാ ഭീഷണിയില്ലെന്നായിരുന്നു അവരുടെ ധാരണ. വാസ്തവത്തിൽ അവർ സാക്സ്മാൻ ഖനിയിൽ നിന്നും ഏതാനും മീറ്ററുകൾ മാത്രം ദൂരത്തിലായിരുന്നു.
സമയം രാത്രി 8:45. അപകടം തൊട്ടുമുന്നിൽ. അതിവേഗം കൽക്കരി ചുവരുകൾ തുരന്നുകൊണ്ടിരിക്കുന്ന പോപ്പർന്നാക്കിനെയും സംഘത്തെയും അമ്പരപ്പിച്ചുകൊണ്ട് തൊട്ടുമുന്നിൽ ഖനി ചുമരിൽ നിന്നും വെള്ളം ചീറ്റിത്തെറിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കാൻ പോലും അവസരം കിട്ടുന്നതിനുമുൻപ് ഖനി ചുവരുകൾ തകർത്തുകൊണ്ട് ജലം ഒരു കൂറ്റൻ സുനാമികണക്കെ തുരങ്കത്തിലേക്ക് പാഞ്ഞെത്തി. ജലപ്രവാഹത്തിന്റെ ദിശയിൽ നിൽക്കുകയായിരുന്നു പോപ്പർന്നാക്ക്. ഒരു നിമിഷാർദ്ധം കൊണ്ട് തൊട്ടടുത്തുണ്ടായിരുന്ന ഒരു ഇടുങ്ങിയ ചേംബറിലേക്ക് ചാടിയതിനാൽ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോകാതെ അദ്ദേഹം കഷ്ടിച്ചു രക്ഷപെട്ടു.
തങ്ങൾ സാക്സ്മാൻ ഖനിയുടെ ഉള്ളിലെക്ക് തുരന്നിരിക്കുന്നു. സംഭവിച്ച അപകടത്തിന്റെ വ്യാപ്തി പോപ്പർന്നാക്ക് ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. ഇനി പരിഹാരമാർഗ്ഗങ്ങൾ ഒന്നുംതന്നെയില്ല. എത്രയും വേഗം തന്റെയും ടീമംഗങ്ങളുടേയും ജീവൻ രക്ഷിക്കുക എന്നതുമാത്രമാണ് ഇനി ചെയ്യാനുള്ളത്. ഇതേസമയം ഖനിയുടെ മറുഭാഗത്ത് റോൺ ഷാഡും സംഘവും ഇതൊന്നുമറിയാതെ അവരുടെ ജോലികളിൽ വ്യാപൃതരായിരുന്നു. അധികം വൈകാതെ തന്നെ അവർക്ക് അപായ സന്ദേശം എത്തി. ഒട്ടും അമാന്തിച്ചില്ല, എത്രയും വേഗം രക്ഷപെടാൻ ഷാഡ് തന്റെ സംഘത്തിന് നിർദ്ദേശം നൽകി. പുറത്തേക്കുള്ള മാർഗ്ഗങ്ങൾ തേടുമ്പോഴും എന്താണ് സംഭവിക്കുന്നതെന്ന് തൊഴിലാളികളിൽ പലർക്കും ഒരു ഊഹവുമില്ലായിരുന്നു. ഏഴുപേർ ഉൾപ്പെട്ട ഒരു സംഘം ആദ്യം യാത്രതിരിച്ചു. റോൺ ഷാഡ് അതേ സമയം അൽപം അകലെ ഖനനം ചെയ്തുകൊണ്ടിരുന്ന ലാറി സമ്മർവ്വിൽ എന്ന തൊഴിലാളിയെ രക്ഷിക്കാനായി പോയി.
അൽപ്പസമയത്തിനകം ഇരുവരും ഒരു ഗോൾഫ് കാർട്ടിൽ കയറി മറ്റൊരു വഴിയേ തുരങ്ക കവാടം ലക്ഷ്യമാക്കി നീങ്ങി. എന്നാൽ അവരുടെ യാത്രയ്ക് അധികം ആയുസ്സുണ്ടായില്ല. പാതിവഴിയിൽ എത്തിയപ്പോൾ തന്നെ തുരങ്കപാത പൂർണ്ണമായും മുങ്ങിയിരിക്കുന്നതായി അവർ കണ്ടു. ഇനിയെന്തു ചെയ്യും?. പുറത്തേക്കുള്ള ഏക വഴിയാണ് മെയിൻ ടണൽ. അത് മുങ്ങിയിരിക്കുന്നു. ബദൽ മാർഗ്ഗങ്ങളെപ്പറ്റി ഷാഡ് അലോചനയിലാണ്ടു. പെട്ടന്നാണ് അദ്ദേഹത്തിന് ഒരാശയം തോന്നിയത്. ഖനിയിലേക്ക് ശുദ്ധവായു എത്തിക്കുന്നതിനായി നിർമ്മിച്ചിട്ടുള്ള ഒരു ചെറിയ തുരങ്കമുണ്ട്. ഒരു വെന്റിലേഷൻ ടണൽ. അതിന്റെ ചുവരുകൾ കോൺക്രീറ്റ് പാളികൾ കൊണ്ട് ബലപ്പെടുത്തിയതാണ്. അതിനുള്ളിൽ വെള്ളം കയറിയിട്ടില്ലെങ്കിൽ അത് ഒരു രക്ഷാമാർഗ്ഗമാണ്..! പക്ഷെ ഉള്ളിലെക്ക് കയറാനുള്ള വാതിലുകൾ ഒന്നും കാണുന്നില്ല. അവർ പിന്നീടൊന്നും ചിന്തിച്ചില്ല. എത്രയും വേഗം വെന്റിലേഷൻ ടണലിന്റെ ഡോർ അന്വേഷിക്കാൻ ആരംഭിച്ചു. ഗോൾഫ് കാർട്ടിന്റെ ഹെഡ് ലാമ്പിന്റെ വെട്ടത്തിൽ അൽപ്പസമയത്തിനുള്ളിൽ അവർ അത് കണ്ടെത്തി. ഒട്ടും സമയം പാഴാക്കാതെ റോൺ ഷാഡ് ആ ചെറു തുരങ്കത്തിലേക്ക് നൂണ്ടുകയറി. ഷാഡിന് അൽപ്പം അശ്വാസമായി. വെന്റിലേഷൻ ടണലിൽ വെള്ളം കയറിയിട്ടില്ല. അവർ സാവധാനം മുന്നോട്ട് നീങ്ങി. ഏകദേശം ഒന്നര കിലോമീറ്റർ ദൂരം അകലെയാണ് ഖനി കവാടം.
ഷാഡിന്റെ സംഘത്തിലെ അദ്യം യാത്ര തിരിച്ച ഏഴംഗ സംഘത്തിനും പാതിവഴിയിൽ യാത്ര അവസാനിപ്പിക്കേണ്ടി വന്നു. മുകൾപ്പരപ്പോളം മുങ്ങിയ മെയിൻ ടണൽ അവരുടേയും യാത്ര മുടക്കി. പോരാത്തതിന് ജലനിരപ്പ് അൽപ്പാൽപ്പം മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നു. അധികസമയം അവിടെ നിൽക്കുന്നത് അപകടകരമാണെന്ന് മനസ്സിലാക്കിയ സംഘം തിരികെ നടന്നു. അൽപ്പദൂരം ചെന്നപ്പോൾ അവരുടെ മുന്നിൽ ഷാഡും ലാറിയും ഉപേക്ഷിച്ചു പോയ ഗോൾഫ് കാർട്ടും സമീപത്തായി വെന്റിലേഷൻ ടണലിന്റെ ഡോറും ദൃശ്യമായി. നിനച്ചിരിക്കാതെ ഒരു രക്ഷാമാർഗ്ഗം കിട്ടിയ ആശ്വാസത്താൽ ആ ഏഴംഗ സംഘം വെന്റിലേഷൻ ടണലിലേക്ക് നൂണ്ട് കയറി.
എന്നാൽ ഇതേസമയം ഖനിയുടെ മറുഭാഗത്ത് പോപ്പർന്നാക്കും ടീമും ശരിക്കും കുടുങ്ങിക്കിടക്കുകയായിരുന്നു. ഷാഡിനും സംഘത്തിനും കിട്ടിയതുപോലെ ഒരു വെന്റിലേഷൻ ടണൽ അവർ നിൽക്കുന്ന ഫസ്റ്റ് ലെഫ്റ്റ് ഷാഫ്റ്റിൽ ഇല്ലായിരുന്നു. ഫലത്തിൽ രക്ഷപെടാനുള്ള ഒരു മാർഗ്ഗവും മുന്നിലില്ല എന്ന അവസ്ഥ. പോപ്പർന്നാക്കിന്റെ അവസ്ഥ കുറച്ചുകൂടി പരിതാപകരമായിരുന്നു. ജലപ്രവാഹത്തിൽ നിന്നും രക്ഷപെടാൻ ചുവരിലെ ചേംബറിലേക്ക് ചാടിയ അദ്ദേഹം അവിടെ കുടുങ്ങിയിരിക്കുകയാണ്. ടീമിലെ മറ്റ് എട്ടുപേർക്കും പോപ്പർന്നാക്കിനും ഇടയിൽ കുതിച്ചൊഴുകുന്ന ജലപ്രവാഹം. ഒഴുക്കിന്റെ ശക്തി വളരെക്കൂടുതൽ ആയിരുന്നതിനാൽ അത് മുറിച്ചുകടക്കുക എന്നത് അത്യധികം അപകടകരമായിരുന്നു. പോപ്പർന്നാക്കിനെ ആ ചേംബറിൽ നിന്നും ഇപ്പുറം കൊണ്ടുവരുന്നതിനുള്ള മാർഗ്ഗങ്ങൾ ടീമംഗങ്ങൾ ആലോചിച്ചുകൊണ്ടിരുന്നു. ചെറിയ ഒരു പാളിച്ച മതി പോപ്പർനാക്കിനെ ജലപ്രവാഹം വിഴുങ്ങാൻ. സമയം പൊയ്കൊണ്ടിരിക്കുന്നു. രക്ഷപെടാനുള്ള സാധ്യതകൾ മങ്ങുന്നതായി പോപ്പർന്നാക്കിന് തോന്നിത്തുടങ്ങി. തന്നെ അവിടെ വിട്ടിട്ട് ഏതെങ്കിലും മാർഗ്ഗത്തിലൂടെ രക്ഷപെടാൻ ആകുമോ എന്ന് നോക്കാൻ അദ്ദേഹം തൊഴിലാളികളോട് ആവശ്യപ്പെട്ടു. മനസ്സില്ലാ മനസ്സോടെ ആ എട്ടംഗ സംഘം തങ്ങളുടെ സംഘത്തലവനെ അവിടെ ഉപേക്ഷിച്ച് രക്ഷാമാർഗ്ഗങ്ങൾ തേടിപ്പോയി.
കൽക്കരി നീക്കം ചെയ്യുന്നതിനുള്ള ഒരു കൺവേയർ ബെൽറ്റായിരിന്നു അവരുടെ ലക്ഷ്യം. തുരങ്ക മേൽക്കൂരയോളം ഉയരത്തിൽ സ്ഥാപിച്ചിരുന്ന അതിൽ തൂങ്ങിയും തുഴഞ്ഞും തുരങ്കം കടന്ന് രക്ഷപെടാം എന്ന് അവർ പ്രതീക്ഷിച്ചു. എന്നാൽ അവരുടെ കണക്കുകൂട്ടലുകൾക്കും അപ്പുറമായിരുന്നു ജലപ്രവാഹത്തിന്റെ തീവ്രത. വളരെ വേഗം അവർക്ക ആ ശ്രമം ഉപേക്ഷിച്ച് പിന്മാറേണ്ടിവന്നു.
സമയം രാത്രി 9:35. റോൺ ഷാഡ് ഒരുവിധം ടണിലിനു പുറത്തെത്തി. എന്നാൽ ലാറിയടക്കം തന്റെ ടീമിലെ എട്ടുപേരെയും കാണുന്നില്ല. ഷാഡിന് പരിഭ്രമമായി. ഷാഡിന്റെ ആശങ്ക അധികസമയം നീണ്ടില്ല. സംഘത്തിലെ മറ്റ് എട്ടുപേരും ഓരോരുത്തരായി പുറത്തെത്തി. ഇതേസമയം ക്യൂ ക്രീക്ക് മൈൻ കണ്ട്രോൾ സെന്ററിൽ രക്ഷാപ്രവർത്തനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. ടണലുകളുടെ ദിശ കണക്കുകൂട്ടിയ രക്ഷാപ്രകർത്തകർക്ക് ജലപ്രവാഹത്തിന്റെ ഉറവിടം സാക്സ്മാൻ ഖനിയാണെന്ന് മനസ്സിലാക്കാൻ അധിക സമയം വേണ്ടിവന്നില്ല. മാത്രവുമല്ല സാക്സ്മാൻ ഖനിയിൽ ശേഖരിച്ചിട്ടുള്ള 25 കോടി ലിറ്ററിലധികം വരുന്ന വെള്ളം ക്യൂ ക്രീക്ക് മൈൻ പൂർണ്ണമായും മുക്കുന്നതിന് ആവശ്യമായതിലും വളരെ അധികമാണെന്നും അവർ തിരിച്ചറിഞ്ഞു. ഫലത്തിൽ എന്തെങ്കിലും അടിയന്തിരമായി ചെയ്തില്ലെങ്കിൽ മണിക്കൂറുകൾക്കകം ടണലുകൾ മുഴുവനായും നിറഞ്ഞ് ഒൻപത് തൊഴിലാളികളും കൊല്ലപ്പെടും. രക്ഷാപ്രവർത്തകർ വിവിധ പദ്ധതികൾ ആലോചിച്ചുകൊണ്ടിരുന്നു.
പെൻസിൽവാനിയ ഡീപ്പ് മൈൻ സേഫ്റ്റി ബ്യൂറോയിലെ വിദഗ്ദനായ ജോ സ്ബഫോണിയെ രക്ഷാപ്രകർത്തകർ വിളിച്ചുവരുത്തിയിരുന്നു. തൊഴിലാളികളിൽ ആരെങ്കിലും ജീവനോടെ അവശേഷിച്ചിട്ടുണ്ടെങ്കിൽ അവർ ടണലിലെ ഏറ്റവും ഉയർന്ന ഭാഗമായ ഫസ്റ്റ് ലെഫ്റ്റ് ഷാഫ്റ്റിൽ എവിടെയെങ്കിലും കയറി നിൽക്കുന്നുണ്ടാവും എന്ന് രക്ഷാപ്രവർത്തകർ കണക്കുകൂട്ടി. അവർ അവിടെ എത്തിയിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ പതിനഞ്ച് സെന്റീമീറ്റർ വ്യാസത്തിൽ എഴുപത്തിയഞ്ച് മീറ്റർ ആഴത്തിൽ ഖനിയ്കുള്ളിലേക്ക് ഒരു ദ്വാരം നിർമ്മിക്കാൻ അവർ തീരുമാനിച്ചു. ശ്രമം വിജയിച്ചാൽ ഒരു മൈക്രോ ഫോണോ ഒരു ചെറു ക്യാമറയോ വഴി തൊഴിലാളികളുമായി ആശയവിനിമയം ചെയ്യാനാകുമെന്നും രക്ഷാപ്രവർത്തകർ കണക്കുകൂട്ടി.
സമയം പുലർച്ചെ ഒരു മണി. ഖനിയ്കുള്ളിൽ ഏകദേശം എല്ലായിടത്തും വെള്ളം നിറഞ്ഞുകഴിഞ്ഞിരിക്കുന്നു. തങ്ങൾക്ക് രക്ഷപെടാൻ ഇനി മാർഗ്ഗങ്ങൾ ഒന്നുമില്ലെന്ന് തൊഴിലാളികൾ തിരിച്ചറിഞ്ഞു. അവർ പോപ്പർന്നാക്ക് കുടുങ്ങിക്കിടക്കുന്ന ഭാഗത്തേക്ക് മടങ്ങി. ഈ സമയം സ്വന്തം നിലയ്ക് എങ്ങനെയെങ്കിലും ജലപ്രവാഹം മുറിച്ചുകടക്കാനുള്ള ശ്രമത്തിലായിരുന്നു പോപ്പർന്നാക്ക്. മടങ്ങിയെത്തിയ തൊഴിലാളികൾ അവിടെയുണ്ടായിരുന്ന ഒരു മണ്ണുനീക്കി യന്ത്രത്തിന്റെ ലോഡിംഗ് തൊട്ടി ജലപ്രവാഹത്തിന് കുറുകെയിട്ട് അതിസാഹസികമായി തങ്ങളുടെ സംഘത്തലവനെ ഇപ്പുറത്തെത്തിച്ചു. തൽക്കാലം രക്ഷപെട്ടെങ്കിലും തങ്ങൾ ഒൻപതുപേരുടേയും ജീവൻ ഇപ്പോഴും തുലാസ്സിൽ തന്നെയാണെന്ന് അവർക്കറിയാമായിരുന്നു. രക്ഷാപ്രകർത്തകർ തക്ക സമയത്ത് എത്തിയില്ലെങ്കിൽ തങ്ങളിലാരും ഇനി പുറം ലോകം കാണില്ലെന്നുള്ള തിരിച്ചറിവ് അവരെ ഹതാശരാക്കി.
സമയം പുലർച്ചെ ഒന്ന് മുപ്പത്. ഖനി ഓഫീസിൽ രക്ഷാപ്രവർത്തകർ കടുത്ത ആശങ്കയിലായിരുന്നു. തൊഴിലാളികൾ എഴുപത്തിയഞ്ച് മീറ്റർ ആഴത്തിൽ ഭൂമിയ്കടിയിൽ കുടുങ്ങിയിട്ട് ഏറെനേരമാകുന്നു. അവർ ജീവനോടെയുണ്ടോ എന്ന് യാതൊരു ഉറപ്പുമില്ല. ഖനിയുടെ ഘടനയനുസരിച്ച് അവർക്ക് കിട്ടാവുന്നതിൽ ഏറ്റവും സുരക്ഷിതമായ ഇടം ഫസ്റ്റ് ലെഫ്റ്റ് ഷാഫ്റ്റ് ആണ്. അവർ അവുടെയുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി നിർമ്മിക്കാൻ പ്ലാൻ ചെയ്ത ദ്വാരത്തിന്റെ നിർമ്മാണം ഇനിയും ആരംഭിച്ചിട്ടില്ല. ഒടുവിൽ പുലർച്ചെ 2:50 ന് എഞ്ചിനീയർ ഷോൺ ഇസ്ഗന്റെ നേതൃത്വത്തിൽ ഡ്രിൽ ഹോളിന്റെ നിർമ്മാണം ആരംഭിച്ചു. ജി പി എസ് , വിവിധ സർവ്വേ ഡാറ്റകൾ മാപ്പുകൾ എന്നിവയുടെ സഹായത്തോടുകൂടി അതീവ സൂക്ഷ്മതയോടുകൂടിയായിരുന്നു ഡ്രില്ലിംഗ്. ചുരുങ്ങിയത് രണ്ടുമണിക്കൂറെങ്കിലും വേണ്ടിയിരുന്നു എഴുപത്തിയഞ്ച് മീറ്റർ ആഴത്തിൽ എത്താൻ. ലഭ്യമായ എല്ലാ സാങ്കേതിക വിദ്യയും ഉപയോഗിച്ചായിരുന്നു ഡ്രില്ലിംഗ് എങ്കിലും തങ്ങളുടെ ദിശ എത്രത്തോളം കൃത്യമായിരിക്കും എന്നതിനെപ്പറ്റി ആർക്കും വ്യക്തമായ ധാരണയില്ലായിരുന്നു. ഒരു ചെറിയ പാളിച്ച മതി, ഡ്രില്ല് ഹോൾ ലക്ഷ്യം തെറ്റാനും അതുവരെ ചെയ്ത ജോലികൾ ഫലമില്ലാതെ പോകാനും. അങ്ങനെ സംഭവിച്ചാൽ…! അക്കാര്യം രക്ഷാപ്രവർത്തകർക്ക് ചിന്തിക്കാൻ പോലും സാധ്യമല്ലായിരുന്നു.
സമയം പുലർച്ചെ മൂന്ന് മുപ്പത്. ഖനിയ്കുള്ളിൽ ജലനിരപ്പ് ഉയർന്നുകൊണ്ടെയിരിക്കുന്നു. പോപ്പർന്നാക്കും സംഘവും എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. ജലനിരപ്പ് കൂടുതൽ അടുത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ പോയാൽ അധികം വൈകാതെ തങ്ങളെല്ലാം മുങ്ങിമരിക്കുമെന്ന് പോപ്പർന്നാക്ക് ഉറപ്പിച്ചു. എങ്കിലും താൽക്കാലിക പരിഹാരമെന്നനിലയ്ക് തുരങ്കത്തിൽ അങ്ങിങ്ങായി കിടന്നിരുന്ന കോൺക്രീറ്റ് ബ്ലോക്കുകൾ കൊണ്ട് തങ്ങൾ നിൽക്കുന്ന സ്ഥലത്തിനും ജലനിരപ്പിനും ഇടയിൽ ഒരു ചിറകെട്ടാൻ അവർ തീരുമാനിച്ചു.
അപ്പോഴാണ് ഒരു പുതിയ പ്രതിസന്ധി അവരെ വേട്ടയാടാൻ തുടങ്ങിയത്. പുറത്തേക്കുള്ള വഴികൾ എല്ലാം അടഞ്ഞ ഖനിയ്കുള്ളിൽ ലഭ്യമായിരുന്ന പ്രാണവായുവിന്റെ അളവ് ഗണ്യമായി കുറഞ്ഞിരിക്കുന്നു. ഒൻപത് പേർക്ക് അധികനേരത്തേക്ക് ശ്വസിക്കാൻ വേണ്ടത്ര ശുദ്ധവായു ഖനിയ്കുള്ളിൽ അവശേഷിക്കുന്നില്ല.. തൊഴിലാളികളിൽ പലർക്കും ശ്വാസതടസ്സം അനുഭവപ്പെട്ടുതുടങ്ങി. ചിറ കെട്ടുക എന്നത് അങ്ങേയറ്റം ദുഷ്ക്കരമായ ഒരു ജോലിയായി അവർക്ക് തോന്നാൻ തുടങ്ങി.
ഇതേ സമയം ഖനി കവാടത്തിൽ രക്ഷാപ്രവർത്തകരിൽ ഒരു സംഘം വെള്ളം പമ്പുചെയ്ത് വറ്റിക്കുന്നന്ന പ്രവർത്തികളിൽ കയ്യും മെയ്യും മറന്ന് പ്രവർത്തിക്കുകയായിരുന്നു. എന്നാൽ അത് ഒട്ടും തന്നെ എളുപ്പമുള്ള ജോലിയായിരുന്നില്ല. ഒന്നാമതായി ഖനിയ്കുള്ളിൽ ഇപ്പോൾ തന്നെ ലക്ഷക്കണക്കിന് ലിറ്റർ വെള്ളം നിറഞ്ഞിട്ടുണ്ട്. പോരാത്തതിന് സാക്സ്മാൻ ഖനിയിൽ നിന്നും തുടരുന്ന പ്രവാഹവും. കാര്യങ്ങൾ തെല്ലും ആശാവഹമല്ലാത്ത അവസ്ഥ. ഖനിയ്കുള്ളിൽ പോപ്പർന്നാക്കിന്റേയും സംഘത്തിന്റേയും അവസ്ഥ അനുനിമിഷം വഷളായിക്കൊണ്ടിരിക്കുന്നു. ഒരു വശത്ത് തങ്ങളെ വിഴുങ്ങാനായി അടുത്തുകൊണ്ടിരിക്കുന്ന ജലനിരപ്പ്.. മറുവശത്ത് വിഷമയമായിക്കൊണ്ടിരിക്കുന്ന പ്രാണവായു. തങ്ങളുടെ അന്ത്യനിമിഷങ്ങൾ വിദൂരമല്ല എന്ന് അവർക്ക് ഏറെക്കുറെ ഉറപ്പായി.
ഒരു നിമിഷം.. തങ്ങൾ നിൽക്കുന്നതിന്റെ തൊട്ടുമുകളിലായി എന്തോ ശബ്ദം കേൾക്കുന്നത് തൊഴിലാളികൾ ശ്രദ്ധിച്ചു. ആദ്യം നേർത്തതായിരുന്ന ആ ശബ്ദം ക്രമേണ അടുത്തടുത്ത് വരാൻ തുടങ്ങി. അൽപ്പം കൂടി കഴിഞ്ഞപ്പോൾ അത് കൂടുതൽ വ്യക്തമായി കേട്ടുതുടങ്ങി. അതൊരു ഡ്രിൽ മെഷീന്റെ തുരക്കൽ ശബ്ദമാണെന്ന് തിരിച്ചറിയാൻ അവർക്ക് അധിക സമയം വേണ്ടിവന്നില്ല. പ്രാണവായുവിനായി പിടയുമ്പോഴും അവരിൽ ഒരു നേരിയ പ്രത്യാശ അങ്കുരിച്ചു. അവർ ക്ഷമയോടെ കാത്തിരുന്നു.
പുലർച്ചെ 05:06. എഴുപത്തിയഞ്ച് മീറ്റർ നീണ്ട പ്രയാണത്തിനൊടുവിൽ ഡ്രിൽ ബിറ്റ് ഫസ്റ്റ് ലെഫ്റ്റ് ഷാഫ്റ്റിൽ എത്തി. തൊഴിലാളികൾക്ക് കൂടുതൽ ആശ്വാസമേകിക്കൊണ്ട് ഡ്രിൽ മെഷീനിൽ നിന്നുള്ള കമ്പ്രസ്സ്ഡ് എയർ ഖനിയ്കുള്ളിലേക്ക് വ്യാപിച്ചു. പ്രാണവായുവിനായി പിടഞ്ഞുകൊണ്ടിരുന്ന അവർക്ക് അത് പുതുജീവൻ നൽകി. അതേസമയം പോപ്പർന്നാക്ക് തങ്ങൾ ജീവനോടെയുണ്ട് എന്ന് പുറം ലോകത്തെ എങ്ങനെ അറിയിക്കും എന്ന ചിന്തയിലായിരുന്നു. അദ്ദേഹം തന്റെ സുരക്ഷ ഹെൽമ്മറ്റിൽ ആലേഖനം ചെയ്തിരിക്കുന്ന സുരക്ഷാ നിർദ്ധേശങ്ങളുടെ ലിസ്റ്റ് പരിശോധിച്ചു. ഒരു ഖനിയ്കുള്ളിൽ കുടുങ്ങിപ്പോയാൽ ചെയ്യേണ്ടുന്ന കാര്യങ്ങൾ അതിൽ വിവരിച്ചിരുന്നു. അതിൻ പ്രകാരം കയ്യിൽ കിട്ടിയ ഒരു ചുറ്റികയെടുത്ത് പോപ്പർന്നാക്ക് ഡ്രില്ല് ബിറ്റിന്മേൽ ആഞ്ഞാഞ്ഞടിച്ചു. ഈ സമയം മുകളിൽ ഡ്രില്ലിങ്ങിന് നേതൃത്വം നൽകിക്കൊണ്ട് നിൽക്കുകയായിരുന്ന ജോ സ്ബഫോണി എന്തോ ചില ശബ്ദങ്ങൾ കേൾക്കുകയും ഡ്രില്ലിംഗ് നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. എല്ലാ യന്ത്രങ്ങളും ഓഫ് ചെയ്യപ്പെട്ടു. പരിസരമാകെ കനത്ത നിശബ്ദത വ്യാപിച്ചു. സ്ബഫോണി ഒരു ചുറ്റിക കൊണ്ട് ഡ്രിൽ ബിറ്റിൽ തുടരെ തുടരെ ആഞ്ഞടിച്ചുകൊണ്ട് ഖനിയ്കുള്ളിലേക്ക് സിഗ്നൽ നൽകി. നിമിഷങ്ങൾക്കകം ഭൂമിയ്കടിയിൽ നിന്നും മറുപടിയെത്തി. എല്ലാവരും സന്തോഷത്താൽ ആർപ്പുവിളിച്ചു.
ഇതേസമയം ഖനി കവാടത്തിൽ വെള്ളം പമ്പുചെയ്തു നീക്കുന്ന ജോലിയിൽ വ്യാപൃതരായിരുന്ന റോൺ ഷാഡിനും സംഘത്തിനും ഈ വാർത്ത തെല്ലൊന്നുമല്ല ആശ്വാസം നൽകിയത്. തങ്ങളുടെ സഹപ്രവർത്തകർ ജീവനോടെയുണ്ട്. എത്രയും വേഗം അവരെ രക്ഷപെടുത്തണം. ഷാഡും സംഘവും കയ്യും മെയ്യും മറന്ന് അവർക്കാവും വിധത്തിൽ അവർ വെള്ളം പമ്പുചെയ്യുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതരായി. ഖനിയ്കുള്ളിൽ കുടുങ്ങിയ തൊഴിലാളികൾ ഒൻപത് പേരും ജീവനോടെയുണ്ടെന്ന വാർത്ത നൽകിയ ആശ്വാസം അധികനേരം നീണ്ടില്ല. അനുനിമിഷം ഉയർന്നുകൊണ്ടിരിക്കുന്ന ജലനിരപ്പിൽ മുങ്ങിപ്പോകാതെ അവരെ എങ്ങനെ പുറത്തെത്തിക്കും എന്ന് ആർക്കും ഒരു ഊഹവുമില്ല. ഇങ്ങനെ പോയാൽ പരമാവധി ഒരു മണിക്കൂറിൽ അവരെ ജലനിരപ്പ് വിഴുങ്ങും. രക്ഷാപ്രവർത്തകർ ആശങ്കയിലായി.
ജോ സ്ബഫോണിയുടെ അഭിപ്രായത്തിൽ ഖനിയ്കുള്ളിലേക്ക് ഒരു വലിയ ദ്വാരം നിർമ്മിക്കുകയും അതിലൂടെ തൊഴിലാളികളെ ഓരോരുത്തരെയായി പുറത്തെത്തിക്കുകയുമായിരുന്നു ഏറ്റവും പ്രായോഗികം. എന്നാൽ ഒരു പ്രധാന പ്രശ്നമുള്ളത് അത്രയും വലിയ ഡ്രിൽ മെഷീൻ സമീപ പ്രദേശങ്ങളിൽ എവിടെയും ഇല്ല എന്നതായിരുന്നു. ലഭ്യമായതിൽ ഏറ്റവും അടുത്തുള്ളത് വെസ്റ്റ് വെർജ്ജീനിയ സംസ്ഥാനത്താണ്. അതും 188 കിലോമീറ്റർ ദൂരത്ത്. ചുരുങ്ങിയത് ഒൻപത് മണിക്കൂർ വേണം അത് ക്യൂ ക്രീക്കിൽ എത്തിക്കാൻ. എങ്കിലും മറ്റുപോംവഴികൾ ഇല്ലാതിരുന്നതിനാൽ വെസ്റ്റ് വെർജ്ജീനിയയിൽ നിന്നും ഡ്രിൽ മെഷീൻ എത്തിക്കാൻ തീരുമാനമായി. പുലർച്ചെ അഞ്ച് മുപ്പതോടുകൂടി പോലീസ് അകമ്പടിയോടുകൂടി ആ കൂറ്റൻ യന്ത്രം ക്യൂ ക്രീക്ക് ലക്ഷ്യമാക്കി യാത്ര തിരിച്ചു.
എന്നാൽ ഇതിനിടയിൽ ഒരു കാര്യം ആരും ശ്രദ്ധിച്ചിരുന്നില്ല. തൊഴിലാളികളുമായി ആശയ വിനിമയം ചെയ്യാൻ ഡ്രില്ലിംഗ് മെഷീന്റെ കമ്പ്രസ്സർ ഓഫ് ചെയ്തിരുന്നതിനാൽ താഴെ ഖനിയ്കുള്ളിലേക്ക് താൽക്കാലികമായെങ്കിലും കിട്ടിക്കൊണ്ടിരുന്ന ശുദ്ധവായുവിന്റെ ലഭ്യത നിലച്ചിരുന്നു. ഖനിയിൽ നിന്നും കിട്ടിയ വായുവിന്റെ ക്വാളിറ്റി പരിശോധിച്ച രക്ഷാപ്രവർത്തകരെ ആശങ്കപ്പെടുത്തുന്നത്ര മോശമായിരുന്നു ഓക്സിജന്റെ അളവ്. ഈ നിലയിൽ അധിക സമയം മുന്നോട്ടുപോകാനാവില്ല. ആശയവിനിമയം എന്ന ആവശ്യം തൽക്കാലം മറന്നേ പറ്റൂ. എത്രയും വേഗം കമ്പ്രസ്സർ പ്രവർത്തിപ്പിച്ച് ഖനിയ്കുള്ളിലേക്ക് വായുപ്രവാഹം ഉറപ്പുവരുത്തണം. മറ്റുമാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ അവർ വീണ്ടും കമ്പ്രസ്സർ പ്രവർത്തിപ്പിക്കാൻ ആരംഭിച്ചു.
അങ്ങനെയിരിക്കെ രക്ഷാപ്രവർത്തകർക്ക് മറ്റൊരു ഉപായം തോന്നി. വായു സഞ്ചാരം ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുന്ന കമ്പ്രസ്സർ പരമാവധി ശക്തിയിൽ പമ്പുചെയ്താൽ ഖനിയ്കുള്ളിൽ ഉയർന്ന മർദ്ദത്തിൽ ഒരു എയർ പോക്കറ്റ് സൃഷ്ടിക്കാൻ കഴിഞ്ഞേക്കും. അത് സാധ്യമായാൽ ഉയർന്നുകൊണ്ടിരിക്കുന്ന ജലനിരപ്പിനെ തടയുന്ന ഒരു വായുകുമിളകണക്കെ അത് പ്രവർത്തിക്കും. ഇത്തരം ഒരു ആശയം നാളിതുവരെ അമേരിക്കയിൽ ആരെങ്കിലും പ്രാവർത്തികമാക്കിയിട്ടുണ്ടോ എന്ന് അവർക്ക് ഉറപ്പില്ലായിരുന്നു. എങ്കിലും അത്തരമൊരു റിസ്ക് ഏറ്റെടുക്കാൻ തന്നെ അവർ തീരുമാനിച്ചു.
ഈ സമയം താഴെ പോപ്പർന്നാക്കിനും സംഘത്തിനും പ്രതീക്ഷകൾ അസ്തമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജലനിരപ്പ് അവരിൽ നിന്നും കേവലം 25 മീറ്റർ മാത്രം അകലത്തിൽ എത്തിനിൽക്കുന്നു. തങ്ങൾക്കിനി അധിക സമയം ബാക്കിയില്ലെന്ന് അവർ ചിന്തിച്ചുതുടങ്ങി. ഇനിയൊരിക്കലും പുറം ലോകം കാണുവാനോ ഉറ്റവരുമായി സംസാരിക്കുവാനോ കഴിഞ്ഞേക്കില്ല. കിട്ടാവുന്നത്ര കടലാസ്സുതുണ്ടുകളും കാർഡ് ബോർഡ് കഷണങ്ങളും കൊണ്ട് അവർ ഉറ്റവർക്കും സുഹൃത്തുക്കൾക്കും സന്ദേശങ്ങൾ എഴുതി. ശേഷം അവയെല്ലാം ഒരു വലിയ പ്ലാസ്റ്റിൽ കണ്ടയ്നറിൽ അടക്കം ചെയ്തു. എന്നെങ്കിലും അത് പുറംലോകത്ത് എത്താതിരിക്കില്ലെന്ന് അവർക്കറിയാമായിരുന്നു. തൊഴിലാളികളിൽ ചിലർ കയറുകൊണ്ട് തങ്ങളുടെ ശരീരങ്ങൾ പരസ്പരം ബന്ധിച്ചു. മരിച്ചുകഴിഞ്ഞാലും തങ്ങൾ ഒന്നിച്ചുതന്നെയുണ്ടാവണമെന്നായിരുന്നു അവരുടെ ആഗ്രഹം. ഇതിലൊന്നും താൽപ്പര്യം കാണിക്കാതെ ഒരിടത്ത് മാറിയിരിക്കുകയായിരുന്ന പോപ്പർന്നാക്കിന് ഖനിയ്കുള്ളിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നതായി അനുഭവപ്പെട്ടുതുടങ്ങി. അതെന്താണെന്ന് അയാൾക്ക് മനസ്സിലായില്ലെങ്കിലും ചിലകാര്യങ്ങൾ പോപ്പർന്നാക്ക് ശ്രദ്ധിച്ചു. ഒന്നാമതായി അടുത്ത് കിടന്ന ഒരു കാലി പ്ലാസ്റ്റിക്ക് ജാർ ഉള്ളിലേക്ക് ചുരുങ്ങുന്നു. രണ്ടാമതായി ജലനിരപ്പിന്റെ ഉയർച്ച അൽപ്പം സാവധാനത്തിലായി. അതേ.. രക്ഷാപ്രവർത്തകരുടെ പദ്ധതി വിജയം കണ്ടിരിക്കുന്നു. പക്ഷെ എത്ര സമയം ഇങ്ങനെ ചെറുത്തുനിൽക്കാൻ കഴിയുമെന്ന് ആർക്കും നിശ്ചയമുണ്ടായിരുന്നില്ല.
സമയം പിറ്റേ ദിവസം വൈകുന്നേരം ആറു മണി. അപകടം നടന്നിട്ട് 21മണിക്കൂറുകൾ പിന്നിടുന്നു. വെസ്റ്റ് വെർജ്ജീനിയയിൽ നിന്നും ഡ്രിൽ മെഷീൻ എത്തിച്ചേർന്നതേയുള്ളു. സമയം വൈകാതെ അവർ രക്ഷാ ദ്വാരത്തിന്റെ നിർമ്മാണം ആരംഭിച്ചു. അതേ സമയംതന്നെ പെൻസിൽവാനിയ ഗവർണ്ണർ മിസ്റ്റർ മാർക്ക് ഷ്വെയിക്കറും സംഭവസ്ഥലത്ത് എത്തിച്ചേർന്നു. ഉടൻ തന്നെ അദ്ദേഹം രക്ഷാപ്രവർത്തനങ്ങളുടെ നേതൃത്വം ഏറ്റെടുത്തു. ഇത് രക്ഷാപ്രവർത്തകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകി. അത്രയും സമയം മാധ്യമപ്രവർത്തകരുടേയും തൊഴിലാളികളുടെ ബന്ധുക്കളുടേയും ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അവർ നന്നേ ക്ലേശിച്ചിരുന്നു. ഗവർണ്ണർ വൈകാതെ തന്നെ ഒരു വാർത്താസമ്മേളനം വിളിച്ച് സ്ഥിതിഗതികൾ മാധ്യമങ്ങളുമായി പങ്കുവെച്ചു.
രക്ഷാ ദ്വാരത്തിന്റെ നിർമ്മാണവും ജലം പമ്പുചെയ്യുന്ന ജോലിയും പുരോഗമിക്കവെ പുതിയ ഒരു ആശങ്ക രക്ഷാപ്രവർത്തകരെ അലട്ടാൻ തുടങ്ങി. ഈ നിലയ്ക് പോയാൽ രക്ഷാദ്വാരം ഖനിയിൽ എത്തുമ്പോൾ അതുവരെ വെള്ളപ്പെരുക്കത്തെ തടഞ്ഞുനിർത്തിയിരുന്ന എയർ പോക്കറ്റ് തകരും. അതോടുകൂടി തടഞ്ഞുനിർത്തിയിരുന്ന വെള്ളമത്രയും തൊഴിലാളികൾ നിൽക്കുന്നിടത്തേക്ക് കുതിച്ചൊഴുകി അവരെ മുക്കിക്കൊല്ലും. രക്ഷാപ്രവർത്തകർ ചിന്താക്കുഴപ്പത്തിലായി. അവർ ഈ പ്രശ്നം ഗവർണ്ണറുമായി ചർച്ച ചെയ്തു. എന്നാൽ ഡ്രില്ലിംഗ് തുടരാൻ തന്നെ ഷ്വെയിക്കർ നിർദ്ദേശിച്ചു.
ഖനിയുടെ കവാടത്തിൽ വെള്ളം പമ്പുചെയ്യുന്ന ജോലികൾ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. എന്നാൽ സ്ഥിതി ഒട്ടും ആശാവഹമല്ല. ജലനിരപ്പിൽ കാര്യമായ വ്യത്യാസമൊന്നും കാണാത്തതിനാൽ എല്ലാവരും നിരാശ്ശയിലായിരുന്നു. ഖനിയ്കുള്ളിൽ ഒൻപത് തൊഴിലാളികളും പരസ്പരം ആശ്വസിപ്പിച്ചും പ്രാർത്ഥനകളിൽ മുഴുകിയും സമയം തള്ളിനീക്കുകയായിരുന്നു. ഖനിയ്കുള്ളിലെ താപനില നന്നേ താഴ്ന്നിരിക്കുന്നു. ഇങ്ങനെ പോയാൽ ശരീരം ഹൈപ്പോതെർമ്മിയ എന്ന അവസ്ഥയിലേക്ക് പോകും എന്ന് തിരിച്ചറിഞ്ഞതിനാൽ എല്ലാവരും മുട്ടിയുരുമ്മി ഇരിക്കാൻ ശ്രദ്ധിച്ചു. അങ്ങനെ ചെയ്യുന്നതിലൂടെ ശരീരതാപം നഷ്ടപ്പെടുന്നത് ഒരളവ് വരെ തടയാൻ സാധിക്കും. അങ്ങനെയിരിക്കേ അവർ ഇരിക്കുന്ന സ്ഥലത്തിന് മുകളിലായി മണ്ണും പാറയും തുരക്കുന്ന ശബ്ദം കേട്ടുതുടങ്ങി.
സമയം പുലർച്ചെ ഒന്നരമണി. അപകടം നടന്നിട്ട് ഇരുപത്തിയെട്ട് മണിക്കൂറിൽ അധികമായിരിക്കുന്നു. രക്ഷാതുരങ്കത്തിന്റെ നിർമ്മാണം അതിവേഗം മുന്നോട്ടുനീങ്ങുകയാണ്. പെട്ടന്നാണ് ഡ്രിൽ ഓപ്പറേറ്റർ ജോൺ ഹാമിൽട്ടന് എന്തോ പന്തികേട് തോന്നിയത്. ഡ്രിൽ മെഷീനിന്റെ കമ്പ്രസറുകളിൽ ഒന്നിലെ പ്രഷർ വല്ലാതെ താഴുന്നു. പ്രശ്നം എന്താണെന്ന് പരിശോധിച്ച ഹമിൽട്ടന് നടുക്കുന്ന ഒരു വാർത്തയായിരുന്നു പറയുവാനുണ്ടായിരുന്നത്. ഡ്രിൽ മെഷീന്റെ പ്രധാന ഡ്രിൽബിറ്റ് ഒടിഞ്ഞിരിക്കുന്നു ! പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കിക്കൊണ്ട് ഒടിഞ്ഞ ബിറ്റ് 32 മീറ്റർ ആഴത്തിൽ കുടുങ്ങിക്കിടക്കുകയും ചെയ്തിരിക്കുന്നു. ഫലത്തിൽ അത്രയും നേരം പരിശ്രമിച്ചതെല്ലാം പാഴായതുപോലെ അവർക്കു തോന്നി. കനത്ത നിശബ്ദത അവിടെയെങ്ങും വ്യാപിച്ചു. താഴെ ഖനിയ്കുള്ളിൽ പോപ്പർന്നാക്കും സംഘവും വീണ്ടും ആശങ്കയിലായി. അൽപ്പം മുൻപുവരെ പ്രതീക്ഷകൾക്ക് ജീവൻ പകർന്നുകൊണ്ട് അടുത്തടുത്ത് വന്നിരുന്ന ഡ്രില്ലിംഗ് ശബ്ദം നിലച്ചിരിക്കുന്നു. ആശുഭമായത് എന്തോ സംഭവിക്കാൻ പോകുന്നതായി അവർ ഭയന്നു.
പുറത്ത് ഗവർണ്ണറുടെ നേതൃത്വത്തിൽ ബദൽ മാർഗ്ഗങ്ങൾ തേടുന്ന തിരക്കിലായിരുന്നു എല്ലാവരും. ഡ്രിൽ ഓപ്പറേറ്റർ ജോൺ ഹാമിൽട്ടന് പൊട്ടിയ ഡ്രിൽ ബിറ്റ് പുറത്തെടുക്കാൻ അറിയാം. പക്ഷേ അത് സാധാരണഗതിയിൽ അത്യധികം ശ്രമകരവും നാലോ അഞ്ചോ ദിവസങ്ങൾ കൊണ്ടുമാത്രം സാധ്യമാവുന്ന ഒരു പ്രയത്നമായിരിന്നു എന്നു മാത്രം. നിലവിലെ സാഹചര്യത്തിൽ അത്രയും നീണ്ട ഒരു സമയത്തേക്ക് കാത്തിരിക്കുന്നത് ബുദ്ധിശൂന്യതയാണ്. അതിനാൽ മറ്റു വഴികൾ ഉടനേ കണ്ടെത്തണം. ആലോചനകൾ പല വഴിയ്ക് നീണ്ടു. ഒടുവിൽ ഒരു പുതിയ ഡ്രിൽ മെഷീൻ വരുത്തി രണ്ടാമതായി ഒരു രക്ഷാദ്വാരം കൂടി നിർമ്മിക്കാൻ തീരുമാനമായി. മെഷീൻ എത്തിക്കുന്നതിനായി ഒരു ദ്രുതകർമ്മ സേനയെയും ചുമതലപ്പെടുത്തി. കാര്യങ്ങൾ ഈ വഴിയ്ക് നീങ്ങുന്നതിനിടയിൽ ജോൺ ഹാമിൽട്ടൻ തന്നാൽ ആവും വിധം ആ ഒടിഞ്ഞ ഡ്രിൽ ബിറ്റ് പുറത്തേടുക്കാനുള്ള പരിശ്രമത്തിലായിരുന്നു.
അപകടം നടന്നിട്ട് 43 മണിക്കൂർ പിന്നിട്ടു. രക്ഷാപ്രവർത്തകരുടെ അക്ഷീണ പ്രവർത്തനങ്ങൾക്ക് ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. ഖനി കവാടത്തിലെ ജലനിരപ്പ് സാവധാനം താഴാൻ തുടങ്ങി. ഇതേ സമയം മറ്റൊരു ശുഭ വാർത്തകൂടി എത്തി. ജോൺ ഹാമിൽട്ടൻ ആ ഒടിഞ്ഞ ഡ്രിൽ ബിറ്റിനെ വിജയകരമായി പുറത്തെത്തിച്ചിരിക്കിന്നു. കാര്യങ്ങൾ വീണ്ടും നേർവ്വഴിയ്ക് എത്തി. ഹാമിൽട്ടനും സംഘവും ഡ്രിൽ മെഷീനിന്റെ തകരാർ പരിഹരിച്ച് വീണ്ടും ഡ്രില്ലിംഗ് ആരംഭിച്ചു.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് 1:32 അപകടം നടന്നിട്ട് മൂന്ന് ദിവസങ്ങൾ ആകുന്നു. രക്ഷാതുരങ്കം ഏതാണ്ട് പൂർത്തിയായി. ഇനി കേവലം ആറു മീറ്റർ കുഴിച്ചാൽ അവർ ഖനിയ്കുള്ളിലെക്ക് എത്തും. എന്നാൽ ഇനി തുരക്കുന്നത് അത്ര പന്തിയല്ലെന്ന് ഹാമിൽട്ടൻ അഭിപ്രായപ്പെട്ടു. കാരണം ഖനിയ്കുള്ളിൽ ജലനിരപ്പ് അപ്പോഴും താഴ്ന്നിരുന്നില്ല. ഈ പരിതസ്ഥിതിയിൽ കൂടുതൽ തുരന്നാൽ അത് എയർ പോക്കറ്റ് തകർക്കുകയും തൊഴിലാളികൾക്ക് അപകടമുണ്ടാക്കുകയും ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. ജലനിരപ്പ് അവർ ഉദ്ധേശിക്കുന്ന തലത്തിലേക്ക് കുറയണമെങ്കിൽ ചുരുങ്ങിയത് പതിമൂന്ന് മണിക്കൂറെങ്കിലും തുടർച്ചയായി വെള്ളം പമ്പുചെയ്ത് നീക്കേണ്ടി വരും. മറ്റുമാർഗ്ഗമൊന്നും ഇല്ലാതിരുന്നതിനാൽ കാത്തിരിക്കാൻ തന്നെ രക്ഷാപ്രവർത്തകർ തീരുമാനിച്ചു.
പോപ്പർന്നാക്കിന്റെയും സംഘത്തിന്റെയും സ്ഥിതി എന്താണെന്ന് രക്ഷാപ്രവർത്തകർക്ക് ഒരു ഊഹവുമില്ലായിരുന്നു. ഖാനിയ്കുള്ളിൽ നിന്നും എന്തെങ്കിലും പ്രതികരണം ലഭിച്ചിട്ട് രണ്ടുദിവസമായി. അവർ ജീവനോടെയുണ്ടൊ എന്ന് എങ്ങനെ അറിയാനാണ്. എല്ലാവരും വീർപ്പടക്കി കാത്തിരുന്നു.
രാത്രി എട്ടുമണിയോടുകൂടി ജലനിരപ്പ് ഗണ്യമായി താഴ്ന്നു. രക്ഷാപ്രവർത്തകർ കാത്തിരുന്ന നിമിഷമെത്തി. ഹാമിൽട്ടനും സംഘവും ഡ്രില്ലിംഗ് പുനരാരംഭിച്ചു. 10:15 ന് ഡ്രിൽ ബിറ്റ് ഖനിയ്കുള്ളിലേക്ക് തുരന്നിറങ്ങി.
രക്ഷാ ദ്വാരം പൂർത്തിയായിരിക്കുന്നു. ഇനി ഖനിത്തൊഴിലാളികളുടെ അവസ്ഥ എന്താണെന്നറിയണം. അതിനായി രക്ഷാപ്രവർത്തകർ പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു മൈക്രോ ഫോൺ ഉപകരണം നീളമുള്ള കേബിളിൽ ബന്ധിപ്പിച്ച് രക്ഷാ ദ്വാരത്തിൽക്കൂടി ഖനിയ്കുള്ളിലേക്ക് അയച്ചു. എതാനും നിമിഷത്തെ കാത്തിരിപ്പിനൊടുവിൽ രക്ഷാപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഖനിയ്കുള്ളിൽ നിന്നും മറുപടി കിട്ടി. ഒൻപതുപേരും ജീവനോടെയുണ്ട്.
പിന്നീട് കാര്യങ്ങൾ ദ്രുതഗതിയിൽ മുന്നേറി. രാത്രി പന്ത്രണ്ട് മണിയോടുകൂടി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു മൈൻ റെസ്ക്യൂ കാപ്സ്യൂൾ രക്ഷാ ദ്വാരത്തിൽ കൂടി താഴേക്ക് അയച്ചു. ഒരു സമയം ഒരാൾക്കുമാത്രം കയറാൻ കഴിയുന്ന ആ ഉപകരണം വഴി തൊഴിലാളികൾ ഓരോരുത്തരായി പുറത്തുവന്നുകൊണ്ടിരുന്നു. പുലർച്ചെ രണ്ട് മണിയോടുകൂടി ഒൻപതാമനായി മാർക്ക് പോപ്പർന്നാക്ക് പുറത്തെത്തിയതോടുകൂടി അമേരിക്കൻ മൈൻ ചരിത്രത്തിലെ സംഭവബഹുലമായ ഒരധ്യായത്തിന് ശുഭകരമായി തിരശ്ശീല വീണു. പ്രതിസന്ധി ഘട്ടത്തിൽ ഒരു ടീമായി ഒന്നിച്ചു നിൽക്കുകയും പ്രതീക്ഷ കൈവിടാതെ അവസാന നിമിഷം വരെ പോരാടുകയും ചെയ്ത ആ ഒൻപതുപേരുടെ ആത്മ ധൈര്യമാണ് അവരെ അതിജീവനത്തിന് സഹായിച്ചത്.