ചില യാത്രകൾ അങ്ങനെയാണ്, പല അപ്രതീക്ഷിത നിമിഷങ്ങൾ സമ്മാനിച്ച കടന്നു പോകും..അവ പലതും പിൽക്കാലത്തു നമുക് മറക്കാനാകാത്ത ഓര്മകളോ അനുഭവപാഠങ്ങളോ ഒക്കെയായിത്തീരും… അത്തരത്തിലൊരു ദുരനുഭവത്തോടെയാണ് ഈകഴിഞ്ഞ goan ന്യൂ ഇയർ ട്രിപ്പ് അവസാനിച്ചത്.
എന്തായാലും പറയുന്നു, എന്നാപ്പിന്നെ അത് അങ്ങ് തുടക്കം മുതൽ ആകട്ടെ അല്ലേ.. കൊച്ചി carnival കണ്ടു മതിമറന്ന കഴിഞ്ഞ ന്യൂ ഇയർ നേക്കാൾ ഇത്തവണ പൊളിയാക്കണം എന്നു കരുതി തന്നെയാണ് my girls gang happening city ഗോവക്കുതന്നെ വണ്ടിപിടിക്കാമെന്നു വെച്ചത്. പലരും എതിരഭിപ്രായം പറയാൻ ഉണ്ടായി, ഗോവ പെൺകുട്ടികൾക്കു ഒറ്റക് പോകാൻപറ്റിയ സ്ഥലം അല്ലെന്നും പ്രേത്യേകിച്ച് ന്യൂ ഇയർ സമയത്ത് ആൺതുണയില്ലാതെ ഗോവൻ യാത്ര അപകടംപിടിച്ചതാണെന്നും അങ്ങനെ പല ഉപദേശശരങ്ങൾ പലവഴിക്ക് പാഞ്ഞെത്തി… ഞങ്ങളുടെ കൂട്ടായ ഉറച്ച തീരുമാനത്തിനൊടുവിൽ അങ്ങനെ September 10 നു ഞങ്ങൾ 4 പേർക്കുമുള്ള ടിക്കറ്റ് ബുക്ക് ചെയ്തു.
9 Dec : 4 മാസങ്ങളായി ഞങ്ങൾ കാത്തിരുന്ന ദിനം. അങ്ങനെ ഞങ്ങൾ 2 പേര് Ernakulam നിന്നും 2 പേര് ചെന്നൈ നിന്നും ട്രെയിൻ കയറി. കൊച്ചി-കുംത നേത്രാവതി എക്സ്പ്രസ്സ് സമയം തെറ്റാതെ എത്തി ഞങ്ങളുടെ സ്വപ്ന യാത്രക് പച്ചക്കൊടി വീശി. ഉച്ചക്ക് തുടങ്ങിയ ആ third AC യാത്ര പിറ്റേന് വെളുപ്പിനെ 6മണിക് ഞങ്ങളെ canacona ഇൽ എത്തിച്ചു, സൗത്ത് ഗോവയിലെ ഒരു ചെറു പട്ടണമായ ഇവിടെയാണ് airbnb വഴി ഞങ്ങൾ സ്റ്റേ ബുക്ക് ചെയ്തിരുന്നത്, ഒന്ന് നേരം വെളുക്കും വേറെ റെയിൽവേ സ്റ്റേഷനിൽ ഇരിക്കാമെന്നു ഓർത്തെങ്കിലും അവിടെ കൊതുകുകടികൊണ്ടു ഇരിക്കുനത്ത്തിലും ഭേദം ധൈര്യം സംഭരിച്ചു ഒരു ഓട്ടോ പിടിച്ചു റൂമിൽ എത്തുകയാണെന്നു തീരുമാനിച്ചിറങ്ങി. പുറത്തെത്തിയപ്പോൾ ആളുകളും ഓട്ടോയുമില്ല, പിന്നെ ആകെയുള്ളത് ഒരു ഓമ്നി വാൻ ടാക്സി മാത്രം. ഒരുകാലത്തു സിനിമകളിലെ കിഡ്നാപ്പിംഗ് സംഘത്തിലെ ഒഴിച്ചുകൂടാനാകാത്ത തേരാളി. LOL ഓർത്തപ്പോൾ ചിരിപൊട്ടി.
6 മണിക്ക് റൂമിൽ എത്തിയ ഞങ്ങളൊന്ന് മയങ്ങി എണീറ്റപ്പോളെക്കും അടുത്ത കൂട്ടർ ബസ് ഇറങ്ങി വിളിച്ചു. അങ്ങനെ ഞങ്ങൾ നാല്വർസംഘം ആദ്യദിനം തൊട്ടടുത്ത പാലോലെം ബീച്ചിൽ ചുറ്റികാങ്ങാമെന്നു വെച്ചു. സൗത്ത് ഗോവയിൽ 2 wheeler വാടകക്ക് എടുക്കാനും പറ്റിയ സ്ഥലം പാലോലെം ബീച്ച് പരിസരമാണ്. ബീച്ച് ഒന്നു ചുറ്റിക്കണ്ടു ഗോവൻ സ്പെഷ്യൽ ഫുഡും തെരഞ്ഞു പിടിച്ചു കഴിച്ചുവന്ന ഞങ്ങൾ അടുത്ത 2 ദിവസത്തേക്കുള്ള വണ്ടി വാടകയ്ക്ക് എടുക്കാനിറങ്ങി, വാടക കേട്ട് കഴിച്ചതെല്ലാം ഒറ്റയടിക്ക് കത്തിപോയി, ഒറ്റ ദിവസത്തേക്ക് 1500 രൂപ. ന്യൂ ഇയർ ആയതുകൊണ്ടാണ് പോലും. എന്നാലും അങ്ങിനെയുമുണ്ടോ ഒരു കത്തി റേറ്റ്. ഒടുവിൽ അനേഷിച്ചു നടന്നു നടന്നു ഒരു കൂട്ടർ പിറ്റേന്ന് രാവിലെ 7 മണിക്ക് എത്തിയാൽ 2 ദിവസത്തേക്ക് 1200 രൂപക്ക് വണ്ടി തരാമെന്നു ഉറപ്പു തന്നു.
അന്ന് ഫുൾ ബീച്ചും പരിസരവും നടന്നു കണ്ടും സ്ട്രീറ്റ് ഫുഡ് കഴിച്ചും ചെറു ഷോപ്പിങ്ങ് നടത്തിയും അലഞ്ഞു തിരിഞ്ഞു. ഹിപ്പി വേഷത്തിൽ സുന്ദരി മദാമ്മമാരെയും ഇന്ത്യൻ ധോത്തിയും ശിവന്റെ ചിത്രം ആലേഖനം ചെയ്ത കുർത്തയും ഇട്ടു നടക്കുന്ന വിദേശീയരെയും കണ്ടു നടക്കാൻ തന്നെ രസമാണ്. സമയം പോകുന്നതറിയില്ല അവിടുത്തെ സ്ട്രീറ്റുകളിലൂടെ പലവിധ കരകൗശല വസ്തുക്കളും പുതുവത്സര അലങ്കാരങ്ങളും ആസ്വദിച്ചു സൊറ പറഞ്ഞു നടക്കുമ്പോൾ. ന്യൂ ഇയർ ക്രിസ്തുമസ് സീസണിൽ ഗോവ മുഴുവൻ രാത്രിയും പകലാക്കി ഉണർന്നിരിക്കും. സ്വദേശീയർക്കു ഏറ്റവും ചില്ലറ തടയുന്ന സീസണുമാണത്. കാണുന്നതിനൊക്കെ നല്ല തീവില പറയും അവർ, നമ്മൾ നോക്കീം കണ്ടും പേശി വേണം വാങ്ങാൻ. ഞങ്ങളുടെ വിലപേശൽ കണ്ടിട്ട് ഒരു ബീഹാറി കടയുടമ നേരെ ചോദിച്ചു ‘മലയാളികളാണോ?’ ആശ്ചര്യ പൂർവം അതെയെന്ന് ഉത്തരം കൊടുത്തപ്പോൾ അയാൾ മുറുമുറുക്കുന്നതുകേട്ടു, ‘വിലപേശൽ കേട്ടപോലെ മനസിലായി, മലയാളികൾ മാത്രമേ ഇങ്ങനെചെയ്യാറുള്ളൂ’. പിന്നെ ഒട്ടും വൈകാതെ ആ കടയിൽനിന്നും തടിയൂരി. ശെരിക്കും നമ്മൾ മലയാളികൾ അങ്ങനെ തന്നെയല്ലേ? എന്നെപോലെ നിങ്ങൾ പലർക്കും ഈ ചിന്ത പല യാത്രകളിലും വന്നിട്ടുണ്ടാകുമെന്നുറപ്പ്.
ഡിസംബർ 31 – അടുത്ത ദിവസം രാവിലെയെനീറ്റു നേരെപോയി വണ്ടികൾ എടുത്തുകൊണ്ടുവന്നു, അന്നേ ദിവസം ഞങ്ങളുടെ വേഷം ഒരു യൂണിഫോം ഡ്രസ്സ് ആയിരുന്നു. തൊട്ടു മുൻപത്തെ ട്രിപ്പിൽ എല്ലാവരും ബാംഗ്ലൂർ കൊമേർഷ്യൽ സ്ട്രീറ്റിൽ നിന്നും ഒരേതരം ഉടുപ്പുകൾ വാങ്ങി വെച്ചിരുന്നു. (ഞങ്ങൾ എല്ലാവരും ഒരേ ഡ്രസ്സ് ഇട്ടു ട്രയൽ നോക്കുന്നത് കണ്ടു നല്ല തിരക്കുണ്ടയിരുന്ന ആ കടയിലെ പലരും അതെ ഡ്രസ്സ് വാങ്ങി 15 മിനുറ്റിൽ അതിന്റെ സ്റ്റോക്ക് ഫുൾ ക്ലിയർ ആക്കിയതിനു കടയുടമ പ്രേത്യേകം നന്ദി പറഞ്ഞതും നല്ല ഡിസ്കൗണ്ട് തന്നതും വേറെ ഒരു കഥ).
ഗോവയിൽ ഞങ്ങൾക്ക് വല്ലാതെ ഇഷ്ടപ്പെട്ട ഒരു കാര്യം അവിടെ നമുക്ക് ലഭിക്കുന്ന ആ ഫ്രീഡം ആണ്, ഇഷ്ടമുള്ള വേഷം ധരിച്ചു അലസമായി പുറത്തിറങ്ങി നടക്കാം, കാഴ്ചകൾ കാണാം, ആരും നമ്മളെ തുറിച്ചു നോട്ടം കൊണ്ട് കുത്തിമുറിപ്പെടുത്താൻ തുനിയില്ല, സത്യത്തിൽ അവർക്കു നോക്കാൻ നല്ല സുന്ദരി മദാമ്മകൾ ഉണ്ടെന്നുള്ളതുകൊണ്ടാകും. നമ്മളെയൊക്കെ ആരുനോക്കാൻ. 🤷🏻♀️ ആ സ്വാതന്ത്രം ഞങ്ങൾ ഏവരും മാക്സിമം എന്ജോയ് ചെയ്തു. അന്ന് ഫുൾ അടുത്തുള്ള ബീച്ചുകളും Cabo de Rama Fort ഉം കണ്ടു dio യിൽ കറങ്ങി. അവിടെ നമ്മുടെ നാട്ടിലെ പോലെ പമ്പുകളൊന്നും കാണാൻ പറ്റിയില്ല, പെറ്റ്രോൾ വഴിയോരങ്ങളിൽ ചെറു കടകളിൽ കിട്ടും. കടയുടമകൾ അവരുടെ ഇങ്കിതംപോലെ ഒരു കുപ്പി പെട്ട്രോളിനു 50, 60, 70 എന്നിങ്ങനെ പലവിലയാണ് ഈടാക്കുന്നത്. ഞങ്ങൾക്ക് കിട്ടിയ ഒരു വണ്ടിയിൽ ഹോൺ ഇല്ല മറ്റൊന്നിൽ ബ്രേക്ക് തീരെ കുറവും. അതുകൊണ്ടു അധികം ദൂരത്തേക്കൊന്നും പോകാതെ ചുറ്റുവട്ടത്തൊക്കെ തന്നെ കറങ്ങി.
പ്രേത്യേക ടൂറിസ്റ്റ് സ്പോട്സ് തപ്പി നടക്കാതെ പോകുന്ന വഴിക്ക് ഞങ്ങൾക്ക് തോന്നിയ turns ഒക്കെ എടുത്തു വഴി വക്കിൽ ഇഷ്ടപെട്ട സ്ഥലത്തൊക്കെ വണ്ടി നിർത്തി ഫോട്ടോസ് എടുത്തു. ഉച്ചക്ക് ഗോവൻ സ്പെഷ്യൽ ക്രാബ് ബിരിയാണി കിട്ടി. ആദ്യമായാണ് ക്രാബ് ബിരിയാണി കഴിച്ചത്, അടിപൊളി സ്വാദ്. രാത്രിയോടെ ന്യൂ ഇയർ പാർട്ടിക്കായി കുളിച്ചു വസ്ത്രം മാറി വീണ്ടും പാലോലെം ബീച്ചിലേക്ക് പോയി. ഞങ്ങൾ നാലു പേർക്കും ജീവിതത്തിലെ ഏറ്റവും മനോഹരമായ ന്യൂ ഇയർ നൈറ്റ് ആയിരുന്നു അത്. ആകാശം നിറയെ sky lanterns പാറി പറക്കുന്നു, എങ്ങും ത്രസിപ്പിക്കുന്ന DJ മ്യൂസിക്. lanternsനിടയിൽ പൊട്ടി ചിതറുന്ന fire works. ചുറ്റും പാട്ടിനൊത്തു ചുവടുവെക്കുന്ന foreigners. ആകെക്കൂടി വേറൊരു ലോകത്തുപെട്ടൊരു തോന്നൽ.
അന്ന് കഴിച്ച ന്യൂ ഇയർ ഡിന്നറും മറക്കാനാകില്ല. tiger prawns എത്ര സ്വാദുള്ളത് വേറെ കഴിച്ചിട്ടില്ല. രാത്രി 2 മണിവരെ candle light ഡിന്നറുമായി അവിടെകൂടി. ഭക്ഷണം കഴിക്കുന്ന ടേബിൾ കടൽത്തീരത്തായതിനാൽ രാത്രി കടൽ കേറി വന്നുകൊണ്ടിരുന്നതിനൊപ്പം ഞങ്ങൾക്ക് പലതവണ സീറ്റ് നീക്കി ഇടേണ്ടി വന്നു. കഴിക്കുന്നതിനിടയിൽ തിരമാലകൾ പാദത്തിലൂടെ ഇക്കിളികൂട്ടി തഴുകി കടന്നുപോകുന്നത് ഒരു പ്രേത്യേക ഫീൽ ആണെന് പറയാതെവയ്യ. പാർട്ടിയും ബഹളവും കഴിഞ്ഞു 2 മണിക്ക് വണ്ടി എടുത്തു നേരെ റൂമിൽ പോയി ഉറങ്ങി. മറക്കാനാവാത്ത കുറെ ന്യൂ ഇയർ ഓർമകളുമായി.
ജനുവരി ഒന്നിന് പുതുവത്സര പിറവി വൈകിയെണീറ്റു ആദ്യം പോയത് Colva ബീച്ചിലേക്ക് ആയിരുന്നു. അന്നുതന്നെയാണു ഈ യാത്രയിലെ മറ്റൊരു മറക്കാനാകാത്ത അനുഭവവും: 3 hidden ദ്വീപുകളിലേക്കുള്ള ബോട്ടിംഗ്. അതിൽ ഡോൾഫിൻ ബീച്ചിൽ കണ്ട നീന്തിത്തുടിച്ചു ചാടിമറിയുന്ന ഡോൾഫിൻ കൂട്ടവും Butterfly beach sunset ഉം മനസ്സിൽ മായാതെയുണ്ട്. ഡോള്ഫിനുകളെ കൂട്ടത്തോടെ കാണാനായത് വിരളമായി സഞ്ചാരികൾക്കു കിട്ടുന്ന ഭാഗ്യമായാണ് ബോട്ട് ജീവനക്കാർ പറഞ്ഞത്. എന്തായാലും സംഭവം കൊള്ളാമായിരുന്നു. ഇത്ര അടുത്ത് കടലിൽ അവരുടെ വാസസ്ഥലത് തന്നെ പോയി കാണാനായി. കായാക്കിങ് ജെറ്റ് സ്കെയിങ് എന്നിവയ്ക്കും സമയം കണ്ടെത്തി. വൈകുന്നേരത്തോടെ കടലിലെയും കായലിലെയും നീന്തലും മേളവും കഴിഞ്ഞു 8 മണിയോടെ റൂം vacate ചെയ്തു ഇറങ്ങി. തിരിച്ചു വരും വഴി ഗോവൻ ഡ്രിങ്ക് uraak തേടിപ്പിടിച്ചു വാങ്ങാനും മറന്നില്ല.
കൂട്ടത്തിലെ 2 പേര് ബസ് കയറി തിരിച്ച ബാംഗ്ലൂർക്ക് പോയി.അതുവരെയുള്ള ഫുൾ ഓൺ മൂഡ് spoil ചെയ്തു ആ വാർത്തയെത്തി, ഞങ്ങൾ 2 പേരുടെ ട്രെയിൻ delay ആണ്, 6 മണിക്കൂർ, കാരണം നോർത്തിൽ മൂടല്മഞ്ഞു. എങ്ങനേ സമയം തള്ളി നീക്കുമെന്നറിയില്ല, വെളുപ്പിന് 3 മണിക്കേ ട്രെയിൻ വരൂ, അതുവരെ കാർവാർ എന്ന ആ ചെറിയ സ്റ്റേഷനിൽ ആ നീണ്ട 6 മണിക്കൂർ ഇരുന്നത് എപ്പോളും ഓർക്കാൻവയ്യ. ഡിസംബറിലെ തണുപ്പ് സൂചി പോലെ കുത്തുന്നു, പുറത്തു മാത്രമേ ഇരിക്കാൻ സ്ഥലം ഒള്ളു, സ്ത്രീകളാരുംതന്നെയില്ല ചുറ്റിനും. ഞങ്ങൾ 2 പെൺകുട്ടികൾ മാത്രം ഒള്ളൂവെന്നറിഞ്ഞു കടന്നു പോകുന്ന പലരും തുറിച്ചു നോക്കുന്നുണ്ട്. പേടിയോ ടെൻഷനോ അല്ല, ഞങ്ങളെ അലട്ടിയിരുന്നു മുഴുവൻ തണുപ്പായിരുന്നു. ഇങ്ങനെയൊരു സന്ദർഭം ആലോചിക്കാതിരുന്നതുകൊണ്ടു തന്നെ തണുപ്പിനെതടയാനുള്ള കമ്പിളി വസ്ത്രങ്ങളോ മുന്കരുതലുകളോ എടുത്തിരുന്നില്ല.
ഒരു നേരിയ വെട്ടം മാത്രമുള്ള സ്റ്റേഷനിലെ ഒരു സിമന്റ് ബെഞ്ചിൽ മഞ്ഞിൽ ഞങ്ങളിരുന്നു. ശെരിക്കും തണുത്തു വിറച്ചു ദേഹം മുഴുവൻ വേദന എടുത്തു തുടങ്ങി. ഓരോ മണിക്കൂറും അടുത്തുള്ള പെട്ടിക്കടയിൽനിന്നു കാപ്പി കുടിച്ചുകൊണ്ടേയിരുന്നു, അതായിരുന്നു ഏക ആശ്വാസം. ഒരു വിധത്തിലാണ് പിടിച്ചു നിന്നത്. ഒടുവിൽ 4 മണിക്ക് ട്രെയിൻ എത്രയെന്ന റെയിൽവേ അറിയിപ്പ് കേട്ടതോടെ ജീവൻ തിരിച്ച കിട്ടിയ സന്തോഷം ആയിരുന്നു. എന്റെ ഗോവൻ ട്രിപ്പിൾ അതൊരു ബ്ലാക്ക് മാർക്ക് ആയിരുന്നെങ്കിലും മറ്റു പലർക്കും സംഭവിച്ചിട്ടുള്ള ഇതിലും കൊടിയ ദുരനുഭവങ്ങൾ പല യാത്രാകുറിപ്പിലും വായിച്ചതു മനസ്സിൽ ഉള്ളതിനാൽ ഇതൊക്കെ ചെറുതാണെന്ന് എനിക്ക് അറിയാം, എന്നാലും അന്നത്തെ ആ മഞ്ഞിൽ പുറത്തു ബെഞ്ചിൽ ഇരുന്നത് ഓർക്കുമ്പോൾ ഇപ്പോളും ഇന്ത്യൻ റയിൽവെയുടെ സമയ നിഷ്ഠയെ നന്ദിയോടെ സ്മരിച്ചുപോകുന്നു.
ടിപ്സ്: 1. റൂമിൽ അടുക്കളയുണ്ടായിരുന്നതുകൊണ്ടു ഞങ്ങളുടെ ബ്രേക്ഫാസ്റ്റും ഡിന്നറുമൊക്കെ റൂമിൽ ഞങ്ങൾ തന്നെ കുക്ക് ചെയ്തു കഴിച്ചത് ചെലവ് ഗണ്യെ കുറയ്ക്കാൻ സഹായിച്ചു.
2. ട്രെയിൻ ടിക്കറ്റുകൾ താമസം എന്നിവ മാസങ്ങൾക്കു മുൻപേ ബുക്ക് ചെയ്താൽ പ്ലാനിങ്ങിനു നല്ല ഇടവേളയും കിട്ടും, കാശും ലാഭിക്കാം. സീസൺ അടുക്കുന്തോറും stay expenses കുത്തനെ കൂടുമെന്നോർക്കുക.
3. വണ്ടി വാടകയ്ക്ക് എടുത്തു അടുത്തുള്ള സ്ഥലങ്ങൾ ചുറ്റി കാണാം, അല്ലെങ്കിൽ പബ്ലിക് ട്രാസ്പോർട്ടിനെയും ആശ്രയിക്കാം. അല്ലാതെ ലോക്കൽ ഓട്ടോ/ടാക്സി എടുക്കാൻ നിന്നാൽ കഴുത്തറപ്പൻ റേറ്റ് ആണ്.
4. കൂട്ടമായി യാത്ര ചെയ്യുമ്പോൾ ചിലവുകൾ അന്നന്ന് വൈകിട്ട് മാർക്ക് ചെയ്തു വെക്കുന്നതാണ് എളുപ്പം. ഞങ്ങൾ വളരെ നാളായി ഫലപ്രദമായി ഉപയോഗിക്കുന്ന വളരെ യൂസ്ഫുൾ ആയ ഒരു അപ്ലിക്കേഷൻ റെഫർ ചെയ്യാനായി കൊടുക്കുന്നു: “Splitwise – available in both Android and ios).
5. നോർത്ത് ഗോവയെ അപേക്ഷിച്ചു സൗത്ത് ഗോവ തിരക്ക് കുറവുള്ളതിനാലും താരതമ്യേന സേഫ് ആയതിനാലുമാണ് ഞങ്ങൾ ഈ യാത്ര സൗത്ത് മാത്രമായി ഒതുക്കിയത്. നോർത്തിലാണ് കൂടുതലായി ആക്ടിവിറ്റീസ്, വാട്ടർ സ്പോർട്സ് ഇവയൊക്കെ ഉള്ളത്. ഞങ്ങൾക്കു വേണ്ടിയിരുന്നത് ഒരു calm peaceful trip ആയിരുന്നു, സൗത്ത് ഗോവൻ ബീച്ചുകൾ നമുക് അധികം തിരക്കുകൾ ഇല്ലാതെ സ്വൈര്യമായി നമ്മുടെ വേണ്ടപ്പെട്ടവരുമായി സമയം ചിലവഴിക്കാവുന്നവയാണ്.
വിവരണം – ആഷ്ലി എൽദോസ് ( FB Page – https://www.facebook.com/The-Lunatic-Rovering-Ladybug-150304329090007/ ) .