ഞാനും എന്റെ സുഹൃത്തും കൂടി പോയ ചെറിയ ഒരു ലോങ്ങ്‌ ട്രിപ്പിനെ പറ്റി..

സഞ്ചാരിയിൽ തുടക്കം മുതലേ അംഗം ആണെങ്കിലും ആദ്യമായാണ് ഒരു എഴുത്ത്. അതിന്റെ എല്ലാ പാകപ്പിഴകളും ഇതിൽ ഉണ്ടാകും, എല്ലാവരും ക്ഷമിക്കണം. ഇത്രയും കാലം എല്ലാവർക്കും ലൈകും കമന്റും അടിച്ചു മടുത്തു. ഇതിപ്പോ സ്വന്തം യാത്രാവിവരണം ആയോണ്ട് ഒരു റിലാക്സേഷൻ ഉണ്ട്. എല്ലാരും വായിക്കോല്ലോ ല്ലേ ല്ലേ.

റൂട്ട് : കുറ്റിപ്പുറം – വയനാട് – ബാംഗ്ലൂർ – ഗണ്ടിക്കോട്ടെ (ആന്ധ്രാപ്രദേശ്) – വിശാഖപട്ടണം – പുരി – കൊൽക്കത്ത – ജയ്‌ഗോൺ – പരോ (ഭൂട്ടാൻ) – തിമ്പു (ഭൂട്ടാൻ) – ജയ്‌ഗോൺ – സിലിഗുരി – നക്സൽബാരി – ദാമക് (നേപ്പാൾ) – ഇതാഹാരി (നേപ്പാൾ ) – ബിർപുർ (ബീഹാർ) – ഖോരഖ്പുർ – ലക്നൗ – ആഗ്ര – ഗ്വാളിയോർ – ഇൻഡോർ – നാസിക് – പൂനെ – മൈസൂർ – വയനാട് – കുറ്റിപ്പുറം. ഇന്ത്യയിലെ എല്ലാ ബൈക്കര്‍മാരുടെയും സ്വപ്നഭൂമിയാണ് ലഡാക്ക്. അവിടെ എത്തിപ്പെടാൻ കഴിഞ്ഞില്ല എന്ന ഒരൊറ്റ സങ്കടം മാത്രമേ ഈ യാത്ര ബാക്കിയാക്കിയുള്ളു .

27 ദിവസവും 9,000-ത്തോളം കിലോമീറ്ററും ഹോണ്ട യൂണികോൺ CB 150 സിസി ബൈക്കില്‍ പിന്നിട്ട് ഞങ്ങൾ തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തി. നവംബർ 11-നു യാത്ര തുടങ്ങുമ്പോൾ ഏകദേശം 2 മാസത്തോളം നീണ്ടു നിൽക്കുന്ന യാത്ര ആയിരുന്നു ഞങ്ങളുടെ മനസ്സിൽ. കാലാവസ്ഥ വ്യതിയാനങ്ങളും മറ്റു പ്രശ്നങ്ങളും മൂലം യാത്ര പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. തികച്ചും സാധാരണക്കാരായി തുടങ്ങി, അവസാനിപ്പിച്ച യാത്രയ്ക്ക് ഞങ്ങൾക്ക് ചെലവായത് വെറും 36000 രൂപയായിരുന്നു.

പ്രത്യേകിച്ച് ഒരു ലക്ഷ്യസ്ഥാനവുമില്ലാതെ ആയിരുന്നു യാത്ര തുടങ്ങിയത്. സഞ്ചാരിയിലെ ഓരോ യാത്രാവിവരണങ്ങളും ഇങ്ങനെ ഒരു യാത്ര പോകണമെന്ന ഞങ്ങളുടെ ആഗ്രഹം വലുതാക്കി. ഇങ്ങനെ ഒരു യാത്ര രണ്ടു പേരുടെയും വീട്ടിൽ സമ്മതിക്കില്ല എന്നുറപ്പുള്ളത് കൊണ്ട് വീട്ടിൽ പറയാതെ ആയിരുന്നു യാത്ര. ആകെ അടുത്ത ഫ്രണ്ട്സിനോട് മാത്രമേ കാര്യം പറഞ്ഞൊള്ളൂ.

എല്ലാവര്‍ക്കും തരാനുണ്ടായിരുന്നത് പ്രോത്സാഹനം മാത്രം. എങ്കിലും ചിലരെങ്കിലും നെറ്റി ചുളിച്ചു, യാത്രയെക്കുറിച്ചല്ല, യാത്രക്ക് തെരഞ്ഞെടുത്ത ബൈക്കിനെ കുറിച്ചായിരുന്നു അവരുടെ ആവലാതി. 5 വർഷം പഴക്കവും രണ്ടു ആക്‌സിഡന്റും കഴിഞ്ഞ വണ്ടി ആയിരുന്നു അത്. എന്‍ജിന്‍ കപ്പാസിറ്റി കുറഞ്ഞ ബൈക്കില്‍ ഇങ്ങനൊരു യാത്ര നല്ലതല്ലെന്ന് ചിലർ പറഞ്ഞു. പക്ഷേ, ഞങ്ങളുടെ യാത്രപോലെ അപ്രതീക്ഷിതമായിരുന്നു ഞങ്ങളുടെ തീരുമാനങ്ങളും. അതുകൊണ്ടാണ് രണ്ടാമതൊന്ന് ആലോചിക്കാതെ ഹോണ്ട യൂണികോൺ 2012 ബൈക്കില്‍ ഞങ്ങൾ ഇറങ്ങിയത്.

ഓരോ പ്രദേശത്തെയും ഏറ്റവും ചെലവ് കുറഞ്ഞ ഭക്ഷണം കഴിച്ചും, ഏറ്റവും ചെലവ് കുറഞ്ഞ താമസസ്ഥലം കണ്ടെത്തുകയുമായിരുന്നു യാത്ര. ചില ദിവസങ്ങളിൽ ഹൈവേയിലെ പെട്രോൾ ബങ്കുകളിൽ ടെന്റ് അടിച്ചും വഴിയരികിലെ കടയുടെ തിണ്ണയിലും ആയിരുന്നു ഉറക്കം. ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വരെ കിടന്നുറങ്ങിയ ദിവസം ഉണ്ടായിരുന്നു ഈ യാത്രയിൽ. പകല്‍ മുഴുവന്‍ മാറി മാറി ഡ്രൈവ് ചെയ്യുകയും രാത്രിയോടെ എവിടെയങ്കിലും തങ്ങുകയുമായിരുന്നു എന്നും. യാത്രയിൽ ആളുകളെ വിശ്വാസത്തിലെടുക്കുക.,ആ വിശ്വാസം ഞങ്ങളെ സഹായിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഒരു സഞ്ചാരിയെ സംബന്ധിച്ച് മറ്റുള്ളവരെ, പ്രത്യേകിച്ച് അപരിചിതരെ വിശ്വസിച്ചേ പറ്റൂ. പലരും കേരള രെജിസ്ട്രേഷൻ ബൈക്ക് കണ്ടപ്പോൾ ഇങ്ങോട്ട് പരിചയപ്പെടാൻ വന്ന സാഹചര്യം പോലും ഉണ്ടായിരുന്നു.

ഓരോ നാടും ഓരോ അനുഭവമാണ്. വ്യത്യസ്തമായ ഭാഷ , ഭക്ഷണം , വസ്ത്രങ്ങൾ, ആചാരങ്ങൾ.  ഭൂട്ടാൻ സമാധാനത്തിന്റെ നാടാണ്. വൃത്തിയുടെയും. എല്ലാവരും ചിരിയോടു കൂടി പെരുമാറുന്നു. നിയമം അനുസരിക്കുന്നു. പാരമ്പര്യ വസ്ത്രങ്ങൾ മാത്രം ധരിക്കുന്നു. ഭൂട്ടാനിൽ ഞങ്ങൾ 4 ദിവസം നിന്നു. നേപ്പാളിൽ 4 ദിവസത്തെ പെർമിഷൻ എടുത്തെങ്കിലും ചില പേഴ്‌സണൽ പ്രശ്നങ്ങൾ മൂലം ഒരു ദിവസം കൊണ്ടു തന്നെ ഞങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചു.

ഒറീസ്സ മുതൽ ഞങ്ങൾ നേരിട്ട പ്രധാന പ്രശ്നം നേരത്തെ ഇരുട്ട് ആകുന്നു എന്നതായിരുന്നു. ഈ യാത്രയിൽ നിന്നും ഒരുപാടു സഹായങ്ങൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് താഴെ പറയുന്നത്. വൈകുന്നേരം 5 മണിയോടു കൂടെ തന്നെ മുഴുവൻ ഇരുട്ട് ആയിരുന്നു. കൊൽക്കത്തയിൽ നിന്നും ഭൂട്ടാനിക്കുള്ള വഴിയിൽ ആയിരുന്നു ഞങ്ങൾ, ഏകദേശം ഒരു ആറു മണി ആയിരുന്നൊള്ളു അപ്പോൾ, എന്നാലും ഭയങ്കര ഇരുട്ടും ശരീരം കോച്ചുന്ന തണുപ്പും ഉണ്ടായിരുന്നു. അങ്ങനെ പോകുന്ന സമയത്തു ഒരു യമഹ FZ ബൈക്ക് വന്നു ഞങ്ങളോട് സൈഡ് ആകാൻ പറഞ്ഞു. എന്നിട്ട് അവർ പറഞ്ഞു ഇത് ഫോറെസ്റ്റ് ഏരിയ ആണ്, മുന്നിൽ ആന നിൽക്കുന്നുണ്ട്, കുറച്ചു കഴിഞ്ഞു പോയാൽ മതിയെന്ന്. അവരും അവിടെ തന്നെ സൈഡ് ആക്കി. കുറച്ചു കഴിഞ്ഞു എതിരെ വന്ന ഒരു കാറിലെ ആളുകളോട് കാര്യം തിരക്കി. ആന ഒന്നുമില്ല എന്ന അവർ പറഞ്ഞതിന് ശേഷം ഞങ്ങൾ യാത്ര തുടർന്നു.

തണുപ്പ് സഹിക്കാൻ വയ്യാതെ ആയപ്പോൾ ഞങ്ങൾ അവരുടെ അടുത്ത് എവിടെയെങ്കിലും റൂം കിട്ടുമോ എന്ന് അന്വേഷിച്ചു. ഒരു 8 km പോയാൽ ഉണ്ടെന്നു അവർ പറഞ്ഞു. ഞങ്ങൾക്ക് ഇവിടെ ഒന്നും വല്ല്യ പരിചയം ഇല്ലായെന്നു പറഞ്ഞപ്പോൾ ആണ് അവർ ഞങ്ങളെ കുറിച്ചു എല്ലാം ചോദിച്ചത്. കേരളത്തിൽ നിന്നും വന്നതാണ് എന്ന് പറഞ്ഞപ്പോൾ അവർക്ക് ഭയങ്കര സന്തോഷമായി. രാജു ഭായ് എന്നായിരുന്നു അതിൽ ഒരാളുടെ പേര്. അവന്റെ അച്ഛൻ കണ്ണൂർ ആണ് ജോലി ചെയ്യുന്നത്. അതു കൊണ്ടു തന്നെ അവനു ചെറുതായി മലയാളം അറിയാമായിരുന്നു. അവൻ ഞങ്ങളെ അവന്റെ കൂട്ടുകാരന്റെ ഹോട്ടലിലേക്ക് കൊണ്ടു പോയി, അതിന്റെ പണി നടക്കുന്നെ ഉണ്ടായിരുന്നൊള്ളു.

അതു കൊണ്ടു ആ കൂട്ടുകാരന്റെ വീടിന്റെ പുറത്തുള്ള Out house പോലെ ഉള്ള റൂം റെഡി ആക്കിത്തന്നു. രാജുവിന്റെ വീട് അവിടെ നിന്നും ഒരു 16 km ദൂരെ ആയിരുന്നു. അതു കൊണ്ടു റൂം റെഡി ആക്കി രാജു ഉടനെ പോയി. ബൈക്ക് ആ വീട്ടിൽ വെച്ചു. വെജിറ്റബിൾ ഭക്ഷണം മതിയെന്നു പറഞ്ഞപ്പോൾ അവന്റെ അമ്മ ഞങ്ങൾക്ക് ഫുഡ്‌ ഉണ്ടാക്കി തന്നു. പിറ്റേ ദിവസം പോകാൻ നേരം അവന്റെ അച്ഛനും അമ്മയും വളരെ സ്നേഹത്തോടെയാണ് യാത്രയാക്കിയത്.അന്ന് രാവിലെ ചായ അവന്റെ ഹോട്ടലിൽ തന്നെ ആയിരുന്നു. പോകാൻ നേരം കാശ് കൊടുത്തപ്പോൾ അവർ വാങ്ങാൻ തയ്യാറായില്ല. അവനും കേരളത്തിൽ തന്നെ ആയിരുന്നു ജോലി ചെയ്തിരുന്നത്. അതു കൊണ്ടാവും ഞങ്ങളോട് അത്ര സ്നേഹം കാണിച്ചത്.

കൊൽക്കത്തയിൽ ഒരു ഗ്രാമത്തിൽ വയലുകളിൽ കളിച്ചു കൊണ്ടിരിക്കുന്ന കുറച്ചു കുട്ടികളുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോൾ ക്യാമറ കണ്ടു അവർ ഭയന്ന് ഓടിയത് കുറച്ചു പേടിപ്പിക്കുന്നതും ഒപ്പം തന്നെ ഇപ്പോൾ ഓർക്കുമ്പോൾ ചിരിപ്പുക്കുന്നതുമായ അനുഭവമായിരുന്നു. എല്ലാ സ്ഥലങ്ങളിലും ഞങ്ങൾക്ക് നല്ല അനുഭവങ്ങൾ മാത്രമേ നാട്ടുകാരിൽ നിന്നും ഉണ്ടായിട്ടൊള്ളൂ. ചില സ്ഥലങ്ങളിൽ പോലീസ് തടഞ്ഞെങ്കിലും യാത്രികർ ആണെന്ന് മനസ്സിലായപ്പോൾ വളരെ നല്ല രീതിയിൽ ആയിരുന്നു അവരുടെ പെരുമാറ്റം.

ബാംഗ്ലൂർ മുതൽ വിജയവാഡ വരെ നല്ല വെയിൽ ആയിരുന്നു. അത് കഴിഞ്ഞു വിശാഖപട്ടണം മുതൽ കൊൽക്കത്ത വരെ 3 ദിവസം നല്ല മഴയും. Rain Coat കയ്യിൽ കരുതാത്തത് കൊണ്ടു മഴ കൊണ്ടായിരുന്നു ആ ദിവസങ്ങളിലെ യാത്ര. കൊൽക്കത്ത മുതൽ ഭൂട്ടാൻ പോയി തിരിച്ചു വരുന്നത് വരെ ഒടുക്കത്തെ തണുപ്പും. ഭൂട്ടാനിലെ അതിർത്തി ഗ്രാമം ആയ Phuentsholing മുതൽ പരോ വരെ 5 മണിക്കൂർ നീളുന്ന ചുരത്തിലൂടെ തണുപ്പത്തുള്ള യാത്ര പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്. പരോയിലെ റൂമിൽ എത്തുമ്പോൾ ഞങ്ങൾ രണ്ടാളും കിടന്നു വിറക്കുകയായിരുന്നു. ആ റൂട്ട് മുഴുവൻ തുടർച്ചയായി ബൈക്ക് ഓടിച്ചത് Saleel ആയതു കൊണ്ടു അവന്റെ അവസ്ഥ എന്നേക്കാൾ കഷ്ടമായിരുന്നു. അങ്ങനെ ഓരോ ദിവസവും പറഞ്ഞറിയിക്കാൻ കഴിയാവുന്നതിലധികം ആയിരുന്നു അനുഭവങ്ങൾ.

ചില സ്ഥലങ്ങളിലെ ഭക്ഷണത്തിന്റെ വില നമ്മളെ അത്ഭുതപ്പെടുത്തുന്നതാണ്. ബംഗാളിലെ ബംഗ്ലാദേശിനോട് അതിർത്തി പങ്കിടുന്ന ഒരു ഗ്രാമത്തിൽ നിന്നും ബ്രേക്ഫാസ്റ് കഴിച്ച ഞങ്ങൾക്ക് ആകെ ചെലവായത് 30 രൂപയാണ്( 8 പൂരിയും 2 കടലക്കറിയും). മറ്റൊരു സ്ഥലത്ത് 8 ചപ്പാത്തിയും 2 മുട്ടക്കറിയും veg മസാലയും 2 ചായയും കഴിച്ചപ്പോൾ വന്നത് 60 രൂപ. വേറെ സ്ഥലത്ത് 2 ചിക്കൻ കബാബിനു ചെലവായത് 20 രൂപ.

യാത്രയിൽ ഒരു സ്ഥലത്തും ഒരു Puncture പോലും വരാതെ പടച്ചവനും ബൈക്കും ഞങ്ങളെ രക്ഷിച്ചു. ആകെ വന്ന പ്രോബ്ലം ഫ്രണ്ട് സസ്പെന്ഷന്റെ ലെഫ്റ്റ് സൈഡ് ഓയിൽ ലീക്ക് വന്നു. അത് ഉടനെ തന്നെ ഒരു വർക്ക്‌ ഷോപ്പിൽ നിന്നും റെഡി ആക്കി. യാത്രികർ ആണെന്ന് അറിഞ്ഞപ്പോൾ അവർ പെട്ടെന്ന് തന്നെ ബൈക്ക് റെഡി ആക്കിത്തന്നു. അത് ഇപ്പോളും മനസ്സിൽ നിൽക്കുന്ന ഒരു അനുഭവം ആണ്. 4000 km കഴിഞ്ഞപ്പോൾ ഞങ്ങൾ തന്നെ Engine Oil മാറ്റി. പിന്നെ ഇടക്ക് എപ്പോഴോ ഒഡോ meter ഒന്ന് പണിമുടക്കി. ഇത്ര മാത്രമേ ഞങ്ങൾക്ക് ബൈക്ക് പണി തന്നൊള്ളു..

ചില പ്രത്യേക സാഹചര്യങ്ങൾ മൂലം യാത്ര പാതി വഴിയിൽ അവസാനിപ്പിച്ചു ഞങ്ങൾക്ക് തിരിച്ചു വരേണ്ടി വന്നു. എന്നാലും ഇന്ത്യയിൽ ഇനി എവിടേക്ക് പോകാനും ഉള്ള ധൈര്യം ഈ യാത്രയിലൂടെ ഞങ്ങൾക്ക് കിട്ടി. കണ്ടതിനേക്കാൾ കൂടുതൽ കാണാത്ത കാഴ്ചകൾ ബാക്കി ആക്കികൊണ്ട് വീട്ടിലേക്കു തിരിച്ചെത്തുമ്പോൾ മനസ്സിൽ ഒരൊറ്റ ചോദ്യം മാത്രമേ ഉണ്ടായിരുന്നൊള്ളു “എന്നാണ് ഇനി ഇതു പോലെ ഒരു യാത്ര ??”

വിവരണം – Akku Akbar.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply