വിവരണം – ശുഭ ചെറിയത്ത്.
വർഷാവർഷം , വിവാഹ വാർഷിക ദിനത്തിൽ ചെറുതെങ്കിലും ഒരു യാത്ര പതിവുള്ളതാണ് അല്ലെങ്കിലും ഒരുമിച്ചു ജീവിതയാത്ര പിന്നിട്ടതിന്റെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ പ്രകൃതിയുടെ മടിത്തട്ടോളം പറ്റിയ ഇടം മറ്റെന്തുണ്ട് …?”ഇത്തവണ ഇവിടേക്കാ ” എന്ന് ചോദിക്കുന്നതിനു മുമ്പേ മസിനഗുഡിയിലെ ഫോറസ്റ്റ് റെസ്റ്റ് ഹൗസിൽ റൂം ബുക്ക് ചെയ്തിട്ടുണ്ടെന്നു നേരത്തേ ലഭിച്ചു ഉത്തരം.അങ്ങനെ മെയ് 27തീയതി രാവിലെ കൽപ്പറ്റയിൽ നിന്നും നീലഗിരിയുടെ മടിത്തട്ടിലുള്ള #മസിനഗുഡി എന്ന വശ്യ സുന്ദര ഭൂമികയിലേക്ക് യാത്ര പുറപ്പെട്ടു.
വയനാടൻ പ്രഭാതങ്ങളുടെ കുളിർമ ഏറ്റുവാങ്ങി മേപ്പാടി ,ചേരമ്പാടി വഴി ഗൂഡലൂരിലേക്ക് . ഇടയ്ക്കുളള ഗ്രാമങ്ങൾ ഒഴിച്ചാൽ റോഡിന് ഇരുവശവുമുള്ള തേയില തോട്ടങ്ങൾ തന്നെയാണ് വേറിട്ട കാഴ്ചയൊരുക്കുന്നത്. പാടികളിൽ നിന്നും തോട്ടങ്ങളിലേക്ക് തേയിലകൊളുന്തുനുള്ളാൻ പോകുന്ന സ്ത്രീകൾ , ഒളിഞ്ഞും തെളിഞ്ഞും നീങ്ങുന്ന കോടമഞ്ഞിന്റെ മനോഹാരിത , ചിലയിടങ്ങളിൽ കാഴ്ചയെ മുഴുവൻ തടസ്സപ്പെടുത്തി മഞ്ഞ് വലയം തീർത്തിട്ടുണ്ട് . പുറം കാഴ്ചകളിൽ നിന്ന് കണ്ണെടുക്കാനേ തോന്നിയില്ല .റോഡരികിലെ വലിയ മരങ്ങൾക്ക് കീഴിൽ ദേവ പ്രതിമകൾ സ്ഥാപിച്ചു കൊണ്ട് ചെറിയ ക്ഷേത്രങ്ങൾ കണ്ടു ആശ്വാസം ….!! ആ മരമെങ്കിലും മഴു വീഴാതെ രക്ഷപ്പെട്ടല്ലോ ” … വെൻറ് വർത്ത് തേയില ഫാക്ടറിക്ക് മുന്നിലൂടെ പോകുമ്പോൾ ഒരു സ്ട്രോങ്ങ് ചായ കുടിച്ച ഫീൽ നൽകും ത്രസിപ്പിക്കും ഗന്ധം.
അങ്ങനെ ഗുഡലൂരും പിന്നിട്ട് തൊപ്പക്കാട് എത്തി . ഇനിയങ്ങോട്ട് ഏഴ് കിലോമീറ്റർ സംരക്ഷിത വനമേഖല പിന്നിട്ടാൽ മസിനഗുഡിയിൽ എത്തിച്ചേരാം. തൊപ്പക്കാട് ഒരു ആന ക്യാംപ് ഉണ്ട്. ഇവിടേക്കുള്ള പ്രവേശന സമയം രാവിലെ 8.30 മുതൽ 9 വരെയും വൈകുന്നേരം 6 മുതൽ 6.30 വരെയുമാണ് .ഞങ്ങളെത്തുമ്പോൾ ക്യാമ്പ് അടഞ്ഞു കിടക്കുന്നതിനാൽ നേരേ മസിനഗുഡിയിലേക്ക് നീങ്ങി .വേനലിലും പച്ചപുതഞ്ഞു കിടക്കുന്ന കാട് ,കണ്ണിനു കുളിരേകി നിഷ്കളങ്കത ചന്തം ചാർത്തിയ മാൻപേടകൾ … മസിനഗുഡിയിൽ എത്തുമ്പോൾ സമയം 10.15 ..
മുതുമല വന്യ ജീവിത സങ്കേതത്തിനുള്ളിൽ സ്ഥിചെയ്യുന്ന ഒരു ഗ്രാമമാണ് മസിനഗുഡി എങ്കിലും ആധുനികതയുടെ ആർഭാടം നേരിയ രീതിയിൽ കാണാനും സാധിക്കും. പ്രകൃതിയുടെ കുളിരുതേടിയെത്തുന്ന യാത്രികരെ സ്വീകരിക്കാൻ കാടിനുള്ളിൽ ധാരാളം റിസോർട്ടുകളുമുണ്ടിവിടെ .താമസസ്ഥലത്തേക്കുള്ള പ്രവേശനം 12മണിക്ക് ആയതിനാൽ തന്നെ മോയാർ ഡാം കണ്ടു മടങ്ങാമെന്നുറച്ചു.വനത്തിലൂടെയുള്ളതാണ് ഈ യാത്ര ,കൂടുതൽ പേരും സഫാരി ജീപ്പുകളിൽ തന്നെയാണ് ഇതുവഴി കടന്നുപോകുന്നത് ..
കടുവ സംരക്ഷണം കേന്ദ്രം കൂടിയാണ് മുതുമല വന്യജീവി സങ്കേതം . കുറ്റിക്കാടുകളും ,പൂത്തു നിൽക്കുന്ന വലിയ വൃക്ഷങ്ങളും ആനയും ,മാൻകൂട്ടങ്ങളും മയിലുകളും കാട്ടുപന്നികളും , ഇങ്ങനെ ചെറിയൊരു ദൂരപരിധിയിൽ തന്നെ കാട് കാഴ്ചയുടെ വാതായനം തുറന്നിട്ടു …
മോയാർ ഡാം പരിസരത്തെത്തുമ്പോൾ ചുവന്ന പൂക്കൾകൊണ്ട് പരവതാനി വിരിച്ച് , വേനലിലും പ്രണയാർദ്രമായി പൂത്തു നിൽക്കുന്ന വാക മരങ്ങളാണ് ആദ്യം സ്വാഗതമോതിയത്.. വാക മരച്ചോട്ടിൽ വാഹനം പാർക്കുചെയ്ത് പുറത്തിറങ്ങി .വിരലിലെണ്ണാവുന്ന സന്ദർശകരെ ഇവിടെ ഉള്ളൂ. റോഡിൽനിന്ന് തന്നെ ഡാമിന്റെ കാഴ്ച ദൃശ്യമാകും..കമ്പിവേലി കെട്ടി കന്നുകാലികളും മറ്റും കയറുന്നതിന് സുരക്ഷ ഒരുക്കിയിരിക്കുന്നു. വാകമരങ്ങൾ പൂത്തുനിൽക്കുന്ന വിജനമായ വീഥി ,ദൂരെ ഒളിഞ്ഞും തെളിഞ്ഞുo നിൽക്കുന്ന കുന്നുകൾ, നിശ്ചലമായ ജലപ്പരപ്പിൽ ഗതകാല വിസ്മൃതിയിലെന്നോണം ഉയർന്നു നിൽക്കുന്ന ഉണങ്ങിയമരങ്ങൾ , ഓളപരപ്പിൽ നീന്തിത്തുടിക്കുന്ന കുളക്കോഴികൾ ,പ്രകൃതിയുടെ മടിത്തട്ടിൽ മോയാർ ഡാം .. നട്ടുച്ചനേരത്ത് വീശുന്ന കാറ്റിനും എന്തെന്നില്ലാത്ത കുളിർമ്മ …
ചെറിയ ബസ്റ്റോപ്പും, കുമിറ്റി കടയും, പഴക്കമേറിയ ഒരു ചർച്ചുമാണ് ഈ പ്രദേശത്ത് മനുഷ്യ നിർമിതമെന്നു പറയാൻ ഉണ്ടായിരുന്നത് നോക്കുന്നിടത്തെല്ലാം പൂക്കളുടെ വസന്തം .കുളിർ കാറ്റേറ്റ് , വലിയ പേരാലിന് സമീപത്തുള്ള കുമിറ്റിക്കടയിലെത്തി ചൂട് ചായ കുടിച്ചു . ഇതിനടുത്തായി ഒരു ഗ്രാമമുണ്ടെന്നും , ഒരു സ്കൂളും പ്രവർത്തിക്കുന്നുണ്ടെന്നും കടക്കാരൻ പറഞ്ഞറിഞ്ഞു.. തിരികെ മടങ്ങുമ്പോഴാണ് ബസ്റ്റോപ്പിന്റെ ചുമരിൽ ഒരിക്കൽ ഇവിടെ വന്ന മലയാളി സഞ്ചാരി തന്റെ യാത്രാഅനുഭവം കോറിയിട്ടത് ശ്രദ്ധയിൽപ്പെട്ടത് .”ഇനി ഇവിടെ ആരും വരരുത് “ഇതായിരുന്നു ആ മഹത് വാചകം….
തിന്നാനും കൊറിക്കാനും കുടിക്കാനും ധാരാളം കച്ചവട ശാലകൾ ഉള്ള ഒരു ഡാം പരിസരമായിരിക്കാം അവന്റെ സങ്കല്പം അതുകൊണ്ടായിരിക്കാം പ്രകൃതിയുടെ മടിത്തട്ടിൽ ആധുനിക ആർഭാടമൊട്ടുമില്ലാതെ, യാതൊരു മാലിന്യവുമില്ലാത്ത , നിയന്ത്രിക്കാൻ ഉദ്യോഗസ്ഥരോ പ്രവേശനഫീസോ ഇല്ലാത്ത പ്രകൃതി സ്വയമേവ അണിഞ്ഞൊരുങ്ങി സ്വാഗതമോതുന്ന ഇടം അവന്റെ കാഴ്ചയിൽ ഒന്നുമല്ലാതെ പോയതും…’
ഗുൽമോഹർ ചെമ്പട്ട് വിരിച്ച വഴികളിലൂടെ തിരികെ മടങ്ങുമ്പോൾ ചുണ്ടിൽ പ്രണയ രാഗങ്ങൾ അറിയാതെ ഒഴുകിയെത്തി .. .. കണ്ടറിഞ്ഞ ഡാമിൽ നിന്നും വ്യത്യസ്ഥമായ്, ശാന്തസുന്ദരമായ ഈ ഡാം പരിസരം എനിക്ക് വേറിട്ട അനുഭവമായിരുന്നു .മടക്കയാത്രയിൽ കനാൽപരിസരത്തെത്തി ..രണ്ടുമൂന്നുപേർ കനാലിൽ കുളിക്കുന്നുണ്ട് . വാഹനം നിർത്തി സമീപത്തു കണ്ട ചെറു പാതയിലൂടെ നടന്നപ്പോൾ കാടിനുള്ളിലെ ഒരു കൊച്ചു ക്ഷേത്രത്തിനു മുന്നിലെത്തി..തിരികെ വന്ന് പാലത്തിനു മുകളിൽ നിന്നും ഇരുവശവും ഓരംപറ്റി മഞ്ഞ നിറത്തിലുള്ള കുഞ്ഞു പൂക്കൾ വിരിഞ്ഞു നിൽക്കുന്ന കനാൽ കാഴ്ചകൾ ആസ്വദിച്ചു …
പിന്നെ കാനനപാതയിലൂടെ തുടർന്ന യാത്രയ്ക്കിടെ കാടിനുള്ളിലേക്ക് നീളുന്ന പൊട്ടി പൊളിച്ച ടാർ റോഡ് കണ്ടു .അതു വഴി പോയാൽ ഒരു വ്യൂ പോയിൻറിൽ എത്തിച്ചേരാം എന്ന അനുമാനത്തിൽ കാർ മുന്നോട്ട് നീങ്ങി. ആ പാത അവസാനിച്ചത് ചിക്കമ്മൻ കോവിലിനു മുന്നിലാണ്..വലിയ പാറക്കൂട്ടങ്ങൾ നിറഞ്ഞ പ്രദേശം . ധാരാളം ഗോക്കൾ അതുവഴി കടന്നു പോകുന്നു… കാറിൽനിന്നിറങ്ങി ക്ഷേത്ര പരിസരത്തേക്ക് ഞങ്ങൾ നടന്നു. മറ്റു തമിഴ്നാട്ടിലെ മറ്റു ക്ഷേത്രങ്ങളിലെ പോലെ തന്നെ ചിത്രവേലകളുള്ള ഒരു ചെറിയ ഗോപുരമാണ് കാടിനുള്ളിലെ ഈ ക്ഷേത്രത്തിന്റെ ആകർഷണം. ദർശനത്തിനെത്തിയിരിക്കുന്നുണ്ട് ഭക്തർ …
ക്ഷേത്രത്തിൻറെ മുന്നിലെ വ്യൂ പോയിന്റി നിന്നും മോയാർ റിഡ്ജ് വരെ നീളുന്ന ഹരിത കമ്പളമണിഞ്ഞ കാടിന്റെ മേലാപ്പിന്റെ ദൃശ്യം ചേതോഹരമായിരുന്നു ..അതെ …..
മസിനഗുഡിയിൽ എവിടെത്തിയാലും കാഴ്ചയുടെ വസന്തമാണ് , ഓരോ അണുവിലും അവളിൽ സൗന്ദര്യം നിറഞ്ഞാടുന്നു ..
പിന്നെയും തുടർന്ന യാത്ര അവസാനിച്ചത് മറവങ്കണ്ടി ഡാമിനു മുന്നിലാണ് .. പച്ച ചായം തേച്ച മതിലുകൾ …അടഞ്ഞുകിടക്കുന്ന നീളൻ ഇരുമ്പു ഗേറ്റ് , ഡാമിന്റെ കവാടത്തോട് ചേർന്ന് ചെറിയ ഒരു ക്ഷേത്രവും. നീളൻ പാതയുടെ ഇരുവശവും പൂത്തു നിൽക്കുന്ന വാകമരങ്ങൾ , അങ്ങു ദൂരേ തെളിഞ്ഞ ജലപ്പരപ്പ് .. T.N.E.B യുടെ കീഴിലുള്ള വൈദ്യുത ഉല്പാദന കേന്ദ്രമായതിനാൽ ഇതിനകത്തേക്ക് പ്രവേശനാനുമതിയില്ല .പുറത്തു നിന്നും കാഴ്ചകൾ കണ്ടു മടങ്ങി …. നിരവധി സഫാരി ജീപ്പുകൾ അപ്പോഴും മോയാർ ഡാം ലക്ഷ്യമാക്കി നീങ്ങുന്നത് കാണാം ..
സഫാരി ജീപ്പിനു ബുക്കു ചെയ്യാനായി മറ്റൊരു ഊടുവഴിയിലൂടെ യാത്ര. ആ വഴികളിലൊക്കെ മസിനഗുഡിയുടെ യഥാർത്ഥ സൗന്ദര്യം വെളിവായി തുടങ്ങി, കതിർമണ്ഡപത്തിലേക്ക് കടക്കുവാനൊരുങ്ങി നിൽകുന്ന നവവധുവിനെപ്പോലെ മസിനഗുഡി. വയലറ്റും മഞ്ഞയും ചുമപ്പും ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത പലവിധമായ പൂക്കൾ വഴി നീളെ വിരിഞ്ഞു നിൽക്കുന്നു. നീലഗിരി കുന്നുകളിൽ നിന്നും ഒഴുകിയെത്തുന്ന ഇളം കാറ്റിന്റെ ചുംബനത്തിൽ പൂക്കൾ നമ്രമുഖികളായി .കാഴ്ചകൾ കണ്ടിരിക്കവെ പൊടുന്നനെ കാർ ഒരു മെയിൻ റോഡിലേക്കു കയറി…. അവിടെ നിരനിരയായി നിർത്തിയിട്ടിരിക്കുന്നു സഫാരി ജീപ്പുകൾ…. നിമിഷനേരം കൊണ്ട് അവയോരോന്നും സഞ്ചാരികളെയും വഹിച്ചു യാത്ര തുടരുന്നു …ഉച്ചക്ക് മൂന്ന് മണി നേരത്തേക്ക് ഒരു സഫാരി ജീപ്പിന് ബുക്കു ചെയ്തു കൊണ്ട് ഞങ്ങൾ റൂമിലേക്ക് മടങ്ങി….
തമിഴ്നാട് വനം വകുപ്പിന് കീഴിലാണ് കാടിനോട് ചേർന്നുള്ള റസ്റ്റ്ഹൗസ് . ധാരാളം കോട്ടേജുകളും ലോഗ്ഹൗസുകളുമൊക്കെ വനംവകുപ്പ് ഇവിടെ ഒരുക്കിയുണ്ട്. താമസ സൗകര്യം കിട്ടാൻ ഓൺലൈനിൽ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് മാത്രം .ഒരു നാലുകെട്ട് മാതൃകയിൽ പണിത ഒരു കെട്ടിടത്തിൽ ആണ് ഞങ്ങൾക്ക് താമസ സൗകര്യം ലഭിച്ചത് 1959 ഘട്ടത്തിൽ പണിത ഈ കെട്ടിടത്തിൽ നാല് മുറികളും വലിയ ഹാളും അടുക്കളയുമുണ്ട് .മൂന്നു മുറികൾ അതിഥികൾക്ക് താമസിക്കാനുള്ളത്. ബാക്കിയുള്ള ഒന്ന് വനം വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥൻ താമസിക്കുന്നു .
ഇതിനോട് ചേർന്ന് കുട്ടികൾക്ക് കളിക്കാനും മുതിർന്നവർക്ക് വിശ്രമിക്കാനുമായി ഒരു പാർക്കും ..
വണ്ടിയിറങ്ങി പാർക്ക് കണ്ടതും കുട്ടികളും അവരെക്കാളെ എന്നിലെ കുഞ്ഞും അഹ്ലാദതിമർപ്പിൽ …
അപ്പോഴാണ് കെയർടേക്കർമാരായ രവിയേട്ടനും ,കൃഷ്ണേട്ടനും സ്വീകരിക്കാൻ വന്നത് .. ഇവരാണ് ഞങ്ങൾക്ക് വേണ്ട ആഹാരവും മറ്റും പാകം ചെയ്തു തരുക ….ശരിക്കുപറഞ്ഞാൽ സ്വന്തം വീട്ടിലെത്തിയ പ്രതീതി .രണ്ടു പേരും മലയാളികളും രവിയേട്ടനാണെങ്കിൽ വയനാടു സ്വദേശിയും .കൃശഗാത്രനെങ്കിലും ഓടി നടന്ന കാര്യങ്ങൾ കണ്ടറിഞ്ഞു ചെയ്യാൻ രവിയേട്ടനെ കഴിഞ്ഞേ മറ്റാരുമുള്ളൂ .ഉച്ചഭക്ഷണം ബുക്ക് ചെയ്യാത്തതിനാൽ തന്നെ ഞങ്ങളെ കണ്ട ഉടനെ അവർ ഭക്ഷണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു .ചുരുങ്ങിയ നിമിഷം കൊണ്ട് പായസമുൾപ്പെടെയുള്ള രുചികരമായ ആഹാരം ഒരുക്കി തന്നു .നമുക്കു വേണ്ടതെന്തെന്ന് പറഞ്ഞാലതും ,വാങ്ങിച്ചു കൊടുത്താൽ അതും പാചകം ചെയ്തു തരും ..
ഭക്ഷണം കഴിഞ്ഞു അല്പസമയത്തെ വിശ്രമത്തിനു ശേഷമാണ് അറിഞ്ഞത് തൊപ്പക്കാട് ഫോറസ്റ്റ് ഓഫീസിൽ നിന്നും റസീറ്റ് കൈപ്പറ്റണമെന്ന് ,രാത്രി 8 മണി വരെ ഓഫീസ് തുറക്കുമെന്നതിനാൽ സഫാരി കഴിഞ്ഞ് പോകാമെന്നുറച്ചു യാത്ര തുടർന്നു .
റസ്റ്റ് ഹൗസിൽ നിന്നും സഫാരി ജീപ്പ് ബുക്കു ചെയ്തിടത്ത് എത്തുമ്പോൾ നമുക്ക് പോകേണ്ട ജീപ്പ് ട്രിപ്പ് പോയിരിക്കുകയായിരുന്നു .ജീപ്പിനായുള്ള കാത്തിരിപ്പിനിടയിൽ ഊട്ടിയിലേക്ക് പോകുന്ന ധാരാളം വാഹനങ്ങൾ കണ്ടു .36 ഹെയർപിൻ വളവുകൾ ഉള്ള കല്ലട്ടി ചുരം വഴിയുള്ള ഊട്ടി യാത്രാനുഭവത്തെക്കുറിച്ച് പലരും ,പറഞ്ഞും എഴുതിയും അറിഞ്ഞിട്ടുണ്ട് . സമീപത്തുകൂടെ ഒഴുകുന്ന ഇരു വശവും കുറ്റിക്കാടുകൾ തഴച്ചു നിൽക്കുന്ന നദീക്കാഴ്ചകൾ കണ്ട് ചൂടു ചായ കുടിക്കുമ്പോഴേക്കും ബഷീർക്കയുടെ ജീപ്പ് എത്തി .ഗുഡലൂരിൽ സ്ഥിരതാമസമായ അദ്ദേഹം ഒരു മലയാളിയാണെന്നത് ഞങ്ങൾക്കും ഏറെ സഹായകരം.
ബോക്കാപുരത്തെ വ്യൂ പോയിന്റായ വിഭൂതി മലയിലേക്കാണ് ഇനി യാത്ര. ഏഴു കി .മീ ടാർ റോഡ് പിന്നിട്ടാൽ ഇനിയങ്ങോട്ട് 3 കി.മീ ഓഫ് റോഡ് യാത്ര. ഉരുളൻ പാറക്കൂട്ടങ്ങളിലൂടെ കുണ്ടും കുഴിയും ചാടിയും മറിഞ്ഞുo ചരിഞ്ഞുo ജീപ്പ് മുന്നോട്ട് .ചാട്ടത്തിൽ ജീപ്പിന്റെ പിൻസീറ്റിലിൽ നിന്ന് സീറ്റ് പലവട്ടം മാറി കസേരകളി പോലെ ഞാനും മോനും . നാട്ടിൻ പുറത്തുകാരിയായതിനാൽ തന്നെ കുട്ടിക്കാലം തൊട്ടെ ജീപ്പിലായിരുന്നു യാത്രകൾ .അതുകൊണ്ട് തന്നെ അന്നു സുഖ യാത്രയ്ക്ക് തടസ്സമായി എത്തുന്ന ജീപ്പിനോടെനിക്ക് പുച്ഛവും ദേഷ്യവുമായിരുന്നു . ഒരിക്കലും കേറാനായില്ലെങ്കിലും കാറായിരുന്നു അന്നെന്റെ സ്വപ്ന വാഹനം .ജീപ്പിന് ഇത്രയേറെ ഗുണങ്ങളുണ്ടായിരുന്നെന്ന് ഇന്നാണ് മനസ്സിലായേ .പണ്ടു പരിഹാസത്തോടെ കണ്ട ജീപ്പിനോട് ഐ ലവ് യൂ ജീപ്പേ എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചൊരു ഒരു മുത്തം കൊടുക്കാൻ തോന്നി …
പൊടുന്നനെ ജീപ്പ് തുറസ്സായ പ്രദേശത്തേക്ക് കയറി അവിടെയും ഉരുളൻ പാറക്കൂട്ടങ്ങളിലൂടെയുള്ള യാത്ര ഇടയിൽ വലിയ ഗർത്തങ്ങളും .അങ്ങു ദൂരെ മലമുകളിലായി ഒരു കോവിലും കൊച്ചു ഗോപുരവും കാണാം. വണ്ടി നീങ്ങുമ്പോൾ തണുത്ത കാറ്റ് ആദ്യം സ്വാഗതമോതി .ആ യാത്ര പകുതി പിന്നിട്ടാൽ കോവിലേക്കുള്ള ചെറിയ പാറക്കല്ലുകൾ അടുക്കിവച്ച വെളുത്ത ചായം തേച്ച പടികൾ കണ്ടുതുടങ്ങി .
കുത്തനെയുള്ള കയറ്റം കയറി ജീപ്പ് മലമുകളിൽ എത്തിയപ്പോൾ താഴ്വരയുടെയും അങ്ങ് ദൂരെ നീലമലകളുടെ വിദൂര ദൃശ്യം . ഒറ്റവാക്കിൽ പറഞ്ഞാൽ വശ്യമനോഹരം .അവിടെ നിന്നും താഴെ കാടിനുള്ളിലായുള്ള കൊച്ചു ഗ്രാമങ്ങളും ചെറിയ കൃഷിയിടങ്ങളുമൊക്കെ ചതുരക്കട്ടകൾ പോലെ കാണാം , സോപ്പുപെട്ടി പോലെ വീടുകളും .
മലമുകളിലെ വലിയ പാറക്കൂട്ടങ്ങളിൽ നിന്നും ഫോട്ടോക്ക് പോസ് ചെയ്യുന്ന തിരക്കിലാണ് യാത്രികർ . മലയുടെ മറ്റൊരു വശത്തു നിന്നു താഴേക്കു നോക്കുമ്പോൾ ഹിന്ദി സിനിമാ നടൻ മിഥുൻ ചക്രവർത്തിയുടെ റിസോട്ടുകൾ . മുറ്റം നിറയെ ഗുൽമോഹർ പൂത്തുനിൽക്കുന്ന പാച്ച ചായം തേച്ച റിസോട്ടിന്റ ദൂരക്കാഴ്ച തന്നെ ഏറെ ഹൃദ്യമായിരുന്നു.മലമുകളിൽ കാണുന്ന ഈ മുരുകൻ കോവിൽ മിഥുൻ ചക്രവർത്തിയുടെ വകയായ് നിർമിച്ചതാണെന്ന് ബഷീർക്ക പറഞ്ഞറിഞ്ഞു.
ചെറുതെങ്കിലും വെള്ളയും മഞ്ഞയും ചായം തേച്ച മനോഹരമായ കൊത്തു വേലകൾ ചെയ്ത ഗോപുരമുള്ള മുരുകൻ കോവിലിനു എന്തെന്നില്ലാത്ത ഒരു ആകർഷണീയത തോന്നി .നീലഗിരി കുന്നുകളിൽ നീങ്ങിയകലുന്ന കോട , ക്ഷേത്രത്തിനു സമീപത്ത് നിന്നും എവിടെ നോക്കിയാലും കണ്ണിനു വിരുന്നേകും കാഴ്ച ….
അപരാഹ്നം സായാഹ്നത്തിന് വഴിമാറുമ്പോൾ നീലഗിരികളുടെ നീലിമ കൂടി വരുന്നൂവോ.. അതോ നീല പുടവ ഒന്നുകൂടി മുറുക്കി ചുറ്റിയോ …? മഞ്ഞ് കുസൃതിക്കാരിയെ പോലെ കാഴ്ചയെ മറക്കുന്നു . വാഹനം തിരിച്ചിറങ്ങുമ്പോൾ താഴ്വരയിലൂടെ നിരനിരയായ് ഗോക്കൾ തിരികെ മടങ്ങുന്ന കാഴ്ച .പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നാട്ടിൽ ഓരോ പശുക്കിടാവിലും , അതിന്റെ ആരോഗ്യം കാണാനുണ്ട്.കൃഷിയും കന്നുകാലി വളർത്തലും ഇവിടത്തെ പ്രധാന ഉപജീവന മാർഗം . ഇവിടെ ഒരു ഫാം വച്ച് കൂടിയാലോ എന്ന് എനിക്കു തോന്നി…
തിരികെ മസിസുഡിലെത്തി ചെറിയ തെരുവിലൂടെ സിങ്കാരയിലേക്ക്. പട്ടണത്തിലെ ഒരു കോവിലിൽ പൂജകൾ നടക്കുന്നതിനാൽ നല്ല തിരക്ക് .പതിയെ നീങ്ങുമ്പോൾ വാഹനത്തെ തടസ്സപ്പെടുത്തി താഴ്വരയിൽ തിരികെ മടങ്ങുന്ന ഗോക്കൾ .
ഇനിയങ്ങോട്ട് കാടിനുള്ളിലൂടെയാണ് യാത്ര . ഇരുവശവും ബഷീർക്ക സൂക്ഷ്മായി വീക്ഷിച്ചു കൊണ്ട് വണ്ടി പതുക്കെ ഓടിച്ചു .മാനിനേയും മയിലിനേയും കാട്ടുപന്നിയേയും കാട്ടു പോത്തിനെയുമൊക്കെ പലയിടങ്ങളും നിർത്തി കാണിച്ചു തന്നു.മസിനഗുഡി അവിടെത്തുന്ന സഞ്ചാരികളെ നിരാശപ്പെടുത്തില്ലെന്ന വായിച്ചറിഞ്ഞ വാചകം സത്യമെന്ന് ഞാനും തിരിച്ചറിഞ്ഞു . എങ്കിലും ഒരു കടുവയെ കാണുക എന്നതായിരുന്നു ഈ യാത്രയിൽ ഞാനാഗ്രഹിച്ചത് . മുമ്പ് മൈസൂർ യാത്രക്കിടെ നാഗർഹോള വന്യജീവി സങ്കേതത്തിൽ വച്ച് 2008 ൽ കടുവയെ നേരിട്ടു കണ്ട അനുഭവമാണ് ആദ്യത്തേതും അവസാനത്തേതും.. കടുവയെ കണ്ട കിടുവ ( പൂച്ചയെന്ന് അസൂയാലുക്കളും) എന്ന് ഞാൻ ആ സംഭവത്തെ ഓർത്തെടുക്കുന്നു .
സിങ്കാര ഡാം T.N.E.B യുടെ കീഴിലുള്ള വൈദ്യുതോല്പാദന കേന്ദ്രമായതിനാൽ അവിടെയും ആർക്കും പ്രവേശനമില്ല എങ്കിലും തടയണ കണ്ടു മടങ്ങി. ഒരാഴ്ച മുമ്പ് വെള്ളം കുടിക്കാനായി ഇവിടെത്തിയ കടുവയെ സന്ദർശകൾ കണ്ടിട്ടുണ്ടെന്ന് ബഷീർക്ക പറഞ്ഞു. 1948 ൽ ലണ്ടനിൽ നിന്നും ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ കൊണ്ടാണ് ഇതിന്റെ ഷട്ടറുകൾ നിർമിച്ചിട്ടുള്ളത് .
തിരികെ മടങ്ങുമ്പോഴും നേരത്തെ കണ്ട അതേ ദൃശ്യങ്ങൾ നൽകി കാട് അമ്പരപ്പിച്ചു . സഫാരി അവസാനിച്ച് കാറിൽ 7 കി.മീ കാനനപാതയിലൂടെ തൊപ്പക്കാട് തിരിക്കുമ്പോൾ സമയം സന്ധ്യയോടടുത്തിരുന്നു . ആ യാത്രയിൽ മയിലുകളുടെ കൂട്ടം മഴവിൽ കാഴ്ചയയൊരുക്കി . മാനും കാട്ടുപോത്തും മൊക്കെ ആ യാത്രയിൽ ഹരം പകർന്നു ..
തൊപ്പക്കാട് എത്തുമ്പോൾ എലിഫൻറ് ക്യാമ്പിൽ മുന്നിൽ വലിയ ജനക്കൂട്ടം. ആനകൾക്ക് ഭക്ഷണം കൊടുക്കുന്ന കാഴ്ച ദൂരെ നിന്നു കണ്ട് ക്യാമ്പിനു മുന്നിലെ റോഡരികിൽ കാർ പാർക്കു ചെയ്ത് റസീറ്റ് കൈപ്പറ്റാനായി പുഴയ്ക്ക് അക്കരെയുള്ള ഫോറസ്റ്റ് ഓഫീസിലേക്ക് …
വലിയൊരു കെട്ടിടം, സമീപത്തായ് ചെറു കെട്ടിടങ്ങളും, മുന്നിൽ വലിയ ഉദ്യാനം . കെട്ടിടത്തിന്റെ പ്രധാന ഹാളിൽ സ്ഥാപിച്ച കടുവയുടെ വലിയ പ്രതിമ ആകർഷണീയമായി തോന്നി . ഓഫീസിന്റെ പുറത്ത് ഭിത്തിയിൽ പ്രധാന മൃഗങ്ങളെ അവസാനമായി സന്ദർശകർ കണ്ടെ സമയം രേഖപ്പെടുത്തിയിട്ടുണ്ട് . അതിൽ ഞാൻ ആദ്യം തേടിയത് കടുവയെ തന്നെ ..അന്നും 11 മണിക്ക് എതോ ഭാഗ്യവാന് കടുവയുടെ ദർശനം സാധ്യമായിരിക്കുന്നു .
കുറുകെയുള്ള ജനനിബിഡമായ പാലത്തിലൂടെ തിരികെ മസിനഗുഡിയിലേക്കു മടങ്ങുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. രാത്രി ഏഴരയോടെ റെസ്റ്റ് ഹൗസിലെത്തി . നിലാവിൽ റസ്റ്റ് ഹൗസിലെ പാർക്കിൽ ഊയലാടി കൊണ്ട് ഒരു കുഞ്ഞായി ഞാനും. അപ്പോൾ മാനത്തെ ചിരിതൂകി അമ്മ പറഞ്ഞു തരുന്ന ബാല്യത്തിലെ നിറമുള്ള കഥകളിലെ അമ്പിളിമാമനും .നനുത്ത കാറ്റ് ചെടികളോട് കിന്നാരം ചൊല്ലി കടന്നു പോയി .
രാത്രിയിൽ പാർക്കിലിരിക്കുന്നത് പന്തിയല്ലെന്ന വാച്ചറുടെ മുന്നറിയിപ്പിൽ മടങ്ങി .വിശ്രമ വേളയിൽ രവിയേട്ടൻ സ്വന്തം അനുഭവങ്ങളുടെയും കഥകളുടേയും കെട്ടഴിക്കാൻ തുടങ്ങി .മനസിൽ നന്മ സൂക്ഷിക്കുന്ന ആ മനുഷ്യനോട് എന്തെന്നില്ലാത്ത സ്നേഹം തോന്നി .
പിന്നെ രുചികരമായ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടക്കുമ്പോൾ രാത്രിയുടെ നിശബ്ദതയെ ഭേദിച്ചു ചീവീടുകളുടെ നിർത്താതെയുള്ള ശബ്ദം , കുറുക്കന്റെ ഓരിയിടൽ ,ഇങ്ങനെ പലതരം ശബ്ദങ്ങളുടെ മിശ്രണം , കാടിന്റെ രാത്രി സംഗീതം , ഒപ്പം ആനകളെ തുരത്താൻ പൊട്ടിക്കുന്ന പടക്കത്തിന്റെ ശബ്ദവും . ഇടയിൽ എപ്പഴോ ഒന്നു മയങ്ങി..
പ്രഭാതത്തിൽ ഉണർത്തുപാട്ടായി കിളികളുടെ കളകൂജനം .പുറത്തിറങ്ങി നോക്കുമ്പോൾ റൂമിനു മുന്നിലെ പൂന്തോട്ടത്തിൽ നിറയെ കുഞ്ഞു കിളികൾ പാറി പറക്കുന്നു .ചുമരിൽ സ്ഥാപിച്ച കിളിക്കൂടുകൾ അപ്പോഴാണ് ശ്രദ്ധയിൽ പെട്ടത് . ഇത്രയും കിളിക്കൂടുകളുണ്ടായിരുന്നോ … ഇവിടെ ” എന്ന എന്റെ ചോദ്യത്തിനു സംശയനിവാരണവുമായി രവിയേട്ടൻ ഓടിയെത്തിയപ്പോഴും പേടിയേതുമില്ലാതെ കിളികൾ പറന്നു കളിച്ചു .ഫ്രഷായി ഭക്ഷണവും കഴിച്ച് ഇനിയെന്നെങ്കിലും മസിനഗുഡി യിൽ എത്തുമ്പോൾ ഇവിടെത്തുമെന്ന വാക്കോടെ അവർക്കൊപ്പം കുറച്ച് ഫോട്ടോസ് എടുത്ത് നാട്ടിലേക്ക് മടങ്ങുമ്പോൾ കാനനപാതയുടെ ഇരുവശത്തും നിന്നും മഞ്ഞിൻ പുതപ്പിലൂടെ എത്തി നോക്കി പല നിറങ്ങളിലുള്ള കുഞ്ഞു പൂക്കൾ പിന്നെയും പ്രലോഭിച്ചു കൊണ്ടിരിന്നു ….
ഗുണ്ടൽ പേട്ട വഴിയായിരുന്നു മടക്കയാത്ര .ബന്ധിപ്പൂർ വനമേഖലയിൽ കണ്ണിന് വിരുന്നേകി ആനക്കൂട്ടങ്ങൾ . കാടകം കനിഞ്ഞൊരുക്കിയ കാഴ്ചകൾക്ക് നന്ദി പറഞ്ഞ് ഉച്ചയോടെ കല്പറ്റയിലെത്തുമ്പോൾ അടുത്ത യാത്ര എങ്ങോട്ടാണെന്ന് ഉറപ്പിച്ചു കഴിഞ്ഞിരുന്നു ….
മറ്റ് വിവരങ്ങൾ : ഫോറസ്റ്റ് റസ്റ്റ് ഹൗസിലെ താമസത്തിന് ഓൺലൈൻ വഴി ബുക്കു ചെയ്യണം
2600 to 3000 വരും ചാർജ് .ഭക്ഷണ ചെലവ് വേറെ. .തൊപ്പക്കാട് ഫോറസ്സ് ഓഫീസിൽ നിന്നു രസീറ്റ് ആദ്യമേ കൈപ്പറ്റിയാൽ സമയം ലാഭിക്കാം.സൈറ്റിൽ അതു പറയാത്തതിനാൽ തന്നെ അവിടെത്തിയാലേ ഈ വിവരം അറിയാൻ കഴിയൂ ..