ഒരു ഹോട്ടലില്‍ നാം ഭക്ഷണം കഴിക്കുവാനായി കയറുന്നത് ഭക്ഷണത്തിന്‍റെ രുചി കൊണ്ടു മാത്രമല്ല. അവിടത്തെ വൃത്തിയും വെടിപ്പും ഒക്കെ നമ്മള്‍ നോക്കിയിട്ടേ കയറൂ. എന്നാല്‍ പാചകം മുതല്‍ പാത്രങ്ങള്‍ കഴുകല്‍ വരെയുള്ള കാര്യങ്ങള്‍ ആ ഹോട്ടലുകാരില്‍ ഉള്ള നമ്മുടെ വിശ്വാസമാണ്. ഒരിക്കലും നല്ല ഹോട്ടലുകാര്‍ തങ്ങളുടെ കസ്ടമേഴ്സിനെ ചതിക്കുവാന്‍ കൂട്ടുനില്‍ക്കില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ ദിവസം ഒരു ഹോട്ടലില്‍ പാത്രം കഴുകുന്ന ദൃശ്യങ്ങള്‍ കണ്ട് എല്ലാവരും അമ്പരന്നുപോയി.
കേരളത്തില്‍ പരക്കെ മഴ നിലനില്‍ക്കുന്ന കാരണം മിക്കയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇത്തരത്തില്‍ ഹോട്ടലിനു പിന്നില്‍ വെള്ളം നിറഞ്ഞപ്പോള്‍ ആ മലിനജലത്തില്‍ പാത്രം കഴുകുന്ന ജീവനക്കാരന്‍റെ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ ആളുകളെ ഞെട്ടിച്ചത്. ആലപ്പുഴ പങ്കജ് തിയേറ്ററിന് സമീപത്തെ ശ്രീ ജയാസ് ഹോട്ടൽ ആൻഡ് കാറ്ററിംഗ് സർവീസിലെ ഊണുവിളമ്പുന്ന പ്ളേറ്റുകൾ, പിന്നാമ്പുറത്ത് മഴയിലുണ്ടായ വെള്ളക്കെട്ടിൽ കഴുകിയെടുക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. വീട് കേന്ദ്രീകരിച്ച് നടത്തുന്ന ഹോട്ടലിൽ മുട്ടറ്റം വെള്ളമായപ്പോൾ അടുക്കളത്തൊഴിലാളി കാട്ടിയ എളുപ്പപ്പണി ആരും അറിയില്ലെന്നായിരുന്നു കരുതിയത്.
എന്നാല്‍ തിയേറ്ററില്‍ സിനിമ കാണുവാനായി എത്തിയ ചില യുവാക്കള്‍ ഈ കാഴ്ച കാണുകയും ഉടനെ അത് മൊബൈല്‍ഫോണില്‍ വീഡിയോ രൂപത്തില്‍ പജ്കര്‍ത്തുകയും ചെയ്തു. ഈ വീഡിയോ പിന്നീട് ഫെസ്ബുക്കിലും വാട്സ് ആപ്പിലുമൊക്കെ വൈറല്‍ ആയതോടെ ഹോട്ടലുകാര്‍ക്ക് പണികിട്ടി. ദൃശ്യങ്ങൾ നഗരസഭ അധികൃതരുടെ കണ്ണിലുമെത്തിയാതോടെ ആരോഗ്യ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. മെഹബൂബിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ അടങ്ങിയ സംഘം ദൃശ്യങ്ങളിലെ ആധികാരികത പരിശോധിച്ച ശേഷം ഹോട്ടലിലെത്തി സീൽ ചെയ്തു.
ഉച്ചയൂണിന് വൻ തിരക്ക് അനുഭവപ്പെടുന്ന ശ്രീ ജയാസ് ഹോട്ടലില്‍ തൊട്ടടുത്തായി ഉടമയുടെ വീടിനോടു ചേർന്നുള്ള ഷെഡ്ഡിൽ ആഹാരം പാകം ചെയ്തശേഷം കടയിലെത്തിച്ച് വിളമ്പുന്നതാണ് പതിവ്. വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം ആയതിനാല്‍ ഇവിടത്തെ ഊണിനും കറികള്‍ക്കും നല്ല രുചിയും ഉണ്ടെന്നു പറയുന്നു. അത്യാവശ്യം നല്ല ബിസിനസ്സ് നടന്നു പോകുന്നതിനിടെയാണ് ഹോട്ടലിലെ ഒരു ജീവനക്കാരന്‍ ഇത്തരത്തില്‍ വൃത്തികെട്ട പണി ഒപ്പിച്ചത്. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന സെപ്റ്റിക് ടാങ്കിനു സമീപത്താണ് പാത്രം കഴുകിയത്. ഈ സംഭവത്തില്‍ ഹോട്ടല്‍ ഉടമ നിരപരാധി ആയിരുന്നിരിയ്ക്കാം. പക്ഷേ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അവരുടെ കടമയാണ്. എന്തായാലും സോഷ്യല്‍ മീഡിയയുടെ പവര്‍ ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും മനസ്സിലാക്കിത്തന്ന ഒരു സംഭവമായി മാറി ഇതും.