മലേഷ്യയിലെ ‘ലിറ്റിൽ ഇന്ത്യ’ എന്നറിയപ്പെടുന്ന ബ്രിക്ക് ഫീല്‍ഡ് തെരുവിന്റെ കാഴ്ചകൾ

ഇന്നേ ദിവസം ഞങ്ങളെല്ലാം നേരത്തെ എഴുന്നേറ്റു. ഇത്രയും ദിവസത്തെ ഐബിസ് ഹോട്ടലിലെ താമസം ഇന്നത്തോടെ അവസാനിക്കുകയാണ്. ഇന്നത്തെ കറക്കങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ നേരെ പോകുന്നത് പോര്‍ട്ട്‌ ഡിക്സണ്‍ എന്ന ബീച്ച് ഏരിയയിലേക്ക് ആണ്. ഞങ്ങള്‍ ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ചു വന്നിട്ട് സാധനങ്ങള്‍ എല്ലാം പാക്ക് ചെയ്തു. അവസാനം റൂമിനോട് വിടപറഞ്ഞു. ചെക്ക് ഔട്ട്‌ ചെയ്തതിനു ശേഷം ഞങ്ങളുടെ ലഗേജുകള്‍ ഹോട്ടല്‍ റിസപ്ഷനില്‍ സൂക്ഷിക്കുവാന്‍ ഏല്‍പ്പിച്ചു. ടൌണിലെ ഷോപ്പിംഗും കറക്കവും ഒക്കെ കഴിഞ്ഞു ഇവിടെ വന്നു ലഗേജും കൊണ്ട് പോകണം. ഇതാണ് പ്ലാന്‍.

രാജു ഭായ് എത്തുവാന്‍ കുറച്ചു വൈകും എന്നതിനാല്‍ ഞങ്ങള്‍ ഒരു യൂബര്‍ ടാക്സി വിളിച്ച് ബെര്‍ജയ ടൈം സ്ക്വയര്‍ ഷോപ്പിംഗ് മാളിലേക്ക് പോയി. ആദ്യം അല്ലറ ചില്ലറ ഷോപ്പിംഗ് ഒക്കെ നടത്തണം. ഷോപ്പിംഗ്‌ ഒക്കെ കഴിഞ്ഞശേഷം ഞങ്ങള്‍ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ സഞ്ജീവ് ഭായ് ഞങ്ങളെയും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.

മലേഷ്യയിലെ ലിറ്റില്‍ ഇന്ത്യ എന്നറിയപ്പെടുന്ന ബ്രിക്ക് ഫീല്‍ഡ് തെരുവ് കാണുവാനാണ് ഇനി ഞങ്ങള്‍ക്ക് പോകേണ്ടത്. ടൈം സ്ക്വയറിനു മുന്നിലുള്ള മോണോ റെയില്‍ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ കയറി ഞങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തി.നമ്മുടെ കൊച്ചി മെട്രോയെ വെച്ച് നോക്കിയാല്‍ ഈ മോണോറെയില്‍ യാത്ര നമുക്ക് അത്ര സുഖിക്കില്ല. ഒരുമാതിരി ചാടി ചാടിയുള്ള യാത്ര… ഞങ്ങള്‍ ഇറങ്ങിയ സ്റ്റേഷന്‍ ഒരു ഷോപ്പിംഗ് മാള്‍ ആയിരുന്നു. അവിടുന്ന് സിംഗപ്പൂരിലേക്ക് ട്രെയിനുകളും ബസ്സും ഒക്കെ ലഭിക്കും.

മാളില്‍ നിന്നും ഞങ്ങള്‍ പുറത്തേക്ക് ഇറങ്ങി. അങ്ങനെ ഞങ്ങള്‍ എത്തിച്ചേര്‍ന്നത് ലിറ്റില്‍ ഇന്ത്യയിലേക്ക് ആയിരുന്നു. ഒറ്റനോട്ടത്തില്‍ ഒരു പരിഷ്ക്കാരിയായ തമിഴ്നാട്. അതാണ്‌ ലിറ്റില്‍ ഇന്ത്യ. തമിഴ് വെജ് ഹോട്ടലുകള്‍ മുതല്‍ മലയാളി നായരുടെ ക്ലിനിക് വരെയുണ്ട് ഇവിടെ. കാഴ്ചകള്‍ കണ്ടു നടന്നു ഞങ്ങള്‍ ഒരു ചെറിയ ചായക്കട സെറ്റപ്പില്‍ കയറി. തട്ടുകട എന്നുവേണമെങ്കില്‍ പറയാം. ഉഴുന്നുവട, പരിപ്പുവട മുതലായ നമ്മുടെ ചായക്കടികള്‍ ആയിരുന്നു അവിടത്തെ സ്പെഷ്യല്‍. ഞങ്ങള്‍ വാങ്ങി രുചിച്ചു നോക്കി. നല്ല കിടിലന്‍ രുചി.

ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളെയും നമുക്ക് ഈ ഒരൊറ്റ സ്ട്രീറ്റില്‍ കാണാം എന്നതാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത.സമയം ഉച്ച കഴിഞ്ഞിരിക്കുന്നു. എല്ലാവര്ക്കും വിശന്നു തുടങ്ങി. ഞങ്ങള്‍ അടുത്തു കണ്ട ഒരു തമിഴ് വെജ് ഹോട്ടലിലേക്ക് കയറി. മസാലദോശ, ഊണ് മുതലായ അവരവര്‍ക്ക് ഇഷ്ടപ്പെട്ട സാധനങ്ങള്‍ എല്ലാവരും ഓര്‍ഡര്‍ ചെയ്തു. ഭക്ഷണമൊക്കെ വളരെ രുചികരമായിരുന്നു. കൂടെയുണ്ടായിരുന്ന ഹാരിസ് ഇക്കയ്ക്ക് ഇവിടത്തെ രുചി അത്ര പോര എന്നാണു പറഞ്ഞത്. പുള്ളിക്ക് ഇഷ്ടം കെ.എഫ്.സി. ആണത്രേ. എന്താല്ലേ?

മലേഷ്യയില്‍ വരുന്നവര്‍ ഇവിടെക്കൂടി ഒന്ന് കറങ്ങിയിട്ടു പോകാന്‍ ശ്രമിക്കുക. ഇവിടെ കിട്ടുന്നതൊക്കെയും നാട്ടില്‍ കിട്ടുന്ന സാധനങ്ങള്‍ ആയതിനാല്‍ ഷോപ്പിംഗ് നടത്തേണ്ട കാര്യമൊന്നും വരുന്നില്ല. എങ്കിലും മറ്റൊരു രാജ്യത്തെ ഇന്ത്യന്‍ സ്ട്രീറ്റ് എന്നൊരു വികാരത്തോടെ വന്നു കാണുവാന്‍ പറ്റിയ ഒരു സ്ഥലമാണിത്. ഇനി ഹോട്ടല്‍ റിസപ്ഷനില്‍ ചെന്നിട്ട് ലഗേജും എടുത്തുകൊണ്ട് അടുത്ത സ്ഥലത്തേക്ക് പോകണം. ആ വിശേഷങ്ങള്‍ അടുത്ത എപ്പിസോഡില്‍ കാണാം…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply