925 കെഎസ്ആർടിസി ബസുകൾ കട്ടപ്പുറത്ത്; മൂന്നു മാസത്തിനകം എല്ലാ ബസുകളും ഓടിക്കാൻ നിർദേശം

തിരുവനന്തപുരം∙ കെഎസ്ആർടിസിയുടെ 925 ബസുകൾ മാസങ്ങളായി കട്ടപ്പുറത്താണെന്നു മാനേജിങ് ഡയറക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തി. ശരാശരി 65 ലക്ഷം രൂപയാണ് ഇതുമൂലമുള്ള പ്രതിദിന നഷ്ടം. മൂന്നു മാസത്തിനകം മുഴുവൻ ബസുകളും നിരത്തിലിറക്കാൻ ഡിപ്പോകൾക്കു നിർദേശം നൽകി. ആദ്യഘട്ടമായി 300 ബസുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ 40 ലക്ഷം രൂപ അനുവദിച്ചു. എംഡിയായി ഈയിടെ ചുമതലയേറ്റ എം.ജി.രാജമാണിക്യമാണു വിവിധ ഡിപ്പോകളിൽ നിന്നു പ്രവർത്തനക്ഷമമല്ലാത്ത ബസുകളുടെ വിവരങ്ങൾ ശേഖരിച്ചത്.

പല ബസുകളും ആറു മാസത്തിലേറെയായി കട്ടപ്പുറത്താണ്. സ്പെയർ പാർട്സുകൾ ലഭ്യമല്ലാത്തതും ജീവനക്കാരുടെ കുറവും മൂലമാണ് അറ്റകുറ്റപ്പണി മുടങ്ങിയതെന്നാണു ജീവനക്കാർ നൽകിയ വിശദീകരണം. കട്ടപ്പുറത്തായ മുഴുവൻ ബസുകളുടെയും വിവരങ്ങളും എംഡി ശേഖരിച്ചു. ബസുകളുടെ ശരാശരി പ്രതിദിന വരുമാനം 7000 രൂപ കണക്കാക്കിയാൽ പോലും 65 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. പല റൂട്ടിലും പ്രതിദിന വരുമാനം 10,000 രൂപയ്ക്കു മുകളിലാണെന്നതിനാൽ പ്രതിദിനനഷ്ടം ഒരു കോടി രൂപ വരെയാണ്.

ഡിപ്പോ മേധാവികളുടെ അടിയന്തരയോഗം വിളിച്ചാണു മൂന്നു മാസത്തിനകം മുഴുവൻ ബസുകളും നിരത്തിലിറക്കാൻ നിർദേശിച്ചത്. താരതമ്യേന ചെറിയ തകരാറുകളുള്ള 150 ബസുകൾ ഒരാഴ്ചയ്ക്കകം പണി പൂർത്തിയാക്കി സർവീസ് പുനരാരംഭിക്കും. ഇതിനായി 20 ലക്ഷം രൂപ ഡിപ്പോകൾക്കു കൈമാറി. നിലവിൽ ശരാശരി 4500 ബസുകളാണു സർവീസ് നടത്തുന്നത്. ഇതു പലപ്പോഴും നാലായിരത്തോളമായി കുറയാറുണ്ട്.

ഏകദേശം നാലിലൊന്നു ബസുകൾ കട്ടപ്പുറത്തായതു കെഎസ്ആർടിസിയുടെ വരുമാനത്തെ കാര്യമായി ബാധിച്ചിരുന്നു. പ്രതിദിനം ഏഴുകോടി രൂപ വരുമാനമുണ്ടായാൽ മാത്രമേ കെഎസ്ആർടിസിയെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു രക്ഷപ്പെടുത്താനാകൂ എന്നാണു വിലയിരുത്തൽ. അതേസമയം, നിലവിൽ വരുമാനം അഞ്ചുകോടി രൂപയിൽ താഴെയാണ്. ജീവനക്കാരുടെ കൂട്ടായ ശ്രമത്തിലൂടെ ഇടക്കാലത്തു വരുമാനം ആറു കോടിയിലേറെയായി ഉയർന്നിരുന്നു.

എന്നാൽ, പിന്നീടു വരുമാനം വൻതോതിൽ ഇടിഞ്ഞു. ഡീസൽ വിലയുടെ അടിസ്ഥാനത്തിൽ ബസ് നിരക്ക് ഒരു രൂപ കുറച്ചതോടെ വീണ്ടും വരുമാനം കുറഞ്ഞു. ഡീസൽ വില കൂടിയതോടെ ബസ് നിരക്കു കൂട്ടണമെന്നു കെഎസ്ആർടിസി ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ തീരുമാനമെടുത്തിട്ടില്ല.

കടപ്പാട് – മലയാള മനോരമ

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply